മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.

വായിക്കാം:

നല്ല കാര്യങ്ങൾക്കോ അത്യാവശ്യങ്ങൾക്കോ അല്ലാതെ നിങ്ങൾ എവിടേക്കും പോകരുത്. നടക്കുമ്പോൾ അമിതമായ ധൃതി കാണിക്കരുത്. നടത്തത്തിൽ അഹങ്കാരമോ ഗർവ്വോ പാടില്ല; അങ്ങനെയുണ്ടായാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നും നിങ്ങൾ അകന്നുപോകും. മറ്റുള്ളവർ നിങ്ങളുടെ മുന്നിലൂടെ നടക്കുന്നതിനെ നിങ്ങൾ വെറുക്കരുത്. അതുപോലെ മറ്റുള്ളവർ നിങ്ങളെ അനുഗമിച്ച് നിങ്ങളുടെ പിന്നാലെ നടക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുകയുമരുത്. കാരണം, അതൊക്കെ അഹങ്കാരികളുടെ സ്വഭാവമാണ്. നടക്കുമ്പോൾ അമിതമായി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുനോക്കരുത്. വെറും കൗതുകത്തിന് വേണ്ടി മാത്രം വഴിയിൽ നിൽക്കുകയും അരുത്.
മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.

നിങ്ങൾ ഇരിക്കുമ്പോൾ ഔറത്ത് വെളിപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഖിബ്‌ലക്ക് നേരെ തിരിഞ്ഞ്, തികഞ്ഞ ഭയഭക്തിയോടും വിനയത്തോടും കൂടി വേണം ഇരിക്കാൻ. ഇരിക്കുന്നിടത്ത് വെച്ച് അമിതമായി ഇളകുകയോ അനാവശ്യമായി ശരീരം ചലിപ്പിക്കുകയോ അടിക്കടി എഴുന്നേറ്റ് പോവുകയോ ചെയ്യാതിരിക്കുക.

അമിതമായി ചൊറിയുക, ഏമ്പക്കം വിടുക, ആളുകളുടെ മുഖത്തേക്ക് നോക്കി കോട്ടുവായ ഇടുക എന്നിവ തീർത്തും ഒഴിവാക്കുക. ഇനി നിങ്ങൾക്ക് കോട്ടുവായ വരികയാണെങ്കിൽ, നിങ്ങളുടെ ഇടതു കൈകൊണ്ട് വായ പൊത്തിപ്പിടിക്കുക.

അമിതമായി ചിരിക്കുന്നത് നിങ്ങൾ സൂക്ഷിക്കുക; കാരണം അത് ഹൃദയത്തെ നിർജീവമാക്കും. നിങ്ങളുടെ ചിരി ഒരു പുഞ്ചിരിയായി ചുരുക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അങ്ങനെ ചെയ്യുക. ഒരു സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുൻപായി ഇങ്ങനെ പ്രാർത്ഥിക്കുക:
 سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلٰهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ.
(അല്ലാഹുവേ, നീ എത്രയോ പരിശുദ്ധൻ, നിന്നെ ഞാൻ സ്തുതിക്കുന്നു, നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, നിന്നോട് ഞാൻ പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു). ഇങ്ങനെ ആരെങ്കിലും ചൊല്ലിയാൽ ആ സദസ്സിൽ വെച്ചുണ്ടായ പാപങ്ങൾ അവന് പൊറുക്കപ്പെടുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ ഉറങ്ങാൻ ഉദ്ദേശിച്ചാൽ, എല്ലാ പാപങ്ങളിൽ നിന്നും തൗബ ചെയ്ത്, രാത്രി എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കണമെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഖിബ്‌ലയ്ക്ക് അഭിമുഖമായി വലതുവശം ചെരിഞ്ഞ് കിടക്കുക. എന്നിട്ട് ഈ പ്രാർത്ഥന ചൊല്ലുക:
بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِاسْمِكَ أَرْفَعُهُ، فَاغْفِرْ لِي ذَنْبِي، اللَّهُمَّ قِنِي عَذَابَكَ يَوْمَ تَجْمَعُ عِبَادَكَ.
(എന്റെ രക്ഷിതാവായ അല്ലാഹുവേ, നിൻ്റെ നാമത്തിൽ ഞാൻ എൻ്റെ പാർശ്വം താഴ്ത്തുന്നു, നിൻ്റെ നാമത്തിൽ തന്നെ ഞാനത് ഉയർത്തുകയും ചെയ്യുന്നു. അതിനാൽ എൻ്റെ പാപങ്ങൾ നീ പൊറുത്തുതരേണമേ. അല്ലാഹുവേ, നിന്റെ അടിമകളെ ഒരുമിച്ചുകൂട്ടുന്ന അന്ത്യദിനത്തിൽ നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാത്തുരക്ഷിക്കേണമേ) ഇത് മൂന്ന് തവണ ചൊല്ലുക.
തുടർന്ന് 
أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لَا إِلٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ وَأَتُوبُ إِلَيْهِ
എന്ന് (മൂന്ന് തവണ) ചൊല്ലുക. ശേഷം "സുബ്ഹാനല്ലാഹ്" എന്ന് മുപ്പത്തിമൂന്ന് തവണയും, "അൽഹംദുലില്ലാഹ്" എന്ന് മുപ്പത്തിമൂന്ന് തവണയും, "അല്ലാഹു അക്ബർ" എന്ന് മുപ്പത്തിനാല് തവണയും ചൊല്ലുക. ഉറങ്ങുന്നതിന് മുമ്പ് ചൊല്ലേണ്ട മറ്റ് ദിക്റുകളും ദുആകളുമുണ്ട്. അവയൊന്നും നിങ്ങൾ അവഗണിക്കരുത്. വുളൂഓടെയല്ലാതെ നിങ്ങൾ ഉറങ്ങാൻ കിടക്കരുത്. അല്ലാഹുവിന് ദിക്റുകൾ ചൊല്ലി ഉറക്കത്തിലേക്ക് വീഴാൻ ശ്രമിക്കുക. 

വളരെ മൃദുവായ കിടക്കകളിൽ ഉറങ്ങുന്നത് ശീലമാക്കരുത്; കാരണം, അത് നിങ്ങളെ അമിതമായി ഉറങ്ങാനും രാത്രി നിസ്കാരം ഉപേക്ഷിക്കാനും പ്രേരിപ്പിക്കും. രാത്രി എഴുന്നേറ്റ് നിസ്കരിക്കുന്നവർക്ക് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള മഹത്തായ പ്രതിഫലം നാളെ പരലോകത്ത് വെച്ച് കാണുമ്പോൾ നിങ്ങൾക്ക് വലിയ ദുഃഖവും നിരാശയും ഉണ്ടാകും.

നബി(സ) പറഞ്ഞിട്ടുണ്ട്: "മനുഷ്യരെല്ലാവരെയും ഒരൊറ്റ മൈതാനത്ത് ഒരുമിച്ചുകൂട്ടുപ്പെടുന്ന ദിവസം ഒരു വിളംബരക്കാരൻ ഇങ്ങനെ വിളിച്ചുപറയും: 'കിടപ്പറകൾ വെടിഞ്ഞ് രാത്രിയിൽ എഴുന്നേറ്റ് പ്രാർത്ഥിച്ചിരുന്നവർ എവിടെ?' അപ്പോൾ അവരെല്ലാവരും എഴുന്നേറ്റ് നിൽക്കും. അവർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അവർ യാതൊരു വിചാരണയുമില്ലാതെ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."

നബി(സ) വീണ്ടും പറഞ്ഞു: "സുലൈമാൻ നബി(അ)യുടെ മാതാവ് അദ്ദേഹത്തോട് ഇപ്രകാരം പറയുകയുണ്ടായി: 'എന്റെ പൊന്നുമോനേ, രാത്രിയിൽ നീ അധികം ഉറങ്ങരുത്; കാരണം രാത്രിയിൽ അമിതമായി ഉറങ്ങുന്നവൻ അന്ത്യനാളിൽ ദരിദ്രനായിട്ടായിരിക്കും വന്നെത്തുക.”

ഇമാം ഗസാലി(റ) പറയുന്നു: "രാവും പകലും കൂടി ഇരുപത്തിനാല് മണിക്കൂറാണ് ഉള്ളതെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിൽ എട്ടു മണിക്കൂറിൽ കൂടുതൽ നിങ്ങൾ ഉറങ്ങരുത്. നിങ്ങൾ അറുപത് വർഷം ജീവിക്കുകയാണെങ്കിൽ, അതിൽ ഇരുപത് വർഷവും (ആയുസ്സിന്റെ മൂന്നിലൊന്ന് ഭാഗം) ഉറങ്ങിക്കളയാൻ അത് തന്നെ ധാരാളമാണ്".

ചില സാഹചര്യങ്ങളിൽ വലതുവശം ചെരിഞ്ഞ് കിടക്കാനും അതേസമയം ഖിബ്‌ലയ്ക്ക് അഭിമുഖമായിരിക്കാനും ഒരുമിച്ച് സാധിച്ചില്ലെങ്കിൽ, വലതുവശം ചെരിഞ്ഞ് തന്നെ കിടക്കുക, എന്നാൽ ഖിബ്‌ലയ്ക്ക് പുറംതിരിയാതിരിക്കാൻ പരമാവധി ശ്രമിക്കുക. ഇനി നിങ്ങൾ ഉറങ്ങാനല്ല, മറിച്ച് വെറുതെ വിശ്രമിക്കാൻ വേണ്ടി മാത്രം കിടക്കുകയാണെങ്കിൽ ഇടതുവശം ചരിഞ്ഞ് കിടക്കുന്നതിൽ തെറ്റില്ല.

ഉച്ചസമയത്തുള്ള (ളുഹ്റിന് മുമ്പ്) ലഘുവായ ഉറക്കം (ഖൈലൂലത്ത്) രാത്രി എഴുന്നേറ്റ് നമസ്കരിക്കാൻ സഹായകമാണ്, അതിനാൽ അത് ശീലമാക്കുക.
സുബ്ഹിക്ക് ശേഷം ഉറങ്ങുന്നത് നിങ്ങൾ ഒഴിവാക്കുക; കാരണം അത് നിങ്ങളുടെ ഉപജീവനത്തെ (റിസ്ഖ്) തടയും. അതുപോലെ അസർ നിസ്കാരത്തിന് ശേഷം ഉറങ്ങുന്നത് ബുദ്ധിഭ്രമത്തിന് കാരണമാകും. ഇശാ നിസ്കാരത്തിന് മുൻപ് ഉറങ്ങുന്നത് രാത്രിയിൽ ഉറക്കമില്ലായ്മയ്ക്ക് കാരണമാകും.

നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളെ സന്തോഷിപ്പിക്കുന്ന നല്ല സ്വപ്നങ്ങളാണ് കാണുന്നതെങ്കിൽ അല്ലാഹുവിനെ സ്തുതിക്കുക. അതിന് നല്ലൊരു വ്യാഖ്യാനം നൽകുകയും ചെയ്യുക, എങ്കിൽ അതങ്ങനെ തന്നെ പുലരുന്നതാണ്. എന്നാൽ നിങ്ങളെ അലോസരപ്പെടുത്തുന്ന മോശം സ്വപ്നങ്ങളാണ് കാണുന്നതെങ്കിൽ, അതിലെ തിന്മയിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുക. തുടർന്ന് നിങ്ങളുടെ ഇടതുവശത്തേക്ക് മൂന്ന് തവണ (ഉമിനീരില്ലാത്ത രീതിയിൽ) തുപ്പുക, എന്നിട്ട് നിങ്ങൾ കിടക്കുന്ന വശം മാറി കിടക്കുക. ആ സ്വപ്നത്തെക്കുറിച്ച് മറ്റൊരാളോടും സംസാരിക്കരുത്; എങ്കിൽ അതൊരിക്കലും നിങ്ങൾക്ക് ഒരു ദോഷവും വരുത്തില്ല. ഇനി ആരെങ്കിലും നിങ്ങളോട് അവരുടെ ഒരു സ്വപ്നം വന്ന് പറയുകയാണെങ്കിൽ, അവർ നിങ്ങളോട് ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിങ്ങൾ അവരോട് സമ്മതം ചോദിക്കുകയോ ചെയ്യുന്നത് വരെ അതിന് വ്യാഖ്യാനം നൽകാൻ പാടുള്ളതല്ല.

Questions / Comments:



No comments yet.