ഭക്തി, വിജ്ഞാനം, ചരിത്രം, പോരാട്ടം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാൽ സമ്പന്നമാണ് ഈ സാഹിത്യലോകം. ഇതിലെ പദ്യവിഭാഗമാണ് പിൽക്കാലത്ത് 'മാപ്പിളപ്പാട്ടുകൾ' എന്ന പേരിൽ പ്രശസ്തമായത്. ഇശലുകളുടെ താളവും സങ്കരഭാഷാ പ്രയോഗങ്ങളുടെ സൗന്ദര്യവും കാരണം മാപ്പിളപ്പാട്ട് ഏവർക്കും പ്രിയപ്പെട്ടതായി മാറി.
വായിക്കാം:
ഭക്തി, വിജ്ഞാനം, ചരിത്രം, പോരാട്ടം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാൽ സമ്പന്നമാണ് ഈ സാഹിത്യലോകം. ഇതിലെ പദ്യവിഭാഗമാണ് പിൽക്കാലത്ത് 'മാപ്പിളപ്പാട്ടുകൾ' എന്ന പേരിൽ പ്രശസ്തമായത്. ഇശലുകളുടെ താളവും സങ്കരഭാഷാ പ്രയോഗങ്ങളുടെ സൗന്ദര്യവും കാരണം മാപ്പിളപ്പാട്ട് ഏവർക്കും പ്രിയപ്പെട്ടതായി മാറി. പ്രാചീനരൂപത്തിൽ നിന്നും ആധുനിക മാപ്പിളപ്പാട്ടിലേക്കുള്ള ഈ സാഹിത്യത്തിന്റെ യാത്രയും അതിലെ വൈവിധ്യമാർന്ന രചനാ രീതികളും താളക്രമങ്ങളും ലളിതമായി പ്രതിപാദിക്കാനാണ് ഈ എഴുത്തിലൂടെ ശ്രമിക്കുന്നത്.
സബീനപ്പാട്ടുകൾ
ആദ്യകാലങ്ങളിൽ 'സബീനപ്പാട്ടുകൾ’ എന്ന പേരിലാണ് മാപ്പിളപ്പാട്ടുകൾ അറിയപ്പെട്ടിരുന്നത്. 'സബീന' എന്നത് 'സഫീന' എന്ന അറബി പദത്തിന്റെ വകഭേദമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സഫീന എന്ന വാക്കിനർത്ഥം കപ്പൽ എന്നാണ്. മനുഷ്യജീവിതത്തെ കപ്പലിനോടും ജീവിതയാത്രയെ കപ്പൽ യാത്രയോടും ഉപമിച്ച് കുഞ്ഞായിൻ മുസ്‌ലിയാർ കപ്പപ്പാട്ട് രചിച്ചിരുന്നു. ഇതിനുശേഷം വന്ന കൃതികളെല്ലാം കപ്പപ്പാട്ടിന്റെ രീതി അവലംബിച്ചത് കാരണം അവ സഫീനപ്പാട്ടുകൾ എന്ന പേരിൽ അറിയപ്പെട്ടു. ഇതിന്റെ നാട്ടുവകഭേദമാണ് സബീനപ്പാട്ടുകൾ.
സബീന എന്ന പേരിന് പിന്നിൽ വേറെയും അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. മഹാന്മാരുടെ കീർത്തനങ്ങൾ അടങ്ങിയ മാപ്പിളപ്പാട്ടുകൾ രാത്രി പാരായണം ചെയ്യുന്നത് കേരള മുസ്‌ലിംകളുടെ പതിവായിരുന്നു. ഇതിൽ നിന്നാണ് സബീനപ്പാട്ടുകൾ എന്ന പേര് വന്നതെന്ന് ചിലർ പറയുന്നുണ്ട്. കാരണം ശബീന എന്നൊരു പേർഷ്യൻ പ്രയോഗമുണ്ട്. അതിനർത്ഥം 'രാത്രി ഉപയോഗിക്കുന്നത്' എന്നാണ്. അപ്പോൾ സബീനപ്പാട്ടുകൾ എന്നതിന് രാത്രിപാരായണം ചെയ്തിരുന്ന പാട്ടുകൾ എന്നർത്ഥം.
മാപ്പിളപ്പാട്ടിലേക്ക്
എ. ഡി 1932 മുതലാണ് സബീനപ്പാട്ടുകളെ മാപ്പിളപ്പാട്ടുകൾ എന്ന് വിളിച്ചു തുടങ്ങുന്നത്. ഖാളി മുഹമ്മദ്(റ ) രചിച്ച മുഹ്‌യിദ്ദീൻ മാലയാണ് കണ്ടെടുക്കപ്പെട്ടതിൽ വെച്ച് ആദ്യ കൃതി. എ. ഡി 1607ലാണ് ഇത് രചിക്കപ്പെട്ടത്. ഇതിനുശേഷമാണ് കുഞ്ഞായിൻ മുസ്‌ലിയാരുടെ കപ്പപ്പാട്ടും നൂൽമാലയും നൂൽമദ്ഹും തുടങ്ങിയ കൃതികൾ വിരചിതമാകുന്നത്. ആദ്യകാലങ്ങളിൽ മാപ്പിളപ്പാട്ടിനെ കൈകാര്യം ചെയ്തിരുന്നത് സൂഫിസത്തിൽ ഊന്നി ജീവിച്ച പണ്ഡിതന്മാരായിരുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാമിക വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ, ഇന്ന് മാപ്പിളപ്പാട്ട് രചയിതാക്കൾ ഇതിവൃത്തമാക്കിയെടുക്കാത്ത വിഷയങ്ങൾ വളരെ കുറവാണ്. നാട്ടിൽ നടക്കുന്ന ആഘോഷങ്ങളും പ്രശ്നങ്ങളും അത്ഭുതങ്ങളും ദുരന്തങ്ങളും തുടങ്ങി അനേകം വിഷയങ്ങളിൽ എണ്ണമറ്റ മാപ്പിളപ്പാട്ടുകൾ രചിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ചരിത്ര പഠനത്തിന് മികച്ച ഒരു അവലംബമാണ് മാപ്പിളപ്പാട്ടുകൾ. ഈ വിഷയ വൈവിധ്യം അടിസ്ഥാനമാക്കിയാണ് മാപ്പിളപ്പാട്ടുകൾ വിവിധ ഇനങ്ങളായി തിരിക്കുന്നത്. പടപ്പാട്ട്, ഖിസ്സപ്പാട്ട്, കത്ത് പാട്ട്, കെസ്സ് പാട്ട്, ഒപ്പനപ്പാട്ട്, മാലപ്പാട്ട് തുടങ്ങി വ്യത്യസ്ത ഇനം മാപ്പിള രചനകൾ രൂപപ്പെട്ടത് വിഷയവൈവിധ്യത്തെ ആശ്രയിച്ചാണ്.
രചനയിലെ സങ്കരഭാഷാ പ്രയോഗം
മാപ്പിളപ്പാട്ടിന് ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സങ്കര ഭാഷാ പ്രയോഗം. അതായത് അറബി, ഉർദു, തമിഴ്, പേർഷ്യ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുടെ മിശ്രിതം മാപ്പിളപ്പാട്ടിൽ ഉപയോഗിച്ചതായി കാണാൻ സാധിക്കും. ഇത് മാപ്പിളപ്പാട്ടിന്റെ ഒരു ശൈലിയാണ്. പൂർവിക മാപ്പിളകവികൾ ഈ ശൈലി ഉപയോഗിച്ചതായി കാണാൻ സാധിക്കും. പ്രത്യേകിച്ച്, മോയിൻകുട്ടി വൈദ്യർ പോലോത്ത പ്രശസ്‌ത മാപ്പിളകവികൾ തങ്ങളുടെ കൃതികളിൽ ഇത് വ്യാപകമായി തന്നെ കൊണ്ടുവന്നത് കാണാം. ഇതിന് കാരണം, മോയിൻകുട്ടി വൈദ്യർക്ക് വ്യത്യസ്ത ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരുന്നു എന്നത് തന്നെയാണ്. ഇത്തരം സങ്കരഭാഷാ പ്രയോഗം മാപ്പിളപ്പാട്ടിൽ ഉള്ളതുകൊണ്ടുതന്നെ 'മാപ്പിള സാഹിത്യം' എന്നു വിളിക്കലാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ട കവികൾ വരെയുണ്ട്.
ഇതിൽ കൗതുകമേറിയ ഉപയോഗമാണ് രണ്ടു ഭാഷകളെ കൂട്ടിച്ചേർത്തുള്ള പ്രയോഗങ്ങൾ. അതായത്, ഒരു വാക്ക് പറയാനായി രണ്ട് ഭാഷകളെ എടുത്ത്, അതിനെ കൂട്ടിച്ചേർത്ത് ഒരു വാക്കായി പ്രയോഗിക്കുക എന്നത്. ഉദാഹരണമായി, കോഴിക്കോടിന് 'കാലിക്കോട്' എന്ന പ്രയോഗം കാണാം. ഇത് 'കാലിക്കറ്റ്' എന്നതിലെ 'കാലി' എന്നതും 'കോഴിക്കോട്' എന്നതിലെ 'കോട്' എന്നതും കൂട്ടിച്ചേർത്താണ് പ്രയോഗിച്ചിട്ടുള്ളത്. ഇതുപോലെ 'കല്ലായി' എന്നതിന് 'ഹജറായി' എന്നും 'പൊന്നാനി' എന്നതിനെ 'സ്വർണാനി' എന്നും 'പാലത്തുങ്ങൽ' എന്നതിന് 'സിറാത്തുങ്ങൽ' എന്നും തുടങ്ങി വ്യത്യസ്തമായ പ്രയോഗങ്ങൾ ഒരുപാട് കാണാൻ സാധിക്കും.
അബ്ജദും അക്കക്കെട്ടും
മാപ്പിളപ്പാട്ട് രചനയിൽ പല നിഗൂഢമായ പ്രയോഗ രീതികളും മാപ്പിളകവികൾ ഉപയോഗിച്ചതായി കാണാം. അതിൽ പ്രധാനമാണ് അബ്ജദ്, അക്കക്കെട്ട് സംഖ്യാ പ്രയോഗങ്ങൾ.
അബ്ജദ്: അറബി അക്ഷരമാലയെ അടിസ്ഥാനമാക്കിയുള്ള സംഖ്യാപ്രയോഗമാണ് അബ്ജദ്. ഓരോ അക്ഷരത്തിനും ഒരു നിർണിത സംഖ്യാമൂല്യം ഉണ്ടാകും. പൂർവികരായ മാപ്പിള കവികളിൽ പലരും തങ്ങളുടെ രചനാകാലം അല്ലെങ്കിൽ ഇതിവൃത്തമാക്കിയ ചരിത്രത്തിലെ സംഖ്യ എണ്ണങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തിയിരുന്നത് അബ്ജദ് സംഖ്യാ രൂപത്തിലായിരുന്നു.
അക്കക്കെട്ട്: മലയാള അക്ഷരമാലയെ അടിസ്ഥാനമാക്കിയുള്ള സംഖ്യാ പ്രയോഗമാണ് അക്കക്കെട്ട്. എന്നിരുന്നാലും മലയാളത്തിലെ എല്ലാ അക്ഷരങ്ങളെയും അക്കക്കെട്ടിൽ ഉപയോഗിച്ചിട്ടില്ല. മറിച്ച് ഇരുപത്തിമൂന്ന് അക്ഷരങ്ങൾക്ക് മാത്രമാണ് അക്കക്കെട്ട് സംഖ്യാമൂല്യം നിർണയിച്ചിട്ടുള്ളത്. സാധാരണയിൽ ഇവ ഉപയോഗിക്കാറുള്ളത് അക്ഷരം കൊണ്ട് സംഖ്യയെ സൂചിപ്പിക്കാനാണ്. എന്നാൽ, അക്കക്കെട്ടിൽ സംഖ്യ കൊണ്ട് അക്ഷരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഉദാഹരണം 'നര' എന്നത് അകക്കെട്ട് സംഖ്യാപ്രയോഗമനുസരിച്ച് 'നാൽപ്പത്തിയൊമ്പത്' എന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ, 'ഒമ്പത്', 'നാല്പത്' എന്ന് പറഞ്ഞ് 'നര' എന്ന വാക്കിനെയും സൂചിപ്പിക്കാവുന്നതാണ്.
കടയാപദി: അക്കക്കെട്ട് പോലെ തന്നെ മാപ്പിളപ്പാട്ടിൽ ഉപയോഗിക്കുന്ന മറ്റൊരു മലയാള സംഖ്യാപ്രയോഗമാണ് കടയാപദി. കടയാപദിയും അക്കക്കെട്ടും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ, അക്കക്കെട്ടിൽ ഓരോ അക്ഷരത്തിന്റെയും മൂല്യം കൂട്ടിയാണ് കണക്കാക്കുന്നത്. ഉദാഹരണം, 'നര' എന്ന വാക്കിലെ 'ന' എന്നത് '9' എന്നതിനെയും 'ര' എന്നത് '40' എന്നതിനെയും സൂചിപ്പിക്കുന്നു. ഇത് കൂട്ടിയാണ് 49 എന്നത് ലഭിക്കുന്നത്. എന്നാൽ കടയാപദിയിൽ അറബി വായിക്കുന്നത് പോലെ വലത്തുനിന്ന് വായിച്ചാണ് കണക്കാക്കുന്നത്. ഉദാഹരണം 'കമ' എന്ന അക്ഷരം 51 എന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതായത് 'മ' എന്നത് '1'നെയും 'ക' എന്നത് 5നെയും സൂചിപ്പിക്കുന്നു. ഇത് ചേർത്തി വായിച്ചാണ് 51 എന്ന് കണക്കാക്കുന്നത്.
ഇശലുകളുടെ ഉള്ളറ
മാപ്പിളപ്പാട്ടിനെ അതിന്റെ തനത് രൂപത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇശൽ. ഇത് മാപ്പിളപ്പാട്ടിലെ ഒരു അളവുകോലാണ്. ഓരോ ഇശലിനും അതിന്റേതായ താളക്രമവും പാടേണ്ട രീതിയുമുണ്ട്. ഇശലിനെ അടിസ്ഥാന ഇശലുകൾ ജന്യ ഇശലുകൾ എന്നീ രണ്ടുതരങ്ങളായാണ് കണക്കാകുന്നത്. കൊമ്പ്, ഹഖാന, യമൻ കെട്ട്, പുകൈനാർ തുടങ്ങിയവ അടിസ്ഥാന ഇശലുകളിൽ ചിലതാണ്. ഈ അടിസ്ഥാന ഇശലിലേക്ക് ചേർക്കുന്ന ചാട്ട്, മുറുക്ക്, തുണ്ട് പോലോത്തതിനെയാണ് ജന്യ ഇശലുകൾ എന്ന് വിളിക്കുന്നത്.
പ്രാസനിയമങ്ങളിലെ വശ്യത
മാപ്പിളപ്പാട്ടിലെ വളരെ പ്രധാനപ്പെട്ട ഘടകമാണ് പ്രാസനിയമങ്ങൾ. കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽ കമ്പി, കുനിപ്പ്, ചിറ്റെഴുത്ത് തുടങ്ങിയ പ്രാസനിയമങ്ങളെ
പൂർവിക കവികൾ മുതൽക്കേ കൃത്യമായി പാലിച്ചു പോന്നതായി കാണാൻ സാധിക്കും. അത്രമേൽ പ്രധാനപ്പെട്ടതാണിത്. മാത്രമല്ല പ്രാസനിയമങ്ങളെ പരിഗണിക്കാതെ രചിക്കപ്പെട്ട കൃതികളെ കവികൾ ശക്തമായ സ്വരത്തിൽ വിമർശിച്ചതായി പല കൃതികളിലും കാണാൻ കഴിയും.
പരമ്പരാഗത ശൈലിയെ പിന്തുടരുക എന്നത് മാപ്പിളപ്പാട്ടിലെ ഒരു നിയമമാണെന്ന് കവികൾ ഉണർത്തുന്നുണ്ട്. ഇത്തരത്തിൽ ഇശലും പ്രാസനിയമങ്ങളും മാപ്പിള സാഹിത്യവും എല്ലാം ഒത്തുചേരുമ്പോഴാണ് മാപ്പിളപ്പാട്ട് അതിന്റെ തനത് ശൈലിയിലാകുന്നത്. മാപ്പിളപ്പാട്ടുകൾ ചരിത്ര സംഭവങ്ങളാൽ സമ്പന്നമായതുകൊണ്ട് തന്നെ ചരിത്ര പഠനത്തിന് മികച്ച ഒരു അവലംബം കൂടിയാണിവ.