"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

വായിക്കാം:


നോമ്പ് വിശുദ്ധമായ ഒരു ആരാധനയാണ്. വിവിധ സമയങ്ങളിലായിട്ടാണ് നോമ്പുകൾ ശറആക്കപ്പെട്ടിട്ടുള്ളത്. റമളാനിലെ ഫർള് നോമ്പുകൾ കൂടാതെ മുഹർറം, റജബ്, ദുൽഹിജ്ജ എന്നീ മാസങ്ങളിലെ പ്രത്യേകമായ സുന്നത്ത് നോമ്പുകൾ ഇതിന് ഉദാഹരണമാണ്. മനുഷ്യന്റെ ഉള്ളിലുള്ള അനാവശ്യമായ ചിന്തകളെയെല്ലാം നിയന്ത്രിക്കുകയാണ് നോമ്പ് മനുഷ്യരിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം. അത്താഴം മുതൽ നോമ്പ് തുറക്കുന്നത് വരെ ഭക്ഷ്യപാനീയങ്ങളൊന്നും അകത്തേക്ക് ചെല്ലാത്തതുകൊണ്ട് വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാൻ സാധിക്കുന്നു. റമളാൻ മാസത്തിലെ നോമ്പ് കഴിഞ്ഞാൽ മുഹർറം മാസത്തിലെ ആശൂറാഇന്റെയും താസൂആഇന്റെയും നോമ്പുകൾക്കാണ് ഏറ്റവും ശ്രേഷ്ഠതയുള്ളത് എന്നാണ് മഹാന്മാരിൽ പലരും അഭിപ്രായപ്പെട്ടത്. 

ആശൂറാഇന്റെയും താസൂആഇന്റെയും നോമ്പുകൾക്ക് വലിയ മഹത്വമുണ്ട്. തിരുനബി(സ) പറയുന്നു: لَئِنْ بَقِيتُ إِلَى قَابِلٍ لأَصُومَنَّ التَّاسِعَ
"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു".
എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിന്റെ ഭാഗമായിട്ടാണ് ഒമ്പതാം ദിവസവും നാം നോമ്പ് അനുഷ്ഠിക്കുന്നത്. ആഇഷ ബീവി(റ) ഉദ്ധരിക്കുന്നു: തിരുനബി(സ) പറഞ്ഞു: "ആശൂറാഇന്റെ ദിവസം നിങ്ങൾ ഉദ്ദേശിച്ചാൽ നോമ്പ് എടുത്തോളൂ". തിരുനബി(സ) ആശൂറാഇന്റെ നോമ്പ് കൊണ്ട് കൽപിക്കുമായിരുന്നു (ബുഖാരി). റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു. 

ആഇഷ(റ) ഉദ്ധരിക്കുന്നു: "ജാഹിലിയ്യാ കാലഘട്ടത്തിൽ ഖുറൈശികൾ ആശൂറാഇന്റെ ദിവസത്തിൽ നോമ്പ് നോൽക്കുമായിരുന്നു. നബി തങ്ങളും നോമ്പ് നോൽക്കുമായിരുന്നു. റമളാൻ ഫർളാക്കിയപ്പോൾ ആശൂറാഇന്റെ നോമ്പ് ഉദ്ദേശിക്കുന്നവർക്ക് നോമ്പ് എടുക്കാം, ഉദ്ദേശിക്കാത്തവർക്ക് അത് ഉപേക്ഷിക്കുകയും ചെയ്യാം" (ബുഖാരി). 

മുആവിയ(റ) ഉദ്ധരിക്കുന്നു: ഞാൻ നബി തങ്ങളിൽ നിന്ന് കേട്ടു: "ഇത് ആശൂറാഇന്റെ ദിവസമാണ്. നിങ്ങളുടെ മേൽ ആശൂറാഇന്റെ നോമ്പ് നിർബന്ധമാക്കിയിട്ടില്ല. ഞാൻ നോമ്പുകാരനാണ്. നിങ്ങളിൽ ആർക്കെങ്കിലും നോമ്പ് നോൽക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അവൻ നോമ്പ് എടുക്കട്ടെ, നോമ്പ് എടുക്കാൻ ഉദ്ദേശ്യമില്ലാത്തവർക്ക് അത് ഉപേക്ഷിക്കാം" (ബുഖാരി). 

ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: നബി തങ്ങൾ മദീനയിലേക്ക് വന്നു. അപ്പോൾ യഹൂദികൾ ആശൂറാഅ് ദിവസം നോമ്പ് എടുക്കുന്നത് കണ്ടു. അപ്പോൾ നബി തങ്ങൾ ചോദിച്ചു: "ഇത് എന്താണ്?" അവർ പറഞ്ഞു: "ഇത് മൂസാ നബിയുടെ ദിവസമാണ്. അല്ലാഹു ഇസ്‌റാഈലുകാരെ അവരുടെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തിയ ദിവസമാണിത്. അതിനാൽ മൂസാ നബി(അ) ഈ ദിവസത്തിൽ നോമ്പ് നോറ്റിരുന്നു". അപ്പോൾ നബി തങ്ങൾ പറഞ്ഞു: "നിങ്ങളെക്കാൾ മൂസായോട് കൂടുതൽ ബന്ധമുള്ളവൻ ഞാനാണ്". തുടർന്ന് നബി തങ്ങൾ നോമ്പ് നോൽക്കുകയും നോമ്പെടുക്കാൻ കൽപിക്കുകയും ചെയ്തു (ബുഖാരി). 

അബൂമൂസ(റ) ഉദ്ധരിക്കുന്നു: യഹൂദികൾ ആശൂറാഅ് ദിവസത്തിൽ പെരുന്നാൾ ആഘോഷിക്കുമായിരുന്നു. നബി തങ്ങൾ പറഞ്ഞു: "നിങ്ങൾ ആ ദിവസത്തിൽ നോമ്പ് നോൽക്കുക" (ബുഖാരി). 

അബൂഖതാദ(റ) ഉദ്ധരിക്കുന്നു: "ആശൂറാഇന്റെ നോമ്പ് മുൻപ് കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ പൊറുപ്പിക്കും" (മുസ്‌ലിം). 

ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: "റമളാൻ മാസമല്ലാത്ത മറ്റൊരു ദിവസത്തിനും ആശൂറാഅ് ദിവസത്തിന് നൽകുന്നത്ര പ്രാധാന്യവും ശ്രേഷ്ഠതയും നബി(സ) നൽകുന്നത് ഞാൻ കണ്ടിട്ടില്ല" (ബുഖാരി). 

സലമത് ബിൻ അക്‌വഅ്(റ) ഉദ്ധരിക്കുന്നു: ആശൂറാഅ് ദിനത്തിൽ മുത്ത് നബി(സ) ഒരു മനുഷ്യനെ അയച്ചുകൊണ്ട് ആളുകളോട് അറിയിക്കാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു: "നിങ്ങളിൽ ആരെങ്കിലും രാവിലെ ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ അവൻ നോമ്പ് പൂർത്തിയാക്കട്ടെ. ആരെങ്കിലും ഭക്ഷണം കഴിച്ചുപോയിട്ടുണ്ടെങ്കിൽ ബാക്കിയുള്ള സമയം അവൻ നോമ്പുകാരനെപ്പോലെ കഴിയട്ടെ" (ബുഖാരി). 

ഫർള് നോമ്പിൽ ഇല്ലാത്ത ചില ഇളവുകൾ സുന്നത്ത് നോമ്പിൽ നൽകിയിട്ടുണ്ട്. റമളാനിലെ ഫർള് നോമ്പിൽ ഒരാൾ രാത്രിയിൽ നിയ്യത്ത് വെക്കാൻ മറന്നുപോകുകയും അങ്ങനെ നേരം പുലരുകയും ചെയ്താൽ അവന് ആ ദിവസത്തെ നോമ്പ് ലഭിക്കുകയില്ല. എങ്കിലും പവിത്രമാക്കപ്പെട്ട റമളാൻ മാസത്തോടുള്ള ബഹുമാനത്തെ കാത്തുസൂക്ഷിക്കാൻ വേണ്ടി, ബാക്കിയുള്ള സമയം ഒന്നും കഴിക്കാതെ നോമ്പുകാരനെപ്പോലെ അവൻ അന്ന് കഴിച്ച് കൂട്ടേണ്ടതുണ്ട്. 

എന്നാൽ സുന്നത്ത് നോമ്പിൽ രാത്രി നിയ്യത്ത് വെക്കാതെ ഒരാൾ നേരം വെളുപ്പിച്ചാൽ, രാവിലെ തന്നെ നിയ്യത്ത് വെച്ചാൽ ആ ദിവസത്തെ നോമ്പ് സാധുവാകുന്നതാണ്. ആഇശ(റ) പറയുന്നു: നബി തങ്ങൾ ചില ദിവസങ്ങളിൽ രാവിലെ വന്നിട്ട് "ഭക്ഷണം വല്ലതുമുണ്ടോ?" എന്ന് അന്വേഷിക്കും. ഇല്ല എന്ന് പറഞ്ഞാൽ അപ്പോൾ "എങ്കിൽ ഞാൻ നോമ്പുകാരനാണ്" എന്ന് പറയും (മുസ്‌ലിം). സുന്നത്ത് നോമ്പുകൾക്ക് നിയ്യത്ത് രാത്രിയിൽ തന്നെയാകൽ നിർബന്ധമില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 

ഈ വിഷയത്തിൽ നാല് മദ്ഹബിന്റെ ഇമാമുകളും സുന്നത്ത് നോമ്പിന്റെ നിയ്യത്ത് രാത്രിയിൽ നിർബന്ധമില്ല എന്ന് ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നുണ്ട്. ശാഫിഈ മദ്ഹബിലെ പ്രസിദ്ധ ഗ്രന്ഥമായ ശർഹുൽ മുഹദ്ദബിൽ ഇമാം നവവി(റ) പറയുന്നത്, ഫജ്‌റിന് ശേഷം നോമ്പ് മുറിക്കുന്ന യാതൊന്നും ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ സുന്നത്ത് നോമ്പിന് പകൽ സമയത്തും നിയ്യത്ത് സാധുവാണെന്നാണ്. 

ഹനഫി മദ്ഹബിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽപ്പെട്ട റദ്ദുൽ മുഖ്താറിൽ ഇബ്നു ആബിദീൻ(റ) വ്യക്തമാക്കുന്നത് സുന്നത്ത് നോമ്പിൽ നിയ്യത്ത് പകൽ സമയത്തും സാധുവാണെന്നാണ്, അതായത് പകൽ ളുഹ്‌റിന് മുൻപ്(സൂര്യൻ മധ്യാഹനം കടക്കുന്നതിന് മുൻപ്) വരെ നിയ്യത്ത് വെക്കാം എന്നാണ് ഹനഫി മദ്ഹബിലെ പ്രബലാഭിപ്രായം. അൽ മുഗ്നിയിൽ ഇബ്നു ഖുദാമ(റ) പറയുന്നത് സുന്നത്ത് നോമ്പ് പകൽ സമയത്ത് നിയ്യത്ത് വെച്ചാൽ അത് ശരിയാണെന്നും അത് നബി(സ) തങ്ങളുടെ പ്രവൃത്തിയാൽ തെളിഞ്ഞതാണെന്നുമാണ്. 

മാലികി മദ്ഹബിലെ ബിദായത്തുൽ മുജ്തഹിദിൽ ഇബ്നു റുഷ്ദ്(റ) പറയുന്നത് ചില നിബന്ധനകളോടെ സുന്നത്ത് നോമ്പിന് പകൽ സമയത്ത് നിയ്യത്ത് ചെയ്യൽ അനുവദനീയമാണെന്നാണ്. അതിനാൽ ആശൂറാഅ്, താസൂആഅ് നോമ്പിന്റെ ദിനത്തിൽ നിയ്യത്ത് രാത്രി വെക്കാൻ മറന്നാൽ പകൽ സമയത്ത് നിയ്യത്ത് വെക്കാൻ പറ്റുന്നതാണ്. പക്ഷേ, അതിന് ഫജ്‌റിന് ശേഷം നോമ്പ് മുറിയുന്ന കാര്യങ്ങളൊന്നും ചെയ്തിരിക്കരുത് എന്നതുൾപ്പെടെയുള്ള നിബന്ധനകളുണ്ട്. ഈ നിബന്ധനകളിൽ നാല് മദ്ഹബുകൾക്കിടയിൽ ചില വ്യത്യാസങ്ങളുണ്ട്.

Questions / Comments:



No comments yet.