വൈവിധ്യങ്ങളായ ദൈവസങ്കൽപങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും, ജീവിത സംസ്കാരങ്ങളുടേയും, ആശയസംഹിതകളുടേയും ഈറ്റില്ലമാണ് ഭൂഗോളം. ചില ധാർമികമൂല്യങ്ങളിൽ ഒന്നിച്ചു നിൽക്കുമ്പോഴും മതങ്ങളെല്ലാം ഒരേ അച്ചിൽ വാർത്തെടുത്ത വിഭവങ്ങളല്ല. ദൈവസങ്കൽപങ്ങളിൽ ഏകവും ബഹുത്വവും ഉണ്ടെന്നിരിക്കെ എല്ലാ മതങ്ങളും ശരിയാകുന്നതിലെന്ത് സാംഗത്യമാണുള്ളത്?

പ്യൂ റിസേർച്ച് സെൻ്റർ (Pew Research Center, വാഷിംഗ്‌ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കാര്യങ്ങളെ നിക്ഷ്‌പക്ഷമായി വിലയിരുത്തുന്ന, അമേരിക്കൻ അന്വേഷണ കേന്ദ്രം) 2017ൽ പുറത്തുവിട്ട പഠനറിപ്പോർട്ട് പറയുന്നത്, 'ലോകജനതയിൽ 85 ശതമാനവും മതവിശ്വാസികളാണെന്നാണ്. ബാക്കിയുള്ള പതിനാറ് ശതമാനത്തിൽ പലരും വിവധ മതാചാരങ്ങൾ ജീവിതത്തിൽ അനുഷ്‌ഠിക്കുന്നവരുമാണ്. ജനനം മുതൽ മരണംവരെ മനുഷ്യൻ ജീവിതത്തിൽ പാലിക്കേണ്ട നിയമ-മര്യാദകൾ, അനുഷ്‌ഠിക്കേണ്ട കർമ്മ-ആചാരങ്ങൾ, കാത്തുസൂക്ഷിക്കേണ്ട വിശ്വാസങ്ങൾ എല്ലാം അവതരിപ്പിക്കുന്നത് മതങ്ങളാണ്. ജീവിത നിയമങ്ങളെ സ്വന്തമായി രൂപപ്പെടുത്തുന്നതിനുള്ള അശക്തതയാണ് മതനിയമങ്ങളെ പിൻപറ്റാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. സത്യമാണെന്ന് ബോധ്യപ്പെട്ട മതങ്ങളെയാണ് ബുദ്ധിയുള്ളവർ തിരഞ്ഞെടുക്കുക. തെറ്റാണെന്ന് സ്ഥിരപ്പെട്ടിട്ടും ഒരു വിശ്വാസത്തിൽ അള്ളിപ്പിടിച്ച് നിൽക്കുന്നത് വിഡ്ഢിത്തമാണ്. വിരുദ്ധമായ ആശയങ്ങൾ വെച്ചുപുലർത്തുന്ന രണ്ട് മതങ്ങളെ എങ്ങനെയാണ് ഒരു വിശ്വാസി ഒരേസമയം ഉൾക്കൊള്ളുക? എങ്കിൽ പിന്നെ ലോകത്തുള്ള എല്ലാ മതങ്ങളും സത്യമാണെന്നുള്ള വാദത്തിൻ്റെ നിരർഥകത പറയേണ്ടതില്ലല്ലോ.

ചരിത്രത്തിൽ “സർവ്വമത സത്യവാദം” എന്ന ആശയം പലപ്പോഴായി പലയിടങ്ങളിലും തലപൊക്കിയിട്ടുണ്ട്. സാമൂഹ്യ പരിഷ്‌കർത്താക്കൾ, നവോത്ഥാന നായകർ, മത പുരോഗമനവാദികൾ എന്നിങ്ങനെ അറിയപ്പെട്ടവരായിരുന്നു ഈ വാദം ഉയർത്തിപ്പിടിച്ചവരിൽ മുൻനിരയിൽ. 'ദൈവത്തിലേക്ക് ചേരാനുള്ള ഭിന്ന മാർഗ്ഗങ്ങളാണ് മതങ്ങൾ, എല്ലാ നദികളും ഒടുവിൽ സമുദ്രത്തിൽ ചേരുന്നതുപോലെ മനുഷ്യന്റെ വേഷം ഏതായാലും മട്ടെന്തായാലും മതമേതായാലും ദൈവത്തിൽചേരുന്നു, മാർഗ്ഗമായി തിരഞ്ഞെടുക്കുന്ന മതം ഏതുമാവട്ടെ ലക്ഷ്യം നന്നായാൽ മതി, മതങ്ങളെല്ലാം ദൈവത്തിൽ നിന്നാണ് എന്നിരിക്കെ ഒരു മതം മാത്രമേ സത്യമുളളൂ എന്ന് പറയൽ ശരിയാകുമോ, എല്ലാമതങ്ങളും ചില പൊതു സവിശേഷത ഉൾക്കൊള്ളുന്നതിനാൽ ലോകത്തുള്ള ഏതു മതം തിരെഞ്ഞെടുത്താലും സാമൂഹ്യ സ്വകാര്യ നന്മയാണ് ജീവിതലക്ഷ്യം. പ്രവാചകത്വം അംഗീകരിച്ചില്ലെങ്കിലും ഏക ദൈവവിശ്വാസം ഉൾക്കൊള്ളുന്ന എല്ലാ ദർശനങ്ങളും ശരിയാണ്, എന്നിങ്ങനെ നീളുന്നതാണ് സർവമത സത്യവാദക്കാരുടെ ന്യായവാദം. ശ്രീനാരായണഗുരു പരിചയപ്പെടുത്തിയ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി'' എന്ന ആപ്തവാക്യം, 1893 ഷിക്കാഗോയിലെ മതമഹാസമ്മേളനത്തിൽ സ്വാമിവിവേകാനന്ദൻ നടത്തിയ 'എല്ലാമതങ്ങളും സത്യമാണ്' എന്ന പ്രസംഗം, വിവിധ മതങ്ങളിലെ ആചാരങ്ങൾ സംയോജിപ്പിച്ച് അക്ബർ ചക്രവർത്തി നിർമ്മിച്ച 'ദീനെ ഇലാഹി' തുടങ്ങിയവ സർവ്വമത സത്യ വാദത്തിൻ്റെ വിവിധ മുഖങ്ങളിൽ ചിലത് മാത്രം.

മതങ്ങൾക്കിടയിലെ സ്‌പർദ്ദ ഒഴിവാക്കി സൗഹാർദം സ്ഥാപിക്കുക, വിവിധ മത വിശ്വാസികൾക്കിടയിൽ ഐക്യം വളർത്തി രാഷ്ട്രബോധം സ്ഥാപിക്കുക, ജാതിമത വ്യത്യാസമില്ലാതെ പൊതുനന്മ ഉറപ്പുവരുത്തുക തുടങ്ങി കേട്ടാൽ ആകർഷിക്കുന്ന ആശയങ്ങളെയാണ് തങ്ങളുടെ ലക്ഷ്യങ്ങളായി സർവ്വമത സത്യ വാദികൾ അവതരിപ്പിക്കാറുള്ളത്. എന്നാൽ അടുത്തറിയുമ്പോഴാണ് ഇവരുടെ ദുരുദ്ദേശ്യങ്ങളും യഥാർത്ഥ ലക്ഷ്യങ്ങളും തിരിച്ചറിയാൻ കഴിയക. ജനശ്രദ്ധയും പിന്തുണയും ലഭിക്കുക, വിവിധമത 
വിശ്വാസികൾക്കിടയിൽ സ്വീകാര്യതയും അംഗീകാരവും നേടുക, സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി അനുയായികളെ ഉപയോഗപ്പെടുത്തി സാമ്പത്തിക ലാഭം കൊയ്യുക, വിശ്വാസികളിൽനിന്ന് തീവ്ര- ദൈവ വിശ്വാസം അടർത്തി മാറ്റുക തുടങ്ങിയ ഗൂഢ ലക്ഷ്യങ്ങളോടെയാണ് പല സർവ്വമത സത്യവാദക്കാരും കരുക്കൾ നീക്കുന്നത്.

വിരുദ്ധമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന വിവിധ മതങ്ങൾ സത്യമാണന്ന വാദം നിഷ്‌പക്ഷ ബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുമോ? ദൈവസങ്കൽപത്തിൽ തന്നെ വിവിധ മതങ്ങൾക്കിടയിൽ വലിയ അന്തരമുണ്ട്. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന ഏകദൈവവിശ്വാസം, ക്രൈസ്‌തവതയുടെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അടങ്ങിയ ത്രിയേകത്വം, ഹിന്ദുമതത്തിലെ ബഹുദൈവ സങ്കല്പം ഒരേസമയം എങ്ങനെയാണ് ഈ മൂന്ന് വിശ്വാസങ്ങളും ശരിയാവുക? ഏകദൈവ വിശ്വാസമാണ് സത്യമെങ്കിൽ ബഹുദൈവ വിശ്വാസത്തിന് അവിടെ നിലനിൽപ്പില്ല. അതല്ല ബഹുദൈവ/ ത്രിയേകത്വ വിശ്വാസമാണ് സത്യമെങ്കിൽ ഏകദൈവവിശ്വാസം കളവാകുമെന്നത് തീർച്ച. പൂർണ്ണമായും വിരുദ്ധമായ കാര്യങ്ങൾ ഒരേസമയത്ത് ഒരിടത്ത് സംഗമിക്കുക എന്നത് തികച്ചും അസംഭവ്യം! പരലോകം ഉണ്ട് എന്ന വിശ്വാസവും ഇല്ല എന്ന വിശ്വാസവും രണ്ടും ഒരേസമയം സത്യമാണെന്ന് ഉൾക്കൊള്ളാനുള്ള ബുദ്ധി അപാരം തന്നെ !

മതസൗഹാർദ സംസ്ഥാപനമാണ് ലക്ഷ്യമെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസിയായിരിക്കെ തന്നെ, മറ്റു മത വിശ്വാസികളെ ബഹുമാനിക്കുന്നതിനും അവരുമായി സ്നേഹ സൗഹാർദത്തോടെ പെരുമാറുന്നതിനും എന്ത് തടസ്സമാണുളളത്? ഇന്ത്യയിലെ വിവിധ മതങ്ങൾ പുലർത്തിപ്പോന്ന സഹിഷ്‌ണുതാപരമായ പെരുമാറ്റം തന്നെ ഇതിനു വലിയ തെളിവാണ്. മാത്രമല്ല നമ്മുടെ ഭരണഘടന 25-ാം വകുപ്പ് ഏത് മതം സ്വീകരിക്കാനും ആ മതമനുസരിച്ച് പ്രവർത്തിക്കാനുമുള്ള സ്വാതന്ത്യം നൽകുന്നുണ്ട്. മതസൗഹാർദ്ദത്തിന് എല്ലാ മതങ്ങളും സത്യമാണെന്ന് വിശ്വസിക്കേണ്ട ആവശ്യം വല്ലതുമുണ്ടോ? ഹിന്ദുവിനോടും ക്രൈസ്തവനോടും ജൈനനോടും ബുദ്ധനോടും മറ്റു എല്ലാ മതവിശ്വാസികളോടും സ്നേഹത്തിലും സഹിഷ്‌ണുതയിലും നിന്നുകൊണ്ട് നമ്മുടെ ആശയങ്ങൾ സമാധാനപരമായി മറ്റുള്ളവരിൽ എത്തിക്കുക എന്നതാണ് ഇസ്‌ലാമിക രാഷ്ട്രീയം.

ഖുർആനിൽ സർവ്വമത സത്യവാദമോ?

ഖുർആനിക സൂക്തങ്ങൾ തെറ്റായി മനസ്സിലാക്കി വ്യാഖ്യാനിച്ച ചിലർക്ക് ഖുർആൻ സർവ്വമത സത്യവാദം അംഗീകരിക്കുന്നു എന്ന് പറയേണ്ടി വന്നിട്ടുണ്ട്. ഇസ്‌ലാമിന് അകത്തുനിന്ന് മുസ്‌ലിംവിരുദ്ധ പാശ്ചാത്യശക്തികളുടെ ചാരന്മാരായി പ്രവർത്തിച്ചവരായിരുന്നു ജമാലുദ്ദീൻ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും റഷീദ് രിളയും. പുരോഗമനവാദികളായ ഇവർ പാരമ്പര്യ ഇസ്ലാമിന്റെ അടിവേരറുത്തു. മുസ്‌ലിം വിശ്വാസകാര്യങ്ങളിൽ വിള്ളൽ വീഴ്ത്തി,'ഇസ്ലാമും ക്രിസ്‌ത്യാനിറ്റിയും തുല്യമാണ്' തുടങ്ങിയ അപകടകരമായ വാദങ്ങൾ ഉന്നയിക്കാൻ അവർ ധൈര്യപ്പെട്ടു. വിശുദ്ധ ഖുർആനിന്റെ വിശദീകരണമായ ഹദീസുകളെ നിഷേധിക്കുകയും 
ആയത്തുകളുടെ അവതരണ പശ്ചാത്തലം പഠിക്കാതെ സ്വതാൽപര്യപ്രകാരം ബാഹ്യാർത്ഥം നൽകി ഖുർആൻ വ്യാഖ്യാനിച്ചതുമാണ് 'ഇസ്ലാം മാത്രമല്ല മതം'' തുടങ്ങിയ വാദങ്ങളിലേക്ക് ഇവരെ കൊണ്ടെത്തിച്ചത്.

സർവ്വമത സത്യവാദം ഖുർആൻ അംഗീകരിക്കുന്നു എന്ന് വാദിക്കുന്നവർ സാധാരണ ചൂണ്ടിക്കാണിക്കാറുള്ള ആയത്തുകളാണ് ബഖറ 62, മാഇദ 47,48, 69, കാഫിറൂൻ 6 തുടങ്ങിയവ. ഈ ആ യത്തുകളുടെയെല്ലാം ശരിയായ അവതരണ പശ്ചാത്തലം മനസ്സിലാക്കി ഹദീസുകളുടെ പിൻബലത്തോടെ വ്യാഖ്യാനിച്ച പൂർവിക പണ്ഡിതരുടെ ആധികാരിക തഫ്‌സീർ ഗ്രന്ഥങ്ങൾ ഒരാവർത്തി വായിച്ചാൽ എല്ലാ അവ്യക്തതകളും നീങ്ങും. ബഖറയിലെ അറുപത്തിരണ്ടാം സൂക്തത്തിന് ഇമാം റാസി (റ) നൽകിയ വിശദീകരണം കാണുക; ഈസാ നബി (അ)ന് ഇറക്കപ്പെട്ട മാറ്റത്തിരുത്തലുകൾക്ക് വിധേയ മായിട്ടില്ലാത്ത മതത്തിൽ വിശ്വസിച്ച് ജീവിച്ചിരുന്ന ഖുസ്സു ഈ സാഇദ്, ബഹീറ, ഹബീബു നജ്ജാർ, വറകത്ബ് നു നൗഫൽ, സൽമാനുൽ ഫാരിസി, അബൂദർറുൽ ഗിഫാരി എന്നിവരെ പോലുള്ള വിശ്വാസികളിൽ നിന്നും, പൗരോഹിത്യം വികലമാക്കിയ ക്രൈസ്തവ-ജൂത മതങ്ങളിൽ വിശ്വസിച്ചവരിൽ നിന്നും, 
മുഹമ്മദ് നബി (സ്വ) യുടെ പ്രവാചകത്വ നിയോഗത്തിനുശേഷം അല്ലാഹുവിലും തിരുനബിയിലും അന്ത്യദിനത്തിലും ആരു വിശ്വസിച്ചു സൽകർമങ്ങൾ പ്രവർത്തിച്ചുവോ, അവർക്കെല്ലാം റബ്ബിന്റെ അടുക്കൽ പ്രതിഫലമുണ്ട്. (തഫ്സീർ റാസി 3/535) ഇതു തന്നെയാണ് ഇബ്നു അബ്ബാസ് (റ)ന്റെ വ്യാഖ്യാനവും. ഈ സൂക്തത്തിൻ്റെ അവതരണ പശ്ചാത്തലം തഫ്‌സീർ ഇബ്‌നു കസീർ (റ) വിശദീകരിക്കുന്നുണ്ട്; പേർഷ്യക്കാരനായ സൽമാനുൽ ഫാരിസി (റ) തിരു നബി (സ)യുടെ സവിധത്തിൽ വന്നു ഇസ്ല‌ാം പുൽകി. താനിതുവരെ വിശ്വസിച്ചിരുന്ന ക്രിസ്‌തുമത അനുയായികളെക്കുറിച്ച് വർണ്ണിച്ചു സംസാരി ക്കാൻ തുടങ്ങി. 'നബിയേ… അവർ നിസ്കരിക്കുന്നു, നോമ്പനുഷ്‌ഠിക്കുന്നു, കാലങ്ങൾക്ക് ശേഷം അങ്ങ് പ്രവാചകനായി നിയോഗിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. സൽമാൻ(റ) തൻറെ വർണ്ണന അവസാനിപ്പിച്ചപ്പോൾ നബി (സ) തങ്ങൾ പറഞ്ഞു; " അവർ നരകത്തിലാണ്" ഈ പ്രതികരണം സൽമാന് വലിയ 
മനപ്രയാസമുണ്ടാക്കി. ഈയൊരു സാഹചര്യത്തിലാണ് "അഹ് ലുകിത്താബിലെ വിശ്വാസികളും അവിശ്വാസികളുമായ 
ഏതൊരാളും മുഹമ്മദ് നബി (സ)യുടെ നിയോഗശേഷം അവിടുത്തെ വിശ്വസിച്ചാൽ അവർ വിജയിച്ചു' എന്ന ആശയം തരുന്ന സൂക്തം അവതരിക്കപ്പെടുന്നത്. അഹ് ലുകിത്താബ് എല്ലാവരും വിശ്വസിച്ചിരുന്നത് തങ്ങളുടെ പ്രവാചകനു ശേഷമുളള 
അടുത്ത പ്രവാചകൻ വന്നാൽ അദ്ദേഹത്തിൽ വിശ്വസിക്കണമെന്നും അല്ലാത്തപക്ഷം പരാജിതരിൽ പെട്ട് പോകുമെന്നായിരുന്നു' (ഇബ്നു കസീർ 1/284) അഥവാ മുസാനബി (അ) ന്റെ ജനതയുടെ വിശ്വാസം ഈസാനബി വന്നാൽ അദ്ദേഹത്തിൽ വിശ്വസിക്കണമെന്നും, ഈസ നബിയുടെ ജനത വിശ്വസിച്ചിരുന്നത് മുഹമ്മദ് നബി(സ) വന്നാൽ അദ്ദേഹത്തെ പിൻപറ്റണം എന്നുമായിരുന്നു.

വിശുദ്ധ ഖുർആൻ മറ്റുമതങ്ങളെ സത്യമായി അംഗീകരിക്കുന്നുണ്ടെന്നതിന് തെളിവായി ഉദ്ധരിക്കുന്ന മറ്റൊരു ആയത്താണ് സൂറത്ത് കാഫിറൂനയിലെ ആറാം സൂക്തം. ഇമാം റാസി (റ) വിശദീകരിക്കുന്നു; 'നിങ്ങൾക്ക് നിങ്ങളുടെ മതവും എനിക്ക് എന്റെ മതവും' എന്ന ആശയം ലഭിക്കുന്ന സൂക്തത്തിലൂടെ നബി (സ) തങ്ങൾ അവരുടെ മതത്തെ അംഗീകരിക്കുകയോ കുഫ്റിന് സമ്മതം മൂളുകയോ അല്ല ചെയ്‌തത്‌, മറിച്ച് ഇത് ഭീഷണിയാണ്. ഞാൻ നിയോഗിക്കപ്പെട്ടത് നിങ്ങളെ സന്മാർഗത്തിലേക്ക് വഴി നടത്താനാണ്. നിങ്ങളെന്നെ സ്വീകരിച്ച് സത്യം കൈക്കൊള്ളാൻ തയ്യാറല്ലെങ്കിൽ എന്നെ നിങ്ങൾ വിട്ടേക്കുക. ബഹുദൈവാരാധനയിലേക്ക് എന്നെ ക്ഷണിക്കരുത്. നാശമാണ് നിങ്ങൾക്കിഷ്ടമെങ്കിൽ കരുതിയതുപോലെ നിങ്ങളുടെ നിലവിലെ മതവുമായി നിങ്ങൾക്കു മുന്നോട്ടുപോവാം. അന്ത്യം എന്തായിരിക്കുമെന്ന് കണ്ടറിയാം. (തഫ്സീർ റാസി 32/332) മുത്ത് നബി(സ)യുടെ നിയോഗലക്ഷ്യം തന്നെ ലോകത്ത് തൗഹീദ് സംസ്ഥാപനവും ശിർക്കിൻ്റെ ഉന്മൂലനവുമായിരിക്കെ എങ്ങനെ കുഫ്റിന് സമ്മതം നൽകും!

തെറ്റായി വ്യാഖ്യാനിക്കപ്പെടാറുള്ള മറ്റുരണ്ട് ആയത്തുകളാണ് സൂറത്ത് മാഇദയിലെ 47, 48 എന്നിവ. 'ഖുർആൻ മറ്റു വേദഗ്രന്ഥങ്ങളെയെല്ലാം ശരിവെക്കുന്നു, ഇപ്പോഴും ബൈബിളിലെ നിയമംകൊണ്ട് വിധി നടപ്പിലാക്കാമെന്ന് ഖുർആനിൽ തന്നെയുണ്ടല്ലോ' തുടങ്ങിയ വാദങ്ങൾ ഈ ആയത്തുകൾ മുൻനിർത്തി ഉന്നയിക്കാറുണ്ട്. ഇവിടെയും സംഭവിച്ച പിഴവ് ബാഹ്യാർത്ഥം മാത്രം ആശ്രയിച്ചു എന്നതാണ്. ഖുർആൻ ഇഞ്ചീലിലെ വിധികൾ നടപ്പിലാക്കണമെന്ന് കൽപ്പിച്ചത് നബി(സ)ക്ക് മുമ്പ് ജീവിച്ച ഈസാനബിയുടെ സമൂഹത്തോടാണ്. ജൂത പുരോഹിതന്മാർ തൗറാത്തിൽ കാട്ടിക്കൂട്ടിയ പോലെ മതനിയമങ്ങളിൽ കൈകടത്തലുകൾ വരുത്തി യഥാർത്ഥ മതനിയമങ്ങളെ ഒളിപ്പിച്ചുവെക്കരുതെന്നും അത് വിശ്വാസിലോകത്തോട് തുറന്നു പറയണമെന്നുമാണ് ഖുർആൻ കൽപ്പിച്ചത്. ഖുർആൻ അവതരണത്തോടെ ഇഞ്ചീൽ അടക്കമുള്ള മുൻവേദങ്ങളുടെ നിയമങ്ങളെല്ലാം ദുർബലപ്പെട്ടെങ്കിലും, ഈ ഗ്രന്ഥങ്ങളെല്ലാം അല്ലാഹുവിൽ നിന്ന് ഇറക്കപ്പെട്ടതാണ് എന്ന് ഉറച്ചുവിശ്വസിക്കാൻ ഖുർആൻ പഠിപ്പിക്കുന്നു. ഇതാണ് ഈ ആയത്തിലെ 'കുത്തു ബുൻ മുസ്വദിഖുൻ' എന്നതിന്റെ താല്‌പര്യം.

മാഇദയിലെ നാല്പത്തിയെട്ടാം സൂക്തത്തിൽ പറഞ്ഞ 'നിങ്ങൾ എല്ലാ സമുദായക്കാർക്കും നാം ഓരോ പ്രത്യേക വഴിയും ശരീഅത്തും നിശ്ചയിച്ചിട്ടുണ്ട്' എന്നർത്ഥമുള്ള ഭാഗം ഓതി ഖുർആൻ എല്ലാ മതങ്ങളെയും ശരിവെക്കുന്നു എന്ന് ചിലർ തട്ടിവിടാറുണ്ട്. എന്താണ് ഈ സൂക്തത്തിൻ്റെ വിവക്ഷ? മൂസാ നബി (അ ) ന്റെയും ഈസാ നബി(അ)യുടെയും മുഹമ്മദ് നബി(സ) യുടെയും സമുദായങ്ങൾക്കെല്ലാം നാം നൽകിയിരിക്കുന്നത് വ്യത്യസ്‌തമായ, പ്രത്യേകമായ ഓരോ ശരീഅത്താണ്. മുമ്പുള്ള സമുദായത്തിന് ഇറക്കപ്പെട്ട ശരീഅത്ത് ശേഷം വരുന്നവർക്ക് ബാധകമല്ലന്ന് ചുരുക്കം. (തഫ്‌സീർ റാസി 12/ 371, 373) ഇതിൽ നിന്ന് എല്ലാ മതങ്ങളും എല്ലാ കാലത്തും ശരിയാണെന്ന് ഖുർആൻ പറയുന്നുണ്ടെന്ന് ലഭിക്കുമോ?

വിശുദ്ധഖുർആനിലെ ഒരായത്ത് പോലും സർവ്വമത സത്യവാദം അംഗീകരിക്കുന്നി ല്ലെന്ന് മാത്രമല്ല, പരിശുദ്ധ ഇസ്ലാമല്ലാത്ത ഒരു മതവും ശരിയല്ലെന്ന് ഖുർആൻ തുറന്നു പ്രഖ്യാപിക്കുന്നു. ആലു ഇംറാൻ പത്തൊമ്പതാം സൂക്തം കാണുക; - "അല്ലാഹുവിന്റെ അടുക്കൽ സ്വീകരിക്കപ്പെടുന്ന മതം ഇസ്ലാം മാത്രമാണ്'. ഈ ആശയത്തിന് കൂടുതൽ ശക്തി പകരുന്നതാണ് അതേ സൂറത്തിലെ എൺപത്തിയഞ്ചാം വചനം, 'ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റേതെങ്കിലും മതത്തെ സ്വീകരിച്ചാൽ പരലോകത്ത് അല്ലാഹു അവനെ സ്വീകരിക്കില്ല. അവൻ 
പരാജിതനായിരിക്കും' ഈ ആയത്ത് വിശദീകരിച്ച് ഇബ്നു‌ കസീർ(റ) പറയുന്നു; നബി (സ) യുടെ നുബുവ്വത്തിന് ശേഷം ആരെങ്കിലും ഇസ്ലാമല്ലാത്ത ശരീഅത്ത് പിൻപറ്റിയാൽ അവനെ അല്ലാഹു സ്വീകരിക്കില്ല.(ഇബ്നു‌ കസീർ 2/ 225 ) സർവമത സത്യവാദക്കാരുടെ മറ്റൊരു ചോദ്യം, സാമൂഹ്യ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ പൊതു നന്മകൾ സംരക്ഷിക്കപ്പെട്ടാൽ മതിയല്ലോ? ഒരു പ്രത്യേക മതവും വിശ്വാസവുമൊക്കെ സ്വീകരിച്ച് ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കേണ്ടതുണ്ടോ എന്നാണ്. മതങ്ങൾക്കിടയിൽ അല്ലാഹു ഇസ്ലാം മതത്തെ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നത് പോലെ ഈമാൻ ഉള്ളവരിൽ നിന്ന് മാത്രമേ സൽകർമ്മങ്ങൾ സ്വീകരിക്കൂ. അമലുകളുടെ സ്വീകാര്യതക്ക് ഈമാൻ നിബന്ധനയാണ്. വിശ്വാസമില്ലാത്തവരുടെ പ്രവർത്തനങ്ങളെല്ലാം നിഷ്‌ഫലമാണ്. ഖുർആൻ തന്നെ പറയുന്നു; 'അവിശ്വാസി കളുടെ പ്രവർത്തനങ്ങളുടെ ഉപമ, ശക്തമായ കാറ്റിൽ പെട്ട ക്ഷാരം പോലെയാണ്. അവരുടെ പ്രവർത്തനങ്ങൾ ഒന്നും അവർക്ക് ഉപകരിക്കില്ല. (സൂറത്ത് ഇബ്രാഹിം 18 ) ഇമാം റാസി (റ) വിശദീകരിക്കുന്നു; ദാനം, കുടുംബ ബന്ധം പു ലർത്തൽ, മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ, വിശന്നവന് ഭക്ഷണം നൽകൽ തുടങ്ങിയ സൽപ്രവർത്തനങ്ങളുടെ 
പ്രതിഫലമൊന്നും ഖിയാമത്ത് നാളിൽ അവിശ്വാസികൾക്ക് ഈമാൻ ഇല്ലാത്തത് കാരണമായി ലഭിക്കില്ല. അവരുടെ നിഷേധം എല്ലാ സൽകർമ്മങ്ങളെയും തകർത്തിരിക്കുന്നു (തഫ്‌സീർ റാസി (19/87 )

പ്രവാചകത്വ പദവി അംഗീകരിച്ചില്ലെങ്കിലും ഏക ദൈവവിശ്വാസം പുലർത്തുന്ന മതങ്ങളെല്ലാം ശരിയാണെന്ന് പറയുന്നവരുമുണ്ട്. ഇതും വലിയ അബദ്ധമാണ്. കാരണം അല്ലാഹുവിലുള്ള ഈമാൻ എന്നതിന്റെ വിവക്ഷ തന്നെ, “അല്ലാഹുവിൽനിന്ന് റസൂൽ (സ) കൊണ്ടുവന്ന ദീനിൽ അറിയപ്പെട്ട മുഴുവൻ കാര്യങ്ങളെയും മനസ്സിൽ ഉറപ്പിച്ചു 
വിശ്വസിക്കുക എന്നാണ് (ശർഹു അഖാഇദുന്നസഫി). അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ അടിസ്ഥാനഘടകമാണ് അമ്പിയാക്കളിലുളള വിശ്വാസം. ഒരിക്കൽ നബി (സ)യുടെ സവിധത്തിൽ അബ്ദുൽ ഖൈസിന്റെ നിവേദക സംഘമെത്തി. നബി (സ)യോട് അവർ പറഞ്ഞു; ഞങ്ങൾ മദീനയിലെ വളരെ വിദൂര ദിക്കിൽനിന്ന് വരുന്നവരാണ്. ഞങ്ങൾ വരുന്ന 
വഴിയിലാണ് ഇസ്ലാമിന്റെ ശത്രുക്കളായ മുളർ ഗോത്രം താമസിക്കുന്നത്. യുദ്ധം ഹറാമായ മാസങ്ങളിൽ മാത്രമേ ഞങ്ങൾക്ക് ഇതുപോലെ തങ്ങളോടൊപ്പം സംഗമിക്കാൻ പറ്റൂ. ഞങ്ങൾക്ക് സ്വർഗം പുൽകാൻ കാരണമാകുന്ന പ്രവർത്തനങ്ങൾ പറഞ്ഞു തരൂ, നബി (സ) സംസാരിച്ചുതുടങ്ങി; എന്താണ് അല്ലാഹുവിൽ മാത്രമുള്ള വി ശ്വാസമെന്ന് നിങ്ങൾക്കറിയുമോ? ഇല്ലെന്നവർ മറുപടി പറഞ്ഞു. അത് 'അല്ലാഹുവല്ലാതെ മറ്റു ഇലാഹ് ഇല്ലെന്നും മുഹമ്മദ് നബി അല്ലാഹുവിൻ്റെ റസൂലാണെന്നും വിശ്വസിക്കലാണ് (സ്വഹീഹു മു സ്‌ലിം 1/213) നബിമാർ മുഖേനയുള്ള വിശ്വാസം മാത്രമേ ശരിയാവൂ എന്നും, അതാണ് യഥാർത്ഥ തൗഹീദ് എന്നും ഈ ഹദീസ് ഉറക്കെ പ്രഖ്യാപിക്കുന്നു. നബി(സ) തങ്ങൾ അല്ലാഹുവിൻറെ ദൂതനാണെന്ന് വിശ്വസിക്കൽ അല്ലാഹുവിലുള്ള വിശ്വാസത്തിൽ പെട്ടതാണ്. മീർസ, അഹമ്മദീയാക്കൾ എന്നിവരെ പോലെ തിരുനബിയുടെ പരിസമാപ്തി (ഖത്തുന്നുബുവ്വത്ത്) അംഗീകരിക്കാത്തവരുടെ വിശ്വാസവും തഥൈവ, യാതൊരു ഫലവുമില്ല!.

ചുരുക്കത്തിൽ സാമാന്യബുദ്ധിക്ക് ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയാത്തതാണ് സർവ്വമത സത്യവാദം എന്ന ആശയം. വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളുന്ന മതങ്ങളെല്ലാം ഒരേസമയത്ത് എങ്ങനെ സത്യമാകും! ഒരു യഥാർത്ഥ മതവിശ്വാസിക്ക് എല്ലാമതങ്ങളും സത്യമാണെന്ന് അംഗീകരിക്കാൻ കഴിയില്ല. വിശുദ്ധ ഖുർആൻ ഈ ആശയത്തെ നഖശിഖാന്തം എതിർക്കുകയും ഇസ്ലാം മാത്രമേ അല്ലാഹുവിൻറെ അടുക്കൽ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഖുർആൻ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലവും ഹദീസ് വിശദീകരണവും അവഗണിച്ചുകൊണ്ടുള്ള ഖുർആൻ വ്യാഖ്യാന രീതികളാണ് അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. പരലോകത്ത് പ്രവർ ത്തനങ്ങളുടെ സ്വീകാര്യതക്കുള്ള മാനദണ്ഡം ഈമാനാണ്. നുബുവ്വത്ത് അംഗീകരിച്ചു കൊണ്ടുള്ള അല്ലാഹുവിൻറെ ഏകത്വം വകവച്ചു നൽകുന്ന വിശ്വാസികൾക്ക് മാത്രമേ സൽപ്രവർത്തനങ്ങളുടെ ഫലം പരലോകത്ത് ആസ്വദിക്കാനാവൂ. അല്ലാത്തവരെല്ലാം കൈമലർത്തും. മതങ്ങൾ പൊതുവായി സ്നേഹം, സമാധാനം, മോക്ഷം ഇവയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടെന്ന് കരുതി എല്ലാമതങ്ങളും തുല്യമാണെന്നും സത്യമാണെന്നും നമുക്ക് പറയാനാവില്ല.

Questions / Comments:



10 June, 2024   06:06 pm

Mes

നല്ല എഴുത്ത്☺️

10 June, 2024   06:05 pm

test

നല്ലത്

10 June, 2024   06:03 pm

Sam

GD????ഹായ്

10 June, 2024   06:56 pm

Test

Good ????????

30 May, 2024   05:42 pm

Hannan

????????