എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ അധികാരത്തിലാണെന്ന് ഹൃദയം കൊണ്ട് തിരിച്ചറിയലാണ് അല്ലാഹുവിലുള്ള തവക്കുലിന്റെ അടിസ്ഥാനം. ഉപകാരപ്രദമായതും ഉപദ്രവകരമായതും ദുഃഖിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. സൃഷ്ടികൾ മുഴുവൻ ഒന്നിച്ചുചേർന്ന് നിങ്ങൾക്ക് വല്ല ഉപകാരവും ചെയ്യാൻ ഉദ്ദേശിച്ചാലും, അല്ലാഹു നിങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല.
വായിക്കാം:
ആരെങ്കിലും അല്ലാഹുവിൽ ഭരമേൽപ്പിച്ചാൽ അവന് അല്ലാഹു തന്നെ മതിയായവനാണ്; അവൻ അവരെ ധന്യരാക്കുകയും സംരക്ഷിക്കുകയും ചെയ്യും.
അല്ലാഹു പറയുന്നു: "ആരെങ്കിലും അല്ലാഹുവിൽ ഭരമേൽപ്പിച്ചാൽ അവന് അല്ലാഹു തന്നെ മതി". തവക്കുൽ എന്നത് യഥാർത്ഥ ഏകദൈവ വിശ്വാസത്തിന്റെ ഫലങ്ങളിലൊന്നാണ്. തൗഹീദ് ഹൃദയത്തിൽ ഉറച്ചുനിൽക്കുകയും അതിനെ പൂർണമായി കീഴടക്കുകയും ചെയ്യുമ്പോഴാണ് തവക്കുൽ ഉരുത്തിരിയുന്നത്.”
അല്ലാഹു പറയുന്നു: "അവൻ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നാഥനാണ്. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാൽ അവനെ നീ ഭരമേൽപ്പിക്കുന്നവനായി സ്വീകരിക്കുക".
നോക്കൂ, അവൻ ആദ്യം തന്റെ രക്ഷിതാവ് എന്ന ഭാവം(റുബൂബിയ്യത്ത്) സ്ഥിരീകരിച്ചു, തുടർന്ന് തന്റെ ഏകദൈവത്വം(ഇലാഹിയ്യത്ത്) സ്ഥിരീകരിച്ചു. അതിനുശേഷമാണ് അവൻ നമ്മോട് അവനിൽ ഭരമേൽപ്പിക്കാൻ കൽപ്പിക്കുന്നത്. അതിനാൽ, ഇത് ഉപേക്ഷിക്കാൻ സൃഷ്ടികൾക്ക് യാതൊരു നിർവാഹവുമില്ല.
അല്ലാഹു തന്റെ അടിമകളോട് അവനിൽ ഭരമേൽപ്പിക്കാൻ കൽപ്പിക്കുകയും അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അല്ലാഹു പറയുന്നു: "സത്യവിശ്വാസികൾ അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കട്ടെ".
അവൻ വീണ്ടും പറയുന്നു: "അതിനാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുക, തീർച്ചയായും അല്ലാഹു അവനിൽ ഭരമേൽപ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു".
നബി(സ) പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൽ വേണ്ടവിധം ഭരമേൽപ്പിക്കുകയാണെങ്കിൽ, പക്ഷികൾക്ക് അന്നം നൽകുന്നതുപോലെ അവൻ നിങ്ങൾക്കും അന്നം നൽകും. അവ രാവിലെ ഒഴിഞ്ഞ വയറോടെ പോവുകയും വൈകുന്നേരം വയറുനിറഞ്ഞ് മടങ്ങുകയും ചെയ്യുന്നു".
എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ അധികാരത്തിലാണെന്ന് ഹൃദയം കൊണ്ട് തിരിച്ചറിയലാണ് അല്ലാഹുവിലുള്ള തവക്കുലിന്റെ അടിസ്ഥാനം. ഉപകാരപ്രദമായതും ഉപദ്രവകരമായതും, ദുഃഖിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. സൃഷ്ടികൾ മുഴുവൻ ഒന്നിച്ചുചേർന്ന് നിങ്ങൾക്ക് വല്ല ഉപകാരവും ചെയ്യാൻ ഉദ്ദേശിച്ചാലും, അല്ലാഹു നിങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല. ഇനി അവർ നിങ്ങൾക്ക് വല്ല ഉപദ്രവവും ചെയ്യാൻ ഉദ്ദേശിച്ചാലും, അല്ലാഹു നിങ്ങൾക്കെതിരെ രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല.
തവക്കുൽ ശരിയാകുന്നതിനുള്ള ഉപാധി, നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുക എന്നതാണ്. അവൻ നിരോധിച്ച കാര്യങ്ങൾ വെടിയുകയും, അവൻ കൽപ്പിച്ച കാര്യങ്ങൾ പ്രവർത്തിക്കുകയും വേണം. ഇവയിലെല്ലാം അല്ലാഹുവിനെ ആശ്രയിക്കുകയും അവനോട് സഹായം തേടുകയും, കാര്യങ്ങളെല്ലാം അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ യഥാർത്ഥ ആശ്രയം അല്ലാഹുവിൽ മാത്രമാണെങ്കിൽ, ഭൗതികമായ മാർഗങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ തവക്കുലിനെ ഒരിക്കലും ബാധിക്കുകയില്ല.
അതെ, ഒരാളുടെ തവക്കുൽ സത്യസന്ധമാകുമ്പോൾ ഭൗതിക കാര്യങ്ങളോടുള്ള അവൻ്റെ ആഭിമുഖ്യം കുറയുന്നു. എന്നാൽ ഭൗതിക മാർഗങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്നത് എല്ലാവർക്കും പ്രശംസനീയമല്ല. അല്ലാഹുവിലേക്കുള്ള ശ്രദ്ധ എപ്പോഴും നിലനിർത്തുകയും, അല്ലാഹു അല്ലാത്തവരിലേക്കുള്ള നോട്ടത്തിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുകയും, താൻ സംരക്ഷിക്കേണ്ട ആശ്രിതരുടെ കാര്യങ്ങൾ അവഗണിക്കാത്തവർക്കും മാത്രമേ അത് അഭികാമ്യമാകൂ. നബി(സ) പറഞ്ഞു: "ഒരാൾ താൻ സംരക്ഷിക്കേണ്ടവരെ അവഗണിക്കുന്നത് തന്നെ അവന് പാപമായി ഭവിക്കാൻ മതിയായതാണ്".
ഭാവിക്കായി സമ്പാദിച്ചുവെക്കുന്നതും രോഗങ്ങൾക്ക് ചികിത്സ തേടുന്നതും യഥാർത്ഥ തവക്കുലിനെ ബാധിക്കുകയില്ല.
സമ്പന്നനാക്കുന്നവനും ഉപകാരം ചെയ്യുന്നവനും ഉപദ്രവം തടയുന്നവനും അല്ലാഹു മാത്രമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവർക്ക് ഇത് ബാധകമാണ്. നബി(സ) തന്റെ കുടുംബത്തിന് വേണ്ടി സമ്പാദിച്ചുവെച്ചിട്ടുണ്ട്; അത് അനുവദനീയമാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. എന്നാൽ അവിടുന്ന് സ്വന്തത്തിന് വേണ്ടി നാളേക്കായി ഒന്നും നീക്കിവെച്ചിരുന്നില്ല. മറ്റാരെങ്കിലും അവിടുത്തേക്ക് വേണ്ടി എന്തെങ്കിലും മാറ്റിവെച്ചാൽ അതറിയുമ്പോൾ അവിടുന്ന് അതിനെ വിലക്കുമായിരുന്നു. വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിക്കുന്ന തന്റെ സമുദായത്തിലെ എഴുപതിനായിരം പേരെക്കുറിച്ച് നബി(സ)യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "അവർ മന്ത്രിച്ചോ, തീ കൊണ്ട് ചൂടുവെച്ചോ പോലും ചികിത്സിക്കാൻ തയ്യാറാവാത്തവരും, ശകുനം നോക്കാത്തവരും, മറിച്ച് അവർ തങ്ങളുടെ രക്ഷിതാവിൽ പൂർണമായി ആശ്രയിക്കുന്നവരുമാണ്".
സത്യസന്ധമായി തവക്കുൽ ചെയ്യുന്നവന്റെ മൂന്ന് അടയാളങ്ങൾ
ഒന്ന്: അല്ലാഹുവിനെയല്ലാതെ മറ്റാരെയും പ്രതീക്ഷിക്കാതിരിക്കുകയും, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുക. ഇതിന്റെ ലക്ഷണം, സാധാരണയായി ആളുകൾ ഭയപ്പെടുകയും പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികളെയും രാജാക്കന്മാരെയും പോലെയുള്ള സൃഷ്ടികളുടെ മുന്നിൽ സത്യം തുറന്നുപറയാൻ മടിക്കാതിരിക്കുക എന്നതാണ്.
രണ്ട്: ഉപജീവനത്തെക്കുറിച്ചുള്ള ആവലാതി ഹൃദയത്തിൽ പ്രവേശിക്കാതിരിക്കുക. കാരണം, അല്ലാഹു നൽകിയ ഉറപ്പിൽ അവന് പൂർണ വിശ്വാസമുണ്ടാകും. തനിക്ക് ആവശ്യമുള്ളത് നഷ്ടപ്പെടുമ്പോഴും അവന്റെ ഹൃദയം ശാന്തമായിരിക്കും; അത് ലഭിക്കുമ്പോൾ എത്രത്തോളം ശാന്തമാണോ അത്രത്തോളം, അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ശാന്തമായിരിക്കും.
മൂന്ന്: ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിൽ അവന്റെ ഹൃദയം പതറുകയില്ല. കാരണം, അവന് തെറ്റിപ്പോയതൊന്നും അവനെ ബാധിക്കാനുള്ളതായിരുന്നില്ലെന്നും, അവനെ ബാധിച്ചതൊന്നും അവന് തെറ്റിപ്പോകാനുള്ളതായിരുന്നില്ലെന്നും അവന് പൂർണ ബോധ്യമുണ്ടാകും.
ഇതിനൊരു ഉദാഹരണമാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)വിനെ കുറിച്ചുള്ള ഒരു സംഭവം. അദ്ദേഹം ഒരിക്കൽ വിധിയെക്കുറിച്ച്(ഖദ്ർ) സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ വലിയൊരു പാമ്പ് അദ്ദേഹത്തിന്റെ മേൽ വീണു. സദസ്സിലുണ്ടായിരുന്നവരെല്ലാം ഭയന്ന് വിറച്ചു. എന്നാൽ ആ പാമ്പ് ശൈഖിന്റെ കഴുത്തിൽ ചുറ്റുകയും, അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ ഒരു കൈയിലൂടെ കയറി മറ്റേ കൈയിലൂടെ പുറത്തുപോവുകയും ചെയ്തു. എന്നിട്ടും ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) അല്പം പോലും പതറാതെ ഉറച്ചുനിൽക്കുകയും, തന്റെ സംസാരം മുറിക്കാതെ തുടരുകയും ചെയ്തു.
മറ്റൊരു പണ്ഡിതനെ ഒരു സിംഹത്തിന് ഇരയായി എറിഞ്ഞുകൊടുത്ത സംഭവം പറയപ്പെട്ടിട്ടുണ്ട്. എന്നാൽ സിംഹം അദ്ദേഹത്തെ ഉപദ്രവിച്ചില്ല. സിംഹത്തിന്റെ അടുത്തേക്ക് എറിയപ്പെട്ട ആ ഭയാനകമായ നിമിഷത്തിൽ താങ്കൾ എന്തായിരുന്നു ചിന്തിച്ചിരുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു: "ക്രൂരമൃഗങ്ങൾ കുടിച്ചതിന്റെ ബാക്കി സംബന്ധിച്ചുള്ള കർമ്മശാസ്ത്ര വിധികൾ എന്താണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്".
ഹസ്ബുനല്ലാഹ്!