സ്വർഗത്തിൽ 'റയ്യാൻ' എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്. അന്ത്യദിനത്തിൽ ഇപ്രകാരം വിളിച്ചു ചോദിക്കപ്പെടും: “നോമ്പുകാർ എവിടെ? റയ്യാൻ കവാടത്തിലേക്ക് വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?' അതിലൂടെ ആര് പ്രവേശിക്കുന്നുവോ അവർക്ക് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അവർക്ക് പിന്നിൽ അടയ്ക്കപ്പെടും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല”.(സ്വഹീഹ് ബുഖാരി)

വായിക്കാം:

വിശ്വാസികളുടെ ആത്മാവിനെ നവീകരിക്കാനും മനസ്സിനെ ശുദ്ധീകരിക്കാനും കടന്നുവരുന്ന പുണ്യകാലമാണ് റമളാൻ. കേവലമൊരു മാസക്കാലത്തെ അന്നപാനീയങ്ങൾ ഉപേക്ഷിക്കലല്ല, മറിച്ച് മനസ്സിനെ അല്ലാഹുവിലേക്ക് പൂർണമായി സമർപ്പിക്കാനുള്ള സവിശേഷമായ ഒരു കാലയളവാണിത്. ഹിജ്റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് വിശ്വാസികൾക്ക് നോമ്പ് നിർബന്ധമാക്കപ്പെടുന്നത്. പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസം സ്വർഗവാതിലുകൾ തുറക്കപ്പെടുന്നതും നരകവാതിലുകൾ അടയ്ക്കപ്പെടുന്നതുമായ അനുഗ്രഹീത നിമിഷങ്ങളാൽ സമ്പന്നമാണ്.

അറബികൾക്കിടയിൽ മാസങ്ങൾക്ക് പേര് നൽകുന്ന ഒരു രീതിയുണ്ട്. ഓരോ മാസവും അക്കാലത്തെ കാലാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് അവർ പേരിടാറുള്ളതെന്ന് ഇമാം നസഫി(റ) വിശദീകരിക്കുന്നു. 'റമളാൻ' എന്ന നാമത്തിന്റെ പൊരുളിനെക്കുറിച്ച് ഇമാം റാസി(റ)തന്റെ തഫ്സീറിൽ വിവിധ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്:
സൂര്യതാപമേറ്റ് കല്ലുകൾ ചുട്ടുപഴുക്കുന്നതിനെയാണ് 'റമള്' എന്ന് വിളിക്കുന്നത്. നോമ്പുകാരൻ വിശപ്പിന്റെ കാഠിന്യത്താൽ ആത്മീയമായി എരിയുന്നതിനാലാണ് (അൽ-ഇർതിമാള്) ഈ പേര് വന്നതെന്നാണ് ഒരു അഭിപ്രായം.
മാസങ്ങളുടെ പേരുകൾ പഴയ ഭാഷയിൽ നിന്നും മാറ്റം വരുത്തിയ കാലത്ത്, ഈ മാസം കഠിനമായ ഉഷ്ണകാലത്തോട് പൊരുത്തപ്പെട്ടു വന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് മറ്റൊരു പക്ഷമുണ്ട്.
ഈ മാസം വിശ്വാസിയുടെ പാപങ്ങളെ കരിച്ചുകളയുന്നതുകൊണ്ടാണ് ഇതിന് റമളാൻ എന്ന് പേര് ലഭിച്ചത് എന്ന ശ്രദ്ധേയമായ മറ്റൊരു അഭിപ്രായവും ഇതിലുണ്ട്.

വിശുദ്ധ ഖുർആന്റെ അവതരണത്തിന് തുടക്കം കുറിക്കപ്പെട്ട മാസമാണിതെന്നത് ഇതിന്റെ പവിത്രത വർദ്ധിപ്പിക്കുന്നു. മനുഷ്യരെ സത്യത്തിലേക്ക് നയിക്കുന്ന സന്മാർഗദർശനമായും (ഹുദൻ) ആ നേർവഴിയിലേക്കുള്ള സുവ്യക്തവുമായ ദൃഷ്ടാന്തങ്ങളായും (ബയ്യിനാത്ത്) സത്യത്തെയും അസത്യത്തെയും തമ്മിൽ കൃത്യമായി വേർതിരിച്ചു കാണിക്കുന്ന പ്രമാണമായും (ഫുർഖാൻ) നിലകൊള്ളുന്ന ഖുർആൻ അവതീർണമായതോടെ ഈ മാസം ലോകത്തിന് പ്രകാശമായി മാറി. ആയിരം മാസത്തേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്‌റിലൂടെ ഈ മാസത്തിന് അല്ലാഹു സമാനതകളില്ലാത്ത പരിശുദ്ധി നൽകിയിരിക്കുന്നു. ഐശ്വര്യവും സമാധാനവും ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈ കാലയളവ് വിശ്വാസികൾക്ക് ആത്മവിചാരണയുടെ കാലമാണ്. ഈ ആത്മീയ യാത്രയുടെ അന്ത്യത്തിൽ വിശ്വാസിയെ കാത്തിരിക്കുന്ന മഹത്തായ പ്രതിഫലങ്ങളിലേക്കുള്ള ആദ്യ പടി വ്രതത്തിന്റെ അന്തസ്സത്ത തിരിച്ചറിയുക എന്നതാണ്.

വ്രതത്തിന്റെ അന്തസ്സത്ത

നഫ്‌സിനെതിരെയുള്ള പോരാട്ടമാണ് നോമ്പിന്റെ യഥാർത്ഥ കാതൽ. പൈശാചിക ചിന്തകൾ ഹൃദയത്തെ വേട്ടയാടുമ്പോൾ അല്ലാഹുവിന്റെ കല്പനകളെയും ഉപദേശങ്ങളെയും ഓർത്തുകൊണ്ട് (തദക്കുർ) അതിനെ പ്രതിരോധിക്കുകയാണ് മുത്തഖീങ്ങളുടെ രീതി. ഈ ആത്മീയ ജാഗ്രതയാണ് അവരെ സത്യത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നത്. പിശാചിന്റെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ആത്മീയ സ്ഥിരത പ്രകടിപ്പിക്കുന്നവർക്ക് മാത്രമാണ് സ്വർഗത്തിലെ 'റയ്യാൻ' കവാടത്തിലൂടെ പ്രവേശനം ലഭിക്കുന്നത്. കാരണം, അവരുടെ ഓരോ നിമിഷത്തെയും പ്രതിരോധത്തിന് ലഭിക്കുന്ന ഉന്നതമായ പ്രതിഫലമാണത്.
നോമ്പുകാർക്കായി മാത്രം അല്ലാഹു മാറ്റിവെച്ച സവിശേഷമായ കവാടമാണ് 'റയ്യാൻ'. തിരുനബി(സ) പഠിപ്പിക്കുന്നു. സ്വർഗത്തിൽ 'റയ്യാൻ' എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്. അന്ത്യദിനത്തിൽ ഇപ്രകാരം വിളിച്ചു ചോദിക്കപ്പെടും: “നോമ്പുകാർ എവിടെ? റയ്യാൻ കവാടത്തിലേക്ക് വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?' അതിലൂടെ ആര് പ്രവേശിക്കുന്നുവോ അവർക്ക് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അവർക്ക് പിന്നിൽ അടയ്ക്കപ്പെടും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല”.(സ്വഹീഹ് ബുഖാരി)
'റയ്യാൻ' എന്ന വാക്ക് 'റയ്യ്' എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. ഇതിന്റെ അർത്ഥം 'ദാഹം തീർക്കപ്പെട്ടവൻ' എന്നാണ്. നോമ്പുകാരൻ തന്റെ വ്രതവേളയിൽ അനുഭവിച്ച കഠിനമായ ദാഹത്തിനുള്ള പകരമായാണ് അല്ലാഹു ഈ പേര് തിരഞ്ഞെടുത്തത്. സ്വർഗത്തിൽ പ്രവേശിക്കുന്ന നിമിഷം തന്നെ അവന്റെ ദാഹം എന്നെന്നേക്കുമായി തീർക്കപ്പെടുമെന്ന വാഗ്ദാനമാണത്.

മുരീദിന്റെ വിരക്തിയും നോമ്പുകാരന്റെ വ്രതശുദ്ധിയും

ഇമാം ശഅ്റാനി(റ) തന്റെ 'അൻവാറുൽ ഖുദ്‌സിയ്യയിൽ വിവരിക്കുന്നതുപോലെ, സത്യപാതയിൽ സഞ്ചരിക്കുന്ന ഒരു മുരീദിന്റെ സ്വഭാവം ത്യാഗവും (ഈസാർ) വിരക്തി നിറഞ്ഞതുമാണ്. തനിക്ക് ആവശ്യമുണ്ടായിരിക്കെ മറ്റുള്ളവർക്ക് മുൻഗണന നൽകുന്നവനാണ് യഥാർത്ഥ മുരീദ്. നോമ്പുകാരനും തന്റെ ശാരീരിക ആവശ്യങ്ങളേക്കാൾ അല്ലാഹുവിന്റെ കൽപ്പനയ്ക്ക് മുൻഗണന നൽകുന്നു. ദുനിയാവിൽ നിന്ന് നഷ്ടപ്പെട്ട ഒരു കാര്യത്തിലും ദുഃഖിക്കാതിരിക്കുക എന്നത് മുരീദിന്റെ സ്വഭാവമാണ്. വീട്ടിൽ കള്ളൻ കയറി ഉള്ളതെല്ലാം എടുത്തു കൊണ്ടുപോകുമ്പോൾ ഒരു രോമത്തിന്റെ അത്ര പോലും വിഷമം തോന്നാത്തവനാണ് സത്യസന്ധനായ മുരീദ്. ഇത്തരത്തിൽ ദുനിയാവിനോട് വിരക്തി കാണിച്ച് അല്ലാഹുവിന്റെ പ്രീതിയിൽ സന്തോഷം കണ്ടെത്തുകയും, ഫർളായ നോമ്പുകൾക്ക് പുറമെ സുന്നത്തായ നോമ്പുകൾ അധികരിപ്പിക്കുകയും ചെയ്യുന്നവർക്കാണ് റയ്യാൻ എന്ന കവാടം വഴി പ്രവേശനം ലഭിക്കുക.

സ്വർഗീയ കവാടങ്ങളുടെ പ്രൗഢി

സ്വർഗത്തിന് എട്ട് പ്രധാന കവാടങ്ങളാണുള്ളത്. ഓരോ കവാടവും ഓരോ പ്രത്യേക കർമങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. ഈ കവാടങ്ങളുടെ വിശാലതയെക്കുറിച്ച് തിരുനബി(സ) പഠിപ്പിച്ചത്, അതിന്റെ രണ്ട് വാതിൽപ്പടികൾക്കിടയിലുള്ള ദൂരം മക്കയ്ക്കും ഹജറിനും (അല്ലെങ്കിൽ ബസ്വറയ്ക്കും) ഇടയിലുള്ള ദൂരത്തിന് തുല്യമാണെന്നാണ്. മറ്റൊരു നിവേദനമനുസരിച്ച് നാൽപ്പത് വർഷത്തെ യാത്രാദൂരമുണ്ടതിന്. അത്യന്തം വിശാലമായ ഈ കവാടങ്ങളിൽ ആദ്യമായി മുട്ടുന്നത് നമ്മുടെ തിരുദൂതർ മുഹമ്മദ് നബി(സ) ആയിരിക്കും. സ്വർഗത്തിന്റെ കാവൽക്കാരനോട് മുത്ത് നബി(സ) തന്റെ പേര് പറയുമ്പോൾ, "അവിടുത്തേക്ക് വേണ്ടി മാത്രമേ ഇത് ആദ്യം തുറക്കാവൂ എന്ന് എനിക്ക് കൽപ്പന ലഭിച്ചിട്ടുണ്ട്" എന്ന മറുപടിയോടെയായിരിക്കും തിരുദൂതർ(സ) തങ്ങളെ സ്വാഗതം ചെയ്യുക.

സുകൃതങ്ങളും സ്വർഗ പ്രവേശനവും

റമളാൻ മാസത്തിൽ സൽപ്രവൃത്തികൾക്ക് ലഭിക്കുന്ന പ്രതിഫലം അനേകമടങ്ങാണ്. അതിനാൽ തന്നെ ഈ മാസത്തിൽ നന്മകളിൽ മുന്നേറാൻ ഓരോ വിശ്വാസിയും മത്സരിക്കേണ്ടതുണ്ട്. കേവലം വിശപ്പും ദാഹവും സഹിക്കലല്ല നോമ്പ്, മറിച്ച് സർവ തിന്മകളിൽ നിന്നും ശരീരത്തെയും മനസ്സിനെയും തടഞ്ഞുനിർത്തി ആത്മീയ ഉയർച്ച നേടലാണത്. അറിവ് നേടുന്നതിനോടൊപ്പം അത് പ്രവർത്തിക്കാനും (അമൽ) തയ്യാറാകണമെന്ന ഇമാം അഹ്മദ്(റ)ൻ്റെ വാക്കും സമയം ഒരു വാളാണെന്നും അത് നന്മകൾക്കായി ഉപയോഗിക്കണമെന്നുമുള്ള ഇമാം ശാഫിഈ(റ)യുടെ ഉപദേശവും ഈ റമളാനിൽ നാം മുറുകെ പിടിക്കേണ്ടതുണ്ട്. ഇങ്ങനെ സുകൃതങ്ങളിൽ മുൻപന്തിയിൽ എത്തുന്നവർക്ക് സ്വർഗത്തിലെ എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടാനുള്ള അർഹത ലഭിക്കുന്നു. നമസ്കാരക്കാർ 'ബാബുസ്സ്വലാ' വഴിയും, ദാനധർമം ചെയ്തവർ 'ബാബുസ്സ്വദഖ' വഴിയും വിളിക്കപ്പെടുമ്പോൾ ഇങ്ങനെയുള്ള ഓരോ നന്മകളിലും മാതൃകയായവർക്ക് എട്ട് കവാടങ്ങളിലൂടെയും പ്രവേശനം ലഭിക്കുമെന്ന മഹത്തായ സന്തോഷവാർത്ത നബി(സ) അബൂബക്കർ സിദ്ദീഖ്(റ)വിനെ അറിയിച്ചിട്ടുണ്ട്. റമളാനിലെ വ്രതശുദ്ധിയിലൂടെ ആ ഉന്നത പദവിയിലെത്താൻ നമുക്ക് സാധിക്കണം.
അല്ലാഹു നമ്മെയും നമ്മുടെ മാതാപിതാക്കളെയും ഗുരുനാഥന്മാരെയും 'റയ്യാൻ' എന്ന കവാടത്തിലൂടെ സ്വർഗത്തിൽ പ്രവേശിക്കുന്ന ഭാഗ്യവാന്മാരിൽ ഉൾപ്പെടുത്തട്ടെ. ആമീൻ

Questions / Comments:



No comments yet.