നിങ്ങൾ ക്ഷമ കൈക്കൊള്ളുക; കാരണം അത് കാര്യങ്ങളുടെയെല്ലാം നിയന്ത്രണക്കയറാണ്. ദുനിയാവിലുള്ള കാലത്തോളം മനുഷ്യന് ഒഴിച്ചുകൂടാനാകാത്തതും ഉൽകൃഷ്ടമായ സ്വഭാവഗുണങ്ങളിലും മഹത്തായ പുണ്യങ്ങളിലും പെട്ടതാണത്.
അല്ലാഹു പറഞ്ഞിരിക്കുന്നു:
"സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമയിലൂടെയും നിസ്കാരത്തിലൂടെയും അല്ലാഹുവിന്റെ സഹായം തേടുക. തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്."
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
"നമ്മുടെ കല്പനപ്രകാരം അവർ ക്ഷമ പാലിച്ചപ്പോൾ, അവർക്ക് മാർഗദർശനം നൽകുന്ന നേതാക്കളാക്കി അവരെ നാം നിശ്ചയിച്ചു."
അല്ലാഹു വീണ്ടും പറയുന്നു:
"തീർച്ചയായും ക്ഷമാശീലർക്ക് അവരുടെ പ്രതിഫലം കണക്കുനോക്കാതെ പൂർണ്ണമായി നൽകപ്പെടുന്നതാണ്."
തിരുനബി(സ) പറഞ്ഞു: "ക്ഷമ എന്നത് സത്യവിശ്വാസിയുടെ സൈന്യാധിപനാണ്."
അവിടുന്ന് വീണ്ടും പറഞ്ഞു: "നിനക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ വലിയ നന്മയുണ്ട്."
ഇബ്നു അബ്ബാസ്(റ) നു മുത്ത് നബി (സ) നൽകിയ വസ്വിയ്യത്തിൽ ഇപ്രകാരം കാണാം: "അറിയുക, തീർച്ചയായും ക്ഷമയോടൊപ്പമാണ് അല്ലാഹുവിന്റെ സഹായം; വിഷമത്തോടൊപ്പമാണ് ആശ്വാസം; പ്രയാസത്തോടൊപ്പമാണ് എളുപ്പവുമുള്ളത്."
അറിയുക,അല്ലാഹുവിലേക്കുള്ള അടുപ്പവും സാമീപ്യവും നേടിയെടുക്കുക എന്നത് സത്യത്തെ പിന്തുടരുന്നതിലും അസത്യത്തെ എപ്പോഴും വെടിയുന്നതിലും അധിഷ്ഠിതമാണ്. മനുഷ്യ മനസ്സ് അതിന്റെ പ്രകൃത്യാ തന്നെ സത്യത്തെ വെറുക്കാനും അസത്യത്തിലേക്ക് ചായുവാനും സാധ്യതയുള്ളതാണ്. അതിനാൽ, യഥാർത്ഥ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് തന്റെ മനസ്സിനെ സത്യത്തെ പിന്തുടരാൻ പ്രേരിപ്പിക്കുന്നതിനും, അസത്യത്തിൽ നിന്ന് അതിനെ തടഞ്ഞുനിർത്തുന്നതിനും എപ്പോഴും ക്ഷമ ആവശ്യമാണ്.
ക്ഷമ നാല് ഇനങ്ങളാകുന്നു.
ഒന്ന്: ആരാധനകളിൽ ക്ഷമ കൈക്കൊള്ളുക. ഹൃദയസാന്നിധ്യത്തോടെയും ഇഖ്‌ലാസോടെയും നിർവഹിക്കുമ്പോൾ ഇത് സാധ്യമാകും. മടിയില്ലാതെ, സജീവമായി ആരാധനകൾ കൃത്യനിഷ്ഠയോടെയും പ്രവാചക ചര്യക്കനുസരിച്ചും നിർവ്വഹിക്കുക.
ഈ രീതിയിലുള്ള ക്ഷമക്ക് പ്രേരിപ്പിക്കുന്നത്, ആരാധനകൾ ചെയ്യുന്നതിലൂടെ ഇഹലോകത്തും പരലോകത്തും അല്ലാഹു വാഗ്ദാനം ചെയ്ത വലിയ പ്രതിഫലങ്ങളെക്കുറിച്ചുള്ള ചിന്തയാണ്. ആരാധനകളിൽ ഈ രീതിയിൽ ക്ഷമ പാലിക്കുന്നയാൾക്ക് അല്ലാഹുവുമായുള്ള സാമീപ്യത്തിന്റെ പദവിയിലെത്താൻ സാധിക്കും. അപ്പോൾ ആരാധനകളിൽ അവന് വിവരിക്കാനാകാത്ത മധുരവും ആനന്ദവും സമാധാനവും അനുഭവപ്പെടും. ഈ ഭാഗ്യം ലഭിക്കുന്ന ഒരാൾ അല്ലാഹുവല്ലാത്ത മറ്റൊന്നിലും സമാധാനം കണ്ടെത്താൻ പാടുള്ളതല്ല.
രണ്ട്: പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും ക്ഷമ പാലിക്കുക. പാപസാഹചര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും അവയെ വെടിയുകയും ചെയ്യുക. മനസ്സ് തെറ്റുകളിലേക്ക് ചായുന്നത് തടയുക.
കാരണം, പാപങ്ങളിലേക്കുള്ള ആദ്യപടി വളരെ അപകടം പിടിച്ചതാണ്. മുമ്പ് ചെയ്തുപോയ പാപങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഹൃദയത്തിൽ ഭയമോ പശ്ചാത്താപമോ തോന്നുന്നുവെങ്കിൽ അത് നല്ലതാണ്; എങ്കിൽ ആ പാപം ഉപേക്ഷിക്കുന്നത് കൂടുതൽ എളുപ്പമാകും. ഈ ക്ഷമക്ക് പ്രേരിപ്പിക്കുന്നത്, തെറ്റുകൾ ചെയ്താൽ അല്ലാഹു താക്കീത് നൽകിയ ഇഹലോകത്തെയും പരലോകത്തെയും ശിക്ഷകളെക്കുറിച്ചുള്ള ഭയമാണ്. ഈ രീതിയിൽ പാപങ്ങളിൽ നിന്ന് ആരെങ്കിലും ക്ഷമയോടെ വിട്ടുനിന്നാൽ, മുമ്പ് ചെയ്ത സകല തെറ്റുകളിൽ നിന്നും അല്ലാഹു അവനെ ശുദ്ധീകരിക്കുകയും ആദരിക്കുകയും ചെയ്യും. അങ്ങനെ നരകപ്രവേശം അവന് ഏറ്റവും അകലെയായിത്തീരും.
മൂന്ന്: പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും ക്ഷമ പാലിക്കുക.
ഇത് രണ്ട് തരത്തിലുണ്ട്: ഒന്നാമത്തേത്: രോഗങ്ങൾ, പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, പ്രിയപ്പെട്ടവരുടെയോ സുഹൃത്തുക്കളുടെയോ മരണം എന്നിവ പോലെ മനുഷ്യരുടെ ഇടപെടലുകളില്ലാതെ അല്ലാഹുവിൽ നിന്ന് നേരിട്ടുണ്ടാകുന്ന പരീക്ഷണങ്ങൾ. പരിഭവവും വേവലാതിയും ഉപേക്ഷിക്കുക വഴി ഇത് സാധ്യമാകും. സൃഷ്ടികളോട് പരാതി പറയാതിരിക്കുക.
രോഗാവസ്ഥയിൽ ഡോക്ടറോട് രോഗവിവരം പറയുന്നതോ, സങ്കടം കൊണ്ട് കണ്ണ് നിറയുന്നതോ ഈ ക്ഷമക്ക് വിരുദ്ധമല്ല. എന്നാൽ മുഖത്തടിക്കുക, വസ്ത്രം കീറുക, ഉറക്കെ നിലവിളിക്കുക തുടങ്ങിയവ ക്ഷമക്ക് വിരുദ്ധമാണ്.
ഈ ക്ഷമക്ക് പ്രേരിപ്പിക്കുന്നത്, പരിഭവിച്ചിട്ട് കാര്യമില്ലെന്ന തിരിച്ചറിവാണ്; പരിഭവിക്കുന്നത് പ്രതിഫലം നഷ്ടപ്പെടുത്താനും ശിക്ഷക്ക് കാരണമാകാനും മാത്രമേ ഉപകരിക്കൂ. സൃഷ്ടികളോടുള്ള പരാതികൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല, കാരണം അവർക്ക് സ്വന്തം കാര്യത്തിൽ പോലും നന്മ വരുത്താൻ കഴിയില്ല. സർവ്വ അധികാരങ്ങളും ഉള്ള അല്ലാഹുവിൽ സർവ്വവും സമർപ്പിക്കുകയാണ് വേണ്ടത്. പ്രയാസങ്ങളിൽ ക്ഷമിക്കുന്നത് വഴി പാപങ്ങൾ പൊറുക്കപ്പെടുമെന്നും പദവികൾ ഉയരുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്: "ഭയം, വിശപ്പ്, ധനനഷ്ടം, ജീവനഷ്ടം, വിഭവനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം ഘട്ടങ്ങളിൽ ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക... അവർക്കാണ് തങ്ങളുടെ നാഥനിൽ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവുമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ചവർ."
ഈ അവസ്ഥയിൽ അല്ലാഹുവിൻ്റെ വിധിക്ക് പൂർണ്ണമായി കീഴടങ്ങുന്നവർക്ക് അല്ലാഹു ഒരു പ്രത്യേക മധുരവും സംതൃപ്തിയും നൽകും.
രണ്ടാമത്തേത്: മനുഷ്യരിൽ നിന്ന് ഉണ്ടാകുന്ന ശല്യങ്ങൾ, ആക്ഷേപങ്ങൾ, ധനപരമായോ ശാരീരികമായോ ഉള്ള ഉപദ്രവങ്ങൾ എന്നിവ നേരിടുമ്പോഴുള്ള ക്ഷമ. മനസ്സിനെ വേദനിപ്പിച്ചവരോട് പ്രതികാരം ചെയ്യാതിരിക്കുക, അവർക്ക് തിന്മ ആഗ്രഹിക്കാതിരിക്കുക, നാവിനെ ശാപവാക്കുകളിൽ നിന്ന് തടയുക, ക്ഷമിക്കുകയും മാപ്പേകുകയും ചെയ്യുക എന്നിവയിലൂടെയാണ് ഈ ക്ഷമ പൂർണ്ണമാകുന്നത്.
ഇതിന് പ്രേരിപ്പിക്കുന്നത് കോപം വിഴുങ്ങുന്നതിന്റെയും, ആളുകൾക്ക് മാപ്പ് കൊടുക്കുന്നതിന്റെയും പുണ്യത്തെക്കുറിച്ചുള്ള അറിവാണ്. അല്ലാഹു പറയുന്നു:
"ആരെങ്കിലും മാപ്പുനൽകുകയും സന്ധിയാകുകയും ചെയ്താൽ അവന്റെ പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാണ്. തീർച്ചയായും അവൻ അക്രമികളെ ഇഷ്ടപ്പെടുന്നില്ല."
മറ്റൊരു വചനത്തിൽ പറയുന്നു:
"തീർച്ചയായും ഒരാൾ ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്താൽ, തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാണ്."
തിരുനബി(സ) പറഞ്ഞു:"ഒരു അടിമ കോപം വിഴുങ്ങുകയാണെങ്കിൽ, അവന്റെ ഉള്ളിൽ അല്ലാഹു ഈമാനും സമാധാനവും നിറക്കാതിരിക്കില്ല."
മറ്റൊരു ഹദീസിൽ പറയുന്നു: "അന്ത്യനാളിൽ ഒരു വിളംബരക്കാരൻ വിളിച്ചുപറയും: അല്ലാഹുവിങ്കൽ പ്രതിഫലം ഉള്ളവർ എഴുന്നേറ്റ് നിൽക്കട്ടെ! അപ്പോൾ ജനങ്ങൾക്ക് മാപ്പ് നൽകിയവരല്ലാതെ മറ്റാരും എഴുന്നേൽക്കുകയില്ല."
ഈ രീതിയിൽ ക്ഷമിക്കുന്നവരെ അല്ലാഹു ഉത്തമ സ്വഭാവം നൽകി ആദരിക്കും.
തിരുനബി(സ) പറഞ്ഞു: "മീസാനിൽ സൽസ്വഭാവത്തേക്കാൾ ഭാരമുള്ള മറ്റൊന്നുമില്ല. സൽസ്വഭാവമുള്ളവൻ നോമ്പുകാരന്റെയും രാത്രി നിസ്കരിക്കുന്നവന്റെയും പദവിയിലെത്തും."
അവിടുന്ന് വീണ്ടും പറഞ്ഞു: "അന്ത്യനാളിൽ നിങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരും എന്നോട് ഏറ്റവും അടുത്ത സദസ്സിലിരിക്കുന്നവരും നിങ്ങളിൽ ഏറ്റവും ഉത്തമ സ്വഭാവമുള്ളവരായിരിക്കും."
ഇബ്നുൽ മുബാറക്(റ) പറഞ്ഞു: "സൽസ്വഭാവം എന്നാൽ പ്രസന്നമായ മുഖവും, നന്മ ചെയ്യലും, ഉപദ്രവങ്ങൾ തടയലുമാണ്."
ഇമാം ഗസ്സാലി (റ) പറഞ്ഞു: "സൽസ്വഭാവം എന്നത് മനസ്സിൽ ഉറച്ചുപോയ ഒരു ഭാവമാണ്, അതിൽ നിന്ന് പ്രയാസങ്ങളൊന്നുമില്ലാതെ സ്വാഭാവികമായി നല്ല കാര്യങ്ങൾ പുറത്തുവരും."
നാല്: ആഗ്രഹങ്ങളിൽ നിന്നും ഇച്ഛകളിൽ നിന്നും ക്ഷമ പാലിക്കുക.
ഇഹലോകത്തെ അനുവദനീയമായ സുഖഭോഗങ്ങളിലേക്ക് മനസ്സ് തിരിയുമ്പോൾ അതിനെ നിയന്ത്രിക്കലാണിത്.
ദുനിയാവിന്റെ മോഹങ്ങളെക്കുറിച്ചുള്ള അമിത ചിന്തകളിൽ നിന്ന് മനസ്സിനെ തടയുക. ഭൗതിക സുഖങ്ങൾ അമിതമായി ആസ്വദിക്കുന്നതിൽ നിന്ന് ശരീരത്തെ പിന്തിരിപ്പിക്കുക.
ഈ ക്ഷമക്ക് പ്രേരിപ്പിക്കുന്നത് ഭൗതിക സുഖങ്ങളിൽ മുഴുകുന്നത് വഴി അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളിൽ നിന്നും ആരാധനകളിൽ നിന്നും മനസ്സ് തെറ്റിപ്പോകുമെന്ന തിരിച്ചറിവാണ്. കൂടാതെ സംശയകരമായ കാര്യങ്ങളിലും ഹറാമുകളിലും ചെന്നുചാടാൻ ഇത് കാരണമാകും. ദുനിയാവിനോടുള്ള അമിത പ്രേമത്തെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കാൻ ഇത് സഹായിക്കും.
അബൂ സുലൈമാൻ അദ്ദാറാനി (റ) പറഞ്ഞു: "മനസ്സിന്റെ ഒരു ആഗ്രഹത്തെ അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുന്നത് ഒരു വർഷത്തെ ആരാധനയേക്കാൾ ഹൃദയത്തിന് കൂടുതൽ പ്രയോജനകരമാണ്."
ആഗ്രഹങ്ങളിൽ നിന്ന് ക്ഷമ കൈക്കൊള്ളുന്നവനെ അല്ലാഹു ദുനിയാവിനോടുള്ള പ്രേമത്തിൽ നിന്ന് മോചിപ്പിക്കും. ചില ആരിഫീങ്ങൾ പറയാറുള്ളതുപോലെ: "എന്റെ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിക്കാൻ എനിക്ക് സാധിച്ചു, ഇപ്പോൾ എനിക്ക് യാതൊരു ആഗ്രഹവുമില്ലാത്ത അവസ്ഥയാണുള്ളത്." വബില്ലാഹിത്തൗഫീഖ് !.