നിയമസംവിധാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഏഴ് വർഷം കാത്തിരുന്ന മനുഷ്യരെയാണ് ഒറ്റവരി കൊണ്ട് കോടതി പരിഹസിച്ചുകളഞ്ഞത്. കൂറുമാറാത്ത സാക്ഷികളും, ഡി.എൻ.എ തെളിവുമുണ്ടായിട്ടും സർക്കാറും പോലീസും കോടതിയും വാചാലമാകുന്ന പൗരസുരക്ഷ പുലർന്നു കണ്ടില്ല. ആ വിധി നീതിയുടെ പക്ഷം ചേരുന്നില്ല.
കാസർഗോഡ് പഴയ ചൂരിയിലെ മദ്രസാ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ കഴിഞ്ഞ ദിവസമാണ് കാസർഗോഡ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. കേളുകുഡെ സ്വദേശികളായ അജേഷ്, നിതിൻ, അഖിലേഷ് എന്നീ മൂന്ന് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടിരിക്കുന്നു. അന്വേഷണസംഘത്തിന്റെ ഗുരുതര വീഴ്ചകൾ അക്കമിട്ടു നിരത്തിയാണ് കോടതിയുടെ വിധി പകർപ്പ്. അന്വേഷണ സംഘത്തിന് നേരെയുള്ള പ്രധാന വിമർശനങ്ങളിലൊന്ന് പ്രതികളുടെ ആർഎസ്എസ് ബന്ധം സ്ഥിരീകരിക്കാനായില്ല എന്നതാണ്. ഈ വിമർശനത്തോടാണ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ടി ഷാജിത് ചോദ്യം ഉയർത്തുന്നത്. പോലീസ് നൽകിയ കുറ്റപത്രത്തിൽ പ്രതികളുടെ ആർഎസ്എസ് ബന്ധവും മുസ്ലിം വിരുദ്ധതയും പ്രതിപാദിക്കുന്നുണ്ട്. 81 മുതൽ 84 വരെയുള്ള സാക്ഷി മൊഴികൾ ആർഎസ്എസ് ബന്ധത്തെ സാധൂകരിക്കുന്നുമുണ്ട്. എന്നാൽ അതിലപ്പുറമുള്ള രേഖാപരമായ തെളിവുകൾ കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. അപ്പോഴും ഉയർന്നു നിൽക്കുന്ന ചോദ്യമുണ്ട്. അജേഷും, നിതിനും, അഖിലേഷും ആർഎസ്എസുകാരെല്ലന്നതിനാൽ അവർ പ്രതികളെല്ലെന്നാണോ? ജനാധിപത്യ രാഷ്ട്രത്തിൽ നീതി മന്ദിരങ്ങളോട് നീതിയെ കുറിച്ചു തന്നെ തിരിച്ചു ചോദിക്കേണ്ട ഗതികേടെന്താണ് ?
ഏകപക്ഷീയ അന്വേഷണമാണ് നടന്നതെന്നാണ് കോടതിയുടെ മറ്റൊരു വാദം. അതിന് ന്യായമായി നിരത്തിയത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. റിയാസ് മൗലവിയുടെ റൂമിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണും സിംകാർഡും വിദഗ്ധ പരിശോധനയക്ക് അയച്ചില്ല. അതൊരു സത്യമാണ്. വിശദമായ പരിശോധനയ്ക്ക് അയച്ചില്ലേലും മൊബൈലും സിം കാർഡും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. തൊണ്ണൂറിലേറെ വരുന്ന സാക്ഷികളിൽ ഒരാളോട് പോലും കോടതി അതിനെക്കുറിച്ച് ചോദിച്ചില്ല. ആ മൊബൈലിൽ വല്ലതും ഉണ്ടെന്ന ധാരണ പോലും എവിടെ നിന്നും കിട്ടിയില്ല. ഉണ്ടായേക്കാം എന്ന സംശയത്തിന്റെ നിഴൽ എങ്ങനെയാണ് പ്രതികൾക്ക് സഹായകമാകുന്നത്.
ഒന്നാം പ്രതിയുടേതായി കണ്ടെത്തിയ വസ്ത്രം അയാളുടേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ തെളിവുകൾ ഹാജരാക്കിയില്ല. മറ്റൊരു വിമർശനം അങ്ങനെയാണ്. ആ വാദം അനർത്ഥമാണ്. പ്രതികൾ തന്നെ കാണിച്ചുതന്ന തങ്ങളുടെ വസ്ത്രത്തെ കുറിച്ചാണ് ചർച്ച. പ്രതിവാദത്തിനു പോലും വാദമില്ലാത്ത വിമർശനമാണത്. ഒരിക്കൽ പോലും പ്രതിയോ പ്രതിവാദമോ വസ്ത്രം തന്റേതല്ല എന്ന് പറയാത്തിടത്ത് അത്തരമൊരു തെളിവിന്റെ അനിവാര്യത എന്താണ് ?
ശബ്ദം കേട്ട് പുറത്തുവന്ന ആളിനു നേരെ കല്ലെറിഞ്ഞ സംഭവത്തിന് കൃത്യമായി സാക്ഷിയില്ല എന്നതാണ് കോടതിയുടെ നിരീക്ഷണം. അത് പ്രതികൾക്ക് സഹായകരമാവുന്നതെങ്ങനെ എന്ന മറുചോദ്യത്തിനപ്പുറം അതൊരു കളവാണെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷ്യപ്പെടുത്തുന്നത്.
കേസുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾ നടത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ട്. 82 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച കേസാണിത്. ജാമ്യം തേടി പ്രതികൾ ഓരോ കോടതി കയറുമ്പോഴും കൃത്യമായി ഇടപെടലുകൾ നടത്തി ജാമ്യം തടയാനായി. അടിയന്തര കാര്യത്തിന് ഒരു പ്രതിക്ക് ഒരുനാൾ ജാമ്യം നൽകിയത് മാറ്റി നിർത്തിയാൽ കഴിഞ്ഞ ഏഴ് വർഷത്തിലൊരിക്കൽ പോലും പ്രതികൾക്ക് ജാമ്യം കിട്ടിയില്ല. മിക്ക പ്രതികളും പുറം ലോകം കണ്ട കോവിഡു കാലം കൂടെ ഉൾപ്പെട്ട ഏഴുവർഷമാണിത്.
83 സാഹചര്യ തെളിവുകൾ ഹാജരാക്കാനായി. ഇതിൽ സുപ്രധാനമായ തെളിവുകൾ അനവധിയുണ്ട്. പ്രതികൾ സഞ്ചരിച്ച ബൈക്കിൽ നിന്നും കണ്ടെത്തിയ രക്തം മൗലവിയുടെതാണെന്ന് സ്ഥിതീകരിച്ച ഡിഎൻഎ ഫലം പ്രസക്തമാണ്. കൂറുമാറാത്ത തൊണ്ണൂറിലേറെ വരുന്ന സാക്ഷികളുണ്ട്. യഥാർത്ഥത്തിൽ എതിർക്കാൻ ഇല്ലാത്ത തെളിവുകളോടാണ് കോടതി കണ്ണുചിമ്മിയത്. ആക്ഷൻ കമ്മിറ്റിക്കും കുടുംബത്തിനും അതൃപ്തിയില്ലാത്ത അന്വേഷണമാണ് നടന്നത്. പഴുതുകുകളടച്ച അന്വേഷണത്തിൽ പഴുതുകൾ തേടി അലയുകയായിരുന്നു കോടതി.
കലാപശ്രമം എന്ന പോലീസ് കണ്ടെത്തലിൽ മറ്റൊരു പ്രശ്നം നിഴലിക്കുന്നുണ്ട്. ഗൂഢാലോചന കുറ്റമില്ലാത്ത ഈ കേസിൽ മൂന്ന് പേർ മാത്രമാണുള്ളത്. എങ്ങനെയാണ് ഒരു കലാപശ്രമം ഇങ്ങനെ രൂപപ്പെടുന്നത് എന്ന മറു ചോദ്യത്തിന് പ്രസക്തിയുണ്ട്. യുഎപിഎ ചുമത്തണമെന്ന ആവശ്യത്തോട് പോലീസ് കാണിച്ച അലംഭാവവും ചോദ്യചെയ്യപ്പെടേണ്ടതാണ്.
കാസർഗോഡിന്റെ രാഷ്ട്രീയത്തെ കൂടെ സ്വാധീനിക്കുന്ന സംഭവമായി ഈ വിധി ചരിത്രത്തിൽ അടയാളപ്പെടും. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മണ്ണിൽ പ്രതിപക്ഷമുയർത്തുന്ന ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടെന്ന വാദത്തിന് കരുത്തുപകരുന്ന വിധിയാണിത്. പോലീസും പ്രോസിക്യൂഷനും പ്രതികളുമായി ഒത്തുകളിച്ചെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്. വിധിയോടുള്ള സിപിഎം പ്രതികരണം ദുർബലമാണ്. അനിവാര്യമായ ചില ഘട്ടങ്ങളിൽ ഭരണകൂടങ്ങളിൽ നിന്ന് രൂപപ്പെടുന്ന നിശബ്ദതകൾ ഭീതിയുടെ മൂകതകളാണ് സൃഷ്ടിക്കുന്നത്. വലിയ പ്രശ്നങ്ങളില്ലാതെ ഉത്തരവാദിത്വം ചെയ്തുതീർത്തിട്ടുണ്ട് എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ തെളിവുകൾ മുഖവിലക്കെടുക്കാം. അപ്പീൽ പോകുമെന്ന വാദത്തിൽ പ്രതീക്ഷയർപ്പിക്കാം.
പറഞ്ഞു വന്നത് ഇത്രയാണ്. റിയാസ് മൗലവി കേസിൽ കോടതി നടത്തിയ നിരൂപണങ്ങൾ തീർത്തും നിരാശാജനകമാണ്. ഉള്ള തെളിവുകളെ അവഗണിച്ച് ഇല്ലാത്ത തെളിവുകളിൽ ന്യായം കണ്ടെത്തുന്ന സമീപനം നീതിപീഠത്തിന് യോജിച്ചതല്ല. പ്രതികൾക്കില്ലാത്ത വാദങ്ങൾ കോടതിക്ക് സംശയമായി രൂപപ്പെടുന്നതിന് പിന്നിലെ വർഗീയ അജണ്ടകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇക്കഴിഞ്ഞ ചില വിധി ന്യായങ്ങളുടെ പട്ടിക വായിച്ചാൽ നീതിപീഠത്തിൽ കടന്നുകൂടിയ ഹിന്ദുത്വയുടെ വേരുകളെ സംശയത്തോടെയെങ്കിലും നോക്കിക്കാണാനാവും. ഭയമല്ല വേണ്ടത്, ജാഗ്രത മതി. ഓർക്കുക ജനാധിപത്യത്തിൻ്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നിൻ്റെ അടിക്കല്ലുകളാണ് ഇളകുന്നത്.
3 April, 2024 04:34 pm
Muhyadheen saqafi
സൂക്ഷ്മമായ നിരീക്ഷണം. ഗംഭീരമായിട്ടുണ്ട്.