ജീവിതത്തിൻ്റെ അർത്ഥവും തുടിപ്പും ലക്ഷ്യവും ഏകനിലേക്കുള്ള അദ്ധ്യാത്മിക സഞ്ചാരമാണ്. ആത്മീയനിറവിലേക്കുള്ള ഇറങ്ങി നടത്തങ്ങൾ പിഴച്ചുപോകാതിരിക്കാൻ വഴിയും വഴിയറിയുന്ന മാർഗനിർദേശികളുടെ നെറുവെളിച്ചവും വേണം. അങ്ങനെ അനേകം പദയാത്രികരുടെ പാഥേയമാണ് ശാദുലിസരണി.

അംബരചുംബിയായൊരു ഭീമാകാരൻ പർവ്വതത്തിന് ചുവട്ടിലൂടൊരു കൊച്ചരുവി കുതിച്ചൊഴുകുന്നു. ഭൗതികമായ സർവ്വതിനേയും പരിത്യജിച്ചു കൊണ്ട് അല്ലാഹുവിലേക്ക് യാത്രതിരിച്ച ആ മഹാമനീഷി അതിന്റെ തെളിനീരിൽ നിന്ന് വുളൂഅ് എടുത്ത് രണ്ട് റകഅത്ത് നിസ്കരിച്ച് വിനയാന്വിതനായി പർവ്വതം കയറുകയാണ്. കുറച്ചു ദൂരം കയറിച്ചെന്നപ്പോൾ ഒരാളതാ താഴേക്കിറങ്ങി വരുന്നു. പതുക്കെ സലാം ചൊല്ലി ആഗതൻ തൻ്റെ മുഴുവൻ പേരു വിളിച്ച് അഭിസംബോധന ചെയ്തു. "കളങ്കങ്ങളില്ലാത്ത ഹൃദയത്തോടെ താങ്കൾ ഇവിടെയെത്തിയിരിക്കുന്നു. അതുകൊണ്ട് ഇരു ലോകങ്ങളിലെ സർവ്വ ഐശ്വര്യവും താങ്കൾക്ക് കൈവന്നിരിക്കുന്നു . "

ഇതെന്തൊരത്ഭുതം ! ജിവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ അപരിചിതൻ എന്നെ തിരിച്ചറിയുന്നു പേരു വിളിച്ച് സംബോധന ചെയ്യുന്നു. എൻ്റെ ഉള്ളിൻ്റെയുള്ളിൽ എത്രയോ കാലങ്ങളായി ആരോടും പറയാതെ കൊണ്ട് നടന്ന ഇലാഹി പ്രേമത്തിൻ്റെ അസ്വസ്ഥകളിലേക്ക് വിരൽചൂണ്ടുന്നു, ആശിർവദിക്കുന്നു. പിൽക്കാലത്ത് ലോകമാകെ പ്രസരിച്ച് പതിനായിരങ്ങൾക്ക് ആത്മീയ ശാന്തിയേകിയ ശാദുലി സരണിയുടെ ഉത്ഭവമാണ് ഇവിടെ വിവരിച്ചത്.

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ സബ്ത് പട്ടണത്തിലെ ഗിമാറ ഗ്രാമത്തിൽ ഹിജ്റ593 ലാണ് ശാദുലി ഇമാം ജനിക്കുന്നത്. സയ്യിദ് അബുൽ ഹസൻ അലിയ്യുബ്നു അബ്ദില്ലാഹി ബ്നു അബ്ദിൽ ജബ്ബാറുശ്ശാദുലി (റ) വാണ് പൂർണ്ണനാമം. അദ്ധ്യാത്മിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ആഫ്രിക്കൻ രാജ്യമായ ഡോണീഷ്യയിലെ ശാദുലി എന്ന പ്രദേശം തിരഞ്ഞെടുത്തതുകൊണ്ടാണ്, ഈ പ്രദേശത്തോട് ചേർത്തി മഹാനവർകളെ ശാദുലി എന്ന് വിളിക്കുന്നത്. ഹുജ്ജതുസ്സൂഫിയ്യ, അലമുൽ മുഹ്തദീൻ, ഉസ്താദുൽ അകാബിർ , ഖുതുബുസ്സമാൻ, മഅ്ദിനുൽ അൻവാർ എന്നീ സ്ഥാനപേരുകളിലും പ്രസിദ്ധനാണ് മഹാനവർകൾ.

അതി ശ്രേഷ്ഠരായ അഹ്‌ലുബൈത്തിലെ ഹസൻ (റ) ലേക്ക് എത്തിച്ചേരുന്നതാണ് ശാദുലി ഇമാമിൻ്റെ പിതാവിൻ്റെ പരമ്പര.

പഠനം

നാട്ടിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കി. ശേഷം പരിസരങ്ങളിലെ പണ്ഡിതരെ സമീപിക്കുകയും പാണ്ഡിത്യം നേടുകയും ചെയ്തു. ഉപരിപഠനാർത്ഥം ഫാസ് നഗരത്തിലേക്ക് യാത്ര പോവുകയും ചുരുങ്ങിയ കാലത്തിനുള്ളിൽ അന്നത്തെ അറിയപ്പെടുന്ന പണ്ഡിതർക്കിടയിൽ പേരെടുക്കുകയും ചെയ്തു. പഠന സപര്യക്കിടയിലാണ് ശാദുലി ഇമാമിൻറെ അധ്യാത്മിക ദാഹം ഉണരുന്നത്. ആരാധനകളിൽ താൽപര്യം കൂടുകയും ഭൗതികമായ സർവ്വതിനോടും താല്പര്യം ഇല്ലാതാവുകയും ചെയ്തു. ഈ ഒരവസ്ഥയിൽ സമ്പൂർണ്ണ മാർഗദർശിയെ കണ്ടെത്തൽ അത്യാവശ്യമായി. അങ്ങനെ ഒരുപാട് യാത്രകൾ ചെയ്തു അവസാനം ഷെയ്ഖ് അഹ്മദുൽ കബീർ രിഫാഇ (റ) യുടെ ഖലീഫ അബ്ദുൽ ഫത്ഹ് വാസ്വിതിയുടെ അടുക്കലെത്തി. മഹാനവർകളോട് തൻറെ ആഗമന ലക്ഷ്യം അറിയിച്ചു. നിലവിലെ അന്വേഷണത്തിന്റെ അവസ്ഥയും കൂട്ടത്തിൽ പറഞ്ഞു. എല്ലാം കേട്ട അദ്ദേഹം ആശ്ചര്യത്തോടെ ഇങ്ങനെ പ്രതികരിച്ചു. "ഇറാഖിലാണോ നിങ്ങൾ ഖുതുബിനെ തിരയുന്നത് ?. ഇദ്ദേഹം ഉള്ളത് നിങ്ങളുടെ നാട്ടിൽ തന്നെയാണ്. അതുകൊണ്ട് അവിടെ പോയി അന്വേഷിക്കുക. " . അങ്ങനെ ശാദുലി ഇമാം, മഹാനവർകളുടെ നിർദ്ദേശമനുസരിച്ച് മൊറോക്കയിലേക്ക് പോയി. അവിടെ വെച്ചാണ് അബ്ദുസ്സലാം മശീശിയെ കണ്ടുമുട്ടുന്നതും . ആത്മീയ ഗുരുവായി സ്വീകരിക്കുന്നതതും.

ശാദുലി ത്വരീഖത്ത്

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഏറെ സ്വാധീനമുള്ള പ്രമുഖ സൂഫി ത്വരീഖതുകളിലൊന്നാണ് ശാദുലിയ്യ ത്വരീഖത്. ശാദുലി ഇമാമിൽ നിന്നും തുടങ്ങുന്ന ഈ സരണി ചെന്നവസാനിക്കുന്നത് തിരുനബിയിലാണ്. ശക്തമായ താഴ് വേരുകളുള്ള അതുല്യ ത്വരീഖത്ത്. അബ്ദുൽ ഖാദർ ജീലാനി, ജുനൈദുൽ ബഗ്ദാദി, തുടങ്ങി അനസ് ബ്നു മാലിക് (റ) ലൂടെ തിരു നബി യിലേക്കു നീളുന്ന മറ്റ് പരമ്പര.

ലോക പണ്ഡിതർ അംഗീകരിക്കുന്നതും സ്വീകരിക്കുന്നതുമായ ത്വരീഖതാണ് ശാദുലി ത്വരീഖത്ത്. ശാദുലി ഇമാം ബുസൂരി അഹമ്മദ് സലാം തുടങ്ങി ശ്രേഷ്ഠർ ഈ കണ്ണിയിലെ ചില പ്രധാന പേരുകൾ മാത്രം .വളരെ വ്യത്യസ്തമായിരുന്നു ശാദുലീ ഇമാമിൻറെ അദ്ധ്യാത്മിക ധാരകൾ.തൻറെ ശിഷ്യരോട് സ്വന്തമായി ചിലവ് കണ്ടെത്തണമെന്നും, ഒരിക്കലും മറ്റുള്ളവരെ ആശ്രയിച്ച് ഇബാദത്തിലായി കഴിയരുതെന്നും , ചെയ്യുന്ന ജോലികളിൽ ഇബാദത്ത് ഉണ്ടെന്നും,അതിനെ കണ്ടെത്തി ക്രിയാത്മകമായി ഉപയോഗിക്കണമെന്നും മഹാനവർകൾ ഉപദേശിക്കും.

കറാമത്ത്

ഇമാം മശീശിയുടെ നിർദേശപ്രകാരം ശാദുലിയിലേക്ക് പോകുന്ന വഴിയിൽ മഹാൻ ഒരു വിറകുവിൽപ്പനക്കാരനെ കണ്ടുമുട്ടുന്നു. അയാളോടൊപ്പം യാത്ര തുടരുന്നതിനിടെ,കുറച്ചു ദൂരം പിന്നിട്ട ശേഷം മറന്നു പോയതെന്തോ വാങ്ങാൻ വേണ്ടി അയാൾ തിരിച്ചു നടക്കുന്നു. കഴുതയെ കൊണ്ടുപോയില്ല .ആ സമയത്ത് ശാദുലി അയാൾ ചിന്തിച്ചു .തന്റെ കൂടെയുള്ളത് ഒരപരിചിതനാണെന്ന്. അയാൾ കഴുതയുമായി കടന്നു കളയുമോ? ഇമാം ശാദുലി അദ്ദേഹത്തിന്റെ മനസ്സിലുള്ളത് അറിയുകയും അയാളോട് വിളിച്ചു പറയുകയും ചെയ്തു:” കഴുതയുമായി ഞാൻ രക്ഷപ്പെടാതിരിക്കാൻ കഴുതയുമായി നിങ്ങൾ പോയി തിരിച്ചു വരൂ . ഞാൻ കാത്തിരിക്കാം”. തന്റെ ഉള്ളറിഞ്ഞ മഹാനവറുകളുടെ മഹത്വം മനസിലാക്കുകയും ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. ശേഷം അങ്ങാടിയിൽ പോയി തിരിച്ചു വരുകയും തന്റെ കഴുതപ്പുറത്ത് ഇമാം ശാദുലിയെ കയറ്റുകയും ചെയ്തു.ഒരു മൈൽ മാത്രം സഞ്ചരിച്ചപ്പോഴേക്കും, ശൈഖവറുകൾ ഇറങ്ങി. ഞങ്ങളപ്പോഴേക്കും സായിയയിൽ എത്തിയിരുന്നു . അവിടെ നിന്ന് നോക്കിയപ്പോൾ ശാദില കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ശാദുലി (റ) ന്റെ മഹത്വം മനസിലാക്കിയ വിറകുവെട്ടുകാരൻ തന്റെ ഭാരിദ്ര്യം ബോധ്യപ്പെടുത്തി. ശൈഖവറുകൾ അയാളുടെ അടുക്കലുള്ള അൽപം ബാർളി കൈയ്യിലെടുത്ത് പറഞ്ഞു ” ഇത് ഒരു പാത്രത്തിലിട്ടു അടച്ചു വെക്കുക .ആവശ്യം വരുമ്പോഴെല്ലാം അതിൽ നിന്ന് എടുത്തു കൊള്ളുക. ഭാരിദ്ര്യം ഒരിക്കലും നിങ്ങളെ പ്രയാസത്തിലാക്കില്ല. നിങ്ങളുടെയും സന്താന പരമ്പരയുടെയും ഐശ്വര്യത്തിനായി ഞാൻ ദുആ ചെയ്യാം” . പിന്നീട് അയാളുടെ സന്താന പരമ്പരയിൽ ഒരാളും ദരിദ്രനായിരുന്നില്ല !

മറ്റൊരിക്കൽ ശൈഖവറുകൾ നല്ല ഭംഗിയുള്ള വസ്ത്രം ധരിച്ച്,പരിത്യാഗത്തെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സദസിലെ ഒരു ഫഖീർ ചിന്തിച്ചു. ഈ മുന്തിയ വസ്ത്രം ധരിച്ചയാൾ എങ്ങനെ പരിത്യാഗിയാകും ? എങ്ങനെ അതിനെ അധികരിച്ചു സംസാരിക്കാനാകും ? ഇത് മനസിലാക്കിയ ഇമാം ശാദുലി (റ) അദ്ദേഹത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞു പറഞ്ഞു.” നിങ്ങളുടെ ഈ വസ്ത്രം ദുൻയാവിൽ താൽപര്യം ഉണ്ടാക്കുന്ന വസ്ത്രമാണ്. കാരണം ഇത് ദാരിദ്ര്യം വിളിച്ചു പറയുന്ന വസ്ത്രമാണ്. എന്നാൽ എന്റെ വസ്ത്രം ഐശ്വര്യവും പരിശുദ്ധിയും വിളിച്ചു പറയുന്ന വസ്ത്രമാണ് ( ആളുകളെ കാണിക്കാൻ വേണ്ടി വസ്ത്രം ധരിക്കരുത് ധരിക്കുമ്പോൾ നിയ്യത്ത് നന്നാക്കണം) .ഇത് കേട്ട ഫഖീർ ഇമാമിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അല്ലാഹു തന്നെ സത്യം , ഞാനിത് മനസ്സിൽ വിചാരിച്ച കാര്യമായിരുന്നു. ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു.”

ശൈഖവർകൾ അദ്ദേഹത്തോട് നല്ല വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുകയും പ്രാർത്ഥന നടത്തിക്കൊടുക്കുകയും ചെയ്തു.

ശാദിലയിലെത്തിയ മഹാൻ കുറെ കാലം അവിടെ താമസിച്ചു. അബൂ മുഹമ്മദ് അബ്ദില്ലാഹിബ്നു സുലാമതുൽ ഹബീബി (റ) ഈ കാലഘട്ടത്തിലെ പ്രാധാന ശിഷ്യനാണ്. ശിഷ്യൻ പറയുന്നു: ഞങ്ങൾ രണ്ടു പേരും സഅ്ഫറാൻ പർവ്വതത്തിൽ ഇബാദത്തിൽ കഴിഞ്ഞിരുന്നു . അവിടെ അല്ലാഹു ഞങ്ങൾക്ക് ശുദ്ധമായ ഒരു അരുവി ഒഴുക്കിത്തന്നു . ഒരിക്കൽ പർവ്വത മുകളിലിരുന്ന് സൂറതുൽ അൻആം പാരായണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു . എഴുപതാമത്തെ ആയത് എത്തിയപ്പോൾ (وان تعدل كل عدل لا يؤكد منها ജീവിതത്തിലെ വിനോദങ്ങളിൽ വഞ്ചിക്കപ്പെട്ടവർ അവരുടെ പ്രവർത്തന ഫലമായി നശിക്കും. അവർക്ക് രക്ഷപ്പെടാൻ വേണ്ടി ശുപാർശകനേയോ സഹായിയേയോ ലഭിക്കുകയില്ല. അവരുടെ പ്രായശ്ചിത്തങ്ങൾ സ്വീകരിക്കുകയുമില്ല) മഹാനവറുകൾ വിറക്കുകയും, അവർ ചായുന്ന ഭാഗത്തേക്ക് പർവ്വതം ചായാൻ തുടങ്ങുകയു ചെയ്തു. അവർ ശാന്തരായതോടെയാണ് പർവ്വതം അടങ്ങിയത്.

പിന്നീട് ടുണീഷ്യയിലെത്തി. അവിടുത്തെ ഖാളിയായ ഖാസിമുബ്നു ബറാഅ് അസൂയ കാരണം ഇമാമിനെതിരെ കുപ്രചരണങ്ങൾ മെനയുന്നു . അയാൾ മഹാനാണെന്നും, നബി കുടുംബമാണെന്നു അയാൾ വാദിക്കുന്നുണ്ടെന്നും, നിങ്ങൾക്കെതിരെ കുഴപ്പമുണ്ടാക്കാനാണ് അയാളെത്തിയതെന്നും, രാജാവിനെ തെറ്റിദ്ധരിപ്പിച്ചു ബറാഅ . വിവരമറിഞ്ഞ രാജാവ് ഇരുവരെയും വിളിപ്പിക്കുന്നു,സംവാദം സംഘടിപ്പിക്കുന്നു. ഇമാം ശാദുലി (റ)യുടെ അറിവിനു മുന്നിൽ അവർ മുട്ടുമടക്കി .ടുണീഷ്യയിൽ നിന്ന് ഇസ്കന്ദറിലേക്ക് യാത്ര തിരിച്ചു.അവിടെയും പ്രതിസന്ദികൾ നേരിട്ടു . ഇബ്നു ബറാഅ് അവിടുത്തെ രാജാവിന് കത്തെഴുതി ഇമാമവർകളെ ബുദ്ധി മുട്ടിക്കാൻ ശ്രമിച്ചു. അതെല്ലാം മഹാൻ തരണം ചെയ്തു. ഇതിന്റെ പേരിൽ ഇബ്നുൽ ബറാഇന് ധാരാളം പരീക്ഷണങ്ങൾ അനുഭവിക്കേണ്ടി വന്നു. സ്വന്തം മകൻ മദ്യപാനിയും സംഗതജ്ഞനുമായി ജീവിച്ചു. സമൂഹത്തിൽ അപമാനിതനായി . വീണ്ടും ടുണീഷ്യയിലെത്തി. നബിസ്വയുടെ നിർദ്ദേശപ്രകാരം മിസ്റിലേക്ക് പോവുകയും ഖുത്വുബിന്റെ പദവിയിലെത്തുകയും ചെയ്തു.

ഇമാം തഖിയുദ്ധീൻ ഇബ്നു ദഖീഖുൽ ഈദ് (റ) പറയുന്നു:” ശൈഖ് അബുൽ ഹസൻ ശാദുലിയേക്കാൾ അല്ലാഹുവിനെ അറിഞ്ഞ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല”

വഫാത്ത്

വാർദ്ധക്യത്തിന്റെ പ്രയാസങ്ങൾ മൂലമായിരുന്നു ശാദുലി ഇമാം ഈ ലോകത്തോട് വിട പറയുന്നത്. 1258ൽഈജിപ്തിൽ ജീവിച്ചിരിക്കെ.

ഒരു ദുൽഹിജ്ജ മാസം ഹജ്ജിന് മക്കയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയിൽ ഐദാബ് മരുഭൂമിയിലെ ഹുമൈസറ താഴ്‌വാരത്തിലെത്തിയപ്പോൾ രോഗം പിടികൂടുകയും വഫാത്താവുകയും ചെയ്തു .

എല്ലാം അറിഞ്ഞു കൊണ്ടായിരുന്നു. അന്ത്യ യാത്രക്ക് പോകുന്നതിനു മുമ്പ് തന്റെ ചില ശിഷ്യരോട് മൺവെട്ടിയും കൊട്ടകളും സുഗന്ധദ്രവ്യങ്ങളും കൂടെ കരുതാൻ ഉപദേശിച്ചു. അതിന് കാരണമായിട്ട് മഹാനവർകൾ പറഞ്ഞത്, നമ്മുടെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും മരിക്കുകയാണെങ്കിൽ അവരുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാലോ എന്നായിരുന്നു. അതുപോലെ യാത്രയിൽ മകന് ഒരുമ്മ നൽകാൻ അവിടുന്ന് മറന്നില്ല. അപ്പോൾ ഉമൈസ് വരെ ഞാൻ ശ്രദ്ധിക്കാം എന്ന് മറുപടി നൽകി.

Tags

SUFISM

Questions / Comments:



12 July, 2024   07:41 pm

Swalih