ഇബ്രാഹിം നബി(അ) ന്റെയും പുത്രൻ ഇസ്മാഈലിന്റെ(അ)യും ത്യാഗ സുന്ദരമായ ജീവിതകഥാ സ്മരണകളാണ് ഓരോ ബലിപെരുന്നാളും. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ നേരിടേണ്ടി വന്ന പരീക്ഷണക്കടമ്പകളെ ധീരം അതിജീവിച്ച ഇബ്രാഹീം നബിയും (അ) ഭാര്യ ഹാജറ(റ)ന്റെയും നിരവധിയായ പ്രാർത്ഥന തപസ്സുകൾക്കു ശേഷം തങ്ങളുടെ വാർദ്ധക്യ സമയത്ത് ആറ്റുനോറ്റു പിറന്ന ഇസ്മാഈലെന്ന പൊന്നു മോനെ ഒന്നു മുതിർന്നപ്പോഴേക്കും ബലിയർപ്പിക്കണമെന്നായിരുന്നു സ്രഷ്ടാവിന്റെ ആജ്ഞ !
സംഭവബഹുലമായ പ്രസ്തുത ചരിത്രം
ഖുർആൻ തന്നെ പറയുന്നു:
‘ക്ഷമാശീലനായൊരു കുട്ടിയെ പ്രതി അദ്ദേഹത്തിന് (ഇബ്രാഹീം നബിക്ക്) നാം സുവിശേഷമറിയിച്ചു. അവൻ (ഇസ്മാഈൽ) അദ്ദേഹത്തോടൊപ്പം ഓടാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “ മകനെ നിന്നെ ബലി കഴിക്കുന്നതായി ഞാൻ സ്വപ്നം കാണുന്നു. നോക്കൂ.., നിൻറെ അഭിപ്രായമെന്താണ്? ” അവൻ പറഞ്ഞു: “ തങ്ങളോട് കൽപ്പിക്കപ്പെടുന്നതെന്തോ അത് ചെയ്യുക. അല്ലാഹു ഉദ്ദേശിച്ചാൽ നിങ്ങളെന്നെ ക്ഷമാശീലരിൽ എത്തിക്കുന്നതാണ്.” അവരിരുവരും അനുസരണ കാണിക്കുകയും കവിളോട് കവിൾ ചേർത്ത് അദ്ദേഹം അവനെ കുന്നും പുറത്തേക്ക് കിടത്തുകയും ചെയ്തപ്പോൾ നാം അദ്ദേഹത്തെ വിളിച്ചു : “ ഇബ്രാഹീം!, താങ്കൾ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അപ്രകാരമാണ് നാം ഗുണവാന്മാർക്ക് പ്രതിഫലം നൽകുന്നത്. നിശ്ചയം, ഇത് പ്രത്യക്ഷത്തിലൊരു പരീക്ഷണമാണ്. അദ്ദേഹത്തിന് നാം മഹത്തായ മറ്റൊരു ബലി പകരം നൽകി പിന്നീട് വരുന്നവർക്ക് അദ്ദേഹത്തിൻറെ മഹത്തായ മാതൃക അവശേഷിപ്പിച്ചു. ഇബ്രാഹിമിന് (അ) രക്ഷയുണ്ടാകട്ടെ.’ (അൽ-സ്വഫ്ഫാത് 101-109)
ബലിപെരുന്നാൾ സുദിനത്തിലെ മുസ്ലിംകളുടെ സുപ്രധാന കർമ്മമായ വിശുദ്ധ ബലികർമ്മം (ഉള്ഹിയത്) ഇബ്രാഹീമി സ്മരണയുടെ തുടർച്ചയാണെന്ന് ഇതിനാൽ വ്യക്തമാണ്.
മഹത്വവും പ്രാമാണികതയും
ബലിപെരുന്നാൾ സുദിനത്തിൽ ഒരു വിശ്വാസി ചെയ്യുന്ന കർമ്മങ്ങളിൽ അത്യധികം പ്രതിഫലാർഹവും പ്രാധാന്യമർഹിക്കുന്നതുമാണ് ഉള്ഹിയ്യത്ത്. ഇസ്ലാമിക ചതുർ പ്രമാണങ്ങളായ ഖുർആൻ,ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവ കൊണ്ട് സ്ഥിരപ്പെട്ട ബലികർമ്മത്തിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും കുറിക്കുന്ന ഒട്ടനവധി തിരുവചനങ്ങളും ഖുർആനിക സൂക്തങ്ങളും വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘താങ്കളുടെ രക്ഷിതാവിന് വേണ്ടി നിസ്കരിക്കുകയും അനന്തരം ബലിയറുക്കുകയും ചെയ്യുക’ (അൽ-കൗസർ 2)പെരുന്നാൾ നിസ്കാരത്തെ അധികരച്ചാണീ ഖുർആനിക വാക്യം.
മറ്റൊരു ഇടത്ത് കാണാം; ‘ ഒട്ടകങ്ങളെയും - നിങ്ങൾക്കവയെ അല്ലാഹുവിൻ്റെ അടയാളങ്ങളാക്കിയിരിക്കുന്നു’ (ഹജ്ജ് 36)
ബലികർമത്തിൻ്റെ പ്രാമാണികത വിളിച്ചോതുന്ന നിരവധി ഹദീസുകൾ കാണാം. അനസ് (റ)പറയുന്നു: ‘തിരുനബി (സ) കൊമ്പുള്ള കറുപ്പിൽ വെളുപ്പിടകലർന്ന രണ്ടാടുകളെ ബലിയറുത്തു. അവയുടെ പാർശ്വങ്ങളിൽ (അവ ഒതുങ്ങി നിൽക്കുന്നതിനായി) ഇരുതിരുപാദങ്ങൾ വെച്ചറുക്കുന്നതായി ഞാൻ കണ്ടു. ബിസ്മിയും തക്ബീറും ചൊല്ലിയിരുന്നു’ (ബുഖാരി, മുസ്‌ലിം). സ്വകരങ്ങൾ കൊണ്ട് തിരുനബി നൂറിൽ അറുപത്തി മൂന്ന്
ഒട്ടകങ്ങളെ ബലിയർപ്പിക്കുകയും ശേഷിക്കുന്നവയെ അലി(റ) യോട് അറുക്കാനാവശ്യപ്പെട്ട് നൂറു തികക്കുകയും ചെയ്ത വിഖ്യാതമായ മറ്റൊരു സംഭവവും ഹദീസിൽ കാണാം. തിരുദൂതർ (സ) ഹിജറക്ക് ശേഷം മദീനയിൽ പത്ത് വർഷം താമസിച്ചു. ഈ ദശവർഷക്കാലയളവിൽ തുടർച്ചയായി എല്ലാ വർഷങ്ങളിലും പ്രവാചകർ (സ) ബലികർമം നിർവഹിച്ചിരുന്നുവെന്ന് സഹാബി പ്രമുഖൻ ഇബ്നു ഉമർ (റ) സാക്ഷ്യപ്പെടുത്തുന്നു.
ബീവി ആയിശ (റ) പറയുന്നു: മുത്ത് നബി(സ)പറഞ്ഞു: ബലി പെരുന്നാൾ സുദിനത്തിൽ ബലികർമ്മത്തേക്കാൾ അല്ലാഹുവിന് ഏറ്റവുമിഷ്ടമുള്ള മറ്റൊരു കർമ്മവുമില്ല. അന്ത്യദിനത്തിൽ പ്രസ്തുത മൃഗത്തിന്റെ കൊമ്പ്,രോമം,കുളമ്പ് എന്നിവയോട് കൂടെ അതിനെ കൊണ്ടുവരപ്പെടും. ഭൂമിയിൽ രക്തം പതിക്കുന്നതിനു മുമ്പ് അല്ലാഹുവിങ്കലത് സ്ഥാനം പിടിക്കും. അതിനാൽ മന:സംതൃപ്തിയോടെ നിങ്ങൾ ബലിയർപ്പിക്കുവിൻ (തിർമുദി ,ഇബ്നു മാജ) വളരെക്കൂടുതൽ പ്രതിഫലാർഹവും അല്ലാഹുവിങ്കൽ ഉന്നതസ്ഥാനീയവുമാണ് ഉള്ഹിയ്യത്തെന്നാണ് തിരുമൊഴി നമ്മോട് സാക്ഷ്യപ്പെടുത്തുന്നത്. അതിലേക്ക് സൂചിപ്പിക്കുന്ന മറ്റൊരു തിരുവാക്യമാണിത്;
മുത്ത് നബി അരുളി: ‘ബലി മൃഗത്തിന്റെ ആദ്യ രക്തത്തുള്ളി ഭൂമിയിൽ പതിക്കുന്നതോടെ മുഴുവൻ ദോഷങ്ങളും പൊറുക്കപ്പെടും. മാത്രമല്ല, ബലി മൃഗത്തിൻ്റെ മാംസവും രക്തവുമെല്ലാം എഴുപതിരട്ടിയായി മീസാനിൽ (തുലാസിൽ) കൊണ്ടുവരപ്പെടുകയും ചെയ്യും’.
‘നിങ്ങളുടെ മൃഗങ്ങളെ നിങ്ങൾ ആദരിക്കുക. അത് സ്വിറാത്ത് പാലം കടക്കുന്നതിനുള്ള നിങ്ങളുടെ വാഹനമാണ്’ എന്ന് ഹദീസിൽ കാണാം. മുടിയേക്കാൾ നേർത്തതും വാളിനേക്കാൾ കൂർത്തതുമായ ഭയനാകമായ സ്വിറാത്ത് കടക്കാൻ ഓരോരുത്തരും കഷ്ടതയനുഭവിക്കുമ്പോൾ, വിശുദ്ധ ബലിയിൽ പങ്കുചേർന്നവന് ലളിതമായി പാലം കടക്കാനാകുന്ന പരലോക സന്ദർഭത്തെയാണ് തിരുദൂതരിവിടെ ഉണർത്തുന്നത്.
സൈദു ബിനു അർഖം(റ)മിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ സ്വഹാബത്തിന് ഉള്ഹിയ്യത്തിനെ പരിചയപ്പെടുത്തുന്നുണ്ട് തിരുദൂതർ (സ). അവിടുത്തോട് തിരു അനുചരരാഞ്ഞു: തിരുദൂതരേ, ഉള്ഹിയ്യതെന്താണ്? മുത്ത് നബി പറഞ്ഞു: നിങ്ങളുടെ പൂർവപിതാവ് ഇബ്രാഹിമി(റ)ന്റെ തിരുചര്യയാണത്. ‘ നമുക്കതിൽ എന്തുണ്ട്? ’ അനുചരർ വീണ്ടും ചോദിച്ചു . ‘ഒരോ രോമത്തിനും പ്രതിഫലമുണ്ട് ’ നബിയരുളി. ചെറു രോമങ്ങളിലും പ്രത്ഫലമുണ്ടോ?’ വീണ്ടും ചോദ്യം.
‘നിങ്ങൾക്കതിൻറെ തോലിലുള്ള ഓരോ ചെറു രോമത്തിനും പ്രതിഫലമുണ്ട്.
‘ബലികർമ്മം സൗകര്യമുണ്ടായിരിക്കെ അത് നിർവഹിക്കാത്തവർ എൻ്റെ മുസല്ലയോട് അടുക്കരുതെ’ന്ന തിരുമൊഴി ബലികർമ്മത്തിന്റെ പ്രാധാന്യത്തിലേക്കാണ് സൂചിപ്പിക്കുന്നത്.
ബലികർമവും രീതിശാസ്ത്രവും
അല്ലാഹുവുമായുള്ള സാമീപ്യമുദ്ദേശിച്ച് ദുൽഹിജ്ജ പത്തിൻ്റെ മധ്യാഹ്നത്തിനും (ളുഹാ സമയം) പതിമൂന്നിൻ്റെ അസ്തമയത്തിനുമിടയ്ക്ക് ബലിയറുക്കുന്ന മൃഗത്തിനാണ് ഉള്ഹിയ്യതെന്ന് പറയുക. ബലികർമ്മം നടത്തേണ്ട ആദ്യസമയത്തോട് (ളുഹാ സമയം) ചേർത്തുകൊണ്ടാണതിന് നാമകരണം നൽകിയിട്ടുള്ളത്. (തുഹ്ഫ 9/343) ഉള്ഹിയ്യത്തിലൂടെ സ്രഷ്ടാവിൻ്റെ സാമീപ്യമുദ്ദേശിച്ച് സൃഷ്ടി അങ്ങേയറ്റത്തെ വണക്കവും വിധേയത്വവും കാണിക്കുകയാണ്. അല്ലാഹുവിങ്കൽ വലിയ പ്രതിഫല വാഗ്ദാനമുള്ള ബലി കർമ്മത്തിലൊരുവൻ വ്യാപൃതനാകുമ്പോൾ അവൻറെ ലക്ഷ്യവും നന്നായിരിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: നിങ്ങൾ ബലിയറുക്കുന്ന മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കൽ എത്തിച്ചേരുകയില്ല. പ്രത്യുത, നിങ്ങളുടെ ഭയഭക്തി (തഖ്‌വ) യാണ് അവൻ്റെ പക്കൽ എത്തിച്ചേരുന്നത്. (ഖുർആൻ)
വിധിയെന്ത്?
അബൂഹനീഫ ഇമാമിന്റേതല്ലാത്ത മദ്ഹബുകളിൽ ശക്തിയായ സുന്നത്താണ് ബലികർമ്മം (ഉള്ഹിയത്). തിരുനബി (സ)ക്കത് നിർബന്ധ കൽപ്പനയായിരുന്നു. ഇമാം തുർമുദി, ദാറുഖുത്നി (റ) എന്നിവരുദ്ധരിച്ച തിരു മൊഴിയിൽ കാണാം; മുത്ത് നബി (സ) പറയുന്നു: ‘ബലിയറവുകൊണ്ട് എനിക്ക് നിർബന്ധ കൽപ്പന ലഭിച്ചിട്ടുണ്ട്. നിങ്ങൾക്കത് സുന്നത്താകുന്നു’(തുർമുദി) ‘ബലികർമ്മം എനിക്ക് നിർബന്ധമാക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്കത് നിർബന്ധമില്ല’ (ദാറു ഖുത്‌നി)
ശാഫി മദ്ഹബ് പ്രകാരം കഴിവുള്ളവനും കാര്യബോധവും ബുദ്ധിയുമുള്ള സ്വതന്ത്രനും പ്രായപൂർത്തിയുമായ ഏതൊരു മുസ്ലിമിനും ബലികർമ്മം (ഉളഹിയത്) പ്രബലമായ സുന്നത്താണ് (തുഹ്ഫ 9 /344). ബലിപെരുന്നാൾ ദിനത്തിൽ തൻ്റെയും ആശ്രിതരുടെയും ഭക്ഷണം,വസ്ത്രം,പാർപ്പിടം, കടം എന്നിവയ്ക്കാവശ്യമായ ധനം കഴിച്ച് മിച്ചമുണ്ടെങ്കിലാണിത്. ഈ അഭിപ്രായത്തെയാണ് ഇബ്നു ഹജർ (റ) തുഹ്ഫയിൽ പ്രബലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മിനായിലുള്ള ഹാജിമാരൊഴികെ മറ്റെല്ലാവർക്കും ബലികർമ്മം നിർബന്ധമാണെന്നാണ് അബൂ ഹനീഫ ഇമാമിന്റെ പക്ഷം. (ശറഹുൽ മുഹദ്ദബ് 8/385) ഉമ്മു സലമ (റ) നിവേദനം ചെയ്ത നബി വചനത്തിൽ പറയുന്നു: "ദുൽഹിജ്ജ മാസത്തിൽ പ്രവേശിച്ചാൽ, ഉള്ഹിയ്യത്തറുക്കാൻ ഉദ്ദേശിക്കുന്നവരാരും അവരുടെ മുടിയും നഖവും നീക്കം ചെയ്യരുത്" (സ്വഹീഹ് മുസ്‌ലിം).
എപ്പോൾ അറുക്കണം?
തിരുനബി പറയുന്നു: "നമസ്കാരം കൊണ്ടാണ് നാമീ ദിവസം (പെരുന്നാള്‍ ദിവസം) ആരംഭിക്കുന്നത്. അത് നിര്‍വഹിച്ച് നാം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. അതാണ് നമ്മുടെ ചര്യയും. എന്നാല്‍, ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് അറവ് നിർവഹിച്ചാൽ അതവൻ തൻ്റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല." (ബുഖാരി,മുസ്‌ലിം). ബലിപെരുന്നാൾ ദിവസം സൂര്യനുദിച്ച് ലഘുവായ രണ്ട് റക്അത്തുകളുടെയും ഖുതുബകളുടെയും സമയം കഴിഞ്ഞാണ് ബലിയറുക്കേണ്ടത്. ദുൽഹിജ്ജ പതിമൂന്നിന് സൂര്യാസ്തമയത്തോടെ സമയം അവസാനിക്കുകയും ചെയ്യും (റൗള, ഇമാം നവവി 436).
നിയ്യത്തെങ്ങനെ?
ബലിദാനത്തിന് നിയ്യത്ത് അനിവാര്യമാണ്. സുന്നത്തായത് അറുക്കുന്നു എന്ന് മാത്രം കരുതിയാൽ അത് നിർബന്ധമാകും (ഇആനത് 2/331). ബലിമൃഗത്തെ അറവിനായി നിർണയിക്കുമ്പോഴോ അല്ലെങ്കിൽ, അറവ് നടത്തുമ്പോഴോ ആണ് നിയ്യത് വെക്കേണ്ടത്. മറ്റൊരാളെ അറുക്കാൻ ഏൽപ്പിക്കുകയാണെങ്കിൽ, ഏൽപ്പിക്കുമ്പോഴോ ഏൽപ്പിക്കപ്പെട്ടവൻ അറവ് നടത്തുമ്പോഴോ നിയ്യത്ത് ചെയ്യാം (തുഹ്ഫ 9/362).
എന്തിനെ അറുക്കണം?
അഞ്ച് വയസ്സ് തികഞ്ഞ ഒട്ടകം, രണ്ടുവയസ്സ് പൂർത്തിയായ മാട്(കാള,പശു ,പോത്ത് ,എരുമ എന്നിവയാണവ), കോലാട്, ഒരു വയസ്സ് തികഞ്ഞ നെയ്യാട് എന്നിവയാണ് അറവ് മൃഗങ്ങൾ (മിൻഹാജ് 187). അതുതന്നെ ഒട്ടകം, പശു, നെയ്യാട്, കോലാട് എന്നീ ക്രമത്തിൽ ലഭ്യമായവയെ അറുക്കലാണ് ഉത്തമം. ജാബിർ (റ) പറയുന്നു: മുത്ത് നബിയരുളി: ‘രണ്ടു വയസ്സുള്ളവയെ (മുസിന്നത്;പല്ലുകൾ പൂർണമായും വന്നത്. അവ പശുവിലും നെയ്യാടി(ചെമ്മരിയാട്)ലും രണ്ടു വയസ്സ് തികഞ്ഞവയാണ്. ഒട്ടകത്തിൽ അഞ്ച് വയസ് പൂർത്തിയായവയും.(മിർആത് 318)മാത്രമേ അറുക്കാവൂ. സാധ്യമായില്ലെങ്കിൽ, ഒരു വയസ്സുള്ളവയും അനുവദനീയമാണ്.
(മുസ്‌ലിം)
ഗർഭം, മുടന്ത്, വ്യക്തമായ രോഗം, അവയവം മുറിഞ്ഞു പോവൽ, ചെവി, വാൽ നഷ്ടപ്പെടുക തുടങ്ങിയ ന്യൂനത മൃഗത്തിനില്ലാതിരിക്കൽ അതിൻ്റെ നിബന്ധനയാണ്. ചെവിയിൽ ദ്വാരമുറ ലോക്ക് ഉണ്ടാകുന്നതിന് വിരോധമില്ല. കൊമ്പുള്ളതിനെ അറുക്കലാണ് ഉത്തമം.
ബറാഅ് ബിനു ആരിബിൽ(റ) നിന്ന് നിവേദനം. തിരുദൂതരോട് ചോദിക്കപ്പെട്ടു: ബലി മൃഗത്തിൽ എന്തൊക്കെ ശ്രദ്ധിക്കേണ്ടതായുണ്ട്? കൈ ചൂണ്ടി തിരുദൂതർ പ്രസ്താവിച്ചു: ‘വ്യക്തമായ മുടന്തുള്ളവ, തീരെ കഴ്ചയില്ലാത്ത ഒറ്റക്കണ്ണുള്ള മൃഗം, ഗുരുതരമായ രോഗം പിടിപെട്ട മൃഗം, മജ്ജയിലാത്ത മെലിഞ്ഞ മൃഗം (ഇമാം മാലിക്,അഹമ്മദ്, തിർമുദി, ഇബ്നു മാജ)
ബലിമൃഗം തടിയുള്ളതാവുക,അറവ് പെരുന്നാൾ നിസ്കാര ശേഷമാവുക, പകൽസമയത്താവുക, അറവു മൃഗവും അറുക്കുന്നവരും ഖിബ് ലക്ക് നേരെയാവുക, പ്രവാചക(സ)രുടെ മേൽ സ്വലാത്ത്, സലാം എന്നിവ ചൊല്ലുക, ബിസ്മിക്ക് മുമ്പും ശേഷവും മൂന്നുപ്രാവശ്യം തക്ബീർ ചൊല്ലുക, അറവ് നാഥൻ സ്വീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയവ സുന്നത്താണ് (തർശീഹ് പേജ് 205).
ഏഴിൽ ഒരോഹരി, ആടിൻ്റെ വിലയേക്കാൾ കൂടുതലാകുന്നുണ്ടെങ്കിലും ബലി മൃഗമായി ഒരാടിനെ അറുക്കൽ തന്നെയാണ് ഉത്തമം. ആൺ മൃഗമാണ് പെൺമൃഗത്തേക്കാൾ ശ്രേഷ്ഠം, പ്രസവിക്കാത്ത മൃഗമാണ് പ്രസവിച്ചതിനേക്കാളും. വെളുത്ത, മഞ്ഞ, തവിട്ട്, മങ്ങിയ വെള്ള, ചുവപ്പ്, വെളുപ്പും കറുപ്പും കലർന്നത്, തനി കറുപ്പ് എന്നിങ്ങനെയാണ് നിറത്തിലെ ശ്രേഷ്ഠതാ ക്രമം. എന്നാൽ, ഏതു നിറത്തിലുള്ളവയെ അറുത്താലും മതിയാകുന്നതാണ്.
‘ഒട്ടകവും മാടും ഏഴു പേർക്ക് മതിയാകുമെന്ന’(മുസ്‌ലിം, അബൂദാവൂദ്) തിരു സാക്ഷ്യമാണിതിന് പ്രമാണം.
ഒട്ടകവും പശുവും ഏഴു പേർക്ക് പര്യാപ്തമാകും. ആട് ഒരാൾക്കും മിൻഹാജിൽ കാണം (പേജ് 187) അതായത് മിനിമം വിഹിതം ഒരാട്’. അല്ലെങ്കിൽ, ഒട്ടകത്തിന്റെയോ പശുവിന്റെയോ ഏഴിലൊന്ന് എന്നാണ്.
ബലി ദാനമെങ്ങനെ?
“അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമമുച്ചരിച്ച് ബലി നിർവഹിക്കാനുമാണത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, പരവശനും ദരിദ്രർക്കും ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക" (അൽ ഹജ്ജ്: 28).
ഉള്ഹിയ്യതിൻ്റെ പച്ച മാംസത്തിൽ നിന്ന് വല്ലതും ധർമ്മം ചെയ്യൽ നിർബന്ധമാണ്. അല്പമെങ്കിലും മതിയാകും. ബറകത്തിന് വേണ്ടി ഏതാനും പിടികൾ കഴിച്ച് ശേഷിക്കുന്നതെല്ലാം ധർമ്മം ചെയ്യലാണ് അത്യുത്തമം. പ്രസ്തുത പിടി കരൾ ഭാഗത്തു നിന്നാവലും മൂന്നിനേക്കാൾ കൂടുതൽ കഴിക്കാതിരിക്കലും, മൃഗത്തിൻറെ തുകൽ ധർമ്മം ചെയ്യലും ശ്രേഷ്തയുള്ള കാര്യമാണ് (അഫ്ളൽ).
ബലി മാംസത്തിന്റെ സ്വീകർത്താക്കൾ മുസ്ലിംകളിൽ പെട്ടവരായിരിക്കലതിൻ്റെ നിബന്ധനയിൽ പെട്ടതാണ്. അമുസ്ലിമിന് അതിൽ നിന്നൊന്നും ദാനം ചെയ്യൽ അനുവദനീയമല്ല. (ഇആനത്ത് 2/334)
സ്വന്തത്തിനു വേണ്ടി ബലിയർപ്പിക്കുന്നവന് സുന്നത്തായ ബലി മാംസത്തിൽ നിന്നും ഉള്ഹിയത്തിൽ നിന്നും ഭക്ഷിക്കാവുന്നതാണ്, അവൻ മതപരിത്യാഗി (മുർതദ്ദ്) ആകാത്ത കാലത്തോളം. അവിശ്വാസിക്കതിൽ നിന്നൊന്നും ഭക്ഷിക്കൽ അനുവദനീയമല്ല. അതിനാൽ തന്നെ, ദരിദ്രനോ സമ്പന്നനോ അതിൽ നിന്ന് അവിശ്വാസിയെ ഭക്ഷിപ്പിക്കലും പാടുള്ളതല്ല. ബലികർമ്മം കൊണ്ടുള്ള ഉദ്ദേശം മുസ്ലിംകൾക്ക് ഭോജന സൗകര്യം ഏർപ്പെടുത്തലാകയാൽ മറ്റുള്ളവർക്ക് അത് സൗകര്യപ്പെടുത്തി കൊടുക്കൽ അനുവദനീയമാവില്ലെന്നാണല്ലോ യുക്തി (തുഹ്ഫ 9/363).
മാത്രമല്ല, ബലി നിർവഹിക്കുന്നവനും അവന്റെ അനന്തരാവകാശിക്കും അതിൻ്റെ മറ്റു ഭാഗങ്ങളെ പോലെ തന്നെ വിൽപ്പന നടത്തലും വാടകയ്ക്ക് കൊടുക്കലും അറവുകാരന് കൂലിയായി നൽകലും നിഷിദ്ധമാണ് (ഹറാം).
വല്ലവനും അവൻ്റെ ബലി മൃഗത്തിന്റെ തോൽ വിൽപ്പന നടത്തിയാൽ അവനിക്ക് ഉള്ഹിയ്യതില്ലെന്ന തിരു മൊഴിയും മൃഗത്തെ അറുക്കുന്നതോടെ അവൻ്റെ ഉടമസ്ഥാവകാശം നീങ്ങും എന്നതുമാണ് നടേ പറഞ്ഞതിന്റെ തെളിവ്. അതിൽ അനന്തരാവകാശമുണ്ടായിരിക്കുന്നതല്ല. മൃഗത്തിൻ്റെ തുകലിന്റെ വിധി തന്നെയാണ് മൃഗത്തിൻറെ കൊമ്പിനുമുള്ളത് (ഇആനത് 2/323)
ത്യാഗ നിർഭരമായ സന്ദർഭങ്ങളെ ഓർത്തെടുക്കുക എന്നതിനുപരിയായി വലിയ സാമൂഹിക ദൗത്യം കൂടിയാണ് ഉള്ഹിയത്തിലൂടെ നിർവഹിക്കപ്പെടുന്നത്. സാമ്പത്തിക പരാദീനതയിൽ ജീവിതം ഹോമിക്കുന്ന മനുഷ്യർക്ക് ബലി പെരുന്നാൾ കാലം രുചിയേറിയ അനുഭവം കൂടിയാണ്. അശരണരുടെ ദൈന്യതകളിൽ പങ്കു ചേർന്നുള്ള ജീവിതത്തിന്റെ മധുരം ആസ്വാദ്യകരമാണ്. കൂടാതെ നാഥനിൽ നിന്നുള്ള പ്രതിഫലവും.