എല്ലാ സമയത്തും നിങ്ങളുടെ പശ്ചാത്താപം പുതുക്കിക്കൊണ്ടിരിക്കുക. കാരണം, മനുഷ്യന് പാപങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഒരു അടിമയുടെ ബാഹ്യവും ആന്തരികവുമായ ജീവിതം പാപമുക്തമാകുക എന്നത് പ്രയാസമാണ്. പാപസുരക്ഷിതത്വവും പൂർണത ഉണ്ടായിരുന്നിട്ടുപോലും, നബി(സ) ദിവസത്തിൽ എഴുപതിലധികം തവണ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്തിരുന്നു എന്നത് നമുക്ക് വലിയൊരു പാഠമാണ്.
വായിക്കാം:
യഥാർത്ഥത്തിൽ പശ്ചാത്തപിക്കുന്നവന് ചില അടയാളങ്ങളുണ്ട്: ഹൃദയനൈർമല്യം, ധാരാളമായി കരയുക, നല്ല കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുക, ചീത്ത കൂട്ടുകെട്ടുകളെയും ദുഷിച്ച സാഹചര്യങ്ങളെയും വെടിയുക എന്നിവയാണവ. പാപങ്ങളിൽ തുടരുന്നതിനെ നിങ്ങൾ കർശനമായി സൂക്ഷിക്കുക. അതായത്, പാപം ചെയ്തിട്ട് ഉടനെ പശ്ചാത്തപിക്കാതിരിക്കുന്നതിനെ. തീപ്പൊരികളിൽ നിന്നും മാരകമായ വിഷത്തിൽ നിന്നും അകലം പാലിക്കുന്നതുപോലെ, ചെറുതും വലുതുമായ പാപങ്ങളിൽ നിന്ന് ഓരോ സത്യവിശ്വാസിയും അകന്നുനിൽക്കേണ്ടതുണ്ട്. താൻ ചെയ്ത പാപങ്ങളെക്കുറിച്ച് അവൻ മറ്റുള്ളവരോട് സംസാരിക്കാനോ അതിൽ സന്തോഷിക്കാനോ പാടില്ല. അബദ്ധത്തിൽ ഒരു പാപം സംഭവിച്ചാൽ, അതിനെ വെറുക്കുകയും ഉടൻ തന്നെ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക എന്നത് നിർബന്ധമാണ്.
എല്ലാ സമയത്തും നിങ്ങളുടെ പശ്ചാത്താപം പുതുക്കിക്കൊണ്ടിരിക്കുക. കാരണം, മനുഷ്യന് പാപങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഒരു അടിമയുടെ ബാഹ്യവും ആന്തരികവുമായ ജീവിതം പാപമുക്തമാകുക എന്നത് പ്രയാസമാണ്. പാപസുരക്ഷിതത്വവും പൂർണത ഉണ്ടായിരുന്നിട്ടുപോലും, നബി(സ) ദിവസത്തിൽ എഴുപതിലധികം തവണ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്തിരുന്നു എന്നത് നമുക്ക് വലിയൊരു പാഠമാണ്. രാത്രിയിലും പകലിലും, പ്രത്യേകിച്ച് അത്താഴ സമയത്ത് ധാരാളമായി ഇസ്തിഗ്ഫാർ ചെയ്യുക. നബി(സ) പറഞ്ഞു: "ആരെങ്കിലും പാപമോചനം പതിവാക്കിയാൽ, അവന്റെ എല്ലാ പ്രയാസങ്ങൾക്കും അല്ലാഹു ഒരു പോംവഴി ഉണ്ടാക്കിക്കൊടുക്കും. അവനറിയാത്ത വഴിയിലൂടെ അവന് ഉപജീവനം നൽകുകയും ചെയ്യും".
"റബ്ബിഗ്ഫിർ ലീ വതുബ് അലയ്യ ഇന്നക അൻതത്തവ്വാബുർറഹീം" എന്ന് ധാരാളമായി ചൊല്ലുക. നബി(സ) ഒറ്റ ഇരുപ്പിൽ തന്നെ നൂറോളം തവണ ഈ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നു. യൂനുസ് നബി(അ)യുടെ പ്രാർത്ഥന നിങ്ങൾ പതിവാക്കുക: "ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനള്ള്വാലിമീൻ" ഇതൊരു വലിയ പ്രാർത്ഥനയാണ്; പ്രയാസങ്ങളും സങ്കടങ്ങളും അനുഭവിക്കുന്ന ഏതൊരാൾ ഈ പ്രാർത്ഥന ചൊല്ലിയാലും അല്ലാഹു അവർക്ക് ആശ്വാസം നൽകാതിരിക്കില്ല. അല്ലാഹു പറയുന്നു: "അങ്ങനെ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും ദുഃഖത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു. സത്യവിശ്വാസികളെ നാം അപ്രകാരം രക്ഷിക്കുന്നു".
പ്രതീക്ഷയും ഭയവും
അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും (റജാഅ്) അവന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും (ഖൗഫ്) നിലനിർത്തൽ നമുക്ക് നിർബന്ധമാണ്. ഇത് രണ്ടും ദൃഢവിശ്വാസത്തിന്റെ ഏറ്റവും ഉന്നതമായ ഫലങ്ങളാണ്. പ്രതീക്ഷയോടെയും ഭയത്തോടെയും അല്ലാഹുവോട് പ്രാർത്ഥിക്കുന്നവരെ അവൻ ഖുർആനിൽ പ്രശംസിച്ചിട്ടുണ്ട്. ഒരു ഹദീസിൽ അല്ലാഹു പറയുന്നു: "എന്റെ അടിമ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നുവോ, അതനുസരിച്ചായിരിക്കും ഞാൻ അവനോട് പെരുമാറുക".
പ്രതീക്ഷയുടെ അടിസ്ഥാനമെന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും വിശാലതയെക്കുറിച്ചുള്ള ഹൃദയത്തിന്റെ അറിവാണ്. ഈ അറിവിൽ നിന്നാണ് പ്രതീക്ഷ ജനിക്കുന്നത്. ഇതിന്റെ യഥാർത്ഥ ഫലം, സൽകർമങ്ങൾ ചെയ്യാനും അത് നിലനിർത്താനും മനുഷ്യനെ പ്രേരിപ്പിക്കുക എന്നതാണ്. സൽകർമങ്ങൾ ചെയ്യുക എന്നത് അല്ലാഹുവിന്റെ പൊരുത്തത്തിലേക്കും സ്വർഗത്തിലേക്കുമുള്ള വഴിയാണ്. ഭയത്തിന്റെ അടിസ്ഥാനം എന്നത് അല്ലാഹുവിന്റെ മഹത്വത്തെയും പ്രതാപത്തെയും കുറിച്ചും, പാപികൾക്ക് അവൻ നൽകുന്ന കഠിനമായ ശിക്ഷയെക്കുറിച്ചുമുള്ള അറിവാണ്. ഇതിന്റെ ഫലം, തിന്മകളിൽ നിന്നും പാപങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു എന്നതാണ്. പാപങ്ങൾ അല്ലാഹുവിന്റെ കോപത്തിലേക്കും നരകത്തിലേക്കുമുള്ള വഴിയാണ്. സൽകർമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാത്ത പ്രതീക്ഷയും, തിന്മകൾ വെടിയാൻ പ്രേരിപ്പിക്കാത്ത ഭയവും കേവലം വ്യാമോഹങ്ങൾ മാത്രമാണ്; അവക്ക് യാതൊരു വിലയുമില്ല.
അറിയുക, ആളുകൾ മൂന്ന് വിഭാഗമാണ്:
ഒന്ന്: പൂർണമായി അല്ലാഹുവിലേക്ക് മടങ്ങുകയും ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നവൻ. അവനിൽ അല്ലാഹുവിനോടുള്ള പ്രതീക്ഷയും ഭയവും സ്നേഹവും ബഹുമാനവും നിറഞ്ഞിരിക്കും. ഒരു പക്ഷിയുടെ ഇരുചിറകുകൾ പോലെ ഭയവും പ്രതീക്ഷയും അവനിൽ തുല്യമായിരിക്കും.
രണ്ട്: പാപങ്ങളിൽ മുഴുകുകയും അശ്രദ്ധയിലാവുകയും ചെയ്യുന്നവൻ. അവൻ പാപങ്ങളിൽ നിന്ന് അകലുന്നതിനായി, പ്രതീക്ഷയേക്കാൾ കൂടുതൽ അല്ലാഹുവിനെക്കുറിച്ചുള്ള ഭയമായിരിക്കും അവനിൽ മുൻതൂക്കം നിൽക്കുന്നത്.
മൂന്ന്: മരണാസന്നനായ വ്യക്തി. അവന് അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയായിരിക്കും കൂടുതൽ ഉണ്ടാവുക. നബി(സ) പറഞ്ഞു: "അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരത്തോട് കൂടിയല്ലാതെ നിങ്ങളാരും മരിക്കരുത്".
നിങ്ങൾ സാധാരണക്കാരോട് പ്രതീക്ഷയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, സൽകർമങ്ങൾ ചെയ്താൽ ലഭിക്കുന്ന പ്രതിഫലങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കാൻ ശ്രദ്ധിക്കുക.
വ്യാമോഹങ്ങളെ സൂക്ഷിക്കുക
പാപം ചെയ്താലും അല്ലാഹു വെറുതെ വിടും എന്ന പ്രതീക്ഷയിൽ തെറ്റിൽ മറ്റുള്ളവരോടൊപ്പം പങ്കുചേരുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. അതായത്, "അടിമ പാപം ചെയ്യുന്നു, നാഥൻ പൊറുക്കുന്നു, അല്ലാഹുവിന്റെ കാരുണ്യത്തിന് മുന്നിൽ നമ്മുടെ പാപങ്ങളൊക്കെ എത്ര നിസ്സാരം" എന്നൊക്കെയുള്ള സംസാരങ്ങൾ. ഇത് സത്യമാണെങ്കിലും, സാധാരണക്കാരെ പാപങ്ങൾ ചെയ്യാൻ ഇത് പ്രേരിപ്പിക്കും. അതിനാൽ അതിന് അതിന്റേതായ സ്ഥാനങ്ങളിലേ പറയാവൂ.
അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് പൂർണമായും നിരാശനാകുന്നതും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് തീർത്തും നിർഭയനാകുന്നതും നിങ്ങൾ കർശനമായി സൂക്ഷിക്കുക. ഇവ രണ്ടും പാപങ്ങളാണ്. ഖുർആൻ പറയുന്നു: "വഴികേടിലായവരല്ലാതെ മറ്റാരാണ് തന്റെ നാഥന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവുക?". മറ്റൊരിടത്ത് പറയുന്നു: "നഷ്ടം സംഭവിച്ചവരല്ലാതെ മറ്റാരും അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് നിർഭയരാവുകയില്ല".
ചുരുക്കത്തിൽ, ഭയം അതിരുകടന്ന് പ്രതീക്ഷ ഇല്ലാതാവുന്നതാണ് നിരാശ; പ്രതീക്ഷ അതിരുകടന്ന് ഭയം ഇല്ലാതാവുന്നതാണ് നിർഭയത്വം. ഇവ രണ്ടും പാടില്ല. പാപങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയും എന്നിട്ട്, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്ന വഞ്ചിതരുടെ വ്യാമോഹങ്ങളെ സൂക്ഷിക്കുക. "അല്ലാഹു വലിയ കരുണാനിരിധിയാണല്ലോ, നമ്മുടെ സൽകർമങ്ങളൊന്നും അവന് ആവശ്യമില്ലല്ലോ, പാപങ്ങളൊന്നും അവന് ഒരു ദോഷവും വരുത്തില്ലല്ലോ" എന്നൊക്കെ അവർ പറയും. ഖുർആൻ പറയുന്നു: "ആരെങ്കിലും ഒരു അണുവിനോളം നന്മ ചെയ്താൽ അവനത് കാണും, ആരെങ്കിലും ഒരു അണുവിനോളം തിന്മ ചെയ്താൽ അവനും അത് കാണും."
നബി(സ) പറഞ്ഞു: "ബുദ്ധിമാൻ എന്നാൽ സ്വന്തം ശരീരത്തെ വിചാരണ ചെയ്യുകയും മരണാനന്തര ജീവിതത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവനാണ്. ദുർബലൻ സ്വന്തം ഇച്ഛകളെ പിൻപറ്റുകയും എന്നിട്ട് അല്ലാഹുവിൽ വ്യാമോഹങ്ങൾ അർപ്പിക്കുകയും ചെയ്യുന്നവനാണ്". ഹസനുൽ ബസ്വരി(റ) പറഞ്ഞു: "അല്ലാഹു പൊറുത്തുതരും എന്ന വ്യാമോഹം ചിലരെ വഞ്ചിച്ചിരിക്കുന്നു. അങ്ങനെ യാതൊരു സൽകർമങ്ങളുമില്ലാതെ അവർ ഈ ലോകത്ത് നിന്ന് വിടപറയുന്നു. അല്ലാഹുവിനെക്കുറിച്ച് നല്ല പ്രതീക്ഷയാണുള്ളത് എന്ന് അവർ വാദിക്കുന്നു. അത് കളവാണ്; അവർക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ അവർ നല്ല കർമങ്ങൾ ചെയ്യുമായിരുന്നു".
സത്യവിശ്വാസി സൽകർമങ്ങളും അതോടൊപ്പം ഭയവും ഒരുമിച്ചുകൂട്ടുന്നു. എന്നാൽ കപടവിശ്വാസി തിന്മകളും അതിനൊപ്പം യാതൊരു ഭയവുമില്ലാത്ത അവസ്ഥയും ഒരുമിച്ചുകൂട്ടുന്നു. നബിമാരും പുണ്യാത്മക്കളുമൊക്കെ അല്ലാഹുവിനെക്കുറിച്ച് പൂർണമായ അറിവുള്ളവരായിരുന്നിട്ടും അവർ കടുത്ത ഭയമുള്ളവരായിരുന്നു എന്നത് നാം ചിന്തിക്കേണ്ടതാണ്.