മനസ്സിൽ ഹബീബിനോടുള്ള അനുരാഗവും ഇശ്ഖും നിറച്ചുവെച്ച് കരുണാമൃതമായി വർഷിച്ച പ്രേമഭാജനത്തെ പാടിപറഞ്ഞു കൊണ്ടിരുന്നാൽ ദേഹവും ദേഹിയും പാടെ രോഗമുക്തമാകുമെന്നതിൽ സന്ദേഹമില്ല. ഭീകരമഹാമാരികളിൽ നിന്നും ദാരുണദീനങ്ങളിൽ നിന്നും ദിവ്യശമനങ്ങളായി മലയാളക്കര ദർശിച്ച സ്നേഹശീലുകളാണ് ഖസീദത്തുൽ ബുർദയും മൻഖൂസ് മൗലിദും.

പ്രണയമൊരു അനുഭൂതിയാണ്. അനുരാഗ തീവ്രത കൊണ്ട് രണ്ടു ശരീരങ്ങൾ ഒന്നായി മാറുന്ന അനുഭൂതി. പ്രണയം അതിരുകൾ ഭേദിച്ച് നിലയ്ക്കാതെ പെയ്തു കൊണ്ടിരിക്കുമ്പോൾ ഹൃദയം നേർമയുള്ളതാകും. കണ്ണുകൾ നിറഞ്ഞൊഴുകും, ശരീരത്തെ കീഴടക്കും, വാക്കിലും നോക്കിലും ആ പ്രണയ തീവ്രത വർധിത വീര്യത്തിൽ നിറഞ്ഞുനിൽക്കും. മനുഷ്യനെ ആനന്ദ ലോകത്തേക്കും ചിലപ്പോൾ വിഷാദ രോഗത്തിലേക്കും പ്രണയം കൊണ്ടെത്തിക്കാറുണ്ട്. പ്രണയം സമ്പൂർണ്ണവും സമ്പന്നവുമാവണമെങ്കിൽ അല്ലാഹു പ്രണയിച്ചവരെ പ്രണയിക്കണം. അവർക്ക് ജീവിതം മധുരാനുഭവമായിരിക്കുമെന്ന് തീർച്ച.

പ്രണയം നബി സല്ലല്ലാഹു അലൈഹിവസല്ലമയോടാവുകയും തിരുനബി യഥാർത്ഥ പ്രേമഭാജനമായി മനസ്സിൽ നിറയുകയും ചെയ്യുന്നവർക്ക് ജീവിതം ഏറെ സന്തോഷദായകമായ അനുഭവമായിത്തീരുന്നതാണ്. കാരണം നമ്മുടെ ഉണ്മക്ക് തന്നെ നിദാനം തിരുനബി (സ്വ)യാണ്. അതാണ് തിരുനബി (സ്വ)യോട് നമുക്ക് പ്രണയം ഉണ്ടാവണമെന്നതിൻ്റെ അടിസ്ഥാനവും.

സർവലോകർക്കും കാരുണ്യമായി അവതരിച്ച തിരുനബി പ്രതിസന്ധികളിൽ മുഴുവനും കാവലായും അത്യാഹിതങ്ങളിൽ കരുതലായും ആപൽഘട്ടങ്ങളിൽ ആലംബമായും രോഗവേളകളിൽ ആശ്വാസമായും അനുഭവപ്പെടുന്നു. ജീവിതകാലത്തും ശേഷവും ഈ അനുഭവങ്ങൾ മാറ്റമൊന്നുമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു. അബ്ദുല്ലാഹിബിനു ഉമർ (റ)ൻ്റെ കാലിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ഇബ്നു സഅദ് (റ) പറഞ്ഞു: ജനങ്ങളിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയെ നിങ്ങൾ വിളിക്കുക. ഇബ്നു ഉമർ തങ്ങൾ യാ മുഹമ്മദ് എന്ന് വിളിച്ചു. തൽഫലം പ്രയാസമില്ലാതയായി. ചരിത്രത്തിൽ തിരുചര്യാനുധാവകർ (മുത്തബിഉസ്സുന്ന) എന്ന് അറിയപ്പെടുന്ന അബ്ദുല്ലാ( റ ), തിരുനബി (സ്വ)യുടെ കിടയറ്റ ആശിഖായിരുന്നുവെന്നത് സത്യമാണ്. പ്രണയം പൂത്തുലയുമ്പോൾ പ്രേമഭാജനത്തെ കുറിച്ചുള്ള ചിന്തയിൽ മാത്രമായി മുഴുകുന്ന ആശിഖ് നിരന്തരം തൻ്റെ മഅ്ശുഖിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. മാലിക് ബ്നു ദീനാർ (റ) പറയുന്നു: നിരന്തരം അല്ലാഹുവിന് ഓർക്കുന്നത് അവനോടുള്ള സമ്പൂർണ്ണ പ്രണയത്തിൻറെ അടയാളമാണ്. കാരണം ആശിഖ് മഅ്ശൂഖിൻ്റെ ഓർമകൾ വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും.

ഇമാം അഹ്മദ് ബിൻ ഹമ്പൽ (റ) ഇമാം ശാഫിഈ (റ) വും വലിയ പ്രേമത്തിലായിരുന്നു. അഹ്മദ് ബ്നു ഹമ്പൽ രോഗിയാണെന്നറിഞ്ഞപ്പോൾ ശാഫിഈ (റ) സന്ദർശിച്ചു. തിരിച്ചെത്തിയ ശാഫിഈ (റ)വും രോഗം പിടിപ്പെടുകയുണ്ടായി. രോഗം ഭേദമായ ഹമ്പൽ (റ) ശാഫിഈ (റ)നെ സന്ദർശിച്ചു. ഇതേ കുറിച്ച് ഇമാം ശാഫിഈ (റ) പാടിയത് ഇങ്ങനെയാണ് “ഹബീബിന് രോഗം വന്നപ്പോൾ ഞാൻ സന്ദർശിക്കുകയും ആ വേദനയിൽ രോഗിയാവുകയുമുണ്ടായി. ഹബീബിൻ്റെ രോഗം ഭേദമായപ്പോൾ എന്നെ സന്ദർശിച്ചു. ഹബീബിനെ കണ്ടതോടെ എൻ്റെ രോഗം  ശിഫയാവുകയും ചെയ്തു.” രോഗാതുരമായ ശരീരത്തിനും ആത്മാവിനും പ്രേമഭാജനത്തെ ദർശിക്കുന്നതും പ്രകീർത്തിക്കുന്നതും രോഗം ഭേദമാകാനും കൂടുതൽ ഊർജ്ജം ലഭിക്കുവാനുമുള്ള കാരണമാണ്

ഖസ്വീദത്തുൽ ബുർദ

പ്രണയമാനദണ്ഡങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വം തിരുനബി (സ) മാത്രമാണ്. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ പ്രണയകാവ്യങ്ങൾ വിരചിതമായതും ഹബീബിനെ കുറിച്ച് തന്നെയാണ്. പ്രണയഗീതങ്ങളിൽ വിശ്വപ്രസിദ്ധമാണ് ഖസീദത്തുൽ ബുർദ. വ്യത്യസ്തലോകഭാഷകളിൽ  ഈ കാവ്യ സമാഹാരത്തിന് വ്യാഖ്യാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് എന്നതും, ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിരവധി സദസ്സുകളിൽ ഈ കാവ്യം ആലപിക്കപ്പെടുന്നുണ്ട് എന്നതും ഇതിൻ്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ഹിജ്റ 608ൽ ജനിക്കുകയും 696ൽ വഫാത്താവുകയും ചെയ്ത ബൂസ്വൂരി എന്ന് സ്ഥാനപേരിൽ വിശ്രുതരായ അബൂഅബ്ദുല്ലാഹി ഷറഫുദ്ദീൻ മുഹമ്മദ് ബ്നു സഈദി ബ്നു ഹമ്മാദി സ്വൻഹാജി ബുർദയുടെ രചയിതാവ്. വടക്കൻ ആഫ്രിക്കയിലെ ആമസാഗിയ്യ ഗോത്രത്തിലെ സ്വൻഹാജ് ഉപഗോത്രത്തിലേക്ക് എത്തുന്ന കുടുംബ വേരുകളിൽ ജനിച്ചു വളർന്ന അദ്ദേഹം, ചെറുപ്പത്തിൽ തന്നെ ഖുർആൻ ഹൃദ്യസ്ഥമാക്കുകയും തിരുനബി (സ) യുടെ ചരിത്രങ്ങൾ പഠിച്ചെടുക്കുകയും ചെയ്തു. നിരവധി കാവ്യസമാഹാരങ്ങൾ തിരുനബി (സ) കുറിച്ച് രചിച്ചെങ്കിലും “അൽ കൗകബുദ്ദുരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ’ എന്ന ഖസ്വീദത്തുൽ ബുർദയാണ് ഏറെ ജനശ്രദ്ധ നേടിയത്. പക്ഷാഘാതം പിടിപ്പെട്ട് കഴിയവെ ശമനോദ്ദേശ്യത്തോടെ ബുസ്വൂരി (റ) തിരുനബിയെ കുറിച്ച് കവിതകൾ രചിക്കുകയും ആ കവിതകൾ പാടി ശമനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ഒരു ദിവസം സ്വപ്നത്തിൽ നബി (സ്വ) വന്ന് തിരുകരം കൊണ്ട് ശരീരത്തിൽ സ്പർശിക്കുകയും ഒരു പുതപ്പ് ധരിപ്പിക്കുകയും അതുവഴി രോഗമുക്തനാവുകയും ചെയ്തു. രോഗമുക്തനായി നടക്കുന്നതു കണ്ട് ഒരു വ്യക്തി താങ്കൾ ഉണ്ടാക്കിയ ആ പ്രകീർത്തന കാവ്യം നൽകുമോ എന്നാവശ്യപ്പെട്ടു. ഏതു കവിതയാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ , ആദ്യഭാഗം ചൊല്ലിക്കൊടുത്ത് രോഗ വേളയിൽ ഉണ്ടാക്കിയ ബുർദയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞു. അദ്ദേഹത്തിന് ബുസ്വൂരി (റ) അത് നൽകുകയും അയാളിലൂടെ ബുർദ പ്രിസിദ്ധി നേടുകയും ചെയ്തു. ബുർദ, ബുർഉദാഅ് തുടങ്ങിയ വിവിധ നാമങ്ങളിൽ പ്രസിദ്ധമാണ്. അനുരാഗം, ദേഹേച്ഛയെ സംബന്ധിച്ച മുന്നറിയിപ്പ്, നബി (സ്വ)യുടെ പ്രകീർത്തനം, ജന്മം, അമാനുഷികത, ഖുർആൻ മഹത്വം, ഇസ്റാഅ് മിഅ്റാജ്, ധർമസമരങ്ങൾ, തിരുനബി (സ)യെ തവസ്സുൽ ചെയ്ത് പ്രാർത്ഥിക്കൽ, അഭിമുഖഭാഷണം തുടങ്ങി പത്തോളം ഭാഗങ്ങളിൽ 160 കവിതകളാണ് ബുർദയിലുള്ളത്. ഓരോ വരിയിലും അറബി സാഹിത്യത്തിലെ വിവിധ ഭാഗങ്ങളുടെ സമുന്നതമായ ശൈലികളിൽ കോറിയിട്ട പ്രകീർത്തനങ്ങൾ ഹൃദ്യവും ആസ്വാദ്യകരവുമാണ്. ഇതുകൊണ്ട് തന്നെ നിരവധി പ്രസിദ്ധരുടെ വ്യാഖ്യാനങ്ങൾ ഈ കവിതാസമാഹാരത്തിന് വിരചിതമായിട്ടുണ്ട്. അഹമ്മദ് ശൗഖിയെ പോലെ നിരവധി കവികൾ അനുരാഗ കാവ്യങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും അവർ തന്നെ പരാജയം സമ്മതിച്ചുവെന്നാണ് അഹ്മദ് സകീ പാഷ രേഖപ്പെടുത്തിയത്. ഖസ്വീദത്തുൽ ബുർദ ബുസ്വൂരി (റ) രചിക്കുന്നത് രോഗശമനത്തിനു വേണ്ടി ആയിരുന്നെങ്കിലും ആ പവിത്രത കാലക്രമേണ സമൂഹത്തിന് കൂടുതൽ ബോധ്യപ്പെടുകയും നൂറ്റാണ്ടുകളായി ഓരോ കാലഘട്ടത്തിലുള്ളവരൊക്കെ ഇന്നും പല കാര്യങ്ങൾക്കായി പ്രത്യേകിച്ച് രോഗശമനത്തിനു വേണ്ടി ബുർദ്ദ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുന്നുണ്ട്. മനസ്സിൽ ഹബീബ് (സ്വ)നോടു പ്രേമവും അനുരാഗവും ഇശ്ഖും നിറച്ച് കരുണാമൃതമായി വർഷിച്ച പ്രേമഭാജനത്തെ ഹൃത്തിൽ ധ്യാനിച്ചിരുന്നാൽ ദേഹവും ദേഹിയും രോഗമുക്തമാകുമെന്നതിൽ സന്ദേഹമില്ല. സത്യവിശ്വാസികൾക്ക് മരുന്നും കരുണയുമായി അവതരിച്ച ഖുർആൻ പോലും ഇറങ്ങിയത് തിരുമേനി (സ്വ)ക്ക് വേണ്ടിയാണ്. അവിടുത്തെ മന്ത്രം, സ്പർശനം, തിരുനോട്ടം, ഉമിനീർ, ശരീരത്തിൽനിന്ന് എടുക്കപ്പെടുന്നതെല്ലാം മരുന്നാണ്. ആ മരുന്നാണ്‌ നാം സേവിക്കേണ്ടത്. ഖൽബിൽ നിറച്ച് വെക്കേണ്ടത്. ഖസ്വീദത്തുൽ ബുർദ്ദ അതിനുള്ള ഏറ്റവും നല്ല മാർഗമാണ്. വിശ്വാസികളുടെ നാവിൻതുമ്പിൽ ബുർദയിലെ വരികളും അതിൻ്റെ ജവാബും അനർഘമായി ഒഴുകുന്നത് അതിൻ്റെ സ്വീകര്യതയുടെ നേർസാക്ഷ്യവും അനുരാഗം അനുഭവമാകുന്നതിൻ്റെ ലക്ഷണവുമാണ്. മലയാളം, ഇംഗ്ലീഷ്, പേർഷ്യൻ, തുർക്കി, യൂറോപ്യൻ, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ബർബർ തുടങ്ങിയ പല ഭാഷകളിലെല്ലാം ബുർദ്ദയുടെ വ്യാഖ്യാനങ്ങളിറങ്ങിയിട്ടുണ്ട്.

മൻഖൂസ് മൗലൂദ്

തിരുനബി (സ്വ) യുടെ ജനനവുമായി ബന്ധപ്പെട്ട അത്ഭുത സംഭവങ്ങളും മഹത്വങ്ങളും ചരിത്രവും മറ്റും പദ്യമായും ഗദ്യമായും കോർത്തിണക്കുന്നതാണ് മൗലിദുകൾ. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ വ്യത്യസ്ത രീതിയിലുള്ള മൗലൂദുകൾ വിശ്വോത്തര പണ്ഡിതർ സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഏറെ പ്രചുരപ്രചാരം നേടിയ മൗലിദുകളിൽ ഒന്നാണ് മൻഖൂസ് മൗലൂദ്. ഇമാം ഗസ്സ്വാലി (റ)യുടെ സുപ്രസിദ്ധ ‘സുബ്ഹാന മൗലിദ് ‘ ചുരുക്കി ഉണ്ടാക്കിയ മൗലൂദ് ആയതിനാൽ ചുരുക്കപ്പെട്ടത് എന്ന അർത്ഥമുള്ള മൻഖൂസ് എന്ന പേരിൽ തന്നെയാണ് ഈ മൗലിദ് അറിയപ്പെടുന്നത്. പൊന്നാനിയിലും പരിസരങ്ങളിലും കോളറ ബാധിക്കുകയും ദിനംപ്രതി നിരവധി പേർ മരിച്ചൊടുങ്ങുകയും ചെയ്യുന്ന ഭീതിതവും പ്രയാസകരവുമായ സാഹചര്യം ഉടലെടുത്തപ്പോൾ അന്നത്തെ ജനങ്ങൾ ശൈഖ് മഖ്ദൂം (ഒന്നാമൻ) അബു യഹ്‌യ സൈനുദ്ദീൻ ബ്നു അലിയ്യിബ്നു അഹ്മദിൽ മഅബരി (റ)നെ സമീപിക്കുകയും എന്തെങ്കിലും ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. ആ സാഹചര്യത്തിലാണ് മൻഖൂസ് മൗലീദ് ക്രോഡീകരിക്കുകയും വീടുകളിൽ പതിവാക്കാനും സദ്യ കഴിക്കാനും നിർദ്ദേശിക്കുകയും ചെയ്യുന്നത്. ആ പുണ്യകർമത്തിലൂടെ നാട്ടിൽ പടർന്നു പിടിച്ച സാംക്രമികരോഗങ്ങൾ ഉഛാടനം ചെയ്യപ്പെടുകയും ജനജീവിതം പൂർവസ്ഥിതി പ്രാപിക്കുകയുമുണ്ടായി. ഇമാം ബുസ്വൂരിയുടെ ബുർദ്ദ രചനാ പശ്ചാത്തലം സ്വന്തം രോഗശമനമായിരുന്നെങ്കിൽ, ശൈഖ് മഖ്ദൂം (റ) മൻഖൂസ് മൗലൂദ് രചിക്കുന്നത് ഒരു സാമൂഹിക വിപത്ത് പ്രതിരോധിക്കുന്നതിനായിരുന്നു.

ബുർദയിൽ സ്നേഹനബി പ്രകീർത്തനങ്ങൾ കവിതകളായി മാത്രം വഴിഞ്ഞൊഴികിയപ്പോൾ, ഗദ്യമായും പദ്യമായും പ്രകീർത്തനങ്ങൾ കോർത്തിണക്കിയാണ് മൻഖൂസ് മൗലൂദ് വിരചിതമായത്. അഞ്ച് ഹദീസും അഞ്ച് പദ്യവും പ്രാർത്ഥനയും അടങ്ങിയതാണ് മൻഖൂസ് മൗലൂദ്. ഒന്നാമത്തെ ഹദീസിൽ റബീഉൽ അവ്വലിൽ സന്മാർഗദർശകരായ തിരുചന്ദ്ര ശോഭയെ ഉദിപ്പിച്ച നാഥനിൽ സ്തുതിച്ചു തുടങ്ങി മുൻകാല പ്രാവചകർ തിരുദൂതരെ കൊണ്ട് സഹായം തേടിയതും  ആ തിരുവൊളി ആമിനാ ബീവി (റ) യുടെ ഗർഭത്തിലേക്ക് എത്തുന്ന ക്രമവും വിശദീകരിക്കുകയാണ്. ഹബീബ് (സ്വ)യെ വർണിക്കുന്ന സൂറത്തു തൗബയിലെ അവസാന ആയത്തും അതിലുൾകൊണ്ടിട്ടുണ്ട്. രണ്ടാമത്തെ ഹദീസിൽ ആമിനാ  ബീവിയുടെ ഗർഭകാലവും റജബ് മുതൽ റബീഉൽ അവ്വൽ വരെയുള്ള ഓരോ മാസങ്ങളിലുമുണ്ടായ അത്ഭുതങ്ങളും ആകാശഭൂമി ലോകത്തെ സൃഷ്ടികൾക്ക് സംഭവിച്ച അനുഭവ മാറ്റങ്ങളും ആമിനാബീവിയുടെ അവസ്ഥകളും അവരെ സ്വാന്തനിപ്പിക്കാൻ വന്ന പ്രവാചകരെയും മറ്റും പരാമർശിക്കുന്നുണ്ട്. മൂന്നാമത്തെ ഹദീസിൽ ആ തിരുഗാത്രം ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ട അനുഗ്രഹീതമായ നിമിഷത്തെക്കുറിച്ചും അന്നേരം ആമിനാ ബീവി കണ്ട അത്ഭുത കാഴ്ചകളും പ്രസവാനന്തരം ഖത്മുന്നുബുവ്വത്തിൻ്റെ മുദ്രണം നടത്താൻ മലക്കുകൾ എടുത്തതും പേർഷ്യയിലെ അഗ്‌നി കെട്ടണഞ്ഞതും സാവാ തടാകം വറ്റിയതും മറ്റു അത്ഭുതങ്ങളും പരാമർശിക്കുന്നു. നാലാമത്തെ ഹദീസിൽ പ്രസവിച്ച ഏഴാം ദിനം അബ്ദുൽ മുത്തലിബ് അഖീഖ അറുത്തതും ഖുറൈശികളെ വിളിച്ച് സദ്യ നൽകിയതും ആകാശഭൂമിയിലുള്ളവർ മുഴുവനും തൻ്റെ മകനെ സ്തുതിക്കുവാനാണ്‌ മുഹമ്മദ് എന്ന് നാമകരണം നടത്തിയതെന്ന അദ്ദേഹത്തിൻ്റെ പരാമർശവും അതിലുണ്ട്. അവസാന ഹദീസിൽ അലിയ്യുബ്നു സൈദ് എന്നവരുടെ അയൽവാസിയായ ദിമ്മിയ്യും അദ്ദേഹവും തമ്മിലുള്ള സംഭവം വിശദമായി പരാമർശിക്കുന്നത്. നബി(സ്വ) യുടെ ജന്മത്തിൽ സന്തോഷിച്ച് പാവപ്പെട്ടവരെ വിളിച്ച് സദ്യ നൽകിയതിൻ്റെ പേരിൽ അദ്ദേഹത്തെ പരിഹസിച്ച അയൽവാസി പിന്നീട് തിരുനബി (സ്വ )യെ സ്വപ്നത്തിൽ ദർശിക്കുന്നതും കുടുംബസമേതം ഇസ്ലാം സ്വീകരിച്ച്‌ ഓരോരോ ദിവസങ്ങളിൽ ഓരോരുത്തരും മരിക്കുന്നതും സ്വർഗ്ഗ കൊട്ടാരം ഉടമപെടുത്തുന്നതും ഇതിൽ പരാമർശിക്കുന്നത്.

ഇടയിൽ വരുന്ന പദ്യങ്ങളിൽ തിരുനബി(സ്വ) യുടെ വർണ്ണനകളും നബിയോട് ഇസ്തിഗാസ നടത്തുന്നതും ശഫാഅത്ത് ചോദിക്കുന്നതും പ്രസവനേരത്തെ സാഹചര്യങ്ങളും മറ്റുമെല്ലാം സുന്ദരമായ സാഹിത്യ ശൈലിയിൽ മനോഹരമായി വർണിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് സർവ്വ വിപത്തുകളിൽ നിന്ന് പൂർണ്ണ മുക്തിക്ക് വേണ്ടിയും പാപമോചനവും മറ്റുകാര്യങ്ങളും ഉണർത്തി ഹ്രസ്വമായ പ്രാർത്ഥനയുമാണ് മൻഖൂസ് മൗലീദിലുള്ളത്. മൻഖൂസ് മൗലിദിലെ ഓരോ വരികളിലും ഹബീബ് (സ്വ) യോടുള്ള ഇശ്ഖ് നിറഞ്ഞൊഴുകുന്നത് കാണാം. പൂർണ്ണചന്ദ്രനെക്കാൾ ശോഭയോടെ അങ്ങ് ഞങ്ങൾക്കിടയിൽ ഉദയം ചെയ്യ്തു. അങ്ങാണ് ഞങ്ങളുടെ ഉമ്മയും ഉപ്പയും. ഞങ്ങളുടെ മതാപിതാക്കളിൽ അങ്ങയോളം നന്മകൾ ഞങ്ങൾ കണ്ടിട്ടേയില്ല. പാപക്കറകളുമായി വരുന്ന ഞാൻ അങ്ങയോടാണ് സങ്കടം ഉണർത്തുന്നത്, തിരുദൂതരെ, അങ്ങ് ഞങ്ങൾക്ക് നാളെ ഖിയാമത്ത് നാളിൽ ശഫാഅത്ത് നൽകണേ തുടങ്ങിയ അർത്ഥം വരുന്ന വരികൾ മൻഖൂസ് മൗലിദിൽ കാണാവുന്നതാണ്. സാമൂഹിക വിപത്തുകൾ നീങ്ങാനും ക്ഷേമൈശ്വര്യത്തിനും ഈ മൗലിദ് നിശ്ചിത ദിവസങ്ങളിൽ പതിവാക്കാൻ മഹാന്മാർ നിർദ്ദേശിക്കാറുണ്ട്. കേരളത്തിലെ ബഹു ഭൂരിപക്ഷം മുസ്ലിമീങ്ങളും അവരുടെ എതൊരു നന്മയുള്ള കാര്യത്തിൻ്റെ തുടക്കത്തിലും മറ്റുമായി മൻഖൂസ് മൗലിദ് ഓതുന്ന പതിവ് സർവവ്യാപകമാണ്.

Questions / Comments:



6 August, 2024   08:45 pm

gpoejv