റബീഇൻ്റെ ചന്ദ്രപ്പിറ കാണുന്നതോടെ ദ്വീപിൻ്റ മണ്ണിനും മനസ്സിനും സ്വലാത്തിൻ്റെ സുഗന്ധമായിരിക്കും. മൗലിദിന്റെ വെളിച്ചങ്ങളിലേക്ക് വീടുകളുണരും. മരതക പച്ചക്കടലും വെള്ളാരം മണൽക്കരയും ലഗൂണുകളും തിരുനബിയെന്ന പ്രേമത്തിരമാല ചൂടി അണിഞ്ഞൊരുങ്ങും. |
സ്നേഹവികാരങ്ങൾ മനുഷ്യപ്രകൃതിയിൽ നിർലീനമായ ജന്മവാസനയാണ്. വിശ്വാസിയെ സംബന്ധിച്ചെടുത്തോളം അതേറ്റവും കൂടുതലുണ്ടാവേണ്ടത് പ്രപഞ്ച സൃഷ്ടിപ്പിനു തന്നെ കാരണമായ ഹബീബിനോടാണ്.
നബി തങ്ങളോടുള്ള അടങ്ങാത്ത സ്നേഹം വിശ്വാസിയുടെ ഈമാനിന്ന് കരുത്തു പകരാനും ജീവിതത്തെ പ്രശോഭിതമാകാനും കാരണമാണ്. തിരുനബിയെ വിശ്വസിച്ചാൽ മാത്രം നമ്മുടെ ബാധ്യത തീരുന്നില്ല. അവിടുത്തെ അളവറ്റ് സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. തിരു നബി നമ്മെ സ്നേഹിച്ചതിനു പ്രത്യുപകാരമായി തിരിച്ചും ആ സ്നേഹം നൽകാനാവണം.അതു കൊണ്ടാണ് ലോകത്തുള്ള സർവ്വ വസ്തുക്കളെക്കാളും എന്തിനേറെ പറയണം, സ്വന്തം ഉമ്മയേക്കാളും ഉപ്പയേക്കാളുമെല്ലാം തിരു നബിയെ ഒരു വിശ്വാസി സ്നേഹിക്കുമ്പോഴാണ് വിശ്വാസം പൂർണമാകുന്നത് എന്ന് പറയുന്നത്. അതുകൊണ്ടാണ് തിരുനബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വലിൽ വിശ്വാസികൾ കൂടുതൽ ആഹ്ലാദിക്കുന്നത്. നബി പുകളുകൾ പാടിപ്പറയാൻ ജൽസകളൊരുക്കിയും മധുരങ്ങൾ നൽകിയും റാലികൾ സംഘടിപ്പിച്ചും തോരണങ്ങൾ കെട്ടിയും മിലാദുന്നബിയിൽ ലോകം ആനന്ദിക്കുന്നത്. ലക്ഷദ്വീപിലെ വിശ്വാസികൾ വ്യത്യസ്തമായ രൂപത്തിലാണ് പുണ്യറബീഇനെ സൽകരിക്കുന്നതും തിരു വസന്തത്തിൽ സന്തോഷിക്കുന്നതും.
ലക്ഷ ദ്വീപിൽ പതിനൊന്ന് ദ്വീപുകളിലാണ് ജനനവാസമുള്ളത്. പൂർണമായും മുസ്ലിം ജന വാസ പ്രദേശങ്ങളായത് കൊണ്ടുതന്നെ ദ്വീപുകളിലെല്ലാം മീലാദാഘോഷങ്ങൾക്ക് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. ഓരോ മീലാദ് പിന്നിടുമ്പോഴും കൂടുതൽ ഇമ്പമേറുന്ന കാഴ്ചകളാണ് പൊതുവെ ലക്ഷദ്വീപിൽ കാണുന്നത്..ലക്ഷ ദ്വീപിലെ പ്രധാന ടൂറിസ്റ്റ് നഗരിയായ അഗത്തി ദ്വീപിലെ മീലാദാഘോഷം നിറമുള്ള കാഴ്ച തന്നെയാണ്.
പ്രണയം നിറച്ച വർണ ബലൂണുകൾ: ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ നിന്നുള്ള നബിദിന കാഴ്ച |
റബീഅ് പിറക്കും മുന്നേ വീടിൻ്റെ അകവും പുറവും മിനുക്കുന്നത് അഗത്തി ദ്വീപുകാരുടെ പതിവാണ്, അല്ല ചര്യയാണ്.വീട്ടിലെ എല്ലാ വസ്തുക്കളും പൊടി കുടഞ്ഞെടുക്കും. അവശ്യമില്ലാത്തതെല്ലാം ഉപേക്ഷിക്കും. വീടിൻ്റെ ഉള്ളും പുറവും പൂർണമായും ശുദ്ധീകരിക്കും. മനസ്സും ശരീരവും സംശുദ്ധമാക്കും. ചുരുക്കത്തിൽ റമളാൻ്റെ മുന്നോടിയായി നമ്മുടെ വീടുകളിൽ ചെയ്യാറുള്ള നനച്ചു കുളിയാണിത്. സഫർ അവസാനത്തോടു കൂടി എല്ലാ വീടുകളും പള്ളികളും വർണ്ണ ബൾബുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കാരം തീത്തിട്ടുണ്ടാവും. റോഡുകൾ അലങ്കരിക്കുന്നത് വ്യത്യസ്തമായ കാഴ്ചയാണ്. ദ്വീപിലെ വാർഡുകൾ തമ്മിൽ മത്സരിച്ചാണ് തെരുവുകൾ അലങ്കരിക്കുന്നത്.
പ്രായഭേദമന്യേ എല്ലാവരും ഈ പരിപാടി കളിൽ പങ്കുചേരുന്നു.അഗത്തി പഞ്ചായത്തിൽ പത്ത് വാർഡുകളാണ് ആകെയുള്ളത്. ഏറ്റവും മികച്ച രൂപത്തിൽ അലങ്കരിക്കുന്ന വാർഡിന് പഞ്ചായത്ത് അവാർഡ് നൽകുന്നു. അതുകൊണ്ടു തന്നെ ഓരോ വാർഡുകളും ഒന്നിനൊന്നായി അലങ്കാരം തീർക്കും. അതുകൊണ്ടു തന്നെ തിരു വസന്തത്തിൽ അഗത്തി ദ്വീപിലെ തെരുവുകൾ തീർത്തും വർണാപമാണ്.
സയ്യിദ് ബാവ ഫക്രുദ്ദീൻ (റ) വിൻ്റെ മഖാം സിയാറത്തോടെയാണ് റബീഅ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. റബീഉൽ അവ്വലിൻ്റെ ആദ്യ പുലരിയിൽ തന്നെ ദ്വീപ് നിവാസികളെല്ലാം മഖാമിലെത്തും. ശുഭ്രവസ്ത്രം ധരിച്ച് മധുര പലഹാരങ്ങളുമായി വസന്ത പുലരിയെ അവർ സൽക്കരിക്കും. അഗത്തി ദ്വീപിലെ ഖാളിയാണ് സിയാറത്തിന് നേതൃത്വം നൽകാറുള്ളത്.
റബീഇൻ്റെ ആദ്യ പത്ത് ദിവസം മദ്രസാ വിദ്യാർത്ഥികളുടെ ഘോഷയാത്രയുണ്ടാവും. രാവിലെ ഏഴു മണി മുതൽ ഒമ്പത് മണി വരെയും വഴികീട്ട് നാലു മണി മുതൽ ആറുമണി വരെയും ഈ ആഘോശറാലികൾ സംഘടിപ്പിക്കുക. നാട്ടിലെ എല്ലാ വീടുകളിലും റാലിയെത്തും. റാലിയെ നിയന്ത്രിക്കുന്നത് മദ്രസയിലെ ഉസ്താദുമാരാണ്. ഓരോ വീട്ടിലും മദ്ഹുകൾ ആലപിച്ച് അവർക്കു വേണ്ടി കൂട്ടമായി പ്രാർത്ഥിക്കുന്നു. റാലിയെ സ്വീകരിക്കാൻ പലതര മധുര പലഹാരങ്ങൾ വീടുകളിൽ ഒരുങ്ങും. മദ്രസയിലേക്കുള്ള വലിയൊരു വരുമാന സ്രോതസ്സും കൂടിയാണ് ഈ റാലി. ദ്വീപിലെ വിശ്വാസികൾ വൻ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും റാലി സ്വീകരണത്തിൽ മദ്രസ്സയിലേക്ക് കൈമാറാറുണ്ട്.പതിനായിരം മുതൽ ഒരു ലക്ഷം വരെ ഹദിയ നൽകുന്ന കുടുംബങ്ങളുണ്ട്, ആഭരണങ്ങൾ,വസ്ത്രങ്ങൾ, ഫർണീച്ചറുകൾ, ആടുകൾ, കോഴികൾ തുടങ്ങി പലതും സംഭാവനകളായെത്തും. ലഭിക്കുന്നതെല്ലാം മദ്രസക്കു മുന്നിലെ ഷെഡിൽ വിൽപ്പന നടത്തും. പത്തു ദിവസത്തെ നീണ്ട വിൽപ്പന. എല്ലാം പകുതി വിലക്ക്. പത്തു ദിവസത്തെ മീലാദ് റാലി അവസാനിക്കുന്നതോടെ മദ്രസയിലേക്ക് ലക്ഷങ്ങൾ വരുമാനമാണ്. പ്രതി വർഷം പതിനഞ്ച് ലക്ഷത്തിലേറെ വരുമാനം ലഭിക്കുന്ന മദ്രസകളുണ്ട്.
ഒന്നും മുതൽ പന്ത്രണ്ട് വരെ എല്ലാ പള്ളികളിലും വിപുലമായ മൗലിദ് പാരായണവുമുണ്ടാവും. അഗത്തി ദ്വീപിൽ നാൽ പ്പതിലേറെ പള്ളികളുണ്ട്. നാട്ടിലെ മുഴുവൻ ആളുകളും പള്ളികളിൽ ഒരുമിച്ചു കൂടും. വിദ്യാർത്ഥികൾക്ക് മദ്രസ കോമ്പൊണ്ടിലായിരിക്കും മൗലിദ് സദസ്സ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞാലുടനെ എല്ലാവരും അകത്തെ പള്ളിയിൽ വട്ടമിട്ടിരിക്കും. നാട്ടിലെ എല്ലാ ആളുകളും സദസ്സിൽ സജ്ജരാണ്. കുട്ടികളും പ്രായമായവരും യുവാക്കളുമെല്ലാം അണിനിരന്നിട്ടുണ്ടാകും. എല്ലാവരും തൊപ്പി ധരിച്ച് ഏറെ സുന്ദരമായാണ് സദസ്സിലിരിക്കുക.
ശറഫുൽ അനാം മൗലിദ്, മങ്കൂസ് മൗലിദ്, ബർസഞ്ചി മൗലിദ് തുടങ്ങിയ മൗലിദുകളാണ് പതിവ് പാരായണം ചെയ്യാറ്. ഖസീദത്തുൽ ബുർദയിൽ നിന്നും അൽപ്പം വരികളും ചൊല്ലുന്ന പതിവുമുണ്ട്. എല്ലാ ദിവസവും സുഭിക്ഷമായ തബറുക് ഭക്ഷണവും സദസ്സിലുണ്ടാവും.
ആടു കറിയും നെയ്ചോറുമാണ് പ്രധാന വിഭവം. ദിവസവും ഒന്നോരണ്ടോ ആടുകളെ ഇതിനായി ഓരോ പള്ളികളിലും തയ്യാറാക്കും. ഭക്ഷണം കഴിക്കാനുള്ള വിശാലമായ സൗകര്യം എല്ലാ പള്ളികളുമൊരുക്കിയിരിക്കും.
കൂട്ടമായിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നത് നാട്ടിലെ സ്ത്രീകളാണ്.ഓരോ ദിവസവും ഓരോ കുടുംബത്തിലെ സ്ത്രീ കളായിരിക്കും ഇതിന് നേതൃത്വം നൽകുക. ദിവസവും നാലോ അഞ്ചോ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യാനെത്തും. ഐക്യകണ്ഠേനയുള്ള തിരുനബിയോടുള്ള സ്നേഹമാണ് ദ്വീപു കാരുടെ ഏറ്റവും വലിയ സവിശേഷത.
റബീഉൽ അവ്വൽ മുപ്പത് ദിവസം നീണ്ടു നിൽകുന്ന ദഫ് യാത്രയാണ് അഗത്തി ദ്വീപിൻ്റെ മറ്റൊരു പ്രത്യേകത. ദഫ് സംഘം ദ്വീപിലെ യുവാക്കളാണ്. ഫോർ വീലർ വാഹനങ്ങളിൽ ലൈറ്റുകൾ കെട്ടിയാണ് യാത്ര. രാത്രി ഒരു മണി വരെ സഞ്ചാരം തുടരും. ദഫുകൾ കൊട്ടി നശീദകൾ പാടി ദ്വീപ് മുഴുവനും തിരുനബി മദ്ഹുകളാൽ മുഖരിതമാക്കും.
റബീഉൽ അവ്വൽ പതി നൊന്നിനാണ് ദ്വീപിലെ മീലാദു നബി പൊതു റാലി.ദ്വീപിലെ വിശ്വാസികളെല്ലാം ആ റാലിയിൽ സന്നിഹിതരാകും.അന്ന് എല്ലാവരും പുതിയ വെള്ള വസ്ത്രം ധരിച്ചെത്തും. അലങ്കരിച്ച വാഹനങ്ങൾ റാലിയെ ആനയിക്കാൻ മുന്നിലുണ്ടാവും. ദഫും അറബനയും കൊട്ടി സ്വലാത്തുകളുടെയും ഖസീദകളുടേയും ഈരടികളോടെയാണ് മീലാദുനബി യാത്ര. റബീഉൽ അവ്വൽ പന്ത്രണ്ടിന് പുലർച്ചെ നാട്ടിലെ ഖാളിയുടേയും ഉസ്താദുമരുടേയും നേതൃത്വത്തിൽ വിപുലമായ മൗലിദ് സദസ്സുണ്ടാകും ശേഷമാണ് ഭക്ഷണ വിതരണം. ആറും ഏഴും മാടുകളെ കൊണ്ടാണ് ഭക്ഷണം ക്രമീകരിക്കാറുള്ളത്. പുരുഷന്മാർക്കെല്ലാം മദ്രസയിൽ നിന്നു തന്നെ കഴിക്കാനുള്ള സൗകര്യവും സ്ത്രീകൾക്ക് വാഹനങ്ങളിൽ അവരുടെ വീടുകളിലേക്കെത്തിക്കുന്ന പതിവുമാണവിടെയുളളത്. വീട്ടുകാർ കൊണ്ടു വരുന്ന പാത്രം നിറച്ചു കൊടുക്കുന്ന രീതിയിലാണ് എല്ലാ വർഷവും ദ്വീപിലെ ഭക്ഷണ വിതരണം ചെയ്യാറുള്ളത്.
റബീഅ് ആഗതമാകുമ്പോഴും അല്ലാത്ത സമയങ്ങളിലും ദ്വീപുകാരുടെ ഐക്യവും സ്നേഹവും എടുത്തു പറയേണ്ടതാണ്. അതിഥിയായി ദ്വീപുകളിൽ എത്തിച്ചേരുന്നവരെ സ്വീകരിക്കാനും ആവശ്യമായതെല്ലാം നൽകാനും ദ്വീപുകാർക്ക് വലിയ വ്യഗ്രതയാണ്. റബീഇലും റമളാനിലും വലിയ പ്രതീക്ഷകൾ അർപ്പിച്ച് ദ്വീപ് ലക്ഷ്യമാക്കി ഒരുപാട് വിശ്വാസികൾ പോകാറുണ്ട്. പിരിവാണ് ഉദ്ദേശം. പ്രതീക്ഷകൾക്കപ്പുറം ഏറെ സന്തോഷത്തോടെയാണ് ഓരോ പിരിവുകാറും ദ്വീപുകളിൽ നിന്നും മടങ്ങിയെത്താറുള്ളത്.
അതിഥികളുടെ മനസ്സും വയറും നിറക്കുക എന്നതാണ് ദ്വീപുകളുടെ ശൈലി. ഇല്ലായ്മയുടെ അടിവേരിൽ കുരുങ്ങി തിരിയുന്നവർ പോലും ഉള്ളതിലൊരു പാതി നൽകാൻ മനസ്സു കാണിക്കുന്നു. ഹബീബിന്റെ പാരമ്പര്യം മനസ്സു കൊണ്ട് ഏറ്റെടുത്ത വിചിത്രമായ മനുഷ്യരാണവർ.
4 October, 2024 10:05 am
shaji sadiq
Masha all a Nannayitund Lakshatheepil pokanthonunnu..2 October, 2024 10:34 pm
pc
റബീഇൻ്റെ ചന്ദ്രപ്പിറ കാണുന്നതോടെ ദ്വീപിൻ്റ മണ്ണിനും മനസ്സിനും സ്വലാത്തിൻ്റെ സുഗന്ധമായിരിക്കും. മൗലിദിന്റെ വെളിച്ചങ്ങളിലേക്ക് വീടുകളുണരും. മരതക പച്ചക്കടലും വെള്ളാരം മണൽക്കരയും ലഗൂണുകളും തിരുനബിയെന്ന പ്രേമത്തിരമാല ചൂടി അണിഞ്ഞൊരുങ്ങും.