റിലീഫ് പ്രവര്‍ത്തനങ്ങള്‍, ആതുരാലയങ്ങള്‍, സ്നേഹസദനങ്ങള്‍, വിവിധ വിദ്യാഭ്യാസരംഗങ്ങൾ, മുസ്ലിം ധൈഷണിയെ ചടുലമാക്കിയ ഇർഫാദിലെ പലനാമങ്ങൾ, പാരമ്പര്യം പാന്ഥാവാക്കി അനേകം നൂതനാശയങ്ങളെ പകർന്ന പ്രബോധകൻ, ജനസേവകൻ. പലവരികളിലും വാമൊഴികളിലും വരച്ചുതീർക്കാനാവാത്തതാണ് പി എം കെ എന്ന മൂന്നക്ഷരത്തിന്റെ പൂർണ്ണം.

"റബ്ബേ….ഈ സമയത്ത് എൻ്റെ പി എംകെ ഉണ്ടായിരുന്നെങ്കിൽ"

 മതസംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു സുന്നി ഗ്രൂപ്പിൽ, ദിവസങ്ങൾക്കു
 മുമ്പ് നടന്നൊരു ചർച്ചക്കിടയിൽ ചിന്തകനും വാഗ്മിയുമായ ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി
 ഉസ്താദ് കുറിച്ച വാക്കുകളാണിത്. ഇസ്‌ലാം പ്രബോധന മേഖലയിൽ നേരിടുന്ന പ്രധാന
 വെല്ലുവിളിയെ ചൂണ്ടി കാണിച്ചപ്പോൾ, പോയക്കാലത്തെ, പലർക്കും
 ഓർമപ്പെടുത്താനുണ്ടായത് പി.എം.കെ എന്ന വ്യക്തിയെയായിരുന്നു. അങ്ങനെയാണ്
 പ്രബോധനവഴിയിൽ ഇന്നും വഴികാട്ടിയാവാൻ മാത്രം എന്ത് പ്രത്യേകതയാണ് പി എം കെ
 ഉസ്താദിൻ്റെ ജീവിതത്തിലുള്ളതെന്നറിയാൻ വേണ്ടി ആ ജീവിത താളുകൾ മറിച്ചു
 നോക്കുന്നത്. മനസ്സിലായത് ഒരൊറ്റ കാര്യം മാത്രം 'പി.എം.കെ ഉസ്താദ് വ്യക്തിയല്ല
 ഒരു പ്രസ്ഥാനമായിരുന്നു'.

ജീവിതം

 1956 ആഗസ്റ്റ് 10ന് മലപ്പുറം ജില്ലയിലെ മോങ്ങത്താണ് പി.മുഹമ്മദ് കുട്ടി എന്ന
 പി.എം.കെ ജനിച്ചത്. പിതാവ് പൂന്തല മുഹമ്മദ് ഷായുടെ മകന്‍ മുഹ്‌യദ്ദീന്‍. മാതാവ്
 ചേനാട്ടു കുഴി മരയ്ക്കാര്‍ മുല്ല മകള്‍ ബിയ്യാത്തുമ്മ.
 
 1968ൽ മോങ്ങത്തെ ഇർശാദുസ്സിബിയാൻ മദ്റസയിൽ നിന്നും ഏഴാം തരം പൂർത്തിയാക്കി.
 കൊടുവള്ളി സിറാജുൽ ഹുദയിൽ നിന്നാണ് പ്രാഥമിക കിതാബുകൾ ഓതിയത്. തുടർന്ന്
 കുറ്റിച്ചിറ ജലാലിയ്യയിലും പഠിച്ചു. ഇതിനു ശേഷമാണ് കെ.സി ജമാലുദ്ദീൻ
 മുസ്ലിയാർക്കൊപ്പം വെട്ടിച്ചിറയിൽ ദർസിൽ ചേർന്നത്. പിന്നീട് ജാമിഅ അൻവരിയ്യയായി
 ഉയർന്നുവന്ന അവിടെ 1971 ഡിസംബർ നാലിലാണ് അഡ്മിഷൻ ലഭിക്കുന്നത്. 1977ൽ പട്ടിക്കാട്
 ജാമിഅ നൂരിയ്യയിൽ നിന്ന് ബിരുദം വാങ്ങി. കുറച്ചുകാലം ചിലയിടങ്ങളിലൊക്കെ ദർസ്
 നടത്തി.1993ല്‍ കെയ്റോവിലെ അല്‍ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്‌ലാമിക്
 ദഅ്‌വാ കോഴ്‌സ് പൂര്‍ത്തിയാക്കി. തുടർന്ന് വില്യാപള്ളി, കൊളത്തൂര്‍, ഉമ്മത്തൂര്‍,
 വടക്കേകാട്, കൊണ്ടോട്ടി ബുഖാരി ദഅവാ കോളജ് എന്നിവിടങ്ങളില്‍ അധ്യാപനം
 നടത്തുകയുണ്ടായി.

 പഠനകാലത്ത് തന്നെ വായന, പഠനം, അപഗ്രഥനം, പ്രസംഗം, സംവാദം, എഴുത്ത് ഇങ്ങനെ എല്ലാ
 മേഖലകളിലും ഉസ്താദ് മികച്ചു നിന്നിരുന്നു. യു.പി. മുഹമ്മദ് മൊല്ല മോങ്ങം, അലി
 ഹസന്‍ മുസ്‌ലിയാർ (ഒഴുകൂര്‍), ടി.പി. മൊയ്തീന്‍കുട്ടി മുസ്‌ലിയാർ(തൃപ്പനച്ചി),
 സി.എച്ച്.അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ (കൊടുവള്ളി), കുഞ്ഞു മുസ്‌ലിയാർ (വളമംഗലം),
 വി.പി. സൈദു മുഹമ്മദ് നിസാമി, കെ.സി.ജമാലുദ്ദീന്‍ മുസ്‌ലിയാർ, കെ.പി. മുഹമ്മദ്
 മുസ്‌ലിയാർ കൊമ്പം, വി.പി. ഇബ്രാഹീം മുസ്‌ലിയാർ(മോളൂര്‍), വി.പി. ഉണ്ണീന്‍കുട്ടി
 മുസ്‌ലിയാർ(വല്ലപ്പുഴ), ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാർ, കോട്ടുമല അബൂബക്കര്‍
 മുസ്‌ലിയാർ, കെ.കെ. അബൂബക്കര്‍ ഹള്‌റത്ത്, സയ്യിദ് മുഹമ്മദ് അലവി മാലിക്കി, ഡോ.
 മുസ്ത്ഥഫാ മുഹമ്മദ് അശ്ശക്അ (മിസ്ർ), ഡോ. അബ്ദുല്‍അസീസ് ഇസ്സത്ത് (മിസ്ർ)
 എന്നിവര്‍ ഗുരുനാഥന്‍മാരാണ്.

 കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാർ, സയ്യിദ് ഹിബത്തുല്ലാഹ് തങ്ങള്‍ (ബുഖാറ,
 കടപ്പുറം), സയ്യിദ് അബ്ദുർറഹ്‌മാൻ കുഞ്ഞിക്കോയ തങ്ങള്‍ (ഉള്ളാൾ) എന്നിവര്‍ ആത്മീയ
 ഗുരുക്കന്‍മാരാണ്.

പ്രബോധനം


 പ്രബോധന മേഖലയിൽ ഉസ്താദ് സ്വീകരിച്ച രീതി മാതൃകാപൂർണ്ണവും വേറിട്ടതുമായിരുന്നു.
 'പ്രസംഗങ്ങളേക്കാളധികം പ്രവർത്തനമെന്ന' കാഴ്ച്ചപ്പാടിനാണ് ഉസ്താദ് ഊന്നൽ നൽകിയത്.
 അതിനാൽ ഫീൽഡ് ദഅവ എന്ന മേഖലക്ക് വളരേയധികം പ്രാധാന്യം കൽപ്പിക്കുകയുണ്ടായി. മലയോര
 മേഖലയിൽ ക്രിസ്ത്യൻ മിഷണറിമാർ ഉണർന്നു പ്രവർത്തിച്ചിരുന്ന കാലമായിരുന്നു അത്. പണം
 കൊടുത്തും മറ്റും മുസ്‌ലിം സമുദായത്തിലെ പലരെയും മതപരിവർത്തനത്തിന് പ്രലോഭനം
 ചെലുത്തിയപ്പോൾ അവയെ ഉസ്താദ് സധൈര്യം ചെറുത്തുനിന്നു. ഭക്ഷണവും വസ്ത്രവും
 മരുന്നുമായി അവരിലേക്ക് കടന്നുചെന്ന് ഇസ്‌ലാമിൻ്റെ സുന്ദര ആശയങ്ങൾ പഠിപ്പിച്ച്
 അതിൽ തന്നെ അടിയുറച്ച് നിൽക്കാനുള്ള ധൈര്യം പകർന്ന് കൊടുക്കുകയായിരുന്നു. ആ
 നിശ്ചയദാർഢ്യമായിരുന്നു അവിടത്തെ മുസ്‌ലിം സമുദായത്തെ അടിയുറച്ച വിശ്വാസികളാക്കി
 തീർത്തത്.

 പാലക്കാടൻ മേഖലകളിലെ ഫീൽഡ് ദഅവയെ കുറിച്ചും അന്നത്തെ സാഹചാര്യത്തെ കുറിച്ചും
 ഉസ്താദിൻ്റെ കൂടെയുണ്ടായിരുന്ന സന്തത സഹചാരികൾ തന്നെ പറയുന്നുണ്ട്. പലപ്പോഴും
 റമളാനിൽ നോമ്പ് തുറക്ക് ആൾക്കാരെ കാവലിരുത്തേണ്ടി വന്നിട്ടുണ്ട്. കാരണം,
 അങ്ങനെയൊരു കാവലില്ലെങ്കിൽ അസറിന് തന്നെ അവർ ഭക്ഷണം കഴിക്കും. അത്രയും
 പരിതാപകരമായിരുന്നു അവിടത്തെ അവസ്ഥ. ഒരുവേള നണ്ടൻകിഴയിൽ പി.എം. കെ ഉസ്താദ് മൂന്ന്
 മണിക്കൂറോളം പ്രസംഗിച്ചപ്പോൾ അവിടത്തെ പച്ച മനുഷ്യർ കരഞ്ഞുവത്രെ. അവരൊക്കെയും
 പട്ടിണി പാവങ്ങളായിരുന്നു.

 ഇപ്രകാരം 1988- 90 കാലത്ത് പാലക്കാട് മുതലമടയിൽ ഉസ്താദും കൂട്ടരും ദഅവത്തിന്
 പോയപ്പോൾ ഒരു ഭേദപ്പെട്ട കുടുംബത്തിൻ്റെ കല്യാണത്തിനു പങ്കെടുക്കുകയുണ്ടായി.
 അന്നവിടെ കണ്ട കാഴ്ച്ച മനസ്സ് നിറക്കുന്നതായിരുന്നു. തയ്യാറാക്കിയ ഭക്ഷണത്തിന്
 കാവലൊരുക്കിയിരുന്നു. നിക്കാഹ് കഴിഞ്ഞതോടെ കാവൽക്കാർ പിടിച്ച ഗ്രിൽ തുറന്നു.
 ആളുകൾ ഭക്ഷണത്തിനായി ഓടിവന്നുവെത്രേ.

 മറ്റൊരു സന്ദർഭത്തിൽ ഒരു മുസ്‌ലിം സ്ത്രീയോട് അല്ലാഹുവിനെ കുറിച്ച് ചോദിച്ചപ്പോൾ
 അല്ലാഹു മൂന്ന് ഉണ്ടെന്ന ഉത്തരമാണ് അവരിൽ നിന്നും ലഭിച്ചത്. അത്രമേൽ ദയനീയ
 സാഹചര്യമായിരുന്നു അന്നവിടെ. ഈയൊരു സമൂഹത്തെ നേരിൻ്റെ പാത തെളിയിക്കുക എന്ന വലിയ ലക്ഷ്യമായിരുന്നു ഉസ്താദിൻ്റെ മുന്നിലുണ്ടായിരുന്നത്.

 ഉസ്താദിൻ്റെ സാമീപ്യത്തിലൂടെ, സംസാരത്തിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്ന അനേകം
 മനുഷ്യരുണ്ട്. അത്ഭുതമെന്തെന്നാൽ അതിൽ മിക്കവരും പ്രൊഫഷണൽ ടീംസെന്നതാണ്.
 ഉസ്താദിന്റെ ജീവിതത്തിലുടനീളം പ്രൊഫഷണൽ കൂട്ടുക്കെട്ട് കാണാം. പലരും ഇസ്‌ലാമിനെ
 മനസ്സിലാക്കിയതും പുൽകിയതുമൊക്കെ പി.എം.കെ ഉസ്താദിലൂടെയായിരുന്നു. ദഅവത്തിന്
 യാതൊന്നും ഉസ്താദിന് തടസ്സമായിരുന്നില്ല. ബസിലാണെങ്കിലും മറ്റെവിടെയാണെങ്കിലും
 അതിന്റെ മുറ പോലെ നടക്കും. അവിടത്തെ സഹചാരി ഇതിനെ കുറിച്ച് പറയുന്നത് കാണാം;
 ഒരുവേള ഉസ്താദ് ഒരിടം വരെ പോവാൻ പെട്ടെന്ന് തയ്യാറാവണമെന്ന് കൽപ്പിക്കുകണ്ടായി.
 മാരുതി കാറിലെത്തിയ ഉസ്താദ് അദ്ദേഹത്തേയും കൂട്ടി നേരെ പോയത് എറണാകുളത്തേക്കാണ്.
 അവിടെ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും കുടുംബവും കാത്തിരിക്കുന്നുണ്ട്.
 കോട്ടയത്തെ പ്രമുഖ ക്രിസ്ത്യൻ കുടുംബാംഗമായ അദ്ദേഹത്തിന്റെ മകൾ ഉപരിപഠനാർത്ഥം
 യുകെയിൽ പോയി. പഠനം കഴിഞ്ഞു തിരിച്ചു വന്നത് ഇസ്‌ലാം സ്വീകരിച്ചിട്ടാണ്. ആ
 കുട്ടിയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞു കൊടുക്കാൻ ആ
 പെൺകുട്ടി പിഎംകെ ഉസ്താദിനെ ക്ഷണിച്ചതാണ്. രാത്രി പന്ത്രണ്ട് മാണി വരെ ആ
 കൂടിക്കാഴ്ച നീണ്ടുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ഇതായിരുന്നു
 ഉസ്താദിൻ്റെ പ്രബോധനം സമയമോ സ്ഥലമോ ഒന്നും തന്നെ ഉസ്താദിനെ ഈ പ്രവർത്തിയിൽ
 പിന്തിരിപ്പിക്കില്ലായിരുന്നു. മാത്രവുമല്ല കാലമത്രയും പലയിടങ്ങളിലും
 പ്രസംഗിച്ചുവെങ്കിലും പാരിതോഷികമായി ഉസ്താദ് ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.

ധൈഷണിക ലോകം

പി.എം.കെ ഉസ്താദിന്റെ ധൈഷണിക ലോകം പ്രവിശാലമായിരുന്നു. ആഴത്തിലുള്ള അറിവും
 വ്യക്തമായ കാഴ്ചപ്പാടുകളുമായിരുന്നു അവരുടെ മുഖമുദ്ര. സമന്വയ വിദ്യാഭ്യാസ
 സ്ഥാപനങ്ങളെന്നത് ഉസ്താദിൻ്റെ കൂടി സംഭാവനയാണ്. മാത്രവുമല്ല, മൂവായിരം ദിർഹം
 കൊടുത്ത് 100 പ്രൊഫഷനൽ ആളുകളെ വിളിച്ച് കോൺഫറൻസ് മീറ്റിംഗ് നടത്തിയ ചരിത്രവും
 ഉസ്താദിനുണ്ട്. 1996 ൽ കോഴിക്കോട് ഒരു സെമിനാർ സംഘടിപ്പിച്ചപ്പോൾ സാധാരണക്കാരെ
 സെമിനാറിലേക്ക് ആകർഷിപ്പിക്കാൻ വേണ്ടി ഉമ്മർ കുട്ടി, കെ കെ കുറുപ്പ് തുടങ്ങിയ
 പ്രമുഖരെ കണ്ട് ആശയങ്ങൾ കൊടുത്തു അവരുടെ നേതൃത്വത്തിലെന്ന പോലെ സെമിനാർ
 നടത്തിയതും പി എംകെ ഉസ്താദിൻ്റെ ചിന്തയിൽ നിന്നുദയം ചെയ്തതായിരുന്നു. ഇക്കാരണം
 കൊണ്ട് പലരേയും പരിപാടിയിലേക്ക് എത്തിക്കാനായി എന്നതാണ്. പരിപാടി സമാപിച്ചപ്പോൾ
 ഉമ്മർക്കുട്ടി ഒരഭിപ്രായം പങ്കു വെക്കുകയുണ്ടായി. 97ൽ ഇന്ത്യൻ
 സ്വാതന്ത്ര്യത്തിൻ്റെ അമ്പതാം വാർഷികമാണെന്നും അന്ന് പുസ്തകമിറക്കണമെന്നും. പി എം
 കെ ഉസ്താദായിരുന്നു ഇതിന് മുന്നിൽ നിന്നത്. പുസ്തകമിറക്കിയതിലൂടെ വെള്ളയണിഞ്ഞവരും
 ചിന്തകരാണെന്ന യാഥാർത്ഥ്യം ലോകത്തിന് മുമ്പിൽ കാണിക്കുകയായിരുന്നു ഉസ്താദ്.
 അന്നത്തെ ആ പുസ്തകത്തിൽ പ്രധാനമന്ത്രി സന്ദേശം നൽകിയതും ഡൽഹിയിലെ മറ്റു ചിലർ
 ലേഖനമെഴുതിയതും പലരേയും സംഘടനയിലേക്ക് അടുപ്പിക്കാനായി എന്നതാണ് ഫലം

അൽ ഇർഫാദ്

 ഉസ്താദിന്റെ നിസ്വാർത്ഥ സേവനങ്ങളിലൊന്നായിരുന്നു അൽ ഇർഫാദ് മാസിക.
 ബുദ്ധിമാന്മാരുടെ മാസിക എന്ന ലേബലിലാണ് ഈ മാസിക അറിയപ്പെട്ടത് തന്നെ. അത് വരെ
 ആരും തന്നെ ചെയ്തിട്ടില്ലാത്ത വിപ്ലവങ്ങളാണ് അൽ ഇർഫാദ് കേരളീയ പശ്ചാത്തലത്തിൽ
 കാണിച്ചത്. അക്കാലത്ത് അൽ ഇർഫാദിലെ മണിമുത്തുകൾ എന്ന ഖുർആൻ വാഖ്യാനം
 ഖത്തീബുമാർക്ക് ഖുതുബക്കുള്ള വിഷയം കൂടിയായിരുന്നു. അതിനാൽ തന്നെ അവരത് പണം
 കൊടുത്ത് വാങ്ങിക്കുമായിരുന്നു. അൽ ഇർഫാദിലെ മിക്ക ലേഖനങ്ങളും എഴുതിയിരുന്നത് പി
 എം കെ ഉസ്താദ് തന്നെയായിരുന്നു. ഒരു ലക്കത്തിൽ തന്നെ മുഈനി, പി.എം.കെ, ഫൈസി, അബ്
 മഅറൂഫ്, നാസ്വിഹ് തുടങ്ങിയ വ്യത്യസ്ത പേരുകളിൽ ലേഖനങ്ങളും മറ്റുമെഴുതി
 പ്രസിദ്ധീകരിക്കുമായിരുന്നു.

 മലപ്പുറത്തിൻ്റെ 90 കി.മീ അകലേ പാലക്കാടിന്റെ മണ്ണിൽ അക്ഷര ജ്ഞാനമോ ദിനോ ഇല്ലാത്ത
 ആൾക്കാരുണ്ടെന്ന് കേരളത്തിനറിയുന്നത് അൽ ഇർഫാദിലൂടെയാണ്. ഇസ്‌ലാമിക പ്രബോധനത്തിന്
 ഇർഫാദ് നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. മറ്റു മാസികകളിൽനിന്ന് ഇർഫാദിനെ വേറിട്ടു
 നിർത്തിയത് അണിയറയിൽ ഒരു പ്രൊഫഷണൽ ടീംസിൻ്റെ സപ്പോർട്ടുണ്ടായിരുന്നു എന്നത്
 കൂടിയാണ്. അറബി പത്രങ്ങളിലെ പഠനം, ഫീച്ചർ പോലെയുള്ളതും പുതിയ വിശ്വാസികളെ
 കുറിച്ചുള്ള ഇന്റർവ്യൂകളും തർജമ ചെയ്‌ത്‌ ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു. ആനുകാലിക
 വിഷയങ്ങളിലെ കർമശാസ്ത്ര വിധി, മഹാന്മാരെ കുറിച്ച് രചിച്ച സൂഫി കവിതകളുടെ പദാനുപദ
 അർത്ഥവും ആശയവും ഗാംഭീര്യമുള്ള ലേഖനങ്ങൾ തുടങ്ങിയ അനേകം രചനകൾ ഇതിലുണ്ടായിരുന്നു.
 സുന്നത്ത് ജമാഅത്തിനെ കേൾക്കാത്ത ബുദ്ധിരാക്ഷസന്മാരായി വാണിരുന്നവർക്ക്
 ഇസ്‌ലാമിന്റെ സൗന്ദര്യം അവരുടേതായ നിലയിൽ പകരാനായിരുന്നു അൽ ഇർഫാദിലൂടെ പി.എം.കെ
 ഫൈസി ശ്രമിച്ചത്. ഇത്തരത്തിൽ സമൂഹത്തിൽ വലിയൊരു വിപ്ലവം തീർക്കാൻ അൽ ഇർഫാദിന്
 സാധിച്ചിട്ടുണ്ട്. പിന്നീട് പ്രിൻ്റിങ് മേഖലയിലുണ്ടായ ചില പ്രശ്നങ്ങൾ അൽ ഇർഫാദിനെ
 നിർത്തലാക്കി. അതോടെ കേരളിയ സമൂഹത്തിലെ വലിയൊരു നിര പ്രൊഫഷണൽ സമൂഹത്തിന് തങ്ങളുടെ
 ഇസ്ലാമിക വായനകളെ പൂട്ടിവെക്കേണ്ടി വന്നു. കാരണം അൽ ഇർഫാദിലൂടെ പി എം കെ
 ഉസ്താദായിരുന്നു അവരെ ഇത്തരം വായനകളിലേക്ക് എത്തിച്ചത്.

റെഡ് ക്രസൻ്റ് ഹോസ്പിറ്റൽ

 

ഉസ്താദിൻ്റെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു IRDC റിസർച്ച് സെന്റർ. ഇതിന് വേണ്ടി
 പി എം.കെ ഉസ്താദ്, വഫ സാഹിബ്, ചേറൂർ ഉസ്താദ് തുടങ്ങി 25 ഓളം പേർ ചേർന്ന് സ്ഥലം
 വാങ്ങിയിരുന്നു. പിന്നീട് ഇതിനായി ഖത്തറിലേക്ക് പോയപ്പോൾ അവിടുത്തെ അറബികളോട്
 ക്രിസ്ത്യൻ മിഷണിമാരെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞപ്പോൾ
 അദ്ദേഹം ഹോസ്പിറ്റൽ പണിയാനാണെങ്കിൽ ഫണ്ട് തരാമെന്നേൽക്കുകയുണ്ടായി. അങ്ങനെ ലഭിച്ച
 ഫണ്ടിൽ നിന്നാണ് റെഡ് ക്രസൻ്റ് ഹോസ്പിറ്റലിൽ സാധ്യമാക്കിയത്. ഇത്
 ഉപകാരമായെങ്കിലും റിസർച്ച് സെൻ്റർ വരാത്തത് മുസ്‌ലിംസമൂഹത്തിന് വലിയൊരു നഷ്ടമായി
 തന്നെ കിടന്നു. അങ്ങനെ ഒരു റിസർച്ച് സെൻ്റർ ഉണ്ടായിരുന്നെങ്കിൽ അൽ ഇർഫാദ് മാസിക
 ഇന്നും ജീവിക്കുമായിരുന്നു. ആതുര ശുശ്രൂഷാ രംഗത്ത് വലിയൊരു കാല്‍ വയ്പായി റെഡ്
 ക്രസന്റ് ഹോസ്പിറ്റൽ മാറി. പി.എം.കെ ഉസ്താദിന്റെ ഉറച്ച തീരുമാനത്തിന്റെ
 ഫലമായിരുന്നു ഹോസ്പിറ്റൽ.  ചുരുക്കത്തിൽ എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തതാണ് ഉസ്താദിന്റെ ജീവിതത്തിലെ
 സുകൃതങ്ങൾ. തന്റെ ജീവിതം തന്നെ ഇസ്‌ലാമിക പ്രബോധനത്തിനായി സമർപ്പിക്കുകയായിരുന്നു ഉസ്താദ്.
 ദീൻ എന്ന തേനിന്റെ മാധുര്യം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനാണ് ആ ആയുസ്സുടനീളം
 ശ്രമിച്ചത്. തൻ്റെ കാഴ്ച്ചപ്പാടുകളും ധിഷണയും സത്യദീനിൻ്റെ പ്രചരണത്തിനായി
 നീക്കിവെച്ചതിൽ ഉസ്താദ് വിജയിച്ചുവെന്നതിൻ്റെ തെളിവാണ് ഉസ്താദ് ഇന്നും
 സ്മരിക്കപ്പെടുന്നുവെന്നത്. ആ മഹാമനീഷിയുടെ ആണ്ടിൻ്റെ ദിനമാണ് റജബ് 14. അവരുടെ
 ഖബ്ർ പ്രകാശിതമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
 

Questions / Comments:



2 February, 2025   02:03 pm

MOHAMMED ALI M.T

കൂടുതൽ ബന്ധം പുലർത്തണം എന്നുണ്ട് വീണ്ടും ബന്ധപ്പെടാം انشاء الله 9567368836( വാട്ട്സപ്)

28 January, 2024   01:33 pm

Fasal Velluvangad

????????❣️