ഇസ്‌ലാമിൻറെ സൗന്ദര്യത്തിൽ ആകൃഷ്ടരായി മതത്തിലേക്ക് കടന്നുവന്ന പുതുമുസ്ലിമായിരുന്നു മിമാർ സിനാൻ. ഓട്ടോമൻ ആർക്കിടെക്ചറിൻ്റെ ആത്മാവുതൊട്ട ആ കരസ്പർശമേറ്റ് ഗരിമയുള്ള നിരവധി കാഴ്ചകൾ മധ്യേഷ്യയുടെ ഹൃദയഭൂമികയിൽ പിറകൊണ്ടു. വായിക്കാം:
1490ല്‍ മധ്യ അന്റോളിയയിലെ കെയ്സരി നഗരത്തിലാണ് മിമാർ ജനിച്ചത്. അദ്ദേഹം ഗ്രീക്കുകാരനാണോ, അർമേനിയക്കാരനാണോ, തുർക്കി ക്രിസ്ത്യനാണോ എന്നതിൽ ചരിത്രകാരന്മാരിൽ ഏകോപനമില്ല. പക്ഷേ, മിമാർ പരിശുദ്ധ ഇസ്ലാം ആശ്ലേഷിച്ചു എന്നത് അവിതർക്കിതമാണ്. ശേഷം ഇസ്താംബൂളിൽ (പഴയ കോസ്റ്റാന്റിനാപ്പിൾ) താമസമാക്കുകയും വാസ്തുവിദ്യ പഠിക്കുകയും ചെയ്തു. മിമറിന്റെ മാതാപിതാക്കൾ ക്രിസ്ത്യാനികളായിരുന്നു. പിതാവ് കൽപ്പണിക്കാരനും ആശാരിയുമായിരുന്നു. ആ വഴിയിലൂടെ തന്നെയാണ് മിമറും മുന്നോട്ടുപോയത്. എങ്കിലും മിമാർ ജാനിസ്സറി പട്ടാളത്തിൽ ചേർന്നിരുന്നു. ഇസ്ലാം പുൽകിയ ശേഷം തന്റെ ആയുഷ്കാലം മുഴുവൻ ഒട്ടോമൻ രാജകുടുംബത്തിന് വേണ്ടി മാറ്റിവെച്ചു. പ്രത്യേകിച്ചും വിഖ്യാത ഒട്ടോമൻ സുൽത്താൻ സുലൈമാൻ ഒന്നാമനുവേണ്ടി. കൃത്യമായ പരിശീലനങ്ങൾക്ക് ശേഷം മിമാർ ഒട്ടോമൻ സൈന്യത്തിൽ കൺസ്ട്രക്ഷൻ ഓഫീസറാവുകയും പിന്നീട് പീരങ്കിപ്പടയുടെ തലവനായി മാറുകയും ചെയ്തു.
മിമറിൻ്റെ വാസ്തുവിദ്യ
വാസ്തുവിദ്യയിലെ തൻറെ കഴിവ് മിമാർ ലോകത്തിന് കാണിച്ചുകൊടുത്തത് സൈന്യത്തിന് പാലങ്ങളും കോട്ടകളും നിർമ്മിച്ചുകൊണ്ടായിരുന്നു. 1530കളിലായിരുന്നു ഇത്. 1539 ലാണ് ആദ്യമായി മിമര്‍ സൈന്യത്തിന് വേണ്ടിയല്ലാതെ ഒരു നിർമ്മിതി പണികഴിക്കുന്നത്. പിന്നീടങ്ങോട്ട് 40 വർഷത്തോളം ഒട്ടോമൻ സാമ്രാജ്യത്തിലെ അതുല്യനായ വാസ്തു ശില്പിയായിരുന്നു മിമാർ സിനാൻ.
ഓട്ടോമൻ സാമ്രാജ്യത്തിലെ 92 ഓളം പള്ളികൾ മിമറിന്റെ വാസ്തുവിദ്യയിൽ ഉയർന്നതാണ്. ഇതിനുപുറമേ 36 കൊട്ടാരങ്ങൾ, 48 പൊതു കുളങ്ങൾ, 20 ശവകുടീരങ്ങൾ, 55 വിദ്യാലയങ്ങൾ, ഏഴ് മതപാഠശാലകൾ, 20 സത്രങ്ങൾ തുടങ്ങി ഒത്തിരി നിർമ്മിതികൾ മിമറിന്റെ നിർമ്മിതികളിൽപെട്ടതാണ്.
ശഹ്സാദേ മോസ്ക്, സുലൈമാൻ ഫസ്റ്റ് ദി മാഗ്നിഫിഷ്യൻ്റ് മോസ്ക് എന്നിവയാണ് മിമറിന്റെ സുപ്രധാന നിർമിതികൾ. ഇവ മൂന്നും ഇസ്താംബൂൾ നഗരത്തിൻറെ ഗരിമ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. 1543-1548 വരെയുള്ള കാലയളവിൽ നിർമ്മിച്ച ശഹ്സാദേ മോസ്ക് ആണ് മിമറിന്റെ പ്രഥമ നിർമ്മിതിയായി പൊതുവിൽ കണക്കാക്കപ്പെടുന്നത്. 1548 ൽ നിർമ്മാണം പൂർത്തിയായ ഈ പള്ളി മിമറിന്റെ ഏറ്റവും മഹത്തരമായ നിർമ്മിതി കൂടിയാണ്. മിമറിന്റെ മറ്റെല്ലാ നിർമ്മാണങ്ങളെയും പോലെ ചതുരാകൃതിയിലുള്ള അടിത്തറയിൽ മധ്യത്തിൽ വലിയ താഴികക്കുടവും ചുറ്റുമായി ചെറിയ താഴികക്കുടങ്ങളുമുള്ള നിർമ്മിതിയാണ് ശഹ്സാദേ മോസ്ക്.
ഭൂകമ്പപ്രതിരോധ ഘടനകൾ
മിമാർ വ്യത്യസ്തനായിരുന്നു. വിചിത്രമായ രീതികളാണ് അദ്ദേഹം പിന്തുടർന്നത്. ചുണ്ണാമ്പ്, കളിമണ്ണ്, മണൽ എന്നിവ ചേർത്ത മിശ്രിതം കൊണ്ടാണ് അദ്ദേഹം കെട്ടിടങ്ങൾ പണിതത്. ഇതിന് ഹറാസൻ മോർട്ടാർ (Horasan' Mortar) എന്നു പറയും. ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ പ്രോട്ടീനും ഉള്ളിയും കൂട്ടി ഉണ്ടാക്കിയ കുഴമ്പും ഇതിൽ ചേർത്തിരുന്നെന്നും പറയപ്പെടുന്നു.
അടിത്തറ നിർമ്മാണ ശേഷം അദ്ദേഹം ഒന്നോ രണ്ടോ വർഷം കാത്തിരിക്കും. ഇത് മൂലം ഭൂമി അടിത്തറയെ പരമാവധി ഉറപ്പിച്ചു നിർത്തുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളും ആഘാതങ്ങളും ആഗിരണം ചെയ്യാൻ വേണ്ടി അതിന് യോജിച്ച വസ്തുക്കൾ (Absorbents) മിമാർ തൻറെ കെട്ടിടങ്ങളിലെ അടിത്തറയുടെയും ഭൂമിയുടെയും മധ്യേ സംവിധാനിച്ചിരുന്നു. തൻറെ കെട്ടിടങ്ങളിൽ തുരുമ്പു വരരുതെന്ന നിർബന്ധത്താൽ മിമാർ നിർമ്മിതികളിൽ ഓവുചാലുകളും സംവിധാനിച്ചിരുന്നു. ഇത് കെട്ടിടത്തെയും അടിത്തറയെയും സംരക്ഷിക്കുന്നു. ഇവ 400 വർഷങ്ങൾക്ക് ശേഷവും മിമാർ സിനാൻ്റെ കെട്ടിടങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നു.
ഹഗിയ സോഫിയ
മിമറും ഹഗിയ സോഫിയയും തമ്മിലെ ബന്ധത്തെ പരാമർശിച്ചല്ലോ. തുർക്കി ചരിത്രകാരനായ ഹൈറി ഫെഹ്‌മി യിൽമസ് പറയുന്നു "ഹഗിയ സോഫിയയുടെ ഈട് നിലനിർത്താൻ മിമാർ വേഗത്തിൽ കെട്ടിടത്തിനു ചുറ്റും ഭീമമായ താങ്ങുഭിത്തികൾ നിർമ്മിച്ചു. ചില താങ്ങുഭിത്തികൾ ബൈസെന്റീൻ കാലത്ത് തന്നെ ഉണ്ടായിരുന്നുവെങ്കിലും ഭിത്തികളില്ലാത്ത ഭാഗത്ത് താഴികക്കൂടം കൂടുതൽ ഭാരം ചെലുത്തിയിരുന്നു. അവിടെയാണ് മിമാർ സിനാൻ തിണ്ണകൾ നിർമ്മിച്ചത്. അതിനാൽ തന്നെ ഭാരം ചെലുത്തുന്നത് കുറയുകയും താഴികക്കൂടത്തിന് സംരക്ഷണമാവുകയും ചെയ്തു. യൂറോപ്പ്യൻ വാസ്തുവിദ്യ ഘടനകളിൽ സുപരിചിതമായിരുന്ന കമാന രൂപത്തിലുള്ള താങ്ങുകളും ഹഗിയ സോഫിയയുടെ കിഴക്ക് ഭാഗത്ത് സിനാൻ പരീക്ഷിക്കുന്നുണ്ട്. ചരിത്രഖ്യാതിയുള്ള ഈ കെട്ടിടം സംരക്ഷിക്കാനുള്ള മിമാർ സിനാന്റെ തീവ്ര പ്രയത്നങ്ങളെയും ദൃഢമനസ്സിനെയും ഇത് സൂചിപ്പിക്കുന്നു. നിർണായകമായ അദ്ദേഹത്തൻ്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ഹഗിയ സോഫിയയും അനുബന്ധ കെട്ടിടങ്ങളും ഇന്ന് കാണുന്ന പോലെ ഉണ്ടാവുമായിരുന്നില്ല എന്നും യിൽമസ് അഭിപ്രായപ്പെടുന്നുണ്ട്.
വിദേശ ചരിത്രകാരന്മാർ ഒരുപാട് കാലം മിമാർ സിനാൻ എന്ന വ്യക്തി ഉണ്ടായിരുന്നുവെന്നത് തന്നെ അംഗീകരിച്ചിരുന്നില്ല. ഈ അടുത്തകാലത്താണ് ചരിത്രകാരന്മാർ മിമാർ സിനാനെ കുറിച്ച് അർഹിച്ച രീതിയിൽ പഠനം നടത്തുന്നതും സംസാരിക്കുന്നതും. സലീം മോസ്ക് പോലോത്ത അദ്ദേഹത്തിൻറെ നിർമ്മിതികൾ ആധുനിക ലോകത്തിനുതന്നെ വിസ്മയാവഹമാണ്. എല്ലാം തികഞ്ഞൊരു കുംഭഗോപുരം തന്നെയാണത്. മുമ്പെങ്ങും ക്രൈസ്തവ ലോകത്തോ ഇസ്ലാമിക ലോകത്തോ ഇത്രയും തികവോടെ ഒരു താഴികക്കുടം നിർമ്മിക്കപ്പെട്ടിട്ടില്ല. മിമാർ സിനാന് താഴികക്കുട നിർമ്മാണത്തിൽ പ്രത്യേക അഭിരുചിയുണ്ടായിരുന്നു. കുംഭഗോപുര വാസ്തുവിദ്യയിൽ പലവിധ പുരോഗതികൾക്ക് അദ്ദേഹം നിരന്തരമായി പരിശ്രമിച്ചു.
മിമാർ സിനാൻ 'താഴികക്കുടങ്ങളെ ഉത്തുംഗതയിലേക്ക് ഉയർത്തിയ വാസ്തുശില്പി' എന്നാണ് അറിയപ്പെട്ടിരുന്നത്. കുംഭഗോപുരങ്ങളിൽ മനോഹരമാക്കുന്ന കൊത്തു പണികൾ കൊണ്ട് അലങ്കരിക്കുന്നതിലും അദ്ദേഹത്തിനുണ്ടായിരുന്ന പാടവം സ്ത്യുത്യർഹമായിരുന്നു. മിമറിൻ്റെ പരിജ്ഞാനത്തിനു മുന്നിൽ പിന്നീട് വന്ന പല വമ്പൻമാരും വിനീതരായി നിന്നു പോയിട്ടുണ്ട്.
വാസ്തുവിദ്യയ്ക്കുമപ്പുറം
മിമറിന്റെ സൗധങ്ങളിലെ വാസ്തുവിദ്യാപരമായ സൗന്ദര്യത്തിനു പുറമേ മറ്റു പലതരത്തിലുള്ള ഭൂഷണമായ വിശേഷ ഗുണങ്ങളുമുണ്ട്. കല്ലുകൾ, മാർബിളുകൾ, ടൈലുകൾ, തടി, മുത്തുകൾ തുടങ്ങിയവയാൽ അലംകൃതമായിരുന്നു മിമറിന്റെ കെട്ടിടങ്ങളിലെ ആൾത്താരകൾ. മിമാർ നിർമ്മിച്ച സുലൈമാൻ മോസ്കിനെ കുറിച്ച് വർഷങ്ങളോളം പഠനം നടത്തിയ വ്യക്തിയാണ് സിവിൽ എഞ്ചിനീയരായ വാഹിദ് ഒകുമസ്. അദ്ദേഹം മിമാർ സിനാനെ ഫിലോസഫർ സിനാൻ എന്നും സിവിൽ എൻജിനീയർ സിനാൻ എന്നുമൊക്കെയും വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മിമാർ സിനാൻ്റെ നിർമിതികളിൽ എല്ലായിടത്തും ഗണിതശാസ്ത്രമുണ്ട്.
"മിമാർ ഒരു കല്ല് പോലും കൃത്യമായ കണക്കുകൂട്ടലില്ലാതെ യഥാസ്ഥാനത്ത് വെച്ചിട്ടില്ല. എല്ലാം കൃത്യമായ കണക്കുകൂട്ടലുകളോട് കൂടിയാണ് അദ്ദേഹം എല്ലാം ചെയ്തിരുന്നത്" ഒക്കുമസ് അഭിപ്രായപ്പെടുന്നു.
1588 ജൂലൈ 17നാണ് മിമാർ സിനാൻ ഇസ്താംബൂളിൽ മരണപ്പെടുന്നത്. ഈ ലോകത്തോട് വിടപറയും മുമ്പ് സ്മരിക്കപ്പെടാൻ യോഗ്യമായ ഒത്തിരി നിർമ്മിതികൾ ഉയർത്തി വെച്ചാണ് മിമാർ മടങ്ങിയത്. താൻ തന്നെ രൂപകൽപ്പന ചെയ്ത സുലൈമാൻ മസ്ജിദിന്റെ ഉദ്യാനത്തിൻ്റെ അറ്റത്ത് ചെറിയ ശവകുടീരത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. ഒത്തിരി പള്ളികളും മതപാഠശാലകളും മുസ്ലിം ലോകത്തിന് സമ്മാനിച്ച അതിവിശിഷ്ട വ്യക്തിയായിരുന്നു മിമാർ സിനാൻ. മരണം പുൽകി 400 വർഷങ്ങൾക്കിപ്പുറവും ആ നിർമിതികളിലൂടെ മുസ്ലീങ്ങളും അല്ലാത്തവരും അദ്ദേഹത്തെ ദർശിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.