മുസ്‌ലിം സ്ത്രീ ഈ വേഷം ധരിക്കുന്നതും വീടകം കേന്ദ്രമായി സ്വീകരിക്കുന്നതും എന്തിന് എന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പ്രശ്നം. ഇതുവരെ ഫുട്ബോൾ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാൾ ഈ ഇരുപത്തിരണ്ടു പേരെന്തിന് ഒരു തുകൽപ്പന്തിനായി ഇത്രനേരം പോരടിക്കണം, ഓരോരുത്തർക്ക് ഓരോ പന്ത് താൻ വാങ്ങിത്തരാമെന്നു ശാഠ്യംപിടിച്ച് മത്സരം തടസ്സപ്പെടുത്തുന്നതു പോലെയാണ് മുസ്‌ലിം സ്ത്രീയെ സ്വതന്ത്രയാക്കാനുള്ള ഇവരുടെ വാശി.
കേൾക്കാം, വായിക്കാം::
ലോകത്തെ കോടിക്കണക്കിന് വിശ്വാസിനികളായ മുസ്‌ലിം സ്ത്രീകൾ സ്വീകരിച്ചു വരുന്ന ജീവിതരീതിയാണ് ഹിജാബി ജീവിതം. അന്യപുരുഷന്മാരുമായി അനാവശ്യമായി ഇടകലരാതെയും അവരുടെ മുന്നിൽ ശരീരഭാഗങ്ങൾ കാണിക്കാതെയും ആവശ്യങ്ങൾ കഴിഞ്ഞാൽ വീടുകൾ കേന്ദ്രീകരിച്ചും ജീവിക്കുന്ന രീതിയാണിത്. മുസ്‌ലിം സ്ത്രീയുടെ വേഷവും ഹിജാബി ജീവിതരീതിയുമായി ബന്ധപ്പെട്ട് ഉയർന്നുവരാറുള്ള ബഹളങ്ങളെക്കുറിച്ചുള്ള ചില ആലോചനകളാണ് ഇവിടെ പങ്കുവെക്കുന്നത്.
പഴയ പടിഞ്ഞാറൻ മൂല്യങ്ങളാണ് ഒരേയൊരു ശരിയെന്ന ബോധത്തിന് അടിമപ്പെട്ടുപോവുകയും അതൊരു ഹിസ്റ്റീരിയ കണക്കെ മറ്റു മൂല്യവ്യവസ്ഥകളിലുള്ള മനുഷ്യരെ പുച്ഛിക്കാനും ബലമായി അവരെ തങ്ങളുടെ മൂല്യബോധത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാനുമുള്ള ലൈസൻസായി കരുതുകയും ചെയ്യുന്ന, വേണമെങ്കിൽ പുരോഗമന ഫാഷിസ്റ്റുകളെന്നു വിളിക്കാവുന്നൊരു ചെറിയ വിഭാഗം ഈ ജീവിതരീതിക്കെതിരെ ബഹളം വെക്കുന്നതാണ് പലപ്പോഴും മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട വിവാദങ്ങളായി നമ്മുടെ സാമൂഹ്യപരിസരങ്ങളിൽ ഉയർന്നുവരാറുള്ളത്.
കുറച്ചേറെ വർഷങ്ങൾക്ക് മുമ്പ്, സോഷ്യൽ മീഡിയയിലൂടെയുള്ള ഇസ്‌ലാമോഫോബിയ വളരുന്നതിന് മുമ്പ്, കൊല്ലം/ആലപ്പുഴ ജില്ലയിലൂടെയുള്ള ഒരു ബസ് യാത്രയിൽ പരിചയപ്പെട്ട ഒരു അമുസ്‌ലിം ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ വലിയൊരാശങ്ക മനോവ്യഥയോടെയെന്നോണം എന്നോട് പങ്കുവെച്ചു. കേരളത്തിൽ, വിശേഷിച്ച് തെക്ക്, മുസ്‌ലിം സ്ത്രീകൾ പർദ്ദ ധരിക്കുന്ന പ്രവണത കൂടിവരുന്നതാണ് അദ്ദേഹത്തിന്റെ വേദനക്ക് കാരണം. സമൂഹം മുന്നോട്ട് പോകുമ്പോൾ ഇത് ഏറെ കഷ്ടമല്ലേ എന്നോർത്ത് അദ്ദേഹം ആകുലപ്പെടുന്നു.
ചിരിയും ദുഃഖവും പിന്നെയെന്തൊക്കെയോ വികാരങ്ങളും കലർന്ന മനസ്സോടെയാണ് പിന്നീട് ഇതോർക്കാറുള്ളത്. ഏറെ കഷ്ടം തന്നെ!. കേരളത്തിന്റെ മാനവികതയും ധാർമികതയും മതേതരത്വവും സാംസ്കാരിക മേന്മയുമെല്ലാം ചോദ്യം ചെയ്യുന്ന നിരവധി സംഭവവികാസങ്ങൾ ദിനേനയെന്നോണം നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കുമ്പോൾ ചിലർക്ക് അതിലൊന്നുമല്ല ആശങ്ക. അവരുടെ മനസ്സ് പിന്നെയും മുസ്‌ലിം സ്ത്രീയുടെ ഉടലിലും അവരുടെ ജീവിതച്ചിട്ടകളിലും തന്നെ ഉടക്കിക്കിടക്കുന്നത് കാണുമ്പോൾ എന്തു വികാരമാണ് വരേണ്ടതെന്ന് ഇനിയും തിട്ടമില്ല.
എന്റെ കുടുംബത്തിലെ ഏതാണ്ട് എല്ലാ സ്ത്രീകളും പർദ്ദ ധരിക്കുന്നവരാണ്. ഭാര്യയടക്കം ബന്ധുക്കളിലെ വലിയൊരു വിഭാഗം നിഖാബ് കൂടെ ധരിക്കുന്നതാണ് പതിവ്. അവരൊക്കെ സാധ്യമായത്ര ഹിജാബ് ജീവിതത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരുമാണ്. ആരെങ്കിലും അവരെ നിർബന്ധിക്കാറുള്ളതായി അറിവില്ല. പർദ്ദയോ നിഖാബോ ധരിക്കാനുള്ള അവസരം നിഷേധിച്ചാലാണ് അവർക്ക് മനഃപ്രയാസമാകുക. പർദ്ദ ധരിക്കുന്ന മിക്കവാറും മുസ്‌ലിം കുടുംബങ്ങളിലെ അവസ്ഥ ഇതുതന്നെയായിരിക്കും.
വേഷത്തിൽ മാത്രമല്ല, ഇസ്‌ലാം നിഷ്കർഷിക്കുന്ന ജീവിതരീതി സ്വീകരിക്കുന്നതിലും അവർക്ക് സന്തോഷം തന്നെ ഉണ്ടാവാറുണ്ട്. ഭാഗികമായി മാത്രം ഇസ്‌ലാമിക ചിട്ടകൾ പാലിക്കുന്ന സ്ത്രീകൾ പോലും ഈ ജീവിതരീതിയിൽ നിന്ന് രക്ഷപ്പെടണമെന്ന ചിന്തയിലല്ല, ബാക്കി കൂടെ പാലിക്കാൻ ശ്രമിക്കണമെന്ന മോഹമാണ് പുലർത്തിക്കാണാറുള്ളത്. ഈ രീതിയിൽ നിന്ന് മാറിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും നമ്മുടെ നാട്ടിലുള്ളതിനാൽ അവർ സ്വന്തം വഴി തിരഞ്ഞെടുക്കാറുമുണ്ട്.
പുതിയ ലോകത്തെ സ്വാതന്ത്ര്യവും ചിന്തകളും അറിയാത്തതുകൊണ്ട് അപരിഷ്കൃതരായിപ്പോകാൻ നിർബന്ധിതരായ സ്ത്രീ ഇരകളൊന്നുമല്ല ഈ ഹിജാബ് പാലിക്കുന്നവരാരും. നല്ല വിദ്യാഭ്യാസമുള്ളവരും പ്രൊഫഷണലുകളും എഴുത്തുകാരികളുമൊക്കെയുണ്ട് ഇവരിൽ. അവർക്കുവേണ്ടിയെന്ന മട്ടിൽ പുറത്തു നടക്കുന്ന മുറവിളികളെല്ലാം കേൾക്കുകയും വേണമെങ്കിൽ ഉള്ളിൽ ചിരിക്കുകയും ചെയ്യുന്നുണ്ട് അവർ.
ഇവിടെ നമുക്ക് രണ്ട് ആശങ്കകളെ താരതമ്യം ചെയ്യാൻ പറ്റും. നാട്ടുകാരികളും കൂട്ടുകാരികളും പലരും ആധുനിക ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നത് കാണുമ്പോഴും പുറത്തിറങ്ങുമ്പോൾ അത് ധരിക്കുകയോ അതിനു കൊതിക്കുകയോ ചെയ്യാതെ, തന്റെ വസ്ത്രമായി പർദ്ദയും മുഖപടവും സ്വാതന്ത്ര്യപൂർവം തിരഞ്ഞെടുക്കുകയും അതിന് തടസ്സമുണ്ടാവുമോ എന്ന് ആശങ്കിക്കുകയും ചെയ്യുന്ന സാമാന്യം വിദ്യാഭ്യാസവും ഏതു ഫാഷനബിൾ സ്ത്രീയെയും പോലെയുള്ള ചിന്താശേഷിയുമുള്ള യുവതികളുടേതാണ് ഒന്ന്.
അത്തരം സ്ത്രീകൾ ഞങ്ങൾ നിർദേശിക്കുന്ന/താൽപ്പര്യപ്പെടുന്ന വസ്ത്രം തന്നെ ധരിക്കണമെന്നും സ്വന്തം താല്പര്യമനുസരിച്ച് വസ്ത്രധാരണം ചെയ്യരുതെന്നും അത് ഞങ്ങൾ സ്വപ്നം കാണുന്ന ഒരു പ്രത്യേകതരം സമൂഹനിർമിതിക്കത് തടസ്സമാവുമെന്നും വിശ്വസിക്കുന്ന, ചിന്തയിൽ ഫാസിസം ബാധിച്ച ഒരു അന്യസമുദായക്കാരന്റേതാണ് രണ്ടാമത്തേത്.
കമലാ സുറയ്യയുടെ ഈയടുത്ത കാലത്ത് വീണ്ടും ശ്രദ്ധിക്കപ്പെട്ട അഭിമുഖത്തിലുണ്ടല്ലോ അവർ ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഇസ്‌ലാമിനു പുറത്തുള്ള ചിലർ അവരോട് പറഞ്ഞ കാര്യം. നിങ്ങൾ മതം മാറിയത് സഹിക്കാം, പക്ഷേ, ഈ പർദ്ദ ധരിക്കുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന്. അഥവാ, മറ്റൊരു സംസ്കാരത്തിലുള്ള സ്ത്രീകൾ ധരിക്കുന്ന വസ്ത്രം തങ്ങളെ ഒരു നിലക്കും ബാധിക്കാതിരുന്നിട്ടും അതേക്കുറിച്ച് അസഹിഷ്ണുത പുലർത്തുന്ന വലിയൊരു വിഭാഗം മനുഷ്യർ.
മുസ്‌ലിം സ്ത്രീകളുടെ വസ്ത്രമുരിയാനും അവരെ വീട്ടിൽനിന്ന് വലിച്ചിറക്കി തെരുവിൽ നിർത്താനും ലോകമാകെ കാലങ്ങളായി കൊണ്ടുപിടിച്ചു നടക്കുന്ന ചർച്ചയുടെ സത്ത ഈ രണ്ടു ചിത്രങ്ങളിലൂടെ പ്രതീകവത്കരിക്കപ്പെടുന്നുവെന്നാണ് തോന്നുന്നത്.
മുകളിൽ സൂചിപ്പിച്ച വ്യക്തിയെ അന്യസമുദായക്കാരൻ എന്ന് മനഃപൂർവം തന്നെ ഉപയോഗിച്ചതാണ്. കാരണം ഇതൊരു ആഭ്യന്തര പ്രശ്നം മാത്രമാണ്. മുസ്‌ലിം സമൂഹവ്യവസ്ഥക്കകത്ത് അവരുടെ വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന പ്രവണതകളിൽ, അവ തങ്ങളെ ബാധിക്കാത്തിടത്തോളമെങ്കിലും ഇടപെടാതിരിക്കാനുള്ള മാന്യത അതിനുപുറത്തു നിൽക്കുന്നവർ കാണിക്കണം.
ഒന്നുകൂടി കടന്നുപറഞ്ഞാൽ തികഞ്ഞ മതവിശ്വാസികളായ ഞങ്ങളെപ്പോലുള്ളവർ സ്ത്രീകളുടെ വസ്ത്രരീതികളെക്കുറിച്ച് സമുദായം തിരിച്ച് പൊതുവെ ആശങ്കപ്പെടാറില്ല. പിന്നെയും വേദന തോന്നിയിട്ടുള്ളത് പർദ്ദയിലെ സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന സമുദായങ്ങളിൽ നിന്നുതന്നെ പാവം കന്യാസ്ത്രീകൾ പർദ്ദക്ക് സമാനമായ വസ്ത്രം ധരിക്കേണ്ടി വരുന്നതിലെ ഗതികേടിനെക്കുറിച്ചു മാത്രമാണ്. ഇതര സമുദായക്കാർ ധരിക്കുന്ന വേഷങ്ങൾ നയനാനന്ദകരമായതുകൊണ്ടൊന്നുമല്ല നമ്മളാരും പരാതിപ്പെടാത്തത്. അങ്ങനെ പറഞ്ഞു നടക്കാത്തത് മാന്യതയാണെന്നേ കരുതേണ്ടതുള്ളൂ.
പൊതുവെ പർദ്ദ കാണുമ്പോൾ ഉണ്ടാവുന്ന ഒരു തരം ഫാസിസത്തിന്റെ ദുർവാശിയുള്ളവർക്കു മാത്രമേ ആ വേഷം കൊണ്ട് സ്വൈര്യക്കേടുള്ളൂ. അന്യനു മുമ്പിൽ മനുഷ്യന്റെ പ്രകൃതിപരമായുള്ള ന്യൂനതകളെയും കുറവുകളെയും മറച്ചുവെക്കുകയും വ്യക്തിത്വത്തിന്റെ മാന്യത കാക്കുകയുമാണ് വേഷം എന്ന സങ്കേതത്തിന്റെ പ്രാഥമിക ധർമം. അതിന് മേൽ സൂചിപ്പിച്ച 'പരിഷ്കൃത' വേഷത്തേക്കാൾ ബഹുകേമം പർദ്ദ തന്നെ.
എന്നാൽ മുസ്‌ലിം സമുദായത്തിലെ പടിഞ്ഞാറുനോക്കികൾക്ക് കുതിരകയറാവുന്ന സമുദായ പ്രശ്നവുമല്ല ഇത്. സമുദായത്തിനകത്തെ എല്ലാവരും അവരെപ്പോലെ പടിഞ്ഞാറുനോക്കികളാവണമെന്ന് വാശിപിടിക്കുന്നതിൽ കാര്യമില്ലല്ലോ. ഒരു നിലക്ക് ഇത് തീർത്തും വ്യക്തിപരമായൊരു കാര്യമാണ് താനും. ഓരോ വ്യക്തിയും സ്വാതന്ത്ര്യപൂർവം നടത്തുന്ന തിരഞ്ഞെടുപ്പിന്റെ മാത്രം കാര്യം.
അത്ര മതകീയരല്ലാത്ത സ്ത്രീകൾ പോലും ഇന്ന് പർദ്ദ സ്വയം സ്വീകരിക്കുന്നു. മതസ്വഭാവമുള്ള വേഷം ധരിക്കാൻ നിർബന്ധിക്കുന്നവരല്ല പലരുടെയും പുതുതലമുറ. പക്ഷെ അവരാ വേഷം ഇഷ്ടപ്പെടുന്നു. ഇഷ്ടപ്പെടുന്നത് ചെയ്യാൻ, അന്യന്റെ സ്വാതന്ത്ര്യത്തെയും സമൂഹത്തിന്റെ ആരോഗ്യത്തെയും ബാധിക്കാത്തടത്തോളം ഇന്ത്യയിലും ലോകത്തെങ്ങും സ്വാതന്ത്ര്യമുണ്ടല്ലോ.
മുസ്‌ലിം സ്ത്രീ പർദ്ദ തന്നെ എപ്പോഴും ധരിക്കണമെന്ന് മതവ്യവസ്ഥ നിർബന്ധിക്കുന്നുണ്ടെന്ന് ചിലർ തെറ്റിദ്ധരിക്കുന്നുണ്ടാവാം. പർദ്ദ തന്നെ ധരിക്കണമെന്നോ അത് എപ്പോഴും വേണമെന്നോ ഇസ്‌ലാമിൽ നിർബന്ധമില്ല. അന്യപുരുഷന്മാർ കാണുന്ന ഇടങ്ങളിൽ ശരീരം മുഴുവൻ മറക്കണം എന്നാണ് നിർദേശം. ശരീരത്തിന്റെ ആകാരത്തെ എടുത്തു കാണിക്കാത്ത എന്തു വസ്ത്രവുമാകാം. ആ അർഥത്തിൽ ഏറ്റവും ഫാഷനബിളും പ്രാക്ടിക്കലുമായ വസ്ത്രമായി പർദ്ദയെ തോന്നിയതുകൊണ്ട് സ്ത്രീകൾ അത് സ്വീകരിക്കുന്നുവെന്ന് മാത്രം.
കറുത്ത ചാക്ക് എന്നാണ് തെരുവിൽ നിന്ന് ഇവരെ കാണുന്ന, ഇവരുടെ ജീവിതത്തെക്കുറിച്ച് തരിമ്പും അറിയാത്ത കുറേ മനുഷ്യരുടെ പുച്ഛവാക്ക്. മനുഷ്യരേ... കറുപ്പ് ധരിക്കണമെന്നും അവരോട് ഇസ്‌ലാം പറയുന്നില്ല. വെളുത്തതോ ചുവന്നതോ ഏതു നിറം വസ്ത്രവും അവർക്ക് ധരിക്കാം. മാർക്കറ്റിൽ ബഹുവർണങ്ങളിലുള്ള പർദ്ദകൾ അവൈലബിളുമാണ് താനും. പക്ഷേ, സ്ത്രീകൾ ഭൂരിപക്ഷവും കറുത്ത പർദ്ദ വാങ്ങുന്നത് അവർക്കതിനോട് താല്പര്യമുള്ളതുകൊണ്ടാണ് എന്നേയുള്ളൂ. വസ്ത്രത്തിന്റെ കറുപ്പ് നിറത്തിൽ മതത്തിന് ഒരു തരത്തിലുള്ള വാശിയുമില്ല.
ഈ പർദ്ദ ധരിക്കുന്നത് പോലും പരപുരുഷന്മാർ കാണാനിടയുള്ള പൊതുയിടങ്ങളിലാണ്. മതകീയയായ മുസ്‌ലിം സ്ത്രീ വളരെക്കുറച്ചേ അത്തരം പൊതുയിടങ്ങളിൽ പോകേണ്ടതുള്ളൂ. ആപേക്ഷികമായി കുറച്ചേ പോകുന്നുമുള്ളൂ. ബാക്കിയെല്ലാം സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ സ്ത്രീകൾക്കിടയിലോ ആണ് അവൾ. അപ്പോൾ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ധരിക്കുന്നുമുണ്ട്.
പർദ്ദക്കകത്ത് അവരെപ്പോഴും മറ്റുള്ളവരെപ്പോലെയുള്ള വസ്ത്രം കൂടെ ധരിക്കുന്നുണ്ട്. യുവതികളാണെങ്കിൽ മറ്റു യുവതികൾ ധരിക്കുന്ന സഭ്യമായ ഏതു ഫാഷനബിൾ വസ്ത്രവും അവർ ധരിക്കുന്നുണ്ട്. അതിനു മുകളിൽ അന്യപുരുഷ സാന്നിധ്യത്തിലുള്ള ഒരു മേൽവസ്ത്രമാണ് പർദ്ദ. അന്യപുരുഷന്മാരില്ലാത്ത ഇടങ്ങളിൽ പലപ്പോഴും പർദ്ദ ഊരിവെക്കുകയും ചെയ്യുന്നു. പുറത്തുനിന്ന് അവളെ കണ്ടിട്ട് ഇവരെപ്പോഴും ഈ പർദ്ദക്കകത്താണ് എന്നു കരുതുന്നവർ, ഗാലറിയിലിരുന്ന് കളിക്കാരെ കണ്ട് ഇവരെപ്പോഴും ട്രൗസറും ടീഷർട്ടും ഇട്ടാണ് നടക്കുന്നതെന്ന് കരുതുന്ന മണ്ടത്തരമാണ് പുലർത്തുന്നത്.
പറഞ്ഞുവന്നത് സഭ്യമായ മറ്റു വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ ആസ്വാദനം, അങ്ങനെയൊന്നുണ്ടെങ്കിൽ അതവർക്ക് ലഭിക്കാത്ത പ്രശ്നങ്ങളൊന്നുമില്ല ഇവിടെ. പിന്നെ, ഉടൽനോക്കികൾക്ക് വേണ്ടി അവളതിനെ തുറന്നുവെക്കാറില്ല. വിലപിടിപ്പുള്ളതൊന്നും അങ്ങനെ എപ്പോഴും വെളുക്കെ തുറന്നു കാണാൻ കിട്ടില്ല.
ഇസ്‌ലാമിലെ സ്ത്രീവേഷം സുരക്ഷിതത്വത്തിന്റെ കോണിലൂടെയാണ് പൊതുവെ അവതരിപ്പിക്കപ്പെടാറുള്ളത്. മതത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനം അതുതന്നെയാണ് താനും. എന്നാൽ ആധുനിക ലോകം വലിയവായിൽ പറയുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദിശയിലൂടെ വേണം ഓരോ വ്യക്തിയും അതു ധരിക്കുന്നതിനെ കാണാൻ. ശരീരത്തിൽ നൂൽബന്ധമില്ലാതെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വരെ വാദിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ, അതും വംശവെറിയുടെ തീവ്രതയുള്ളിടങ്ങളിൽ പോലും ഹിജാബ് ധരിക്കാനുള്ള അവകാശത്തിനു വേണ്ടി പൊരുതുന്ന മുസ്‌ലിം പെൺകൊടികളെ കാണാം.
ചുറ്റുപാടിലുള്ള സാധ്യതകൾ അറിയാത്തവരല്ല അവർ. അടിച്ചേല്പിക്കലിന്റെയോ മസ്തിഷ്കപ്രക്ഷാളനത്തിന്റെയോ ഫലമല്ല സ്ത്രീ പർദ്ദ ധരിക്കുന്നതോ ഹിജാബ് സ്വീകരിക്കുന്നതോ എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ആണെങ്കിൽ അതു ധരിക്കാതിരിക്കാനുള്ള സ്വാഭാവിക സാധ്യതയുള്ളിടത്താണ് ധരിക്കാൻ വേണ്ടിയുള്ള അവകാശത്തിനു വേണ്ടി ശബ്ദങ്ങളുണ്ടാവുന്നത്. പർദ്ദയും പൗരോഹിത്യം അടിച്ചേല്പിക്കുന്നതാണെന്ന് കഥയറിയാതെ വൈകാരികമായി ആരോപിക്കുന്നതിനു പകരം വസ്തുനിഷ്ഠമായി നിരീക്ഷിക്കുകയാണല്ലോ വേണ്ടത്.
ആരെങ്കിലും എവിടെയെങ്കിലും അടിച്ചേല്പിക്കുന്ന കഥയും കൊണ്ട് വന്നാൽ ഇത് അപ്രസക്തമാകുന്നില്ല. അത്തരം ഒറ്റപ്പെട്ടതോ വ്യാപകമോ ആയ അടിച്ചേല്പിക്കലുകൾ ആധുനികതയുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. അതുകൊണ്ട് ആധുനികതയുടെ ന്യായങ്ങൾ അപ്രസക്തമാകുമോ... എല്ലായിടത്തും ആധുനികത അടിച്ചേല്പിച്ചതാണെന്ന് ഇവർ പറയുമോ?.
ആ രീതിയിൽ കണ്ടീഷൻ ചെയ്തു വളർത്തിയതുകൊണ്ടല്ലേ പർദ്ദ ധരിക്കുന്നത് എന്നാവാം പിന്നെ ചോദ്യം. കണ്ടീഷൻഡ് ചോയ്സല്ലേ എന്ന്. അതൊരു കഥയില്ലാത്ത ചോദ്യം മാത്രമാണ്. എല്ലാ മനുഷ്യരും വിവിധ രീതികളിലും ആശയങ്ങളിലുമായി കണ്ടീഷൻ ചെയ്യപ്പെട്ടാണ് വളരുന്നത്. ഇവിടെ ആധുനികതക്കും ലിബറൽ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരും കണ്ടീഷനിംഗിന്റെ ഫലമായിത്തന്നെയാണ് അങ്ങനെയാവുന്നത്. മിക്കപ്പോഴും മറുപക്ഷത്തെ ജനാധിപത്യബോധത്തോടെ കാണാൻ പോലും കഴിയാത്തത്ര ശക്തമായ കണ്ടീഷനിംഗാണ് അവരിൽ സംഭവിക്കുന്നത്. അതുകൊണ്ടാണല്ലോ മറ്റു മനുഷ്യരുടെ തിരഞ്ഞെടുപ്പുകളെ നിരന്തരം പുച്ഛിക്കുന്ന ശീലം സ്വന്തം പുരോഗമനത്തിന്റെ തെളിവെന്നോണം ഇവർ നിരന്തരം പ്രകടിപ്പിക്കുന്നത്.
കണ്ടീഷനിംഗിലൂടെ കടന്നുപോകാതെ ഒരു മനുഷ്യനും വളരാനാവില്ല. മനുഷ്യന്റെ ജനിതകമല്ലാത്ത എല്ലാ സ്വഭാവരീതികളും ചിന്തകളും ചെറുപ്പം മുതലുള്ള കണ്ടീഷനിംഗിലൂടെ രൂപപ്പെടുന്നതാണ്. അത് പർദ്ദ ധരിക്കുന്നവരുടേത് മാത്രമല്ല, അതിനെതിരെ ആക്രോശിക്കുന്ന പടിഞ്ഞാറുനോക്കിയുടെയും പുരോഗമന ഫാഷിസ്റ്റിന്റെയുമൊക്കെ കഥയാണ്.
പക്ഷേ ബുദ്ധിയും വിവേകവുമുണ്ടാകുമ്പോൾ ചുറ്റുപാടിനെ നിരീക്ഷിച്ചും പഠിച്ചും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എല്ലാവർക്കും. ആയിരിക്കുന്നതിൽ തന്നെ തുടരാം; മാറി മറ്റൊന്നാകാം; മാറുന്നവരുണ്ട്, മാറാത്തവരുമുണ്ട്. മാറാനുള്ള കൊടുമ്പിരികൊണ്ട സമ്മർദ്ദം ചെലുത്തിക്കൊണ്ട് പുരോഗമനത്തിന്റെ പേരിൽ നാലു കോണിൽ നിന്നും എല്ലാ ആധുനികതയുടെ അടിമകളും കൂടെ ഓരിയിട്ടുകൊണ്ടിരുന്നിട്ടും ഒരാൾ അല്ലെങ്കിൽ ഒരു വിഭാഗം ഒഴുക്കിനെതിരെ പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ അത് അവരുടെ തിരഞ്ഞെടുപ്പല്ലാതെ മറ്റെന്താണ്? അങ്ങനെയൊരാൾ മാറിയേ തീരൂ എന്ന് മറ്റുള്ളവർക്കെന്തിനിത്ര വാശി?.
ഇസ്‌ലാമിക വേഷം ധരിക്കണമെന്ന് പണ്ഡിതന്മാർ നിരന്തരം ബോധവത്കരിക്കുന്നുണ്ടെന്നത് ശരിതന്നെ. പർദ്ദയും ഒരളവോളം വസ്ത്രവും ഊരിക്കളയണമെന്ന് മോഹമുള്ളവർ അതും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇരുകൂട്ടരുടെയും സ്വാതന്ത്ര്യം. ഇതിനിടയിൽ നിന്ന് മുസ്‌ലിം സ്ത്രീ തനിക്കു ബോധ്യപ്പെട്ടത് സ്വീകരിക്കുന്നു. മലയാളത്തിലെ ഏറ്റവും ധീരയും തന്റേടിയും സ്വാതന്ത്ര്യബോധവുമുള്ളതുമായ എഴുത്തുകാരിയായിരുന്ന കമലാ സുറയ്യയെ നാം പരാമർശിച്ചല്ലോ. ഇസ്‌ലാം സ്വീകരിക്കുംമുമ്പേ അവർ പർദ്ദ സ്വീകരിച്ചത് പുരോഹിതന്മാരുടെ അടിച്ചേൽപ്പിക്കലിന്റെ ഫലമായിരുന്നോ?.
യുദ്ധകലുഷിതമായ അഫ്ഗാനിൽ ആദ്യ താലിബാൻ ഭരണകാലത്ത് സാഹസികമായി പത്രപ്രവർത്തനം നടത്താനുള്ള ധൈര്യവും തന്റേടവുമുണ്ടായിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തക യീവോൺ റിഡ്‌ലിയെ പൊതുസമൂഹം പെട്ടെന്നു മറന്നുപോയതാണ്. ആധുനിക ലോകത്ത് സ്ത്രീസ്വാതന്ത്ര്യം ഏറ്റവും കൂടുതൽ അക്രമാസക്തമായി ഹനിച്ചു എന്നാരോപിക്കപ്പെട്ട താലിബാന്റെ അഫ്ഗാൻ കണ്ട്, അതിനിടെ പിടിക്കപ്പെട്ട് താലിബാന്റെ ജയിലിലും കിടന്ന് പുറത്തുവന്നപ്പോൾ റിഡ്‌ലി ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചുകളഞ്ഞു!.
അതുവരെ ആഗോള മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന അവർ അതിവേഗം തിരശ്ശീലക്കു പിറകിലായി. ബ്രിട്ടനിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന റിഡ്‌ലി ധരിക്കുന്ന ഇസ്‌ലാമികവേഷം ഏതു പുരോഹിതന്റെ നിർബന്ധത്തിനു വഴങ്ങിയാണ്?.
അവർണ സ്ത്രീകൾക്ക് മാറുമറക്കാൻ അവകാശമില്ലാതിരുന്ന കേരളത്തിൽ അതിനുവേണ്ടി സമരം നടന്നിട്ടുണ്ട്. വികസിതവും അല്ലാത്തതും മതേതരവും മതകീയവുമെന്നൊന്നും വ്യത്യാസമില്ലാതെ ലോകത്തെ എല്ലാ രാജ്യങ്ങളിലും മുസ്‌ലിം സ്ത്രീകൾ വ്യാപകമായി പർദ്ദ ധരിക്കുന്നുണ്ട്. സ്വയം ഉരിഞ്ഞവർ മറ്റുള്ളവർ കൂടെ വസ്ത്രമുരിയണമെന്ന് വിലപിക്കുന്നതല്ലാതെ, പർദ്ദ ധരിക്കുന്ന സ്ത്രീകൾ ഞങ്ങളെ മോചിപ്പിച്ചു തരണേ എന്ന് ജനാധിപത്യ സമൂഹങ്ങളിലെവിടെയും സമരം ചെയ്യുന്നത് കാണുന്നില്ല.
യമനിലെ ഏകാധിപതിയായിരുന്ന അലി അബ്ദുല്ല സ്വാലിഹിന്റെ കിരാതഭരണത്തിനെതിരെ പൊരുതുന്നത്ര കഠിനമായിരുന്നില്ലല്ലോ പർദ്ദക്കെതിരെ പൊരുതുന്നത്. എന്നിട്ടും യമനിൽ ഏകാധിപത്യത്തിനെതിരെ പൊരുതി നൊബേൽ സമ്മാനം വരെ കരസ്ഥമാക്കിയ തവക്കുൽ കർമാനും ധരിച്ചത് പർദ്ദ തന്നെയായിരുന്നു.
സ്വന്തം കഴിവുകൊണ്ട് സ്റ്റേറ്റിന്റെ ഹെഡ് പദവി വരെയുള്ള ഉയർന്ന പദവികളിലെത്തിയ എത്രയോ സ്ത്രീകൾ പർദ്ദയോ സമാനമായ ഹിജാബോ സ്വീകരിച്ചു കാണാം. സിംഗപ്പൂർ പ്രസിഡന്റായിരുന്ന ഹലീമ യഅ്ഖൂബും അമേരിക്കയിലെ ജനപ്രതിനിധി സഭാംഗം ഇൽഹാൻ ഉമറുമൊക്കെ ഉദാഹരണം.
അവരൊക്കെ അടിച്ചേല്പിക്കലിന്റെ ഇരകളാണോ? അല്ലേയല്ല, പർദ്ദ അല്ലെങ്കിൽ ഹിജാബ് അവർ തങ്ങളുടെ വ്യക്തിത്വത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി സ്വീകരിച്ചതാണ്. അതിലവർ സംതൃപ്തരാണ്. അത്തരം രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക് വിശ്വാസിനികൾ പോകണമെന്ന് നമുക്ക് താല്പര്യമില്ലെങ്കിലും, അങ്ങനെ എത്തിപ്പെടുന്നവർ പോലും ഹിജാബി വേഷം സ്വീകരിക്കുന്നത് തന്നെ ഈ വേഷം ഒരു ചോയ്സാണെന്നതിനെ ശക്തമായി അടയാളപ്പെടുത്തുന്നു.
സഹസ്രാബ്ദങ്ങൾ കൊണ്ട് മനുഷ്യൻ ആർജ്ജിച്ചെടുത്ത സാംസ്കാരിക പുരോഗതിയെ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുന്ന അമാനവിക പ്രവർത്തനങ്ങളെയും മുഴുവൻ വൃത്തികേടുകളെയും സ്വാതന്ത്ര്യത്തിന്റെ പേരിൽ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഈ ലോകമെന്തിന് തങ്ങളുടെ സാംസ്കാരിക വ്യക്തിത്വത്തിന്റെ അവിഭാജ്യഭാഗമായി ഒരു വലിയ സമൂഹം സ്വീകരിച്ച വേഷത്തെയും വീടകങ്ങൾ കേന്ദ്രീകരിച്ചു ജീവിക്കാനുള്ള അവരുടെ തീരുമാനത്തെയും അവമതിക്കണം?.
അല്പവസ്ത്രം ധരിക്കുന്നവരിവിടെയുണ്ട്, അന്യന് അലോസരമുണ്ടാക്കുന്ന വസ്ത്രധാരണക്കാരുണ്ട്, കണ്ടാൽ തന്നെ അറപ്പു തോന്നുന്ന വേഷവിധാനമുള്ള സമൂഹങ്ങളുണ്ട്, ശരീരം ഏറെക്കുറെ മുഴുവൻ മറക്കുന്ന പുരുഷവേഷങ്ങൾ ധാരാളമുണ്ട്, ഏതാണ്ട് മുസ്‌ലിം സ്ത്രീയെപ്പോലെ വേഷം ധരിക്കുന്ന കന്യാസ്ത്രീകളും സിഖ് വനിതകളുമുണ്ട്.
അതിലൊന്നും യാതൊരു വിരോധവുമില്ലാത്തവർക്ക് മുസ്‌ലിം സ്ത്രീകളുടെ വേഷത്തോടു മാത്രം എന്തിനീ സ്പർധ!. മുസ്‌ലിം സ്ത്രീയുടെ തുറന്നിട്ട ഉടലും കൂടെ കണ്ടാലേ ഇവർക്ക് മതി വരൂ എന്നുണ്ടോ?. മുഖം മൂടുന്ന ഒരു ചെറുകഷ്ണം തുണിയിൽ മറഞ്ഞുപോകുന്നതാണോ ഈ പുരോഗതിയും സാമൂഹിക വളർച്ചയുമൊക്കെ?.
ജനാധിപത്യമെന്നാൽ അഭിപ്രായസ്വാതന്ത്ര്യവും എല്ലാവരുടെയും കാഴ്ചപ്പാടുകളെ പരിഗണിക്കലുമാണ്. ഒന്നു മാത്രം നല്ലതെന്നും മറ്റൊന്ന് നിശ്ശേഷം നശിപ്പിക്കപ്പെടണമെന്നും ധരിച്ച് അതിനായി തീവ്രയത്നം നടത്തുന്നതാണ് ഫാസിസം. മുസ്സോളിനിയും ഹിറ്റ്‌ലറും അതേറ്റവും വിജയകരമായി നടപ്പിലാക്കിയെന്നു മാത്രം. മുസ്‌ലിം സ്ത്രീയുടെ വേഷം കാണുമ്പോഴുള്ള കുശുമ്പും മനഃപിരട്ടലും ചിന്തയിൽ ബാധിച്ച ഫാസിസത്തിന്റെ മാത്രം ലക്ഷണമാണ്.
കോടിക്കണക്കിനു മനുഷ്യരുടെ ജീവൻ കുരുതികൊടുത്താണ് ലോകം ഫാസിസത്തെയും നാസിസത്തെയും പ്രതിരോധിച്ചു നിർത്തിയത്. അതേ ഫാസിസം തന്നെയാണ് പർദ്ദാ വിരോധത്തിലൂടെയും മുസ്‌ലിം സ്ത്രീക്ക് ആവശ്യമില്ലാത്ത വ്യാജ സമത്വ-വിമോചന ബഹളങ്ങളിലൂടെയും ആധുനികതാവാദികളുടെ മനസ്സിൽ നുഴഞ്ഞുകയറിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞാൽ അവർക്കും ലോകത്തിനും നന്ന്.
മുസ്‌ലിം സ്ത്രീ ഈ വേഷം ധരിക്കുന്നതും വീടകം കേന്ദ്രമായി സ്വീകരിക്കുന്നതും എന്തിന് എന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പ്രശ്നം. ഇതുവരെ ഫുട്ബോൾ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാൾ ഈ ഇരുപത്തിരണ്ടു പേരെന്തിന് ഒരു തുകൽപ്പന്തിനായി ഇത്രനേരം പോരടിക്കണം, ഓരോരുത്തർക്ക് ഓരോ പന്ത് താൻ വാങ്ങിത്തരാമെന്നു ശാഠ്യംപിടിച്ച് മത്സരം തടസ്സപ്പെടുത്തുന്നതു പോലെയാണ് മുസ്‌ലിം സ്ത്രീയെ സ്വതന്ത്രയാക്കാനുള്ള ഇവരുടെ വാശി.
ഏതു കാര്യത്തിന്റെയും പ്രസക്തി അത് നിലനിൽക്കുന്ന വ്യവസ്ഥക്കനുസരിച്ചും ആ വ്യവസ്ഥയുടെ ലക്ഷ്യത്തിനനുസരിച്ചും വേണം വിലയിരുത്താൻ. വ്യവസ്ഥയിൽ നിന്ന് അടർത്തിയെടുത്താൽ എന്തും വികലവും അനാവശ്യവുമായി തോന്നും. പന്തുകളിയുടെ വ്യവസ്ഥയും പന്തിനുവേണ്ടി പായുന്നവരുടെ ലക്ഷ്യവും അതു നേടിയില്ലെങ്കിൽ പോലും ആ പോരാട്ടത്തിൽ അവർക്കു ലഭ്യമാവുന്ന ആശ്വാസവും മനസ്സിലാവാത്തവർ പ്രശ്നം പരിഹരിക്കാൻ വരുന്നത് അസംബന്ധമാകുന്നതും അങ്ങനെയാണ്.
മുസ്‌ലിമിന് ഇതു മാത്രമല്ല ജീവിതം. അവനും അവൾക്കും മറ്റൊരു വലിയ ലോകത്തെക്കുറിച്ച് തീർച്ചയുണ്ട്. അവിടുത്തെ അഭിവൃദ്ധിക്ക് ഊന്നൽ കൊടുക്കുന്ന ആത്മീയപ്രധാനമായ ജീവിതരീതിയായ ഇസ്‌ലാമിനെ അവർ വരിക്കുന്നതും അനുസരിക്കുന്നതും, നാളെ വരാനുള്ള ആനന്ദം കണ്ടുകൊണ്ടാണ്.
ആനന്ദത്തിനു വേണ്ടിയുള്ള അന്വേഷണത്തിലും അലച്ചിലിലും ത്യാഗത്തിലുമെല്ലാം ഉണ്ടെന്ന് ദാർശനികർ സാക്ഷ്യം പറഞ്ഞ മാനസികമായ ആനന്ദം അവർ ഇപ്പോൾ അനുഭവിക്കുന്നുമുണ്ട്. അതുകൊണ്ട് അല്പം സ്വാതന്ത്ര്യക്കുറവെന്ന് പുറത്തുള്ളവർക്ക് തോന്നിയാലും ഏറ്റവും സുരക്ഷിതത്വവും മാന്യതയുമുള്ള ജീവിതരീതി അവർ തിരഞ്ഞെടുക്കുന്നു. ഒരു വെടിക്ക് അവർക്ക് പല പക്ഷികളെ ലഭിക്കുന്നു.
തങ്ങളുടെ ജീവിച്ചിരിക്കുന്നവരോ മുൻഗാമികളോ ആയ ആത്മീയനായകരെ ഇത്രയും ആദരിക്കുകയും മനസ്സോടു ചേർക്കുകയും അവരെ അനുസരിക്കുന്നതിലും അനുകരിക്കുന്നതിലും ആനന്ദം കാണുകയും ചെയ്യുന്ന സമൂഹങ്ങൾ മുസ്‌ലിംകളെപ്പോലെ ഏറെയുണ്ടാവില്ല. തങ്ങളുടെ റസൂലും(സ) ആത്മീയനേതൃത്വവും നിർദ്ദേശിച്ചതും സ്വന്തം ഉമ്മമാരായ നബിപത്നിമാരും മറ്റു വിശുദ്ധ വനിതകളും സ്വീകരിച്ചതിനു സമാനവുമായ ജീവിതരീതി സ്വീകരിക്കുന്നതിൽ അവർക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുന്നു. ഈ ജീവിതത്തിൽ തന്നെ കിട്ടുന്ന ആ സന്തോഷം സത്യത്തിൽ അവർക്ക് ബോണസാണ് താനും.
ഗാന്ധിയന്മാർ പലരും ഗാന്ധിയോടുള്ള ആദരവിനാൽ ഗാന്ധിയൻ വസ്ത്രം ധരിക്കുമ്പോൾ, ആധുനിക വേഷം ധരിക്കുമായിരുന്നിട്ടും ഇവരെന്തിനാണ് കഷ്ടപ്പെടുന്നതെന്ന് ആരും പരിഹസിച്ചു കേട്ടിട്ടില്ല. അതവരുടെ വിശ്വാസം, ആചാരം, സ്വാതന്ത്ര്യം എന്നാണ് വെപ്പ്. ആ വേഷത്തിന്റെ പ്രതീകാത്മകതയോ മറ്റെന്തെങ്കിലും ആദർശതലങ്ങളോ മാനിക്കാതിരുന്നാലും ഗാന്ധിയെന്ന നല്ല മനുഷ്യനോടുള്ള അനുകരണം എന്ന നിലക്കു തന്നെ ആ വേഷം ആദരണീയവും പോസിറ്റീവുമായി ഗണിക്കപ്പെടുന്നു.
മദർ തെരേസയുടെ വേഷത്തെ അനുകരിക്കുന്ന സിസ്റ്റർ ഗ്രൂപ്പുകൾ മറ്റൊരുദാഹരണം. ഇതുതന്നെയല്ലേ തങ്ങളുടെ വിശുദ്ധമാതാക്കളെ അനുകരിച്ച് അവരുടെ വഴിതുടർന്ന് മുസ്‌ലിം സ്ത്രീകളും ചെയ്യുന്നത്? അതെല്ലാം ചെറുസംഘങ്ങളുടേതും ഇതൊരു വലിയ സമൂഹത്തിന്റെ വ്യാപകമായ ശൈലിയുമാണെന്നതാണോ പ്രശ്നം? ആളുകളുടെ എണ്ണക്കുറവും കൂടുതലുമാണോ ഒരു കാര്യത്തെ നല്ലതും ചീത്തയുമാക്കുന്നത്?
ഇതൊക്കെ മതപക്ഷത്തെ ന്യായീകരണമായി കരുതുന്നവരുണ്ടാവാം. എന്നാൽ അവർക്ക് നമ്മളെക്കുറിച്ചുള്ള തോന്നൽ വല്ല പഠനത്തിന്റെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിലുള്ളതാണോ... ഒട്ടുമല്ല, വെറും വ്യക്തിപരമായ, മുൻധാരണാധിഷ്ഠിതമായ തോന്നലുകൾ മാത്രം. ജനാധിപത്യപരമായി ഇതിന്റെയൊക്കെ വസ്തുത അറിയാൻ താല്പര്യപ്പെടുന്നവർ പർദ്ദ ധരിക്കുന്ന, ഹിജാബ് പാലിച്ച് ഗൃഹകേന്ദ്രിതമായി ജീവിക്കുന്ന ഭക്തരായ മുസ്‌ലിം സ്ത്രീകളോട് തുറന്നു സംസാരിച്ചു നോക്കണം, അവരുടെ കാഴ്ചപ്പാട്, ചോയ്സ്, സംതൃപ്തി എന്നിവയെക്കുറിച്ച് നിരീക്ഷിച്ചു നോക്കണം. സ്വന്തമായി പഠിക്കാൻ സൗകര്യമില്ലെങ്കിൽ ചില റഫറൻസുകൾ തരാം.
ക്രിസ്ത്യൻ ബാപ്റ്റിസ്റ്റ് പശ്ചാത്തലത്തിൽ വളർന്ന പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ആമിന അസ്സിൽമിയുടെ (പഴയ ജാനിസ് ഹഫ്) ജീവിതം വായിച്ചു നോക്കൂ... കോളേജ് പഠനകാലത്ത് മുസ്‌ലിം വിദ്യാർത്ഥികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ ഇസ്‌ലാമിനെയും ഖുർആനെയും പഠിക്കാൻ തുടങ്ങിയത്.
ഹിജാബ് സ്ത്രീകളെ തളച്ചിടാനുള്ള ഉപകരണമാണെന്ന പാശ്ചാത്യ പൊതുബോധത്തിൽ നിന്ന് ആരംഭിച്ച ആ പഠനവും അന്വേഷണങ്ങളും ഒടുവിൽ അവരെ കൊണ്ടെത്തിച്ചത് ഇസ്‌ലാമിലാണ്. താൻ വിമർശിച്ച ആ ഹിജാബ് സ്വന്തം അഭിമാനമായി സ്വീകരിച്ചുകൊണ്ട് 1977-ൽ ഇസ്‌ലാമിലേക്ക് കടന്നുവന്ന അവർ, പിൽക്കാലത്ത് അമേരിക്കൻ ക്യാമ്പസുകളിലും വേദികളിലും മുസ്‌ലിം സ്ത്രീകളുടെയും ഹിജാബിന്റെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ മുൻനിര പോരാളിയായി മാറി.
കനേഡിയൻ അക്കാദമിക് ഗവേഷകയായ ഡോ. കാതറിൻ ബുള്ളോക്കിന്റെ അനുഭവവും സമാനമായൊരു ബോധ്യപ്പെടലിനെയാണ് അടയാളപ്പെടുത്തുന്നത്. ടൊറന്റോ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡി ചെയ്യവെ ഇസ്‌ലാമിക പ്രമാണങ്ങളെയും മുസ്‌ലിം സ്ത്രീകളുടെ ജീവിതാനുഭവങ്ങളെയും ആഴത്തിൽ പഠിച്ചതോടെ, "ഹിജാബ് സ്ത്രീകളെ അപരിഷ്കൃതരാക്കുന്ന പുരുഷാധിപത്യത്തിന്റെ അടയാളമാണ്" എന്ന തനിക്കുണ്ടായിരുന്ന പഴയ പാശ്ചാത്യ ഫെമിനിസ്റ്റ് മുൻവിധികൾ തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞു.
പർദ്ദ അടിമത്തമല്ല, മറിച്ച് കമ്പോള സംസ്കാരത്തിലെ ചൂഷണങ്ങൾക്കെതിരായ സ്ത്രീയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് മനസ്സിലാക്കിയ അവർ 1994-ൽ ഇസ്‌ലാം സ്വീകരിക്കുകയും ഹിജാബ് ജീവിതചര്യയാക്കുകയും ചെയ്തു. തുടർന്ന് തന്റെ പിഎച്ച്.ഡി ഗവേഷണ വിഷയം തന്നെ ഹിജാബാക്കി മാറ്റിയ അവർ തയ്യാറാക്കിയ 'റീതിങ്കിംഗ് മുസ്‌ലിം വിമൻ ആൻഡ് ദ വെയ്ൽ' (Rethinking Muslim Women and the Veil) എന്ന ഗ്രന്ഥം, പർദ്ദയെയും ഹിജാബിനെയും കണ്ണടച്ച് വിമർശിക്കുന്ന ആധുനികതാവാദികളുടെ വാദമുഖങ്ങൾ പൊളിച്ചടക്കുന്ന അക്കാദമിക് ലോകത്തെ ശക്തമായ മറുപടിയായി ഇന്നും നിലനിൽക്കുന്നു.
ഇസ്‌ലാം ഒരു പ്രസ്ഥാനമാണ്. ആത്മീയവും ഭൗതികവുമായ തലമുള്ള പ്രസ്ഥാനം. ഏതു പ്രസ്ഥാനത്തിലെയും അംഗത്തിന് അകത്തുനിന്ന് കുറെ ആനുകൂല്യങ്ങളും പിന്തുണയുമുണ്ടാവും, അനിവാര്യമായും ചില നിയന്ത്രണങ്ങളും. പുറത്തുള്ളവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യങ്ങളെല്ലാം അകത്ത് ലഭിക്കില്ല. സി പി എമ്മുകാരനും കോൺഗ്രസുകാരനും തുടങ്ങി രാഷ്ട്രീയമോ ഇതരമോ ആയ ഏതു കൂട്ടായ്മയുടെയും ഭാഗമായാൽ അതിന്റെ പേരിൽ നിയന്ത്രണങ്ങളുമുണ്ടായിരിക്കും.
ഇസ്‌ലാമിക സമൂഹവും ഒരു കൂട്ടായ്മയാണ്. സൂക്ഷ്മാംശങ്ങളിൽ വരെ സഹകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ. അതിലാരെയും പുതുതായി ചേരാൻ നിർബന്ധിക്കുന്നില്ല. ഐഹികവും പാരത്രികവുമായ ഗുണങ്ങളാസ്വദിക്കാനും നിയന്ത്രണങ്ങൾ സ്വീകരിക്കാനും തയ്യാറുള്ളവർക്ക് വരാം. മറ്റേതൊരു പ്രസ്ഥാനവും പോലെ മാത്രമാണിത്. ഒരു മതസമൂഹമായതിനാൽ ഉള്ളിൽ ജനിച്ചുപോയവർക്ക് ഈ നിയന്ത്രണങ്ങളിൽ താല്പര്യമില്ലെങ്കിലോ എന്നതാവാം പിന്നെയുള്ള ചോദ്യം. അവർക്ക് ഈ മാതൃപ്രസ്ഥാനവുമായുള്ള പൊക്കിൾക്കൊടി ബന്ധം നിലനിർത്തുമ്പോൾ തന്നെ ഇഷ്ടംപോലെ നടക്കാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തും ലോകത്തെങ്ങുമുണ്ടല്ലോ. അവരെ പിടിച്ച് കയ്യൂക്കുകൊണ്ട് പർദ്ദ ധരിപ്പിക്കാനൊന്നും പണ്ഡിതരോ മതസമൂഹമോ തുനിയുന്നില്ല.
സമുദായത്തിനകത്തുനിന്ന് ആധുനിക വസ്ത്രധാരണം സ്വീകരിക്കുന്നവരെ ബഹിഷ്കരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നാവാം മറ്റൊരു ആരോപണം. പർദ്ദക്കെതിരെ ശബ്ദിക്കുന്നത് ജീവിതവ്രതമായി സ്വീകരിച്ച വിമർശകരിൽ ഒരാളുടെ മക്കൾക്ക് പർദ്ദയോട് തീവ്രമായ അഭിനിവേശമുണ്ടായെന്നു സങ്കല്പിക്കുക. അവൾ പർദ്ദ ധരിച്ചു നടക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്താൽ പ്രതികരണമെന്തായിരിക്കും?. മുൻപ് ഏറെ വാത്സല്യമുണ്ടായിരുന്ന മകളോട് ഇപ്പോഴും അതേ അളവിൽ അതേ പെരുമാറ്റം തുടരുമോ, അതല്ലെങ്കിൽ അവളുടെ വേഷത്തോട് അസഹിഷ്ണുത കാണിക്കുമോ?. കൂടുതലും രണ്ടാമത്തേതാവും ഉത്തരം.
എല്ലായിടത്തും ബാധകമാണ് ഇത്. മനുഷ്യർ തമ്മിലുള്ള ഏതു ബന്ധത്തിലും അടുപ്പത്തിനും ഊഷ്മളതയ്ക്കും പ്രധാനമായൊരു ഉപാധിയാണ് ആദർശങ്ങളിലും കാഴ്ചപ്പാടുകളിലും മറ്റുമുള്ള യോജിപ്പും സാമ്യവും. എത്രത്തോളം ചേർച്ചയുണ്ടോ അത്രയും അടുപ്പം കൂടും. ചേർച്ച കുറഞ്ഞാൽ അടുപ്പം കുറയാം. അടുപ്പവും ബന്ധവുമാണ് പ്രധാനമെന്ന് കരുതുന്നവർ സ്വന്തം കാഴ്ചപ്പാട് അല്പം ബലികഴിച്ച് നല്ല ബന്ധം തുടരുന്നു. കാഴ്ചപ്പാടാണ് വലുതെങ്കിൽ അതിൽ ഉറച്ചുനിൽക്കുന്നു. പക്ഷേ ബന്ധത്തിനു സംഭവിക്കുന്ന വിള്ളലുകളും പരിണിതികളും സഹിക്കാൻ സന്നദ്ധത വേണമെന്നു മാത്രം.
വേറിട്ട തീവ്രമായ കാഴ്ചപ്പാട് പ്രത്യക്ഷമായി നടപ്പിൽ വരുത്തിക്കൊണ്ട് ഊഷ്മളമായ ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോവാനാകണമെന്നില്ല. ആവുന്നവരുണ്ടാവാം, പക്ഷേ മനുഷ്യബന്ധങ്ങളുടെ പൊതുവായ മനഃശാസ്ത്രം ഇതാണ്. വിശേഷിച്ചും നേരത്തെ ഒരേ ആദർശത്തിൽ നിന്ന ശേഷം മാറുമ്പോൾ. ബന്ധം തുടങ്ങിയതു തന്നെ വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടാകുമ്പോൾ കുഴപ്പമുണ്ടായില്ലെന്നു വരാം. പർദ്ദാ വിമർശകന്റെ വീട്ടിൽ സംഭവിച്ച ഈ വസ്തുത അനുകൂലിയുടെ വീട്ടിലും ശരിയാകുന്നതേയുള്ളൂ.
ഈ പറയുന്ന ഹിജാബി ജീവിതം ഒരു പുരുഷകേന്ദ്രീകൃത സംവിധാനമല്ലേ എന്നു തോന്നുന്നവരുണ്ടാകാം. കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി വളരെ മനോഹരമായി ജീവിച്ച, വലിയ മുന്നേറ്റങ്ങളുണ്ടാക്കിയ എണ്ണമറ്റ ജനതകളും സംസ്കാരങ്ങളുമുണ്ട് ഇസ്‌ലാമിക മൂല്യങ്ങളെ തങ്ങളുടെ സംസ്കാരത്തിന്റെ അടിത്തറയായി സ്വീകരിച്ചവർ. പുരുഷൻ ഭരിച്ചു എന്നതുകൊണ്ടുമാത്രം അവിടെയൊന്നും സ്ത്രീപുരുഷ സമത്വം അവകാശപ്പെടുന്ന പുതിയ സംസ്കാരങ്ങളിലെയത്ര കുഴപ്പമുണ്ടായിട്ടില്ല. സ്ത്രീകളും പുരുഷന്മാരും വളരെ നന്നായി ജീവിച്ചിട്ടുണ്ട്.
പുരുഷൻ നയിക്കുന്നു എന്നതല്ല പ്രശ്നം, അവനെയും ആ വ്യവസ്ഥയെയും ഭരിക്കുന്ന മൂല്യങ്ങളേതാണ് എന്നതാണ് പ്രധാനം. സ്ത്രീയെ തെരുവിലേക്ക് വലിച്ചിഴക്കുകയും ഓഫീസിൽ കെട്ടിയിടുകയും ചെയ്തതുകൊണ്ട് ആ ഇസ്‌ലാമിക സമൂഹങ്ങളിലെ സുഖവും സന്തോഷവും സമത്വവ്യവസ്ഥകളിലെ സ്ത്രീ അനുഭവിക്കുന്നുണ്ടെന്ന് പറയാനാവില്ല. തീർത്തു പറയാം, അനുഭവിക്കുന്നില്ല. സ്ത്രീയെ വീട്ടിൽ നിന്ന് വലിച്ചിറക്കിയ കൃത്രിമ സമത്വവ്യവസ്ഥ നടപ്പിൽ വന്നു തുടങ്ങിയതേയുള്ളൂ. ദുരന്തങ്ങൾ വേണ്ടതിലേറെ സമൂഹവും സമത്വത്തിനിറങ്ങിയ കുടുംബങ്ങളും അനുഭവിച്ചു തുടങ്ങി. ഏതു വ്യവസ്ഥയെയും വിലയിരുത്താൻ ഇത്തിരി സമയം വേണം. പൂരം നമുക്കു നേരിട്ടു തന്നെ കാണാമല്ലോ.
അതിനാൽ, മനുഷ്യസാധ്യമായ വ്യവസ്ഥകളിൽ മികച്ചത് ഇസ്‌ലാം വിഭാവന ചെയ്തതു തന്നെയാണെന്ന് അനുഭവം കൊണ്ടും യുക്തികൊണ്ടും പറയാനാവും. മുൻധാരണയുടെ ഫാഷിസ്റ്റ് വാശിയോടെ ഈ പക്ഷത്തെ പഠിക്കാൻ തന്നെ തയ്യാറാവാത്തവരോട് ഇത് പറഞ്ഞിട്ടു കാര്യമില്ലെന്നു മാത്രം. സമത്വവാദികളുടെ സാമൂഹ്യവ്യവസ്ഥയിലെ പെണ്ണിനോട് മുസ്‌ലിം പെണ്ണിനെ ഉപമിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ് മിക്കവാറും കഥയില്ലായ്മകളും. ഫുട്ബോൾ മാത്രം കണ്ടവൻ വോളിബോളിൽ കൈകൊണ്ട് പന്തുതട്ടുന്നതിനെ ഫൗൾ വിളിക്കുന്നതിന്റെ പ്രസക്തിയേ അവയ്ക്കുള്ളൂ എന്ന് സാരം.
മുന്നേ പറഞ്ഞല്ലോ, ഇതാണ് നല്ലതെന്നു വിശ്വസിക്കുന്നവരേ ഇതനുസരിച്ചു ജീവിക്കേണ്ടൂ. അല്ലാത്തവർക്കിവിടെ സ്വാതന്ത്ര്യമുണ്ടല്ലോ. മറ്റു വ്യവസ്ഥകളിൽ വിശ്വസിക്കുന്നവരെയും അതു സ്വീകരിക്കുന്നവരെയും അലോസരപ്പെടുത്താനും അവരെക്കുറിച്ച് അപവാദവും അപരിഷ്കൃതത്വവും പ്രചരിപ്പിക്കാനും വരാതെ ഞങ്ങൾ മതമൗലികവാദികൾ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയെയെങ്കിലും ഞങ്ങളുടെ കാഴ്ചപ്പാടുകളെയും ശൈലികളെയും സമീപിക്കുമ്പോൾ പുതിയ സ്വാതന്ത്ര്യവാദികൾ കാണിക്കണം. സ്വാതന്ത്ര്യം ഞങ്ങൾക്കും അവകാശപ്പെട്ടതല്ലേ. അപ്പോഴല്ലേ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവുമെല്ലാം പുലരുന്നുള്ളൂ.
6 September, 2026 09:37 pm
MUHAMMAD SHAFEEQUE
❤️????6 September, 2026 09:00 am
MUHAMMED SINAN KP
????❣️