ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.
വായിക്കാം:
വേരുകളിൽ നിന്ന് പിഴുതെറിയപ്പെട്ട ഒരു മനുഷ്യന്റെ ജീവിതം എത്രത്തോളം തകർന്നുപോകുമെന്ന് ലോകം പലപ്പോഴും കണക്കുകളിലും വാർത്തകളിലും മാത്രമായി അളക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ആ കണക്കുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന നിശബ്ദ വേദനയ്ക്ക് ഭാഷയും രൂപവും നൽകിയവരിൽ പ്രധാനിയായ ഒരു ഫലസ്തീനിയൻ കവിയാണ് ഗസ്സാൻ കനഫാനി. പ്രവാസത്തിന്റെ തീപിടിച്ച അനുഭവങ്ങൾ അദ്ദേഹത്തെ ഒരു സാധാരണ എഴുത്തുകാരനാക്കി നിർത്തുന്നതിനപ്പുറം സ്വന്തം ജനതയുടെ നഷ്ടങ്ങളും വിങ്ങലുകളും പ്രതീക്ഷകളും ലോകത്തിന്റെ മനസിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തമുള്ള ശബ്ദമാക്കി മാറ്റി.
അദ്ദേഹത്തിന്റെ എഴുത്തുകളിൽ ഫലസ്തീൻ ഭൂപടത്തിലെ ഒരു ദേശമല്ല. അത് ഓർമകളിൽ കുടുങ്ങിയ ഒരു ജീവിതത്തിൻ്റെ, പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളുടെ, തിരിച്ചു പോകാൻ കഴിയാത്ത-എന്നാൽ ഒരിക്കലും മറക്കാനാവാത്ത-ഒരു സത്യത്തിന്റെ സാക്ഷ്യ ചിത്രങ്ങളായിരുന്നു. ഓരോ വാക്കും ഒരു അഭയാർത്ഥിയുടെ മൗനപ്രതികരണമാകുമ്പോൾ, ഓരോ കഥയും നഷ്ടപ്പെട്ട ഒരു വീടിന്റെ വാതിൽ വീണ്ടും തുറക്കാനുള്ള വ്യാകുലമായ ശ്രമമായി മാറുന്നു. അദ്ദേഹത്തിന്റെ സാഹിത്യം അതുകൊണ്ടാണ് ഒരു കഥപറച്ചിൽ എന്നതിലൊതുങ്ങാതെ, മറവിക്കെതിരെ ഉയരുന്ന ഒരു ശക്തമായ പ്രതിരോധമായി തീരുന്നത്.
1948-ലെ "നഖ്‌ബ" എന്ന ദുരന്തം അദ്ദേഹത്തിന്റെ ബാല്യത്തെ തന്നെ വിഴുങ്ങി. സ്വന്തം നാട്ടിൽ നിന്ന് പിഴുതെറിയപ്പെട്ട ആ അനുഭവം പിന്നീട് അദ്ദേഹത്തിന്റെ മുഴുവൻ എഴുത്തിൻ്റെയും അടിസ്ഥാന സംഹിതയായി മാറുകയും ആ നഷ്ടത്തിന്റെ മുറിവ് ഒരു വ്യക്തിയുടെ വേദനയായി മാത്രം നിൽക്കാതെ ഒരു ജനതയുടെ ചരിത്രത്തിൽ പതിഞ്ഞ മായാത്ത അടയാളമായി തുടരുകയും ചെയ്തു. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഗസ്സാൻ കനഫാനി ഒരു എഴുത്തുകാരനെന്ന പരിധി കടന്ന് സ്വന്തം ജീവിതത്തെക്കാൾ വലുതായൊരു യാഥാർത്ഥ്യത്തെ രേഖപ്പെടുത്തുന്ന സാക്ഷിയായി മാറി.
അദ്ദേഹത്തിന്റെ ഓരോ രചനയും വ്യക്തിപരമായ ഓർമക്കുറിപ്പുകളായി ചുരുങ്ങാതെ, ചിതറിപ്പോയ വീടുകളുടെ ശ്വാസവും നഷ്ടപ്പെട്ട വഴികളിലെ ചുവടുകളും തിരിച്ചു വരാനുള്ള പ്രതീക്ഷയിൽ കാത്തുനിൽക്കുന്ന അനവധി ഹൃദയങ്ങളുടെ കൂട്ടായ സ്മൃതിയുമായി രൂപാന്തരപ്പെടുന്നു. ഇതു കൊണ്ടാണ്, മറവിക്കെതിരെ നിലകൊള്ളുന്ന ഒരു ജനതയുടെ ചരിത്രസാക്ഷ്യമായി അവ ഇന്നും നിലനിൽക്കുന്നത്.
മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് കനഫാനി ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്. നഷ്ടപ്പെട്ട ഒരു വീടായി, പാതിവഴിയിൽ വിലക്കപ്പെട്ട ബാല്യമായി, മടങ്ങിപ്പോകാൻ കഴിയാത്ത ഒരു വഴിയായി, എന്നാൽ ഒരിക്കലും മാഞ്ഞുപോകാത്ത സത്യമായി അദ്ദേഹം ഫലസ്തീനിന്റെ അവസ്ഥയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുമ്പോൾ, അത് രാഷ്ട്രീയ ചർച്ചകളുടെ പരിമിതികളെ മറികടന്ന് മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന് വേദനയെയും പ്രതീക്ഷയെയും ഒരുപോലെ ഉണർത്തുന്ന അനുഭവമായി മാറുക കൂടി ചെയ്യുന്നുണ്ട്. കാരണം, അദ്ദേഹത്തിന്റെ എഴുത്തിൽ ദേശം ഒരു ഭൗമശാസ്ത്രപരമായ സത്യമെന്നതിനപ്പുറം ഓർമകളുടെ നിസഹായതയിലും തിരിച്ചുപിടിക്കാനുള്ള ആഗ്രഹത്തിലും വീണ്ടും വീണ്ടും ജനിക്കുന്ന ഒരു ജീവിച്ച അനുഭവമായി രൂപാന്തരപ്പെടുന്നു.
പ്രവാസജീവിതം ഗസ്സാൻ കനഫാനിയുടെ ചിന്തകളെ ആഴത്തിൽ രൂപപ്പെടുത്തി. സിറിയയിലെയും ലെബനാനിലെയും അഭയാർത്ഥി ജീവിതം വീടില്ലായ്മയുടെ വേദനയെ അദ്ദേഹത്തിന് നേരിട്ട് അനുഭവിപ്പിക്കുകയും അത് അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ നാഡിയാക്കുകയും ചെയ്തു. ഈ കഠിന യാഥാർത്ഥ്യം അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ സജീവമായി നിലനിൽക്കുന്നുമുണ്ട്. പ്രത്യേകിച്ച് "Men in the Sun" എന്ന കൃതിയിൽ തൊഴിൽ തേടി മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന മൂന്ന് മനുഷ്യരുടെ കഥ ഒരു വ്യക്തിഗത ദുരന്തമായി മാത്രം അവതരിപ്പിക്കാതെ, അടച്ചുപൂട്ടപ്പെട്ട ഒരു ജനതയുടെ ശ്വാസം മുട്ടുന്ന അവസ്ഥയെ പ്രതിനിധീകരിപ്പിക്കുന്നുണ്ട് കനഫാനി. അവർ അനുഭവിക്കുന്ന ദുരിതങ്ങൾ പ്രവാസ ജീവിതത്തിൽ പതിഞ്ഞ അനാഥത്വത്തിന്റെ ഭാരവും, അതാരോടും പറയാനാകാത്ത ഭയത്തിൻ്റെ നിഴലും, പ്രതികരിക്കാൻ പോലും കഴിയാത്ത നിരാശയുടെ ദയനീയമായ പ്രതീകവുമായി ഉയരുന്നു. ഒടുവിൽ, ശബ്ദം ഉയർത്താനാകാത്തവരുടെ നിശബ്ദത തന്നെയാണ് ഏറ്റവും ഉച്ചത്തിലുള്ള പ്രതിരോധമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ഒരു കഠിന സത്യമായി അത് നിലനിൽക്കുന്നു.
അതുപോലെ "Return to Haifa" എന്ന കൃതിയിൽ, നഷ്ടപ്പെട്ട വീട്ടിലേക്കുള്ള മടക്കയാത്രയുടെ വേദനയും തിരിച്ചറിവിന്റെ ആഴത്തിലുള്ള സംഘർഷവും അദ്ദേഹം ശക്തമായി അവതരിപ്പിക്കുന്നു. ഇവിടെ ഒരു കുടുംബത്തിന്റെ അനുഭവം മാത്രം പറയപ്പെടുന്നില്ല, മറിച്ച് അതിലൂടെ ഒരു മുഴുവൻ ജനതയുടെ വിങ്ങലുകളും വൈരുദ്ധ്യപരമായ യാഥാർത്ഥ്യങ്ങളും ചുരുക്കി കാണിക്കപ്പെടുന്നുവെന്നതാണ് വസ്തുത. നഷ്ടപ്പെട്ട വീടിന്റെ ഓർമകൾ ഹൃദയത്തെ കീറുമ്പോഴും, പുതിയ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടേണ്ടി വരുന്ന നിർബന്ധിതത്വം മനുഷ്യനെ എങ്ങനെ ആന്തരികമായി മാറ്റിമറിക്കുന്നു എന്നത് ഈ കൃതിയിൽ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. ഗസ്സാൻ കനഫാനിയുടെ എഴുത്തിൽ വീടെന്നത് ഒരു സ്ഥലം മാത്രമല്ല, മറിച്ച് വ്യക്തിത്വത്തിന്റെ ഭാഗം കൂടിയാണ്. അത്തരത്തിൽ വീടിൻ്റെ നഷ്ടം ഒരു ഭൗതിക നഷ്ടമല്ലയെന്നും സ്വയം തിരിച്ചറിവിൻ്റെ തന്നെ വ്യതിയാനമാണെന്നും കനഫാനി വാദി ക്കുന്നുണ്ട്. ഈ രീതിയിൽ, കനഫാനിയുടെ കൃതികൾ പ്രവാസ ജീവിതത്തിന്റെ ആഴത്തിലുള്ള മാനസിക സങ്കീർണതകളെ വായനക്കാരുടെ മുന്നിൽ തുറന്ന് കാട്ടുന്നതിനൊപ്പം, നഷ്ടവും അനിവാര്യമായ പൊരുത്തപ്പെടലും തമ്മിലുള്ള ആന്തരിക പോരാട്ടത്തെ ദൃശ്യവൽക്കരിക്കുന്ന ശക്തമായ അനുഭവങ്ങളായും മാറുന്നു.
കനഫാനിയുടെ മറ്റ് രചനകളും ഇതേ ചിന്തകളുടെ വിപുലീകരണങ്ങളാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ചെറുകഥകളിൽ പലതും, കുട്ടികളുടെ കണ്ണിലൂടെ യുദ്ധവും പ്രവാസവും കാണിച്ചുകൊണ്ട്, ദുരിത കാഴ്ചകളെ അത്യന്തം തീവ്രമായി അനുഭവിപ്പിക്കുന്ന മൂല്യ കൃതികളാണ്. ഒരു കുട്ടിയുടെ നഷ്ടപ്പെട്ട ബാല്യം ഒരു വ്യക്തിപരമായ ദുരന്തമായി മാത്രം കാണാതെ ഒരു ജനതയുടെ നഷ്ടപ്പെട്ട ഭാവിയായി അദ്ദേഹം ഉയർത്തിക്കാട്ടുന്നുണ്ട്. ഇവിടെ നിരപരാധിത്വം പോലും ചരിത്രത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നു. ഈ രീതിയിൽ അദ്ദേഹത്തിന്റെ സാഹിത്യം വെറും കഥകളുടെ സമാഹാരമായി ചുരുങ്ങുന്നില്ല. അത് ഒരു ജനതയുടെ ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളും തകർന്ന സ്വപ്നങ്ങളും നിലനിൽക്കുന്ന പ്രതീക്ഷകളും ചേർന്നു രൂപം കൊണ്ട ഒരു സജീവ സാക്ഷ്യമായി മാറുക കൂടി ചെയ്യുന്നു. വായനക്കാരനെ കഥയുടെ പുറത്തു നിർത്താതെ ആ സംഭവങ്ങളുടെ ഉള്ളിലേക്ക് വലിച്ചിഴക്കുന്ന ഒരു അനുഭവമാക്കി തീർക്കുന്നുമുണ്ട്.
അദ്ദേഹത്തിന്റെ എഴുത്തുകളൊക്കയും ഫലസ്തീൻ ജനതയ്ക്കുവേണ്ടി ഉയർന്നിട്ടുള്ള ശക്തമായ ശബ്ദമായിരുന്നു. Popular Front for the Liberation of Palestine" എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നെങ്കിലും, കനഫാനിയുടെ വാക്കുകൾ രാഷ്ട്രീയപരിധികളിൽ ഒതുങ്ങിയിരുന്നില്ല. ഗസ്സയിലെയും ഫലസ്തീനിലെയും മനുഷ്യരുടെ ജീവിത സാഹചര്യത്തെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുമ്പോൾ, അദ്ദേഹം അവതരിപ്പിച്ചത് രാഷ്ട്രീയ വിവാദങ്ങളല്ല, മറിച്ച് മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളും വേദനയും തിരിച്ചറിവും സംബന്ധിച്ച ആഴമുള്ള ചോദ്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ എഴുത്ത് ഭൂമിശാസ്ത്രപരമായ അതിരുകൾ കടന്ന് ലോകമെമ്പാടുമുള്ള വായനക്കാരെ സ്പർശിക്കുന്നുമുണ്ട്. പ്രത്യേകിച്ച് പ്രവാസ ജീവിതത്തിന്റെ നിശബ്ദ ഭാരവുമായി ജീവിക്കുന്നവരെ, അവരുടെ സ്വന്തം അനുഭവങ്ങൾക്കൊരു പ്രതിധ്വനിയായി അദ്ദേഹത്തിന്റെ വാക്കുകൾ നിലനിൽക്കുന്നുണ്ട്.
കനഫാനിയുടെ രചനകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു കേന്ദ്ര ആശയം പ്രതിരോധമാണ്. നഷ്ടത്തിന്റെ ഭാരത്തിൽ ജീവിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ തകർച്ചയിൽ നിശ്ചലമാകുന്നില്ല, മറിച്ച് ആ വേദനയിൽ തന്നെ അർത്ഥം തേടുന്ന ഒരു ആന്തരിക യാത്രയായി മാറ്റുന്നു. ഈ യാത്ര പ്രവാസികളുടെ ജീവിതത്തിന്റെ സാരാംശത്തോടും ചേർന്നുനിൽക്കുന്നുണ്ട്.
നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കാൻ കഴിയാത്തതായിരിക്കാം, പക്ഷേ അതിനെ മറക്കാൻ ഒരിക്കലും സമ്മതിക്കാത്ത ഒരു ദൃഢമായ ഓർമയായി കനഫാനിയതിനെ കരുതുന്നുണ്ട്. അത്തരത്തിൽ തന്നെ അദ്ദേഹത്തെ “ഫലസ്തീനിന്റെ പ്രതീകം” എന്ന് വിളിക്കുന്നത് ഒരു യാദൃശ്ചികതയല്ല, മറിച്ച് അദ്ദേഹത്തിന്റെ എഴുത്ത് ഒരു ജനതയുടെ ഓർമയും വേദനയും പ്രതിരോധവും ഒരുമിച്ചുചേർന്ന സജീവ രൂപമാണെന്ന തിരിച്ചറിവിൽ നിന്നാണ്.
1972-ൽ നടന്ന "അസ്സാസ്സിനേഷൻ ഓഫ് ഗസ്സാൻ കനഫാനി" എന്ന ക്രൂര സംഭവത്തിൽ കനഫാനിയുടെ ജീവിതം അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം അവിടെ അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ രചനകൾ കാലത്തിന്റെയും ഭൗമപരിധികളുടെയും അതിരുകൾ കടന്ന് സമാനമായ സമകാലിക ക്രൂരതകളെയും ചോദ്യം ചെയ്യുന്നുണ്ട്. അനീതിയെയും നഷ്ടത്തെയും മറക്കാനുള്ള മനുഷ്യന്റെ പ്രവണതയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ വരികൾ ഇന്നും അമേരിക്കയേയും ഇസ്‌റാഈലിനെയും വിറപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ജീവിക്കുന്നു. ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ മാത്രം ഒതുങ്ങാതെ, ഓരോ പുതിയ തലമുറയോടും വീണ്ടും വീണ്ടും സംസാരിക്കുന്ന നിലനിൽക്കുന്ന സത്യ രേഖകളുടെ ഒരു സാക്ഷ്യമായി തന്നെ.
ഇന്നത്തെ പ്രവാസി ലോകത്ത് കനഫാനിയുടെ വാക്കുകൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. സ്വന്തം നാട്ടിൽ നിന്ന് അകന്നു നിൽക്കുന്നവർക്കായി അദ്ദേഹത്തിന്റെ കഥകൾ ഒരു പ്രതിബിംബമായി മാറുന്നു. വീട് എന്ന ആശയത്തിന്റെ നഷ്ടവും തിരിച്ചറിവിന്റെ തുടർച്ചയായ തിരച്ചിലും, മറക്കാനാകാത്ത വേദനയുടെ ഭാരവും അതിൽ തെളിഞ്ഞു നിൽക്കുന്നുമുണ്ട്. പ്രവാസജീവിതം വെറും ഭൗമപരമായ അകലം മാത്രമല്ലെന്ന്, അത് മനസ്സിന്റെ ആഴങ്ങളിൽ നടക്കുന്ന ഒരു നിശബ്ദ പോരാട്ടമാണെന്ന് അദ്ദേഹത്തിന്റെ രചനകൾ ഓരോരുത്തരെയും ഓർമിപ്പിക്കുന്നു. സ്വന്തം വേരുകളിൽ നിന്ന് വേർപെട്ട് ജീവിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വാക്കുകൾ ഒരു അനുഭവമായി, ഒരു തിരിച്ചറിവായി, ചിലപ്പോൾ ഒരു ആശ്വാസമായി പോലും കൂട്ടാകുന്നുണ്ട്.
കനഫാനിയുടെ ജീവിതവും സാഹിത്യവും ഒരു ജനതയുടെ കഥയെ മാത്രം ഉൾകൊള്ളുന്നില്ല. മറിച്ച് പ്രവാസജീവിതത്തിന്റെ ആഴത്തിലുള്ള, പലപ്പോഴും അറിയപ്പെടാതെ പോകുന്ന സത്യങ്ങളെ ലോകത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്ന ഒരു ശക്തമായ സാക്ഷ്യമായി മാറുക കൂടി ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും നമ്മോട് ചോദിക്കുന്നത്, വേരുകളിൽ നിന്ന് വേർപെട്ട മനുഷ്യന്റെ വേദനയെ കേൾക്കാൻ നാം തയ്യാറാണോ, അതിനെ മനസ്സിലാക്കി അതിനോട് മാനുഷികമായി പ്രതികരിക്കാൻ തയ്യാറാണോ എന്ന വലിയ ചോദ്യമാണ്.