ഖുർആനിൽ 'ദിവസം' (യൗമ്) എന്ന പദം ഏകവചനമായി കൃത്യം മുന്നൂറ്റി അറുപത്തഞ്ച് തവണയും, 'മാസം' (ശഹ്ർ) എന്ന പദം കൃത്യം പന്ത്രണ്ട് തവണയുമാണ് പ്രയോഗിച്ചിട്ടുള്ളത്. ദീർഘകാലം കൊണ്ട് അവതരിച്ച ഒരു ഗ്രന്ഥത്തിൽ ഇത്രമേൽ കൃത്യമായ ഒരു ഗണിതശാസ്ത്രം യാദൃശ്ചികമായി സംഭവിക്കുക അസാധ്യമാണ്.

വായിക്കാം:

ലോക ചരിത്രത്തിൽ സമാനതകളില്ലാത്തതും മനുഷ്യബുദ്ധിക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്തത്രയും അത്ഭുതങ്ങൾ നിറഞ്ഞതുമായ ഒരേയൊരു ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അറേബ്യൻ ഉപഭൂഖണ്ഡം അന്ധകാരത്തിന്റെ ഇരുളിൽ തപ്പുന്ന കാലഘട്ടം. കൊള്ളയും കൊലയും പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടലും നിത്യസംഭവമായിരുന്ന അജ്ഞാന കാലത്ത് (ജാഹിലിയ്യത്ത്) വെളിച്ചത്തിലേക്ക് നയിക്കാൻ ഒരു ദൈവിക വെളിപാട് അനിവാര്യമായിരുന്നു. ക്രിസ്തുവർഷം 610ൽ ഹിറാ ഗുഹയിൽ വെച്ച് മുഹമ്മദ് നബി(സ)ക്ക് അവതരിച്ച 'വായിക്കുക' (ഇഖ്‌റഅ്) എന്ന ആദ്യ കൽപ്പന ലോകത്തിന്റെ ഗതിയെ മാറ്റിമറിച്ചു. ഇരുപത്തിമൂന്ന് വർഷങ്ങൾക്കൊണ്ട് മനുഷ്യന്റെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് ഘട്ടം ഘട്ടമായി അവതരിച്ച ഈ ഗ്രന്ഥം കേവലം അക്കാലത്തേക്ക് മാത്രമുള്ളതായിരുന്നില്ല. മറിച്ച്, ലോകാവസാനം വരെയുള്ള മാനവരാശിക്കുള്ള സമ്പൂർണ മാർഗദർശനമായിരുന്നു. ഓരോ കാലഘട്ടത്തിലെയും മനുഷ്യന്റെ ബുദ്ധിക്കും ശാസ്ത്രീയ വളർച്ചയ്ക്കും അതീതമായി ഖുർആൻ ഇന്നും ഒരു മഹാത്ഭുതമായി നിലകൊള്ളുന്നു.

സമഗ്രമായ ജീവിത ദർശനം

ലോകത്ത് ഇന്ന് നിലനിൽക്കുന്ന അനേകം മതഗ്രന്ഥങ്ങളുണ്ട്. രാമായണവും ഭഗവദ്‌ഗീതയും ബൈബിളുമെല്ലാം മനുഷ്യർക്ക് ചില ചരിത്രപാഠങ്ങളും ധാർമിക ഉപദേശങ്ങളും നൽകുന്നുണ്ടെങ്കിലും, മനുഷ്യജീവിതത്തിന്റെ സർവമേഖലകളെയും സ്പർശിക്കുന്ന ഒരു സമ്പൂർണ ജീവിതപദ്ധതി അവയൊന്നും മുന്നോട്ടുവെക്കുന്നില്ല. അവയിൽ പലതും കേവലം ആത്മീയ കാര്യങ്ങളിലോ ചരിത്ര വിവരണങ്ങളിലോ ഒതുങ്ങിനിൽക്കുന്നു. എന്നാൽ ഖുർആൻ അങ്ങനെയല്ല. വ്യക്തിജീവിതം, കുടുംബം, സമൂഹം, സാമ്പത്തികം, രാഷ്ട്രീയം, അനന്തരാവകാശം, കച്ചവട നിയമങ്ങൾ, കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ തുടങ്ങി മനുഷ്യൻ ഇടപെടുന്ന ഏതൊരു മേഖലയ്ക്കും ആവശ്യമായ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ (Complete code of life) ഖുർആനിലുണ്ട്. അത് അവതരിച്ച കാലത്തെ അറേബ്യൻ സമൂഹത്തിന് മാത്രമല്ല, ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിച്ച ആധുനിക കാലത്തെ മനുഷ്യർക്കും ഇനി ലോകാവസാനം വരെയുള്ള സകല മനുഷ്യർക്കും പ്രായോഗികമായ നിയമങ്ങൾ അതിൽ ഉൾപെട്ടിട്ടുണ്ട് എന്നത് തന്നെ മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് ഖുർആനിനെ വ്യതിരിക്തമാക്കുന്ന ഏറ്റവും വലിയ അത്ഭുതമാണ്.

ആശയങ്ങളുടെ അനന്തതീരങ്ങൾ

ഖുർആനിന്റെ ഈ സമഗ്രത പൂർണമായി മനസ്സിലാക്കണമെങ്കിൽ അതിലെ ആശയങ്ങളുടെ ആഴം നാം തിരിച്ചറിയേണ്ടതുണ്ട്. ഖുർആനിന്റെ പ്രായോഗികവും വിശദവുമായ രൂപമാണല്ലോ ലക്ഷക്കണക്കിന് വരുന്ന നബി വചനങ്ങൾ (ഹദീസുകൾ). എന്നാൽ ഹദീസുകളിലൂടെയും മുൻകാല പണ്ഡിതന്മാരുടെ ബൃഹത്തായ തഫ്‌സീറുകളിലൂടെയും എത്രത്തോളം വിശദീകരിച്ചിട്ടും ഖുർആനിന്റെ ആശയങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം. കാലം കടന്നുപോകുന്തോറും ഓരോ ആയത്തുകളും പാരായണം ചെയ്യുമ്പോഴും അറിവുള്ളവർക്ക് പുതിയ പുതിയ അർത്ഥതലങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കുന്നു. കടലിലെ വെള്ളം മഷിയാക്കിയാലും മരങ്ങളെല്ലാം പേനകളാക്കിയാലും അല്ലാഹുവിന്റെ വചനങ്ങളുടെ അർത്ഥങ്ങൾ എഴുതിത്തീർക്കാനാവില്ല എന്ന് ഖുർആൻ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. ലോകത്ത് ഇന്നുവരെ ജീവിച്ച മഹാന്മാരായ പണ്ഡിതന്മാർക്കോ മഹത്തുക്കൾക്കോ ഖുർആനിനെ പൂർണമായി വിശദീകരിച്ച് തീർക്കാൻ സാധിച്ചിട്ടില്ല എന്നത് അതിലെ ആശയങ്ങളുടെ ദൈവികതയെ വിളിച്ചോതുന്നു.

കാലത്തെ അതിജയിച്ച ഭാഷാ വിസ്മയം

ആശയങ്ങളുടെ ഈ അനന്തതയെ ഉൾക്കൊള്ളാൻ അല്ലാഹു തിരഞ്ഞെടുത്തത് ലോകത്തെ ഏറ്റവും സമ്പന്നമായ അറബി ഭാഷയെയാണ്. ലോകത്തെ ഏത് ഭാഷയും കാലക്രമേണ മാറുകയും, പുതിയ വാക്കുകൾ കടന്നുവരികയും, പഴയവ അപ്രത്യക്ഷമാവുകയും ചെയ്യും. വളരെ കുറഞ്ഞ കാലം മുമ്പുള്ള മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും പോലും ഇന്ന് വായിച്ചെടുക്കാനോ അതിന്റെ പൂർണാർത്ഥം ഉൾക്കൊള്ളാനോ നാം പ്രയാസപ്പെടാറുണ്ട്. എന്നാൽ 1400 വർഷങ്ങൾ കഴിഞ്ഞിട്ടും ഖുർആനിന്റെ ഭാഷ ഇന്നും ഒരു മാറ്റവുമില്ലാതെ പുതുമയോടെ നിലനിൽക്കുന്നു. അതിലെ ഒരു അക്ഷരത്തിന് (ഹർഫ്) പോലും മാറ്റത്തിരുത്തലുകൾ നടത്താൻ ഇതുവരെ ഒരാൾക്കും സാധിച്ചിട്ടില്ല, ഇനി സാധിക്കുകയുമില്ല. ഖുർആൻ അവതരിപ്പിച്ച കാലത്ത് തന്നെ, സ്വന്തം വരികളാണെന്ന് വാദിച്ചവരോട് ഖുർആനിലേത് പോലെയുള്ള ഒരു ചെറിയ സൂറത്തെങ്കിലും കൊണ്ടുവരാൻ വെല്ലുവിളിച്ചു. കവിതയിലും സാഹിത്യത്തിലും മേനി നടിച്ചിരുന്ന അറബികൾക്ക് പോലും ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ചിലർ ഖുർആനിന് പകരമായി ചില വരികൾ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് ചരിത്രത്തിൽ വലിയ പരിഹാസത്തിന് മാത്രമാണ് കാരണമായത്. ഖുർആൻ കേട്ടപ്പോൾ ഇസ്‌ലാമിൻ്റെ ബദ്ധശത്രുവായിരുന്ന ഉമർ(റ)വിന്റെ ഹൃദയം അലിഞ്ഞതും പ്രഗത്ഭ കവി വലീദ് ബിൻ മുഗീറ "ഇതിന് വല്ലാത്തൊരു മാധുര്യമുണ്ട്" എന്ന് സാക്ഷ്യപ്പെടുത്തിയതും ഈ ഭാഷാപരവും ആശയപരവുമായ സ്വാധീനം കൊണ്ടാണ്.

സവിശേഷമായ പാരായണശാസ്ത്രവും (തജ്‌വീദ്) ഹൃദിസ്ഥമാക്കലും

ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത ഖുർആനിന് മാത്രം സ്വന്തമായുള്ള ശാസ്ത്രശാഖയാണ് അതിന്റെ പാരായണ നിയമങ്ങൾ ഉൾക്കൊള്ളുന്ന 'തജ്‌വീദ്'. ലോകത്തെ മറ്റെല്ലാ പുസ്തകങ്ങളും അതിലെ അക്ഷരങ്ങൾ കൂട്ടി വായിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഖുർആൻ കേവലം വായിച്ചുപോകാനുള്ള ഒരു ഗ്രന്ഥമല്ല; അതിലെ ഓരോ അക്ഷരങ്ങൾക്കും ഉത്ഭവ സ്ഥാനങ്ങളും (മഖ്റജ്), പ്രത്യേക വിശേഷണങ്ങളും (സ്വിഫാത്ത്), ശബ്ദ ദൈർഘ്യങ്ങളും (മദ്ദ്) ഉണ്ട്. ഈ നിയമങ്ങൾ പാലിച്ച് പാരായണം ചെയ്യാൻ വേണ്ടി മാത്രം രൂപപ്പെട്ടതാണ് തജ്‌വീദ് ശാസ്ത്രം. "ഖുർആൻ സാവകാശം സ്പഷ്ടമായി പാരായണം ചെയ്യുക" (73:4) എന്ന ഖുർആനിക കൽപ്പനയാണ് ഈ പാരായണശാസ്ത്രത്തിന്റെ അടിസ്ഥാനം. പാരായണത്തിലെ ഈ സൂക്ഷ്മത ഖുർആനിന്റെ അർത്ഥം മാറാതിരിക്കാനും, അതിന്റെ മാധുര്യം നിലനിർത്താനും സഹായിക്കുന്നു. പാരായണ ശാസ്ത്രത്തിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം ഇബ്നുൽ ജസരി(റ) തജ്‌വീദിന്റെ അനിവാര്യതയെക്കുറിച്ച് രേഖപ്പെടുത്തിയത്, അത് അല്ലാഹുവിൽ നിന്ന് അവതരിച്ച അതേ രൂപത്തിൽ നിലനിർത്താനുള്ള ഏക മാർഗമാണ് എന്നാണ്. 
മാറ്റത്തിരുത്തലുകൾക്ക് വിധേയമാകാതിരിക്കാൻ ഖുർആൻ സ്വീകരിച്ച ഏറ്റവും വലിയ മറ്റൊരു മാർഗം അത് മനുഷ്യരുടെ ഹൃദയങ്ങളിൽ സൂക്ഷിക്കപ്പെട്ടു എന്നതാണ്. കേവലം അറുന്നൂറോളം (600) പേജുകളിലായി, നൂറ്റിപ്പതിനാല് അധ്യായങ്ങളിൽ പരന്നുകിടക്കുന്ന ഈ ഗ്രന്ഥം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പൂർണമായി ഹൃദ്യസ്ഥമാക്കിയ (ഹിഫ്ള്) ഗ്രന്ഥമാണ്. അതിൻ്റെ ജീവിക്കുന്ന തെളിവാണ് ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ഹാഫിസുകൾ.
അറബി ഭാഷ മാതൃഭാഷയല്ലാത്ത, അതിന്റെ അർത്ഥം പൂർണമായി അറിയാത്ത കൊച്ചുകുട്ടികൾ പോലും തജ്‌വീദ് നിയമങ്ങൾ കൃത്യമായി പാലിച്ച്  ഉച്ചാരണത്തിൽ ഈ ഗ്രന്ഥം മനഃപാഠമാക്കുന്നു എന്നത് വിസ്മയകരമാണ്. മറ്റൊരു മതഗ്രന്ഥവും അവയുടെ മൂലഭാഷയിൽ ഇത്രയധികം ആളുകളാൽ മനഃപാഠമാക്കപ്പെടുന്നില്ല. ആയിരത്തിനാനൂറ് വർഷങ്ങൾക്ക് മുമ്പ് തിരുനബി(സ) സ്വഹാബത്തിന് ഓതിക്കൊടുത്ത അതേ അക്ഷരങ്ങളിൽ, അതേ ഉച്ചാരണത്തിൽ, യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാകാതെ ഖുർആൻ ഇന്നും നിലനിൽക്കുന്നത് അതിന്റെ സവിശേഷമായ ഈ പാരായണശാസ്ത്രവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലെ അതിന്റെ സാന്നിധ്യവും കൊണ്ടാണ്.
 

ഗണിത രഹസ്യങ്ങളും ശാസ്ത്രീയ സത്യങ്ങളും

ഭാഷയിലും പാരായണത്തിലുമുള്ള ഈ വിസ്മയം ഖുർആനിന്റെ ഗണിതശാസ്ത്രപരമായ ഘടനയിലും ശാസ്ത്രീയ പരാമർശങ്ങളിലും പ്രകടമാണ്. ഇരുപ്പത്തിമൂന്ന് വർഷങ്ങൾ കൊണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ, വ്യത്യസ്ത ഘട്ടങ്ങളിലായി അവതരിച്ചിട്ടും ഖുർആനിലെ വാക്കുകളുടെ പ്രയോഗത്തിലുള്ള ഗണിത രഹസ്യങ്ങൾ വളരെ അത്ഭുതപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന്, ദുനിയാവ് (ഇഹലോകം), ആഖിറം (പരലോകം) എന്നീ വാക്കുകൾ തുല്യമായി നൂറ്റിപ്പതിനഞ്ച് തവണ വീതം ഖുർആനിൽ വന്നിട്ടുണ്ട്. അതുപോലെ മലക്കുകൾ, ശൈത്താൻ എന്നീ പദങ്ങൾ എൺപത്തിയെട്ട് തവണ വീതവും വന്നിരിക്കുന്നു. ഇതിലും അത്ഭുതകരമായത്, ഖുർആനിൽ 'ദിവസം' (യൗമ്) എന്ന പദം ഏകവചനമായി കൃത്യം മുന്നൂറ്റി അറുപത്തഞ്ച് തവണയും, 'മാസം' (ശഹ്ർ) എന്ന പദം കൃത്യം പന്ത്രണ്ട് തവണയുമാണ് പ്രയോഗിച്ചിട്ടുള്ളത്. ദീർഘകാലം കൊണ്ട് അവതരിച്ച ഒരു ഗ്രന്ഥത്തിൽ ഇത്രമേൽ കൃത്യമായ ഒരു ഗണിതശാസ്ത്രം യാദൃശ്ചികമായി സംഭവിക്കുക അസാധ്യമാണ്.
ഇതിനുപുറമെ, ശാസ്ത്രീയമായ അനേകം സത്യങ്ങളും ഖുർആൻ ഉൾക്കൊള്ളുന്നു. മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചും ഭ്രൂണവളർച്ചയുടെ ഘട്ടങ്ങളെക്കുറിച്ചും (നുത്ഫ, അലഖ, മുദ്ഗ) സൂറത്തുൽ മുഅ്മിനൂനിൽ (23:12-14) നൽകുന്ന വിവരണം ആധുനിക മെഡിക്കൽ സയൻസിനെപ്പോലും വിസ്മയിപ്പിക്കുന്നതാണ്. മൈക്രോസ്കോപ്പുകൾ ഇല്ലാതിരുന്ന കാലത്ത് ഭ്രൂണത്തിന്റെ പറ്റിപ്പിടിക്കുന്ന രൂപത്തെക്കുറിച്ചും മാംസപിണ്ഡത്തെക്കുറിച്ചും കൃത്യമായി പരാമർശിച്ചത് ഖുർആനിന്റെ ദൈവികതയ്ക്കുള്ള തെളിവാണ്. അതുപോലെ, പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന സത്യവും (സൂറത്തുദ്ദാരിയാത് 51:47), സൂര്യനും ചന്ദ്രനും അവരുടേതായ ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുകയാണെന്ന കണ്ടെത്തലും (സൂറത്തുൽ അമ്പിയാഅ് 21:33) നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ പ്രഖ്യാപിച്ച ശാസ്ത്രീയ അത്ഭുതങ്ങളാണ്.

പണ്ഡിത ലോകവും ഖുർആനിക അത്ഭുതങ്ങളും

ഖുർആനിന്റെ അമാനുഷികതയും (ഇഅ്ജാസ്) അത്ഭുതങ്ങളും കേവലം ആധുനിക കാലത്തെ കണ്ടെത്തലുകളല്ല. ഇസ്‌ലാമിക ചരിത്രത്തിന്റെ തുടക്കം മുതൽ തന്നെ അഹ്‌ലുസ്സുന്നയുടെ പ്രഗത്ഭരായ പണ്ഡിതന്മാർ 'ഉലൂമുൽ ഖുർആൻ' (ഖുർആനിക ശാസ്ത്രങ്ങൾ), 'ഇഅ്ജാസുൽ ഖുർആൻ' (ഖുർആനിന്റെ അത്ഭുതങ്ങൾ) എന്നീ ശാഖകളിൽ അതിബൃഹത്തായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാഷാപരവും ആശയപരവുമായ അത്ഭുതങ്ങളെ ലോകത്തിന് വരച്ചുകാണിക്കുന്നതിൽ ഇമാം അൽ ഖത്താബി(റ) യുടെ 'ബയാനു ഇഅ്ജാസിൽ ഖുർആൻ' (بيان إعجاز القرآن), ഇമാം അബൂബക്കർ അൽ ബാഖില്ലാനി(റ) രചിച്ച വിശ്വവിഖ്യാതമായ 'ഇഅ്ജാസുൽ ഖുർആൻ' (إعجاز القرآن) തുടങ്ങിയവ ഈ വിഷയത്തിലെ പ്രാമാണിക അവലംബങ്ങളാണ്.
ഖുർആനിക വിജ്ഞാനങ്ങളെ സമഗ്രമായി ക്രോഡീകരിച്ച ഇമാം സർക്കശി(റ)യുടെ 'അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ' (البرهان في علوم القرآن), ഈ ശാഖയിലെ ഏറ്റവും ആധികാരിക ഗ്രന്ഥമായി ഇന്നും ലോകമെമ്പാടും പഠിക്കപ്പെടുന്ന ഇമാം ജലാലുദ്ദീൻ സുയൂത്വി(റ)യുടെ 'അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ' (الإتقان في علوم القرآن) എന്നീ മഹത്തായ കൃതികൾ ഖുർആനിന്റെ അത്ഭുതങ്ങളെ വിവിധ കോണുകളിലൂടെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇതിനുപുറമെ, ഖുർആനിന്റെ അമാനുഷികതയെ മാത്രം മുൻനിർത്തി ഇമാം സുയൂത്വി(റ)രചിച്ച 'മുഅ്തറക്കുൽ അഖ്റാൻ ഫീ ഇഅ്ജാസിൽ ഖുർആൻ' (معترك الأقران في إعجاز القرآن) എന്ന ഗ്രന്ഥം ഖുർആൻ എങ്ങനെയാണ് ഒരു ദൈവിക അത്ഭുതമാകുന്നത് എന്നതിന്റെ അനിഷേധ്യമായ തെളിവുകൾ നിരത്തുന്നതാണ്. ഇമാം ഖുർത്വുബിയെയും ഇമാം റാസിയെയും(റ) പോലുള്ള പണ്ഡിതന്മാർ തങ്ങളുടെ തഫ്‌സീറുകളിലൂടെയും ഖുർആനിലെ ശാസ്ത്രീയവും ആശയപരവുമായ അത്ഭുതങ്ങൾക്ക് വിശാലമായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്.

ചുരുക്കത്തിൽ, വിശുദ്ധ ഖുർആൻ മനുഷ്യബുദ്ധിക്ക് പൂർണമായി അതിരിടാൻ കഴിയാത്തത്ര വിശാലമായ ഒരു അത്ഭുതസാഗരമാണ്. പൂർവസൂരികളായ ഈ മഹാപണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത് പോലെ, ഖിയാമത്ത് നാൾ വരെ യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാകാതെ നിലനിൽക്കുന്ന ഭദ്രമായ ഗ്രന്ഥമാണിത്. ഭാഷയിലും ആശയത്തിലും, ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഖുർആൻ പുലർത്തുന്ന ഈ കൃത്യത, അത് സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ വചനമാണെന്നതിന്റെ എക്കാലത്തെയും വലിയ തെളിവാണ്. കേവലം പാരായണം ചെയ്യാൻ മാത്രമുള്ള ഒരു ഗ്രന്ഥമല്ല ഖുർആൻ, മറിച്ച് ആഴത്തിൽ പഠിക്കാനും ചിന്തിക്കാനും, സമൂഹത്തിന് വെളിച്ചം പകരാനും, സ്വന്തം ജീവിതത്തിൽ പകർത്താനുമുള്ള അന്തിമ മാർഗദർശനമാണ് അത് എന്ന് ഈ മഹാത്ഭുതങ്ങൾ നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു.

Questions / Comments:



17 March, 2026   03:35 am

Abuzahra

????????????