ജർമനിയിൽ നിന്നും പരിചയപ്പെട്ട സുഹൃത്ത് യോനാസ് തൻ്റെ അനുഭവം പങ്കുവെക്കുന്നുണ്ട്. യോനാസ് ഇസ്‌ലാമിലേക്ക് കടന്നുവന്നതാണ്. തന്റെ കൗമാരപ്രായത്തിൽ ആ നാട്ടിലേക്ക് വന്ന ആഫ്രിക്കൻ വംശജരിൽ നിന്നാണ് യോനാസ് ഇസ്‌ലാമിനെക്കുറിച്ച് അറിയുന്നതും പിന്നീട് ഇസ്‌ലാം സ്വീകരിക്കുന്നതും. ജർമനിയിലെ റമളാൻ ഒരുമയുടെയും ഒത്തുചേരലിൻ്റെയും ആനന്ദം നിറഞ്ഞ വേളകളാണെന്ന് യോനാസ് നിറചാരുതയോടെ പറയും.

വായിക്കാം:

2023 മാർച്ച് 29ന്, ഇതേ പോലൊരു റമളാനിലായിരുന്നു ജർമനിയിലേക്കെത്തുന്നത്. ആദ്യമായി ഒരു യൂറോപ്യൻ നാട്ടിൽ കാൽ കുത്തിയ ആവേശത്തോടൊപ്പം, നാട് വിട്ടുള്ള ആദ്യ റമളാൻ എന്ന സവിശേഷത കൂടി ആ യാത്രക്കുണ്ടായിരുന്നു. അന്ന് വീട്ടിൽ നിന്നും കൊണ്ടുവന്ന റമളാൻ സ്പെഷ്യൽ പലഹാരങ്ങൾ കൊണ്ട് കൂട്ടുകാരോടൊപ്പം നോമ്പ് തുറന്നു. ജർമനിയിലേക്ക് വരുന്നതിനുമുമ്പ് ഒരുപാട് മുൻധാരണകൾ ഉണ്ടായിരുന്നു. എന്നാൽ, കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ട് ഒരുപാട് പള്ളികളും നോമ്പ് തുറയുമൊക്കെയുള്ള ഒരു യൂറോപ്യൻ നാടിനെയായിരുന്നു കാണാൻ സാധിച്ചത്. രണ്ടാം ലോകമഹായുദ്ധത്താൽ തകർന്നടിഞ്ഞ ജർമനിയെ പുനർനിർമിക്കാൻ ഒരുപാട് ടർക്കിഷ് വംശജർ ജർമനിയിലേക്ക് വന്നിരുന്നു. അവർ നിർമിച്ച പള്ളികളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്. കൊളോൺ സെൻട്രൽ മോസ്‌ക് അടങ്ങുന്ന യൂറോപ്പിലെ വലിയതും മനോഹരവുമായ പള്ളികളുള്ള രാജ്യമാണ് ജർമനി.

ജർമനിയിലെ നോമ്പ് തുറ വ്യത്യസ്തമാർന്നൊരു അനുഭവമാണ് സമ്മാനിച്ചത്. ബാങ്ക് വിളിച്ചാൽ ഉടനെ നോമ്പ് തുറന്ന് വേഗം മഗ്‌രിബ് നിസ്‌കാരത്തിലേക്ക് പ്രവേശിക്കുന്ന നാട്ടിലെ രീതിക്ക് പകരം എല്ലാവരും വളരെ സാവകാശം നോമ്പ് തുറക്കുന്ന രീതിയാണ് ഇവിടെ കണ്ടത്. അതിനാൽ തന്നെ മഗ്‌രിബ് നിസ്‌കാരം എപ്പോഴും വൈകിയാണ് ആരംഭിക്കുന്നത്. തണുപ്പേറിയ പ്രദേശമായതുകൊണ്ട് തന്നെ, കൂടുതൽ ഫ്രൂട്ട്‌സും ശീതള പാനീയങ്ങളും കാണാൻ സാധിക്കില്ല. മറിച്ച്, ചൂട് സൂപ്പും ബ്രെഡും ഉൾപ്പെടുന്നതാണ് എന്നെ എറെ സ്വാധീനിച്ച അവിടുത്തെ മെയിൻ കോഴ്‌സ്. സൈഡ് ഡിഷ് ആയി ടർക്കിഷ് മധുരപലഹാരങ്ങളും ഉണ്ടാകും. ബക്‌ലാവയെക്കുറിച്ച്, പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല എന്നാണ് വിശ്വാസം. പൊതുവെ ബ്രെഡ്, ചീസ്, മുട്ട, ഓട്‌സ്, മ്യൂസ്‌ലി പോലുള്ള ധാന്യങ്ങൾ, ഫ്രൂട്ട്‌സ് മുതലായവയാണ് ജർമൻ മുസ്‌ലിംകളുടെ അത്താഴത്തെ വേറിട്ടതാക്കുന്നത്.

ജർമനിയിൽ നിന്നും പരിചയപ്പെട്ട സുഹൃത്ത് യോനാസ് തൻ്റെ അനുഭവം പങ്കുവെക്കുന്നുണ്ട്. യോനാസ് ഇസ്‌ലാമിലേക്ക് കടന്നുവന്നതാണ്. തന്റെ കൗമാരപ്രായത്തിൽ ആ നാട്ടിലേക്ക് വന്ന ആഫ്രിക്കൻ വംശജരിൽ നിന്നാണ് യോനാസ് ഇസ്‌ലാമിനെക്കുറിച്ച് അറിയുന്നതും പിന്നീട് ഇസ്‌ലാം സ്വീകരിക്കുന്നതും. ജർമനിയിലെ റമളാൻ ഒരുമയുടെയും ഒത്തുചേരലിൻ്റെയും ആനന്ദം നിറഞ്ഞ വേളകളാണെന്ന് യോനാസ് നിറചാരുതയോടെ പറയും. 

റമളാനിൽ നടക്കുന്ന കമ്മ്യൂണിറ്റി ഇഫ്താറുകൾ ഇവിടെ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരുമിച്ചിരിക്കാനും ബന്ധങ്ങൾ പുതുക്കാനുമുള്ള വലിയൊരു അവസരമാണ്. സ്വകാര്യ ജീവിതത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന സംസ്‌കാരമാണ് ജർമനിയുടേത്. എന്നാൽ സാമൂഹികമായി സംഗമിക്കുന്നതിന് താല്പര്യക്കുറവും ഇല്ല. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് നിശ്ചയിച്ചിട്ടുണ്ടാകും. കമ്മ്യൂണിറ്റി ഇഫ്താറുകൾക്കും ഒരു നിശ്ചിത തീയതിയും സമയവും ഉണ്ടാകും. 

ഭൂരിഭാഗം ഇഫ്താർ സംഗമങ്ങൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്‌ട്രേഷൻ ചെയ്ത് പോകാതിരിക്കുന്നത് ശ്രദ്ധിക്കപ്പെടുകയും ചെയ്യും. പങ്കെടുക്കാൻ സാധിക്കില്ലെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. സമയം കൃത്യവും വ്യക്തവുമായിരിക്കും. വൈകി പോകുന്നതും നല്ല ലക്ഷണമല്ല. കേൾക്കുമ്പോൾ ചിലപ്പോൾ ആശ്ചര്യം തോന്നുമെങ്കിലും, കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത് ദൈനംദിന ജീവിതം ക്രമീകരിക്കുന്ന ഒരു സംസ്‌കാരത്തിന്റെ വ്യക്തമായ പ്രതിഫലനമാണിത്.

ജോലി സ്ഥലങ്ങളിലായാലും പഠന സ്ഥലങ്ങളിലായാലും നോമ്പുകാരനാണെന്ന് അറിഞ്ഞാൽ അതിനോട് ബഹുമാനപൂർവമുള്ള സമീപനമാണ് ജർമൻകാരോടൊത്ത് ജീവിക്കുമ്പോൾ അനുഭവപ്പെട്ടത്. പരിചയപ്പെട്ട മിക്ക ജർമൻകാർക്കും റമളാനെക്കുറിച്ച് അറിയാം. പക്ഷേ നോമ്പുസമയത്ത് വെള്ളം കുടിക്കുന്നതും ഒഴിവാക്കണമെന്ന് അറിയാത്തവരുണ്ട്. പലരും വീട്ടിൽ നിന്നും ജോലി സ്ഥലങ്ങളിലേക്ക് കേക്ക് പോലുള്ള മധുര പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവരുന്ന പതിവുണ്ട്. പക്ഷേ നോമ്പാണെന്ന് അറിഞ്ഞാൽ അവർ അത് കഴിക്കാൻ നിർബന്ധിക്കില്ല. അതുപോലെ മുസ്‌ലിമാണെന്നറിഞ്ഞാൽ, ആൽക്കഹോൾ പോലോത്ത ഹലാലല്ലാത്ത എന്തെങ്കിലും പദാർത്ഥങ്ങൾ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് പ്രത്യേകം ഉണർത്താറുമുണ്ട്.

ആഘോഷങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്‌കാരമാണ് ജർമനിയിലെ ജനങ്ങളുടേത്. ഇവിടെയുള്ള ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ക്രിസ്ത്യൻ മതത്തോട് വലിയ താല്പര്യം കാണിക്കാത്തവരാണ്. എന്നാൽ, ക്രിസ്മസ് മിക്കവരും ആഘോഷിക്കും. വളരെ അലങ്കാര പ്രിയർ കൂടിയാണ് ഇവർ. ക്രിസ്മസ് പോലുള്ള ക്രിസ്ത്യൻ ആഘോഷങ്ങളിൽ വീടും നഗരവും മാർക്കറ്റും മനോഹരമായി അലങ്കരിക്കും. അലങ്കാരങ്ങൾ കൂടുതലും ശാന്തത സൃഷ്ടിക്കുന്നതായി അനുഭപ്പെടും. പൈൻ മരങ്ങൾ, മൃദുവായ മഞ്ഞ നിറത്തിലുള്ള ലൈറ്റുകൾ, മെഴുകുതിരികൾ, മരം കൊണ്ടുള്ള അലങ്കാരങ്ങൾ എന്നിവയാണ് സാധാരണയായി കാണപ്പെടാറുള്ളത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, കൊളോൺ എന്നീ നഗരങ്ങളിൽ റമളാനിനോടനുബന്ധിച്ചുള്ള ധാരാളം അലങ്കാരങ്ങൾ കണ്ടിരുന്നു. ചന്ദ്രക്കലകൾ, നക്ഷത്രങ്ങൾ, വിളക്കുകളുടെ രൂപത്തിലുള്ള ലൈറ്റുകൾ, കൂടാതെ “Happy Ramadan” എന്ന വലിയ പ്രകാശഫലകവും കാണാനാകും. മുസ്‌ലിം വീടുകളും റമളാനിൽ ഇത്തരം അലങ്കാരങ്ങളാൽ റമളാനെ വരവേൽക്കും. 

ബാങ്ക് വിളി കേൾക്കാത്തതുകൊണ്ട്, പള്ളികളിൽ നിന്ന് ലഭിക്കുന്ന നിസ്‌കാര സമയങ്ങളും ചില മൊബൈൽ ആപ്പുകളുമാണ് പലരുടേയും ആശ്രയം. വിവിധ ദേശങ്ങളിൽ നിന്ന് വന്ന മുസ്‌ലിംകൾ ജീവിക്കുന്ന നാടായതുകൊണ്ട് പല പള്ളികളിലെയും നിസ്‌കാര സമയങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ടായിരിക്കും. മിക്കപ്പോഴും അടുത്തുള്ള പള്ളിയുടെ നിസ്‌കാര സമയം അനുസരിച്ചാണ് നിസ്‌കാരവും നോമ്പ് തുറയും ക്രമീകരിക്കുന്നത്. ഭക്ഷണത്തെ ഓർത്ത് വേവലാതിപ്പെടാറില്ല. കാരണം, ഹലാൽ ഭക്ഷണങ്ങളൊക്കെ സുലഭമായി ലഭിക്കും. ടർക്കിഷ് കടകളിലും ചുരുക്കം ചില ജർമൻ സൂപ്പർമാർക്കറ്റുകളിലുമാണ് ഹലാൽ മാംസം കിട്ടുക.

കാലം മാറുംതോറും നോമ്പിന്റെ ദൈർഘ്യവും നല്ല രീതിയിൽ മാറും. വേനൽ കാലമാണെങ്കിൽ ഇഫ്താറിന്റെ സമയം ഏറെ വൈകും. ചിലപ്പോൾ നാട്ടിലെ രാത്രി സമയം ഒൻപത് മണിയും കഴിയുമെന്നതാണ് ആശ്ചര്യകരം. ഇഷാ നിസ്‌കാരവും തറാവീഹുമൊക്കെ കഴിയുമ്പോൾ തന്നെ നേരം ഏറെ വൈകിക്കാണും. തണുപ്പുകാലമാണെങ്കിൽ പകൽ സമയം വളരെ കുറവാണ് ലഭിക്കുക. സുബ്ഹി ബാങ്ക് രാവിലെ ആറുമണിയാക്കെ കഴിയും. വെളിച്ചം വരാൻ തന്നെ പകൽ സമയം എട്ടുമണിയാകും. നാലു മണിയോടടുത്ത് മഗ്‌രിബ് ബാങ്ക് വരുന്ന ദിവസങ്ങളും ഉണ്ട്. കാലാവസ്ഥ മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസും മൈനസ് പത്ത് ഡിഗ്രി സെൽഷ്യസുമൊക്കെ ആവാം. സാഹചര്യങ്ങൾ മാറിമറിയുമ്പോഴും നോമ്പിൻ്റെ പകൽ എത്ര ദൈർഘ്യമേറിയാലും നമ്മുടെ ശരീരം അതിനോടൊക്കെ പൊരുത്തപ്പെട്ട് വരുമെന്നതാണ് സവിശേഷത. 

ദേശങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾക്കപ്പുറം, മാനവരാശി മുഴുവൻ ഭക്ഷണ പാനീയങ്ങൾ വെടിഞ്ഞ്, ഇലാഹിലലിയുന്ന, സന്ദേശമാണ് റമളാൻ നമുക്ക് നൽകുന്നത്. ആ റമളാനിൻ്റെ വ്യത്യസ്തമാര്‍ന്ന അനുഭവങ്ങളാണ് ജർമനി ഓരോരുത്തരിലേക്കും പകരുക.

Questions / Comments:



20 February, 2026   02:15 pm

THAHIR FAIZANI

നാട്ടിലെ റമദാൻ ഓർമ്മകളിൽ നിന്നും ജർമനിയിലെ മഞ്ഞുവീഴുന്ന വൈകുന്നേരങ്ങളിലേക്കുള്ള ദൂരം മുബഷിർ ഈ ലേഖനത്തിലൂടെ മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു. വെറുമൊരു യാത്രാവിവരണത്തിനപ്പുറം, ജർമനിയിലെ മുസ്ലീം ജീവിതത്തെയും അവിടുത്തെ ടർക്കിഷ് പള്ളികളെയും തണുപ്പേറിയ ഇഫ്താറുകളെയും കുറിച്ച് വളരെ കൃത്യമായ ഒരു ചിത്രം ഇത് നൽകുന്നുണ്ട്. ജർമൻകാരുടെ കൃത്യനിഷ്ഠയും ഭക്ഷണരീതികളും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ നോമ്പ് അനുഭവങ്ങൾ തേടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണിത്." congratulations Mr.Mubashir

20 February, 2026   02:41 pm

THAHIR FAIZANI

നാട്ടിലെ റമദാൻ ഓർമ്മകളിൽ നിന്നും ജർമനിയിലെ മഞ്ഞുവീഴുന്ന വൈകുന്നേരങ്ങളിലേക്കുള്ള ദൂരം മുബഷിർ ഈ ലേഖനത്തിലൂടെ മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു. വെറുമൊരു യാത്രാവിവരണത്തിനപ്പുറം, ജർമനിയിലെ മുസ്ലീം ജീവിതത്തെയും അവിടുത്തെ ടർക്കിഷ് പള്ളികളെയും തണുപ്പേറിയ ഇഫ്താറുകളെയും കുറിച്ച് വളരെ കൃത്യമായ ഒരു ചിത്രം ഇത് നൽകുന്നുണ്ട്. ജർമൻകാരുടെ കൃത്യനിഷ്ഠയും ഭക്ഷണരീതികളും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ നോമ്പ് അനുഭവങ്ങൾ തേടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണിത്." congratulations Mr.Mubashir????