മതപരമായും സാമൂഹികവും രാഷ്ട്രീയപരവുമായ ചരിത്രത്തിൽ കേരളത്തിൻ്റെ ഒരു ഉജ്ജ്വല വ്യക്തിത്വമായി അദ്ദേഹം ഇന്നും ജ്വലിച്ചു നിൽകുകയാണ്. തൻ്റെ ആത്മീയ ഔന്നിത്യത്താലും സാമൂഹിക പ്രതിബദ്ധതയാലും മലബാറിലെ സാമൂഹിക നിർമിതിക്ക് അതുല്യമായ സംഭാവനകൾ നൽകിയ മഹാമനീഷിയാണ് മമ്പുറം തങ്ങൾ.
വായിക്കാം:
കേരളത്തിൻ്റെ, പ്രധാനമായും മലബാറിന്റെ സാമൂഹിക, മതകീയ, രാഷ്ട്രീയ ചരിത്രത്തിൽ ഒരു അസാധാരണ വ്യക്തിപ്രഭാവം കൊണ്ട് തങ്ങൾ പ്രകീർത്തിക്കപ്പെട്ടു.
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന അദ്ദേഹം, ആധ്യാത്മിക ജീവിതത്തിന്റെ എല്ലാ പൂർണതകളും ഉൾക്കൊണ്ട് ഒരു മഹാജ്ഞാനിയും, കർമശാസ്ത്ര വിഷയങ്ങളിലും സങ്കീർണമായ പൊതുവിഷയങ്ങളിലും തീർപ്പുകൽപ്പിച്ചിരുന്ന സമർത്ഥനായ പണ്ഡിതനുമായിരുന്നു. തങ്ങൾ കേവലം മതപരമായ കാര്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ച ഒരു പണ്ഡിതനായിരുന്നില്ല. മറിച്ച് സാമുദായികവും രാഷ്ട്രീയപരവും സാമൂഹിക നവോത്ഥാനപരവുമായ എല്ലാ വിഷയങ്ങളെയും അഭിമുഖീകരിക്കുകയും സമൂഹത്തിന് വേണ്ട മാർഗദർശനം നൽകുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു.
അദ്ദേഹത്തിൻ്റെ ജീവിതം, ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിര പോരാളിയുടെയും, ജാതി-മത ഭേദമന്യേ എല്ലാവരുടെയും ആശാകേന്ദ്രമായ ഒരു സാമൂഹിക പരിഷ്കർത്താവിന്റെയും മാതൃകയായിരുന്നു.
മമ്പുറം തങ്ങളുടെ വിയോഗത്തിന് ശേഷം രണ്ട് നൂറ്റാണ്ടുകളോളം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഓർമകളും ആത്മീയ സ്വാധീനവും മമ്പുറം മഖാം കേന്ദ്രീകരിച്ച് ഇന്നും മലബാറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ കടലുണ്ടി പുഴയുടെ സമീപത്താണ് മമ്പുറം മഖാം സ്ഥിതി ചെയ്യുന്നത്.
ഹളർമി സയ്യിദുകളുടെ ആഗമനം
മമ്പുറം സയ്യിദ് അലവി തങ്ങൾ യമനിലെ ഹളർമൗത്തിൽ നിന്നുള്ള ബാഅലവി സയ്യിദ് കുടുംബത്തിലെ ഹുസൈനി വംശപരമ്പരയിൽപ്പെട്ടവരാണ്. ബാഅലവി ത്വരീഖത് അഥവാ ത്വരീഖത് അൽ-ബാഅലവിയ്യ ആറാം നൂറ്റാണ്ടിലാണ് സ്ഥാപിതമായത്. ഈ സൂഫി മാർഗം തിരുനബി(സ)യുടെ ജീവിതത്തിൽ നിന്ന് കൈമാറിവന്ന ധാർമിക മൂല്യങ്ങളെയും പാണ്ഡിത്യത്തെയും അടുത്തതലമുറകളിലേക്ക് പകർന്നു നൽകി ഒരു സ്വതന്ത്ര സൂഫി ധാരയായി രൂപപ്പെടുകയായിരുന്നു. സൂഫിസത്തിൻ്റെ മധ്യമപാത സ്വീകരിച്ച ബാഅലവി സരണി, ഏകാന്തവാസത്തെ നിരുത്സാഹപ്പെടുത്തുകയും കുടുംബ, സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിലെ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. കുടിയേറിയ ഇടങ്ങളിലെല്ലാം ഒരേസമയം ആത്മീയ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ ഇടപെടാനുള്ള പ്രധാന പ്രചോദനം അവർ സ്വാംശീകരിച്ച ഈ ബാഅലവി ആത്മീയ പാരമ്പര്യമാണ്.
ഈ കുടുംബം അലി(റ)വിൻ്റെ പിൻഗാമികളാണ്. 18-ാം നൂറ്റാണ്ട് അറബികളും മലബാറും തമ്മിൽ വ്യാപകമായ വ്യാപാര ബന്ധങ്ങളുണ്ടായിരുന്ന കാലഘട്ടമായിരുന്നു. സാമൂതിരി രാജാക്കന്മാരുടെ സഹിഷ്‌ണുതയും കേരളത്തിലെ മുസ്‌ലിംകളുടെ സൗഹൃദപരമായ സമീപനവും ഈ ബന്ധങ്ങൾക്ക് ശക്തി പകർന്നു. ഇസ്‌ലാമിക പ്രചാരണത്തിനുള്ള ഫലഭൂയിഷ്‌ഠമായ മണ്ണായി കേരളത്തെ കണ്ട്, 1741ൽ സയ്യിദ് ശൈഖ് ബിൻ സയ്യിദ് മുഹമ്മദ് ജിഫ്രി കേരളത്തിലെത്തിയതാണ് ഇത്തരം ആഗമനങ്ങളിൽ ആദ്യത്തേത്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച്, 1754ൽ സയ്യിദ് അലവി തങ്ങളുടെ മാതുലനും ഭാര്യാപിതാവുമായ ശൈഖ് ഹസൻ ബിൻ അലവി ജിഫ്രി കോഴിക്കോട് വരികയും പൊന്നാനിയിൽ പഠനം പൂർത്തിയാക്കിയ ശേഷം തിരൂരങ്ങാടിയിൽ സ്ഥിരതാമസമാക്കി ഇസ്‌ലാമിക പ്രബോധനത്തിന്റേയും സാമൂഹിക പ്രവർത്തനങ്ങളുടെയും വഴി തെരഞ്ഞെടുക്കുകയായിരുന്നു.
മമ്പുറം തങ്ങളുടെ ജനനവും മലബാറിലേക്കുള്ള വരവും
ഹിജ്റ 1166 ദുൽഹിജ്ജ 23ന് (ക്രിസ്‌താബ്ദം 1753) യമനിലെ ഹളർമൗത്തിലെ തരീം പട്ടണത്തിൽ സയ്യിദ് മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീലയുടെയും, ജിഫ്രി കുടുംബത്തിലെ ശൈഖ് ഹസൻ ജിഫ്രിയുടെ സഹോദരിയുമായിരുന്ന സയ്യിദ ഫാത്തിമയുടെയും മകനായാണ് മമ്പുറം സയ്യിദ് അലവി തങ്ങൾ ജനിച്ചത്. ചെറുപ്രായത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹത്തെ മാതൃസഹോദരി സയ്യിദ ഹാമിദ ബീവിയാണ് വളർത്തിയത്. എട്ടാം വയസ്സിൽ അദ്ദേഹം വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും ചെയ്തിരുന്നു. ഇത് മഹാനവർകളുടെ മാഹാത്മ്യത്തെ വിളിച്ചോതുന്നതാണ്.
തന്റെ പതിനേഴാം വയസ്സിൽ (ഹിജ്റ 1183 റമദാൻ 19, ക്രിസ്‌താബ്ദം 1770) യമനിലെ മുകല്ല തുറമുഖത്ത് നിന്ന് അദ്ദേഹം കപ്പൽ മാർഗം കോഴിക്കോട് എത്തി. എന്നാൽ, അദ്ദേഹമെത്തിയപ്പോഴേക്കും മാതുലനായ ശൈഖ് ഹസൻ ജിഫ്രി വഫാത്തായിരുന്നു. പിന്നീട്, ചില അറബി വ്യാപാരികൾ അദ്ദേഹത്തെ ശൈഖ് ജിഫ്രിയുടെ അടുത്തേക്കെത്തിക്കുകയും ഇരുവരും മമ്പുറത്ത് വച്ച് അന്തരിച്ച മാതുലന്റെ ഖബർ സന്ദർശിക്കുകയും ചെയ്തു. തുടർന്ന്, ശൈഖ് ജിഫ്രി സയ്യിദ് അലവി തങ്ങളെ നാട്ടുകാർക്ക് പരിചയപ്പെടുത്തുകയും, ഇനിമുതൽ സാമൂഹികവും-മതപരവുമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ മമ്പുറത്ത് സ്ഥിരതാമസമാക്കിയ സയ്യിദ് അലവി തങ്ങൾ 'മമ്പുറം തങ്ങൾ' എന്ന പേരിൽ പ്രശസ്തനായി.
മമ്പുറം തങ്ങൾ ജീവിച്ചിരുന്ന പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലബാറിൻ്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം വളരെ പ്രശ്‌ന കലുഷിതമായിരുന്നു. ജന്മിത്വവും നാടുവാഴിത്തവും ജാതിവ്യവസ്ഥയും കൊണ്ട് അടയാളപ്പെട്ടതായിരുന്നു അന്നത്തെ അന്തരീക്ഷം. ഭൂമിയുടെ ഉടമസ്ഥാവകാശം പ്രധാനമായും ജന്മിമാരുടെ കൈകളിലായിരുന്നു. ബ്രാഹ്മണരും വരേണ്യജാതി വിഭാഗങ്ങളുമായിരുന്ന ഇവരിൽ അധികവും. ഇത് അക്കാലത്തെ ഒരു ശക്തമായ സാമ്പത്തിക ക്രമമായിരുന്നു. രാഷ്ട്രീയ അധികാരം പ്രാദേശിക നാടുവാഴികൾക്കും അവരെ പിന്തുണച്ചിരുന്ന തറവാടുകൾക്കുമായിരുന്നു.
സാമൂഹിക ക്രമത്തിൽ, മനുഷ്യരുടെ സ്ഥാനമാനങ്ങൾ ജാതിയെ അടിസ്ഥാനമാക്കിയുള്ളതും ജാതീയ വിഭജനങ്ങളും വേർതിരിവുകളും പുറന്തള്ളലുകളും അതിശക്തവും രൂക്ഷവുമായിരുന്നു. അക്കാലത്ത് നീതിയും തുല്യതയും എന്ന സങ്കൽപ്പങ്ങൾ നിലവിലുണ്ടായിരുന്നില്ല. പണിയെടുക്കുന്നവരും കർഷകരും കൈവേലകളിൽ ഏർപ്പെടുന്നവരുമെല്ലാം അടിമകളെപ്പോലെ ജീവിക്കേണ്ട അവസ്ഥയായിരുന്നു. മേൽജാതിക്കാരുടെയും ജന്മിമാരുടെയും കീഴിൽ അടിച്ചമർത്തലുകൾക്ക് വിധേയരായി ജീവിച്ചവരായിരുന്നു അവർ. താഴ്ന്ന ജാതിക്കാർക്ക് പൊതുവഴികളിലൂടെ നടക്കാനോ വരേണ്യരുടെ മുന്നിൽ വരാനോ പോലും അനുവാദമില്ലായിരുന്നു.
ബ്രിട്ടീഷ് ഭരണം വന്നപ്പോൾ, അവരുടെ നിയമവ്യവസ്ഥ ജന്മിത്വത്തെയും ജാതിവ്യവസ്ഥയെയും നിലവിലുണ്ടായിരുന്ന അധികാര വ്യവസ്ഥകളെയും സംരക്ഷിക്കുന്നതായിരുന്നു. ചൂഷണവ്യവസ്ഥയെ നിയമപരമായി പിന്തുണയ്ക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. ബ്രിട്ടീഷുകാർ അവരുടെ കുതന്ത്രത്തിലൂടെ സാമൂഹിക അനീതികളെ ഇല്ലാതാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയായിരുന്നു ചെയ്തത്.