വിശുദ്ധ ഖുർആന് ശേഷം മുസ്‌ലിം ലോകത്തിന് ഏറ്റവും അവലംബനീയമായ ഗ്രന്ഥം ഇമാം ബുഖാരി(റ)യുടെ സ്വഹീഹുൽ ബുഖാരിയാണ്. അതിന് മുമ്പും ശേഷവുമായി ലക്ഷക്കണക്കിന് ഇസ്‌ലാമിക ഗ്രന്ഥങ്ങൾ ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, സ്വഹീഹുൽ ബുഖാരി അവയെക്കാളെല്ലാം വിശ്വാസ്യതയിൽ മികവ് നേടിയത് എങ്ങനെ? ഇമാം ബുഖാരിയുടെ ജീവിതത്തിലൂടെ അതിനുത്തരം കണ്ടെത്താനാണീ ലേഖനം ശ്രമിക്കുന്നത്.
വായിക്കാം:
പുരാതന ഖുറാസാനിൽ, ഇന്നത്തെ ഉസ്ബകിസ്ഥാനിലെ ബുഖാറ പട്ടണത്തിൽ ഹിജ്റ 194-ശവ്വാൽ 14 വെള്ളിയാഴ്ച ജുമുഅക്കു ശേഷമാണ് മുഹമ്മദ് ഇബ്നു ഇസ്മാഈൽ ഇബ്‌നു ഇബ്രാഹിം ഇബ്നു മുഗീറ ഇബ്നു ബർദിസ്ബഹ് എന്ന ഇമാം ബുഖാരി(റ)യുടെ ജനനം. ഹിജ്റ 256 ശവാൽ 16ന് 62-ാം വയസ്സിൽ ഈദുൽ ഫിത്വർ രാത്രി ഇശാഅ് സമയത്താണ് ഇമാം ബുഖാരി ഈ ലോകത്തോട് വിട പറഞ്ഞത്. സമർഖന്ദിലാണ് ഇമാമിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.
പിതാവ് ഇസ്‌മാഈൽ(റ) വർത്തക പ്രമാണിയും വലിയ ഹദീസ് പണ്ഡിതനുമായിരുന്നു. ഇമാം മാലിക്(റ), ഹമ്മാദ് ഇബ്‌നു സൈദ്(റ), അബു മുആവിയ(റ) തുടങ്ങിയ വിശ്രുത പണ്ഡിതരിൽ നിന്നായിരുന്നു പിതാവ് ഇസ്‌മാഈൽ(റ) വിദ്യ നുകർന്നത്. ചെറിയ പ്രായത്തിൽ തന്നെ പിതാവ് ഇസ്‌മാഈൽ(റ) വിട പറഞ്ഞു.
പിതാവിന്റെ മരണശേഷം മാതാവ് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു. ചെറുപ്പത്തിൽ ഇമാമവർകളുടെ കാഴ്‌ച നഷ്ടമായപ്പോൾ വന്ദ്യമാതാവ് മനമുരുകി റബ്ബിനോട് പ്രാർത്ഥിച്ചു. മഹാനായ ഇബ്‌റാഹിം നബി ഒരിക്കൽ മഹതിയുടെ സ്വപ്നത്തിൽ ആഗതരാവുകയും തൻ്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചുവെന്നും തൽഫലമായി മകന്റെ കാഴ്‌ചശക്തി തിരിച്ചുകിട്ടിയെന്നും സന്തോഷവാർത്ത അറിയിച്ചു. ഭാവിയിൽ, പണ്ഡിത ലോകത്തെ അതുല്യപ്രതിഭയാണ് തൻ്റെ മകനെന്ന് വിധവയായ ആ മാതാവ് തിരിച്ചറിഞ്ഞിരുന്നു.
ഹിജ്റ 205 ലാണ് ആദ്യമായി ഇമാം ബുഖാരി പാഠശാലയിൽ ചേർന്ന് ഹദീസ് പഠനം തുടങ്ങിയത്. ശൈഖ് മുഹമ്മദ് ഇബ്നു സലാം, അബദുല്ലാഹിബ്നു മുഹമ്മദ് അൽ മുസ്‌നദി, ഇബ്‌റാഹിമുബ്നു അശ്അബ്, മുഹമ്മദുബ്‌നു യൂസുഫ് തുടങ്ങിയവരാണ് പ്രാഥമിക ഗുരുനാഥന്മാർ. പതിനാറ് വയസ്സായപ്പോഴേക്കും നിലവിലുള്ള ഹദീസ് ശേഖരങ്ങൾ മനപ്പാഠമാക്കിയിരുന്നു. ഒറ്റ രാവിൽ 70000 ഹദീസ് ഓർമയിൽ നിന്നും പറഞ്ഞുകൊടുക്കുന്ന അത്ഭുത വിദ്യാർഥിയായിരുന്നു ഇമാം. പഠനത്തിനും മനമുദ്രണത്തിനും ഒരു പ്രത്യേക ശൈലി തന്നെ പഠനകാലത്ത് രൂപപ്പെടുത്തിയിരുന്നു. ഉദ്ധരിക്കപ്പെടുന്ന ഓരോ കണ്ണിയുടെയും കാലവും ചരിത്രവും ജീവിതശൈലിയും പഠിച്ചു കഴിഞ്ഞാൽ ജന്മസ്ഥലം, ഗുരുനാഥന്മാർ, ശിഷ്യഗണങ്ങൾ, അധ്യാപന രീതികൾ എന്നിവ പരിശോധിച്ചറിയും. ചരിത്രപരമായ ഈ അവബോധം ഉദ്ധരിക്കപ്പെടുന്ന ഹദീസുകളുടെ വിശ്വാസ്യതയെയും പരമ്പരകളിലെ പരിചയവും ഓർമശക്തിയും മികവുറ്റതാക്കി. ഹിജ്റ 210ൽ മക്കയിലേക്കുള്ള തീർത്ഥയാത്രയോടെ ഇമാമിൻ്റെ അധ്യയന യാത്രകൾക്ക് നാന്ദി കുറിച്ചു. സ്വദേശത്തുനിന്നും സമ്പാദിച്ച വിജ്ഞാനത്തിന്റെ മാറ്റ് വർധിപ്പിക്കാനും ഭാഷാനൈപുണ്യം നേടാനും അക്കാലത്തെ മഹാരഥന്മാരെ തേടിയുള്ള യാത്രകൾ വർഷങ്ങളോളം നീണ്ടുനിന്നു. അദ്ദേഹത്തിന്റെ ഓർമശക്തിയും ആഴമേറിയ വിജ്ഞാനവും എല്ലാവരിലും വിസ്‌മയം സൃഷ്ടിച്ചു. ഇമാമിന്റെ തന്നെ വാക്കുകൾ കാണുക: “ഞാൻ ഏത് ഗുരുവിനെ സമീപിച്ചാലും എനിക്കു ഉപകാരത്തേക്കാളും കൂടുതൽ എന്നിൽ നിന്ന് അവർക്ക് ഉപകാരം ലഭിച്ചിട്ടുണ്ട്. 1080 ഉസ്താദുമാരിൽ നിന്നും ഞാൻ വിദ്യ അഭ്യസിച്ചു. ഹദീസ് പണ്ഡിതരല്ലാത്ത ഒരാളും അവരിൽ ഇല്ലായിരുന്നു. ഹദീസുകൾ തേടിയുള്ള യാത്രയിൽ ഹിജാസിൽ ആറു മാസം എല്ലാ ഗ്രാമങ്ങളിലും മാറി മാറി സഞ്ചരിച്ചു. സിറിയ, ഈജിപ്ത‌്, അൽ ജസീറ രണ്ടു തവണ സന്ദർശിച്ചു. ബസ്വറയിൽ നാലു തവണ. മക്ക, മദീന, കൂഫ, ബഗ്‌ദാദ് ഒട്ടനേകം തവണ സന്ദർശിച്ചു”.
മക്കയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് ഇബ്‌നു മുഹമ്മദ് അൽ അസ്റഖി(റ), അബ്ദുല്ലാഹിബ്‌നു യസീദുൽ മുഖ്രി (റ), ഇസ്മാഈലുബ്‌നു സ്വാലിഹ്(റ), അബ്ദുല്ലാഹിബ്നു സുബൈറുൽ ഹുമൈദി(റ) തുടങ്ങിയവരാണ് മക്കയിലെ പ്രധാന ഗുരുനാഥന്മാർ. മദീനയിലെ അന്നത്തെ വലിയ പണ്ഡിതരായ ഇബ്‌റാഹീമുബ്നു മുൻദിർ(റ), മുത്‌രിഫ് ഇബ്നു അബ്ദുല്ല(റ), ഇബ്രാഹീമുബ്‌നു ഹംസ(റ), അബൂ സാബിത്(റ), അബ്ദുൽ അസീസ് ഇബ്നു അബ്ദുല്ലാഹിൽ ഉവൈസി(റ), യഹ്‌യ ഇബ്‌നു ഖസ്‌അ(റ) തുടങ്ങിയവർ ഇമാമിന് അറിവ് പകർന്നു നൽകിയവരാണ്. നൈസാബൂരിലെ ഇസ്ഹാഖ് ഇബ്‌നു റാഹവൈഹിയാണ് ഇമാമിനെ കൂടുതൽ സ്വാധീനിച്ചതും തന്റെ എല്ലാ ഉയർച്ചകൾക്കും കാരണവുമായതെന്ന് അദ്ദേഹം പറയുന്നുണ്ട്.
പഠന കാലത്ത് തന്നെ അധ്യാപനത്തിനും ഭാഗ്യം ലഭിച്ചവരാണ് ഇമാം ബുഖാരി(റ). ലോക പ്രശസ്തരും അല്ലാത്തവരുമായ അനേകം പണ്ഡിതന്മാരെ കൊണ്ട് സമ്പന്നമാണ് ഇമാമിന്റെ ശിഷ്യ സമ്പത്ത്. അവരിൽ പ്രധാനിയാണ് ആത്മീയ ശിഷ്യത്വം സ്വീകരിച്ച ഇമാം മുസ്‌ലിം(റ). ബാഗ്ദാദിലെ ഇബ്രാഹിമുബ്‌നു ഇസ്‌ഹാഖ് ഹർബി(റ), ശാഫിഈ കർമ ശാസ്ത്ര വിദഗ്ധനായ മുഹമ്മദ് ഇബ്‌നു നസ്‌റുൽ മർവസി(റ), അഹ്മദ് ഇബ്‌നു സലമ(റ), ഹദീസ് ലോകത്ത് പ്രശസ്‌തരും ഹദീസ് ഗ്രന്ഥ കർത്താക്കളുമായ അബൂ അബ്ദുറഹ്മാൻ അന്നസാഈ(റ), അബൂ ഈസത്തുർമുദി(റ), അബൂബക്ർ അൽ ബസ്സാർ(റ), അബൂബക്ർ ഇബ്‌നു അബീ ദുൻയ(റ), ഫള്ലുബ്നു അബ്ബാസ് അൽറാസി (റ), അബൂ ഖാസിം അൽ ബഗവി(റ), തുടങ്ങിയവർ അവരിൽ ചിലരാണ്.
പത്തിൽപരം വർഷമെടുത്താണ് സ്വഹീഹ് രചന പൂർത്തിയാക്കുന്നത്. കുളിച്ച് രണ്ട് റക്അത്ത് നിസ്കരിച്ചതിന് ശേഷമാണ് ഓരോ ഹദീസുകളും സ്വഹീഹിൽ ഇമാം രേഖപ്പെടുത്തിയിരുന്നത്. ഇത്രയും സൂക്ഷ്മതയോടുകൂടി രചിച്ച സ്വഹീഹുൽ ബുഖാരിയിൽ 7275 ഹദീസുകൾ ഉണ്ട്. ആവർത്തനം ഒഴിവാക്കിയാൽ 4000. മുത്ത് നബി(സ)ക്കും ഇമാം ബുഖാരിക്കുമിടയിൽ മൂന്ന് നിവേദകർ മാത്രമുള്ള (സുലാസിയ്യാത്) മുപ്പത്തിരണ്ട് ഹദീസുകളാണുള്ളത്.
ഖളായ സ്വഹാബത്തി വത്താബിഈൻ, അത്താരീഖുൽ കബീർ, അത്തഫ്‌സീറൽ കബീർ, അൽ അദബുൽ മുഫ്റദ്, ഖൽബു അഫ്ആയിൽ ഇബാദ്, അൽ ജാമിഉൽ കബീർ, അൽ ഖിറാഅത്തു ഖൽഫൽ ഇമാം, ബിർറുൽ വാലിദൈൻ, കിതാബുൽ ഫവാഇദ് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ഇമാം രചിച്ചിട്ടുണ്ട്.
മുത്ത് നബി(സ) സ്വപ്‌നത്തിൽ വന്ന് മാർഗനിർദേശം നൽകിയത് പോലെ ജീവിതം വരുംകാല ഇസ്‌ലാമിൻ്റെ നിലനില്പിന്റെ ജീവനാഡിയായ ഹദീസ് ക്രോഡീകരണത്തിന് മാറ്റിവെച്ചു. അത്ഭുതകരമായ ഓർമശക്തി, കൂർമ ബുദ്ധി, രാത്രിയുടെ യാമങ്ങളിൽ സൂജൂദിലായുള്ള ജീവിതം, പതിനേഴ് തവണ കടന്നൽ കുത്തിയിട്ടും ഖുർആൻ പാരായണം നിർത്താതെയുള്ള നിസ്കാരം, റമളാനിൽ ദിവസേന നിസ്കാരത്തിലായുള്ള ഖത്മുകൾ തുടങ്ങിയവയെല്ലാം ഇമാമിൻ്റെ ആത്മീയ ഉന്നതിയുടെ ചെറിയ ഉദാഹരണങ്ങൾ മാത്രം.
കർമശാസ്ത്ര സരണി
ഇമാം ബുഖാരി(റ)യുടെ കർമശാസ്ത്ര സരണിയെ കുറിച്ചുള്ള ചർച്ചകൾ നിരവധിയാണ്. ശൈഖ് താജുദ്ദീൻ സുബ്‌കി(റ), ഇമാം അബ്ദുറഹ്മാൻ ബാഅലവി(റ) തുടങ്ങിയവരുടെ അഭിപ്രായത്തിൽ അദ്ദേഹം ശാഫിഈ മദ്ഹബുകാരനാണ്. ചിലർ മഹാൻ ഹനഫി മദ്ഹബാണ് പിന്തുടരുന്നതെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അത് വളരെ വിദൂരാഭിപ്രായമാണെന്നും ഇമാം അജ്ലൂനി(റ) രേഖപ്പെടുത്തുന്നു.
അതേസമയം ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) പറയുന്നത് ഇങ്ങനെയാണ്: ഇമാം ബുഖാരി(റ)യുടെ സ്വഹീഹുൽ ബുഖാരിയിലെ കർമശാസ്ത്രപരമായ നിലപാടുകളെ കുറിച്ച് ചിന്തിക്കുന്നവർക്ക് അദ്ദേഹം ഒരു മുജ്‌തഹിദായിരുന്നു എന്ന് മനസ്സിലാകും, ശാഫിഈ മദ്ഹബിനോട് അധികയോജിപ്പുണ്ടായിരുന്നെങ്കിലും ശരി. ഇമാം ബുഖാരി(റ) ഒരു മുജ്‌തഹിദായിരുന്നു എന്ന അഭിപ്രായം തന്നെയാണ് ഇമാം സഖാവി(റ), ഇമാം ഇബ്‌നു അലാൻ(റ), ഇമാം യൂസഫ് സാദാ(റ) തുടങ്ങിയവർക്കുമുള്ളത്.
സ്വഹീഹുൽ ബുഖാരിയിലെ തലവാചകങ്ങൾ
ഇമാം ബുഖാരിയുടെ വ്യത്യസ്‌ത വിഷയങ്ങളിലെ നിലപാടുകൾ സ്വഹീഹുൽ ബുഖാരിയിലെ തലവാചകങ്ങളിൽ നിന്ന് ദർശിക്കാനാവും. ഖുർആനിക വചനങ്ങൾ. സ്വഹീഹായ ഹദീസുകൾ എന്നിവയിൽ നിന്ന് നിർദ്ധാരണം ചെയ്‌താണ് മഹാൻ ഇവ രൂപപ്പെടുത്തിയത്. വിശ്വാസ കാര്യങ്ങൾ, ബൗദ്ധിക അടിത്തറകൾ, ആരാധനാ മുറകൾ, ഇടപാടുകൾ, ശ്രേഷ്ടതകൾ, മര്യാദകൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ തന്റെ വീക്ഷണങ്ങൾ തലവാചകങ്ങളിലൂടെ ഇമാം സംവേദനം ചെയ്യുന്നു.
പ്രധാന നിർവചനങ്ങൾ, ബാബിൽ ഉദ്ധരിക്കുന്ന ആയത്ത്-ഹദീസുകളിലെ പ്രധാന ഭാഗങ്ങൾ, തെളിവുകളിൽ നിന്ന് കണ്ടെടുക്കുന്ന അടിസ്ഥാന നിയമങ്ങൾ തുടങ്ങിയവയെല്ലാം തലവാചകങ്ങളായി വന്നിട്ടുണ്ട്. തലവാചകങ്ങൾക്ക് ശേഷം മറ്റൊന്നും ഉദ്ധരിക്കാത്ത ബാബുകളുമുണ്ട്. സ്വഹീഹുൽ ബുഖാരിയിലെ തലവാചകങ്ങളെ കുറിച്ച് മാത്രം നിരവധി രചനകളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്.
സ്വഹീഹുൽ ബുഖാരിയുടെ പ്രാധാന്യം മനസ്സിലാക്കാൻ ആ അമൂല്യ ഗ്രന്ഥത്തിന് പിൽക്കാല മഹാന്മാർ നൽകിയ സേവനങ്ങളെക്കുറിച്ച് പഠിച്ചാൽ മതിയാകും. സ്വഹീഹുൽ ബുഖാരിയിലെ അപൂർവ്വ പദങ്ങൾ വിശദീകരിക്കാനും ഗഹനമായ ആശയങ്ങളുടെ ചുരുളഴിക്കാനും സംശയങ്ങൾക്ക് മറുപടി നൽകാനുമെല്ലാം എണ്ണമറ്റ രചനകളാണ് ഇമാമീങ്ങൾ നിർവഹിച്ചത്. ആക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് ഇമാം ഇബ്നു ഹജർ(റ) എഴുതിയ ഫത്ഹുൽ ബാരി. മുൻഗാമികളിലും പിൻഗാമികളിലുമാരും ഇത് പോലൊന്ന് രചിച്ചിട്ടില്ലെന്നാണ് ഫത്ഹുൽബാരിയെ പറ്റി ഇമാം സുയൂത്വി(റ) പറഞ്ഞത്.
സ്വഹീഹുൽ ബുഖാരിയിലെ ഓരോ ബാബിലും ഹദീസുകളെ ക്രമീകരിച്ച രീതിയും ശ്രദ്ധേയമാണ്. ഹദീസുകളുടെ കാലഗണനകൾക്കനുസരിച്ചാണ് ചിലയിടങ്ങളിലെ ക്രമീകരണം. കിതാബുൽ ഇൽമിലെ ബാബു കിതാബത്തിൽ ഇൽമിൽ ഉദ്ധരിച്ച നാല് ഹദീസുകളെ ഉദാഹരണമായി എടുക്കാം.
അബൂ ജുഹൈഫ(റ) അലി(റ)യോട് നിങ്ങളുടെ പക്ഷം ഗ്രന്ഥമുണ്ടോ എന്ന് ചോദിക്കുന്ന ഹദീസാണ് ഒന്നാമത്തേത്. രണ്ടാം ഹദീസ് ഖുസാഅ ഗോത്രക്കാർ മക്കാവിജയ വർഷം ബനൂലയ്സ് ഗോത്രത്തിൽ നിന്നൊരാളെ വധിച്ച സംഭവമാണ്. മൂന്ന് അബ്ദുല്ലാഹിബ്‌നു അംറി(റ)നെ പറ്റി അദ്ദേഹം (ഹദീസ്) എഴുതാറുണ്ടായിരുന്നു, ഞാൻ എഴുതാറില്ല എന്ന് അബൂഹുറൈറ(റ) പറഞ്ഞ ഹദീസാണ്. തിരുനബി(സ)ക്ക് വേദന ശക്തമായപ്പോൾ പറഞ്ഞത് ഇബ്നു അബ്ബാസിൽ നിന്നും നിവേദനം ചെയ്തതാണ് നാലാമത്തെ ഹദീസ്.
ഇവയിലെ ആദ്യത്തേതിൽ അലി(റ)യുടെ അടുക്കലുള്ള ഒരു ഏടിനെ പരാമർശിക്കുന്നുണ്ട്. അതിനാൽ ഈ ഹദീസ് ഹിജ്റ ആദ്യ വർഷത്തേതാകുമെന്നും ആ ഏട് തിരുനബി(സ) മദീനയിൽ വന്നപ്പോൾ എഴുതിയതാകുമെന്നും ശൈഖ് ബക്കർ അബൂ സൈദ് പറയുന്നു. രണ്ടാമത്തേത് മക്കാവിജയ വർഷത്തെ സംഭവമായതിനാൽ ആ ഹദീസ് ഹിജ്റ എട്ടാം വർഷത്തേതാണന്ന് വ്യക്തമാണ്. മൂന്നാമത്തെ ഹദീസിൽ അബൂഹുറൈറ(റ) തൻ്റെ പക്കൽ ഇല്ലാത്ത ഹദീസുകൾ ഹിജ്റ ഏഴിൽ ഇസ്‌ലാം സ്വീകരിച്ച അബ്ദുല്ലാഹിബ്നു അംറുബ്‌നു ആസിന്റെ പക്കൽ ഉണ്ടെന്നു പറയുന്നു .മുസ്‌ലിമായി ഏറെക്കാലം തിരുനബിയോട് കൂടെ ചെലവഴിച്ചപ്പോഴാണ് അബ്ദുല്ലാഹി ബ്‌നു അംറിന് ഇത്രയും അറിവ് നുകരാൻ സൗഭാഗ്യം ഉണ്ടായതെന്നും അതിനാൽ ഈ സംഭവം മക്കവിജയ ശേഷമാണെന്നും സുവ്യക്തം. നാലാം ഹദീസ് തിരുനബി(സ)യുടെ വഫാത്തിൻ്റെ വർഷത്തേതുമാണ്
ചില ബാബുകളിൽ, ഉപാധിയില്ലാതെ പറഞ്ഞ ഹദീസുകൾ ആദ്യവും ഉപാധിയോടെയുള്ളവ ശേഷവും ക്രമീകരിച്ചു. കിതാബുൽ ഇൽമിലെ തന്നെ, തിരുനബി(സ)യെ കുറിച്ച് കളവ് പറയുന്നവർക്കുള്ള ശിക്ഷയെ പ്രതിപാദിക്കുന്ന ബാബിൽ കളവു പറഞ്ഞാൽ ശിക്ഷയുണ്ട് എന്നതിനുള്ള രണ്ട് ഹദീസുകൾ ആദ്യവും മനപൂർവ്വം കളവ് പറഞ്ഞാലാണ് ശിക്ഷ എന്നതിനുള്ള മൂന്ന് ഹദീസുകൾ ശേഷവും പറഞ്ഞത് ഉദാഹരണം. ചിലയിടങ്ങളിൽ മുജ്‌മലിന് ശേഷം മുഫസ്വൽ കൊണ്ടുവന്നു. മറ്റ് ചിലപ്പോൾ ആദ്യത്തെ ഹദീസിൻ്റെ അർത്ഥത്തെ പിന്നീടുള്ള ഹദീസ് വിശദീകരിക്കും വിധം ക്രമീകരിച്ചു.
രചനയിലെ സൂക്ഷ്മത
സ്വഹീഹുൽ ബുഖാരി രചിക്കുന്നതിൽ ഇമാം ബുഖാരി(റ) അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നു. സ്വിഹാഹു സിത്തയുടെ രചയിതാക്കളിൽ സ്വഹീഹായ ഹദീസ് സ്വീകരിക്കുന്നതിന് ഏറ്റവും കണിശമായ നിബന്ധനകൾ വച്ചത് ഇമാം ബുഖാരി(റ) ആണെന്ന് കാണാം. മറ്റു അഞ്ചുപേരും നിവേദനം ചെയ്ത പലരിൽ നിന്നും സൂക്ഷ്മത കാരണം ഇമാം ഹദീസുകൾ നിവേദനം ചെയ്‌തില്ല. ഉദാഹരണം അഹ്മദ്ബ്നു അബ്ദ(റ). മറ്റ് അഞ്ചുപേരും മഹാനിൽ നിന്നും നിവേദനം ചെയ്‌തിട്ടുണ്ട്. പക്ഷെ, സ്വഹീഹുൽ ബുഖാരിയുടെ രിജാലിന് നിഷ്കർഷിച്ച ഉബ്‌ത്ത് അത്രത്തോളം ഇല്ലാത്തതിനാലാവണം ഇമാം ബുഖാരി അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്‌തില്ല. കാരണം അദ്ദേഹത്തിൻ്റെ ചില ഹദീസുകളെ ഇമാമീങ്ങളിൽ ചിലർ ഇൻകാർ ചെയ്തിരുന്നു. ബിഷ്റ് ബ്‌നു ഹിലാൽ, ഹമീദ് ബ്‌നു മസ്‌അദ, സലമത്ത് ബ്നു ഷബീബ്, അബ്ദുല്ലാഹിബ്നു മുഹമ്മദ് തുടങ്ങി പലരിൽ നിന്നും ഇമാം ബുഖാരി നിവേദനം ചെയ്തില്ല. ഇതുപോലുള്ള മുപ്പതോളം പേരെ ഡോ. മുയസ്സിർ അലി അബ്ദ് തൻ്റെ പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ഇമാം ബുഖാരി(റ) ഹദീസ് നിവേദകരെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും സ്വീകരിച്ച വഴികൾ ഏറെ പ്രശംസനീയവും ആധുനിക ഗവേഷണ ശാസ്ത്രത്തിൽ പഠനവിധേയമാക്കപ്പെടുന്നവയുമാണ്. അഭിമുഖങ്ങൾ, ചോദ്യാവലികൾ, പങ്കാളിത്ത നിരീക്ഷണം, പങ്കാളിത്തരഹിത നിരീക്ഷണം തുടങ്ങിയ വിവരശേഖരണ മാർഗങ്ങൾ ഇമാം ബുഖാരി(റ) ഉപയോഗിച്ചതായി മനസ്സിലാക്കാം. ലക്ഷക്കണക്കിന് ഹദീസുകളും അവയുടെ സനദും സനദിലെ നിവേദകരുടെ ജീവചരിത്രങ്ങളുമെല്ലാം കൃത്യമായി പഠിച്ച ശേഷമാണ് ഇമാം ബുഖാരി(റ) തന്റെ വിഖ്യാതമായ സ്വഹീഹുൽ ബുഖാരിയുടെ രചന പൂർത്തിയാക്കുന്നത്. പതിനാറ് വർഷം ദേശാന്തരങ്ങൾ താണ്ടി വിവിധ ഇടങ്ങളിൽ താമസിച്ച് ഗവേഷണം ചെയ്‌താണ് രചന നിർവഹിച്ചത്.
ഒരു ഹദീസ് കേൾക്കുകയോ ഒരു വ്യക്തിയുടെ അടുക്കൽ ഒരു ഹദീസ് ഉണ്ടെന്നറിയുകയോ ചെയ്താൽ ആ വ്യക്തിയെക്കുറിച്ച് വിശദമായി പഠിക്കും. അദ്ദേഹത്തെക്കുറിച്ച് മറ്റാരെങ്കിലും എഴുതി വച്ചതിൽ നിന്നോ കേട്ടറിവുകളിൽ നിന്നോ പ്രാഥമികമായി മനസ്സിലാക്കും. പിന്നീട് നേരിൽ കാണാനായി അദ്ദേഹത്തിൻ്റെ രാജ്യത്തെത്തും. അദ്ദേഹത്തിൻ്റെ ജീവിതം നേരിൽ കണ്ട് നിരീക്ഷിക്കും. ഓർമശക്തി, സ്വഭാവം, സത്യസന്ധത തുടങ്ങിയ അദ്ദേഹത്തെകുറിച്ചുള്ള മറ്റു വിശേഷണങ്ങൾ അയാളുടെ കുടുംബാംഗങ്ങൾ, കൂട്ടുകാർ, ഗുരുനാഥന്മാർ, ശിഷ്യന്മാർ, അയൽവാസികൾ തുടങ്ങിയവരോട് അഭിമുഖത്തിലൂടെയോ ചോദ്യാവലികളിലൂടെയോ അന്വേഷിച്ചറിയും. അങ്ങനെ അദ്ദേഹത്തിൽ നിന്നും ഹദീസ് സ്വീകരിക്കും.
സ്വീകരിക്കുന്ന ഹദീസിൻ്റെ പരമ്പരയിലോ മത്‌നിലോ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്ന ഘട്ടമാണ് അടുത്തത്. അതിനുവേണ്ടി ഓർമിച്ചുവെച്ച ഹദീസുകളോടും സനദുകളോടും പുതുതായി ലഭിച്ച ഹദീസിനെ ചേർത്തുനോക്കി മനസ്സിലാക്കും. അങ്ങനെ 90,000 അധികം നിവേദകരെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. സ്വീകരിച്ച സ്വഹീഹായ ഹദീസുകൾ തന്നെ സ്വഹീഹുൽ ബുഖാരിയിൽ എഴുതുന്നതിന് മുമ്പ് രണ്ട് റകഅത്ത് ഇസ്‌തിഖാറത്ത് നിസ്ക്കരിക്കുമായിരുന്നെന്നും ഖൈറാണെങ്കിലേ എഴുതുമായിരുന്നുള്ളൂവെന്നും കാണാം.
ഈ ഓരോ ഘട്ടവും അതിസൂക്ഷ്മമായാണ് ഇമാം ബുഖാരി(റ) കൈകാര്യം ചെയ്തത്. ഹദീസ് നിവേദകൻ, ആരിൽ നിന്നാണോ ആ ഹദീസ് നിവേദനം ചെയ്യുന്നത് അദ്ദേഹത്തെ കണ്ടിരിക്കണമെന്നതും ഏറെ സമയം അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചിരിക്കണം എന്നതും ഇമാം ബുഖാരി(റ) സ്വഹീഹായ ഹദീസിനുള്ള മാനദണ്ഡമാക്കി. അമേരിക്കൻ ഗവേഷകനായ ജോൺ ക്രെസ്വൽ തന്റെ റിസർച്ച് ഡിസൈൻ എന്ന പുസ്‌തകത്തിൽ പ്രതിപാദിക്കുന്നു പർപസീവ് സാമ്പിളിംഗ് എന്ന ഗവേഷണ രീതിയാണ് ഇമാം ഉപയോഗിച്ച് കാണുന്നത്. ഇതുവഴി ലഭിക്കുന്ന ഹദീസിന്റെ കൃത്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയാണ് മഹാൻ ചെയ്തത്.
അധ്യാപനം
ഇമാം ബുഖാരി(റ) യുവത്വത്തിന്റെ പ്രാരംഭത്തിൽ തന്നെ തന്റെ രചനകൾ നിർവഹിക്കാൻ ആരംഭിച്ചിരുന്നു. വർഷങ്ങളോളം നിരവധി ദേശങ്ങൾ സഞ്ചരിച്ച് വിദ്യ നുകരുകയും പകർന്നു നൽകുകയും ചെയ്തു. പിന്നീട്, ജന്മദേശമായ ബുഖാറയിൽ തിരിച്ചെത്തിയശേഷം ഹദീസ് വിജ്ഞാനാധ്യാപനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തി. മഹാൻ്റെ അധ്യാപന ശൈലി ഏറെ മാതൃകാപരമായിരുന്നു പഠിപ്പിക്കുന്ന വിഷയത്തിലെ പ്രാവീണ്യമായിരുന്നു ഒന്നാമത്തെ വിശേഷണം. ആധികാരികവും ആഴത്തിലുള്ളതുമായ അറിവ് തേടി നിരവധി ദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഒഴുകിയെത്തി. ഇമാം നവവി(റ) തഹ്‌ദീബിൽ പറയുന്നു: മൂന്ന് പകർപ്പെഴുത്തുകാരാണ് ഇമാം ബുഖാരിക്ക് ഉണ്ടായിരുന്നത്. തന്റെ ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം ഇരുപതിനായിരത്തിലധികം വരുമായിരുന്നു.
വിവരശേഖരണത്തിന്റെയും ക്രമീകരണത്തിന്റെയും ക്രിയാത്മക ശൈലിയായിരുന്നു മറ്റൊരു വിശേഷണം. ഇസ്‌ലാമിക വിശ്വാസ കർമങ്ങളുടെ വിവിധ വിഷയങ്ങൾക്ക് യോജിച്ച ഹദീസുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന രൂപത്തിൽ സ്വഹിഹുൽ ബുഖാരിയുടെ രചന നിർവഹിച്ചത് ഉദാഹരണമായി എടുക്കാം. വിമർശനാത്മക പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും പ്രോത്സാഹനം നൽകുന്നതായിരുന്നു ഇമാമിൻ്റെ ശൈലി. അതേസമയം കഠിനപ്രയത്നത്തിലൂടെ ലഭിച്ച അറിവ് സ്വന്തം ജീവിതത്തിൽ പകർത്തുകയും ഭക്തിനിർഭരമായ ജീവിതം പ്രകാശിപ്പിക്കുകയും ചെയ്ത അധ്യാപന രീതിയാണ് മഹാനിൽ ദർശിക്കാനാകുന്നത്.
വ്യക്തിത്വം രൂപപ്പെടുത്തിയ ഘടകങ്ങൾ
ഇരുപതാം നൂറാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ മനശാസ്ത്രജ്ഞനായ സെലിഗ്മാൻ ആണ് പോസിറ്റീവ് സൈക്കോളജിയെ കുറിച്ചുള്ള പഠനം ആദ്യമായി അവതരിപ്പിക്കുന്നത്. കുട്ടികളുടെ സൽസ്വഭാവ-വ്യക്തിത്വ രൂപീകരണത്തിൽ മാതാപിതാക്കളുടെയും അധ്യാപകന്മാരുടെയും സമൂഹ ചുറ്റുപാടുകളുടെയും പങ്കിനെക്കുറിച്ച് ഈ പഠനം ചർച്ച ചെയ്‌തു. ഇമാം ബുഖാരി(റ)യുടെ ജീവിതത്തിലും മാതാ പിതാ ഗുരു സമൂഹങ്ങളുടെ സ്വാധീനം ഏറെ പ്രകടനമാണ്.
ഉന്നത ഹദീസ് പണ്ഡിതനും സമ്പന്നനുമായിരുന്ന പിതാവിൻ്റെ സൂക്ഷ്‌മത പാലിച്ചുള്ള ധനവിനിയോഗ ശൈലിയും വിജ്ഞാനത്തോടുള്ള അഭിനിവേശവും മകനെ വളരെ സ്വാധീനിച്ചിരുന്നു. അഞ്ചാം വയസ്സിൽ പിതാവ് മരണപ്പെട്ടെങ്കിലും പിതാവിന്റെ ഗ്രന്ഥശേഖരണം ഔദ്യോഗിക വിദ്യാഭ്യാസത്തിന് മുമ്പ് തന്നെ ശക്തമായ വൈജ്ഞാനിക അടിത്തറ രൂപപ്പെടുത്താൻ ഇമാം ബുഖാരി(റ)യെ സഹായിച്ചു. മത ഭക്തയായ മാതാവിൻ്റെയും വിജ്ഞാന സ്നേഹികളായ സുഹൃത്തുക്കളുടെയും പ്രോത്സാഹനം ഇമാമിനുണ്ടായിരുന്നു. അന്നത്തെ ബുഖാറയുടെ ചുറ്റുപാടും അറിവിന്വേഷണങ്ങൾക്ക് കരുത്തുപകരുന്നതായിരുന്നു. ഹദീസ് പഠനങ്ങളിൽ ഉദ്ധരിക്കപ്പെടുന്ന നിരവധി മഹാന്മാർ അന്ന് ബുഖാറയിൽ ജീവിച്ചിരുന്നു. ദേശങ്ങൾ താണ്ടിയുള്ള യാത്രയിൽ ഗുരുനാഥന്മാരുടെ സമ്പൂർണ പിന്തുണയും ലഭിച്ചു. അങ്ങനെ മാതൃഭാഷ അറബി അല്ലാതിരുന്നിട്ടും അറബി ഭാഷയിലെ അതീവ നൈപുണ്യം അനിവാര്യമായ ഹദീസ് വിജ്ഞാനീയത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ഇമാം ബുഖാരി(റ) അഗ്രഗണ്യനായി മാറി. ഉന്നത വ്യക്തിത്വത്തിന്റെയും അസാധാരണ ശേഷിയുടെയും ഉടമയായി മാറി.
ഇമാം ബുഖാരി കോംപ്ലക്‌സ്
ഉസ്ബകിസ്ഥാനിലെ ബുഖാറയിൽ നിന്നും ഇരുന്നൂറ്റിഅറുപത് കിലോമീറ്റർ ദൂരത്തുള്ള സമർഖന്തിലെ ഖർത്തംഗിലാണ് ഇമാം ബുഖാരി വഫാത്താകുന്നത്. തൻ്റെ ഹദീസ് സമാഹരണവും പഠനവുമെല്ലാം ഏതാണ്ട് കഴിഞ്ഞ ശേഷം ബുഖാറയിൽ തിരിച്ചെത്തി ദർസ് നടത്തുകയായിരുന്നു. അതിനിടെ അബ്ബാസിയ ഖിലാഫത്തിൻ്റെ വൈസ്രോയിയായിരുന്ന അമീർ ഖാലിദ് അൽ സുഖൈലി തന്റെ മക്കളെ രാജധാനിയിൽ എത്തി പഠിപ്പിക്കാൻ ഇമാം ബുഖാരി(റ)യോട് ആവശ്യപ്പെട്ടു. എന്നാൽ ഇമാം ഈ ആവശ്യം നിരാകരിച്ച് കൊണ്ട് പറഞ്ഞു: ഞാൻ അറിവിനെ നിന്ദിച്ച് അങ്ങോട്ട് വരില്ല, അവർക്ക് വിജ്ഞാനം ആവശ്യമെങ്കിൽ അവരെൻ്റെ വീട്ടിലേക്കോ പള്ളിയിലേക്കോ വരട്ടെ. ഈ സമീപനത്താലും ചിലരുടെ ഗൂഢാലോചനയും അസൂയയും കാരണവും അമീർ, ഇമാം ബുഖാരി(റ)യെ നാടുവിടാൻ നിർബന്ധിച്ചു. ഇതറിഞ്ഞ സമർഖന്തിലെ ഉലമാക്കൾ ഇമാമിനെ അവിടേക്ക് ക്ഷണിച്ചു. തുടർന്ന് സമർഖന്തിലെ തൻ്റെ ബന്ധുവായ അബൂ മൻസൂർ താലിബിൻ്റെ വീട്ടിലെത്തിയ മഹാൻ രോഗബാധിതനാവുകയും ലോകത്തോട് വിടപറയുകയും ചെയ്‌തു. അവിടെ തന്നെ മറവു ചെയ്‌തു.
പ്രസിദ്ധ ഹദീസ് ഫിഖ്ഹീ പണ്ഡിതനായ മുഹമ്മദ് ഇബിനു സംആനി (അഉ 1166), യാത്രികനായ ഇബ്നു ബത്തൂത്ത (അഉ1369) എന്നിവർ ഇമാം ബുഖാരിയുടെ സ്മാരകം സന്ദർശിച്ചതായി എഴുതിയിട്ടുണ്ട്. നൂറ്റാണ്ടുകളോളം വ്യത്യസ്ത ഭരണാധികാരികൾ സ്‌മാരകത്തെ സംരക്ഷിക്കുകയും അനുബന്ധമായി പള്ളിയും സംവിധാനങ്ങളും നിർമിക്കുകയും ചെയ്‌തു എന്നാൽ സോവിയറ്റ് യൂണിയൻ്റെ കടന്നുവരവോടെ അവ നശിപ്പിക്കപ്പെട്ടു. നശിപ്പിക്കപ്പെട്ടതിനുശേഷം ആരാലും അറിയപ്പെടാതെ കിടക്കുകയായിരുന്നു ആ പ്രദേശവും ബുഖാരി ഇമാമിന്റെ മഖാമും.
പിന്നീട് 1956ൽ ലിബിയൻ ഷെയ്ഖ് നദീമുൽ ജസ്ർ മോസ്കോ സന്ദർശിക്കുകയും ഇമാം ബുഖാരിയുടെ മഖാം സന്ദർശിക്കാൻ ആഗ്രഹം പറയുന്നതോടെയുമാണ് ചില മാറ്റങ്ങൾ വന്നു തുടങ്ങിയത്. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കേന്ദ്രകമ്മിറ്റി സെക്രട്ടറിയായിരുന്ന ശരീഫ് റഷീദോവ് മോസ്കോ ആ നേതൃത്വത്തോട് ആവശ്യപ്പെട്ടത് പ്രകാരം ഇമാം ബുഖാരിയുടെ സ്‌മാരക പുനരുദ്ധാരണമടക്കം പതിമൂന്ന് ഇടങ്ങളിൽ പള്ളികൾ സ്ഥാപിക്കാൻ തീരുമാനമായി. പക്ഷേ 1959 ഡിസംബറിൽ അവ വീണ്ടും അടച്ചുപൂട്ടാൻ മോസ്കോ ഉത്തരവിറക്കി
വർഷങ്ങൾക്ക് ശേഷം 1972ൽ ഇമാം ബുഖാരി മസ്‌ജിദിൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ഖബർ പുനരുദ്ധാരണം നടത്തുകയും ചെയ്തു. 1974ൽ ഇമാമിന്റെ 1200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇരുപത്തിയെട്ട് രാജ്യങ്ങളിൽ നിന്നുള്ള 180 പേർ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു. 1991ൽ പള്ളിയുടെ കീഴിൽ ഇമാം ബുഖാരി മദ്രസ തുടങ്ങുകയും മന്ത്രിസഭയുടെ തീരുമാനപ്രകാരം 1998ൽ ഇമാമിൻ്റെ 1225-ാം ജന്മവാർഷികം വിപുലമായി നടത്തുകയും ചെയ്തു. 2021ൽ ഉസ്ബകിസ്ഥാൻ പ്രസിഡണ്ട് ഷൗക്കത്ത് മിർസിയോയേവ് നൽകിയ ഉത്തരവ് പ്രകാരം സ്മാരകത്തോടനുബന്ധിച്ച് പതിനായിരത്തോളം പേർക്ക് നിസ്‌കരിക്കാവുന്ന വലിയ പള്ളിയുടെയും സമുച്ചയത്തിന്റെയും നിർമാണം പുരോഗമിക്കുന്നുണ്ട്.