ഈ ദിനം തക്ബീർ ചെല്ലുന്നതിന് ചില രഹസ്യങ്ങളും നേട്ടങ്ങളും ഉണ്ട്. വിശുദ്ധ ഖുർആനിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന നേരിട്ടുള്ള കാരണം, നോമ്പ് പൂർത്തിയാക്കാനും മതത്തിന്റെ നിയമങ്ങൾ മനസ്സിലാക്കാനും ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുക എന്നതാണ്
വായിക്കാം:
ഒന്നാമതായി, തക്ബീറിൻ്റെ അർത്ഥം രാജാക്കന്മാർ, നേതാക്കൾ, പ്രഭുക്കന്മാർ തുടങ്ങിയ മഹത്തരമായ എല്ലാറ്റിനേക്കാളും അല്ലാഹു വലിയവനാണെന്നാണല്ലോ. അല്ലാഹു ഏറ്റവും വലിയവനാണ് എന്ന വാക്യത്തിൽ അല്ലാഹുവിന്റെ പരമോന്നത മഹത്വം അടയാളപ്പെടുത്തപ്പെടുന്നു. അല്ലാഹുവിന്റെ ഏകത്വത്തിന്റെ ഒരു രൂപകമായിട്ടാണ് ഇത് പ്രയോഗിക്കപ്പെടുന്നത്. കാരണം, ശ്രേഷ്ഠത അഥവാ മഹത്വം മറ്റുള്ളവയുടെ അപൂർണതയെ സൂചിപ്പിക്കുന്നുണ്ട്. അപൂർണമായതൊന്നും ദൈവികതയ്ക്ക് യോഗ്യവുമല്ല. ആകയാൽ ദൈവമായി അല്ലാഹു മാത്രമേയുള്ളൂ എന്ന സത്യത്തെ തക്ബീർ ഉൾവഹിക്കുന്നുണ്ട്. ബഹുദൈവാരാധകർ ഭക്ഷണം കഴിച്ചും രക്തം പുരട്ടിയും ദൈവങ്ങളോട് പ്രീതി കാണിച്ചിരുന്നു. അതിനാൽ പെരുന്നാൾ ദിനത്തിലെ ‘അല്ലാഹു അക്ബർ’ എന്ന വാക്യം ഉപവാസത്തിലൂടെയാണ് അല്ലാഹു ആരാധിക്കപ്പെടുന്നത് അഥവാ ആരാധിക്കപ്പെടേണ്ടത് എന്നും അവൻ വിഗ്രഹങ്ങളിലോ പ്രതിമകളിലോ കുടിയിരിക്കുന്നില്ല എന്നും സൂചിപ്പിക്കുന്നു.
ഈ ദിനം തക്ബീർ ചെല്ലുന്നതിന് ചില രഹസ്യങ്ങളും നേട്ടങ്ങളും ഉണ്ട്. വിശുദ്ധ ഖുർആനിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന നേരിട്ടുള്ള കാരണം, നോമ്പ് പൂർത്തിയാക്കാനും മതത്തിന്റെ നിയമങ്ങൾ മനസ്സിലാക്കാനും ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുക എന്നതാണ്. "നിങ്ങൾ നിശ്ചിത കാലയളവ് പൂർത്തിയാക്കണമെന്നും അവൻ നിങ്ങളെ സത്യത്തിലേക്ക് നയിച്ചതിന് അല്ലാഹുവെ മഹത്വപ്പെടുത്തണമെന്നും നിങ്ങൾ അനുഗ്രഹിക്കപ്പെടുമെന്നും അവൻ ആഗ്രഹിക്കുന്നു"(അൽബഖറ:185).
ഇവിടെ തക്ബീർ ഒരു സമാപന മര്യാദയാണ്. മാസം മുഴുവൻ ഉപവസിക്കാനും പ്രാർത്ഥിക്കാനും അല്ലാഹു മനുഷ്യരെ പ്രാപ്തരാക്കി. ശേഷം, ഈ അനുഗ്രഹം അവനിൽ നിന്നുള്ളതാണെന്നും നമ്മുടെ സ്വന്തം പരിശ്രമത്തിൽ നിന്നല്ല എന്നും ഏറ്റുപറഞ്ഞ് സമ്മതിക്കുക എന്നതാണ് ഇതിനർത്ഥം. ഒരു മാസത്തെ നേട്ടങ്ങൾക്കും ആരാധനകൾക്കും ശേഷം, അഹങ്കാരമോ ആത്മാഭിമാനമോ ഉള്ളിൽ കടന്നുവന്നേക്കാം. തക്ബീർ അത് തകർത്തുടച്ചുകളയുന്നു. തക്ബീർ ചൊല്ലുന്നത് ഇങ്ങനെ പ്രഖ്യാപിക്കുന്നതു പോലെയാണ്; ദൈവം എന്റെ ഉപവാസത്തേക്കാളും എന്റെ അനുസരണത്തേക്കാളും എന്റെ എല്ലാ സന്തോഷത്തേക്കാളും വലുതാണ്. ഇത് ഹൃദയത്തിന്റെ ഒരു തിരിച്ചറിവാണ്. മഹത്വം ദൈവത്തിന് മാത്രമാണെന്നും ദാസൻ തന്റെ ആവശ്യത്താലും തന്റെ നാഥനെ ആശ്രയിക്കുന്നതിനാലും ഏറ്റവും ചെറുതാണെന്നും തക്ബീർ നമ്മെ ഓർമിപ്പിക്കുന്നു. റമളാനിൽ, ഒരു വ്യക്തി ജൈവശാസ്ത്രപരമായ ആവശ്യങ്ങളുടെ പിടിവിടുന്ന പരിത്യാഗം അനുഷ്ഠിക്കുന്നു. അങ്ങനെ പെരുന്നാൾ സമയത്ത് ദൈവം അവരുടെ ആഗ്രഹങ്ങളെക്കാളും ജഡിക നിയന്ത്രണങ്ങളെക്കാളും വലുതാണ് എന്ന് പ്രഖ്യാപിക്കുന്നു. ഒരർത്ഥത്തിൽ, സ്വാഭാവിക സഹജവാസനയുടെ മേൽ മനുഷ്യന്റെ ഇച്ഛാശക്തിയുടെയും ധാർമിക സ്വാതന്ത്ര്യത്തിന്റെയും വിജയത്തിലുള്ള സന്തോഷ പ്രഖ്യാപനമാണിത്. സന്തോഷത്തിന്റെ യഥാർത്ഥ ഉറവിടം ക്ഷണികമായ ആനന്ദങ്ങളല്ല. മറിച്ച്, ഹിദായത്താണെന്ന് അംഗീകരിക്കുന്നതാണ് ഈ മഹത്വീകരണം. തക്ബീർ ശരിയായ പാത ഗ്രഹിക്കാൻ കഴിഞ്ഞ ബുദ്ധിയുടെയും ആത്മാവിന്റെയും ആഘോഷവാചകമത്രെ.
തെരുവുകളിലും പള്ളികളിലും ഉച്ചത്തിൽ തക്ബീർ ചൊല്ലുന്നു. ഐക്യത്തിന്റെ ആത്മാവ് പ്രചരിപ്പിക്കപ്പെടുന്നു. എല്ലാവരും ഒരേ വാക്കുകൾ ആവർത്തിക്കുമ്പോൾ, സമൂഹം ബന്ധപ്പെട്ടിരിക്കുന്നുവെന്നത് തോന്നിപ്പിക്കുന്നു. ഇസ്‌ലാമിൻ്റെ മുദ്രാവാക്യം ഉച്ചത്തിൽ പ്രകടിപ്പിക്കപ്പെടുന്നു. തക്ബീർ മുസ്‌ലിമിന് അവന്റെ മതത്തിൽ അന്തസ്സും ലോകത്തിന് മുന്നിൽ അവന്റെ സ്വത്വത്തിൽ അഭിമാനവും നൽകുന്നു. കൂട്ടായ തക്ബീറിന്റെ ശബ്ദം ആത്മാവിൽ ഒരു പ്രത്യേക സ്വാധീനം ചെലുത്തുന്നു. അത് ദുഃഖം അകറ്റുകയും ശാന്തിയും സമാധാനവും പകരുകയും ചെയ്യുന്നു. കൂടാതെ ഏകദൈവ വിശ്വാസത്തിന്റെ വചനത്തിൽ ഐക്യപ്പെട്ട ഒരു ജനതയുടെ ഭാഗമാണെന്ന് താനെന്ന ബോധം അത് ഒരോ മുസ്‌ലിമിലും ജനിപ്പിക്കുന്നു.
മനഃശാസ്ത്രപരവും ചിന്താപരവുമായ ചില അർത്ഥങ്ങൾ കൂടി തക്ബീറിനു പിന്നിലുണ്ട്.
ആരാധനയിൽ നിന്ന് സന്തോഷത്തിലേക്കുള്ള സുഗമവും നേരായതുമായ മാറ്റം എന്നതാണത്. തക്ബീർ നോമ്പിന്റെ ഗൗരവത്തെയും ഈദിന്റെ സന്തോഷത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. സന്തോഷാധിക്യത്തിൽ മതിമറന്നു പോകാതെ നമ്മെ സന്തുലിതപ്പെടുത്തുന്ന താക്കോൽ വാചകമായി തക്ബീർ മാറുന്നു. യഥാർത്ഥ സന്തോഷം അല്ലാഹുവിനെക്കൊണ്ടാണ് ഉണ്ടാകേണ്ടത്. ഇസ്‌ലാമിലെ ഈദ് വെറും ലൗകിക സന്തോഷമല്ല, മറിച്ച് അല്ലാഹുവിലുള്ള സന്തോഷമാണ്.
ക്ഷമയുടെ ഒരു കാലയളവിനുശേഷം ഏകദൈവ വിശ്വാസത്തിൽ ഐക്യപ്പെട്ടിരിക്കുന്ന ഒരു ജനതയെ ഈ വിധത്തിൽ കാണുന്നതിൽ അല്ലാഹു സന്തുഷ്ടനാണ്. സഈദുബ്നുൽ ഔസ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസുണ്ട്. അതിങ്ങനെയാണ്: 'ഈദുൽ ഫിത്വറിന്റെ ദിവസം മലക്കുകൾ വഴിവാതിലുകളിൽ നിൽക്കും. അവർ വിളിച്ചു പറയും:
‘മുസ്‌ലിം സമൂഹമേ, ഒരു കരുണയുള്ള, ഉദാരനായ റബ്ബിന്റെ അടുക്കലേക്ക് വരൂ. അവൻ നന്മകൾ നൽകുകയും അതിന് വലിയ പ്രതിഫലം നൽകുകയും ചെയ്യുന്നു.
നിങ്ങൾക്ക് രാത്രി നമസ്കാരം നിർദേശിക്കപ്പെട്ടു. നിങ്ങൾ അത് നിർവഹിച്ചു. പകൽ നോമ്പ് നിർദേശിക്കപ്പെട്ടു. നിങ്ങൾ അത് പാലിച്ചു. നിങ്ങൾ നിങ്ങളുടെ റബ്ബിനെ അനുസരിച്ചു. ഇനി നിങ്ങളുടെ സമ്മാനങ്ങൾ സ്വീകരിക്കൂ.’
അവർ ഈദ് നമസ്കാരം കഴിഞ്ഞാൽ വിളിച്ചു പറയും: ‘നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് മാപ്പു നൽകിയിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് നേർവഴിയിൽ തിരിച്ചു പോവുക. ഇത് സമ്മാനങ്ങളുടെ ദിവസമാണ്. ആ ദിവസം ആകാശത്ത് ‘യൗമുല്‍ ജാഇസ’ അഥവാ സമ്മാനദിനം എന്ന പേരിൽ അറിയപ്പെടുന്നു.