അല്ലാഹു നിനക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നീ അവനോട് നന്ദി കാണിക്കേണ്ടതുണ്ട്. നിന്റെ ബാഹ്യവും ആന്തരികവുമായ, നിന്റെ മതപരവും ഭൗതികവുമായ ഏതൊരു അനുഗ്രഹവും അല്ലാഹുവിങ്കൽ നിന്നുള്ളത് മാത്രമാണ്. അല്ലാഹു പറയുന്നു: "നിങ്ങളിലുള്ള ഏത് അനുഗ്രഹവും അല്ലാഹുവിങ്കൽ നിന്നുള്ളതാണ്".
എണ്ണാനും തിട്ടപ്പെടുത്താനും കഴിയാത്തത്ര അനുഗ്രഹങ്ങൾ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. അവയ്ക്ക് നന്ദി കാണിക്കുന്ന കാര്യം പറയേണ്ടതില്ലല്ലോ. അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കത് തിട്ടപ്പെടുത്താനാവില്ല".
ഏകദൈവവിശ്വാസിയായ ദരിദ്രനും രോഗിയുമായ ഒരാൾ പോലും തനിക്ക് അല്ലാഹു നൽകിയിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ആ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുന്നതിൽ നിരന്തരം വ്യാപൃതനാവുന്നത് കാരണം ക്ഷമയോടെ രോഗക്ലേശങ്ങൾ സഹിക്കുന്ന കാര്യം പോലും അവൻ മറന്നുപോയേക്കാം.
അതിനാൽ, നിൻ്റെ നാഥനോട് നന്ദി കാണിക്കാൻ നീ പരിശ്രമിക്കുക.
അവനോട് കാണിക്കേണ്ട നന്ദി പൂർണമായി നിർവഹിക്കാൻ എനിക്ക് സാധിക്കുന്നില്ലല്ലോ എന്ന നിസഹായാവസ്ഥയെ വിനയത്തോടെ സമ്മതിക്കുകയും ചെയ്യുക.
നന്ദി പ്രകടിപ്പിക്കുക എന്നത് നിലവിലുള്ള അനുഗ്രഹങ്ങൾ നിലനിർത്താനുള്ള കാരണവും, നഷ്ടപ്പെട്ട അനുഗ്രഹങ്ങൾ നേടിയെടുക്കാനുള്ള മാർഗവുമാണ്. അല്ലാഹു പറയുന്നു: "നിങ്ങൾ നന്ദി കാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് വർധിപ്പിച്ചു നൽകും".
അല്ലാഹു അത്യന്തം ഉദാരനാണ്; അവനോട് നന്ദി കാണിക്കുന്ന ഒരാളിൽ നിന്ന് തന്റെ അനുഗ്രഹങ്ങൾ പിൻവലിക്കുന്നവനല്ല. അവൻ പറയുന്നു: "ഒരു ജനത തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നത് വരെ അഥവാ, നന്ദി കാണിക്കുന്നത് ഒഴിവാക്കുന്നത് വരെ, അല്ലാഹു അവർക്ക് നൽകിയ അനുഗ്രഹം മാറ്റുകയില്ല എന്നതിനാലാണത്."
ഖുർആനിൽ പലയിടങ്ങളിലായി അല്ലാഹു തൻ്റെ അടിമകളോട് നന്ദി കാണിക്കാൻ കൽപ്പിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു: "നാം നിങ്ങൾക്ക് നൽകിയ വിശിഷ്ടമായ വിഭവങ്ങളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, അല്ലാഹുവിന് നിങ്ങൾ നന്ദി കാണിക്കുകയും ചെയ്യുക; നിങ്ങൾ അവനെ മാത്രമാണ് ആരാധിക്കുന്നതെങ്കിൽ". മറ്റൊരിടത്ത് പറയുന്നു: "നിങ്ങളുടെ നാഥൻ നൽകിയ ഉപജീവനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുക".
നബി(സ) പറഞ്ഞു: "നിങ്ങളിലോരോരുത്തരും അല്ലാഹുവിനെ സ്മരിക്കുന്ന നാവും നന്ദിയുള്ള ഹൃദയവും സ്വന്തമാക്കട്ടെ. "നബി(സ) വീണ്ടും പറഞ്ഞു: "ഈമാൻ രണ്ട് പകുതികളാണ്; ഒരു പകുതി ക്ഷമയും മറുപകുതി നന്ദിയുമാണ്".
അറിവ്, ആരോഗ്യം തുടങ്ങിയ നിനക്ക് മാത്രമുള്ള പ്രത്യേക അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടത് എങ്ങനെ നിനക്ക് നിർബന്ധമാണോ, അതുപോലെ തന്നെ പ്രവാചകന്മാരെ അയച്ചതിനും, വേദഗ്രന്ഥങ്ങൾ ഇറക്കിയതിനും, ആകാശത്തെ ഉയർത്തിയതിനും, ഭൂമിയെ വിതാനിച്ചതിനും തുടങ്ങിയ പൊതുവായ അനുഗ്രഹങ്ങൾക്കും നീ അവനോട് നന്ദി കാണിക്കേണ്ടതുണ്ട്.
അനുഗ്രഹങ്ങൾ അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നും, അവയിലൊന്നും തന്റെ കഴിവും ശക്തിയും കൊണ്ടല്ല, മറിച്ച് അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടുമാത്രമാണ് ലഭിച്ചതെന്നും ഹൃദയം കൊണ്ട് തിരിച്ചറിയുക എന്നതാണ് നന്ദിയുടെ അടിസ്ഥാനം.
അല്ലാഹു നിനക്ക് നൽകിയ ഓരോ അനുഗ്രഹങ്ങൾ കൊണ്ടും അവനെ അനുസരിക്കുക എന്നതാണ് നന്ദിയുടെ പൂർണത. ആ അനുഗ്രഹങ്ങൾ ഉപയോഗിച്ച് നീ അവനെ അനുസരിച്ചില്ലെങ്കിൽ, അതിനോടുള്ള നന്ദി നീ ഉപേക്ഷിച്ചു. ഇനി അവ ഉപയോഗിച്ച് നീ അവനോട് ധിക്കാരം കാണിച്ചാൽ നീ നന്ദികേടിലാണ് അകപ്പെട്ടത്. അത്തരം സാഹചര്യത്തിൽ അനുഗ്രഹങ്ങൾ ശിക്ഷകളായി മാറും. അല്ലാഹുവിനെ ധിക്കരിച്ചിട്ടും ഒരാളിൽ അനുഗ്രഹങ്ങൾ ബാക്കിയുണ്ടെങ്കിൽ അത് അല്ലാഹു നൽകുന്ന ഒരു അവധി മാത്രമാണ്.
അല്ലാഹു പറയുന്നു: "അവർ അറിയാത്ത വിധത്തിൽ നാം അവർക്ക് പടിപടിയായി പിടുത്തമൊരുക്കും". മറ്റൊരിടത്ത് അവൻ പറയുന്നു: "പാപം വർധിപ്പിക്കാൻ വേണ്ടി മാത്രമാണ് നാം അവർക്ക് സമയം നീട്ടിക്കൊടുക്കുന്നത്."
ഹദീസിൽ ഇപ്രകാരം കാണാം: "തീർച്ചയായും അല്ലാഹു അക്രമികൾക്ക് അവധി നീട്ടിക്കൊടുക്കും. അങ്ങനെ അവരെ പിടികൂടിയാൽ പിന്നെ അവരെ രക്ഷപ്പെടാൻ അനുവദിക്കുകയില്ല".
നന്ദി പ്രകടിപ്പിക്കുന്നതിന്റെ ചില രൂപങ്ങൾ:
അല്ലാഹുവിനെ ധാരാളമായി പ്രകീർത്തിക്കുന്നതും, അല്ലാഹുവിലേക്കുള്ള സാമീപ്യം നേടാനുള്ള ഒരു മാർഗമെന്ന നിലയിലോ അല്ലെങ്കിൽ തൻ്റെ ദാസനോടുള്ള അല്ലാഹുവിൻ്റെ കരുതലിനെ സൂചിപ്പിക്കുന്ന ഒന്നെന്ന നിലയിലോ അനുഗ്രഹങ്ങളിൽ സന്തോഷിക്കുന്നതും നന്ദിയുടെ ഭാഗമാണ്. അനുഗ്രഹങ്ങൾ ചെറുതാണെങ്കിൽ പോലും അവയെ വലുതായി കാണുക എന്നതും നന്ദിയുടെ ഭാഗമാണ്. അല്ലാഹു തൻ്റെ ചില പ്രവാചകന്മാരോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു: "ഞാൻ നിനക്കൊരു കേടുവന്ന ധാന്യമണി നൽകിയാൽ പോലും, അതിലൂടെ ഞാൻ നിന്നെ ഓർത്തു എന്ന് നീ മനസ്സിലാക്കുകയും അതിനാൽ നീ എന്നോട് നന്ദി കാണിക്കുകയും ചെയ്യുക."
മതപരമായ കാര്യങ്ങളിൽ ആത്മപ്രശംസയാണെന്ന് തോന്നിക്കുന്നതിലേക്കോ ഭൗതിക കാര്യങ്ങളിൽ അഹങ്കരിക്കുന്നതിലേക്കോ നീങ്ങാതെയുള്ള, അനുഗ്രഹങ്ങളെക്കുറിച്ചുള്ള സംസാരവും നന്ദിയുടെ ഭാഗമാണ്.
കർമങ്ങളുടെ ഫലം നിയ്യത്തുകളെ അടിസ്ഥാനമാക്കിയാണ്. എല്ലാ അവസ്ഥകളിലും മുൻഗാമികളായ സജ്ജനങ്ങളെ പിൻപറ്റുന്നതിലാണ് മുഴുവൻ നന്മയുമുള്ളത്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ!