സാമൂഹ്യ സാഹചര്യങ്ങൾ ദാഹിക്കുന്ന ധാർമിക മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പാരമ്പര്യ ഉലമാക്കളാണ് കേരളീയ മുസ്ലിം ചൈതന്യത്തിന്റെ അകപ്പൊരുൾ. സാംസ്കാരിക രാഷ്ട്രീയ അധിനിവേശത്തിനെതിരെയുണ്ടായ മമ്പുറത്തെ തീർപ്പുകൾ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആത്മീയവായനകളാണ്.
ഉലമാ ആക്ടിവിസത്തിൻ്റെ ആനുകൂല്യങ്ങൾ വേണ്ടുവോളം ലഭിച്ചവരാണ് മലബാറിലെ മുസ്ലിംകൾ. ഈ ആനുകൂല്യങ്ങൾ ഇന്ന് ദേശാതിർത്തികൾ ഭേദിച്ച് ഇതരസംസ്ഥാനങ്ങൾ വരെ അനുഭവിക്കുന്നുണ്ട്. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഇടപെടുന്ന ഉലമാ പാരമ്പര്യം മലബാറിൻ്റെ ചരിത്രത്തിൽ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഈയൊരു പാരമ്പര്യത്തിലെ ആദ്യ കണ്ണികളിൽ സുപ്രസിദ്ധരാണ് യമനിൽ നിന്ന് കേരളത്തിലെത്തിയ മമ്പുറം തങ്ങൾ എന്ന പേരിൽ വിശ്രുതരായ മൗലദ്ദവീല സയ്യിദ് മുഹമ്മദ് അലവി തങ്ങൾ. ഇന്ത്യയിൽ വളർന്നു വരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുന്നതായിരുന്നു തങ്ങളുടെ പ്രവർത്തനങ്ങൾ.
ഹിജ്‌റ 1183 ലാണ് അവിടുന്ന് യമനിലെ അൽമുതല്ലാ തുറമുഖത്ത് നിന്നൊരു ചരക്ക് കപ്പലിൽ കോഴിക്കോട്ടെത്തിയത്. തൻ്റെ അമ്മാവൻമാരായ ശൈഖ് മുഹമ്മദുൽ ജിഫ്രി, ശൈഖ് ഹസൻ ജിഫ്രി എന്നിവരുടെ കൂടെ വൈജ്ഞാനിക പ്രബോധന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ് പതിനേഴാം വയസ്സിൽ മലബാറിലേക്ക് കപ്പലേറുന്നത്. ആഴത്തിലുള്ള അറിവും ആത്മീയതയും കൈമുതലാക്കിയ അവരുടെ പിന്നിൽ വിശ്വാസികൾ ശക്തമായി നിലകൊണ്ടു.
1792 ലെ ശ്രീരംഗപട്ടണം യുദ്ധത്തിൽ ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി മലബാറിൻ്റെ രാഷ്ട്രീയ അധികാരം ബ്രിട്ടീഷുകാർ സ്വന്തമാക്കിയ കാലം, വൈദേശിക ആധിപത്യവും ജന്മിത്വ വ്യവസ്ഥയുമാണ് അന്നത്തെ സമൂഹം ഏറ്റവും കൂടുതൽ അനുഭവിക്കുകയും വെറുക്കുകയും ചെയ്ത സാമൂഹ്യ പ്രതിസന്ധികൾ. ഈ രണ്ട് പ്രതിസന്ധികളെയും തരണം ചെയ്യുന്നതിൽ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ യുക്തിസഹവും ധീരവുമായ തീരുമാനങ്ങളും നടപടികളുമാണ് ആക്ടിവിസ്റ്റ് എന്ന നിലയിൽ മമ്പുറം തങ്ങൾക്ക് മേൽവിലാസം നൽകുന്നത്. വൈദേശിക ശക്തികൾക്കും ജന്മിമാർക്കുമെതിരെ നിരന്തരം ശബ്ദിച്ചതുകൊണ്ട്, അവരുടെ ക്രൂരപീഡനം ഏൽക്കേണ്ടി വന്ന മഹാഭൂരിപക്ഷത്തിന്റെ രക്ഷകനും നായകനുമായി തങ്ങൾ മാറി. ജന്മി-കുടിയാൻ സമ്പ്രദായത്താൽ അടിമ സമാനമായ ജീവിതം നയിച്ചിരുന്ന താഴ്ന്ന ജാതിക്കാർ ഇസ്‌ലാമാശ്ലേഷിക്കുകയും തങ്ങളുടെ പക്ഷത്ത് അണിചേരുകയും ചെയ്തു. തങ്ങളുടെ ജീവിതകാലത്ത് നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ തങ്ങളും കൂടെ അനുയായികളും സജീവമായി പങ്കെടുത്തതിനാൽ, തങ്ങളുടെ സാന്നിധ്യവും അവരുടെ നേതൃപാടവവും അവിടുത്തെ പിന്തുടർന്ന് ജീവിക്കുന്ന പൊതുജനതയും ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. (നിസ്സഹകരണമായിരുന്നു തങ്ങളുടെ സമര രീതികളിൽ പ്രധാനപ്പെട്ടത്. പ്രദേശത്ത് ഒരു ഭരണ നിർവഹണ സംഘം രൂപീകരിക്കാൻ ചർച്ചക്കെത്തിയ ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ തിരിച്ചയച്ച ചരിത്രത്തിൽ നിന്ന് ഇത് വായിക്കാനാകും. )
കൊളോണിയൽ ശക്തികൾക്കെതിരെ പോരാടാൻ മലബാറിലെ മാപ്പിള മുസ്‌ലിം സമൂഹത്തിന് ഊർജവും ആവേശവും നൽകിയത് മമ്പുറം സയ്യിദ് അലവി തങ്ങളായിരുന്നു. 1817-ലെ അത്തൻ ഗുരുക്കളുടെ നേതൃത്വത്തിൽ നടന്ന സമരം, 1842-ലെ മുട്ടിച്ചിറ കലാപം തുടങ്ങിയ നിരവധി പോരാട്ടങ്ങൾ, 1845 ലെ ചേറൂർ സമരവും മികച്ച ഉദാഹരണങ്ങളാണ്. സയ്യിദ് അലവി തങ്ങളുടെ സാമൂഹിക വിപ്ലവത്തെ ഉൾക്കൊള്ളാൻ ആ കലാപങ്ങളുടെ ചരിത്രപരത പഠന വിധേയമാക്കേണ്ടതാണ്.
1817-ലെ അത്തൻ കുരിക്കൾ കലാപം.
പ്രമുഖ ചരിത്രകാരനായ ഡോ. സികെ കരീം പറയുന്നതിങ്ങനെ: ‘ഉണ്ണിമൂസ മൂപ്പൻ, അത്തൻ കുരിക്കൾ, ചെമ്പൻ പോക്കർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന രക്തരൂക്ഷിത ഇംഗ്ലീഷ് വിരുദ്ധ പോരാട്ടങ്ങളിൽ അവർക്ക് ഉത്തേജനവും ഉപദേശവും സയ്യിദവർകൾ നൽകി എന്നാണ് ബ്രിട്ടീഷുകാർ വിശ്വസിച്ചിരുന്നത്. ഇവരിൽ അത്തൻ കുരിക്കൾ തിരൂരങ്ങാടിയിൽ ചെന്ന് തങ്ങളെ സ്ഥിരം സന്ദർശിക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1801-1802 വർഷങ്ങളിൽ തന്നെ സയ്യിദ് അലവി തങ്ങളെക്കൂടി അറസ്റ്റ് ചെയ്യാൻ ആലോചന നടന്നിരുന്നു. മലബാറിലെ തെക്കും വടക്കും മാപ്പിളനേതാക്കളുടെയും പഴശ്ശിരാജയുടെയും സംഘടിത ശക്തികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സന്നിഗ്ധ ഘട്ടത്തില്‍ ലോകാദരണീയനായ അലവി തങ്ങളെ കൂടി അറസ്റ്റ് ചെയ്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ആലോചിച്ച് തല്‍ക്കാലം പിന്തിരിയുകയായിരുന്നു അധികാരികള്‍''
1802ൽ അത്തന്‍ കുരിക്കൾ കൊല്ലപ്പെട്ടു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ കുരിക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തീരുമാനിച്ചു. അതില്‍ ക്ഷുഭിതനായ കുരിക്കളുടെ മകന്‍ മുഹമ്മദ്‌കോയ മാപ്പിളപോരാളികളെ സംഘടിപ്പിച്ച് തങ്ങളവര്‍കളെ കാണാനെത്തി. തങ്ങളുടെ പിന്തുണയോടെ അവർ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി രംഗത്തെത്തി. 1817 ൽ മഞ്ചേരി കേന്ദ്രീകരിച്ച് നടന്ന ഈ പോരാട്ടങ്ങളിൽ മുസ്‌ലിംകളുടെ ആവേശത്തിന്റെ ഉറവിടം മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയും കലക്ടർ ജെയിംസ് വോഗന് മുമ്പാകെ മൊഴി നൽകാൻ കോഴിക്കോട്ടേക്ക് വിളിപ്പിക്കുകയും ചെയ്തു. തങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമായിരുന്നു ഇത്. ഉണ്ണി മൂപ്പൻ, മഞ്ചേരി അത്തൻ കുരിക്കൾ, ചെമ്പൻ പോക്കർ എന്നിവരുടെ നേതൃത്വത്തിൽ 1800-1801 കാലയളവിൽ നടന്ന മാപ്പിള പോരാട്ടങ്ങളുടെ പിന്നിലെ ചാലകശക്തിയും തങ്ങൾ തന്നെയാണെന്ന് അവർ ഉറച്ചുവിശ്വസിച്ചു.
കോഴിക്കോട്ടേക്കുള്ള യാത്രയിൽ അദ്ദേഹം തനിച്ചായിരുന്നില്ല. ഒരുപറ്റം നാട്ടുകാരും തങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇതോടെ കോഴിക്കോട്ടേക്ക് തനിച്ച് വരുന്ന തങ്ങളെ എളുപ്പം അറസ്റ്റ് ചെയ്യാമെന്നുള്ള വ്യാമോഹം വൃഥാവിലായി. അറസ്റ്റ് ചെയ്യാനായില്ലെന്ന വിവരം അറിയിച്ചു കൊണ്ട് അവർ ഉന്നത ഉദ്യോഗസ്ഥർക്ക് കത്തെഴുതി.
മുട്ടിച്ചിറ സമരം
ചാതുർവർണ്യത്തിൻ്റെ അയിത്താചരണങ്ങളിൽ നിന്ന് രക്ഷ തേടി അധഃസ്ഥിത വിഭാഗങ്ങളിൽ നിന്നും സാമാന്യം വലിയൊരു കൂട്ടമാളുകൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്നും തങ്ങൾ അവർക്കൊരു നേതാവായി മാറിയെന്നും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. മലപ്പുറം ജില്ലയിലെ മൂന്നിയൂർ മുട്ടിച്ചിറ ഭാഗത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന താഴ്ന്ന ജാതിക്കാർക്കു വേണ്ടി സയ്യിദ് അലവി തങ്ങൾ ഒരു പള്ളി നിർമിച്ചു നൽകി. മമ്പുറത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദേശമാണ് മുട്ടിച്ചിറ അല്ലെങ്കിൽ മുട്ടിയറ. മമ്പുറം സയ്യിദ് അലവി തങ്ങളുടെ വീട്ടിൽ നിന്ന് ഇവിടേക്ക് രണ്ട് മൈൽ ദൂരം കാണും.
മുസ്ലിമായ അവർ അയിത്താചാരങ്ങൾ പാലിക്കാതെ പൊതുവഴി ഉപയോഗിക്കുന്നതും ജാതീയമായ കീഴ് വഴക്കങ്ങളെ ലംഘിക്കുന്നതും ഉയർന്ന ശ്രേണിയിൽ പെട്ടവർക്കത്ര രസിച്ചില്ല.
ഉയർന്ന ജാതിക്കാർ അവരെ പള്ളിയിൽ പോകുന്നത് തടയുകയും കായികമായി നേരിടുകയും ചെയ്തു. ഹിന്ദു-മുസ്‌ലിം സാമുദായിക ഐക്യം തകർക്കാൻ മറുവിഭാഗം തക്കം പാർത്തിരിക്കുന്ന കാലമായിരുന്നു അത്. വിശ്വാസികളോട് ശാന്തരായിരിക്കണമെന്നും രംഗം ഒരു വർഗീയ കലാപത്തിലേക്ക് വഴിമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
പ്രദേശത്തെ കാര്യപ്പെട്ട ജന്മിയാണ് തോട്ടച്ചേരി അച്യുതൻ പണിക്കർ. അന്വേഷണാർത്ഥം പ്രദേശത്തെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് തൻ്റെ ഭൂമി കൈയ്യേറിയാണ് പള്ളി നിർമിച്ചത് എന്നും അവിടെ ആരാധന തടയണമെന്നും വാദിച്ചു. 'കീഴ് ജാതിക്കാർ' തൻ്റെ ഭൂമിയിൽ കടക്കുന്നു എന്നും അദ്ദേഹത്തിൻ്റെ പരാതിയിൽ പറയുന്നു. എന്നാൽ ഈ ആരോപണം മാപ്പിളമാർ നിഷേധിച്ചു. ഇസ്ലാം സ്വീകരിച്ച മൊയ്തു തച്ചു പണിക്കരിൽ നിന്ന് വാങ്ങിയതായിരുന്നു ഈ ഭൂമി എന്ന് 1852 ലെ Strange Commission Report വ്യക്തമാക്കുന്നു. ഈ സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസും അനുബന്ധ സംഭവങ്ങളുമാണ് ഈ കലാപത്തിൻ്റെ പ്രഭവ കേന്ദ്രം എന്ന് ചരിത്രകാരനായ സത്താർ നിരീക്ഷിക്കുന്നു.
പണിക്കരുടെ വ്യാജ പരാതിയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മാപ്പിളമാർക്ക് പ്രതികൂലമായ തീരുമാനം എടുത്തു. തഹസിൽദാറും അഞ്ചു ഉദ്യോഗസ്ഥരും തച്ചുപണിക്കരും കാര്യസ്ഥൻ നായരും മറ്റ് സഹായികളും പള്ളിയിലേക്ക് പുറപ്പെട്ടു. ഒരു റമദാൻ മാസത്തിലാണ് സംഭവം നടക്കുന്നത്. നോമ്പനുഷ്ടിച്ചിരുന്ന മാപ്പിളമാരെ അപമാനിച്ചു. പള്ളിയിൽ ആരാധനയിൽ വ്യാപൃതനായിരുന്ന മൊയ്തീനെ മർദിക്കുകയും ബന്ധിയാക്കുകയും ചെയ്തു. പള്ളിയിലുണ്ടായിരുന്ന മൊയ്തീൻ്റെ ബന്ധുക്കൾ അക്രമികളുടെ മേൽ ചാടിവീണു. ഈ സംഘർഷത്തിൽ പണിക്കർ വധിക്കപ്പെട്ടു.
വർഗീയ വിദ്വേഷം ഇളക്കി വിടാൻ എറ്റവും അനുയോജ്യമായ സമയമാണെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ ദൗർഭാഗ്യകരമായ സാഹചര്യം മുതലെടുത്തുവെന്നു വേണം പറയാൻ. 1842 നവംബർ 13-ന് മുട്ടിച്ചിറയിലെ പള്ളിയിൽ അതിക്രമിച്ച് കയറി കേണൽ ഷേക്‌സ്പിയറിന്റെ നേതൃത്വത്തിൽ ബ്രിട്ടിഷ് സൈന്യം ആക്രമണം തുടങ്ങി. പള്ളിയിൽ ഉണ്ടായിരുന്ന മാപ്പിളമാർ കൈതക്കകത്ത് മരക്കാരുട്ടിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടി വീരമൃത്യു വരിച്ചു.
രക്തസാക്ഷികളുടെ മൃതശരീരം ബ്രിട്ടീഷുദ്യോഗസ്ഥർ തന്നെ മറവ് ചെയ്തു. മാപ്പിളമാർ സന്ദർശിക്കുന്നത് തടയാൻ അവരെ മറവ് ചെയ്ത സ്ഥലത്ത് ഒരു കാവലാളെയും നിയമിച്ചു. എന്നാൽ 1842 നവംബർ 17 ന് രണ്ടായിരത്തോളം മാപ്പിളമാർ സംഘടിച്ചു. പോലീസ് സുരക്ഷ മറികടന്ന് അവർ ശുഹദാക്കളുടെ ഭൗതിക ശരീരം കണ്ടെടുത്തു പള്ളിയിലേക്ക് കൊണ്ടുവന്നു. സർവ്വോപരി ബഹുമതികളോടെ മുട്ടിച്ചിറ പള്ളിയുടെ ഖബർസ്ഥാനിൽ മറവ് ചെയ്തു. ഈയൊരു പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാർക്കെതിരെ പോരിനിറങ്ങാൻ ആഹ്വാനം ചെയ്തു കൊണ്ട് മമ്പുറം തങ്ങൾ സൈഫുൽ ബതാർ എന്ന ഗ്രന്ഥം രചിച്ചത്.
സൈഫുൽ ബതാർ
മമ്പുറം തങ്ങളുടെ ഏറ്റവും മികച്ച രചനകളിൽ ഒന്നായി ചരിത്രകാരന്മാർ വിലയിരുത്തിയ ഗ്രന്ഥമാണ് അസ്സൈഫുൽ ബതാർ അലാ മൻ യുവാലിൽ കുഫ്ഫാർ
(السيف البتار على من يوالي الكبار).
മമ്പുറം തങ്ങളുടെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഫത്‌വകളുടെ സമാഹരണമാണ് ഈ കൃതി. തങ്ങളുടെ സമകാലികനായ സയ്യിദ് അബ്ദുല്ലാഹി ബ്ന് അബ്ദുൽ ബാരി അൽ അദ്ഹൽ ചോദിച്ച ഫത്‌വ (മതവിധി) കൾക്ക് മമ്പുറം തങ്ങൾ നൽകിയ മറുപടികളാണ് ഈ കൃതിയുടെ അകക്കാമ്പ്. ഇന്ത്യയിൽ സ്വാതന്ത്ര്യ പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് തുർക്കി കേന്ദ്രീകരിച്ച് ഉസ്മാനിയ ഖിലാഫത് നിലനിന്നിരുന്നു. ഈ ഖിലാഫത്തിന്റെ ആധികാരികതയും പിന്തുടരേണ്ടതിൻ്റെ ആവശ്യകതയും ഇതിൽ പ്രമേയമാകുന്നുണ്ട്. ബ്രിട്ടീഷുകാരുടെ വിധിന്യായം സംബന്ധിച്ചാണ് ചോദ്യങ്ങളിൽ അധികവും.
മൂലകൃതി സയ്യിദ് അബ്ദുല്ലാഹി ബ്ന് അബ്ദുൽ ബാരി അൽ അദ്ഹൽ തന്നെ സൂക്ഷിക്കുകയും പിൽകാലത്ത് മമ്പുറം തങ്ങളുടെ മകൻ സയ്യിദ് ഫസൽ തങ്ങൾക്ക് കൈമാറുകയും ചെയ്തു. അദ്ദേഹം മറ്റു ഫത് വകൾ കൂടെ ചേർത്ത് ഉദ്ദതുൽ ഉമറാഇ വൽഹുക്കാം ലി ഇഹാനതിൽ കഫറതി വഅബദതിൽ അസ്‌നാം എന്ന പേരിൽ ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ നടന്ന ശ്രീരംഗപട്ടണം യുദ്ധത്തിൽ പരാജയപ്പെട്ട ടിപ്പു സുൽത്താന് മലബാറിൻ്റെ രാഷ്ട്രീയ അധികാരം ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കേണ്ടി വന്നു. അടിച്ചമർത്തൽ ഭരണം മലബാറിലെ മുസ്ലിം ജീവിതം ദുസ്സഹമാക്കി. ഈയൊരു സാഹചര്യത്തിലാണ് സയ്യിദ് അബ്ദുല്ലാഹി ബ്ന് അബ്ദുൽ ബാരി അൽ അദ്ഹൽ മമ്പുറം തങ്ങളോട് ഫത് വ തേടിയത്. ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങൾ ഉദ്ധരിച്ചു കൊണ്ട്, അതിന് ഉപോൽപലകമായ ഖുർആൻ ആയതുകളും പരിശുദ്ധ ഹദീസുകൾ സഹിതം ചോദ്യങ്ങൾക്ക് മറുപടി നൽകി. ഈ മറുപടികളാണ് അസ്സൈഫുൽ ബതാർ അലാ മൻ യുവാലിൽ കുഫ്ഫാർ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. എട്ട് ചോദ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഈ ഫത്‌വകൾ ആരാധനാലയങ്ങൾ വഴി തെക്കേ മലബാറിലെ മുസ്‌ലിംകൾക്കിടയിൽ പ്രചരിച്ചു. വൈദേശിക ആധിപത്യത്തിനെതിരെ മുസ്‌ലിം സമൂഹം എന്ത് നിലപാട് കൈക്കൊള്ളണമെന്ന് ഈ കൃതിയിലൂടെ മമ്പുറം തങ്ങൾ അനുയായികളെ ബോധവാന്മാരാക്കി. ബ്രിട്ടിഷ് ഭരണകൂടം പുസ്തകം വിലക്കുകയും പുസ്തകങ്ങൾ കണ്ടെടുത്ത് ചുട്ടുകരിക്കാൻ ശക്തമായി ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വളരെ രഹസ്യമായിട്ടായിരുന്നു ഈ ഫത് വകൾ പരസ്പരം കൈമാറിയിരുന്നത്.
പകർപ്പുകൾ സൂക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനമായി പ്രഖ്യാപിച്ചു.
സമൂഹത്തിലെ പിന്നാക്ക വിഭാഗമായ കുടിയാന്മാരുടെ പക്ഷത്തായിരുന്നു മമ്പുറം തങ്ങൾ നിലകൊണ്ടത്. ഭൂപ്രഭുക്കളുടെ കുടിയാന്മാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റവും ഫ്യൂഡൽ മനോഭാവവും തങ്ങൾ എതിർത്തു. മതങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്താൻ വേണ്ടി അദ്ദേഹം പരിശ്രമിച്ചു. മതങ്ങളെ തമ്മിലടിപ്പിച്ച് അതിൻ്റെ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ വിഭജന തന്ത്രങ്ങളെക്കുറിച്ച് തങ്ങൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഏതൊരു ഇന്ത്യക്കാരൻ്റെയും പൊതു ശത്രുവാണെന്ന് അദ്ദേഹം ജനങ്ങളെ ബോധവൽക്കരിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സാമുദായിക സൗഹാർദം ഇല്ലാതാക്കുക എന്നതായിരുന്നു ബ്രിട്ടീഷ് ഗൂഢാലോചന. അന്നത്തെ മലബാർ ജില്ലയിലെ തിരൂരങ്ങാടിയോട് ചേർന്നുള്ള മുട്ടിച്ചിറയിൽ നടന്ന ഹിന്ദു-മുസ്ലിം സംഘർഷം ഇതിന് ഉത്തമ ഉദാഹരണമാണ്. ഈയൊരു സംഘർഷമാണ് ഈ കൃതി വിരചിതമായതിന് പിന്നിലെ കാരണങ്ങളിൽ ഒന്ന് എന്ന് ചരിത്രകാരന്മാർ വീക്ഷിക്കുന്നു.
ഇസ്‌ലാമിക രാഷ്ട്രം ( ദാറുൽ ഇസ്ലാം) എന്ന ആശയം മുൻനിർത്തി ഈ നാടിൻ്റെ വീണ്ടെടുപ്പും സംരക്ഷണവും വിശ്വാസികളുടെ നിർബന്ധ ബാധ്യതയാണ്. സാധ്യമാകും വിധത്തിൽ അവരെ ചെറുത്ത് തോൽപ്പിക്കണം. ബ്രിട്ടീഷ് ഭരണത്തെ മാനസികമായി പുൽകുന്നവരുടെ വിശ്വാസത്തിൽ കളങ്കമുണ്ട്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസികൾ പോരാളികൾക്ക് ആവശ്യമായ പിന്തുണ നൽകണം. എന്ന് തുടങ്ങി കൃതിയുടെ ആദ്യാവസാനം വിശ്വാസികകളെ പോർക്കളത്തിലേക്ക് ഇറക്കിവിടുന്നതായിരുന്നു കിതാബിൻ്റെ ഉള്ളടക്കം.
ചേറൂർ സമരം
മമ്പുറം തങ്ങളുടെ അവസാന കാലത്താണ് ചേറൂർ സമരം നടക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ നേർക്കുനേർ പൊരുതാൻ സയ്യിദവർകൾക്ക് അവസരമൊത്തത് ചേറൂർ കലാപത്തിലാണ്.
കപ്രാട്ട് പണിക്കരുടെ കീഴിൽ ജോലി ചെയ്തിരുന്ന ചക്കിയും കൂടെയുള്ള രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻന്മാരുമുൾപ്പെടെ ആറ് അടിയാളർ മമ്പുറം അലവി തങ്ങളുടെ സവിധത്തിൽ ചെന്ന് ഇസ്‌ലാം സ്വീകരിക്കുകയും ചക്കി ആയിഷ എന്ന പേരും മറ്റുള്ളവർ യഥാക്രമം ഖദീജ, ഹലീമ, അഹ്‌മദ്, ഹുസൈൻ, സാലിം എന്നീ പേരുകളും സ്വീകരിച്ചു. അന്ന് കീഴാള ജാതികളിൽ പെട്ടവർക്ക് ചക്കി, മാക്രി, ചാത്തൻ പോലുള്ള പേരുകളേ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ മതം മാറിയപ്പോൾ ഇസ്‌ലാമിലെ ആദരിക്കപ്പെടുന്ന പ്രവാചക കുടുംബത്തിലുള്ളവരുടെ പേരുകളാണ് തങ്ങൾക്ക് ലഭിച്ചത് എന്ന് മനസ്സിലാക്കിയ ആ അടിയാളന്മാർക്കു പുതിയ മാർഗത്തോട് അഭിനിവേശം കൂടി. ഇസ്‌ലാം സ്വീകരിച്ചതോടെ അവർ ശരീര ഭാഗങ്ങൾ മറച്ചു വസ്ത്രം ധരിക്കാനും ഇസ്‌ലാമിന്റെ പ്രാഥമികമായ ആചാരമുറകളും ഖുർആൻ പാരായണവും പരിശീലിക്കുവാനും തുടങ്ങി (ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും, പികെ ബാലകൃഷ്ണൻ).
'ആയിശ'യായി മാറിയ ചക്കി പണിക്കരുടെ തറവാട്ടിലെ ജോലി ഉപേക്ഷിച്ചിരുന്നില്ല.
അവൾ മാറു മറയ്ക്കാൻ തുടങ്ങി. നായരുമായി സംസാരിക്കുമ്പോൾ പതിനൊന്നടി മാറി നിന്നുകൊണ്ട് മാത്രം സംസാരിച്ചു. ‘എംബ്രാ’ എന്ന് മാത്രം വിളിച്ചിരുന്ന താനിനി തൻ്റെ അടിമയല്ലെന്ന രീതിയിൽ നായരെ നീ എന്ന് അഭിസംബോധന ചെയ്തു. മമ്പുറം തങ്ങൾ ഉൾപ്പെടെയുള്ള മാപ്പിള സമുദായത്തിൻ്റെ ശക്തമായ പിന്തുണയാണ് അവർക്ക് ഈ ജാതി നിയമങ്ങൾ ലംഘിക്കാനുള്ള ആർജവം നൽകിയത്. കലിപൂണ്ട അധികാരി ബലാൽകാരമായി അവളുടെ വസ്ത്രം നീക്കം ചെയ്യാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്തു. ആയിശ നേരെ മമ്പുറം തങ്ങളുടെ സവിധത്തിലേക്ക് ചെന്നു കാര്യം ബോധിപ്പിച്ചു.
അടിയാളന്മാരോട് മനുഷ്യത്വ രഹിതമായ രീതിയിൽ പെരുമാറുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന ജന്മിമാരോടുള്ള ശക്തമായ എതിർപ്പ് ഒരു പൊതുവികാരമായി മാറിയിരുന്നു.
ആയിശ മർദിക്കപ്പെട്ട വിവരം അറിഞ്ഞതോടെ മാപ്പിളമാർ അസ്വസ്ഥരായി. രംഗം വഷളാകുമെന്ന് മനസിലാക്കിയ തമ്പ്രാൻ ബ്രിട്ടീഷ് അധികാരികളുടെ സഹായം തേടുകയും കാവലിനായി കോവിലകത്തിനു ആയുധധാരികളായ നായന്മാരെ വിന്യസിക്കുകയും ചെയ്തു എന്ന് 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' സാക്ഷ്യപ്പെടുത്തുന്നു.
1843 ഒക്ടോബർ 19 ന് ഏഴോളം മാപ്പിളമാർ അധികാരിയുടെ വീട് വളഞ്ഞു. ബ്രിട്ടീഷുകാർ നിയോഗിച്ച ബ്രിട്ടീഷ് സൈന്യം ഒക്ടോബർ 24ന് ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ കോവിലകത്തെത്തി. മാപ്പിളമാരുടെ ശക്തമായ ചെറുത്തു നിൽപ്പ് കാരണം സൈന്യം തിരിച്ചു നടന്നു. അടുത്ത ദിവസം ആയുധ സന്നാഹങ്ങളോടെ മദ്രാസിൽ നിന്നുള്ള 70 സൈനികർ നായർ തറവാട് വളഞ്ഞു. പോരാളികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. പോരാളികൾ കീഴടങ്ങാൻ തയ്യാറായില്ല. ശക്തമായ ഏറ്റുമുട്ടലിൽ സൈന്യം പോരാളികളെ വധിച്ചു. ഈ യുദ്ധത്തിനിടയിൽ കുതിരപ്പുറത്ത് സവിശേഷമായ വേഷത്തിൽ ഒരു തലപ്പാവുധാരി പ്രത്യക്ഷപ്പെട്ട് യുദ്ധം ചെയ്യുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തുവെന്നും ഈ യോദ്ധാവ് മമ്പുറം സയ്യിദ് അലവി തങ്ങളാണെന്നും
ഈ യുദ്ധത്തിൽ കാലിനേറ്റ മുറിവ് അവിടുത്തെ മരണത്തിന് കാരണമായെന്നും മഹ്‌മൂദ് പനങ്ങാങ്ങര 'മമ്പുറം തങ്ങൾ: ജീവിതം, ആത്മീയത, പോരാട്ടം' എന്ന പുസ്തകത്തിൽ വിവരിക്കുന്നു.
1844ൽ (1260 മുഹർറം 7) തങ്ങൾ വഫാതാകുമ്പോൾ പുത്രൻ സയ്യിദ് ഫള്ൽ തങ്ങൾ(റ), ശിഷ്യൻ ഉമർ ഖാളി(റ) തുടങ്ങിയവർ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നേതൃത്വത്തിലേക്കു വന്നു. മരണശേഷവും സൈഫുൽ ബതാറിലൂടെയും പിൻഗാമികളിലൂടെയും തങ്ങളുടെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
അറബ് തങ്ങൾ എന്നാണ് മമ്പുറം തങ്ങളെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചിരുന്നത്. മലബാർ കലക്ടർ ആയിരുന്ന വില്യം ലോഗൻ തൻ്റെ മലബാർ മാന്വലിൽ വിശദീകരിക്കുന്നു: "അറബ് തങ്ങൾ ആണ് മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ മരണ ശേഷം, തിരൂരങ്ങാടിയുടെ എതിർ വശത്ത് കൂടി ഒഴുകുന്ന പുഴയുടെ തീരത്തുള്ള മമ്പുറം പള്ളിയിലാണ് അദ്ദേഹത്തെ മറവ് ചെയ്തത്. കലാപമുണ്ടാക്കാൻ പോകുന്നവരും കലാപമുണ്ടാക്കിയവരുമായ മത ഭ്രാന്തന്മാർ ഇപ്പോഴും ഒരു മുറ പോലെ മമ്പുറത്ത് ചെന്ന് പ്രാർത്ഥിക്കുന്നു." മുൻവിധികൾ നിറഞ്ഞ പരാമർശം (മത ഭ്രാന്തന്മാർ) മാറ്റി നിർത്തിയാൽ, മമ്പുറം തങ്ങളെ ബ്രിട്ടീഷുകാർ എത്രമാത്രം ഭയന്നിരുന്നുവെന്നും മരണശേഷവും പോരാട്ട രംഗത്ത് പുതിയ തലമുറയ്ക്ക് ഉത്തേജനമായി എന്നും മനസിലാക്കാൻ ഈ വിവരണം തന്നെ ധാരാളം.