തകർന്നടിഞ്ഞ പള്ളിമിനാരങ്ങൾക്കിടയിൽ നിന്നവർ ബാങ്കുകേൾക്കുന്നു. സ്മൃതിയിൽ തളം കെട്ടി നിൽക്കുന്ന ഫലസ്തീനികളുടെ ബാങ്ക്. ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിൽ നിന്നും എമൻ അൽഹാജ് അലി യുടെ എഴുത്ത്
ആത്മസുഗന്ധങ്ങളുടെ വസന്തോത്സവമായ ശഹ്റു റമളാൻ സമാഗതമായിരിക്കുന്നു. ലോക മുസ്ലിങ്ങളെല്ലാം നോമ്പനുഷ്ഠിക്കുകയും തങ്ങളുടെ കുടുംബങ്ങളോടൊത്ത് സമയം ചെലവഴിക്കുകയും പ്രാർത്ഥനാനിരതരാവുകയും ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. എന്നാൽ ഞങ്ങൾക്ക് ഈ പുണ്യ മാസവും ഹൃദയം നുറുങ്ങുന്ന വിലാപങ്ങൾ നിറഞ്ഞതാണ്.
അഞ്ചുമാസത്തിലധികമായി ഞങ്ങൾ കൂട്ടക്കുരുതിയും രോഗവും പട്ടിണിയും ദാഹവും കൊണ്ട് പൊറുതിമുട്ടുന്നു. ഇസ്റായേൽ പട്ടാളത്തിൻ്റെ അക്രമത്തിനും ക്രൂരതയ്ക്കും റമളാൻ തുടങ്ങിയിട്ടും യാതൊരു വിധ കരുണയുമില്ല. ഞങ്ങളിൽ അധികമാളുകളും നോമ്പുതുറക്കാവശ്യമായ ഭക്ഷണത്തിനും, പ്രാർത്ഥനക്കുള്ള സുരക്ഷിത സ്ഥലത്തിനും വേണ്ടി ബുദ്ധിമുട്ടുകയാണ്. ഈ യാതനകൾക്കും വേദനകൾക്കും മീതെ ഞങ്ങളെ ഈ റമളാനിലും മുന്നോട്ടുനയിക്കുന്നത് കഴിഞ്ഞുപോയ നോമ്പുകാല സ്മരണകളാണ്.
ഇസ്റായേലി ഡ്രോണുകളുടെ മൂളലുകൾക്കും സ്ഫോടന ശബ്ദങ്ങൾക്കുമിടയിൽ ഞാൻ കണ്ണുകളടച്ച് ഗസയിലെ പൂർവ്വകാല റമളാൻ്റെ ദിനരാത്രങ്ങളെ, സുമോഹനമായ നിമിഷങ്ങളെ ഓർത്തെടുക്കുകയാണ്.
എല്ലാവരെയും പോലെ റമളാനിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ ശേഖരിച്ചു കൊണ്ടാണ് വ്രതകാല മുന്നൊരുക്കങ്ങൾ ഗസ്സയിലെ ജനങ്ങൾ സമാരംഭിക്കുന്നത്. ഇതിനായി ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്ന് അൽ സാവിയയും അവിടുത്തെ പരമ്പരാഗത രീതിയിലുള്ള കമ്പോളവുമാണ്. അവിടെ സാമ്പ്രദായികമായ എല്ലാ ഭക്ഷണ വിഭവങ്ങളും ലഭിക്കും. അച്ചാറുകൾ, മുന്തിയ ഇനം ഈത്തപ്പഴങ്ങൾ, സ്വാദിഷ്ഠമായ ഒലിവ്കായകൾ, തൈം¹, ഖമറുദ്ദീൻ പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന ഉണക്കിയ അത്തിപ്പഴത്തിന്റെ പേസ്റ്റ്, ഡ്രൈഫ്രൂട്സ്, വ്യത്യസ്തതരം പഴച്ചാറുകൾ, കൂട്ടത്തിൽ ഏറ്റവും ജനപ്രിയ വിഭവമായ ഖൊറൂബും ².
പുതിയ വസ്ത്രങ്ങളും അത്യാവശ്യസാധനങ്ങളിലൊന്നാണ്. നിസ്കാര കുപ്പായങ്ങൾ സുപ്രധാന ആവശ്യമാണെന്ന പോലെ തന്നെ പെൺകുട്ടികൾക്കുള്ള ഫാൻസി വസ്ത്രങ്ങളും ആൺകുട്ടികൾക്കുള്ള മൃദുവായ ഉടുപ്പുകളും വാങ്ങിവെക്കും. "ഹല്ലൂ യാ ഹല്ലൂ, റമളാൻ കരീം യാ ഹല്ലൂ" (പ്രിയപ്പെട്ട റമളാൻ, വരൂ നിനക്ക് സ്വാഗതം) എന്നെഴുതിയ വർണ വിളക്കുകൾ വാങ്ങിത്തരാൻ കൊച്ചുകുട്ടികൾ തങ്ങളുടെ ഉപ്പമാരുടെ കയ്യിൽ പിടിച്ചു വലിക്കുന്ന കാഴ്ചകൾ ഒരോർമ്മപോലെ ഞാനിപ്പോഴും കാണുന്നു.
പുരാതന നഗരമെന്നറിയപ്പെടുന്ന അൽ സാവിയയുടെ തെരുവീഥികൾ ജന സമുദ്രങ്ങളുടെ ശബ്ദകോലാഹലങ്ങൾ കൊണ്ടും മധുരമൂറുന്ന മനോഹരമായ റമളാൻ പാട്ടുകളും കൊണ്ട് മുഖരിതമായിരിക്കും. സമാനതകളില്ലാത്തതാണ് ഈ മുന്നൊരുക്കം.
റമളാൻ ഒന്നിൻ്റെ തലേ രാത്രി മുതൽ തന്നെ ഗസ്സയുടെ അയൽപക്കങ്ങളിലും തെരുവുകളിലുമെല്ലാം തറാവീഹ് നിസ്ക്കാരത്തിൻറെ സ്വരവീചികൾ നിറഞ്ഞിരിക്കും. വളരെ വൈകിയും കുട്ടികൾ അങ്ങാടികളിൽ കളിച്ചും കയ്യിൽ വിളക്കുകളേന്തി പാടിയും പറഞ്ഞും റമളാനെ വരവേൽക്കും.
കുടുംബങ്ങൾ ഒത്തുകൂടി ഇടയത്താഴം കഴിക്കുകയും ഒന്നിച്ച് സുബ്ഹ് നമസ്കാരം നിർവ്വഹിക്കുകയും ചെയ്യും. ശേഷം ചിലർ ഒന്ന് മയങ്ങും, മറ്റുള്ളവർ സ്കൂളിലേക്കും ജോലി സ്ഥലങ്ങളിലേക്കും തിരിക്കും. വൈകുന്നേരം എല്ലാവരും തിരിച്ചെത്തിയാൽ പിന്നെ ഖുർആനോതുന്നതിനുള്ള സമയമായി. കുട്ടികൾ സൂറത്തുകളും ദിക്റുകളും ഓതുകയും മനഃപാഠമാക്കുകയും ചെയ്യുന്ന കാഴ്ച പള്ളികളിലും വീടുകളിലും കാണാം. മാതാപിതാക്കളും പ്രായം ചെന്നവരും കുട്ടികൾക്ക് തിരുദൂതന്മാരുടേയും സച്ചരിതരുടേയും മറ്റും കഥകൾ പറഞ്ഞു കൊടുക്കും.
പിന്നീട് ഇഫ്താറിനുള്ള ഭക്ഷണം തയ്യാറാക്കലാണ്. സൂര്യാസ്തമയത്തിനു മണിക്കൂറുകൾ മുമ്പു തന്നെ പലവിധ ഭക്ഷ്യവിഭവങ്ങളുടെ മദിക്കുന്ന ഗന്ധമായിരിക്കും പരിസരങ്ങളിലല്ലാം. അടുകളയിലൊരു ഭാഗത്ത് മഖ്ലൂബ ³ തയ്യാറാക്കുന്നു, മറ്റൊരാൾ മുസാഖൻ ⁴, വേറൊരാൾ മുലൂഖിയ ⁵, അങ്ങനെയിരിക്കുമ്പോഴായിരിക്കും ഒരു അയൽവാസി തളിക നിറയെ തൻ്റെ കുടുംബം തയ്യാറാക്കിയ വിഭവങ്ങളുമായി പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന് ഒരിക്കലും വെറും കയ്യോടെ മടങ്ങിപ്പോകേണ്ടി വരില്ലെന്നത് തീർച്ചയാണ് ഇതു പോലെ എത്രയെത്ര മനോഹരമായ ഛായാചിത്രങ്ങളാണ് ഗസ്സയുടെ സായന്തനങ്ങൾ. ഇഫ്താറിന് സമയമാകുന്നതോടെ മേശ തയ്യാറാക്കി എല്ലാവരും അതിനു ചുറ്റും നിരന്നിരിക്കും. പിന്നീടാണ് നോമ്പു തുറക്കുന്നതിനായി പള്ളികളിൽ നിന്ന് ബാങ്ക് വിളി ഉയരുന്നത്. എല്ലാവരും സന്തോഷത്തോടെ, ആനന്ദത്തോടെ ഭക്ഷണം പങ്കിടുകയും സ്നേഹം പങ്കിടുകയും ചെയ്യും. ഇഫ്താറിന് ശേഷം സ്ത്രീപുരുഷന്മാരും കുട്ടികളും എല്ലാവരും തറാവീഹ് നിസ്കാരത്തിനായി തയ്യാറാവും. വിശുദ്ധ ഖുർആൻ ഓതുന്നതിന്റെയും പ്രാർത്ഥനകളുടെയും ഒച്ചകൾ കൊണ്ട് ഗസയുടെ ഓരോ മുക്കും മൂലയും നിറഞ്ഞ് പൂത്തുനിൽക്കും.
കുട്ടികൾക്ക് അന്നേ ദിവസത്തെ ഏറ്റവും ഇഷ്ടപ്പെട്ട സമയമാണ് പിന്നെ വരാനുള്ളത്. അത് അവരുടെ ഉമ്മമാർ റമളാൻ മാസത്തിൽ മാത്രം തയ്യാറാക്കുന്ന ഒരു ജനപ്രിയ വിഭവമായ ഖതായെഫ് ⁶ന്റെ നേരമാണ്. ഖതായെഫ് കഴിയുന്നതോടെ കുടുംബങ്ങൾ പരസ്പരം സന്ദർശിക്കുകയും ടിവിക്ക് മുന്നിൽ ഒത്തുകൂടി അവരുടെ പ്രിയപ്പെട്ട റമളാൻ പരമ്പരകൾ കാണുന്നു. ഗസയിലെ ആളുകൾക്ക് എന്തുകൊണ്ടും റമളാൻ മാസമെന്നാൽ വർഷത്തിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതും പ്രത്യേകതകളേറെയുള്ളതാണ്. റമളാനിലെ ഗസ്സ, അത് ലോകത്തെത്തന്നെ ഏറ്റവും സുന്ദരമായ നഗരമാണ്.
എന്നാൽ ഈ വർഷം ഞങ്ങൾക്ക് ആഘോഷങ്ങളോ സമാധാനത്തോടെയുള്ള ആരാധനാകളോ അസാധ്യമായിരിക്കുന്നു. വർണാഭമായ വിളക്കുകളുടെയും പ്രകാശദീപങ്ങളുടെയും പാട്ടുകളുടെയുമെല്ലാം സ്ഥാനത്ത് ഇപ്പോൾ ബോംബുകളുടെ മിന്നലാട്ടങ്ങളും ഇസ്റായേൽ നടത്തുന്ന വിസ്ഫോടനങ്ങളുടെ കാതടിപ്പിക്കുന്ന മുഴക്കങ്ങളുമാണ്. കുഞ്ഞുകുട്ടികളുടെ ആഹ്ലാദകരമായ ശബ്ദങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് അലറിക്കരയുന്ന ആയിരങ്ങളുടെ ആർത്തനാദങ്ങളായിരിക്കുന്നു. സജീവമായിരുന്ന പരിസരങ്ങളെല്ലാം ഇന്ന് നിശബ്ദതയുടെ ശവപ്പറമ്പുകളായിരിക്കുന്നു. ഇപ്പോൾ പള്ളികളൊന്നും ജനതിരക്കുള്ളതല്ല; കാരണം അവയെല്ലാം തകർന്നു തരിപ്പണമായിരിക്കുന്നു. അങ്ങാടികളൊന്നും തന്നെ ഇപ്പോൾ മധുരനാദങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്നില്ല; കാരണം അവയെല്ലാം ഇടിച്ചുനിരത്തപെട്ടിരിക്കുന്നു. ഇപ്പോൾ ജനങ്ങൾ ഇഫ്താറിന്റെ സമയം കഴിഞ്ഞിട്ടും നോമ്പു തുടരുന്നു; കാരണം അവർക്ക് നോമ്പു തുറക്കാൻ ഭക്ഷണമോ വെള്ളമോ ഇല്ല. കുടുംബങ്ങൾ ഇപ്പോൾ ഒത്തുകൂടുന്നത് മരണപ്പെട്ടവർക്ക് അനുശോചനമറിയിക്കാനും വിലപിക്കാനുമാണ്. ഒന്നിനു പിറകെ ഒന്നായി ഞങ്ങൾ രക്തസാക്ഷികളെ യാത്രയാക്കികൊണ്ടിരിക്കുന്നു.
എന്നാൽ ഞങ്ങളെ ഏറ്റവും വേദനിപ്പിക്കുന്നത് ഈ പുണ്യമാസത്തിലും ലോകം ഇസ്റായേലിൻ്റെ ഈ നിർഷ്‌ഠൂര വംശഹത്യ തുടരാൻ അനുവദിക്കുന്നുവെന്നതാണ്. ഞങ്ങളെ എറ്റവുമധികം നിരാശരാക്കുന്നത് ലോകം ഞങ്ങളെ, ഫലസ്തീൻ ജനതയെ കൈയൊഴിഞ്ഞിരിക്കുന്നു എന്ന ഭീതിജനകമായ തിരിച്ചറിവാണ്.
¹ സുഗന്ധമുള്ള ഒരിനം സസ്യം
² ഖൊറൂബ് മരത്തിന്റെ കായ; ഇതിന്റെ പൊടി ചോക്ലേറ്റിന് പകരം ഉപയോഗിക്കുന്നു
³ പലസ്തീൻ, ജോർദാൻ, സിറിയ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിൽ ഉൾപ്പെടെ ലെവൻ്റിലുടനീളം പ്രചാരത്തിലുള്ള ഒരു പരമ്പരാഗത ലെവൻ്റൈൻ വിഭവമാണ് ഇറച്ചിയും പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന ഈ അരിഭക്ഷണം.
⁴ ഉള്ളി, സുമാക്, സുഗന്ധവ്യഞ്ജനങ്ങൾ, കുങ്കുമപ്പൂവ്, വറുത്ത പൈൻ അണ്ടിപ്പരിപ്പ് എന്നിവ ഉപയോഗിച്ച് ചുട്ടുപഴുപ്പിച്ച വറുത്ത ചിക്കൻ അടങ്ങിയ ഫലസ്തീനിയൻ വിഭവമാണ്. മുഹമ്മർ എന്നും അറിയപ്പെടുന്ന മുസാഖൻ. തുൽകർം, ജെനിൻ പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന മുസാഖൻ പലപ്പോഴും പലസ്തീനിന്റെ ദേശീയ വിഭവമായി കണക്കാക്കപ്പെടുന്നു.
⁵ ഒരു തരം ചണച്ചെടി കൊണ്ടുനടക്കുന്ന സൂപ്പ്
⁶ റമദാൻ മാസത്തിൽ സാധാരണയായി വിളമ്പുന്ന ഒരു അറബ് മധുരപലഹാരമായ ഇത് ക്രീം അല്ലെങ്കിൽ അണ്ടിപ്പരിപ്പ് നിറച്ച ഒരു തരം മധുരമുള്ള നിറവാണ്.
മൊഴിമാറ്റം: ഇക്റാം ഓണമ്പിള്ളി
25 March, 2024 03:10 pm
sahad korad
ആദ്യകാല ഗസ്സയിലെ നിറമുള്ള നോമ്പ് തുറയും രുചിയുള്ള കൈമാറലുകളും കർണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങളിൽ നോമ്പുതുറ സമയത്ത് ഇത്തരം പങ്കുവെക്കലുകളും സൗഹൃദങ്ങളും കാണാനിടയായി. സ്വന്തം വീടുകളിൽ നിന്നും ചെറിയ പാത്രങ്ങളിലായി വിഭവങ്ങൾ കൊണ്ടുവന്ന് സ്വന്തത്തിനുണ്ടെങ്കിലും ഇല്ലെങ്കിലും അതിഥികളെ ഭക്ഷിപ്പിക്കുന്നതിൽ അവർ മുൻകയ്യെടുക്കുന്നു. സന്തോഷ ആഹ്ലാദത്തിന്റെ നോമ്പുതുറ. ഗസ്സയിൽ ഇന്നുള്ള നീറ്റലുളവാക്കുന്നതായ ഇത്തരം ഇഫ് ത്വാറിനെ നാമറിയുന്നേയില്ല. നമ്മൾ അത്താഴവും മുത്താഴവും നോമ്പ്തുറ വേറയും എല്ലാം സുഭിക്ഷമായി കഴിക്കുമ്പോഴും അവർക്കെല്ലാം കൂടി ഒന്നായേക്കാം. പുണ്യമായ രാപ്പകലുകളിലുള്ള പ്രാർത്ഥനകളിൽ നമുക്കവരേയും ഉൾപ്പെടുത്താം.25 March, 2024 03:24 pm
sahad korad
ആദ്യകാല ഗസ്സയിലെ നിറമുള്ള നോമ്പ് തുറയും രുചിയുള്ള കൈമാറലുകളും കർണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങളിൽ നോമ്പുതുറ സമയത്ത് ഇത്തരം പങ്കുവെക്കലുകളും സൗഹൃദങ്ങളും കാണാനിടയായി. സ്വന്തം വീടുകളിൽ നിന്നും ചെറിയ പാത്രങ്ങളിലായി വിഭവങ്ങൾ കൊണ്ടുവന്ന് സ്വന്തത്തിനുണ്ടെങ്കിലും ഇല്ലെങ്കിലും അതിഥികളെ ഭക്ഷിപ്പിക്കുന്നതിൽ അവർ മുൻകയ്യെടുക്കുന്നു. സന്തോഷ ആഹ്ലാദത്തിന്റെ നോമ്പുതുറ. ഗസ്സയിൽ ഇന്നുള്ള നീറ്റലുളവാക്കുന്നതായ ഇത്തരം ഇഫ് ത്വാറിനെ നാമറിയുന്നേയില്ല. നമ്മൾ അത്താഴവും മുത്താഴവും നോമ്പ്തുറ വേറയും എല്ലാം സുഭിക്ഷമായി കഴിക്കുമ്പോഴും അവർക്കെല്ലാം കൂടി ഒന്നായേക്കാം. പുണ്യമായ രാപ്പകലുകളിലുള്ള പ്രാർത്ഥനകളിൽ നമുക്കവരേയും ഉൾപ്പെടുത്താം.25 March, 2024 03:41 pm
BASITH MADAVOOR
മുറി നോമ്പ് നോൽക്കുന്ന കാലം മുതൽ ഫലസ്തീനികൾക്ക് വേണ്ടി റമളാനിൽ കരഞ്ഞു ദുആ ചെയ്യുന്ന സന്ദർഭങ്ങളാണ് വായിച്ചപ്പോൾ ഓർമ വന്നത്.തലക്കെട്ട് സൂചിപ്പിച്ചത് പോലെ പട്ടിണി പരിവട്ടങ്ങളുടെയും പരാധീനതകളുടെയും ഈ വറുതിക്കാലത്ത് മുഴുനീളെ നോമ്പനുഷ്ടിക്കാനല്ലാതെ നോമ്പു തുറക്കാനുള്ള വക എവിടെ നിന്നാണ്.വ്രതക്കാലത്തെ പകലിരവുകളിൽ നമ്മുടെ പ്രാർത്ഥനകളിലുണ്ടാവട്ടെ അവർ...25 March, 2024 03:20 pm
Muhammed Midlaj T
ശാന്തിയുടെയും സമൃദ്ധിയുടെയും നോമ്പുകാലത്തെ മുസ്ലിംലോകം മുഴുവൻസന്തോഷത്തോടെ വീടും വീട്ടുകാരും ഒരുങ്ങി വരവേൽക്കുമ്പോൾ ഫലസ്തീനികൾ വരവേൽക്കുന്നത് കണ്ണീരോടെ കൂടെയാണ്.സമൃദ്ധമായ വിഭവങ്ങൾനോമ്പുതുറക്കും നേരം നമ്മുടെ തീൻമേശയിൽ ഒരുങ്ങി നിൽക്കുമ്പോൾ ഫലസ്തീനികളുടെ തീൻ മേശ കാലിയാണ്. നോമ്പ് തുറക്കുമോ എന്നറിയാതെയാണ് അവർ നോമ്പ് നോൽക്കുന്നത്.ഒരുപക്ഷേ നോമ്പ്നോക്കാൻ തങ്ങളുടെ കൂടെ ഉണ്ടായവർ വരെചിലപ്പോൾ നോമ്പുതുറക്കുമ്പോൾ ഉണ്ടായെന്ന് വരില്ല.എങ്ങനെയാണ് അവർ നോമ്പിലേക്ക് ഒരുങ്ങി തയ്യാറാവുന്നത്.25 March, 2024 03:23 pm
Manasir patla
ലോക രാഷ്ട്രങ്ങളുടെ ചെറിയൊരു ഇടപെടൽ മാത്രം മതി ഫലസ്തീന്റെ ഭക്ഷണക്ഷാമമെങ്കിലും മാറ്റാൻ. എന്നാൽ അറേബ്യൻ രാജ്യങ്ങൾ തന്നെ ഇസ്രായേലിന് കുഴലൂതുന്ന ഇക്കാലത്ത് നാം ആരിലാണ് പ്രതീക്ഷയർപ്പിക്കേണ്ടത്. ഒന്നുറപ്പാണ്.... അറേബ്യയിലെ മുഴുവൻ സുഗന്ധങ്ങൾ ഉപയോഗിച്ചാലും ഫലസ്തീനോട് ചെയ്തുക്കൂട്ടിയ ഈ പാപക്കറ കഴുകിക്കളയാൻ ഒരിക്കലും സാധ്യമല്ല.25 March, 2024 03:10 pm
Muhammad Qasim Nm
ഇവിടം കുറിച്ചത് നന്മ നിറഞ്ഞൊരിടത്തെയാണ്. നിയോൺ ലൈറ്റുകളാൽ ജ്വലിക്കുന്ന പൈതൃകമവിടം കാണാം. വിശുദ്ധിയുടെ അനുഭവങ്ങൾ പ്രസരിക്കുന്ന നിഷ്കളങ്ക പുഞ്ചിരികളുടെ തെരുവ്. എത്ര പ്രയാസമേറിയാലും ശാന്തമാർന്ന ചുറ്റുപാടിൽ ആരുമറിയാതെ ജീവിക്കുന്ന ജനങ്ങളുടെ വാസമാണവിടം. എന്നാൽ അസൂയാവഹമായ ചരിത്രങ്ങളെയും സംസ്കാരത്തെയും അടിച്ചൊതുക്കാൻ പെടാപ്പാട് പെട്ട് ഭ്രാന്തിളകുന്ന ഒരു പറ്റം സയണിസ്റ്റ് ഹിംസ്രകളുടെ കരങ്ങൾ ഇവരുടെ ചങ്കുകളിൽ ഒട്ടിപ്പിടിച്ചിട്ടുണ്ടാകും. എങ്കിലും അതൊന്നും അവരിൽ പ്രതിഫലിക്കുന്നുണ്ടാകില്ല. അവരതെല്ലാം ആത്മ ധൈര്യത്താൽ അതിജീവിക്കും. ഇങ്ങനെ ഒരു നാട് നിങ്ങൾ കാണുന്നുവെങ്കിൽ 'ഗസ്സ' എന്നാണതിൻ്റെ പേരെന്നാണ് എഴുത്തിൻ്റെ സംഗ്രഹം. ഇത്തിരി വാക്കുകൾ, ഒത്തിരി ജ്ഞാനങ്ങൾ.. അസാധ്യമീ സൃഷ്ടി! കാരണം, ദൈർഘ്യമേറാതെ കൃത്യമായി വിവരങ്ങളുൾക്കൊള്ളിച്ചു എന്നതിനോടൊപ്പം നല്ല ഒഴുക്കുള്ള ഭാഷയിലാണ് എഴുത്തും മൊഴി മാറ്റവും. നോമ്പ് തുറയുടെ മയക്കത്തിലേക്ക് വീഴുന്ന ഒരു മലയാളിക്ക് വായിച്ച് കേൾപ്പിക്കേണ്ടത് തന്നെ ഈ മൂല്യാക്ഷരങ്ങൾ.25 March, 2024 03:29 pm
Sahl thottupoyil
ഫലസ്തീൻ - കണ്ണീരിൽ കുതിർന്ന നോമ്പുകാല ചിത്രങ്ങൾ ....25 March, 2024 03:24 pm
MUHAMMED AJMAL OLAMATHIL
ലേഖനം വായിക്കുമ്പോൾ വെറുതെ ചിന്തിച്ചു പോയി. പകൽ മുഴുവൻ നോമ്പുനോറ്റിട്ടും നമ്മൾ വിശപ്പ് അറിയുന്നുണ്ടോ എന്ന്. വൈകുന്നേരങ്ങളിൽ നമ്മുടെ തീൻമേശയിൽ സമൃദ്ധമായ ആഹാരം നിറയുമെന്ന് അറിഞ്ഞു കൊണ്ടാണ് നമ്മൾ നോമ്പ് നോൽക്കുന്നത്.ഫലസ്തീനികൾക്കങ്ങനെയല്ല അവർക്ക് അത്തരം പ്രതീക്ഷകളില്ല. ഏറിപോയാൽ ഇന്ന് നോമ്പുതുറക്കാൻ ഉണ്ടായ ഒരാൾ നാളെ കൂടെ ഉണ്ടാവില്ല... വീട് തകർന്നതു കാരണം കെട്ടി ഉണ്ടാക്കിയ കൂടാരം പോലും നാളെ കത്തി ചാമ്പലായേക്കാം.. തറാവീഹിന് പുറമേ മയ്യത്ത് നിസ്കാരം കൂടി നടന്നേക്കാം... ഇമ്പമാർന്ന ബാങ്കുകൾക്കപ്പുറം ഒരു കൂട്ടം ആളുകളുടെ നിലവിളി കേട്ടേക്കാം...