ആത്മീയ നേതൃത്വവും സൂഫി പരിഷ്കരണവും 

​മമ്പുറം തങ്ങൾ തൻ്റെ ആത്മീയ ജീവിതത്തിലൂടെയാണ് ജനങ്ങൾക്കിടയിൽ പ്രശസ്തനായത്. അഗാധമായ ആത്മജ്ഞാനം വഴി അദ്ദേഹം സ്രഷ്ടാവിൻ്റെ അടുത്ത് വലിയ പദവികൾ നേടി. നിത്യേനയുള്ള ആരാധനകളിലും സുന്നത്ത് നിസ്‌കാരങ്ങളിലും ഖുർആൻ പാരായണത്തിലും മുഴുകിയിരുന്ന മഹാൻ സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു ആത്മീയ നേതാവ് എന്നതിനു പുറമേ ഒരു സാമൂഹിക പരിഷ്കർത്താവ് കൂടിയായിരുന്നു അദ്ദേഹം. ജനങ്ങളെ ധാർമികമായും സാമൂഹികപരമായും ഉന്നതിയിലെത്തിച്ചും ഒരു ആത്മീയ ഗുരുവായും മഹാനവർകൾ നിരന്തരമായി അവർക്കിടയിൽ ബോധവൽക്കരണം നടത്തികൊണ്ടിരുന്നു. 
​അദ്ദേഹം ഖാദിരിയ്യ ത്വരീഖത്തിൻ്റെ(ആധ്യാത്മിക സരണി) നേതാവുകൂടെ ആയിരുന്നു. വെളിയങ്കോട് ഉമർ ഖാളി ഉൾപ്പെടെ നിരവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. 

'ഖുതുബുസമാൻ' എന്ന പരമോന്നത പദവിയും അദ്ദേഹത്തിന് ലഭിച്ചു. ഒരു കർമശാസ്ത്ര പണ്ഡിതനും ആഴത്തിലുള്ള തസവ്വുഫ് സൂഫിയുമായിരുന്ന പണ്ഡിതനുമായിരുന്നു അദ്ദേഹം. മമ്പുറം തങ്ങളുടെ വരവോടുകൂടിയാണ് കേരളത്തിലെ ഇസ്‌ലാമിക മുന്നേറ്റങ്ങൾക്ക് കൂടുതൽ ശക്തിയും ജനകീയതയും കൈവരുന്നത്. ആരാധനയിൽ മാത്രം ഒതുങ്ങിക്കൂടാതെ സാമൂഹിക പ്രവർത്തനങ്ങളെയും അദ്ദേഹം ഒരുതരം ആരാധനയായി കണക്കാക്കി. മതപരവും സാമുദായികവും രാഷ്ട്രീയപരവും സാമൂഹിക നവോത്ഥാനപരവുമായ എല്ലാ വിഷയങ്ങളിലും ഇടപെട്ട് സമൂഹത്തിന് മാർഗദർശനം നൽകി പോന്നിരുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

ജാതീയ വിവേചനങ്ങൾക്കെതിരായ ഇടപെടലുകൾ 

​മമ്പുറം തങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദളിതർ ഉൾപ്പെടെയുള്ള അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തലുകൾക്ക് വിധേയരായി സമൂഹത്തിൽ നിരന്തരം അവഹേളനങ്ങൾക്ക് നേരിട്ടു കൊണ്ടിരിക്കുന്നവരുടെയും അവകാശങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടി അവരുടെ ശബ്ദമായി പ്രവർത്തിച്ചു. 

ജനവിഭാഗങ്ങളുടെ വിമോചകനായി അദ്ദേഹം അറിയപ്പെട്ടു. നവ മുസ്‌ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ നിലപാടുകൾ നീതിയുക്തവും സത്യസന്ധവുമായിരുന്നു. ജന്മിമാരുടെ ക്രൂരമായ പ്രവർത്തനങ്ങളിൽ നിന്നും മനംനൊന്ത് ഇസ്‌ലാം സ്വീകരിച്ച പാവപ്പെട്ട കുടിയാന്മാർക്ക് ഇസ്‌ലാം സ്വീകരിക്കുന്നതിലൂടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 
​ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെയും അടിച്ചമർത്തലുകളെയും അദ്ദേഹം ചോദ്യം ചെയ്യുകയും അവകാശങ്ങൾ വീണ്ടെടുക്കാൻ പ്രയത്നിക്കുകയും ചെയ്തു. ഇസ്‌ലാം സ്വീകരിച്ച പുതിയ ആളുകൾക്ക് പരമ്പരാഗത മുസ്‌ലിംകളേക്കാൾ പ്രാധാന്യവും പവിത്രതയും ലഭിച്ചു. ഈ പവിത്രവും സുന്ദരവുമായ സാഹചര്യം കണ്ട് ജാതിപരമായ വേർതിരിവുകൾ അനുഭവിച്ചിരുന്ന താഴ്ന്ന ജാതിക്കാർ കൂട്ടമായി ഇസ്‌ലാം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം ചേർന്നു.


​"ഒരു ഏഴ ചെറുപ്പൻ പോയി തൊപ്പിയിട്ടാൽ ചെറ്റും പേടിക്കേണ്ട തമ്പുരാനേ ചിത്രം അവനൊപ്പം ചാരത്തിരുന്നിടാം"
​എന്ന വരികൾ, ഇസ്‌ലാം സ്വീകരിക്കുന്നതിലൂടെ കീഴാളർക്ക് ലഭിച്ച സ്വാതന്ത്ര്യത്തെയും മാന്യതയെയും വ്യക്തമാക്കുന്നു.  
​കൊടിഞ്ഞിയിലെ നവ മുസ്‌ലിംകൾക്ക് വേണ്ടി ഒരു പള്ളി നിർമ്മിച്ചപ്പോൾ, അവരെ തടയാൻ ഉയർന്ന ജാതിക്കാർ ശ്രമിച്ചു. ഈ പ്രശ്‌നം വർഗീയ കലാപമായി മാറാതെ തങ്ങൾ ശ്രമിക്കുകയും, ബ്രിട്ടീഷുകാർ ജന്മിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടും സമാധാനപരമായി പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്‌തു. കൊടിഞ്ഞി പള്ളിക്ക് ചുറ്റും താമസിച്ചിരുന്ന മണ്ണാൻ, ആശാരി, കല്ലാശാരി, കൊല്ലൻ തുടങ്ങിയ കീഴാള ജാതിക്കാർക്ക് അദ്ദേഹം കുടിയവകാശം നൽകുകയും നേർച്ച ഭക്ഷണത്തിൽ വിഹിതം നീക്കിവെക്കുകയും ചെയ്തു. 

​മതസൗഹാർദം വളർത്താനുള്ള പരിശ്രമങ്ങളും
​മഹാനവർകളുടെ ഇതര മതസ്ഥരോടുള്ള പെരുമാറ്റവും ആദരവും കാരണം മമ്പുറം തങ്ങളെ മതസൗഹാർദ്ദത്തിൻ്റെ വിളക്കുമാടം എന്ന് വിശേഷിപ്പിക്കുന്നതായി കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സഖ്യമുണ്ടാക്കിയ ജന്മിമാരെ തുരത്താൻ ഹിന്ദു-മുസ്‌ലിം ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മതസൗഹാർദം തകർക്കാനുള്ള ബ്രിട്ടീഷ് തന്ത്രങ്ങളെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ പ്രതിരോധിച്ചു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന കുതന്ത്രത്തെ ബ്രിട്ടീഷുകാർ പ്രയോഗിക്കുമ്പോൾ മഹാനവർകൾ വളരെ സൗമ്യമായ നിലയിൽ മുസ്‌ലിം-ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഐക്യം നിലനിർത്തുകയുണ്ടായി. തിരൂരങ്ങാടിക്കടുത്തുള്ള മുന്നിയൂരിലെ കോഴിക്കളിയാട്ടം പോലുള്ള ആചാരങ്ങൾ തങ്ങളുടെ മതസഹിഷ്ണുതയുടെ ശേഷിപ്പുകളായി നമുക്ക് ചൂണ്ടികാണിക്കാൻ സാധിക്കുന്നതാണ്. 

​മറ്റു മതസ്ഥരോട് ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയുമാണ് അദ്ദേഹം പെരുമാറിയത്. അദ്ദേഹത്തിന്റെ കാര്യസ്ഥൻ ഹൈന്ദവനായ കോന്തുണ്ണി നായരായിരുന്നു എന്നത് മതസൗഹാർദത്തിനുള്ള വലിയ തെളിവാണ്. നിർമാണ ജോലികൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് കോമൻ കുറുപ്പായിരുന്നു. കല്യാണ നിശ്ചയമുൾപ്പെടെയുള്ള പല ഹൈന്ദവ സൽകർമങ്ങളിലും നമ്പൂതിരിമാരും നായന്മാരുമുൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. മതത്തിന്റെ പേരിൽ ഭിന്നിക്കരുത് എന്നും, അത് ബാഹ്യശക്തികൾക്ക് നമ്മെ കീഴ്പ്പെടുത്താൻ അവസരം നൽകുമെന്നും അദ്ദേഹം ജനങ്ങളെ ബോധവൽക്കരിച്ചു. ജനങ്ങളെ ഉദ്ബുദ്ധരായി നിർത്താൻ മഹാനവർകൾക്ക് സാധിച്ചു. 

​ഇതെല്ലാം ഇതര മതസ്ഥർക്കിടയിൽ അദ്ദേഹത്തിന് വലിയ ബഹുമാനവും ആദരവും നേടിക്കൊടുത്തു. മുസ്‌ലിം കുടുംബങ്ങളിൽ മാത്രമല്ല, പല ഹിന്ദു തറവാടുകളിലും തങ്ങളുടെ ശേഷിപ്പുകളും ഓർമകളും ആദരവോടെ സൂക്ഷിക്കുന്നുണ്ട് എന്നത് മഹാനവർകളോട് ഇതര മതസ്ഥർക്കുള്ള ആദരവിനെയും ബഹുമാനത്തെയും സൂചിപ്പിക്കുന്നതാണ്. 

അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ പങ്ക് 

​മമ്പുറം തങ്ങൾ ഒരു അധിനിവേശ വിരുദ്ധ നേതാവും അവകാശ പ്രവർത്തകനുമായിരുന്നു. സാമ്രാജ്യത്വ ശക്തികൾക്കെതിരെ ഉറച്ച നിലപാടായിരുന്നു മഹാനവർകൾ കൈകൊണ്ടിരുന്നത്. അദ്ദേഹത്തിൻ്റെ നയങ്ങളിൽ വ്യത്യാസമുണ്ടായിരുന്നില്ല. മലബാറിലെ ജനങ്ങളെ പീഡിപ്പിച്ച പാശ്ചാത്യ ശക്തികളെ തുരത്താൻ അദ്ദേഹം തന്ത്രങ്ങൾ മെനഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സഹകരിച്ച ജന്മിമാരുടെ ദുഷ്‌പെരുമാറ്റങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചു. രാജ്യത്തിനുവേണ്ടി പോരാടാനും സ്വാതന്ത്ര്യം നേടുന്നതുവരെ അഹോരാത്രം പരിശ്രമിക്കാനും രക്താസാക്ഷിയായാൽ സ്വർഗമാണ് പ്രതിഫലമെന്നും അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിച്ചു. 

​ആത്മീയ ഹൽഖകളിലൂടെയും പള്ളി മിഹ്റാബുകളിലൂടെയും ഈ സന്ദേശം ജനങ്ങളിലേക്കെത്തിച്ചു. അദ്ദേഹത്തിൻ്റെ മകൻ സയ്യിദ് ഫള്ൽ തങ്ങളും ശിഷ്യൻ ഉമർ ഖാളി ഉൾപ്പെടെയുള്ളവരും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നേതൃത്വത്തിലേക്ക് വന്നു. 'സൈഫുൽ ബത്താർ' എന്ന കൃതി ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പോരാടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു അമൂല്യ ഗ്രന്ഥമായിരുന്നു. ബ്രിട്ടീഷ് സർക്കാർ ഇത് നിരോധിച്ചെങ്കിലും, മകൻ സയ്യിദ് ഫള്ൽ തങ്ങൾ ഇത് ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ച് വിതരണം ചെയ്‌തു. മമ്പുറം തങ്ങൾ, ചെറുമൂപ്പൻ, അത്തൻ കുരിക്കൾ, ചെമ്പൻ പോക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഉത്തേജനവും ഉപദേശവും നൽകി എന്ന് ബ്രിട്ടീഷുകാർ വിശ്വസിച്ചിരുന്നു. 1801-02, 1817, 1841-43 വർഷങ്ങളിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചെങ്കിലും ജനരോഷം ഭയന്ന് അവർ പിന്മാറുകയായിരുന്നു. 

1817-ൽ കളക്ടർ ജെയിംസ് വോഗൻ അദ്ദേഹത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ, തങ്ങൾ സായുധരായ ഒരു സംഘത്തോടൊപ്പം കളക്ടർ ഓഫീസിലെത്തി: "ഞാൻ ഒരിക്കലും സ്വമേധയാ നിങ്ങൾക്ക് മുന്നിൽ തലകുനിക്കില്ല; വേണമെങ്കിൽ ബലമായി നടപ്പാക്കാം"
​എന്ന ധീരമായ പ്രഖ്യാപനം നടത്തി, ഇത് മഹാനവർകൾക്ക് രാജ്യത്തോടുള്ള സ്നേഹത്തെ മനസ്സിലാക്കി തരുന്നതാണ്.  
​1841-ൽ മുട്ടിച്ചിറയിൽ ഇസ്‌ലാം സ്വീകരിച്ച താഴ്ന്ന ജാതിക്കാർക്കായി തങ്ങൾ പണിത പള്ളിയിൽ ആരാധന നടത്തുന്നത് ഉയർന്ന ജാതിക്കാർ തടഞ്ഞു. ഈ പ്രശ്‌നം വർഗീയ കലാപമായി വളരുന്നത് തടയാൻ അദ്ദേഹം ശ്രമിച്ചു, കാരണം അത് ബ്രിട്ടീഷുകാരുടെ ലക്ഷ്യങ്ങൾക്ക് സഹായകമാകുമായിരുന്നു. എന്നാൽ, ബ്രിട്ടീഷ് അധികാരികൾ ജന്മിക്കനുകൂലമായി നിലപാടടുക്കുകയും പള്ളി ആക്രമിക്കുകയും ചെയ്‌തപ്പോൾ 11 മുസ്‌ലിംകൾ രക്തസാക്ഷികളായി. 

ബ്രിട്ടീഷുകാർക്കെതിരെ നേരിട്ട് പോരാടാൻ തങ്ങൾക്ക് അവസരം ലഭിച്ചത് ചേറൂർ കലാപത്തിലാണ്. യുദ്ധത്തിൽ കാലിനേറ്റ മുറിവാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു. കുതിരപ്പുറത്ത് പച്ചത്തൊപ്പിയും തലപ്പാവുമണിഞ്ഞ് മുഖം മറച്ച് പ്രത്യക്ഷപ്പെട്ട അജ്ഞാത യോദ്ധാവ് മമ്പുറം തങ്ങളായിരുന്നുവെന്ന് കരുതപ്പെടുന്നു.
​മമ്പുറം തങ്ങൾ സാമൂഹിക, ആത്മീയ, അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. മമ്പുറം പള്ളിയുടെ അടുത്തുള്ള മാളിയേക്കൽ വസതിയിലേക്ക് അദ്ദേഹം താമസം മാറി. ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നിവിടങ്ങളിൽ നിരവധി പള്ളികൾ നിർമ്മിച്ചു. കൊടിഞ്ഞി പള്ളി, താനൂരിലെ വടക്കേ പള്ളി, എടവണ്ണ പള്ളികൾ എന്നിവ ഇതിൽ പ്രമുഖമാണ്.  
​തന്റെ സാമൂഹിക നിർമിതിക്ക് അദ്ദേഹം സ്വീകരിച്ച പ്രധാന രീതിശാസ്ത്രം, ദേശത്തെ ഉമറാക്കളെയും ജ്വാലികളെയും(ജന്മിമാരെയും) ചേർത്തുപിടിക്കുക എന്നതായിരുന്നു. അവരെ ആത്മീയമായി ശുദ്ധീകരിച്ച് തങ്ങളുമായി അടുപ്പത്തിലാക്കി. ഒരു ജന്മി തങ്ങളുടെ സ്വന്തക്കാരനാകുമ്പോൾ, ആ ദേശത്തെ കുടിയാന്മാരും മൊത്തം പ്രദേശവും തങ്ങളുടെ സ്വാധീനവലയത്തിൽ വരികയും, ഇത് മലബാറിന്റെ ഉൾപ്രദേശങ്ങളിൽ തങ്ങൾക്ക് പെട്ടെന്ന് സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തു. 


​തിരൂരിനെ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന വെട്ടത്ത് ഭരണാധികാരികളുടെ പ്രധാനമന്ത്രിമാരായിരുന്ന കൃഷ്‌ണമേനോനും ഗോവിന്ദമേനോനും ഇസ്‌ലാം സ്വീകരിച്ച് യഥാക്രമം മൊയ്തീൻ, മുഹമ്മദ് എന്നിങ്ങനെ പേര് സ്വീകരിക്കുകയും പിന്നീട് മൂപ്പന്മാർ എന്നറിയപ്പെടുകയും ചെയ്തു. തങ്ങൾ ഇവരെ ഗുണദോഷിക്കുകയും, ഈ ബന്ധം തങ്ങൾക്ക് ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകൾ, തിരൂർ മുതൽ ചേറ്റുവ വരെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വലിയ സ്വാധീനം നേടിക്കൊടുക്കുകയും ചെയ്‌തു. പള്ളി നിർമ്മാണത്തിനും ഇത് സ്വാതന്ത്ര്യം നൽകി.  
​കൊടിഞ്ഞിയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഒരു പള്ളി നിർമിക്കാൻ, തങ്ങൾ ചിറമംഗലത്തുനിന്ന് ഒരു ധനാഢ്യനായ ജന്മിയെ കൊടിഞ്ഞിയിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. ആ വീട്ടിലിരുന്നുകൊണ്ടാണ് കൊടിഞ്ഞിപ്പള്ളി പണിതത്.

Questions / Comments:



No comments yet.