വിലായത്തിന്റെ വിവിധങ്ങളായ മാർഗങ്ങളിലൂടെ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹാൻ. അനേകം വിശ്വാസികളെ അദ്ധ്യാത്മികസോപാനങ്ങളിലേക്ക് വഴിതെളിച്ച ആത്മജ്ഞാനി. അഹ്‌ലുസുന്നത്തിൻ്റെ താങ്ങും തണലുമായ ആത്മീയ നേതൃത്വവുമായിരുന്നു സി.എം വലിയുള്ളാഹി.

ഇലാഹീ അനുരാഗത്തിൻ്റെ അനന്തവിഹായസ്സിലേക്ക് അനേകം വിശ്വാസികളെ വഴിതെളിച്ച് ജീവിത വിശുദ്ധിയിലൂടെ ആദ്ധ്യാത്മികതയുടെ അകം തൊട്ട ആത്മജ്ഞാനിയായിരുന്നു "സി എം വലിയുള്ളാഹി " എന്നറിയപ്പെട്ട സി എം മുഹമ്മദ് അബൂബക്കർ മുസ്ലിയാർ.
മടവൂർ കുഞ്ഞി മാഹിൻ കോയ മുസ്ലിയാരുടെയും പെരിയട്ടിച്ചാലിൽ ഇമ്പിച്ചി മൂസയുടെ പുത്രി ആയിശ ഹജ്ജുമ്മയുടെയും മകനായി ഹിജ്റ 1340 റബീഉൽ അവ്വൽ  12 നാണ് മഹാനുഭാവൻ്റെ ജനനം.

അവിടത്തെ ഗർഭധാരണ പശ്ചാത്തലത്തിൽ ഹജ്ജിനു പുറപ്പെട്ട പിതാവ് കുഞ്ഞി മാഹീൻ കോയ മുസ്ലിയാർക്ക് വിശുദ്ധ മക്കയിൽ വെച്ച് സ്വപ്നദർശനമുണ്ടായി. പ്രിയതമ ഗർഭം ധരിച്ചതായും പ്രസവിച്ചാലുടൻ കുഞ്ഞിന് 'മുഹമ്മദ് അബൂബക്കർ' എന്ന് നാമകരണം ചെയ്യേണ്ടതായുമായിരുന്നു  ആ സ്വപ്നസന്ദേശം. ഏറെകാലത്തെയഭിലാഷം പൂവണിഞ്ഞിരിക്കുന്നു. നാടണഞ്ഞയുടൻ ഖാദിരിയ്യ ത്വരീഖത്തിൻ്റെ ശൈഖായിരുന്ന മുഹമ്മദ് അബൂബക്കർ അൽ ഹസനിയുമായി പിതാവ് സ്വപ്ന വിവരം പങ്കുവെച്ചു. സ്വപ്നം യാഥാർത്ഥ്യമെന്ന് പ്രസ്താവിച്ച മഹാൻ പിറക്കാനിരിക്കുന്ന കുഞ്ഞിൻ്റെ അസാധാരണത്വം പ്രവചിക്കുകയും ചെയ്തു.

ഹൃദയത്തെ ഇലാഹീ ചിന്തയിൽ നിന്നും അകറ്റി നിർത്തുന്ന വിനോദങ്ങളിൽ നിന്നും അനാവശ്യ കൂട്ടുകെട്ടിൽ നിന്നും പാടെ പുറംതിരിഞ്ഞിരുന്ന ബാല്യകാലം. പിതൃവ്യർ നെടിയാട് നിന്നും മടവൂരിലേക്ക് താമസം മാറിയവരായിരുന്നു. പണ്ഡിതശ്രേഷ്ഠരും ഉജ്ജ്വല വാഗ്മിയും ഖാളിയുമായിരുന്ന പിതാമഹൻ കുഞ്ഞു മാഹിൻ മുസ്‌ലിയാരിൽ നിന്നാണ് പ്രാഥമിക പഠനം. ശേഷം മടവൂർ, കൊടുവള്ളി, മങ്ങാട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്ന് മതപഠനവും ശേഷം തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാമിലും വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിലുമായി ഉപരി പഠനവും പൂർത്തിയാക്കി. അറിവന്വേഷകനായി ജ്ഞാന സപര്യ തീർത്ത മഹാൻ അക്കാലത്തെ പ്രസിദ്ധരായ അനേകം പണ്ഡിത ശ്രേഷ്ഠരിൽ നിന്ന് വിജ്ഞാനം നുകർന്നു. മോങ്ങം അവറാൻ മുസ്ലിയാർ, മലയമ്മ അബൂബക്കർ മുസ്ലിയാർ, കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ്ലിയാർ, ഇ കെ അബൂബക്കർ മുസ്ലിയാർ, ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസൻ ഹസ്റത്ത്, കൊയിലാണ്ടി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ ഗുരുവര്യരിൽ പ്രധാനികളാണ്.

വെല്ലൂരിൽ നിന്ന് ഉപരിപഠനാനന്തരം നാട്ടിലേക്കു തിരിച്ച മഹാൻ സ്വദേശമായ മടവൂരിൽ ദർസാരംഭിക്കുകയും പ്രദേശത്തെ ഖാളിയായി നിയോഗിക്കപ്പെടുകയും ചെയ്തു. ശിഷ്യരായി തൻ്റെ കീഴിലന്ന് നൂറോളം വിദ്യാർത്ഥികളുണ്ടായിരുന്നു. നിമിഷാർദ്ധങ്ങളെ  അശേഷം പാഴാക്കാതെ അതീവ സൂക്ഷ്മതയോടെ വിനിയോഗിച്ച ശൈഖുന അധ്യാപനം കഴിഞ്ഞാലുടൻ തൻ്റെ ആരാധനാ കാര്യങ്ങളിൽ നിമഗ്നനാകും. അധ്യാപന കാലത്ത് ചെറിയ ശമ്പളമൊക്കെ കൈപ്പറ്റിയിരുന്നെങ്കിലും അവ നിശേഷം തൻ്റെ വിദ്യാർത്ഥികൾക്കും മറ്റുമായി ചിലവഴിക്കാറായിരുന്നു പതിവ്. വൃത്തിയുള്ള വസ്ത്രം ധരിക്കാനും ശുചിത്വം ശീലമാക്കാനും തൻ്റെ ശിഷ്യഗണങ്ങളെ സദാ ഉപദേശിക്കുകയും ചെയ്തു.

അധ്യാപന ജീവിതത്തിനിടക്ക് ഒരുവേള മഹാൻ ഹജ്ജിനു പുറപ്പെടുകയുണ്ടായി. പ്രസ്തുത യാത്രാവേളയിലും ഹജ്ജ് കർമങ്ങൾക്കിടയിൽ വെച്ചും മഹാനുഭാവനിൽ നിന്ന് അനിതരസാധാരണമായ അനേകം അൽഭുതങ്ങൾ ദർശിക്കാനായതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

ഹജ്ജാനന്തരം ഏറെ വ്യതിരിക്തമായ  ജീവിത ചിട്ടകളോടെയാണ് മഹാനവർകളെ കാണപ്പെട്ടത്. തന്റെ കീഴിൽ പഠനം നിർവഹിച്ചിരുന്ന വിദ്യാർത്ഥികൾക്ക് യോജ്യമായ മറ്റിടങ്ങൾ തരപ്പെടുത്തിക്കൊടുത്ത് പിന്നീടുള്ള കാലം രിയാളകളിലും പ്രത്യേക ആരാധനാകർമങ്ങളിലുമായി കഴിഞ്ഞുകൂടുകയും ചെയ്തു. പകലഖിലം നോമ്പനുഷ്ഠിച്ചും രാത്രികാലങ്ങളിൽ പൂർണ്ണമായി നിസ്കാരം നിർവഹിച്ചും ജീവിതം ചിട്ടപ്പെടുത്തി. സൂചിത കാലത്ത് സച്ചരിതരായ മൺമറഞ്ഞ മഹാരഥന്മാരുടെ മസാറുകൾ തേടി ഏറെ നീണ്ട യാത്രകളുണ്ടായിട്ടുണ്ട്. യാത്രാവേളയിൽ  വന്യജീവി സങ്കേതങ്ങളായ കൊടുംകാടുകളിൽ വരെ പലവുരു മഹാനവർകളെ കാണാനിടയായതായി അനുഭവസ്ഥർ പങ്കുവെക്കുന്നു.

മടവൂർ ദേശത്ത് ഖാസി സ്ഥാനത്തിരിക്കെ ഒരു പുത്തൻ വാദി ശൈഖുനയെ തൻറെ വീട്ടിലേക്ക് നിക്കാഹിന് ക്ഷണിച്ചു. മറുപുറം ചിന്തിക്കാതെ മഹാനവർകൾ നിരസിച്ചു. തുടർന്ന് ആക്ഷേപവും കുത്ത് വാക്കുകളുമായി ഭൗതികരായ ചിലർ എതിർപക്ഷത്ത് നിലയുറപ്പിച്ചെങ്കിലും അവിടുത്തെ കണിശമായ നിലപാടിനു മുന്നിൽ അവരും ശിരസ്സ് കുനിക്കുകയാണുണ്ടായത്.

പുത്തൻ വാദ പ്രസ്ഥാനങ്ങളോടും ആദർശ വൈരികളോടും അണുമണി വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു. മടവൂർ ദേശത്ത് ഖാസി സ്ഥാനത്തിരിക്കെ ഒരു പുത്തൻ വാദി ശൈഖുനയെ തൻറെ വീട്ടിലേക്ക് നിക്കാഹിന് ക്ഷണിച്ചു. മറുപുറം ചിന്തിക്കാതെ മഹാനവർകൾ നിരസിച്ചു. തുടർന്ന് ആക്ഷേപവും കുത്തുവാക്കുകളുമായി ഭൗതികരായ ചിലർ എതിർപക്ഷത്ത് നിലയുറപ്പിച്ചെങ്കിലും അവിടുത്തെ കണിശമായ നിലപാടിനു മുന്നിൽ അവരും ശിരസ്സ് കുനിക്കുകയാണുണ്ടായത്.

കേരളീയ ആദർശ ചരിത്രത്തിൽ അനല്പമായ പ്രാധാന്യമർഹിക്കുന്ന എസ് വൈ എസ് എറണാകുളം സമ്മേളനം ഇവിടെ ഏറെ പ്രസ്താവ്യമാണ്. രാഷ്ട്രീയ തൽപരരായ ചില കുബുദ്ധികളുടെ നിരന്തരമായ കുതന്ത്രങ്ങൾ മൂലം ഏറെ ആകുലതകൾ നേരിട്ട പ്രസ്തുത സമ്മേളന പശ്ചാത്തലത്തിൽ ആവലാതിയുമായി സംഘാടകർ  എ പി ഉസ്താദിനൊപ്പം ശൈഖുനക്കരികിലെത്തി. ആഗമനോദ്ദേശം ആരായും മുന്നേ "നിങ്ങൾ എറണാകുളത്ത് പോവുക സമ്മേളനം വിജയിച്ചിരിക്കുന്നു"വെന്ന പ്രവചനാത്മകമായ ആശീർവാദമാണ് സംഘാടകരെ വരവേറ്റത്. വിമർശനങ്ങളെ നിശേഷം കാറ്റിൽ തള്ളി സമ്മേളനം പ്രതീക്ഷിച്ചതിലുപരിയായ വിജയമായിരുന്നു.

അവസാന കാലം കോഴിക്കോട് മമ്മൂട്ടി മൂപ്പന്റെ വസതിയിലായിരുന്നു. ആശയറ്റ ആബാലവൃദ്ധം ജനങ്ങൾ ആവശ്യങ്ങളോതി അനുദിനം ആ സന്നിധിയിലെത്തി. നിസ്തുലമായ അനവധി കറാമത്തുകൾക്കുടമയായിരുന്ന മഹാൻ മാറാവ്യാധികളുമായി അരികെയെത്തിയ ആയിരങ്ങൾക്ക് "അതുവേണ്ട"യെന്ന ഒരു വാക്കിൽ ശമനം പകർന്നു.

നൂറ്റാണ്ടിന്റെ തിരുജ്യോതിസ്സായി നാം ഇന്നനുഭവിക്കുന്ന ആത്മീയവും വൈജ്ഞാനികവും സംഘടനാപരവുമായ ഒട്ടനേകം നേട്ടങ്ങൾക്കും പുരോഗതികൾക്കും ഇന്നലെകളിൽ അണിയറയിൽ നിന്ന് കരുത്തും പൊരുത്തവും പകർന്ന ആ മഹാമനീഷി ഹിജ്റ 1441 ശവ്വാൽ നാല് വെള്ളിയാഴ്ച ദിവസം ഇഹലോകം വെടിഞ്ഞു. മരണാനന്തര കർമ്മങ്ങൾക്ക് സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദും വൈലത്തൂർ യൂസുഫുൽ ജീലാനി തങ്ങളും  അവേലത്ത് സയ്യിദവർകളും നേതൃത്വം നൽകി. വഫാത്തിന് തലേദിവസം വിദേശത്തേക്ക് യാത്ര നിശ്ചയിച്ച കാന്തപുരം ഉസ്താദിനെ വിളിച്ച് യാത്ര വാഫാത്ത് സംഭവിച്ചതിൻ്റെ പിറ്റേ ദിവസത്തേക്ക് മാറ്റിവെക്കാൻ ശൈഖുനാ നിർദ്ദേശിച്ചിരുന്നതായി ഉസ്താദ് തന്നെ സ്മരിക്കുന്നു.

ഒരു പുരുഷായുസ്സ് മുഴുവൻ ആധ്യാത്മികതയുടെ അകം പൊരുളാവാഹിച്ച ആ ശ്രേഷ്ഠ ജീവിതം മരിക്കാത്ത സ്മരണയായി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.
മദദേകല്ലാഹ്..

Questions / Comments:15 May, 2024   05:42 am

Hafil Muhyidheen Bukhari

നിശേഷം എന്നതിൻ്റെ അർത്ഥം മനസ്സിലായില്ല