വിശ്വാസികൾ തമ്മിലുള്ള അഭിസംബോധനക്കായി ഇസ്‌ലാം നിശ്ചയിച്ച രീതിയാണ് സലാം പറയൽ. മനുഷ്യ സൃഷ്ടിപ്പിന്റെ ആദ്യ കാലം മുതൽ തന്നെ ഇത് നിയുക്തമായിട്ടുണ്ട്. ആദം നബി(അ)നോട് മലക്കുകളെ സലാം ചൊല്ലി അഭിവാദ്യം ചെയ്യാൻ അല്ലാഹു കൽപ്പിച്ചത് ഹദീസിൽ വന്നിട്ടുണ്ട്. 'വിശ്വാസികൾ തമ്മിലുള്ള ബാധ്യതകളിൽ പെട്ട ഒന്നാണ് പരസ്പരം കണ്ടുമുട്ടിയാൽ സലാം പറയുകയെന്നത്' എന്ന് തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്. തങ്ങളോട് മുത്ത് നബി കൽപ്പിച്ച ഏഴ് കാര്യങ്ങളിൽ ഒന്ന് സലാം വ്യാപകമാക്കലാണെന്ന് അബൂ ഉമാറത്തിൽ ബറാഅ്(റ) പറയുന്നു. അബൂ യൂസുഫ് അബ്ദുല്ലാഹിബ്നു സലാം(റ) റിപ്പോർട്ട് ചെയ്യുന്നു, മുത്തുനബി(സ) പറയുന്നത് ഞാൻ കേട്ടു "ഓ ജനങ്ങളെ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, ഭക്ഷണം നൽകുക, കുടുംബ ബന്ധം ചേർക്കുക, ജനങ്ങൾ ഉറക്കത്തിലായിരിക്കെ രാത്രിയിൽ നിസ്കരിക്കുക, എന്നാൽ നിങ്ങൾ സ്വർഗ്ഗസ്ഥരായിത്തീരും".
സമൂഹത്തിൽ പ്രചാരത്തിലുള്ള മറ്റു അഭിവാദന വചനങ്ങളിൽ നിന്നെല്ലാം വിഭിന്നമാണ് സലാം പറയൽ. അത് സാമൂഹിക ഐക്യത്തെ സുന്ദരമാക്കുകയും പരസ്പര സ്നേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം, അപരന്റെ രക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയെ കൂടി സലാം ഉൾവഹിക്കുന്നുണ്ട്. അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു, മുത്ത് നബി പറഞ്ഞു "നിങ്ങൾ വിശ്വാസികളാകാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല, പരസ്പരം സ്നേഹിക്കാതെ നിങ്ങൾ വിശ്വാസികളാവുകയുമില്ല. നിങ്ങൾക്കിടയിൽ സ്നേഹം വളർത്തുന്ന ഒരു കാര്യം ഞാൻ പറഞ്ഞു തരട്ടെ? നിങ്ങൾ സലാം പറയൽ വ്യാപകമാക്കുക". അബ്ദുല്ലാഹിബ്നു ഉമർ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം, ഒരാൾ വന്നു മുത്ത് നബിയോട് ചോദിച്ചു: ഇസ്‌ലാമിലെ ഏറ്റവും മഹത്തായ കാര്യം എന്താണ്? മുത്ത് നബി മറുപടി പറഞ്ഞു "ഭക്ഷണം നൽകുക, പരിചിതരോടും അപരിചിതരോടും സലാം പറയുക".
വ്യക്തികൾ തമ്മിലുള്ള അകലം കുറക്കാനും സാമൂഹിക ബന്ധം വളർത്താനും സൗഹൃദ വലയം വികസിപ്പിക്കാനും സലാം പറയൽ കാരണമാകുന്നുണ്ട്. സലാം പറയുമ്പോഴും മറുപടി നൽകുമ്പോഴും ആദരസൂചകമായി ബഹുവചനം ഉപയോഗിക്കൽ പ്രത്യേകം ശ്രേഷ്ഠമാക്കപ്പെട്ട കാര്യമാണ്. അപരിചിതനെ ആദരിച്ചും രക്ഷയ്ക്കായി പ്രാർത്ഥിച്ചും പരിചയപ്പെടുന്നതിലൂടെ ഊഷ്മളമായ ബന്ധം സ്ഥാപിക്കപ്പെടുന്നു. സമത്വം വിളിച്ചോതുന്നുണ്ട് സലാം. സമ്പന്നനോടും ദരിദ്രനോടും മുതിർന്നവരോടും കുട്ടികളോടും എല്ലാവരോടും സലാം പറയണം എന്ന വ്യവസ്ഥ സാമൂഹിക വേർതിരിവ് ഇല്ലാതാക്കുന്നു.
അബു ഉമാമ(റ) റിപ്പോർട്ട് ചെയ്യുന്നു, മുത്ത് നബി(സ) പറഞ്ഞു "അല്ലാഹുവിൻ്റെ കാരുണ്യത്തിന് ഏറ്റവും ബന്ധപ്പെട്ടവൻ ആദ്യം സലാം പറയുന്നവനാണ്". അഹങ്കാരവും തൻപോരിമയും വെടിഞ്ഞ് വിനയവും വിട്ടുവീഴ്ചയും കൈക്കൊള്ളാൻ അത് സഹായിക്കും. ആദ്യം സലാം പറയുന്നവൻ അഹംഭാവത്തിൽ നിന്നും മുക്തനാണെന്ന് തിരുമേനി പഠിപ്പിച്ചത് കാണാം.സലാം പറയൽ സുന്നത്താണെങ്കിലും മറുപടി പറയൽ നിർബന്ധമാണ്. അല്ലാഹു പറയുന്നു "നിങ്ങൾ അഭിവാദ്യം ചെയ്യപ്പെട്ടാൽ തത്തുല്യമായ വചനം കൊണ്ടോ അതിലേറെ മികച്ചത് കൊണ്ടോ നിങ്ങൾ പ്രത്യഭിവാദ്യം അർപ്പിക്കുക" (നിസാഅ് 86).
തിരുദൂതരുടെ അനുചരരുടെ മൃഗങ്ങളെ മേച്ചു കടന്നുപോകുന്ന ഒരു മനുഷ്യൻ നബിക്ക് സലാം പറയാറുണ്ടായിരുന്നു."വ അലൈക്കുമുസ്സലാം വ റഹ്മതുള്ളാഹി വ ബറകാതുഹു വ മഗ്ഫിറതുഹു വ രിള്‌വാനുഹു" എന്നായിരുന്നു മുത്ത് നബി പ്രത്യവിവാദ്യം ചെയ്തിരുന്നത് എന്ന് അനസ് (റ) റിപ്പോർട്ട് ചെയ്യുന്നു. സലാം പറയാൻ പിശുക്ക് കാണിക്കുന്നതിനെ വിമർശിച്ച് ഗൗരവത്തോടെ റസൂൽ(സ) സംസാരിച്ചത് കാണാം. ആകയാൽ പരസ്പര വിദ്വേഷവും പിണക്കവും വെച്ചുപുലർത്തുന്നവർക്കിടയിൽ സമാധാന സന്ദേശമായ സലാം അനുരഞ്ജനത്തിന്റെ കവാടം തുറക്കുന്നു. ചുരുക്കത്തിൽ ഭൗതികവും പാരത്രികവുമായ നന്മക്കും നേട്ടങ്ങൾക്കുമുള്ള വഴിയായി സലാം മാറുന്നു.
മുത്ത് നബി(സ)യുടെ അടുക്കൽ ഒരാൾ വന്നു ,'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. സലാം മടക്കിക്കൊണ്ട് മുത്ത് നബി 'പത്ത് ' എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ വന്നു 'അസ്സലാമു അലൈക്കും വറഹ്മത്തുള്ള ' എന്ന് അഭിവാദ്യം ചെയ്തു. തിരുദൂതർ പ്രത്യഭിവാദ്യം ചെയ്തു. 'ഇരുപത് 'എന്ന് പറഞ്ഞു. അല്പസമയത്തിന് ശേഷം മറ്റൊരാൾ വന്ന് 'അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു ' എന്ന് പറഞ്ഞു. സലാം മടക്കി പുണ്യനബി 'മുപ്പത്' എന്ന് പറഞ്ഞു. ഓരോ രൂപത്തിന്റെയും ശ്രേഷ്ഠതയെ ഉണർത്തുകയായിരുന്നു റസൂൽ (സ്വ). തുഫൈൽ ബിൻ ഉബയ്യ്(റ) അബ്ദുല്ലാഹിബ്നു ഉമർ(റ)വിന്റെ അടുക്കലേക്ക് പോകാറുണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെയും കൂട്ടി ഇബ്ന് ഉമർ(റ) ചന്തയിലേക്ക് പോവുകയും ചെയ്യും.
എന്നാൽ ചന്തയിൽ ചെന്നാൽ ഇബ്നു ഉമർ(റ) കൂട്ടം കൂടിയിരുന്ന് സംസാരിക്കുകയോ കച്ചവടങ്ങൾക്കരികിൽ നിൽക്കുകയോ ചരക്കുകളെക്കുറിച്ച് അന്വേഷിക്കുകയോ വാങ്ങുകയോ ചെയ്യാറില്ല. ഒരു ദിവസം ഇബ്നു ഉമർ(റ) ചന്തയിലേക്ക് ക്ഷണിച്ചപ്പോൾ തുഫൈൽ(റ) ചോദിച്ചു "നമുക്ക് ഇവിടെയിരുന്ന് സംസാരിക്കാം അലക്ഷ്യമായി ചന്തയിലേക്ക് പോകുന്നത് എന്തിനാണ്?" ഇബ്നു ഉമർ(റ)വിന്റെ മറുപടി, 'നമ്മൾ പോകുന്നത് കാണുന്നവരോടെല്ലാം സലാം പറയാനാണ്' എന്നായിരുന്നു. ചന്തയിൽ ചെന്നാൽ ഇബ്നുഉമർ(റ) കച്ചവടക്കാരോടും ഉപഭോക്താക്കളോടും പാവപ്പെട്ടവനോടും പണക്കാരനോടും മുന്നിൽ കാണുന്നവരോടുമെല്ലാം സലാം പറയാറുണ്ടായിരുന്നുവെന്ന് തുഫൈൽ(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കുടുംബങ്ങളിലും ദാമ്പത്യത്തിലും ഐക്യം കാത്തുസൂക്ഷിക്കാനും ഭദ്രമായ ജീവിതം കെട്ടിപ്പടുക്കാനും സലാം സഹായിക്കും. അനസ്(റ) പറയുന്നു, മുത്ത് നബി(സ) പറഞ്ഞു "കുഞ്ഞുമോനെ, നീ നിൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയുക, അത് നിനക്കും നിൻ്റെ വീട്ടുകാർക്കും ഐശ്വര്യം (ബറക്കത്ത്) പ്രദാനം ചെയ്യും". വീട്ടിൽ പ്രവേശിക്കുമ്പോഴും വീടുവിട്ടിറങ്ങുമ്പോഴും സലാം പറയണം എന്ന് മുത്ത് നബി നിർദേശിക്കുന്നുണ്ട്.
പരസ്പരം കണ്ടുമുട്ടിയാൽ കുട്ടികൾ മുതിർന്നവരോടും നടക്കുന്നവൻ ഇരിക്കുന്നവനോടും വാഹനത്തിൽ യാത്ര ചെയ്യുന്നവൻ നടക്കുന്നവനോടും ചെറിയസംഘം വലിയ സംഘത്തോടും ആണ് സലാം പറയേണ്ടത്.
മലമൂത്ര വിസർജനം നടത്തുന്നവനോടും സംയോഗം ചെയ്യുന്നവനോടും ശൗച്യംചെയ്യുന്നവനോടും പരസ്യമായി തെറ്റ് ചെയ്യുന്നവനോടും പുത്തനാശയക്കാരോടും നിസ്കരിക്കുന്നവനോടും ബാങ്ക് വിളിക്കുന്നവനോടും ഇഖാമത്ത് വിളിക്കുന്നവനോടും ഭക്ഷിക്കുന്നവനോടും കുടിക്കുന്നവനോടും (ആഹാരമോ പാനീയമോ വായിൽ ഉണ്ടായിരിക്കെ) സലാം പറയൽ സുന്നത്തില്ല. അന്യപുരുഷൻ മറ്റാരും കൂടെയില്ലാത്ത അന്യ സ്ത്രീക്ക് സലാം പറയലും അവളുടെ സലാം മടക്കലും കറാഹത്താണ്. അന്യസ്ത്രീ തനിച്ചു നിൽക്കുന്ന അന്യപുരുഷനു സലാം പറയലും അവൻ്റെ സലാം മടക്കലും നിഷിദ്ധവുമാണ്. അവിഹിത ബന്ധത്തിലേക്കുള്ള വഴികളെ തടഞ്ഞു നിർത്തുകയാണ് ഇതുവഴി മതം ചെയ്യുന്നത്.