ആധുനിക ബൗദ്ധിക വ്യവഹാരങ്ങളുടെ അന്തർധാരകൾ മുസ്‌ലിം അന്തലൂസുമായി അഭേദ്യമായി ഇഴചേരുന്നുണ്ട്. നിതാന്തമായ സഞ്ചാരങ്ങൾ മുഖേന ചരിത്രപഠനങ്ങൾക്ക് കൃത്യമായ മാർഗരേഖ വരച്ച ഇബ്നു ഖൽദൂനിൻ്റെ മുഖദ്ദിമ അത്തരമൊരു മാസ്റ്റർപീസാണ്.
വായിക്കാം:
മധ്യകാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതന്മാർ
വിജ്ഞാനത്തെ താത്വികമായും ധൈഷണികമായും സമീപിച്ചിരുന്നു. പള്ളികളും സൂഫി ജ്ഞാന ഗേഹങ്ങളും കേന്ദ്രികരിച്ചുള്ള ആ ബൗദ്ധിക വ്യവഹാരങ്ങൾ ശാസ്ത്ര മാനവിക വിഷയങ്ങളുടെ അഗാധ തലങ്ങൾ സ്പർശിച്ചു. വാനശാസ്ത്രം, വൈദ്യശാസ്ത്രം പോലുള്ള മേഖലകളിൽ അസാമാന്യ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും അതിന്റെ തൽഫലമായി നടന്നു. പല ശാസ്ത്ര ശാഖകളും പിറവിയെടുക്കുന്നത് ആഴമേറിയ ഈ അന്വേഷണങ്ങളിലൂടെയാണ്.
മധ്യകാല സംഭാവനകളിൽ പ്രധാനമാണ് പണ്ഡിത ശ്രേഷ്ടരിൽ മഹാ പ്രതിഭയായ ഇബ്നു ഖൽദൂൻ (റ). അന്ന് നിലവിലുണ്ടായിരുന്ന ഒട്ടുമിക്ക വൈജ്ഞാനിക ശാഖകളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, ചരിത്രപഠനം, രാഷ്ട്രതന്ത്രജ്ഞത, തത്വശാസ്ത്രം തുടങ്ങിയ മേഖലയിൽ കൂടുതൽ അറിയപ്പെട്ടു. ഈ പഠന ശാഖകളിൽ പ്രഥമ അഗ്രഗണ്യനുമാണ് ഇബ്നു ഖൽദൂൻ (റ).
ജീവചരിത്രം
ക്രിസ്താബ്ദം 1332 മെയ് 27 ന് (ഹിജ്‌റ വർഷം 732 റമളാൻ 1) തുണീഷ്യയിലെ ഒരു അറബ് അന്തലൂസിയൻ പാരമ്പര്യമുള്ള ഉന്നത കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ ഖൽദൂൻ എന്നാണ് പൂർണ്ണനാമം. മുസ്ലിം സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു കുടുംബത്തിലെ പലരും.
പിതാവായിരുന്നു പ്രഥമഗുരുനാഥൻ. ചെറുപ്രായത്തിൽ തന്നെ ഖുർആൻ മനഃപാഠമാക്കുകയും, കർമശാസ്ത്രം, ഹദീസ്, ഭാഷാശാസ്ത്രം, വ്യാകരണം, കാവ്യകല എന്നിവ സ്വായത്തമാക്കുകയും ചെയ്തു. കുടുംബ സാഹചര്യം കൂടുതൽ എളുപ്പത്തിൽ മികച്ച വിദ്യാഭ്യാസം നേടുന്നതിന് അദ്ദേഹത്തെ ഏറെ സഹായിച്ചു. ഇബ്നു സീന, ഇമാം റാസി, തൂസി തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ പഠിക്കുകയും ഗണിതശാസ്ത്രം, തർക്കശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയവയിൽ പ്രാവീണ്യം നേടുകയും ചെയ്തു.
ചരിത്ര പഠനങ്ങളുടെ നിയമാവലികൾ വിവരിക്കുന്ന അദ്ദേഹത്തിന്റെ മാസ്റ്റർപീസ് രചനയാണ് മുഖദ്ദിമ. ലോകചരിത്രം വിവരിക്കുന്ന 'കിതാബുൽ ഇബറി'ന്റെ ആമുഖമായ മുഖദ്ദിമ ഒട്ടനവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ചരിത്രരചനയുടെ പിതാവായി ഇബ്നു ഖൽദൂൻ കണക്കാക്കപ്പെടാൻ ഈ രചന കാരണമായി. ഇത് കൂടാതെ സാമൂഹ്യശാസ്ത്രം, മധ്യകാല സാമ്പത്തികശാസ്ത്രം തുടങ്ങിയവയുടെ പണ്ഡിതനായും അദ്ദേഹം ഗണിക്കപ്പെട്ടു (ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആഡംസ്മിത്താണ്).
തുണീഷ്യ, മൊറോക്കോ, സ്പെയിൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ് ഇബ്നു ഖൽദൂൻ ജീവിച്ചിരുന്നത്. ജ്ഞാനാന്വേഷണത്തിന്റെയും ഔദ്യോഗിക ജീവിതത്തിന്റെയും ഭാഗമായാണ് ഇവിടെങ്ങളിലെല്ലാം ചെന്നെത്തിയത്. ഉത്തരാഫ്രിക്കയിലും സ്പെയിനിലും അന്ന് ജീവിച്ചിരുന്ന പണ്ഡിതന്മാരുമായി സൗഹൃദം സ്ഥാപിക്കാൻ കൂടിയാണ് അവിടങ്ങളിലേക്ക് യാത്ര പോയത്. അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രഭാവത്തെ മെച്ചപ്പെടുത്തുവാൻ അത് ഏറെ ഉപകരപ്രദമായി. അന്ന് മുസ്ലിം പണ്ഡിതരുടെ ആസ്ഥാനം കൂടിയായിരുന്നു സ്പെയിൻ.
അമ്പതാം വയസ്സിൽ ഈജിപ്തിലേക്ക് പോയി. അവിടുത്തെ പണ്ഡിതന്മാരും വിദ്യാർത്ഥികളും ഏറെ സന്തോഷത്തോടെ ഇബ്നു ഖൽദൂനിനെ സ്വീകരിച്ചു. ഇരുപത്തിനാല് വർഷം അവിടെ കഴിഞ്ഞു. ആ കാലയളവിൽ അവിടുത്തെ മാലിക്കി മദ്ഹബ് പ്രകാരമുള്ള ജഡ്‌ജിയും, പ്രസിദ്ധമായ അൽ അസ്ഹർ സർവകലാശാലയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് ലോക ചരിത്രം എഴുതുന്നത്.
ക്രിസ്താബ്ദം 1406 മാർച്ച് 17 (ഹിജ്‌റ വർഷം 808 റമളാൻ 25) നായിരുന്നു മഹാന്റെ അന്ത്യം. കയ്‌റോയിലെ ബാബുന്നസ്വറിനടുത്തുള്ള സൂഫി ഖബറിടത്തിലാണ് മഹാൻ അന്ത്യവിശ്രമം കൊള്ളുന്നത്.
വൈജ്ഞാനിക മേഖലകൾ
ഹദീസ്, ഫിഖ്ഹ്, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രജ്ഞത, ചരിത്രം, ചരിത്രപഠന ശാസ്ത്രം തുടങ്ങിയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഇബ്നു ഖൽദൂൻ മികച്ച വിദ്യഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു. അതിനുപുറമെ അരിസ്റ്റോട്ടിലിനും (BC 384-322), നിക്കോളോ മാക്കിയവെല്ലിക്കും (1469 – 1527) ഇടയിലായി ലോകം ദർശിച്ച പ്രധാനിയായ സാമൂഹ്യ വീക്ഷകനും രാഷ്ട്രതന്ത്രജ്ഞാനിയുമാണദ്ദേഹം. ഒരു ജനതയുടെ വ്യത്യസ്തമായ വൈജ്ഞാനികവും, ആത്മീയവും, വിശ്വാസപരവുമായ ഘടകങ്ങളെ കൃത്യമായി സംയോജിപ്പിക്കണം എന്നാണ് ഇബ്നു ഖൽദൂൻ മുന്നോട്ട് വെക്കുന്ന ആശയം. ഓരോ സമൂഹത്തിന്റെ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ജ്ഞാന ശാസ്ത്ര ഘടകങ്ങളെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന ഇബ്നു ഖൽദൂന്റെ നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ 'ഇൽമുൽ ഉംറാൻ' എന്ന നാഗരിക വിജ്ഞാനശാഖ മുന്നോട്ട് വെക്കുന്നത്.
ഇബ്നു ഖൽദൂൻ ചരിത്രത്തെ ഒരു (cyclic theory) ചാക്രിക സിദ്ധാന്തമായാണ് മുന്നോട്ട് വെക്കുന്നത്. സമൂഹത്തിന്റെ കാലദീർഘവുമായി ബന്ധപ്പെട്ട ഇബ്നു ഖൽദൂനിന്റെ കാഴ്ചപ്പാടിന് വളരെ പ്രസക്തിയുണ്ട്. അദ്ദേഹം പറയുന്നത്; രണ്ട് പ്രധാന ഘടകങ്ങളിലൂടെയാണ് ഓരോ സമൂഹവും കടന്നു പോകുന്നത് (Society goes through two stages, rural and urban). 1. Rural; [formative period] പ്രാരംഭ ദിശയാണിത്. അഥവാ ആവിർഭാവ കാലഘട്ടം. 2. Urban;[advancement in arts, crafts, science and study of livings] കല, കരകൗശല മേഖല, ശാസ്ത്രം, തുടങ്ങിയവ ജീവിത നിലവാരം ഉയർത്തുന്നു എന്ന് കൂടി ഇബ്നു ഖൽദൂൻ ചൂണ്ടിക്കാണിക്കുന്നു.
ഇബ്നു ഖൽദൂനിന്റെ തന്നെ ഏറ്റവും സൈദ്ധാന്തികമായ സംഭാവന ചരിത്ര ശാസ്ത്രം അതായത് Science of history അതിനെത്തന്നെയാണ് അദ്ദേഹം Science of culture എന്ന് പറയുന്നതും. ഇബ്നു ഖൽദൂൻ ശാസ്ത്രത്തെ മൂന്നു തരമായി തിരിക്കുന്നുണ്ട്. 1. Theoretical (humanities) മാനവികപരമായ വിഷയങ്ങൾ, 2. Practical (science) ശാസ്ത്രപരമായുള്ള വിജ്ഞാനങ്ങൾ. 3. Productive (technology) സാങ്കേതികപരമായ വിഷയങ്ങൾ. ഇത് കമ്പ്യൂട്ടറോ, ഓട്ടോമൊബൈലുകൾ എന്നോ അർത്ഥമാക്കുന്നതല്ല. ഈ ശാസ്ത്ര വേർതിരിവിനെ ഇന്നും ലോകം അംഗീകരിക്കുന്നുണ്ട്.
തത്വശാസ്ത്രത്തിൽ ഇമാം ഗസ്സാലി (റ) വിന്റെ വീക്ഷണങ്ങൾ ആയിരുന്നു ഇബ്നു ഖൽദൂൻ അംഗീകരിച്ചത്. ശരീഅത്തിനോട് യോജിച്ചു പോകാവുന്ന സൂഫിധാരകളെ സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം വ്യാപൃതനാവുകയുണ്ടായി. ശരീഅത്തിന് അതീതമായ ത്വരീഖത്തുകളെ അദ്ദേഹം അംഗീകരിച്ചില്ല. കർമശാസ്ത്രത്തിൽ മാലിക്കീ മദ്ഹബ്കാരനായിരുന്ന അദ്ദേഹം അഖീദയിൽ അശ്അരി സരണി പിന്തുടർന്നു. മുഅ'ത്തസിലികൾ അടക്കമുള്ള ബിദ്അത്തുകാരുടെ ശക്തമായ വിമർശകനായിരുന്നു ഇബ്നു ഖൽദൂൻ (റ).
കൃതികൾ
ഇബ്നു ഖൽദൂന്റെ പ്രസിദ്ധമായ ഗ്രന്ഥം മുഖദ്ദിമ തന്നെയാണ്. കിതാബുൽ ഇബർ ചരിത്രത്തെയും, ശിഫാഉസാഇൽ, വതഹ്ദീബുൽ മസാഇൽ മതവിഷയങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള മറ്റു രചനകളാണ്. ഇബ്നു ഖൽദൂന്റെ പല രചനകളും നഷ്ടമായിട്ടുമുണ്ട്.
വിശ്വപ്രസിദ്ധമായ കിതാബുൽ ഇബറിന്റെ ആമുഖമായി രചിച്ച മുഖദ്ദിമ വിഷയവൈവിധ്യം കൊണ്ട് സമ്പന്നമാണ്. മനുഷ്യ സമൂഹം (നരവംശ ശാസ്ത്രവും, ഗോത്ര വംശ പഠനവും), ഗ്രാമീണ നാഗരികതകൾ, രാഷ്ട്രമീമാംസ, നാഗരിക സമൂഹം, സാമ്പത്തിക ശാസ്ത്രത്തിന്റെ വശങ്ങൾ, ശാസ്ത്രവും മാനവികതയും, തുടങ്ങിയവയെ കുറിച്ചുള്ള ആഴമേറിയ ഉൾക്കാഴ്ചകൾ ഇബ്നു ഖൽദൂൻ മുഖദ്ദിമയിലൂടെ പങ്കുവെക്കുന്നുണ്ട്.