ഇത്രയും കാലത്തെ ജീവിതം കൊണ്ട് മലപ്പുറത്ത് രണ്ടു തരം ആളുകളെയുള്ളൂ. നോമ്പെടുക്കുന്നവരും നോമ്പ് തുറപ്പിക്കുന്നവരും. ഒരു കൂട്ടർ നോമ്പെടുക്കുമ്പോൾ നോമ്പു തുറപ്പിക്കാൻ തയ്യാറായി മറ്റൊരു കൂട്ടർ കാത്തു നിൽക്കുന്നതിന്റെ സൗന്ദര്യം തന്നെയാണ് മലപ്പുറം.
വായിക്കാം:
അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേരള സ്റ്റോറി എന്ന പ്രോപഗണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രൈലർ ചർച്ചയാവുന്നതിനിടെയാണ് ഈ വർഷത്തെ റമളാൻ മാസം കടന്നു വന്നിരിക്കുന്നത്. ഇതിനെ ഒരു യാദൃശ്ചികതയായി കാണാം. കാരണം, സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം ഇത് രണ്ടും വർഗീയ പ്രചരണത്തിനുള്ള അവസരങ്ങളാണ്.
കേരളീയർക്ക് തങ്ങളുടെ ഐക്യം ഉദ്ഘോഷിക്കാൻ കൂടുതൽ അവസരം ലഭിക്കുന്ന കാലവും ഇതുതന്നെ. മുസ്‌ലിം അപരവത്കരണത്തിൽ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിക്കുന്ന സംഘപരിവാർ, നോമ്പുകാലമാകുന്നതോടെ വ്യാജ പ്രചാരണങ്ങളിൽ സജീവമാകും. അത് സോഷ്യൽ മീഡിയയിൽ നീണ്ട ചർച്ചകൾക്കും ചാനലുകളിലെ വാഗ്വാദങ്ങൾക്കും ഇടവരുത്തും. എന്നാൽ കേരളീയർ തങ്ങളുടെ സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനാണ് ഇക്കാലം ഉപയോഗപ്പെടുത്തുന്നത്. സ്വാഭാവികമായും തെറ്റായ പ്രചാരണങ്ങൾ നടക്കുമ്പോഴാണ് യാഥാർത്ഥ്യങ്ങൾ പുറത്തുവരുന്നതും കേരളത്തിൻ്റെ യഥാർത്ഥ ചിത്രം പുറംലോകം അറിയുന്നതും.
റമളാനിൽ ഇഫ്താറുകളും സൗഹൃദ സംഗമങ്ങളും മറ്റു മാസങ്ങളേക്കാളുപരിയായി നടക്കും. ഇതോടെ സംഘപരിവാരത്തിന് നിൽക്കപ്പൊറുതി ഇല്ലാതെയാവും.
എങ്കിലും, എത്ര തവണ പരാജയപ്പെട്ടാലും വ്യാജ പ്രചാരണങ്ങൾക്ക് ആവേശം കുറയാറില്ല; പൂർവ്വോപരി വർധിക്കും. കാരണം വളരെ ലളിതമാണ്. സംഘപരിവാർ അവരുടെ ലക്ഷ്യം പൂർത്തീകരിക്കുകയാണ് എന്നതാണത്. അവരുടെ ലക്ഷ്യം കേരളമല്ല. ദേശീയ രംഗത്തെ ചലനങ്ങളാണ്. അതിനുള്ള ഒരു ടൂൾ മാത്രമാണ് കേരളം. കേരളം എന്ന സംസ്ഥാനത്തെ തരം താഴ്ത്തുകയെന്നതാണ് ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് കേരളം കാഴ്ച വെക്കുന്ന നാനാതുറകളിലുള്ള വികസന മുന്നേറ്റങ്ങളെ കുറച്ചു കാണിക്കുകയെന്നതാണ് സംഘപരിവാറിൻ്റെ ദൗത്യം. ബജറ്റിൽ കേരളത്തെ അവഗണിച്ചത് അതിന്റെ ഭാഗമാണ്. പല കേന്ദ്ര ഫണ്ടുകളും കേരളത്തിന് ലഭിക്കാത്തതിന്റെ കാരണവും കേരളത്തിൽ സംഘപരിവാറിന്റെ ആയുധങ്ങൾ വിജയിക്കാത്തതിന്റെ പകയാണ്.
ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത ഇടമായി കേരളം മാറുന്നു എന്നാണ് ഈ പ്രചാരണത്തിലൂടെ സംഘപരിവാർ വിളിച്ചു കൂവുന്നത്. കേരളം ഭരിക്കുന്ന സി.പി.എമ്മിനെയും കോൺഗ്രസിനെയും
പ്രതിക്കൂട്ടിൽ നിർത്തി ഹിന്ദു വിരുദ്ധതയിൽ അവർക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർത്ത് കേരളത്തിലെ ഹിന്ദുക്കളുടെ ഒരേയൊരു രക്ഷകർ ബി. ജെ. പി യാണ് എന്ന ചിന്ത കുത്തിവെക്കുക. ശേഷം കേരളത്തിന്റെ ഭരണം പിടിക്കുക. ഇത്രയുമാണ് സംഘപരിവാറിന്റെ ലക്ഷ്യം.
ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയായ മതേതരത്വത്തിന്റെ ജ്വലിക്കുന്ന ഭൂമികയാണ് കേരളം എന്നത് തർക്കമില്ലാത്ത കാര്യമാണ്. മതേതരത്വം എന്ന ആശയം തന്നെ ഇഷ്ടപ്പെടാത്തതാണ് സംഘപരിവാരത്തിന്റെ ഈ കലിക്ക് പിറകിലെ കാരണം. അതിന് അപരവത്കരണം എന്ന ഫാസിസ്റ്റ് ആശയം തന്നെയാണ് ഇവിടെയും അവർ ഉപയോഗപ്പെടുത്തുന്നത്.
മലപ്പുറത്തെ പ്രത്യേകം ലക്ഷ്യമിടുന്നത് മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണ് എന്നതുകൊണ്ടാണ്. മലപ്പുറം മറ്റൊരു രാജ്യമാണ് എന്ന് കൂടെക്കൂടെ പറയുന്നവർ ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. പാകിസ്ഥാന്റെ മറ്റൊരു മോഡൽ ആണ് മലപ്പുറം എന്നുവരെ പറഞ്ഞവരുണ്ട്. മലപ്പുറത്തെ സ്ത്രീകൾ പന്നിപ്പേറ് നടത്തുകയാണ് എന്നായിരുന്നു മുമ്പ് ഉയർന്ന മറ്റൊരു വർഗീയ പരാമർശം. എല്ലാത്തിനെയും ചേർത്ത് വായിക്കുമ്പോൾ, വർഗീയതയുടെയും അപരവത്കരണത്തിന്റെയും കുൽസിത ശ്രമങ്ങളാണ് ഹിന്ദുത്വ ആശയം പേറുന്നവർ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്
എന്നാൽ യാഥാർത്ഥ്യം എന്താണ്?. മലപ്പുറത്ത് റമളാനിൽ ഇതര മതസ്ഥർക്ക് പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടോ?. നോമ്പു കാലത്ത് മലപ്പുറത്തു എത്ര പേര് പട്ടിണി കിടന്ന് മരണപ്പെട്ടു എന്ന ചോദ്യം കുറെ കാലമായി സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ പ്രചാരണത്തിനിടക്ക് ആ ചോദ്യത്തെ അഭിമുഖീകരിക്കാൻ സംഘപരിവാർ താല്പര്യപ്പെടുന്നില്ല. കാരണം നുണകൾ കൊണ്ടു കെട്ടിയുയർത്തിയ കോട്ടകൾക്ക് ചോദ്യത്തെ അഭിമുഖീകരിക്കാനുള്ള കെൽപ്പുണ്ടാവുകയില്ല.
എന്നാൽ കേരളം ഭയക്കേണ്ടത് ദേശീയ തലത്തിൽ സംഭവിക്കുന്ന പ്രചാരണങ്ങളെയാണ്. സമ്പൂർണമായി കാവിവത്ക്കരിക്കപ്പെട്ട മനസ്സും ശരീരവുമുള്ള സംസ്ഥാനങ്ങളിൽ കേരളവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾക്ക് വലിയ വിശ്വാസ്യത ലഭിക്കുന്നുണ്ട്. മലപ്പുറം എന്ന് കേൾക്കുമ്പോൾ സംഭവിക്കുന്ന ഭാവ വ്യത്യാസങ്ങളെക്കുറിച്ച് പലരും ഇതിനോടകം പറഞ്ഞു കഴിഞ്ഞു. മാധ്യമങ്ങളെ ഏതാണ്ട് തങ്ങളുടെ വരുതിയിലാക്കിയ സംഘപരിവാരത്തിന് നുണപ്രചാരണം നിഷ്പ്രയാസം സാധിക്കുന്നുമുണ്ട്.
മലപ്പുറത്തിന്റെ ചരിത്രമോ വർത്തമാനമോ ഈ പ്രചാരണത്തെ ശരിവെക്കാൻ ഉതകുന്നതല്ല. മതം നോക്കാതെ പരസ്പരം സഹകരിച്ചു ജീവിക്കുന്നതിന്റെ ദേശീയ മാതൃകയാണ് മലപ്പുറം. സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിന് മുമ്പേ 'വല്ലതും കഴിച്ചോ' എന്ന് ചോദിക്കുന്ന അപൂർവം നാടുകളിൽ ഒന്ന്. ഭക്ഷണത്തിനും സ്നേഹത്തിനും കണക്ക് പറയാത്ത സൽക്കാരത്തിന്റെ നാട്. ഇതൊക്കെ തന്നെയാണ് സംഘപരിവാരത്തിന് മലപ്പുറം ജില്ലയെ ഉന്നം വെക്കാൻ പ്രേരകമാവുന്ന ഘടകം. നുണ പല തവണ അവർത്തിച്ചാൽ സത്യമാക്കിയെടുക്കാം എന്ന ഗീബൽസിന്റെ സിദ്ധാന്തം തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് മുൻ ബി. ജെ. പി അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ വർഷം ഒരു വർഗീയ പരാമർശം നടത്തിയത്. "വ്രതമെടുക്കുന്ന മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ അനുഭവമാണ് എന്ന് കൂട്ടിച്ചേർത്തു കൊണ്ടാണ് ഇക്കാര്യം പറയുന്നത്. നുണയാണ് എന്നുറപ്പുള്ള കാര്യം സത്യമെന്ന നിലയിൽ വിളിച്ച് പറയുന്നതിൽ പ്രവർത്തിക്കുന്നത് ഗൂഡമായ അജണ്ട മാത്രമാണ്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ചില കടകൾ ഒരു മാസക്കാലം അടച്ചിടുന്ന പതിവുണ്ട് പലയിടത്തും. അത് കച്ചവടത്തിൽ വന്നേക്കാവുന്ന നഷ്ടത്തെ ഓർത്തു മാത്രമാണ്. എന്നാൽ ചെറിയ നഗരങ്ങളിൽ പോലും എപ്പോഴും ഭക്ഷണം ലഭിക്കുന്ന തരത്തിൽ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാറുണ്ട്. സംഘടിതമായി കടകൾ അടപ്പിക്കുകയോ അതിനുള്ള ആഹ്വാനം നടത്തുകയോ ചെയ്തതായി ഇത് വരെ മലപ്പുറത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, പൂർണമായും മത വിശ്വാസം അനുസരിച്ച് ജീവിക്കുകയും പണ്ഡിതരുടെ വാക്കുകൾ അതേപടി സ്വീകരിക്കുകയും ചെയ്യുന്ന മലപ്പുറത്തെ ജനത അത്തരം വർഗീയ ശ്രമങ്ങളെ വില വെക്കുകയില്ല. ബി. ജെ. പി നേതാവായ സി. കെ പത്മനാഭൻ ഇതിനെതിരെ ആഞ്ഞടിച്ചത് ഈയിടെയാണ്. കേരളത്തിന്റെ മനഃസാക്ഷിയെ കൂടി മുറിവേൽപ്പിക്കുന്നതാണ് ഇത്തരം പരാമർശങ്ങൾ. അത് കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതാണ്.
കേരളത്തിന്റെ പ്രിയ കവി ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ‘ഇസ്‌ലാമിന്റെ വന്മല’ എന്ന കവിതയിലെ വരികൾ നോക്കുക. 'നൂറ് ശതമാനം ഞാനൊരാര്യ -/ക്കൂറും കുടുമയുമുള്ള ഹിന്ദു /മാപ്പിളേ, നീയെന്നലവിയെങ്കിൽ -/ത്തോളിൽക്കയ്യിട്ടു നടന്നു കൊള്ളൂ /കാതു കുത്താതെ കഴിഞ്ഞു കൊള്ളൂ /
നൂറു ശതമാനം മുസ്‌ലിം ധർമ്മ-/ക്കൂറും പെരുമയും വച്ചു പോറ്റൂ /നമ്മൾക്കു മുമ്പോട്ടു മുന്നോട്ടു പോയ് /
നന്മയോ തിന്മയോ നേടാമൊപ്പം.'
ഇതാണ് കേരളത്തിന്റെ മതേതര പാരമ്പര്യം. ഇതിനെ തകർത്ത് ആധിപത്യം സ്ഥാപിക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ നിന്ന് ഉടലെടുക്കുന്നതാണ് സംഘപരിവാരത്തിന്റെ വിദ്വേഷത്തിന്റെ ഹേതു. ഇത്രയും കാലത്തെ ജീവിതം കൊണ്ട് മലപ്പുറത്ത് രണ്ടു തരം ആളുകളെയുള്ളൂ. നോമ്പെടുക്കുന്നവരും നോമ്പ് തുറപ്പിക്കുന്നവരും. ഒരു കൂട്ടർ നോമ്പെടുക്കുമ്പോൾ നോമ്പു തുറപ്പിക്കാൻ തയ്യാറായി മറ്റൊരു കൂട്ടർ കാത്തു നിൽക്കുന്നതിന്റെ സൗന്ദര്യം തന്നെയാണ് മലപ്പുറം. അതിനപ്പുറം മലപ്പുറം വർഗീയ വൽക്കരിക്കപ്പെടുകയില്ല എന്ന് തന്നെയാണ് പ്രതീക്ഷ.
19 March, 2026 03:45 am
Muhammed Zubair
നന്നായിട്ടുണ്ട് ????????