മുസ്‌ലിംകളിലെ മരുമക്കത്തായം സമ്പ്രദായത്തിൽ ഭർത്താവിനെ 'പുതിയാപ്ല' എന്നാണ് വിളിക്കുന്നത്. അത് ഒരു ആദരവിൻ്റെയും പരിഗണനയുടെയും കൂടി ഭാഗമാണ്. ജീവിതകാലം മുഴുവൻ ഭാര്യ വീട്ടുകാർക്ക് ഭർത്താവ് പേരിലും പരിഗണനയിലും പുതിയാപ്ല തന്നെയാണ്.
വായിക്കാം:
വിവാഹിതരായ സ്ത്രീകൾ അവരുടെ മാതൃപരമ്പരയായ തറവാട്ടിലാണ് താമസിച്ചിരുന്നത്. വിവാഹിതരായ പുരുഷന്മാർ ഭാര്യ വീട്ടിലും. ഭാര്യയുടെ തറവാട്ടിൽ അവർ ഭാര്യമാരോടൊപ്പം താമസിച്ചു. എന്നാൽ ഭാര്യ വീടും ജന്മവീടും തമ്മിൽ അയൽപക്ക അകൽച്ച മാത്രമാണ് ഉള്ളതെങ്കിൽ ഭർത്താവ് തൻ്റെ ജന്മവീടായ തറവാടിനും ഭാര്യയുടെ തറവാടിനും ഇടയിൽ തുല്യമായി രീതിയിൽ ചിലവഴിക്കണം. ഈ താമസ രീതിയെ ഡ്യുവോലോക്കൽ റെസിഡൻസ് എന്ന് വിളിക്കുന്നു . ഒരു പുരുഷന് തൻ്റെ ഭാര്യയെ സ്വന്തം തറവാട്ടിലേക്ക് സ്ഥിരമായി താമസിക്കാൻ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. 1980-കളിലെ ഗൾഫ് കുടിയേറ്റത്തെ തുടർന്നുണ്ടായ സാമ്പത്തിക മാറ്റങ്ങളും നിയമനിർമ്മാണ നടപടികളും ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള ദാമ്പത്യബന്ധം ശക്തിപ്പെടുത്തുന്ന നിയോലോക്കൽ റെസിഡൻസ് പാറ്റേണിൻ്റെ ആവിർഭാവത്തിന് വഴിയൊരുക്കി.
മാട്രിലീനിയൽ തറവാട്
മരുമക്കത്തായ വ്യസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് തറവാട്. മക്കത്തായ തറവാടുകളിൽ നിന്ന് ഇവക്ക് ഏറെ വ്യത്യാസങ്ങളുണ്ട്. തറവാട്ടിൽ കുടുംബാധികാരം കാരണവർക്കായിരിക്കും. സുപ്രധാന തിരുമാനങ്ങളെടുക്കുന്നതും കാരണവരുടെ സാനിധ്യത്തിലായിരിക്കും. മലബാറിലെയും ലക്ഷദ്വീപിലെയും മരുമക്കത്തായികളുടെ പ്രധാന ഉപജീവനമാർഗം കച്ചവടവും , മത്സ്യബന്ധനവും കൃഷിയുമായിരുന്നു. കോയ , കാൽമി, മേലാച്ചേറി എന്നീ വിഭാഗങ്ങൾ പ്രധാനികളാണ്. കോഴിക്കോട്ടെ കോയമാർ പ്രധാനമായും വ്യാപാരികളായിരുന്നു.
തറവാടുകളുടെ നിർമ്മാണത്തിലൂടെയാണ് കോയാസിൻ്റെ അഭിമാനകരമായ വ്യാപാര പാരമ്പര്യം യാഥാർത്ഥ്യമാകുന്നത്. മുന്നൂറ് വർഷം പഴക്കമുള്ള, മുപ്പത് മുറികൾ വരെ അടങ്ങുന്ന തറവാടുകൾ കോഴിക്കോടിൻ്റെ തീരപ്രദേശത്തിനടുത്തുള്ള ഈ വംശീയ പാരമ്പര്യത്തിൽ ഉണ്ടായിരുന്നു. ഭൂരിഭാഗം തറവാടുകളും ഇന്ന് പൊളിക്കുകയോ വിഭജിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ചിലത് മോശമായി പരിപാലിക്കപ്പെടുന്നു. തറവാടിൻ്റെ പരിപാലനം പ്രധാനമായും അതിലെ അംഗങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും അവരുടെ താൽപ്പര്യത്തെയും ആശ്രയിച്ചായിരിക്കും. യുവതലമുറ തറവാട് വിഭജനമാണ് ഇഷ്ടപ്പെടുന്നത്. ഒരു പ്രത്യേക വാസസ്ഥലം തരപ്പെടുത്താൻ കഴിയാത്ത സ്ത്രീ അംഗങ്ങൾ സ്വന്തം തറവാടിന്റെ ഭാഗമായി തുടരുന്നു. ഒരേ തറവാട്ടിൽ അഞ്ച് വിഭാഗങ്ങൾ വരെ താമസിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചില അംഗങ്ങൾ അവരുടെ ഭാഗം കോൺക്രീറ്റ് മേൽക്കൂരയും ടൈൽ വിരിച്ച തറയും ഉപയോഗിച്ച് നവീകരിക്കുന്നു. ഒരാളുടെ സാമ്പത്തിക ശേഷിയെ ആശ്രയിച്ച് അവർ അവരുടെ വിഭാഗത്തിനായി പ്രത്യേക ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങുന്നു. ചിലയിടങ്ങളിൽ പ്രത്യേക തരം കോളിംഗ് ബെല്ലും ആധുനിക ശൈലിയിലുള്ള ഗേറ്റും കാണാവുന്നതാണ്. അങ്ങനെ ഒരേ മേൽക്കൂരയിൽ, അവർ അണുകുടുംബങ്ങളായി താമസിക്കുന്നു. വ്യത്യസ്ത അടുക്കളകളിൽ പാചകം ചെയ്യുന്നു. ഒരേ തറവാടിൽ തന്നെ പണക്കാരനെയും ദരിദ്രനെയും കണ്ടുമുട്ടാം, വിവിധ സാമ്പത്തിക, രാഷ്ട്രീയ ആഭിമുഖ്യത്തിലുള്ള അംഗങ്ങളെയും കാണപ്പെടുന്നു.
നല്ലവരായ അംഗങ്ങൾ തറവാട് നവീകരിച്ച് പരിപാലിക്കുന്നു. ചില തറവാടുകൾക്ക് മാർക്കറ്റിൽ വാടകയ്ക്ക് നൽകിയ സംയുക്ത ഉടമസ്ഥതയിലുള്ള കടകൾ ഉണ്ട്. തറവാട് അറ്റകുറ്റപ്പണികൾക്ക് പണം കണ്ടെത്താനുള്ള മാർഗമാണിത്. പ്രത്യുത കടകളിൽ വ്യക്തിഗത ഉടമസ്ഥാവകാശം അവകാശപ്പെടാൻ കഴിയില്ല.
പുതിയാപ്ല സമ്പ്രദായവും സ്ത്രീ സുരക്ഷയും
പുതിയാപ്ല സമ്പ്രദായം മരുമക്കത്തായ മുസ്‌ലിംകളുടെ കുടുംബജീവിതത്തിന്റെ ആണിക്കല്ലാണ്. വിവാഹത്തോടെ പുതിയാപ്ലക്ക് ഭാര്യവീട്ടുകാര്‍ ആദരവ് നല്‍കിത്തുടങ്ങുന്നു. പുതിയാപ്ലക്കും ചങ്ങാതിമാര്‍ക്കും കുടുംബാഗങ്ങള്‍ക്കും വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നു.പല വീടുകളിലും വിവാഹാനന്തരം നാല്‍പത് ദിവസം തുടര്‍ച്ചയായി പുതിയാപ്ലക്ക് വിശേഷപ്പെട്ട പ്രഭാത ഭക്ഷണമാണ് നല്‍കാറുള്ളത്. നോമ്പുകാലത്ത് പുതിയാപ്ലയുടെ വീട്ടിലേക്ക് ഒരു കോള് കൊടുത്തയക്കുന്നു. പ്രത്യേക ഭക്ഷണ വിഭവങ്ങളായിരിക്കും അത്. ഗള്‍ഫ് കുടിയേറ്റം തുടങ്ങിയതോടെ പുതിയാപ്ലക്കുള്ള ‘യാത്രച്ചോറ്’ ഒരാചാരമായിത്തീര്‍ന്നിട്ടുണ്ട്. കാതുകുത്ത്, മാര്‍ക്കകല്യാണം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം മരുമക്കത്തായക്കാര്‍ ഭാര്യയുടെ വീട്ടില്‍ വിശേഷ വിഭവങ്ങളൊരുക്കുന്നു. ഗര്‍ഭകാലത്ത് ഭര്‍തൃവീട്ടുകാര്‍ ഭാര്യയുടെ വീട്ടിലേക്ക് പല ഘട്ടങ്ങളിലായി വിശേഷഭക്ഷണം 'പള്ളേല് കോള്’ കൊടുത്തയക്കുന്നു. മരുമക്കത്തായ മുസ്‌ലിംകള്‍ക്ക് സ്‌നേഹപ്രകടനത്തിന്റെയും ബഹുമാനത്തിന്റയും സവിശേഷഭാവമാണ് ഭക്ഷണം.
സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ എന്നും ആദരവ് ലഭിക്കുന്നു. പല വീടുകളിലും ഇന്നും അവരെ കടുത്ത ജോലികളില്‍ നിന്ന് ഒഴിവാക്കുന്നു. സ്ത്രീകള്‍ ഭര്‍തൃവീട്ടില്‍ വിശേഷ ദിവസങ്ങളിലേ താമസിക്കാറുള്ളൂ. അടുത്തടുത്ത വീടുകളില്‍ നിന്നാണ് ഏറെയും വിവാഹം നടക്കുക എന്നതിനാൽ ഭർത്താക്കന്മാർക്ക് സ്വന്തം വീടുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാൻ കഴിയുന്നു. കല്യാണം കഴിഞ്ഞ് ‘പുതിയോട്ടി’യെ ഭര്‍തൃവീട്ടില്‍ താമസിപ്പിക്കുന്ന ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ഭക്ഷണമൊരുക്കല്‍ ഒരാചാരമാണ്. സ്ത്രീകള്‍ക്ക് ഗൃഹഭരണത്തില്‍ അധികാരമുണ്ട്. തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് കാരണവത്തി. അവരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ വീട്ടുകാര്യങ്ങളിലും കല്യാണങ്ങളിലും തീരുമാനമെടുക്കുന്നു. മുതിര്‍ന്ന സ്ത്രീകളുടെ തീരുമാനം അവരുടെ സഹോദരന്മാര്‍ നടപ്പില്‍ വരുത്തുന്നു. ഇത് കുടുംബ ഭരണത്തിൻ്റെ സഹകരണ സ്വഭാവത്തിന് മാറ്റുകൂട്ടന്നു.
പെണ്ണധികാരം മരുമക്കത്തായത്തിന്റെ അഭിവാജ്യ ഘടകമായിരുന്നു പഴയകാലത്ത്. ഈ സമ്പ്രദായം ഒരു പരിധിവരെ അമ്മായിയമ്മ പോര് പോലുള്ള കലഹങ്ങളെ ഒഴിവാക്കുന്നുണ്ട്. സ്ത്രീകൾ ഏറ്റവും സുരക്ഷിതരായി സ്വന്തം കുടുംബത്തോടൊപ്പം കല്യാണ ശേഷവും താമസിക്കുന്നു എന്നത് പുതിയാപ്ല സമ്പ്രദായത്തിന്റെ വലിയ സവിശേഷതയാണ്.
വിവാഹ ചടങ്ങുകൾ
വിവാഹത്തിനുള്ള മുൻകൈ വരുന്നത് വധുവിൻ്റെ കുടുംബത്തിൽ നിന്നാണ്. അവിവാഹിതരായ സ്ത്രീകൾക്ക് വരനെ കണ്ടെത്തുന്നത് കാരണവരുടെ കടമയായി കണക്കാക്കപ്പെട്ടിരുന്നു. കാരണവരിൽ നിക്ഷിപ്തമായ അധികാരം പിതാവിൻ്റെ റോളിൽ കുറവു വരുത്തിയില്ല. മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു. വരനെ നിശ്ചയിച്ചുകഴിഞ്ഞാൽ, 'വാക്കു കൊടുക്കൽ' ചടങ്ങിനായി ഒരു ദിവസം നിശ്ചയിക്കും. ഇത് ഒരു പുരുഷ ചടങ്ങായി കണക്കാക്കുകയും വരൻ്റെ അടുത്ത ബന്ധുക്കളായ സ്ത്രീകളെയും ക്ഷണിക്കുകയും ചെയ്യുന്നു. ഇവിടെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഇരുപക്ഷത്തെയും കാരണവരായിരിക്കും.
കല്യാണം കഴിഞ്ഞതിന് ശേഷമാണ് വരന് കൂടുതലും വധുവിനെ കാണാൻ അവസരം ലഭിക്കുന്നത്. നിക്കാഹ് വരൻ്റെ വീട്ടിലാണ് നടക്കുക. കോയാമാരും മറ്റനേകം മാതൃ പാരമ്പര്യമുള്ള മാപ്പിളമാരും കല്യാണം എന്ന പ്രാദേശിക വിവാഹരീതി സ്വീകരിച്ചു. നിക്കാഹ് കൊണ്ട് മാത്രം വിവാഹം ഉറപ്പിച്ചതായി കണക്കാക്കില്ല. കല്യാണത്തിനു തിയ്യതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് വരൻ്റെ വീട്ടിലാണ് നടക്കുന്നത്. വിവാഹച്ചടങ്ങിനായി വരൻ വധുവിൻ്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് 'കിഴിപ്പണം' എന്ന് വിളിക്കപ്പെടുന്ന സ്ത്രീധനം നൽകിയിരുന്നു. കല്യാണത്തിൻ്റെ തലേദിവസം വധുവിനെ വർണ്ണാഭമായ വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും കൊണ്ട് ചമിയിക്കുന്നു. ഈ ചടങ്ങിനെ 'പൊന്നോപ്പിക്കൽ' എന്നാണ് വിളിച്ചിരുന്നത്.
കല്യാണ ചടങ്ങുകൾക്ക് ശേഷം, വധുവിൻ്റെ കുടുംബത്തിൽ വരനും കുടുംബവും ഉൾപ്പെടെ എല്ലാ അംഗങ്ങൾക്കും അത്താഴം വിളമ്പുന്നു. അത്താഴം കഴിഞ്ഞാൽ, വരനെ അലങ്കരിച്ച വധുവിൻ്റെ മുറിയിലേക്ക് കൊണ്ടുപോകും. മണവാട്ടി മുറിയുടെ അലങ്കാരം മാപ്പിള മുസ്ലീങ്ങളുടെ സാമൂഹിക പദവിയെ പ്രതിഫലിപ്പിക്കുന്നതാണ്. അവരുടെ സാമ്പത്തിക നിലയനുസരിച്ച്, വധുവിൻ്റെ മുറി അലങ്കരിക്കുന്നു. കല്യാണ ദിവസം രാത്രി ഭർത്താവിന്റെ വീട്ടിൽ നിന്ന് അത്താഴം കഴിച്ച ശേഷം ഭാര്യ വീട്ടുകാർ വന്ന് വരനെയും വധുവിനെയും വധുഗൃഹത്തിലേക്ക് കൊണ്ടു പോവുന്നു. വരൻ്റെ കുടുംബത്തിലെ സ്ത്രീകൾ വധുവിനെ വരൻ്റെ കുടുംബത്തിലേക്ക് ക്ഷണിക്കാൻ വരുകയും അവരെ വരന്റെ കുടുംബക്കാരുമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ വരന്റെ വീട്ടിലേക്ക് വധുവിനെ കൊണ്ടുപോകുന്ന ചടങ്ങിനെ ' പുതുക്കം' എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അവളുടെ വീട്ടിൽ തന്നെ അന്തിയുറക്കം തുടരുന്നു.
മരുമക്കത്തായ വ്യവസ്ഥയുടെ പല സവിശേഷതകളും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. തറവാട് പോലുള്ള പ്രധാനമായ പലഘടകങ്ങളും ഇന്ന് കാണാൻ കഴിയില്ല. എങ്കിൽ പോലും പുതിയാപ്ല സമ്പ്രദായം പോലുള്ള ചില പ്രത്യേകതകൾ മരുമക്കത്തായ വ്യവസ്ഥയുടെ നിലനിൽപ്പ് വിളിച്ചോതുന്നതാണ്. കാലക്രമേണ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും മരുമക്കത്തായ രൂപം ഇപ്പോഴും ആചരിച്ചു പോരുന്നവരുണ്ട്. വർത്തമാന സാഹചര്യത്തിൽ മുസ്ലിം മതവിശ്വാസികൾക്കിടയിൽ മാത്രമാണ് മരുമക്കത്തായം നിലനിൽക്കുന്നത്. ചരിത്രപരമായി മരുമക്കത്തായികൾ എന്ന് വിളിക്കാവുന്ന നായർ , നമ്പൂതിരി വിഭാഗത്തിൽ ഈ വ്യവസ്ഥ പാടെ ഇല്ലാതായിരിക്കുന്നു.