മഹാനായ ഹദ്ദാദ്(റ) വിശദീകരിക്കുന്നത് കാണാം, റമളാനിന്റെ ആത്മീയത പലർക്കും ലഭിക്കാത്തത് ഉറക്കവും ഭക്ഷണവും അധികരിക്കുന്നത് കൊണ്ടാണ്. മഹാനവർകളുടെ വാക്കിനെ പുതിയ കാലത്തെ നോമ്പുതുറകളോട് താരതമ്യപ്പെടുത്തിയാൽ ആ പറഞ്ഞതിന്റെ പൊരുൾ നമുക്ക് ബോധ്യപ്പെടുന്നതാണ്.

വായിക്കാം:


പരിശുദ്ധ റമളാനെ വരവേൽക്കാൻ മാസങ്ങൾക്ക് മുമ്പേ അല്ലാഹുവിനോട് പ്രാർത്ഥിച്ച് കാത്തിരുന്നവരാണ് വിശ്വാസികൾ. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതൊരു ആശ്വാസത്തിന്റെ മാസം കൂടിയാണ്. ഇബാദത്തിലൂടെയും പാപമോചനത്തിലൂടെയും തെളിഞ്ഞ ഹൃദയം രൂപപ്പെടുത്താൻ ഏതൊരു വിശ്വാസിയും കൊതിക്കുന്നു. ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ(സ) തങ്ങൾ ‘ഉമ്മത്തിന്റെ മാസം’ എന്നാണ് റമളാനിനെ വിശേഷിപ്പിച്ചത്. ഈ പരിശുദ്ധമാക്കപ്പെട്ട മാസത്തിൽ ഓരോ സൽപ്രവൃത്തിക്കും പതിമടങ്ങ് പ്രതിഫലമാണ് അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. റമളാനിലെ രാവുകൾ അതിശ്രേഷ്ഠതയുള്ളതാണ്. അതിനാൽ തന്നെ ഖുർആൻ പാരായണവും മറ്റു സൽകർമങ്ങളും അധികരിപ്പിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രാർത്ഥനയുടെ ധന്യമുഹൂർത്തങ്ങൾ

പരിശുദ്ധ മാസത്തിൽ പ്രാർത്ഥനയ്ക്ക് വളരെയധികം ഫലമുള്ള രണ്ട് സമയങ്ങളാണ് അത്താഴസമയവും ഇഫ്താറിന്റെ സമയവും. അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരികയും, “ആരെങ്കിലും എന്നോട് ചോദിക്കുന്നുണ്ടോ ഞാനവന് നൽകാൻ, ആരെങ്കിലും പാപമോചനം തേടുന്നുണ്ടോ ഞാനവന് പൊറുത്തുനൽകാൻ” എന്ന് ചോദിക്കുന്ന സമയമാണത് എന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസുകളിൽ കാണാം. “നോമ്പ് തുറക്കുന്ന സമയത്ത് നിങ്ങൾ എന്ത് നല്ലത് പ്രാർത്ഥിച്ചാലും അത് അല്ലാഹു സ്വീകരിക്കുന്നതാണെന്ന്” നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് സമയങ്ങളിലും നാം റബ്ബിനോട് യാചിച്ച് നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കണം.

ലൈലത്തുൽ ഖദ്റിന്റെ മഹത്വം

പരിശുദ്ധ റമളാൻ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാവാണ് ലൈലത്തുൽ ഖദ്ർ. റമളാനിലെ മറ്റു ദിവസങ്ങളേക്കാൾ ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. എന്നാൽ ഈ രാത്രി എന്നാണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിൽ ഈ രാത്രിയെ നമുക്ക് പ്രതീക്ഷിക്കാം. ഇതിൽ ഇരുപത്തിയേഴാം രാവിനാണ് മഹാന്മാർ കൂടുതൽ സാധ്യത പ്രകടിപ്പിച്ചിട്ടുള്ളത്. വളരെ പ്രാധാന്യമേറിയ ഈയൊരു രാത്രിയിൽ നാമൊരു ഇബാദത്ത് ചെയ്താൽ ആയിരം മാസങ്ങൾ ഇബാദത്ത് ചെയ്തതിനേക്കാൾ പ്രതിഫലമുണ്ട്. ഇത് അല്ലാഹു ഖുർആനിലെ സൂറത്തുൽ ഖദ്റിൽ വ്യക്തമാക്കിയതാണ്. ആരെങ്കിലും ലൈലത്തുൽ ഖദ്റിന്റെ രാത്രിയിൽ അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലവും പ്രീതിയും ആഗ്രഹിച്ചു അമലുകൾ ചെയ്താൽ അവന്റെ കഴിഞ്ഞ കാല പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്നത് ആ രാത്രിയുടെ മഹത്വത്തെ വിളിച്ചോതുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ചുപോയിട്ടുള്ള തെറ്റുകളെ കഴുകിക്കളയാനും വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് നേടേണ്ട പ്രതിഫലം ഒറ്റരാത്രി കൊണ്ട് നേടിയെടുക്കാനും ഈ രാത്രിയിലൂടെ സാധിക്കും. നരകത്തിന്റെ തീജ്വാലകളിൽ നിന്ന് രക്ഷനേടാൻ കണ്ണീരോടെ അല്ലാഹുവിനോട് നാം പ്രാർത്ഥിക്കണം.

ആരാധനകളിലെ ശ്രദ്ധ

മഹാനായ ഇമാം ഹദ്ദാദ് (റ) വിശദീകരിക്കുന്നത് കാണാം, റമളാനിന്റെ ആത്മീയത പലർക്കും ലഭിക്കാത്തത് ഉറക്കവും ഭക്ഷണവും അധികരിക്കുന്നത് കൊണ്ടാണ്. മഹാനവർകളുടെ വാക്കിനെ പുതിയ കാലത്തെ നോമ്പുതുറകളോട് താരതമ്യപ്പെടുത്തിയാൽ അതിന്റെ പൊരുൾ നമുക്ക് ബോധ്യപ്പെടും. രാത്രികാലങ്ങളിൽ നമുക്ക് കൂടുതൽ ആരാധനയ്ക്ക് സാധ്യമാകുന്നില്ലെങ്കിൽ ആവുന്ന വിധത്തിൽ നാം പടച്ച റബ്ബിന് വേണ്ടി കർമനിരതരാകേണ്ടതുണ്ട്.
നമ്മുടെ ജീവിതകാലം മുഴുവൻ ഉറക്കമൊഴിച്ച് ചെയ്തുതീർത്താലും ലഭിക്കാത്ത പ്രതിഫലമാണ് ലൈലത്തുൽ ഖദ്റിന്റെ രാവിൽ അല്ലാഹു നൽകുന്നത്. ഈ ദിവസങ്ങളിൽ സുകൃതങ്ങൾ വർദ്ധിപ്പിക്കാൻ സാധിച്ചില്ലെങ്കിലും തിന്മകൾ ചെയ്യാതിരിക്കാൻ നാം ശ്രദ്ധിക്കണം. നോമ്പിന്റെ പ്രതിഫലം ഞാൻ നേരിട്ട് നൽകുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. എന്നാൽ ഖേദകരം എന്ന് പറയട്ടെ, ഈ പരിശുദ്ധമാക്കപ്പെട്ട രാത്രികൾ നശ്വര ലോകത്തിന്റെ ആനന്ദത്തിൽ മതിമറന്ന് ചിലർ പാഴാക്കുന്നുണ്ട്. അവരെയും കൂടി ഉൾപ്പെടുത്തി നന്മയുടെ പാതയിൽ മുന്നേറാൻ നാം പ്രേരിപ്പിക്കണം.

വിജയത്തിനായുള്ള തയ്യാറെടുപ്പ്

ഇനി നമുക്ക് മുന്നിലുള്ള ദിവസങ്ങളിൽ നാം കർമനിരതരാവണം. നരകമോചനത്തിനുള്ള  ദിനങ്ങൾ നാം മുതലെടുക്കണം. രാത്രി സമയങ്ങൾ മുത്ത് നബി(സ) തങ്ങൾ പഠിപ്പിച്ചത് പോലെ മൂന്നായി ഭാഗിച്ച് ആരാധനകളിൽ മുഴുകാൻ നമുക്ക് സാധിക്കണം. തൗബ ചെയ്ത് റബ്ബിലേക്ക് മടങ്ങണം. അല്ലാഹു രാത്രി ആരാധനകളെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നവനാണ്.
പകൽ സമയങ്ങളിൽ മാത്രം ആരാധനകൾ ഒതുക്കാതെ, നോമ്പ് തുറന്നതിനു ശേഷമുള്ള തറാവീഹ് അടക്കമുള്ള നിസ്കാരങ്ങളിലും നാം കൃത്യത പാലിക്കണം. തഹജ്ജുദ് നിസ്കാരങ്ങളിലും വിത്റിലും നാം ചിട്ടയുള്ളവരാവണം. പ്രത്യേകിച്ചും അത്താഴസമയത്ത് നാം ചെയ്യുന്ന ആരാധനകൾക്ക് അല്ലാഹുവിന്റെ അടുക്കൽ വലിയ സ്വീകാര്യതയുണ്ട്. മഹാനായ സൈനുദ്ദീൻ മഖ്ദൂം ഫത്ഹുൽ മുഈനിൽ പറയുന്നത് പോലെ “ഖുർആൻ ഓതാൻ ഏറ്റവും നല്ല സമയം അത്താഴ സമയമാണ്”. അതിനാൽ ആ സമയത്ത് ഖുർആൻ പാരായണം വർദ്ധിപ്പിക്കുകയും നമ്മുടെ ഇഹപര കാര്യങ്ങൾക്കായി പ്രയത്നിക്കുകയും വേണം. റമളാൻ രാവുകളുടെ മഹത്വം ഉൾക്കൊണ്ട് എല്ലാ രാത്രികളിലും നന്മയുടെ തിരികൊളുത്താൻ നമുക്ക് പരിശ്രമിക്കാം.

Questions / Comments:



No comments yet.