അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, ആത്മവിശുദ്ധിയും കാരുണ്യ ലബ്ധിയും പാപമുക്തിയുമെല്ലാം ഉൾചേർന്ന മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം ആത്മീയതലങ്ങൾക്കൊപ്പം ആരോഗ്യ സംരക്ഷണമെന്ന അധികലാഭം കൂടി പ്രദാനം ചെയ്യുന്നുണ്ട്.


മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിൽ ഇസ്ലാമിക വ്രതത്തിനുള്ള സ്ഥാനം നിസ്തുലമാണ്. ഇതര മതപ്രത്യയശാസ്ത്രങ്ങളിലെ ഉപവാസങ്ങൾക്കപ്പുറം ചില ശാസ്ത്രീയ മാനങ്ങൾ ഇസ്ലാമിലെ നോമ്പിനുണ്ട്. ഒരു മുസ്ലിം നോമ്പനുഷ്ഠിക്കുന്നത് ഈ താൽപര്യത്തിനല്ലെങ്കിലും, ആത്മശുദ്ധിയും കാരുണ്യ ലബ്ധിയും പാപമുക്തിയുമെല്ലാം ഉൾചേർന്ന ആത്മീയതലങ്ങൾക്കൊപ്പം ആരോഗ്യവശംകൂടി ആസ്വദിക്കാവുന്നതാണ്.

 

ആരോഗ്യവും ആഹാരവും എന്നും ശാസ്ത്രലോകത്തിൻ്റെ പഠനവിഷയമാണ്. ഭൂരിഭാഗം രോഗത്തിനും കാരണം അമിതാഹാരമാണെന്നാണ് പഠനം തെളിയിക്കുന്നത്. ആഹാര നിയന്ത്രണത്തിലൂടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം രോഗശമനവും സാധ്യമാകുന്നു. പരീക്ഷണശാലയിൽ രണ്ടു കൂട്ടം എലികളെ വളർത്തി, ഒരു കൂട്ടത്തിന് യഥേഷ്ടം ഭക്ഷണം നൽകി മറ്റൊരു കൂട്ടത്തിന് നിയന്ത്രിതമായി മാത്രം ഭക്ഷണം നൽകി. കൂടുതൽ ഭക്ഷണം നൽകിയ എലികളിൽ രോഗങ്ങൾ കൂടുകയും ആയുർദൈർഘ്യം കുറയുകയും ചെയ്തു. നിയന്ത്രിത ഭക്ഷണം നൽകിയവയിൽ രോഗങ്ങൾ കുറയുകയും ആയുർദൈർഘ്യം കൂടുകയും ചെയ്തുവത്രെ. മനുഷ്യരിലും ഇതുതന്നെയാണ് അവസ്ഥ. നോമ്പിനെ ഒരു പരിഹാരമായി ശാസ്ത്രലോകം പരിചയപ്പെടുത്തുന്നതും അതുകൊണ്ടാണ്.

നാസാദ്വാരങ്ങളിലും നാളികളിലും പഴുപ്പും കഫവും നിറയുന്ന രോഗമാണ് സൈനസ്. ഈ രോഗത്തിന് അഞ്ചും ആറും തവണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ട രോഗികളെ ഏതാനും ദിവസത്തെ ഉപവാസത്തിലൂടെ ഡോ. ഹെർബർട്ട് എം ഷെൽട്ടൻ സുഖപ്പെടുത്തിയിട്ടുണ്ടത്രെ. രക്തസമ്മർദ്ദം, ദഹനേന്ദ്രിയ വ്രണം, സന്ധിവാതം, വാതം, വൃക്കരോഗങ്ങൾ, റ്റ്യൂമർ തുടങ്ങി ഒരുപാട് രോഗങ്ങൾ വ്രതത്തിലൂടെ സുഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വ്രതം ജീവൽ രക്ഷക്ക് (Fasting can save your life, പ്രസിദ്ധീകരണം: അമേരിക്കൻ നാച്വറൽ ഹൈജീൻ സൊസൈറ്റി) എന്ന തൻ്റെ പുസ്തകത്തിൽ ഈ വസ്തുതകൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഭക്ഷണം ദഹിപ്പിക്കുന്നതിനും സംഭരിച്ചുവയ്ക്കുന്നതിനും ശരീരത്തിലെ ആന്തരാവയവങ്ങൾക്ക് ജോലി ചെയ്യേണ്ടതുണ്ട്. ഇതുമൂലം അധികം ഊർജ്ജം ചിലവഴിക്കേണ്ടിവരുന്നു. കൂടുതൽ ഭക്ഷണം ശരീരത്തിലേക്ക് വന്നുകൊണ്ടിരിക്കുമ്പോൾ ആന്തരാവയവങ്ങൾക്ക് കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ഈ ഭക്ഷണം ദഹിപ്പിക്കാൻ ദഹനരസങ്ങൾക്കും സംഭരിക്കാവുന്ന രൂപത്തിലാക്കാൻ മറ്റു എൻസൈമുകൾക്കും കഴിയാതെ വരും. ഈ ആതുരാവസ്ഥയിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് വ്രതം. പനി മുതൽ ഹൃദ്രോഗവും കാൻസർ വരെയുള്ള രോഗത്തിനുള്ള പരിഹാരത്തിൻ്റെ ആദ്യപടിയായി ശാസ്ത്രലോകം ഉപവാസത്തെ കാണുന്നത് ഇതുകൊണ്ടാണ്.

അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, യൂനാനി തുടങ്ങി മുഴുവൻ വൈദ്യശാസ്ത്രവും ഇസ്ലാമിക നോമ്പിനെക്കുറിച്ച് പറയുന്നുണ്ട്. അമിതാഹാരവും മാനസിക പിരിമുറുക്കങ്ങളുമാണ് ഭൂരിഭാഗം രോഗങ്ങളുടെയും മൂലഹേതു എന്നതാണ് ശാസ്ത്രമതം. നോമ്പനുഷ്ഠിക്കുന്നതിലൂടെ ശരീരത്തിലെ ആന്തരാവയവങ്ങൾക്ക് വിശ്രമവും മനസ്സിന് ഏകാഗ്രതയും ശാന്തിയും നൽകാനാവുന്നു. 'ലംഘനം പരമൗഷധ'മെന്ന ആയുർ വേദ തത്വത്തിലധിഷ്ഠിതമാക്കി നിരവധി രോഗങ്ങൾക്ക് ഉപവാസം ഔഷധമായി ഡോക്ടർമാർ വിധിക്കുന്നുണ്ട്. ഈ ആശയം ഏറെ ഫലപ്രദമായി പ്രായോ ഗികവൽക്കരിക്കുന്നത് ഇസ്ലാമാണ്. ഹിന്ദുമതം 'ഏകാദശി വ്രതം' അനുശാസിക്കുന്നുണ്ട്. പകൽ സമയത്ത് വെള്ളം കുടിക്കും. അരിഭക്ഷണം മാത്രമാണ് വർജ്ജിക്കേണ്ടത്. ക്രിസ്ത്യാനികളും തഥൈവ. ഇസ്ലാമിക നോമ്പ് ഇവയിൽ നിന്ന് തീർത്തും വ്യതിരക്തമാണ്.

കോഴിക്കോട് ഗവ. ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ചന്ദ്രാംഗതൻ നോമ്പിനെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ശരീരത്തിന് ഹാനികരമായ വസ്തുക്കളിൽ നിന്നും ഭക്ഷിക്കുന്നത് കരളാണ്. സദാസമയവും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ അവയവത്തിന് പുതുജീവൻ നൽകാൻ നോമ്പുകാലം ഉപകാരപ്പെടും. കൊളസ്ട്രോളിൻ്റെ അമിത ഉൽപാദനം മൂലം ഹൃദയത്തിനുണ്ടാകുന്ന തടസ്സങ്ങൾ നീങ്ങിക്കിട്ടാനും നോമ്പുകൊണ്ട് സാധിക്കും"

നോമ്പും നാച്ചുറോപ്പതിയും

ശരീരത്തിന് സ്വയം ചികിത്സിക്കാനുള്ള കഴിവുണ്ടെന്ന തത്വത്തിലധിഷ്ഠിതമായ ശാസ്ത്രമാണ് നാച്ചുറോപ്പതി അഥവാ പ്രകൃതിചികിത്സ. ഉപവാസം, ഭക്ഷണക്രമീകരണം, മണ്ണ്, വെള്ളം, വെയിൽ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയാണിത്. ഒരു മുസ്ലിം നോമ്പുകാരൻ പ്രകൃതിചികിത്സയുടെ നിർദ്ദേശങ്ങൾകൂടി പാലിക്കുകയാണെങ്കിൽ അനിർവചനീയമായ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഭിഷഗ്വരർ വിലയിരുത്തുന്നു. നാച്ചുറോപ്പതിയിലും ഓർത്തോപ്പതിയിലും ഡിപ്ലോമ നേടിയ ഡോ. മാധവൻ ഇസ്ലാമിക വ്രതത്തിൻ്റെ പ്രസക്തിയും ആരോഗ്യവശവും അനുഭവത്തിലൂടെ പറയുന്നതിങ്ങനെ: “പ്രകൃതിയുമായി ഒത്തിണങ്ങി ജീവിക്കാൻ ഏറെ നിർദ്ദേശങ്ങൾ ഇസ്ലാം പഠിപ്പിക്കു ന്നുണ്ട്. റംസാൻ നോമ്പ് തന്നെ ഉദാഹരണം. മനുഷ്യശരീരവും മനസ്സും ആത്മാവും നോമ്പിലൂടെ ഏറെ താദാത്മ്യം പ്രാപിക്കുന്നുണ്ട്. നോമ്പിനേക്കാൾ നല്ല പ്രകൃതിപാഠം മറ്റൊരു മതവും പഠിപ്പിക്കുന്നില്ല. പക്ഷെ, നോമ്പിൻ്റെ ശാരീരിക പാഠങ്ങൾ മുസ്ലിംകൾ യഥാവിധി പാലിക്കുന്നില്ല. ശരീരം ശുദ്ധമാവുകയെന്നത് നോമ്പിന്റെ ഉദ്ദേശ്യങ്ങളിൽ പ്രധാനമാണ്."

നോമ്പ് തുറക്കുന്ന സമയത്ത് ശരീരത്തിന് ഏറ്റവും ആവശ്യം വെള്ളമാണ്. പ്രകൃതി ചികിത്സാ ഭിഷഗ്വരർ പാനീയങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് പ്രത്യേക ഭക്ഷണക്രമം തന്നെ നിർദ്ദേശിക്കുന്നുണ്ട്.

ഈത്തപ്പഴത്തിന്റെ രഹസ്യം

നോമ്പ് മുറിക്കുന്ന സമയത്ത് ഈത്തപ്പഴം ഉപയോഗിക്കാനാണ് ഇസ്ലാമിന്റെ നിർദ്ദേശം. മനുഷ്യശരീരത്തിന് ഒഴിച്ചു കൂടാനാവാത്ത കാത്സ്യം, അയേൺ, മെഗ്നീഷ്യം, മാംഗനീസ് തുടങ്ങി അവശ്യ ഘടകങ്ങളടങ്ങിയ കാരക്ക വ്രതാനുഷ്ഠാനത്തിൽ നിന്ന് വിരമിക്കുന്നവർക്ക് അനുയോജ്യമാണെന്ന് ശാസ്ത്രവും പറയുന്നു. ഹോമിയോ മെഡിക്കൽ കോളേജ് സൂപ്രണ്ടായിരുന്ന ഡോ. കെ.ബി. രമേശിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക, "ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ ഒരു പഴവർഗമാണ് കാരക്ക അഥവാ ഈത്തപ്പഴം. പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ഭക്ഷണം ലഭിക്കാത്ത അവസ്ഥയിൽ ഇരുമ്പിന്റെ അംശം ശരീരത്തിന് കൂടുതലായി വേണ്ടിവരും. ഇതിനു പുറമെ ചെറിയ പഴമാണെങ്കിലും ഇരുമ്പിൻ്റെ ഗുണം ശരീരത്തിലെത്തിക്കാനും ഈത്തപ്പഴത്തിന് സാധിക്കും.”

ഈത്തപ്പഴത്തിന്റെ മഹത്വം ആരോഗ്യശാസ്ത്രജ്ഞനായ വി.വി. ബാലകൃഷ്ണൻ എഴുതുന്നതിങ്ങനെ: "ഈത്തപ്പഴം ആമാശയത്തിലുള്ള ദ്രോഹകരമായ അണുക്കളെ കൊല്ലാനും ഗുണകരമായ വളർച്ചയെ സഹായിക്കാനുമുള്ള വസ്തുവാണ്. ഇക്കാരണത്താലായിരിക്കണം മുസ്ലിംകൾ തങ്ങളുടെ നിരാഹാര വ്രതം അവസാനിപ്പിക്കേണ്ടത് ഈത്തപ്പഴം കൊണ്ടായിരിക്കണമെന്ന് മുഹമ്മദ് നബി(സ) നിഷ്കർശിച്ചത്.”

അത്താഴത്തിനും ഉത്തമം ഈത്തപ്പഴമാണെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. കാരക്കയിൽ ഗ്ലൂക്കോസ്, വൈറ്റമിൻ എ, ബി, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദഹന പ്രക്രിയയെ സുഗമമാക്കാൻ ഇവയെല്ലാം സഹായകമത്രെ.

Questions / Comments:No comments yet.

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ പകലിരവുകളെ കുളിരോർമ്മയാക്കാം....

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ, വ്യത്യസ്തമായ അനേകം കൈമാറ്റങ്ങളിലൂടെയാണ് ആ അനശ്വര...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ അനുകരിക്കാനുള്ള അങ്ങേയറ്റത്തെ...

RELIGION

തകർന്നടിഞ്ഞ പള്ളിമിനാരങ്ങൾക്കിടയിൽ നിന്നവർ ബാങ്കുകേൾക്കുന്നു. സ്മൃതിയിൽ തളം കെട്ടി നിൽക്കുന്ന ഫലസ്തീനികളുടെ ബാങ്ക്. ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിൽ നിന്നും എമൻ അൽഹാജ് അലി യുടെ എഴുത്ത്...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്.തിരുദൂതരുടെ ദേഹം, ഉയരം, ചുമൽ, കഴുത്ത്, പിരടി തുടങ്ങി ...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....