ആരെങ്കിലും നിങ്ങളെ പുകഴ്ത്തുകയാണെങ്കിൽ, ഹൃദയം കൊണ്ട് ആ പുകഴ്ത്തലിനെ വെറുക്കുക. നിങ്ങൾക്ക് യഥാർത്ഥത്തിലുള്ള ഒരു നന്മയുടെ പേരിലാണ് അവർ പുകഴ്ത്തുന്നതെങ്കിൽ "നന്മകളെ വെളിപ്പെടുത്തുകയും തിന്മകളെ മറച്ചുവെക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവസ്തുതിയും" എന്ന് പറയുക. .
വായിക്കാം:
ഒരാളോട് അവന്റെ അസാന്നിധ്യത്തിലും സാന്നിധ്യത്തിലുള്ളത് പോലെ തന്നെ ഗുണകാംക്ഷ കാണിക്കലും നിങ്ങളുടെ ഹൃദയത്തിലുള്ളതിനേക്കാൾ കൂടുതൽ സ്നേഹം വെറുതെ നാവുകൊണ്ട് മാത്രം പ്രകടിപ്പിക്കാതിരിക്കലും ഗുണകാംക്ഷയുടെ ഭാഗമാണ്. ഒരാൾ നിങ്ങളോട് എന്തെങ്കിലും കാര്യത്തിൽ അഭിപ്രായം ചോദിക്കുമ്പോൾ, അവൻ താൽപര്യപ്പെടുന്ന കാര്യത്തിന് വിരുദ്ധമായതാണ് ശരിയായ കാര്യമെങ്കിൽ അത് അവനെ അറിയിക്കലും ഇതിൽ പെട്ടതാണ്.
അല്ലാഹു തന്റെ ഔദാര്യത്തിൽ നിന്ന് ഒരാൾക്ക് നൽകിയ അനുഗ്രഹങ്ങളോട് അസൂയ കാണിക്കുന്നത് ഗുണകാംക്ഷക്ക് എതിരായ കാര്യമാണ്. അല്ലാഹു തന്റെ അടിമകളിൽ ഒരാൾക്ക് ദീനിലോ ദുനിയാവിലോ ചെയ്തുകൊടുത്ത അനുഗ്രഹത്തിൽ നിങ്ങൾക്ക് പ്രയാസം തോന്നുകയും ആ അനുഗ്രഹം അവനിൽ നിന്ന് നീങ്ങിപ്പോകാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. "തീ വിറകിനെ തിന്നുനശിപ്പിക്കുന്നതുപോലെ അസൂയ സൽകർമങ്ങളെ തിന്നുനശിപ്പിക്കും" എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അസൂയാലുവായ ഒരാൾ അല്ലാഹുവിന്റെ അധികാരത്തിലും തീരുമാനത്തിലും എതിർപ്പ് പ്രകടിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. "നാഥാ, നീ ആ അനുഗ്രഹം അസ്ഥാനത്താണ് നൽകിയത്" എന്ന് അവൻ തന്റെ അവസ്ഥയിലൂടെ പറയുന്നതുപോലെയാണിത്. എന്നാൽ 'ഗിബ്ത്വ:'(നല്ല കൊതി) കുഴപ്പമില്ല. അതായത്, അല്ലാഹു തന്റെ അടിമകളിൽ ഒരാൾക്ക് നൽകിയ അനുഗ്രഹം കാണുമ്പോൾ, അതുപോലൊന്ന് എനിക്കും നൽകേണമേ എന്ന് അല്ലാഹുവിനോട് ചോദിക്കുന്നതാണ് ഗിബ്ത്വ.
ആരെങ്കിലും നിങ്ങളെ പുകഴ്ത്തുകയാണെങ്കിൽ, ഹൃദയം കൊണ്ട് ആ പുകഴ്ത്തലിനെ വെറുക്കുക. നിങ്ങൾക്ക് യഥാർത്ഥത്തിലുള്ള ഒരു നന്മയുടെ പേരിലാണ് അവർ പുകഴ്ത്തുന്നതെങ്കിൽ "നന്മകളെ വെളിപ്പെടുത്തുകയും തിന്മകളെ മറച്ചുവെക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവസ്തുതിയും" എന്ന് പറയുക. നിങ്ങളിലില്ലാത്ത കാര്യത്തിന്റെ പേരിലാണ് അവർ നിങ്ങളെ പുകഴ്ത്തുന്നതെങ്കിൽ മുൻഗാമികൾ പറഞ്ഞത് പോലെ പറയുക: "അല്ലാഹുവേ, ഇവർ പറയുന്നതിന്റെ പേരിൽ നീ എന്നെ പിടികൂടരുതേ. അവർക്കറിയാത്ത എന്റെ പാപങ്ങൾ നീ പൊറുത്തുതരേണമേ. അവർ എന്നെക്കുറിച്ച് വിചാരിക്കുന്നതിനേക്കാൾ ഉത്തമനായി നീ എന്നെ മാറ്റേണമേ".
ഇനി നിങ്ങളുടെ പ്രശംസ കാരണം ഒരാൾക്ക് നന്മയിലുള്ള താല്പര്യം വർദ്ധിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഒരാളെ പുകഴ്ത്താവൂ. അല്ലെങ്കിൽ, നന്മയുള്ള ഒരാളാണെങ്കിലും ആളുകൾക്ക് അദ്ദേഹത്തിന്റെ മഹത്വം അറിയാത്തതുകൊണ്ട് അത് മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി പ്രശംസിക്കാം. പക്ഷെ, നിങ്ങളുടെ ഭാഗത്ത് നിന്ന് നുണയുണ്ടാകാൻ പാടില്ല, പ്രശംസിക്കപ്പെടുന്ന ആൾക്ക് അത് കാരണം അഹങ്കാരം ഉണ്ടാകാനും പാടില്ല എന്നീ വ്യവസ്ഥകളോടെ വേണം ഇത് ചെയ്യാൻ.
ഒരാളെക്കുറിച്ച് നിങ്ങൾക്ക് ലഭിച്ച ഒരു വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഉപദേശിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ, അത് രഹസ്യമായിരിക്കാനും വാക്കുകളിൽ പരമാവധി സൗമ്യത കാണിക്കാനും ശ്രദ്ധിക്കുക. സൂചനകളിലൂടെ കാര്യം ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ തുറന്നുപറയാതിരിക്കുക. "ആരാണ് എന്നെക്കുറിച്ച് ഈ വിവരം താങ്കളോട് പറഞ്ഞത്?" എന്ന് അദ്ദേഹം ചോദിച്ചാൽ, അവർക്കിടയിൽ ശത്രുത ഉണ്ടാകാതിരിക്കാൻ അത് പറഞ്ഞുകൊടുക്കരുത്. അദ്ദേഹം നിങ്ങളുടെ ഉപദേശം സ്വീകരിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി കാണിക്കുകയും ചെയ്യുക. അയാൾ നിന്റെ ഉപദേശം സ്വീകരിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും അയാളോട് നന്ദി കാണിക്കുകയും ചെയ്യുക. ഇനി അയാൾ അത് സ്വീകരിച്ചില്ലെങ്കിൽ, നീ നിന്റെ മനസ്സിനെ തന്നെ കുറ്റപ്പെടുത്തുക. സ്വന്തം മനസ്സിനോട് ഇപ്രകാരം പറയുക: 'ഓ ദുഷിച്ച മനസ്സേ, നിന്റെ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചത്. ഉപദേശത്തിന്റെ നിബന്ധനകളും മര്യാദകളും നീ പാലിച്ചിട്ടുണ്ടാകില്ല, അതുകൊണ്ടായിരിക്കാം അയാൾ അത് സ്വീകരിക്കാതിരുന്നത്.'
ആരെങ്കിലും നിങ്ങളെ ഒരു കാര്യം വിശ്വസിച്ച് ഏൽപ്പിച്ചാൽ, അത് നിങ്ങളുടെ സ്വന്തം കാര്യമാണെങ്കിൽ നിങ്ങൾ എങ്ങനെ സംരക്ഷിക്കുമോ അതിനേക്കാൾ മികച്ച രീതിയിൽ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. അമാനത്തുകൾ കൃത്യമായി നിർവഹിക്കുക. അതിൽ വഞ്ചന കാണിക്കുന്നത് സൂക്ഷിക്കുക. റസൂൽ(സ) പറഞ്ഞു: "അമാനത്ത് കാത്തുസൂക്ഷിക്കാത്തവന് ഈമാൻ ഇല്ല". നബി(സ) പറഞ്ഞു: "മൂന്ന് കാര്യങ്ങൾ അർശുമായി ബന്ധിക്കപ്പെട്ടതാണ്.
അനുഗ്രഹം പറയും, 'അല്ലാഹുവേ, ഞാൻ നിന്നോടൊപ്പമാണ്, അതിനാൽ എന്നെ നിഷേധിക്കരുതേ'. കുടുംബബന്ധം പറയും, 'അല്ലാഹുവേ, ഞാൻ നിന്നോടൊപ്പമാണ്, അതിനാൽ എന്നെ മുറിച്ചുമാറ്റരുതേ'. അമാനത്ത് പറയും, 'അല്ലാഹുവേ, ഞാൻ നിന്നോടൊപ്പമാണ്, അതിനാൽ എന്നെ വഞ്ചിക്കരുതേ".
സംസാരിക്കുമ്പോൾ സത്യം പറയുകയും, കരാറുകളും വാഗ്ദാനങ്ങളും പാലിക്കുകയും ചെയ്യുക. കരാർ ലംഘിക്കുന്നതും വാഗ്ദാനം പാലിക്കാത്തതും കപടവിശ്വാസത്തിന്റെ അടയാളങ്ങളാണ്. ഹദീസിൽ ഇങ്ങനെ കാണാം: "കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവൻ കളവ് പറയും, വാഗ്ദാനം ചെയ്താൽ ലംഘിക്കും, വിശ്വസിച്ചേൽപ്പിച്ചാൽ വഞ്ചിക്കും". മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ വന്നിട്ടുണ്ട്, "കരാർ ചെയ്താൽ അവൻ വഞ്ചിക്കും, തർക്കിച്ചാൽ അവൻ അതിരുവിടും".
തർക്കങ്ങളിൽ നിന്നും വാഗ്വാദങ്ങളിൽ നിന്നും അകലം പാലിക്കുക. അവ മനസ്സുകളിൽ പകയുണ്ടാക്കുകയും ഹൃദയങ്ങളെ കഠിനമാക്കുകയും ശത്രുതയും വിദ്വേഷവും ജനിപ്പിക്കുകയും ചെയ്യും. നിങ്ങളോട് തർക്കിക്കുന്ന ആൾ ന്യായത്തിന്റെ ഭാഗത്താണെങ്കിൽ അത് അംഗീകരിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്. കാരണം സത്യമാണ് പിൻപറ്റാൻ ഏറ്റവും അർഹമായത്. ഇനി അയാൾ അന്യായത്തിന്റെ ഭാഗത്താണെങ്കിൽ അയാളിൽ നിന്ന് തിരിഞ്ഞുകളയുക. കാരണം അവൻ വിവരദോഷിയാണ്. അല്ലാഹു പറയുന്നു: “വിവരദോഷികളിൽ നിന്ന് നീ തിരിഞ്ഞുകളയുക".
തമാശ പറയുന്ന സ്വഭാവം പൂർണമായും ഒഴിവാക്കുക. ഒരു മുസ്‌ലിമിന്റെ മനസ്സ് സന്തോഷിപ്പിക്കാൻ വേണ്ടി വല്ലപ്പോഴും തമാശ പറയുകയാണെങ്കിൽ തന്നെ സത്യം മാത്രമേ പറയാവൂ. റസൂൽ(സ) പറഞ്ഞു: "നിന്റെ സഹോദരനോട് നീ തർക്കിക്കരുത്, അവനോട് പരിഹാസരൂപത്തിൽ തമാശ പറയരുത്, അവനൊരു വാഗ്ദാനം നൽകി അത് ലംഘിക്കരുത്".
മുസ്‌ലിംകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക. വിശിഷ്യാ അവരിലെ പണ്ഡിതന്മാർ, സജ്ജനങ്ങൾ, മാന്യന്മാർ, പ്രായമായവർ തുടങ്ങിയ ശ്രേഷ്ഠരായ ആളുകളെ.
മുസ്‌ലിംകളിൽ ഒരാളെപ്പോലും നിങ്ങൾ ഭയപ്പെടുത്തുകയോ, പേടിപ്പിക്കുകയോ, പരിഹസിക്കുകയോ, പുച്ഛിക്കുകയോ, പുച്ഛത്തോടെ നോക്കുകയോ ചെയ്യരുത്. ഇവയെല്ലാം മോശം സ്വഭാവങ്ങളിലും അപലപനീയമായ പ്രവൃത്തികളിലുമാണ് ഉൾപ്പെടുന്നത്. റസൂൽ(സ) പറഞ്ഞു: "ഒരാൾ തന്റെ മുസ്‌ലിമായ സഹോദരനെ നിസ്സാരമായി കാണുന്നത് തന്നെ അവന് ഒരു തിന്മയായി പരിഗണിക്കാൻ ധാരാളമാണ്".
വിനയം കാണിക്കുക. അത് സത്യവിശ്വാസികളുടെ സ്വഭാവത്തിൽ പെട്ടതാണ്. അഹങ്കാരത്തെ നിങ്ങൾ സൂക്ഷിക്കുക. അഹങ്കാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും വിനയം കാണിച്ചാൽ അല്ലാഹു അവനെ ഉയർത്തും. ആരെങ്കിലും അഹങ്കരിച്ചാൽ അല്ലാഹു അവനെ താഴ്ത്തും. റസൂൽ(സ) പറഞ്ഞു: "ഹൃദയത്തിൽ ഒരു അണുമണിത്തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല." നബി(സ) പറഞ്ഞു: "അഹങ്കാരം എന്നാൽ സത്യത്തെ നിഷേധിക്കലും ആളുകളെ പുച്ഛിക്കലുമാണ്".
സ്വന്തത്തെ വലിയവനായി കാണുകയും മറ്റുള്ളവരെ നിസ്സാരന്മാരായി കാണുകയും ചെയ്യുന്നവൻ അഹങ്കാരികളിൽ പെട്ടവനാണ്.
വിനയമുള്ളവരെയും അഹങ്കാരികളെയും പരസ്പരം തിരിച്ചറിയാൻ കഴിയുന്ന ചില അടയാളങ്ങളുണ്ട്.
ഒതുങ്ങിക്കൂടി ജീവിക്കാനുള്ള താൽപര്യം, പ്രശസ്തിയോടുള്ള വെറുപ്പ്, സത്യം കൊണ്ടുവരുന്നത് ഉന്നതനായാലും താഴെത്തട്ടിലുള്ളവനായാലും അത് സ്വീകരിക്കാനുള്ള സന്നദ്ധത, ദരിദ്രരെ സ്നേഹിക്കുകയും അവരോടൊപ്പം ഇടപഴകുകയും അവരോടൊപ്പം ഇരിക്കുകയും ചെയ്യുക,
സഹോദരങ്ങളോടുള്ള ബാധ്യതകൾ കഴിയുന്നത്ര പൂർണമായി നിറവേറ്റുക, തന്നോടുള്ള കടമകൾ നിറവേറ്റുന്നവരോട് നന്ദി കാണിക്കുക, അതിൽ വീഴ്ച വരുത്തുന്നവർക്ക് വിട്ടുവീഴ്ച നൽകുക എന്നിവയും വിനയത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ്.
സദസ്സുകളിലും സമ്മേളനങ്ങളിലും മുൻപന്തിയിൽ നിൽക്കാനുള്ള ആഗ്രഹം, സമപ്രായക്കാരേക്കാൾ മുന്നിട്ടുനിൽക്കാനുള്ള വ്യഗ്രത, സ്വന്തത്തെ പുകഴ്ത്തലും ന്യായീകരിക്കലും, സംസാരത്തിലുള്ള വീമ്പുപറച്ചിൽ, തറവാടിത്തം പറഞ്ഞുള്ള അഹങ്കാരം, നടത്തത്തിലെ ഗർവ്, സഹോദരങ്ങളുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കാതിരിക്കുകയും എന്നാൽ അവരിൽ നിന്ന് തന്റെ അവകാശങ്ങൾ ചോദിച്ചുവാങ്ങുകയും ചെയ്യുക എന്നിവയെല്ലാം അഹങ്കാരത്തിന്റെ അടയാളങ്ങളാണ്.
16 May, 2026 05:40 pm
B.. Abdurahman...
ഇത് ഒരു പുസ്തകമായി പുറത്തിറക്കണം. ഒരുപാടാളുകൾക്ക് ഉപകാരപ്പെടും. തുടർന്നുള്ള ഓരോ അദ്ധ്യായങ്ങളും വായിക്കാൻ വളരെ പ്രതീക്ഷയേയോടെയാണ് കാത്തിരിക്കുന്നത്.