പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ഒരുമിച്ചു കൂട്ടും. ഉപ്പയുടെയും ഇക്കാക്കമാരുടെയും നേതൃത്വത്തിൽ സൂറത്തുൽ ഖദ്ർ മുപ്പത്തിയാറ് തവണ ഓതി വെള്ളത്തിൽ ഊതി, അത് പുതുവസ്ത്രങ്ങളിൽ കുടയും. ബാല്യത്തിൽ ഏറെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ഇത്.

വായിക്കാം:

വിശ്വാസി ഹൃദയങ്ങളിൽ നന്മയുടെ നനവു പടർത്തിയ വിശുദ്ധ റമളാൻ പര്യവസാനിച്ചു. ആത്മ പ്രകാശനത്തിന്റെയും, ചേർത്തു പിടിക്കലിന്റെയും ഈദ് വന്നണഞ്ഞു. ഈയൊരു സമയത്ത് മനസ്സിൽ തെളിയുന്നത് വന്ദ്യരായ ഉപ്പയുടെ (സയ്യിദ് അഹ്മദുൽ ബുഖാരി) പൂമുഖമാണ്. റമളാനിൽ കൈവരിച്ച ആത്മീയതക്ക് ഒട്ടും കുറവ് വരാതെയായിരുന്നു ഉപ്പയുടെ പെരുന്നാൾ ആഘോഷങ്ങൾ. എന്നാൽ ഏറ്റവും കൂടുതൽ പെരുന്നാൾ അനുഭവിച്ചതും ഉപ്പ തന്നെയായിരിക്കും. പെരുന്നാളിന്റെ തലേ രാത്രി ഉപ്പ പ്രാർത്ഥനാ നിരതനായിരിക്കും. ദുആക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളിൽ മഹാന്മാർ എണ്ണിയ സമയം കൂടിയാണല്ലോ അത്. അതിനായ് കുടുംബത്തിനുള്ള പെരുന്നാൾ പുടവകൾ നേരത്തെ തന്നെ വാങ്ങി വെക്കും. 

നല്ല സമയങ്ങളെയും, രാവുകളെയും അലക്ഷ്യമായി അങ്ങാടികളിൽ ചെലവഴിക്കരുതെന്ന നിർബന്ധ ബുദ്ധിയാണ് ഇതിനു പ്രേരിപ്പിച്ചിരുന്നത്. ശേഷം കുടുംബത്തോടൊപ്പം സന്തോഷം പങ്കു വെക്കും. കുട്ടികളെ സന്തോഷിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ഒരുമിച്ചു കൂട്ടും. ഉപ്പയുടെയും ഇക്കാക്കമാരുടെയും നേതൃത്വത്തിൽ സൂറത്തുൽ ഖദ്ർ മുപ്പത്തിയാറ് തവണ ഓതി വെള്ളത്തിൽ ഊതി, അത് പുതുവസ്ത്രങ്ങളിൽ കുടയും. ബാല്യത്തിൽ ഏറെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ഇത്. കാലങ്ങൾക്കിപ്പുറമാണ് അതിന്റെ രഹസ്യവും മഹാന്മാരുടെ ഉദ്ധരണികളും കാണാനിടയായത്. ആ സമയത്താണ് മക്കളെ വളർത്തുന്നതിൽ ഉപ്പ കാണിച്ച ജാഗ്രതയും ശ്രദ്ധയും കൂടുതൽ ബോധ്യമാകുന്നത്. മക്കളെ എങ്ങനെ വളർത്തണം എന്നതിന് ഉപ്പ തന്നെ വലിയൊരു പാഠപുസ്തകമായിരുന്നു.

പെരുന്നാളിലെ മറ്റൊരു പ്രധാന കർമമാണ് സമൂഹ സിയാറത്ത്. ഉപ്പയോടും ഇക്കാക്കമാരോടും കൂടെ കടലുണ്ടി സാദാത്ത് മഖാമിൽ ഒത്തുചേരും. യാസീൻ ഓതി സിയാറത്ത് നിർവഹിക്കും. ആഘോഷ ദിനങ്ങളിൽ നമ്മുടേതായവരെ മറക്കരുതെന്ന സ്നേഹസ്മരണയായിരുന്നു ഇത്. ഉപ്പയുടെ വഫാത്തിന് ശേഷവും ഈ പതിവ് തുടർന്നു. തുടർന്ന് ഇക്കാക്ക ഉമറുൽ ഫാറൂഖ് അൽ ബുഖാരിയാണ് സിയാറത്തിന് നേതൃത്വം നൽകിയത്. ഇക്കാക്കയുടെ പൊട്ടിക്കരഞ്ഞുള്ള കരമുയർത്തൽ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.

അപരരെ ആശ്വസിപ്പിച്ചു കൊണ്ടായിരുന്നു ഉപ്പ പെരുന്നാൾ മനോഹരമാക്കിയത്. ഇല്ലാത്തവർക്ക് നൽകി, ആശ്വാസ വാക്കുകൾ പറഞ്ഞു, എല്ലാവരെയും ചേർത്തുപിടിച്ചു.
പുതിയ കാലത്ത് പെരുന്നാൾ ആഘോഷിക്കുന്ന നമുക്ക് ഇതിൽ നിന്ന് അനവധി പാഠങ്ങൾ പകർത്താനുണ്ട്. അയൽപക്കങ്ങളിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന ജാഗ്രതയിലായിരിക്കണം നമ്മുടെ ആഘോഷങ്ങൾ ഉണ്ടാകേണ്ടത്. ഒപ്പം വിദേശ രാജ്യങ്ങളിലെ സഹോദരങ്ങൾക്കായി റബ്ബിനോട് തേടുകയും വേണം. എന്നാൽ മാത്രമേ നമ്മുടെ പെരുന്നാൾ സാർത്ഥകവും, സമ്പൂർണവുമാവൂകയുള്ളു.

Questions / Comments:



No comments yet.