സ്ത്രീ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയാണ് മരുമക്കത്തായം. ലോകത്ത് അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് ഈ രീതി പിന്തുടരുന്നത്. ഇന്ത്യയിലേക്ക് വന്നാൽ ലക്ഷ  ദ്വീപിലും കേരളത്തിലെ കണ്ണൂർ, മാഹി തുടങ്ങിയ പ്രദേശങ്ങളിലും ഈ കുടുംബ രീതി പിന്തുടരുന്നതായി കാണാം.

വായിക്കാം:

വിവാഹാനന്തരം സ്ത്രീ മാതാവിന്റെ കുടുംബത്തോടൊപ്പം ഒരംഗമായി ജീവിക്കുകയും, പെൺ താവഴിയിലൂടെ കുടുംബാംഗത്വം തീരുമാനിക്കുകയും ചെയ്യുന്ന രീതിയാണ് മരുമക്കത്തായം. ആണായാലും പെണ്ണായാലും പേരിനു മുന്നിൽ മാതൃതറവാടിന്റെ പേരാണ് ചേർക്കുക. കുട്ടികൾ മാതൃഭവനത്തിലായിരിക്കും വളരുന്നത്. കാരണവരായിരിക്കും കുടുംബ നേതൃത്വം വഹിക്കുന്നത്. ചുരുക്കത്തിൽ, ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബ വ്യവസ്ഥ എന്ന് പറയാം. ലോകമുസ്‌ലിംകള്‍ക്കിടയില്‍ എക്കാലത്തും മരുമക്കത്തായം അപൂര്‍വ്വമായെ നിലനിന്നിട്ടുള്ളൂ. 

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ജനവിഭാഗം, മലേഷ്യയിലെ നഗരിസമ്പിലാൻ, ശ്രീലങ്കയിലെ ഏകദേശം മൂന്ന് ജില്ലകളിലെങ്കിലും, അക്കരെ പറ്റ്, അംപാര, ബറ്റിക്കുലോത്ത് , ഇറാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചില പ്രദേശങ്ങളിലും മാത്രമാണ് മരുമക്കത്തായ സമ്പ്രദായം പിന്തുടരുന്നത്. പലരും അത് കൈവെടിയുകയും ചെയ്തു. ഏറ്റവും വലിയ മരുമക്കത്തായികളായ ഇന്തോനേഷ്യയിലെ മെനങ്കബാവു സമൂഹം മുസ്‌ലിം മരുമക്കത്തായ ജീവിതത്താല്‍ ഇന്നും സമൂഹശാസ്ത്രജ്ഞന്മാരുടെ പഠന വിഷയമാണ്. ഇന്ത്യയില്‍ ദീര്‍ഘ കാലമായി മരുമക്കത്തായം പിന്തുടരുന്ന രണ്ട് സമൂഹങ്ങളാണ് ലക്ഷദ്വീപിലെയും ഉത്തരകേരളത്തിലെയും മാപ്പിളമുസ്‌ലിംകള്‍. ലക്ഷദ്വീപുകളിൽ ഇന്നും നിലനില്‍ക്കുന്ന മരുമക്കത്തായത്തെക്കുറിച്ച് ലീലാദുബെ (1969), എ.ആര്‍ കുട്ടി (1972), കെ.പി ഇട്ടാമന്‍ (1976), മന്നാടിയാര്‍ എന്‍.എസ് (1977), ഇംതിയാസ് അഹമ്മദ് (1976) തുടങ്ങിയവരുടെ പഠനങ്ങൾ ശ്രദ്ധേയമാണ്. 

മരുമക്കത്തായം പൂര്‍ണ്ണമായോ ഭാഗികമായോ പിന്തുടരുന്നവരാണ് ഉത്തരകേരളത്തിലെ തീരദേശ മുസ്‌ലിംകളായ മാപ്പിളമാര്‍. കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, പൊന്നാനി  പ്രദേശങ്ങളിലെ ഒരു വിഭാഗം മുസ്‌ലിംകള്‍ മൂന്ന് നൂറ്റാണ്ടുകളിലധികമായി മരുമക്കത്തായികളാണെന്ന് കണക്കാക്കപ്പെടുന്നു. അരനൂറ്റാണ്ട് കാലം വരെയും പെണ്‍താവഴിയില്‍ കുടുംബാംഗത്വവും സ്വത്തവകാശവും നിര്‍ണയിച്ച് ഒരു സവിശേഷ സമൂഹമായി കഴിഞ്ഞവരാണ് മലബാറിലെ മരുമക്കത്തായികൾ.വയസ്സായി മരിച്ചാല്‍പോലും പള്ളിപ്പറമ്പിലെ ഖബറിടം ചൂണ്ടി ഇത് പുതിയാപ്പിളയുടെ ഖബറാണ് എന്ന വിശേഷണമാണ് ഏറെ രസകരം. കാലാന്തരങ്ങളിൽ, മരുമക്കത്തായ വ്യവസ്ഥ നിയമ നടപടികളും മതപരമായ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ മുസ്ലിം മരുമക്കത്തായികളെ കുറിച്ച് അലീന സെബാസ്റ്റ്യൻ (2016), മഹ്മൂദ് കൂരിയ തുടങ്ങിയവരുടെ പഠനം ശ്രദ്ധേയമാണ്. മക്കത്തായ രീതിയിൽ നിന്നും വ്യത്യസ്ഥമായ മരുമക്കത്തായം ഇന്നും സുദൃഢമായി പിന്തുടർന്ന് പേരുന്നവരുമുണ്ട്. 

മരുമക്കത്തായത്തിന്റെ ആവിർഭാഗം 

മലബാറിലെ ഹിന്ദുക്കളില്‍ 26 വിഭാഗങ്ങള്‍ മരുമക്കത്തായവും അത്രതന്നെ മക്കത്തായവും ആചരിച്ചിരുന്നവരായിരുന്നുവെന്ന് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പറയുന്നു. ഹിന്ദുക്കളില്‍ അംഗസംഖ്യകൊണ്ട് വര്‍ധനവുള്ള ഈഴവ സമുദായം വടക്കേ മലബാറില്‍ മരുമക്കത്തായവും തെക്കേ മലബാറിലും തിരുവിതാംകൂറിലും മക്കത്തായവും ആചരിച്ചു. എ.ഡി പത്താം നൂറ്റാണ്ടിന് ശേഷമാണ് കേരളീയ രാജവംശങ്ങളില്‍ ഈ സമ്പ്രദായം ആവിര്‍ഭവിച്ചത്. സാമൂതിരി, ചിറക്കല്‍ രാജാവ് തുടങ്ങിയ ഭരണാധികാരികളെല്ലാം മരുമക്കത്തായികളാണ്.

സാമൂതിരി ഭരണത്തിന്റെ ഉദയത്തോടെ മലബാറിലെ തീരപ്രദേശങ്ങളും അറേബ്യന്‍ നാടുകളും തമ്മില്‍ വ്യാപാര ബന്ധം സുദൃഡമായതിനെ തുടര്‍ന്ന് പതിനാലാം നൂറ്റാണ്ടോടെയാണ് കാസര്‍ഗോഡ്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളിലെ മുസ്‌ലിംകളില്‍ മരുമക്കത്തായ സമ്പ്രദായം വ്യാപിച്ചത്. മറ്റു മുസ്‌ലിംകളില്‍ നിന്ന് വ്യത്യസ്തമായി കുടുംബ ഘടനയിലും ക്രയവിക്രയങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും  ഇവര്‍ പല സവിശേഷതകള്‍ വെച്ചുപുലര്‍ത്തി. ഈ കാലഘട്ടത്തില്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ പറങ്കികള്‍ക്കെതിരെ നടന്ന ഒരു നൂറ്റാണ്ട് (1498-1598) യുദ്ധത്തില്‍ മുസ്‌ലിം സൈന്യവും നായര്‍ സൈന്യവും ഒന്നിച്ചാണ് പ്രതിരോധനിര തീര്‍ത്തത്. ഇക്കാലത്ത് ഇരു സമുദായങ്ങളും നിലനിര്‍ത്തിയ ബന്ധം ഇതര കാലഘട്ടങ്ങളെക്കാള്‍ ശക്തമായിരുന്നു. ഇത് ഒരു പരിധിവരെ ഇരു വിഭാഗങ്ങളുടെയും ആചാരങ്ങള്‍ പരസ്പരം വ്യാപിക്കാന്‍ ഹേതുവായിരിക്കാം. സാമൂതിരിയുടെ നേതൃത്വത്തില്‍ 1571ല്‍ ചാലിയത്ത് വച്ച് നടന്ന യുദ്ധത്തില്‍ പറങ്കികളെ തറപറ്റിച്ചത് ഈ കൂട്ടായ്മയുടെ വിജയമാണ്. 

മരുമക്കത്തായികളായ ഹൈന്ദവര്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനുശേഷം പഴയ രീതികള്‍ തുടര്‍ന്നുവന്നെന്നും, മരുമക്കത്തായ സമ്പ്രദായം ആചരിച്ചുവന്ന അറബികള്‍ കച്ചവടാവശ്യാർത്ഥം ഇവിടെ എത്തിയപ്പോൾ വൈവാഹിക ബന്ധത്തില്‍ ജനിച്ച സന്താന പരമ്പര പൂര്‍വാചാരം തുടര്‍ന്നതായിരിക്കാമെന്നും വിവിധ പക്ഷമുണ്ട്. വില്യം ലോഗന്റെ അഭിപ്രായത്തിൽ വടക്കെ മലബാറിൽ, മരുമക്കത്തായം പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സ്വീകരിക്കപ്പെട്ടതാണ്. വടക്കെ മലബാറിലെ മുസ്ലിംങ്ങൾ ഇസ്ലാം വളരുന്നതിന് മുമ്പ് തന്നെ മുരുമക്കത്തായം പിന്തുടരുന്നവരാണെന്ന് ലൂയിസ് മൂർ. എന്നാൽ, നായന്മാരുടെ കടന്ന് വരവിന് ശേഷമോ അല്ലെങ്കിൽ വ്യാപാരികളുമായുള്ള വിവാഹ ബന്ധത്തിന് ശേഷമോ ആണ് കേരളത്തിലേക്ക് മരുമക്കത്തായം എത്തിയത് എന്നാണ് സി എ ഇന്നസ് അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ മരുമക്കത്തായത്തിന്റെ ആവിർഭാവത്തെ കുറിച്ച് വിത്യസ്ഥങ്ങളായ വിക്ഷണങ്ങളും തർക്കങ്ങളും നിലനിൽക്കുന്നുണ്ട്.
                      
ഭര്‍തൃത്വ സമ്പ്രദായവും പെണ്‍താവഴിയിലുള്ള കുടുംബാംഗത്വ നിര്‍ണ്ണയവുമാണ് മരുമക്കത്തായത്തിന്റെ ആദിരൂപമെന്ന് മോര്‍ഗന്‍, ബെക്കാഫന്‍ എന്നീ നരവംശ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഹെന്റി മെയ്‌നിനെപ്പോലെയുള്ള നരവംശ ശാസ്ത്രജ്ഞാന്മാര്‍ പുരുഷാധിഷ്ഠിത കുടുംബ വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ രൂപം കൊണ്ട അപൂര്‍വ്വതയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഏംഗല്‍സ് മരുമക്കായത്തില്‍ നിന്നാണ് മക്കത്തായം ഉണ്ടായതെന്ന് വാദിക്കുന്നു. സ്വകാര്യ സ്വത്തവകാശവും  ചാരിത്ര്യ സങ്കല്‍പ്പവും കാരണമാണ് പുരുഷകേന്ദ്രീകൃത കുടുംബം ഉത്ഭവിച്ചതെന്ന് അവര്‍ നിരീക്ഷിക്കുന്നു. കാരണങ്ങളെന്തായാലും ലോകത്താകമാനം മക്കത്തായം നില നില്‍ക്കുന്ന കാലത്തും ചില സമൂഹങ്ങളില്‍ മരുമക്കത്തായം ആഘോഷമായിരുന്നു. അവര്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരുന്നുവെന്ന് മാത്രം. 

മരുമക്കത്തായം ഇസ്‌ലാമിൽ 

കേരളത്തിലോ, ലക്ഷദ്വീപിലോ മാത്രമല്ല ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ പല പ്രദേശങ്ങളിലും മരുമക്കത്തായ വ്യവസ്ഥ നിലനിന്നിരുന്നു. ഇന്ത്യൻ ഓഷ്യൻ സ്റ്റഡീസിലെ ഗവേഷകനായ മുഹമ്മദ് കൂരിയ പറയുന്നത് "ഇന്ന് മരുമക്കത്തായികളെ ബന്ധിപ്പിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ഇന്ത്യൻ മഹാസമുദ്രവും ഇസ്ലാമും ".പാട്രിയാർക്കികൽ സമൂഹത്തിൽ മരുമക്കത്തായം പിന്തുടരുന്നതിൽ വലിയ പരിമിതികളുണ്ട്. അതു കൊണ്ടുതന്നെ നിരന്തരം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടു മുണ്ട്. കുടുംബാധികാരവും താവഴി ക്രമവും സ്ത്രീകളിലൂടെ ആയതുകൊണ്ട്  പാട്രിയാർക്കിക്കൽ സമൂഹത്തിൽ ഇത് വേരു പിടിക്കാൻ ഏറെ പ്രയാസമാണ്. എങ്കിൽ പോലും മുസ്ലിമീങ്ങൾക്കിടയിൽ മരുമക്കത്തായം വെല്ലുവിളികളില്ലാതെ മുന്നോട്ടു പോകുന്നതിന്റെ കാരണം,ദായക്രമത്തിൽ ശരീരത്ത് രീതിയാണ് പിന്തുടരുന്നത് എന്നതാണ്. 
                    
വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ആദ്യകാല പണ്ഡിത ശ്രേഷ്ഠരും ആചരിക്കാത്ത ഈ ദുരാചാരത്തിനെതിരെ വാമൊഴിയായും വരമൊഴിയായും പല സമുദായപരിഷ്‌കര്‍ത്താക്കളും ശക്തമായി പോരാടിയിട്ടുണ്ട്.  ചരിത്രപരമായി, മരുമക്കത്തായ വ്യവസ്ഥകൾക്ക്  അറബ്, ആഫ്രിക്കൻ, ഇന്ത്യൻ, മലായ് തുടങ്ങിയ പ്രദേശങ്ങളിലെ മതപണ്ഡിതന്മാരിൽ നിന്ന് വിവർശനങ്ങൾ ഉണ്ടായതായി കാണാം.
സയ്യിദ് സനാഉല്ല മക്തി തങ്ങൾ അതിൽ പ്രധാനിയാണ്. അദ്ദേഹത്തിന്റെ ദൗത്യങ്ങള്‍ക്ക് പ്രോത്സാഹനവും ആനുകൂല്യങ്ങളും നല്‍കിയിരുന്ന അറക്കല്‍ സ്വരൂപത്തിന്റെ എതിര്‍പ്പുപോലും അവഗണിച്ച് ലേഖനങ്ങള്‍ എഴുതിയും പ്രഭാഷണങ്ങള്‍ നടത്തിയും പത്രങ്ങളില്‍ പരസ്യം നല്‍കിയും നിരന്തരം എതിർപ്പുകൾ പ്രകടിപ്പിച്ചു. മക്തി തങ്ങളും മുസ്‌ലിം സമുദായ നേതാക്കളില്‍ ഒരു വിഭാഗവും ഈ സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത് കാരണം ക്രമാനുഗതമായി പരിവര്‍ത്തനത്തിന് വിധേയമായി.മദ്രാസ്, കൊച്ചി, തിരുവിതാംകൂര്‍ നിയമ നിര്‍മാണ സഭകളില്‍ ഈ വിഷയം സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. തുടര്‍ന്ന് ഇതിനെതിരെ നിയമ നിര്‍മാണങ്ങള്‍ നടന്നു. 1937ല്‍ ശരീഅത്ത് ആക്ട് (മുസ്‌ലിം വ്യക്തിനിയമം) സെന്ററല്‍ അസംബ്ലി പാസാക്കിയതിനെ തുടര്‍ന്ന് മരുമക്കത്തായ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ക്കു പകരം ശരീഅത്ത് നിയമം മുസ്‌ലിംകള്‍ക്ക് ബാധകമായി. 
                     
എന്നാൽ ആദ്യ കാലം മുതൽക്കെ കോഴിക്കോടും പൊന്നാനിയിലും മറ്റു ചില പ്രദേശങ്ങളിലും മുസ്‌ലിംകളില്‍ ഈ സമ്പ്രദായം ഭാഗികമായേ നിലനിന്നിരുന്നുള്ളൂ എന്ന വായനയും ശ്രദ്ധേയമാണ്. ഭാര്യവീട്ടില്‍ അന്തിയുറങ്ങല്‍, സന്താനങ്ങള്‍ക്ക് പിതാവിന്റെ തറവാട് പേരിന് പകരം മാതാവിന്റെ തറവാട് പേര് ചേര്‍ക്കല്‍, വിവാഹ വേളകള്‍,മറ്റു ആചാരങ്ങൾ തുടങ്ങിയവകളില്‍ മരുമക്കത്തായ രീതിയാണ് തുടര്‍ന്നുവന്നത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വൈജ്ഞാനിക പരിപോഷണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നത് സ്ത്രീ മേധാവിത്വമാണ്. അപാകതകള്‍ ഉണ്ടെങ്കിലും കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ സുരക്ഷിതത്വവും സ്‌നേഹവും സംരക്ഷിക്കുന്ന രീതിയിലായിരുന്നു പല മരുമക്കത്തായ തറവാടുകളും നിലകൊണ്ടിരുന്നത്.

Questions / Comments:



No comments yet.