അൽ അത്താസിന്റെ ചിന്താമണ്ഡലത്തിലെ ഏറ്റവും വിപ്ലവകരവും ദാർശനികവുമായ ആശയമാണ് അറിവിൻ്റെ ഇസ്‌ലാമികരണം. ‘അറിവ്’ (Knowledge) എന്നത് ഒരിക്കലും നിഷ്പക്ഷമായ ഒന്നല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന നിരീക്ഷണം.
വായിക്കാം:
മതേതര-ആധുനികതയുടെ ആശയ ലോകത്ത് നിന്ന് രൂപം കൊണ്ട, വൈജ്ഞാനിക വ്യവസ്ഥിതിയെ ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ ആന്തരിക മൂല്യങ്ങൾ കൊണ്ട് ചോദ്യം ചെയ്ത ഇരുപത്/ഇരുപത്തി ഒന്ന് നൂറ്റാണ്ടിൽ മുസ്‌ലിം ലോകം കണ്ട ഏറ്റവും ശ്രദ്ധേയനായ ചിന്തകനും പണ്ഡിതനുമായിരുന്നു സയ്യിദ് മുഹമ്മദ് നഖീബ് അൽ അത്താസ്. നിരവധി സൂഫികളെയും, ഗുരുക്കന്മാരെയും സംഭാവന ചെയ്ത യമനിലെ തരീമിൽ ബാഅലവി കുടുംബ പരമ്പരയിൽ നിന്ന് ആധുനിക ലോകത്തിന്റെ പദങ്ങളും ശബ്ദവും ഉപയോഗിച്ച് സംവദിച്ച അപൂർവം ചിന്തകരിൽ ഒരാളായിരുന്നു അദ്ദേഹം. മുസ്‌ലിം ലോകത്തിന്റെ പ്രതിസന്ധികളെ കുറിച്ചുള്ള മുഖ്യധാരാ സംവാദങ്ങളിൽ അൽ അത്താസിന്റെ ശബ്ദം വേറിട്ട് തന്നെ നിന്നിരുന്നു. 2024 ൽ മലേഷ്യൻ ഭരണകൂടം 'റോയൽ പ്രൊഫസർ' പദവി നൽകി ആദരിക്കുകയും ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് പണ്ഡിത പ്രതിഭകളിലൊരാളായി തിരെഞ്ഞടുക്കുകയും ചെയ്തിരുന്നു.
1931 സെപ്തംബർ 5 ന് ഇന്താേനേഷ്യയിൽ ജനിച്ച അദ്ദേഹം ഇസ്‌ലാമിക്-ആധുനിക വ്യവഹാരങ്ങളിൽ അഗാധ ജ്ഞാനം നേടി. പാരമ്പര്യ ഇസ്‌ലാമിനെ മുൻനിർത്തിയുള്ള അദ്ദേഹത്തിൻ്റെ ആലോചനകളുടെ ഫലമായി ഉരുത്തിരിഞ്ഞ ആശയമാണ് അറിവിൻ്റെ ഇസ്‌ലാമികരണം (Islamisation of Knowledge). ഇസ്‌ലാമിക് ഫിലാേസഫി, കാേസ്മാേളജി, സൂഫിസം തുടങ്ങിയവയിൽ നിരവധി കൃതികൾ അദ്ദേഹത്തിനുണ്ട്. സയ്യിദ് നഖീബ് അൽ അത്താസിന്റെ വിയോഗം സൃഷ്ടിച്ച വൈജ്ഞാനികമായ ശൂന്യതയെ പുതിയ കാലത്ത് ഉമ്മത്ത് മറികടക്കേണ്ടത് അദ്ദേഹം തെളിച്ചുതന്ന ജ്ഞാനശാസ്ത്രപരമായ ഉൾക്കാഴ്ചകളെ ആഴത്തിൽ പഠിച്ചുകൊണ്ടും അവയെ വർത്തമാനകാലത്തിന്റെ ഭാഷയിൽ പ്രായോഗികമായി അവതരിപ്പിച്ചുകൊണ്ടുമാകണം.
അറിവിൻ്റെ ഇസ്‌ലാമീകരണം ഭാഷയിലൂടെ
അൽ അത്താസിന്റെ ചിന്താമണ്ഡലത്തിലെ ഏറ്റവും വിപ്ലവകരവും ദാർശനികവുമായ ആശയമാണ് അറിവിൻ്റെ ഇസ്‌ലാമീകരണം. ‘അറിവ്’ (Knowledge) എന്നത് ഒരിക്കലും നിഷ്പക്ഷമായ ഒന്നല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന നിരീക്ഷണം. ആധുനിക വിജ്ഞാനശാഖകൾ, അത് ശാസ്ത്രമാകട്ടെ, സാമൂഹിക ശാസ്ത്രമാകട്ടെ രൂപപ്പെട്ടിട്ടുള്ളത് പാശ്ചാത്യ ലോകത്തിന്റെ മതാതീതമായ (Secular) സങ്കൽപ്പങ്ങളിൽ നിന്നാണ്. അവയുടെ ഉത്ഭവത്തിൽ തന്നെ പാശ്ചാത്യ ലോകവീക്ഷണത്തിന്റെ ജീനുകൾ ആഴത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, യാഥാർത്ഥ്യങ്ങളെയും സത്യത്തെയും കുറിച്ചുള്ള ഭാഷാപരമായ അടയാളങ്ങളെ ഇസ്‌ലാമികവൽക്കരിച്ചുകൊണ്ട് ആധുനിക വിജ്ഞാനശാഖകൾ ഇസ്‌ലാമികവൽക്കരിക്കേണ്ടത് മുസ്‌ലിംകൾക്ക് അത്യന്താപേക്ഷിതമാണ്. ശാസ്ത്രത്തിന്റെ ഇസ്‌ലാമികവൽക്കരണത്തെക്കുറിച്ച് അൽ അത്താസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: മനുഷ്യനെ ആദ്യം പുരാണങ്ങളിൽ (mythological) നിന്നും മന്ത്രവാദം, ആത്മാരാധന (animistic), ദേശീയ-സാംസ്‌കാരിക പാരമ്പര്യങ്ങൾ എന്നിവയിൽ നിന്നും മോചിപ്പിക്കുക, അതിനുശേഷം അവന്റെ ബുദ്ധിയിലും ഭാഷയിലും മേൽക്കോയ്മ പുലർത്തുന്ന മതാതീതമായ (Secular) നിയന്ത്രണങ്ങളിൽ നിന്നും അവനെ സ്വതന്ത്രനാക്കുക.
അൽ അത്താസിന്റെ നിരീക്ഷണമനുസരിച്ച്, മനുഷ്യൻ എന്നത് 'അൽ ഹയവാനുൽ നാത്വിഖ്' (Al-hayawan al-natiq - ചിന്തിക്കുന്ന അല്ലെങ്കിൽ സംസാരിക്കുന്ന ജീവി) ആണ്. ഇവിടെ 'നാത്വിഖ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 'അഖ്‌ൽ' (ബുദ്ധി) എന്നാണ്. മനുഷ്യന്റെ ആത്മാവിന് ജ്ഞാനപരമായ ഒരു കഴിവുണ്ട് ('അഖ്‌ലിയ്യ'). ഇത് അർത്ഥവത്തായ അടയാളങ്ങളെ രൂപപ്പെടുത്താനും കൈമാറാനും അവനെ സഹായിക്കുന്നു. സംസാരത്തിലൂടെയോ ഭാഷയിലൂടെയോ ആണ് ഈ അടയാളങ്ങൾ ലോകത്തിന് മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബുദ്ധിശക്തിയുടെ ഫലമാണ് ഭാഷ. ഭാഷയുടെ ഉത്ഭവം ദൈവികമായ സംഭാഷണത്തിൽ നിന്നാണ്. വാൻ ദൗദ് വിവരിക്കുന്നു; അൽ അത്താസിന്റെ അഭിപ്രായത്തിൽ, മാതാവിന്റെ ഗർഭപാത്രത്തിൽ വെച്ച് മനുഷ്യശരീരത്തിലേക്ക് ആത്മാവ് ഊതപ്പെടുന്നതിന് മുൻപ്, മനുഷ്യനും ദൈവവും തമ്മിൽ നടന്ന ഒരു ഉടമ്പടിയിലാണ് (Covenant) ഭാഷയുടെ തുടക്കം കുറിക്കുന്നത്. മനുഷ്യൻ സ്വമനസ്സാലെ മറുപടി നൽകാനും വാഗ്ദാനം ചെയ്യാനും കാരണമായ ആ സംഭാഷണം "ബലാ! ഷഹിദ്‌നാ" (അതെ, ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു) എന്നതായിരുന്നു. ഈ ഉടമ്പടിയിലാണ് ഭാഷയുടെ ഉത്ഭവമെന്ന് അദ്ദേഹം മുന്നോട്ട് വെക്കുന്നു.
ശരിയായ പ്രക്രിയയിലൂടെ നേടിയെടുക്കുന്ന അറിവ് ശരിയായ ശാസ്ത്രത്തെ ഉത്പാദിപ്പിക്കുമെന്നത് വ്യക്തമാണ്. അതിനാൽ, ശാസ്ത്രത്തിന്റെ അടിസ്ഥാന സ്രോതസ്സുകൾ ദൈവിക വെളിപാടുകൾക്ക് (Revelation) അനുസൃതമായിരിക്കണം. ഖുർആനും ഹദീസും അനുസരിച്ചുള്ള ജ്ഞാനവും ഭാഷാശേഷിയുമുള്ള ഒരു മനുഷ്യൻ പുതിയൊരു ഭാഷയോ വിജ്ഞാനമോ രൂപപ്പെടുത്തുമ്പോൾ, അതിൽ ദൈവികമായ മൂല്യങ്ങൾ മാറ്റമില്ലാതെ നിലനിൽക്കുന്നു. ഇസ്‌ലാമികവൽക്കരണം ആരംഭിക്കുന്നത് ഭാഷയിൽ നിന്നാണെന്ന് അൽ അത്താസ് വിശ്വസിക്കുന്നു. അതിനാൽ തന്നെ ഭാഷയുടെ ഇസ്‌ലാമികവൽക്കരണ പ്രക്രിയെ അദ്ദേഹം ഉയർത്തികാട്ടുന്നുണ്ട്.
ഭാഷയുടെ ഇസ്‌ലാമികവൽക്കരണം എന്നത് ഭാഷയെ പുനർ-ഇസ്‌ലാമികവൽക്കരിക്കുക (Re-Islamization) എന്നതല്ല ഇവിടെ ആവശ്യം. അത് നേരത്തെ തന്നെ ഇസ്‌ലാമിന്റെ ഭാഷയായിരുന്നു. അതിനാൽ ആ ഇസ്‌ലാമിക ശാസ്ത്രീയ ഭാഷാശേഖരത്തെ (Scientific language corpus) വീണ്ടും വീണ്ടെടുക്കുകയും, ഒപ്പം ഇതുവരെ അറിയപ്പെടാത്തതും എന്നാൽ ഇസ്‌ലാമിക ലോകവീക്ഷണത്തെയോ മെറ്റാഫിസിക്സിനെയോ പ്രതിഫലിപ്പിക്കുന്നതുമായ പുതിയ പദാവലികൾ അതിലേക്ക് ചേർക്കുകയുമാണ് വേണ്ടത്. അത് മൂലം ഭാഷയുടെ ബാഹ്യമായ വിവർത്തനത്തിലല്ല ഇസ്‌ലാമികവൽക്കരണത്തിന്റെ കാതൽ, മറിച്ച് ആ ഭാഷയിലെ ആശയങ്ങളുടെ ഉള്ളടക്കത്തിലോ അർത്ഥത്തിലോ വരുന്ന മാറ്റത്തിലാണ്. ഉദാഹരണത്തിന്, ജാഹിലിയ്യാ കാലഘട്ടത്തിൽ, അറബി ഭാഷയിലെ വാക്കുകൾക്ക് ഇന്ന് നമ്മൾ കാണുന്ന അർത്ഥമായിരുന്നില്ല ഉണ്ടായിരുന്നത്. അക്കാലത്ത് "കരീം" (Karim) എന്ന വാക്കിന് ഔദാര്യവുമായി ബന്ധപ്പെട്ട 'തറവാടിത്തം' അല്ലെങ്കിൽ 'കുലീനത' എന്നായിരുന്നു അർത്ഥം. അതിനാൽ "കരീം" എന്ന വാക്ക് "ബുഖ്ല്" (പിശുക്ക്) എന്ന വാക്കിന്റെ വിപരീത പദമായാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഖുർആൻ പിൽക്കാലത്ത് 'ക-റ-മ' (ka-ra-ma) എന്ന ധാതുവിൽ നിന്നുള്ള പദങ്ങളുടെ അർത്ഥതലത്തെ 'ഭക്തിയുടെയോ' (Piety/Taqwa) അടിസ്ഥാനത്തിലുള്ള മഹത്വമായി പുനർനിർവചിച്ചു. ഇത്തരത്തിൽ ജാഹിലിയ്യാ കാലത്തെ പ്രധാന പദങ്ങളുടെ അടിസ്ഥാന ആശയഘടനയെ മാറ്റുന്നതിൽ ഖുർആൻ വഹിച്ച പങ്ക് വളരെ വലുതാണ്.
ഖുർആൻ ഭാഷയെ ഇസ്‌ലാമികവൽക്കരണം നടത്തിയെങ്കിലും, പാശ്ചാത്യവൽക്കരണത്തിന്റെ (Westernization) ഭാഗമായി ഭാഷാപരമായ പ്രശ്നങ്ങൾ ഉടലെക്കുകയും അതിനാൽ തെറ്റായ രീതിയിൽ ഭാഷ ഉപയോഗിക്കാൻ തുടങ്ങിയതോടെ അവർ ഖുർആനികമായ അർത്ഥങ്ങളോട് യോജിക്കാത്ത കാര്യങ്ങൾ വാക്കുകളിൽ കൂട്ടിച്ചേർക്കുകയും (Addition) ഒഴിവാക്കുകയും (Subtraction) ചെയ്തു. ഇത്തരത്തിലുള്ള കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും അവരുടെ വിജ്ഞാനത്തെയല്ല, മറിച്ച് അവരുടെ അറിവില്ലായ്മയെ അഥവാ 'ജഹല് (Ignorance) ആണ് കാണിക്കുന്നത്. അതുകൊണ്ടാണ് അൽ അത്താസ് വ്യക്തമാക്കുന്നത്; അർത്ഥങ്ങളിൽ മാറ്റം വരുത്തുകയും പിന്നീട് സമൂഹത്തെ മാറ്റുകയും ചെയ്യുന്ന യഥാർത്ഥ ഘടകം ഈ അറിവില്ലായ്മയാണ്. അല്ലാതെ സമൂഹം മാറിയതുകൊണ്ടല്ല അർത്ഥങ്ങൾ മാറുന്നത്. നിലവിൽ മനുഷ്യർക്കിടയിൽ പടർന്നുപിടിച്ചിരിക്കുന്ന ഈ അറിവില്ലായ്മ പാശ്ചാത്യവൽക്കരണത്തിന്റെ ഫലമാണ്.
ജ്ഞാനശാസ്ത്രപരമായി നോക്കുമ്പോൾ, മനുഷ്യബുദ്ധിയെ സംശയം (Syakk), മുൻവിധി (Zann), പൊള്ളയായ തർക്കങ്ങൾ (Mira’) എന്നിവയിൽ നിന്ന് മോചിപ്പിക്കുകയും; ആത്മീയവും ബൗദ്ധികവും ഭൗതികവുമായ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ദൃഢബോധത്തിലേക്കും (Yaqin) സത്യത്തിലേക്കും (Haqq) എത്തിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമികവൽക്കരണത്തിന്റെ ലക്ഷ്യം. ശാസ്ത്രത്തെ ഇസ്‌ലാമികവൽക്കരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ചില മുൻവ്യവസ്ഥകൾ അത്യാവശ്യമാണ്: അയാൾ ഇസ്‌ലാമിക ജീവിതവീക്ഷണം അഥവാ ലോകവീക്ഷണം തിരിച്ചറിയുന്നതോടൊപ്പം തന്നെ പാശ്ചാത്യ സംസ്‌കാരത്തെയും നാഗരികതയെയും ആഴത്തിൽ മനസ്സിലാക്കാൻ കഴിവുള്ളവനുമായിരിക്കണം. ഇസ്‌ലാമികവൽക്കരണത്തിന്റെ പ്രയോഗവും നടപ്പിലാക്കലും ഒരു ചെറിയ പ്രക്രിയയല്ല; മറിച്ച് അത് വ്യവസ്ഥാപിതവും ഘടനാപരവുമായ ആശയങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന വിജ്ഞാനം ഖുർആനിന്റെയും ദൈവിക വെളിപാടിന്റെയും ഇസ്‌ലാമികവൽക്കരണ രീതികളുമായി പൊരുത്തപ്പെടുന്നതായിരിക്കും.
സെക്യുലറിസം ദാർശനിക വിയോജിപ്പുകൾ
സെക്കുലർ എന്നത് ഒരു പാശ്ചാത്യ പദമാണെന്നും, അത് ഈ കാലഘട്ടത്തെയോ അല്ലെങ്കിൽ ഒരു പ്രത്യേക സമയത്തെയോ സ്ഥലത്തെയോ സൂചിപ്പിക്കുന്നതാണെന്നും നൂർക്കാലിഷ് മജ്ദിദ് (Nurcholish Majdid) പ്രസ്താവിക്കുന്നു. അൽ അത്താസിന്റെ അഭിപ്രായത്തിൽ, ലാറ്റിൻ ഭാഷയിലെ 'സേക്കുലം' (Saeculum) എന്ന വാക്കിൽ നിന്നാണ് സെക്കുലർ എന്ന പദം ഉണ്ടായത്. ആധുനിക പാശ്ചാത്യ ക്രിസ്ത്യൻ വീക്ഷണമനുസരിച്ച്, സെക്കുലർ എന്ന സങ്കൽപ്പത്തിന് രണ്ട് അർത്ഥങ്ങളുണ്ട്: സമയവും സ്ഥലവും. സമയം എന്നത് 'ഇപ്പോൾ' അല്ലെങ്കിൽ 'ഇക്കാലത്ത്' എന്നതിനെ സൂചിപ്പിക്കുന്നു. സ്ഥലം എന്നത് 'ലോകം' അല്ലെങ്കിൽ 'ലൗകികം' (Profane) എന്നതിനെയും സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, 'സേക്കുലം' എന്നത് 'ഇക്കാലം' അല്ലെങ്കിൽ 'ഇപ്പോൾ' എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഈ കാലഘട്ടം എന്നത് ഈ ലോകത്തെ ഒരു സംഭവത്തെയാണ് സൂചിപ്പിക്കുന്നത്, കൂടാതെ 'ഇന്ന് നടക്കുന്നത്' എന്നും ഇതിന് അർത്ഥമുണ്ട്. ഒരു നിശ്ചിത സമയത്തെ ലോകത്തിന്റെ അവസ്ഥയെയാണ് സെക്കുലർ എന്ന സങ്കല്പം ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ, അറബ് ക്രിസ്ത്യാനികൾ ഈ പദത്തെ അവരുടെ ഭാഷയിലേക്ക് 'അൽമാനിയ്യ്' (almaniy) എന്ന് വിവർത്തനം ചെയ്തതായി നമുക്ക് കാണാം. ഇതിന് 'കലയിലോ തൊഴിലിലോ വൈദഗ്ധ്യമില്ലാത്തവൻ' (laysa min arbab al-fann aw al-hirfah) എന്നും, സെക്കുലാരിറ്റിക്ക് 'ദുനിയാവിനോടുള്ള താല്പര്യം' (al-ihtimam bi umur al-dunya) അല്ലെങ്കിൽ 'ലൗകിക കാര്യങ്ങളിലെ താല്പര്യം' എന്നും, സെക്കുലറൈസേഷന് 'ലൗകികമായ ലക്ഷ്യങ്ങളിലേക്കുള്ള മാറ്റം' (hawwal ila ghard 'alamiy ay dunyawiy) എന്നുമാണ് അവർ അർത്ഥം നൽകിയിരിക്കുന്നത്.
പാശ്ചാത്യ ക്രൈസ്തവർ സെക്കുലറൈസേഷനെ 'അൽ ഇഹ്തിമാം ബി ഉമൂർ അൽ ദുനിയ' (ലൗകിക കാര്യങ്ങളിലുള്ള താല്പര്യം) അല്ലെങ്കിൽ 'ഇഹ്തിമാം ബി അൽ-ആലമിയ്യാത്ത്' എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. ഇത് മതത്തിന് വിപരീതമായ ഭൗതിക അല്ലെങ്കിൽ സെക്കുലർ കാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്ന അവസ്ഥയാണ്.കാരണം മുകളിലെ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ, സെക്കുലറൈസേഷൻ എന്നത് യഥാർത്ഥത്തിൽ മതത്തിന് തികച്ചും വിപരീതമായ ഒരു പ്രക്രിയയാണ്; മതത്തിന്റെ അന്തസ്സത്തയെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ദാർശനിക പദ്ധതിയോ പ്രത്യയശാസ്ത്രമോ ആണത്. 'അൽമാനിയ്യഃ' എന്നത് സെക്കുലറിസത്തിന്റെ ശരിയായ പ്രതിഫലനമല്ല. പ്രത്യേകിച്ച് പോസിറ്റിവിസം (Positivism) പോലുള്ള ദാർശനിക പ്രത്യയശാസ്ത്രങ്ങളുമായുള്ള സാമ്യം കണക്കിലെടുക്കുമ്പോൾ അൽ അത്താസിന്റെ അഭിപ്രായത്തിൽ, സെക്കുലറിസത്തേക്കാൾ 'വാഖിയ്യഃ' (Waqi’iyyah - യാഥാർത്ഥ്യവാദം) എന്ന പദത്തോടാണ് ഇതിന് കൂടുതൽ അടുപ്പമുള്ളത്.
അറബിയിൽ ചില ഗ്രീക്ക് പദങ്ങളും ആശയങ്ങളും അവയുടെ മൂലരൂപത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനാൽ അവയുടെ തനതായ ഉറവിടം തിരിച്ചറിയാൻ സഹായിക്കുന്നത് പോലെ 'സെക്കുലർ' (Secular) എന്ന പദത്തെ 'അൽമാനിയ്യ്' എന്ന് വിവർത്തനം ചെയ്യുന്നതിന് പകരം, അതിന്റെ ഉച്ചാരണം നിലനിർത്തിക്കൊണ്ട് തന്നെ അറബിയിൽ 'സീൻ-യാ-കാഫ്-ലാം-റാ' (സാക്കുലർ) എന്ന് എഴുതുന്നതാണ് ഉചിതമെന്ന് അൽ അത്താസ് നിരീക്ഷിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ, ഈ ആശയം ഇസ്‌ലാമികമോ അറബിയോ അല്ലെന്ന് മുസ്‌ലിംകൾക്ക് വ്യക്തമാകും. ഇത് ആ ആശയത്തെ മുസ്‌ലിം ലോകവീക്ഷണത്തിന്റെ (Worldview) ഭാഗമാക്കാതിരിക്കാൻ അവരെ പ്രേരിപ്പിക്കും. കൂടാതെ, സെക്കുലറിസത്തിന്റെ കാതലായ 'ഇവിടെ', 'ഇപ്പോൾ' (Here and Now) എന്ന സങ്കൽപ്പത്തെ സൂചിപ്പിക്കാൻ 'ഹുനലാനിയ്യഃ' (Hunalaniyyah) എന്ന പദം ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു. 'ഹുന' (ഇവിടെ), 'അൽ-ആൻ' (ഇപ്പോൾ) എന്നീ രണ്ട് അറബി പദങ്ങൾ ചേർത്താണ് അദ്ദേഹം ഇത് രൂപപ്പെടുത്തിയത്. പരലോകത്തെ നിഷേധിച്ചുകൊണ്ട് ഈ ലോകത്തെയും അതിലെ ഭൗതിക സാഹചര്യങ്ങളെയും മാത്രം കേന്ദ്രീകരിക്കുന്ന സെക്കുലറിസത്തിന്റെ സ്വഭാവം വ്യക്തമാക്കാൻ 'അൽമാനിയ്യ്' എന്ന പദത്തേക്കാൾ അനുയോജ്യം 'ഹുനലാനിയ്യഃ' ആണെന്ന് അദ്ദേഹം തന്റെ വിഖ്യാത ഗ്രന്ഥമായ 'പ്രോലെഗോമിന'യിൽ (Prolegomena to the Metaphysics of Islam ) വ്യക്തമാക്കുന്നുണ്ട്.
അറിവിനെക്കുറിച്ചുള്ള സങ്കൽപ്പത്തിൽ, ഇസ്‌ലാമിൽ നിന്ന് വിഭിന്നമായി പാശ്ചാത്യ നാഗരികത അതിന്റെ ശാസ്ത്രീയ ഉറവിടങ്ങൾ ഖുർആനിൽ നിന്നോ ദൈവിക വെളിപാടുകളിൽ നിന്നോ അല്ല സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ അവ ഇസ്‌ലാമിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നമുക്കറിയാവുന്നത് പോലെ, യഥാർത്ഥ അറിവ് ഒരാളെ ശരിയായ പാതയിലേക്ക് നയിക്കും. എന്നാൽ മോശമായതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ അറിവ് തെറ്റായ പാതയിലേക്കാകും നയിക്കുക. പാശ്ചാത്യ നാഗരികത മനുഷ്യനെ അറിവിന്റെയോ ശാസ്ത്രത്തിന്റെയോ ഏക ഉറവിടമായി കാണുന്നിടത്തോളം കാലം അതിന് ശരിയായ പാതയിലെത്താൻ കഴിയില്ല. കാരണം, മനുഷ്യൻ എപ്പോഴും ഒരു സ്ഥിരമായ അവസ്ഥയിലല്ല (മനുഷ്യബുദ്ധിക്ക് പരിമിതികളുണ്ട്). അതുകൊണ്ട് തന്നെ, ശരിയായ പാതയായ ഇസ്‌ലാമിലേക്ക് മടങ്ങുക എന്ന തന്റെ സങ്കൽപ്പത്തിലൂടെ നഖീബ് അൽ അത്താസ് ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നുണ്ട്. നമുക്ക് അനുസരിക്കാനും വാഗ്ദാനങ്ങൾ നൽകാനും കൽപ്പനകൾ നിറവേറ്റാനുമായി ഏകദൈവമാണുള്ളത്; ഈ ലോകത്ത് നമ്മൾ സൃഷ്ടിക്കപ്പെട്ടതിന്റെ പ്രധാന ലക്ഷ്യവും ഇതുതന്നെയാണ്. ഇതിനെയാണ് നഖീബ് അൽ അത്താസ് 'ഇസ്‌ലാമികവൽക്കരണം' (Islamization) എന്ന് വിളിച്ചത്. ഇസ്‌ലാമികവൽക്കരണം നടപ്പിലാക്കുന്നതിന് മുൻപ്, ആളുകൾ ഭാഷയുടെ ഇസ്‌ലാമികവൽക്കരണത്തിലൂടെ കടന്നുപോകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതോടൊപ്പം തന്നെ, 'ഡീ വെസ്റ്റേണൈസേഷൻ' (De-westernization) ചെയ്യുന്നതിന് മുൻപ് പാശ്ചാത്യവൽക്കരണത്തിന്റെ ഘടകങ്ങളായ മനുഷ്യബുദ്ധിയിലുള്ള അമിതവിശ്വാസം, ദ്വന്ദ്വവീക്ഷണം (Dualistic Vision), സെക്കുലർ ലോകവീക്ഷണം, ഹ്യൂമനിസം (Humanism), (Drama and Tragedy) എന്നിവയെ തിരിച്ചറിയുകയും വേണം. എങ്കിൽ മാത്രമേ അറിവിന്റെ ഇസ്ലാമികവത്കരണം സാധ്യമാകു.
Reference:
1. Islam and Secularism. Al-A" as, Syed Muhammad Naquib. 1993.
2. Prolegomena to the Metaphysics of Islam: an Exposition of The Fundamental Elements of the Worldviews of Islam.
3. Islam: The Concept of Religion and the Foundation of Ethics and Morality.
4. The Educational Philosophy and Practice of Syed Muhammad Naquib al-Attas: an Exposition of The Original Concept of Islamization. Wan Mohd Nor Wan Daud