പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിശ്വാസി വൃന്ദം മനസ്സാവാചാകർമണാ തയ്യാറാകുകയാണ് ശഅബാനിന്റെ ദിനരാത്രങ്ങളിൽ. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക (അനുഗൃഹീത രാവ്) എന്നീ സ്ഥാനപ്പേരുകളുള്ള സുകൃതങ്ങളുടെ സങ്കേതമാണ് ശഅബാനിലെ പതിനഞ്ചാം രാവ്.

മുസ്ലിം സമൂഹം പവിത്രമായി കാണുന്ന മാസങ്ങളിലൊന്നാണ് ശഅ്ബാന്‍. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസിവൃന്ദം മനസ്സാ വാചാ കര്‍മണാ തയ്യാറെടുക്കുന്ന രാപകലുകളാണ് ശഅ്ബാനിന്റെ ദിനരാത്രങ്ങളെ ശ്രേഷ്ഠമാക്കുന്നത്. ബറാഅത് രാവ് എന്ന പവിത്രമായ രാവ് കൂടി വന്നു ചേരുന്നത് കൊണ്ട് തന്നെ ശഅബാനിന്റെ മധുരം ഇരട്ടിക്കുന്നു. ഈ സുവർണ്ണാവസരത്തിൻ്റെ വിശുദ്ധി തൊട്ടറിഞ്ഞ മുസ്ലിം സമൂഹം മനമുരുകി നാഥനിലേക്ക് കൂടുതലടുക്കുന്നു. ശിഷ്ടജീവിതം അനുഗ്രഹപൂർണ്ണമാക്കാനുള്ള ആവശ്യങ്ങൾ സൃഷ്ടാവിനു മുമ്പിൽ നിരത്തി വെക്കുന്നു.


ശഅബാൻ വലിയ ബഹുമാനമുള്ള മാസമാണ്. തിരുനബി (സ) തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലാനുള്ള ഖുർആൻ സൂക്തങ്ങൾ അവതീർണ്ണമായതും, മസ്ജിദുൽ അഖ്സയിൽ നിന്ന് വിശുദ്ധ കഅബയിലേക്ക് തിരുനബിയുടെ ആഗ്രഹപ്രകാരം വിശ്വാസികളുടെ ഖിബ്‌ല മാറ്റിയ സുവിശേഷം ഇറക്കിയതും ശഅബാനിലാണ്. മറ്റനേകം മേന്മകൾ ഈ മാസത്തിൻ്റേതു മാത്രമായുണ്ട്.
ശഅബാനിലെ പതിനഞ്ചാം രാവ് ലൈലതുൽ ബറാഅ (ബറാഅത്ത് രാവ്) എന്ന പേരിൽ അറിയപ്പെടുന്നു. പ്രസ്തുത രാവിന് ഏറെ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. ഖുർആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമർശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുൽ മുബാറക) എന്നതു കൊണ്ടുള്ള സാരാംശം ബറാഅത്ത് രാവാണെന്നും ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. ഇമാം മുർതളാ സബീദി (റ) പറയുന്നു: "ശഅബാൻ പതിനഞ്ചിൻ്റെ പവിത്രതകളും കർമ്മങ്ങളും മുൻഗാമികളിൽ നിന്നും പണ്ടുകാലം മുതലേ കൈമാറി വന്നതാണ്" (ഇത്ഹാഫ്).


ബറാഅത്ത് രാവിൻ്റെ മഹത്വം വിശദീകരിക്കുന്ന ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ ഹദീസ് നിവേദകരിലെ ചിലരെ ഉയർത്തി കാണിച്ച് ഹദീസ് തെളിവിനു പറ്റില്ലെന്നും ബറാഅത്ത് രാവിന് പുണ്യമില്ലെന്നും പറയുന്ന അൽപ്പജ്ഞാനികളുണ്ട്.
ചെയ്താൽ വലിയ പ്രതിഫലം ലഭിക്കുന്ന പുണ്യ പ്രവർത്തനങ്ങൾക്ക് (ഫളാഇലുൽ അഹ്മാൽ) ഹദീസ് ദുർബലമാണങ്കിലും സ്വീകാര്യമാണെന്നും, നിവേദക പരമ്പര ധാരാളമുള്ളത് കൊണ്ട് ഹസൻ എന്ന ഗണത്തിലേക്ക് ഹദീസ് മാറുമെന്നും നിദാന ശാസ്ത്രത്തിൽ നിന്ന് വായിക്കാവുന്നതാണ്.

ഇബ്നു ഉമര്‍(റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു." അഞ്ച് രാവുകളിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല. വെള്ളിയാഴ്ച രാവ്, റജബ് മാസത്തിലെ ഒന്നാം രാവ്, ലൈലത്തുല്‍ ഖദ്ര്‍, പെരുന്നാള്‍ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്." ആഇശാ ബീവി(റ)വില്‍ നിന്നുള്ള നിവേദനം ശ്രദ്ധിക്കുക: ഒരിക്കല്‍ നബി(സ) എന്നോട് ചോദിച്ചു. "ആഇശാ, ശഅ്ബാന്‍ പതിനഞ്ചിന്റെ മഹത്വം അറിയുമോ? ഞാന്‍ പറഞ്ഞു: എനിക്ക് പറഞ്ഞു തന്നാലും. ഉടനെ നബി(സ) വിശദീകരിച്ചു."ഈ വര്‍ഷം ജനിക്കുന്നവരും മരിക്കുന്നവരുമായ എല്ലാ മനുഷ്യരെയും ആ രാവില്‍ നിശ്ചയിക്കപ്പെടും. മനുഷ്യരുടെ കര്‍മങ്ങള്‍ ആ രാവില്‍ സ്വീകരിക്കപ്പെടും. അവരുടെ ജീവനോപാധികൾ അതില്‍ ഇറങ്ങുകയും ചെയ്യും. (ബൈഹഖി)


ഈ രാവിൽ മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്കുവേണ്ടി പാപമോചനം തേടൽ പ്രത്യേക ശ്രേഷ്ഠത അര്‍ഹിക്കുന്നു വെന്ന് ആഇശ ബീവി(റ) നിവേദനം ചെയ്തതായി കാണാം. “ഒരു രാത്രി ഉറക്കമുണർന്നപ്പോൾ കൂടെ ഉറങ്ങിയ നബി(സ്വ)യെ കാണുന്നില്ല. മുത്ത് നബി(സ) മറ്റു ഭാര്യമാരുടെ അരികില്‍ പോയതാകുമെന്ന് ഞാന്‍ കരുതി. അങ്ങനെ പ്രവാചകരെ പിന്തുടര്‍ന്നപ്പോള്‍ തങ്ങള്‍ ജന്നത്തുല്‍ ബഖീഇല്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. തിരിച്ചു വന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: ഈ രാത്രി കല്‍ബ് ഗോത്രത്തിലെ ആടുകളുടെ രോമകൂപങ്ങളുടെ‍ കണക്കിന് അല്ലാഹു വിശ്വാസികളുടെ പാപം പൊറുത്തു കൊടുക്കും (അവരുടെ ആടുകള്‍ക്ക് രോമം കൂടുതലായിരുന്നു.) എന്നാല്‍, ശിര്‍ക്ക് ചെയ്യലും മുഅ്മിനീങ്ങളോട് പിണങ്ങി നില്‍ക്കലും പൊറുത്തു കൊടുക്കുന്നതിൽ ഉൾപ്പെടുകയില്ല". ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം: "ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിശ്ചയം അല്ലാഹുവിന്റെ അനുഗ്രഹം സൃഷ്ടികളിലേക്ക് പ്രത്യക്ഷപ്പെടും. കപടവിശ്വാസിയും ആത്മഹത്യ ചെയ്തവനുമല്ലാത്ത എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും". ഇത്തരം ഹദീസുകള്‍ ഹാഫിളുല്‍ മുന്‍ദിരി(റ) തന്റെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ബറാഅത്ത് രാവിന്റെ അഞ്ച് പവിത്രതകൾ വിവരിച്ച് കൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തുന്നു:

ഒന്ന്: യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും. അല്ലാഹു പറയുന്നു. "യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും"(സൂറത്തു ദുഖാന്‍ 4)


രണ്ട്: ബറാഅത്ത് രാവിലെ ആരാധനകള്‍ വളരെ പുണ്യമുള്ളതാണ്. നബി (സ)പറയുന്നു: ബറാഅത് രാവില്‍ കൂടുതല്‍ നിസ്കരിക്കുന്നവര്‍ക്ക് മലക്കുകള്‍ പാപമോചന നിർവഹിക്കും. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കും. പ്രയാസങ്ങളിൽ നിന്ന് അവനെ രക്ഷപ്പെടുത്തും. പിശാചിന്റെ കെണിവലകളിൽ നിന്ന് അവനെ തട്ടിമാറ്റും.


മൂന്ന്: ബറാഅത്ത് രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കും. നബി (സ) പറയുന്നു. കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണമനുസരിച്ച് ഈ രാത്രിയില്‍ (ബറാഅത്ത് രാവില്‍) അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും.


നാല്: പ്രത്യേകം പാപമോചനം നല്‍കപ്പെടും. തിരുനബി (സ)പറയുന്നു. ബറാഅത്ത് രാവില്‍ എല്ലാ മുസ്ലിംകള്‍ക്കും അല്ലാഹു ദോഷങ്ങള്‍ പൊറുത്തു കൊടുക്കും. അഞ്ച് വിഭാഗം ആളുകള്‍ക്കൊഴികെ. മദ്യപാനം ശീലമാക്കിയവന്‍, മനസ്സില്‍ വിദ്വേഷം പേറി നടക്കുന്നവന്‍, വ്യഭിചാരം പതിവാക്കിയവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, ജോത്സ്യന്‍/കൂടോത്രക്കാരന്‍ എന്നിവരാണവര്‍.


അഞ്ച്: നബി(സ) തങ്ങള്‍ക്ക് സമുദായത്തിന് ശിപാര്‍ശ പറയാനുള്ള അധികാരം പൂര്‍ണമായി നല്‍കപ്പെട്ട ദിവസമാണിത്. ശഅ്ബാന്‍ പതിമൂന്നിന് ശിപാര്‍ശക്കുള്ള മൂന്നിലൊന്ന് അധികാരവും 14 ന് മൂന്നില്‍ രണ്ട് അധികാരവും 15 ന് പൂര്‍ണ അധികാരവും നബി(സ) തങ്ങള്‍ക്ക് നല്‍കുകയായിരുന്നു(തഫ്സീറുൽ കബീർ). ഇതിനായി പ്രസ്തുത മൂന്ന് രാവുകളിലും നബി (സ)ഏറെ സമയം പ്രാര്‍ഥിച്ചിരുന്നതായും ഹദീസില്‍ കാണാം.


ബറാഅത്ത് രാവില്‍ ഇശാഅ് മഗ്രിബിനിടയില്‍ (അസറിന് ശേഷമെന്നും അഭിപ്രായമുണ്ട്) മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് മുൻഗാമികളിൽ നിന്ന് പിൻഗാമികൾ പകർത്തിയ പുണ്യ കര്‍മമാണ്. (ഇത്ഹാഫ് 247/3). എന്ത് ഉദ്ദേശ്യം വെച്ച് സൂറതു യാസീൻ ഓതിയാലും ഫലപ്രാപ്തി ഉണ്ടാകുമെന്ന തിരുവാക്ക് ഉൾകൊണ്ടായിരിക്കണം മുന്‍ഗാമികള്‍ ഇതെല്ലാം പതിവാക്കിയത്.
ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം തുടങ്ങിയ മുഴുവൻ കാര്യങ്ങളിലും ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തേത് ആഖിബത് (മരണസമയം) നന്നാകാനും വേണ്ടിയുമാണ് പാരായണം ചെയ്യേണ്ടത്. ആയുസ്സ്, ഭക്ഷണം, മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവില്‍ പ്രസ്തുത കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക എന്നത് എന്തുകൊണ്ടും പ്രസക്തമാണ്.


ബറാഅത്ത് രാവ് വിശദീകരിച്ച ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുദ്ദുഖാന്‍. അതുകൊണ്ടു തന്നെ ബറാഅത്ത് രാവില്‍ പ്രസ്തുത സൂറത്ത് മുന്‍ഗാമികള്‍ പതിവാക്കുകയും പതിവാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇബ്നു അലിയ്യു തരീമി(റ) പറയുന്നു: ബറാഅത്ത് രാവിൽ സൂറതു ദുഖാൻ ഓതുകയും ശേഷം ദിക്റുകളും സ്വലാത്തുകളും ചൊല്ലി പ്രാർത്ഥന നടത്തുകയും ചെയ്താൽ ഉത്തരം ലഭിക്കുമെന്നത് ഉറപ്പാണ്.(അൽവസാഇലു ശാഫിഇയ്യ ലിൽ അദ്കാരിന്നാഫിഅ)
‘ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനല്ലാലിമീന്‍’ എന്ന ദിക്ര്‍ ബറാഅത്ത് രാവില്‍ കൂടുതലായി ചൊല്ലുന്നവന് ആ വര്‍ഷം എല്ലാ ആപത്തുകളില്‍ നിന്നും അല്ലാഹു രക്ഷ നല്‍കുമെന്നും കടങ്ങള്‍ വീടുമെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രസ്തുത രാവിൽ പ്രത്യേകമായി നൂറ് റക്അത്തുള്ള ഒരു നിസ്കാരത്തെ കുറിച്ച് പണ്ഡിതന്മാർ ബിദ്അത്താണന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, എല്ലാ ദിവസവും രാത്രി നിസ്കാരം(ഖിയാമുലൈൽ) വലിയ പുണ്യമുള്ളതാണ്. ഇത് പരിഗണിച്ച് ഒരാൾ നൂറല്ല ആയിരം നിസ്കരിച്ചാലും പ്രതിഫലമുണ്ട്. ജുനൈദുൽ ബഗ്ദാദി(റ) ദിവസവും 700 റക്അത്തുകൾ വരെ നിസ്കരിക്കാറുണ്ടായിരുന്നു.
ശഅബാന്‍ 15ന് പകല്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. ഇമാം റംലി(റ) ഫതാവയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് (79/2).


തിരു നബി അരുളി "ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക"(ഇബ്നുമാജ). ബറാഅത്തിന് അങ്ങിനെ ഒരു നോമ്പില്ല എന്നു പറയുന്നവരുണ്ട്. ശഅബാൻ 15 എന്നല്ല എല്ലാ മാസവും 13,14,15 ദിവസങ്ങളിൽ അയ്യാമുൽ ബീളിൻ്റെ സുന്നത്ത് നോമ്പ് സ്ഥിരപ്പെട്ടതാണ്. മഹത്വം ഇരട്ടിക്കുകയല്ലാതെ ഒരിക്കലും കുറയുന്നില്ല. ഒരാൾ ബറാഅത്ത് നോമ്പിനോട് കൂടെ ഖളാഅ് വീട്ടാനുള്ളതും അയ്യാമുൽ ബീളും തിങ്കൾ/ വ്യാഴം ദിവസങ്ങളിലാണങ്കിൽ അതും നിയ്യത്ത് ചെയ്താൽ എല്ലാത്തിൻ്റെയും പ്രതിഫലം ലഭിക്കും (ഇആനതു ത്വാലിബീൻ). ഇസ്ലാമിക പ്രമാണ രേഖകളില്‍ ബറാഅത്തിന് അതുല്യമായ സ്ഥാനമുണ്ട്. ആത്മീയ ജീവിതത്തിന് ആനന്ദം പകരാന്‍ ഇത്തരം ശ്രേഷ്ഠ ദിനങ്ങളെ മാഹാത്മാക്കള്‍ വിനിയോഗിച്ചിരുന്നു.
റമളാൻ പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ നിസ്കാരം, നോമ്പ്, സ്വലാത്ത്, ദിക്റുകൾ, ദാനധർമ്മം പോലോത്ത ആരാധനാകര്‍മങ്ങള്‍ കൊണ്ട് ബറാഅത്ത് രാവും തുടര്‍ന്ന് വരുന്ന പകലും ധന്യമാക്കാനും ജീവിത വിശുദ്ധി കൈവരിക്കാനും അതുവഴി ഇലാഹി സാമീപ്യം നേടാനും ഇത്തരം അവസരങ്ങൾ നമുക്ക് ഉപയോഗപ്പെടുത്താം.

Questions / Comments:



No comments yet.