പരിശുദ്ധ ഖുർആനിൽ, തിരുഹദീസുകളിൽ പേരെടുത്ത ഫലമാണ് ഈന്തപ്പഴം. മുസ്‌ലിം ജീവിതത്തോടൊട്ടി നിൽക്കുന്ന കായ്ക്കനിയുടെ ഗുണകണങ്ങൾ അനവധിയാണെന്ന് വൈദ്യശാസ്ത്രം സാക്ഷ്യം പറയുന്നു. ശമനവും ശാന്തിയും ആരാധനയുമായി ഇഴകിച്ചേർന്ന് നമ്മുടെ തീൻമേശകളിൽ വ്യത്യസ്തങ്ങളായ കാരക്കകളാണ് നിറഞ്ഞു നിൽക്കുന്നത്.

ലോകത്ത് ഏറ്റവും മധുരമുള്ള ഫലങ്ങളിൽ ഒന്നാണ് ഈത്തപ്പഴം. ചുട്ടുപൊള്ളുന്ന മരുഭൂമണലിൽ വേരൂന്നി മധുരമൂറും ഫലം തരുന്ന ഈന്തപ്പനകൾ സൃഷ്ടാവിൻ്റെ ദൃഷ്ടാന്തമായാണ് വിശ്വാസികൾ കാണുന്നത്. അന്ത്യ ദൂതരായ മുഹമ്മദ് നബി(സ്വ) വിശ്വാസിയെ ഇന്തപ്പനകളുമായാണ് താരതമ്യം ചെയ്തത്. മറ്റുള്ള മരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്തപ്പനയുടെ ഘടനകളും സവിശേഷതകളും. മരങ്ങളിൽ ഫലങ്ങൾ ഉണ്ടാകാൻ ആവശ്യമായ പരാഗണം കിളികളിലൂടെയോ, ഷഡ്പദങ്ങളിലൂടെയോ, കാറ്റ് മുഖേനയോ യാണ് നടക്കുന്നതെങ്കിലും കാലങ്ങളായി ഈന്തപ്പനകളിൽ കൃത്രിമപരാഗണങ്ങളെയാണ് കർഷകർ ആശ്രയിക്കാറ്. ഫലലഭ്യതയുടെ വർധനവിന് ഇങ്ങനെ മനുഷ്യർ നേരിട്ടു നടത്തുന്ന പരാഗണങ്ങൾ നന്നായി സഹായിക്കുന്നു. ഈത്തപ്പഴങ്ങളിൽ അടങ്ങിയ നാരുകൾ മനുഷ്യൻ്റെ ആരോഗ്യ സംരക്ഷണത്തിന്ന് ഗുണകരമായതാണ്. അറേബ്യൻ രാജ്യങ്ങളിലെ ഗോത്രജനങ്ങളുടെ ഭക്ഷണങ്ങളിൽ പ്രധാനമായൊരു വിഭവുമാണല്ലോ ഈത്തപ്പഴം. അവരുടെ ആരോഗ്യക്ഷമതയുടെ മുഖ്യകാരണം ഇത്തപ്പഴവും ഒട്ടകത്തിൻ്റെ പാലുമാണെന്ന് പഠനങ്ങൾ പറയുന്നു. ജി സി സി രാജ്യങ്ങളിൽ മാത്രമായി എഴുപതിൽ പരം ഈത്തപ്പഴ ഇനങ്ങൾ വിളവെടുക്കുന്നുണ്ട്.

ഈത്തപ്പഴം ദീർഘകാലം സൂക്ഷിച്ചുവെക്കാൻ സാധിക്കുന്നതാണ്. മൂപ്പെത്തിയ ഇത്തപ്പഴങ്ങൾ വെള്ളത്തിലിട്ട് പുഴുങ്ങിയ ശേഷമാണ് ഇത് സാധ്യമാകുന്നത്. ഇങ്ങനെ സൂക്ഷിക്കുന്നവയെയാണ് പൊതുവെ കാരക്കയെന്ന് പറയുന്നത്.

എണ്ണയാൽ സമ്പന്നമായ നാടാണ് സഊദി അറേബ്യ. തിരുനബിയുടെ പ്രബോധന സ്ഥാനമെന്നതുകൊണ്ട് മധ്യേഷ്യയുടെ കേന്ദ്രബിന്ദുവും അറേബ്യൻ ഉപദ്വീപിൻ്റെ പരിഛേദവുമായി സഊദി പരിലസിക്കുന്നു. വ്യത്യസ്തവും രുചികരവുമായ നിരവധി ഈത്തപ്പഴങ്ങൾ സഊദിയുടെ മണ്ണിൽ വിളയുന്നു. ഈത്തപ്പഴം സൗദിയൻ ജനതയുടെ അവിഭാജ്യ ഘടകമാണ്. രാജാക്കന്മാരുടെ ഭക്ഷണം എന്നറിയപ്പെടുന്ന ഈത്തപ്പഴം നിരവധി ഔഷധങ്ങളുടെ കലവറ കൂടിയാണ്.

ഈത്തപ്പഴങ്ങളിൽ  കൂടുതൽ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പുറമെ വിവിധയിനം വിറ്റാമിനുകളും പോഷകങ്ങളും. രക്ത സമ്മർദവും ശരീരത്തിലെ സോഡിയത്തിൻ്റെ അളവും ക്രമപ്പെടുത്താൻ ഈത്തപ്പഴം സഹായിക്കുന്നുണ്ട്. ‘ഫ്രാക്ടോസ്’ എന്ന പഞ്ചസാര ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും പഞ്ചസാരയ്ക്കു പകരം ഇത് കഴിക്കാവുന്നതാണ്. ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന അയണിൻ്റെ സാന്നിധ്യം രക്തക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളെയും, അനീമിയയെയും പ്രതിരോധിക്കാൻ  സഹായിക്കുന്നു. ദഹന പ്രക്രിയയെ സുഖമമാക്കുന്ന നാരുകൾ, ചർമ്മത്തിൻ്റെ ആരോഗ്യത്തിന്നും ചർമ്മത്തിൻ്റെ സൗന്ദര്യ വർധനവിനും സഹായിക്കുന്ന ആൻറ്റി ഓക്സിഡൻസ്, ഇവ കൂടാതെ ചെമ്പ്, മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിൻ ബി6 എന്നീ ഔഷധങ്ങളും ഈത്തപ്പഴത്തിൽ ചേർന്നിരിക്കുന്നു.

മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയെ തരണം ചെയ്യാൻ കെൽപ്പുള്ള ഈന്തപ്പനകൾ സഊദിയൻ ജനതയുടെ  ഉപജീവനമാർഗ്ഗവും വരുമാന സ്രോതസ്സുമാണ്. പണ്ടുകാലം മുതൽക്കേ ആഗോള തലത്തിൽ ഈത്തപ്പഴ വിപണിയിൽ സഊദിക്ക് നിർണായകമായ സ്വാധീനമുണ്ട്. സഊദിയിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രസരണം ചെയ്യുന്ന പ്രധാനപ്പെട്ട ഈത്തപ്പഴങ്ങളെ പരിചയപ്പെടാം.

അജ്‌വ

ഇസ്ലാമിക പാരമ്പര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഈത്തപ്പഴമാണ് അജ്‌വ. രോഗശമനങ്ങൾക്കായി ഉപയോഗിക്കുന്ന അജ്‌വ നിരവധി ഔഷധങ്ങളുടെ കലവറയാണ്. സിഹ്ർ,വിഷം എന്നിവയിൽ നിന്നുള്ള ശമനമാർഗമായി തിരുനബി അജ്‌വയെ പരിചയപ്പെടുത്തിയതായി ബുഖാരിയുടെ ഹദീസുകളിൽ കാണാം. "വിശുദ്ധ ഈത്തപ്പഴം” എന്ന പേരിൽ അറിയപ്പെടുന്ന  അജ്‌വ സൗദി അറേബ്യയിലെ മദീനയിൽ നിന്നാണ് വിളവെടുക്കുന്നത്. അജ്‌വ ഈത്തപ്പഴം പതിവായി കഴിക്കുന്നതിലൂടെ രക്തക്കുഴലുകളുടെ സങ്കോചം തടയുകയും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാകുകയും ചെയ്യുന്നു. അജ്‌വയിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ കൂടുതലായി അടങ്ങിയതിനാൽ എല്ലുകളുടെയും പല്ലിന്റെയും ദൃഢതയ്ക്കും, ഗ്ലൂക്കോസ് ഫ്രാക്ടോസ് സൂക്രോസ് തുടങ്ങിയ പഞ്ചസാരകൾ പ്രമേഹം നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഗർഭാശയപേശികളെ സജീവമാക്കുന്നതിനും പ്രസവ സമയത്ത് ഗർഭാശയത്തിൻ്റെ ചലനത്തിനും സഹായകരമായതാണ്.

സഫാവി

സൗദി അറേബ്യയിലെ അൽ മദീന മേഖലയിൽ നിന്നുള്ള പരമ്പരാഗത ഈത്തപ്പഴ ഇനമാണ് സഫാവി. സാധാരണയിൽ സഫാവി ഈത്തപ്പഴങ്ങൾ ചെറിയ രീതിയിൽ ഉണങ്ങിയതും മൃദുവായതുമായതാണ്. റമളാൻ മാസങ്ങളിൽ കൂടുതലായി വിറ്റഴിക്കപ്പെടുന്ന സഫാവി വർഷത്തിൽ ഏതുസമയത്തും വിളവെടുപ്പിന് പാകമാവുന്നതാണ്. ആഴത്തിലുള്ള കറുപ്പുനിറവും, നീളവും സഫാവിയെ മറ്റു ഈത്തപ്പഴങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

സുക്കാരി

ഈത്തപ്പഴങ്ങളിലെ രാജ്ഞി എന്നറിയപ്പെടുന്ന വിഭാഗമാണ് സുക്കരി. ഈത്തപ്പങ്ങളിൽ ഏറ്റവും മധുരമുള്ളതും മൃദുവായതുമായ ഒരിനമാണിത്. ചർമ്മത്തെ ആരോഗ്യമാക്കി നിർത്തുന്നതിന് സഹായിക്കുന്ന സുക്കരി ശരീരത്തിലെ ജലത്തിൻ്റെ അളവ് നിലനിർത്തുന്നതിനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

ഖുദ്രി

സൗദി അറേബ്യയിലെ മറ്റൊരു പരമ്പരാഗത ഈത്തപ്പഴമാണ് ഖുദ്രി. താരതമ്യേനെ മൃദുവായതും തവിട്ട് നിറവുമാണ് ഖുദ്രി ഈത്തപ്പഴങ്ങൾക്ക്. ഖുദ്രിയിൽ പൊട്ടാസ്യം സമ്പുഷ്ടമായതിനാൽ ക്ഷീണവും വേദനയും കുറയ്ക്കാൻ ഇവ നല്ലതാണ്. ഗർഭിണികളിലെ പ്രസവ വേദന കുറയ്ക്കാനും ഫിറ്റ്നസിനും ഇവ കഴിക്കാവുന്നതാണ്. സാധാരണയിൽ മറ്റു ഈത്തപ്പഴങ്ങളിൽ നിന്നും വ്യത്യസ്തമായ ഖുദ്രിയിലെ വിത്ത് കാമ്പിൽ നിന്നും വേറിട്ട് നിൽക്കുന്നതായി കാണാവുന്നതാണ്. സൗദിക്ക് പുറമേ ഈജിപ്ത്, വടക്കേ ആഫ്രിക്ക, ഇറാനിൻ്റെ ചിലയിടങ്ങളിലും ഇവ വ്യാപകമായി കൃഷി ചെയ്യുന്നു.

ഖലാസ്

മിഡിൽ ഈസ്റ്റിൽ പ്രത്യേകിച്ച് അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ വളരെ വിലമതിക്കുന്ന ഈത്തപ്പഴമാണ് ഖലാ സ്’. വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയ ഖലാസ് ഈത്തപ്പഴം കാഴ്ചശക്തി നിലനിർത്താനും കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷണം നൽകുന്നതുമാണ്. ഖലാസ് ഈന്തപ്പനകളുടെ ഉയരമാണ് മറ്റുള്ള ഈന്തപ്പനകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്. ഖലാസ് ഈന്തപ്പനയ്ക്ക് 20 മീറ്റർ വരെ ഉയരവും 2-3 മീറ്റർ നീളമുള്ള  ഇലകളുമുണ്ടാവും. ഇവയുടെ ഉപയോഗം കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാനും ഉപകാരപ്രദമാണ്.

സഗായി

അറേബ്യൻ മണ്ണിൻ്റെ മറ്റൊരു സംഭാവനയാണ് സഗായി ഈത്തപ്പഴം. ഈത്തപ്പഴത്തിൽ പ്രകൃതിദത്തമായി ഉൾകൊണ്ടിരിക്കുന്ന കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീൻ എന്നിവ അടങ്ങിയതിനാൽ തന്നെ ശരീരഭാരം കൂട്ടാൻ സഹായിക്കുന്നതാണ്. ലൈംഗിക ബലഹീനതയെ മറികടക്കാനും വയറിളക്കത്തിൽ നിന്നും സുഖം പ്രാപിക്കാനും ഇവ സഹായിക്കുന്നു. ക്യാൻസർ സുഖപ്പെടാനും സഗായി ചികിത്സാമൃതമായി സേവിക്കുന്നവരുണ്ട്.

മബ്റൂം

മറ്റൊരു പൈതൃക സമ്പത്താണ് മബ്റൂം ഈത്തപ്പഴങ്ങൾ. മെലിഞ്ഞതും ചുവപ്പു കലർന്ന തവിട്ട് നിറവുമാണ് മബ്റൂമിൻ്റെ ആകൃതി. മറ്റുള്ള ഈത്തപ്പഴങ്ങളെപ്പോലെ നിരവധി പോഷകങ്ങൾ അടങ്ങിയതാണ് മബ്റൂം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, രക്ത സമ്മർദ്ദം നിയന്ത്രിക്കാനും, വാർദ്ധക്യത്തെ ചെറുക്കാനും ഇവ സഹായിക്കുന്നു. താരതമ്യേന നീളം കുറഞ്ഞ ഈത്തപ്പഴങ്ങളാണ് മബ്റൂം.

അൽ ബകായ

വംശനാശ ഭീഷണി നേരിടുന്നതും പരിപാലിക്കുന്നതിൽ കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നതുമായ ഈത്തപ്പഴ ഇനമാണ് അൽ ബകായ. ഉയരത്തിൻ്റെ പേരിലാണ് ബകായ ഈന്തപ്പനകൾ പ്രസിദ്ധമാകുന്നത്. അടിഭാഗത്ത് തവിട്ട് നിറവും മുകൾ ഭാഗം മഞ്ഞ നിറത്തോടെയുമാണ് ബകായകൾ കാണപ്പെടുന്നത്. വേനൽകാലത്തിൻ്റെ തുടക്കത്തിലാണ് ഇവയുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. മദീനയിലും സമീപ ഗ്രാമ പ്രദേശങ്ങളിലും ഇവ വ്യാപകമായി കാണപ്പെടുന്നു. അൽ ബകായ എന്നാൽ കരയുന്ന വ്യക്തി എന്നാണർത്ഥം. ബക്കായ ഈത്തപ്പഴങ്ങളിൽ നിന്നും അവയുടെ നീര് ഒലിച്ചിറങ്ങുന്നതിനാലാണ് ഇവക്ക് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.

മിഡിൽ ഈസ്റ്റിലേയും വടക്കൻ ആഫ്രിക്കയിലേയും പ്രധാന കാർഷിക ഇനമാണ് ഈത്തപ്പഴം. വായു കടക്കാത്ത പാത്രങ്ങളിൽ ഈത്തപ്പഴം അടച്ചുവെച്ചു സൂക്ഷിക്കുന്നതിലൂടെ അവയിലടങ്ങിയ ജലാംശം നിലനിർത്താനാകുന്നതാണ്. ഈത്തപ്പഴങ്ങളിലെ രുചി, ഗുണമേന്മ എന്നിവ നിലനിർത്താൻ ഈത്തപ്പഴങ്ങൾ കുറഞ്ഞ താപനിലയിൽ കരുതിവെക്കലാണ് ഉത്തമം. പന്ത്രണ്ട് മാസങ്ങൾ വരെ ഈത്തപ്പഴങ്ങളെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കാവുന്നതാണ്. കേവലം പഴവർഗ്ഗമായി ഉപയോഗിക്കുന്നതിൽ നിന്നും പകരമായി ഇന്ന് ഈത്തപ്പഴങ്ങൾക്കൊണ്ടുള്ള ധാരാളം വിഭവങ്ങളും ലഭ്യമാണ്.

തിരുചര്യകളുടെ ഭാഗമായി ചേർന്നു നിന്ന ഫലമെന്നതിനാൽ മുസ്ലിം ഉമ്മത്ത് ഈത്തപ്പഴങ്ങൾക്ക് ആത്മീയമായ പരിഗണന നൽകുന്നുണ്ട്. ഹദീസുകളിൽ കക്കിരിയോടും വത്തക്കയോടും തുടങ്ങി ജലാംശമുള്ള മറ്റു പഴങ്ങളോടു ചേർത്തി തിരുനബി തങ്ങൾ അവ ഭക്ഷിച്ചിരുന്നുവെന്ന് ഇബ്നുമാജയിലും മിശ്കാത്തു മസാബിഹിൻ്റെ താളുകളിലും വന്നിട്ടുണ്ട്. നോമ്പുകാലത്ത് തുറ കാരക്കചീളുകൾ കൊണ്ടാവണമെന്ന തിരുസുന്നത്ത് മുറുകെപ്പിടിച്ചവരാണ് മുസ്ലിം സമൂഹം. അവയുടെ ആരോഗ്യഗുണവശങ്ങൾ അടുത്തറിയുന്നതോടെ തിരുസുന്നത്തുകളുടെ ദീർഘവീക്ഷണവും അവ മനുഷ്യജീവിതത്തെ എത്രയധികം മനോഹരമാക്കുന്നവയാണെന്നുമുള്ള ബോധ്യങ്ങൾ സമൂഹത്തെ സമുദ്ധരിച്ചുകൊണ്ടേയിരിക്കും.

Tags

Health

Questions / Comments:



13 August, 2024   08:54 am

vbpvcm

6 August, 2024   08:10 pm

r9oxth