തിരുനബി പ്രകീർത്തന സദസ്സുകളുടെ അനിർവചനീയ താളമാണ് ഖസീദതുൽ ബുർദ. താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി  എഴുതിയ വിശ്വവിഖ്യാത ബുർദവ്യാഖ്യാനത്തിൻ്റെ മലയാള പരിഭാഷ.

കേൾക്കാം, വായിക്കാം:


ഇമാം ശറഫുദ്ദീൻ ബൂസ്വീരി (റ) രചിച്ച ഖസ്വീദതുൽ ബുർദക്കൊരു വ്യാഖ്യാനം തയ്യാറാക്കുമോയെന്ന് എന്റെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ചിലർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ആ അഭ്യർത്ഥന സ്വീകരിച്ച് അവരെ സന്തോഷിപ്പിക്കുവാനും ബുർദയുടെ ബറകത് കരസ്ഥമാക്കുന്നതിനുമായാണ് ഈ ഖസീദക്ക് ഒരു വ്യാഖ്യാനമെഴുതാൻ ഞാൻ തീരുമാനിക്കുന്നത്. ഉദ്യമത്തിലേക്ക് പ്രവേശിക്കും മുമ്പ് ഇമാം ശറഫുദ്ദീനുൽ ബൂസ്വീരി (റ)യെ കുറിച്ചൊരു ഹ്രസ്വവിവരണം നൽകാം. പാരായണം ചെയ്യുന്നവർക്ക് ബുർദയിലൂടെ അവരാഗ്രഹിക്കുന്ന ഉപകാരം ലഭിക്കുകയും കേൾക്കുന്നവർക്ക് അതിന്റെ ബറകത് കരഗതമാവുകയും ചെയ്യുന്നു. അവയെല്ലാം നേടിയെടുക്കാൻ ഇമാം ബൂസ്വീരി (റ) ഈ മഹദ് കാവ്യം രചിക്കാനുള്ള പശ്ചാതലവും , പാരായണം ചെയ്യുമ്പോൾ നിർബന്ധമായും പാലിക്കേണ്ട മര്യാദകളും അറിഞ്ഞിരിക്കൽ അനിവാര്യമാണ്.

ഇമാം ശറഫുദ്ദീനുൽ ബൂസ്വീരി(റ) ഈജിപ്തിലാണ് ജീവിച്ചിരുന്നത്. അലക്സാണ്ട്രിയയോടടുത്ത പ്രദേശമായ ബൂസ്വീറിലേക്ക് ചേർത്ത് ബൂസ്വീരി എന്ന പേരിൽ അവിടുന്ന് പ്രസിദ്ധരായി. അറബി ഭാഷയിൽ അതിനിപുണനായിരുന്ന ഇമാം സാഹിത്യ ഗരിമയിലും വാക്ചാതുരിയിലും മികച്ചു നിന്നു . അക്കാലത്തെ അത്യുന്നത കവികളിലൊരാളായി അദ്ദേഹം അറിയപ്പെട്ടു.  സുൽത്താന്മാരുടെ അടുപ്പക്കാരിലൊരാളായിരുന്ന ഇമാമവർകൾ ആദ്യ കാലത്ത് രാജസേവനത്തിലും അവരെ പുകഴ്ത്തി കവിതകളെഴുതുന്നതിലുമാണ് വ്യാപൃതനായിരുന്നത്. ബുർദയുടെ അവസാന ഭാഗത്ത് മഹാൻ ഇതിലേക്ക് സൂചന നൽകുന്നത് ഇങ്ങനെയാണ്.
خدمته بمديح استقيل به    ذنوب عمر مضى في الشعر و الخدم
إذ قلداني ما تخشى عواقبه    كأنني بهما هدي من النعم
( നബി (സ്വ)ക്ക് ഈ പ്രകീർത്തനം വഴി ഞാൻ സേവനം ചെയ്യുന്നു. രാജസേവയിലും കവിതയിലുമായി ഞാൻ ചെലവഴിച്ച എന്റെ മുൻകാല ജീവിതത്തിൻ്റെ പാപങ്ങൾ പൊറുത്തു തരാൻ അല്ലാഹുവിനോട് ഞാൻ അപേക്ഷിക്കുന്നു. കൊട്ടാരസേവനത്തിൻ്റെയും കവിതയുടേയും ദുരന്തഫലം ഭയക്കേണ്ട വിധം പാപമാലകളെ എന്റെ കഴുത്തിൽ അണിയിച്ചു. തദ്ഫലമായി ഞാനൊരു ബലിമൃഗത്തെ പോലെയായിരിക്കുന്നു.)
രാജസേവകനായും സ്തുതി പാടകനായും കഴിയുമ്പോഴാണ് ഇമാമിന്റെ ജീവിതത്തിൽ ഭാഗ്യചന്ദ്രനുദിക്കുന്നത്. ഇമാം ഒരു വഴിയിലൂടെ നടന്ന് പോകുമ്പോൾ ഒരു ശൈഖിനെ കാണാനിടയായി.

ശൈഖ് അദ്ദേഹത്തോട് ചോദിച്ചു. ”കഴിഞ്ഞ രാത്രി താങ്കൾ തിരുനബി (സ്വ)യെ കണ്ടിരുന്നോ ?."
” ഇല്ല, ഇന്നലെ ഞാൻ നബി(സ്വ)യെ കണ്ടിട്ടില്ല”. ഇമാം മറുപടി പറഞ്ഞു. അതിനു ശേഷമെന്ത് സംഭവിച്ചുവെന്ന് ഇമാം തന്നെ പറയട്ടെ.” ശൈഖിൽ നിന്നും ഇങ്ങനെയൊരു സംസാരമുണ്ടായതിനു ശേഷം എന്റെ ഹൃദയത്തിൽ നബി (സ്വ)യോടുള്ള അനുരാഗം നിറഞ്ഞു. നബി (സ്വ)യെ വർണിക്കുന്നതിൽ ഞാൻ ആനന്ദം കൊണ്ടു. ഒരുപാട് കവിതകളെഴുതി നബി(സ്വ)യെ പ്രകീർത്തിച്ചു. 

അങ്ങനെയിരിക്കെയാണ് ഇമാമിന് തളർവാതം പിടിപെടുന്നത്. അനങ്ങാൻ പോലും കഴിയാത്ത വിധം ശരീരത്തിന്റെ പകുതിയും രോഗാതുരമായി. മഹാനവർകൾ നബി(സ്വ)യിലേക്ക് അഭയം പ്രാപിക്കുകയും രോഗശമനത്തിനായി കാവ്യങ്ങൾ രചിക്കുകയും ചെയ്തു. ഒരു ദിവസം ഉറങ്ങിക്കൊണ്ടിരിക്കെ അവിടുത്തെ ജീവിതാഭിലാഷം പൂവണിഞ്ഞു. നബി (സ്വ)യെ സ്വപ്നം കണ്ടു: ബുർദയിലെ വരികൾ ചൊല്ലി നബി (സ്വ)യെ പ്രകീർത്തിച്ച് അവിടുന്ന് മുന്നിലിരിക്കുന്നു. ബുർദ അവസാനിപ്പിച്ചപ്പോൾ നബി(സ്വ) അവിടുത്തെ തിരുകരം കൊണ്ട് ഇമാമോരെ ശരീരത്തിൽ തടവി. പ്രഭാതത്തിൽ ഉണർന്നു നോക്കുമ്പോൾ എല്ലാവരേയും അൽഭുതപ്പെടുത്തിക്കൊണ്ട് ഇമാമവർകളുടെ അസുഖം പൂർണമായും മാറിയിരിക്കുന്നു.

പിറ്റേ ദിവസം, അബൂ റജാഅ എന്ന് പേരുള്ള കൂട്ടുകാരൻ വഴിയിൽ വെച്ച് കണ്ടപ്പോൾ ഇമാമിനോട് പറഞ്ഞു : നിങ്ങളുടെ അമിൻ തദക്കുറി ജീറാനിൻ ബി ദീ സലമി എന്ന് തുടങ്ങുന്ന  കവിതയൊന്ന് ചൊല്ലിക്കേൾപ്പിക്കുമോ ? ഇതുകേട്ട്  അത്ഭുതത്തോടെ ഇമാം തന്റെ സുഹൃത്തിനോട് ചോദിച്ചു : എവിടെ നിന്നാണ് നിങ്ങളീ കവിത കേട്ടത് ? ഞാനിതൊരാളെയും അറിയിച്ചിട്ടില്ലല്ലോ !
“നിങ്ങളിന്നലെ നബി (സ്വ)ക്ക് ഈ കവിത ചൊല്ലിക്കേൾപ്പിക്കുന്നത് ഞാൻ കേട്ടിരുന്നു. കവിത കേട്ട് നബി(സ്വ) വളരെയധികം സന്തോഷിച്ചു. ഫലം നിറഞ്ഞ കൊമ്പുകൾ ഭൂമിയിലേക്ക് ചായും പോലെ നബി (സ്വ) ഈ കവിത കേൾക്കാനായി ഇതിലേക്ക് ചാഞ്ഞിരുന്നു” സുഹൃത്ത് പറഞ്ഞു. ബുർദ എന്ന വിഖ്യാത കാവ്യം വിരചിതമായതിന്റെ പശ്ചാത്തലവും ബുർദയിലൂടെ ബൂസ്വീരി ഇമാമിന് ലഭിച്ച അത്ഭുതകരമായ രോഗശമനവും തിരുനബി (സ്വ)യെ കാണാൻ ഭാഗ്യം സിദ്ധിച്ചതുമായ കാര്യങ്ങൾ വിശദീകരിച്ചു. 

ഇനി ബുർദ പാരായണ സമയത്ത് നിർബന്ധമായും പാലിക്കേണ്ട മര്യാദകളെ കുറിച്ച് പറയാം. ഇമാമുമാർ രേഖപ്പെടുത്തുന്നു : ബുർദ പാരായണം ചെയ്യുന്നവനും കേൾക്കുന്നവനും വുളൂഅ് ചെയ്യണം. ഖിബ് ലക്ക് അഭിമുഖമായി ഭക്തിയോടെ ഇരിക്കണം. ഓരോ വരിയുടെ ശേഷവും സ്വലാത് ചൊല്ലുകയും ആ സ്വലാത് ബൂസ്വീരി ഇമാം ചൊല്ലിയ സ്വലാത് തന്നെയാവുകയും വേണം. 
مولاي صل و سلم دائما ابدا       على حبيبك خير الخلق كلهم
എന്ന സ്വലാതാണ് ഇമാം ബൂസ്വീരി (റ)  നബി (സ്വ)ക്ക് മുന്നിൽ വെച്ച് ചൊല്ലിയത് എന്നതിനാൽ തന്നെ സ്വലാതിന്റെ മറ്റ് വചനങ്ങൾക്കില്ലാത്ത പ്രാധാന്യം ഇതിനുണ്ട്. നബി (സ്വ)യുടെ ബറകതുള്ള സ്വലാതാണത്. ബൂസ്വീരി ഇമാമിൽ നിന്ന് തുടക്കം മുതൽ കൈമാറ്റം ചെയ്ത് വന്ന അതേ വാക്യങ്ങളിൽ തന്നെ ബുർദ പാരായണം ചെയ്യണമെന്ന് പണ്ഡിതർ നിഷ്കർഷിച്ചതിന്റെ താൽപര്യവും ഇത് തന്നെ. നബി (സ്വ)യുടെ സവിധത്തിൽ കേൾപ്പിച്ച വാക്യങ്ങൾക്ക് പ്രത്യേക ബറകതുണ്ട്.

തിരുനബി അനുരാഗികളിൽ ഒരാൾ തങ്ങളെ സിയാറത് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ബുർദ ധാരാളമായി പാരായണം ചെയ്തു. പതിവായി പാരായണം ചെയ്യുന്നവർക്ക് നബി (സ്വ)യെ സന്ദർശിക്കാനുള്ള സൗഭാഗ്യം ലഭിക്കും. ബുർദയുടെ പ്രത്യേകതയാണത്. പക്ഷേ ഇദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമത് സംഭവിച്ചില്ല. പരാതിയുമായി അദ്ദേഹം തന്റെ ശൈഖിനെ സമീപിച്ചു. “നീ നിബന്ധനകൾ പാലിച്ചിട്ടുണ്ടാവില്ല “. ശൈഖ് പറഞ്ഞു. ” ഇല്ല, ഞാനെല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ട് “. ശിഷ്യൻ തീർത്ത് പറഞ്ഞു. ശൈഖ് ശിഷ്യനെ നിരീക്ഷിച്ച് പ്രശ്നമെന്തെന്ന് അതിവേഗം  കണ്ടെത്തി, ഉപദേശ സ്വരത്തിൽ ശിഷ്യനോട് പറഞ്ഞു “നിനക്ക് നബി (സ്വ)യെ സിയാറത് ചെയ്യാനവസരം ലഭിക്കാത്തതെന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. ഇമാം ബൂസ്വീരി(റ) ചൊല്ലിയ സ്വലാതല്ല നീ ചൊല്ലുന്നത്."

ബൂസ്വീരി ഇമാം فمبلغ العلم فيه أنه بشر എന്ന് ചൊല്ലിയതിനു ശേഷം സംസാരശേഷി നഷ്ടപ്പെട്ടവനെ പോലെ തുടർന്ന് ചൊല്ലാനാവാത്ത വിധം തളർന്ന് പോയിരുന്നു. നബി(സ്വ) ഇമാമിനോട് പറഞ്ഞു ” തുടരുക “. “എനിക്കാവരിയുടെ രണ്ടാം ഭാഗം ചൊല്ലാനാവുന്നില്ല”. ഇമാം പ്രതിവചിച്ചു. അപ്പോൾ ഇമാം ബൂസ്വീരി(റ)വിന് ആശ്വാസമേകി കൊണ്ട് നബി(സ്വ) തന്നെ ആ വരി പൂർത്തീകരിച്ചു.
 وأنه خير خلق الله كلهم  അതിനു ശേഷം നബി(സ്വ) ആ വരി പൂർണമായും ബൂസ്വീരി ഇമാമിന് ചൊല്ലിക്കൊടുത്തു  
فمبلغ العلم فيه أنه بشر         وأنه خير خلق الله كلهم

ദീസലമിന്റെ അയൽക്കാർ

ജ്ഞാനിയായ കവി പറയുന്നു
١- أمن تذكر جيران بذي سلم      مزجت دمعا جرى من مقلة بدم
(ദീസലമിന്റെ അയൽക്കാരെ ഓർത്തിട്ടാണോ നീ രക്തം കലർന്ന കണ്ണുനീർ കണങ്ങൾ പൊഴിക്കുന്നത് ?)

ജ്ഞാനിയായ കവി തനിക്ക് അഭിസംബോധനം  ചെയ്യാനായി തന്നിൽ നിന്ന് തന്നെ ഒരു വ്യക്തിയെ അനാവൃതമാക്കുന്നു. കവി അഭിസംബോധനം ചെയ്യുന്ന ഈ വ്യക്തി തന്നിലുള്ള പ്രണയത്തെ മറച്ച് വെക്കുകയും വികാരത്തെ നിഷേധിക്കുകയും ചെയ്യുന്നു. കവി അദ്ദേഹത്തോട് സംവദിച്ച് അയാൾ നിഷേധിക്കുന്ന വികാരം അയാളിലുണ്ടെന്ന് സമർത്ഥിക്കുന്നു. കവി അയാളോട് ചോദിക്കുന്നു; നീയൊരു കാമുകനും അനുരാഗിയുമാണെന്നിരിക്കെ, നിനക്കെങ്ങനെ നിന്റെ പ്രണയത്തെ നിഷേധിക്കാൻ കഴിയും? നീ പ്രണയിക്കുന്ന വ്യക്തിയോടുള്ള ആസക്തി മാത്രമാണ് നിന്റെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നതെന്ന് നിന്റെ ഹൃത്തടത്തിൽ നിന്നും വെളിവാകുന്ന വിശേഷണങ്ങൾ
പറഞ്ഞറിയിക്കുന്നുണ്ട്.

മദീനയുടെ അടുത്ത പ്രദേശമായ ദീസലമിന്റെ അയൽവാസികളെ ഓർത്തത് കൊണ്ടാണോ നീ കരയുന്നത്. രണ്ട് വസ്തുക്കൾ സമ്മിശ്രമായി പരസ്പരം വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെത്തുന്നതിനാണ് മസ്ജ് (مزج ) എന്ന് പറയുന്നത്. വെള്ളവും പാലും കലരുന്നത് പോലെ, പാൽക്കട്ടി നെയ്യുമായോ തേനുമായോ കലരുന്നത് പോലെ.
കണ്ണിൽ നിന്നും വരുന്ന കണ്ണുനീരാണ് ദംഅ്(دمع ). ദു:ഖം കാരണമായും സന്തോഷം കാരണമായും കണ്ണുനീർ ഉണ്ടാവാം. ദു:ഖം നിമിത്തം പ്രവഹിക്കുന്ന കണ്ണുനീരിന് ചൂടുണ്ടാകും. സന്തോഷത്താലുണ്ടാകുന്ന കണ്ണുനീർ താരതമ്യേന തണുത്തതായിരിക്കും. ജറാ(جرى) എന്നാൽ ഒലിക്കുക എന്നർത്ഥം. സലം ഒരു മരമാണ്. മക്കയ്ക്കും മദീനക്കുമിടയിലുള്ള സ്ഥലമാണ് ദീസലം. മക്കയിലേക്ക് യാത്ര പോകുമ്പോൾ നബി(സ്വ) അവിടെ ഇറങ്ങാറുണ്ടായിരുന്നു.
സലമിന് സലാമത് – രക്ഷ എന്ന അർത്ഥമാണ് നൽകുന്നതെങ്കിൽ ആപത്തുകളിൽ നിന്നും രക്ഷയുള്ള സ്ഥലമെന്നാകും ദീ സലമ് കൊണ്ടുള്ള വിവക്ഷ. സ്വർഗമാണാ സ്ഥലം. സ്വർഗത്തിലെ അത്യുന്നതാന്മാക്കളുടെ ഇടമായ ഇല്ലിയ്യാണ് ഉദ്ദേശ്യം.

സ്നേഹിക്കപ്പെടുന്ന വ്യക്തിയെയാണ് ജീറാൻ – അയൽവാസികൾ എന്ന് സൂചിപ്പിക്കുന്നത്. പ്രണയിക്കപ്പെടുന്നവരുടെ നേതാവ്, തിരുനബി (സ്വ) യാണ് ആ മഹാവ്യക്തി. ആദര സൂചകമായാണ് ജീറാൻ എന്ന ബഹു വചനമുപയോഗിച്ചത്. ജീറാൻ (അയൽവാസികൾ) കൊണ്ട് നബിമാരെയും സച്ചരിതരെയും പരിശുദ്ധാത്മാക്കളെയും വിവക്ഷിക്കുന്നതും തെറ്റല്ല.
കവി ആലമുൽ അർവാഹിനെ അതിരറ്റ് സ്നേഹിക്കുന്നു. കാരണം കവിയുൾപ്പടെയുളള സകല മനുഷ്യരുടെയും മാതൃ രാജ്യമാണത്. സ്വരാജ്യസ്നേഹം ഈമാനിന്റെ ഭാഗമാണെന്ന് തിരുവചനവുമുണ്ടല്ലോ. ഒരു വിശ്വാസി അവന്റെ പ്രഥമ ഭവനത്തെ, അടിസ്ഥാന രാജ്യത്തെ അതിയായി കൊതിക്കും. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ തുടക്കത്തിലെന്ന പോലെ ഒടുക്കത്തിലും അവന്റെ നാട് ആലമുൽ അർവാഹാണ്. മനുഷ്യൻ വന്നത് അവിടെ നിന്നാണ്. മരണാനന്തരം അവിടേക്ക് തന്നെ മടങ്ങുകയും ചെയ്യും.

Questions / Comments:



23 December, 2024   12:42 am

Habeeb

Alhamdilillah

23 December, 2024   12:23 am

Habeeb

Alhamdilillah