നൂറി ഫ്രീഡ്ലാൻഡർ ഉള്ഹിയ്യത്തിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്. ഉള്ഹിയ്യത്തിൻ്റെ മൃഗത്തോട് പുലർത്തേണ്ട മര്യാദകളെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങളിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട് . ഉള്ഹിയ്യത്ത് എന്നതിനപ്പുറം, ഏറ്റവും മൂല്യമുള്ള, ന്യൂനതകളില്ലാത്ത മൃഗങ്ങളെ തിരഞ്ഞെടുക്കാൻ പറയുന്ന ഇസ്‌ലാമിൻ്റെ അധ്യാപനം മനോഹരം.
വായിക്കാം:
ആത്മാർത്ഥമായ ഈ ദൈവസമർപ്പണത്തെ ഖുർആൻ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: "ബലിമൃഗങ്ങളുടെ മാംസമോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവൻ്റെ അടുക്കൽ എത്തുന്നത്. അല്ലാഹു നിങ്ങൾക്ക് മാർഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കാൻ അവൻ ബലിമൃഗങ്ങളെ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തർക്ക് നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക" (ഖുർആൻ 22:37).
മൃഗബലി ഇസ്‌ലാം മതത്തിൽ മാത്രമല്ല, ഹൈന്ദവ, ജൂത, മറ്റിതര മതങ്ങളിലും ആരാധനയുടെയും ദൈവപ്രീതി നേടുന്നതിന്റെയും മാർഗമായി കണക്കാക്കപ്പെടുന്നു. സിഖ്, ക്രിസ്തു മതങ്ങളിലും മൃഗബലിക്ക് അനുമതിയുണ്ട്. ഹൈന്ദവ വേദങ്ങളായ ഋഗ്വേദത്തിലും യജുർവേദത്തിലും, ക്രൈസ്തവ ഗ്രന്ഥങ്ങളായ ഉല്പത്തിയിലും ആവർത്തന പുസ്തകത്തിലും മൃഗബലിയെയും മാംസാഹാരത്തെയും കുറിച്ച് പരാമർശങ്ങളുണ്ട്.
ഏകദൈവ വിശ്വാസികളായ മുസ്‌ലിങ്ങൾ അല്ലാഹുവിന്റെ സർവ്വ കൽപ്പനകളും അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. ഈ കൽപ്പനകളിൽ ചോദ്യം ചെയ്യലിന് സ്ഥാനമില്ലെങ്കിലും, അതിന്റെ വ്യത്യസ്ത വശങ്ങളെക്കുറിച്ചും പ്രായോഗിക തലത്തിലുള്ള ഫലങ്ങളെക്കുറിച്ചും ചർച്ചകൾ നടത്താവുന്നതാണ്.
നൂറി ഫ്രീഡ്‌ലാൻഡറുടെ 'Sharpen Your Blade and Put Your Animal at Ease' എന്ന പഠനം ഇസ്‌ലാമിക മത നിയമങ്ങളുടെ നൈതികതയിൽ മനുഷ്യേതര ജീവികളെ ബലി നടത്തുന്ന ഇസ്‌ലാമിന്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ട്. 2020-ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച ഈ ഡോക്ടറൽ പ്രബന്ധത്തിന്റെ കാതൽ, ബലി നടത്തുമ്പോൾ പോലും അനുകമ്പയും ദയയും അനിവാര്യമാണെന്ന് ഊന്നിപ്പറയുന്ന പ്രവാചക വചനങ്ങളാണ്.
ബലി സമയത്ത് ആത്മീയമായ സാന്നിധ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഗ്രന്ഥകാരൻ തന്റെ പഠനത്തിൽ നിരീക്ഷിക്കുന്നു. ഇസ്‌ലാം മതത്തിലെ ബലിയുടെ സൂക്ഷ്മമായ വശങ്ങളെ നാല് മദ്ഹബുകളുടെ (കർമ്മശാസ്ത്ര ചിന്താധാരകൾ) അടിസ്ഥാനത്തിൽ നൂറി ഫ്രീഡ്‌ലാൻഡർ വിശകലനം ചെയ്യുന്നുണ്ട്. ബലിദാനത്തിലൂടെ കൈവരുന്ന ആത്മീയ മൂല്യങ്ങൾ, ഈ ആചാരത്തിന്റെ അനിവാര്യത, സാമൂഹിക മാനങ്ങൾ എന്നിവയും ബലിമൃഗം, സമയം, സ്ഥലം തുടങ്ങിയവയുടെ തിരഞ്ഞെടുപ്പിലെ വ്യത്യസ്ത വശങ്ങളും ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ പഠനമാണ് ഈ കൃതി.
കേവലം ആചാരമല്ല, ചട്ടങ്ങളുണ്ട്
ഇസ്‌ലാമിലെ ബലിദാനം കേവലം ഒരു ആചാരമല്ല, അതൊരു ആരാധനയാണ്. ബലിമൃഗത്തിന്റെ ശരീരവും മാംസവും പവിത്രമായി കണക്കാക്കപ്പെടുന്നു. ബലിയറുത്തതുകൊണ്ട് മാത്രം ഈ ആരാധന പൂർണ്ണമാകുന്നില്ല. ബലിമൃഗത്തിന്റെ മാംസം സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണം എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാംസം സമൂഹത്തിലെ പാവപ്പെട്ടവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുമ്പോഴാണ് ബലിയർപ്പണം അതിന്റെ ലക്ഷ്യത്തിലെത്തുന്നത്.
മറ്റ് ബലികർമ്മങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൃഗബലി നടത്താൻ ഇസ്‌ലാം ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. ആട്, മാട്, ഒട്ടകം തുടങ്ങിയവ മാത്രമേ ബലിയർപ്പണത്തിന് യോഗ്യമായ മൃഗങ്ങളായി പരിഗണിക്കപ്പെടുന്നുള്ളൂ. ഗർഭിണികൾ, പ്രായമെത്താത്ത മൃഗങ്ങൾ, രോഗങ്ങൾ ഉള്ളവ, അംഗവൈകല്യമുള്ളവ തുടങ്ങിയവയെ അറുക്കുന്നത് അനുവദനീയമല്ല. ഭക്ഷിക്കുക എന്നതും ഒരു പ്രധാന ലക്ഷ്യമായതിനാൽ, സാധാരണയായി ആളുകൾ കഴിക്കാൻ മടിക്കുന്ന മുറിവുകളോ കേടുപാടുകളോ ഉള്ള മൃഗങ്ങളെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു.
ബലിമൃഗങ്ങളോട് അതീവ ശ്രദ്ധയോടെയും ദയയോടെയും പെരുമാറണമെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ നിഷ്കർഷിക്കുന്നു. അവയെ കാണുമ്പോൾ തക്ബീർ (അല്ലാഹുവിനെ സ്മരിക്കുക) ചൊല്ലൽ സുന്നത്താണ്. അറുക്കുന്നതുവരെ മുറിവുകളില്ലാതെ സംരക്ഷിക്കുകയും നല്ല ഭക്ഷണം നൽകുകയും വേണം. ബലിമൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുന്നതോ മറ്റ് മൃഗങ്ങളെ അറുക്കുന്നതോ ഒഴിവാക്കണം. ബലിക്ക് മുമ്പായി അല്പം വെള്ളം നൽകുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വേഗത്തിൽ അറുക്കുകയും വേണം.
വിമർശനങ്ങളും വസ്തുതകളും
പവിത്രമായ ഈ ആരാധനയെക്കുറിച്ച് പൂർണ്ണമായി പഠിക്കാത്തവരും ആശയം മനസ്സിലാക്കാത്തവരുമാണ് ക്രൂരകൃത്യം എന്ന നിലക്ക് ഇതിനെ തെറ്റിദ്ധരിപ്പിക്കുന്നത്. മൃഗബലി ഹിംസയാണെന്നും അനാവശ്യമായ ജീവഹാനി വരുത്തുന്നുവെന്നും വംശനാശത്തിനും പാരിസ്ഥിതിക തകരാറിനും കാരണമാകുമെന്നുമുഉള്ള ആക്ഷേപങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യപ്പെടുന്നതാണ്.
ജീവിവർഗ്ഗങ്ങളെയും സസ്യങ്ങളെയും നാം വളർത്തുന്നതും സംരക്ഷിക്കുന്നതും അവയിൽ നിന്ന് ചില ഫലങ്ങൾ പ്രതീക്ഷിച്ചാണ്. അത് കാഴ്ചയിലൂടെയുള്ള ആസ്വാദനമാവാം, പാൽ, മുട്ട, കായ്കനികൾ എന്നിവ ഭക്ഷിക്കുന്നതാവാം, അല്ലെങ്കിൽ നമ്മുടെ സംരക്ഷണം, വീട് നിർമ്മാണം, വസ്ത്ര നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കാവാം.
മാംസത്തെ ഒരു പ്രധാന വിഭവമായി പരിഗണിക്കുന്നില്ലെങ്കിൽ കന്നുകാലികൾ സംരക്ഷിക്കപ്പെടാതെ വംശനാശ ഭീഷണി നേരിടുകയോ രോഗബാധിതരാവുകയോ ചെയ്യുമായിരുന്നു. അതിനാൽ, മൃഗബലി എന്ന ആശയം വംശനാശത്തിനല്ല, മറിച്ച് മൃഗങ്ങളുടെ വർധനവിനും ഗുണനിലവാരമുള്ള പരിപാലനത്തിനുമാണ് വഴിയൊരുക്കുന്നത്. നിരവധി കന്നുകാലി ഫാമുകൾ സ്ഥാപിക്കുന്നതിനും മികച്ച പരിപാലനം നൽകുന്നതിനും ഇത് കാരണമാകുന്നുണ്ട്.
പൂർണ്ണമായ അഹിംസ ഉൾക്കൊണ്ട് ആർക്കും ജീവിക്കാൻ സാധ്യമല്ല. കൊതുക് നിർമ്മാർജ്ജനം, തെരുവ് നായ നശീകരണം, ഹിംസ്രജന്തുക്കളുടെ നിയന്ത്രണം എന്നിവയെല്ലാം ഹിംസയുടെ പരിധിയിൽ വരും. നാം കഴിക്കുന്ന സസ്യങ്ങളിൽ പോലും നിരവധി സൂക്ഷ്മജീവികളുണ്ട്, അവ പാചകം ചെയ്യുമ്പോൾ നശിക്കുന്നു. മിണ്ടാപ്രാണികളായ മൃഗങ്ങളെ ആഹാരത്തിനുവേണ്ടി ബലി നടത്തുന്നത് ക്രൂരതയാണെങ്കിൽ, ഒന്ന് പിടയാൻ പോലും കഴിയാത്ത ജീവികളുടെ ജീവനൊടുക്കുന്നത് അതിനേക്കാൾ ക്രൂരമല്ലേ?
സസ്യാഹാരികൾക്ക് പ്രകൃതിയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സസ്യങ്ങളെ ഭക്ഷിക്കുന്നത്, പാൽ തന്ന കൈക്ക് കൊത്തുന്നതിന് സമാനമാണ്. സസ്യാഹാര കൃഷിയിൽ നല്ല വിളവ് ലഭിക്കാനായി കീടനാശിനികളും മറ്റ് മാർഗ്ഗങ്ങളും ഉപയോഗിച്ച് ജീവികളെ നശിപ്പിക്കുന്നുണ്ട്. ഇവിടെ അഹിംസാവാദികൾ നിശബ്ദരാവുന്നു. ആധുനിക പഠനങ്ങൾ സസ്യങ്ങൾക്കും ജീവനുണ്ടെന്നും വേദന അനുഭവിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
അനിവാര്യമായ ഘട്ടങ്ങളിൽ ക്രൂരത ചെയ്യാമെന്ന് വാദിക്കുന്നവരെ പരിഗണിച്ചാൽ പോലും ഇസ്‌ലാമിലെ ബലിദാനത്തെ എതിർക്കാൻ സാധ്യമല്ല. കേവലം ഓർമ്മ പുതുക്കലിന് വേണ്ടി മാത്രമാണ് ബലി അറുക്കാൻ കൽപ്പിച്ചതെങ്കിൽ അഹിംസാവാദികളുടെ വിമർശനത്തിന് ന്യായീകരണമുണ്ടാകുമായിരുന്നു. എന്നാൽ, ബലിമൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന പോഷകഗുണങ്ങളുള്ള മാംസം നിരവധി മനുഷ്യരുടെ ജീവൻ നിലനിർത്താനും ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. അതിനാൽ, അകാരണമായി സഹജീവിയെ കൊല്ലാൻ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല, മാത്രമല്ല നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പരിണാമവാദമനുസരിച്ച്, അതിജീവന പോരാട്ടങ്ങളുടെ ഭാഗമായി മനുഷ്യൻ മാംസാഹാരം ഭക്ഷിക്കാൻ തുടങ്ങി. ചരിത്രപരമായും സാമൂഹികപരമായും മാംസാഹാരം മനുഷ്യസമൂഹത്തോട് ബന്ധപ്പെട്ട് കിടക്കുന്നു. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ബ്രാഹ്മണർ മാംസഭോജികളായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു.
പ്രശസ്ത ചരിത്രകാരനായ ദ്വിപേന്ദ്ര നാരായണൻ ഝാ തന്റെ 'The Myth Of The Holy Cow' എന്ന കൃതിയിൽ ഗോമാംസം ഇന്ത്യൻ ആഹാര സ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. വൈദികകാലത്ത് മൃഗബലി സർവ്വസാധാരണമായിരുന്നു. പുരാതനകാലം മുതൽക്കേ മനുഷ്യന്റെ ആഹാരശീലങ്ങളിൽ മാംസാഹാരം ഉൾപ്പെടുന്നു. ആഹാരത്തിനുവേണ്ടി ജീവികളെ കൊല്ലുന്നത് പ്രകൃതിയുടെ അലംഘനീയമായ വ്യവസ്ഥിതിയാണ്.
ഇസ്‌ലാമിലെ വിധി വിലക്കുകളിലും ആരാധനകളിലും സാമൂഹിക മാനുഷിക നന്മ കണ്ടെത്താൻ സാധിക്കും. പാവപ്പെട്ടവരെ സഹായിച്ച് അല്ലാഹുവിലേക്ക് അടുക്കുന്ന ഒരു സാമൂഹ്യ പ്രാധാന്യമുള്ള കർമ്മമാണ് ഇസ്‌ലാമിലെ ബലികർമ്മം. ഒരു ആരാധനയുമായി ബന്ധപ്പെട്ട് സമയബന്ധിതമായി ഇത് നടപ്പിലാക്കുന്നതാണ് ഇതിൻ്റെ പ്രായോഗിക തലം. ഇസ്‌ലാമോഫോബിയ വാക്താക്കളുടെ പ്രധാന അജണ്ടകളിലൊന്നാണ് ഇസ്‌ലാമിൽ അനുവദിച്ച കാര്യങ്ങളെ ചോദ്യം ചെയ്യുകയും വിലക്കിയവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത്. ഇസ്‌ലാമിലെ അനുഷ്ടാനങ്ങളെ ആധികാരികമായി പഠിച്ച് വസ്തുത മനസ്സിലാക്കിയാൽ വിമർശനങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യമാകും.