നല്ലതു മാത്രം പറയാൻ കഴിയുകയെന്നത് അത്യുൽകൃഷ്ടമായൊരു സിദ്ധിയാണ്. അനാവശ്യമായ സംസാരം സാമൂഹിക വിപത്തിലേക്കും മൂല്യവത്തായ സമയ നഷ്ടത്തിലേക്കും കൊണ്ടെത്തിക്കും.
വായിക്കാം:
അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളിൽ പ്രധാനമാണ് നാവ്. അതീവ രഹസ്യങ്ങളുടെ കലവറയാണത്. പ്രത്യക്ഷത്തിൽ ചെറിയൊരു അവയവമാണെങ്കിലും അതുകൊണ്ടുള്ള ആരാധനകൾ അതിമഹത്തായതാണ്. ഇപ്രകാരം തന്നെ നാവു കൊണ്ടുള്ള പാപങ്ങളും ചെറുതല്ല. ഇരുതല മൂർച്ചയുള്ള ആയുധമാണെന്ന് സാരം. ഒരു കത്തികൊണ്ട് ഭക്ഷണവസ്തുക്കൾ മുറിക്കാനും, വേണമെങ്കിൽ ഒരു മനുഷ്യനെ കൊല്ലാനും സാധിക്കും. ഇപ്രകാരമാണ് നാവും. നന്മയും തിന്മയും ചെയ്യാൻ സാധിക്കുന്ന മൂർച്ചയേറിയ അവയവം. അതിനെ പ്രയോഗിക്കുന്നതിൽ പലരും പരാജയപ്പെടുന്നു.
സത്യാസത്യങ്ങളുടെ വേർതിരിവ് നാവിലൂടെ പ്രകടമാകും. ഇസ്‌ലാമിൻ്റെ ആശയപ്രചാരണത്തിൽ നാവിന്റെ ഉപയോഗം വലിയ മുതൽക്കൂട്ടായിരുന്നല്ലോ?. നാവ് കൊണ്ടുമാത്രമല്ലേ നാം ദിക്ർ ചൊല്ലുന്നത്? . ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത അനേകം വിശേഷണങ്ങൾ നിറഞ്ഞ അവയവമാണത്. മറ്റു അവയവങ്ങൾ ഇപ്രകാരമല്ല. കണ്ണിലൂടെ നിറങ്ങളും രൂപങ്ങളും കാണുന്നു. കാത് ശബ്ദ ധ്വനികളെ കേൾപ്പിക്കുന്നു. മൂക്ക് ഗന്ധങ്ങൾ അറിയിച്ചു തരുന്നു. ഇവയുടെയെല്ലാം പ്രയോജനങ്ങൾ ഇങ്ങനെ ചുരുങ്ങിയ പ്രവർത്തനങ്ങളിൽ പരിമിതപ്പെടുന്നു. എന്നാൽ നാവിന്റെ സ്ഥിതി വ്യത്യസ്തമാണ്. വിവിധങ്ങളായ ഉപകാരങ്ങൾ നാവു കൊണ്ട് സാധ്യമാണ്.
അതുപോലെ തന്നെ, അതീവ പ്രശ്നങ്ങളുടെ അകക്കണ്ണിയാണ് നാവ്. പിശാച്ച് മനുഷ്യനെ പിഴപ്പിക്കാൻ കൂടുതലും ഉപയോഗിക്കുന്ന അവയവമാണത്. സംസാരത്തിന്റെ വിപത്തുകളെയാണ് നാം പഠിക്കേണ്ടതുണ്ട്. സംസാരം രണ്ടുതരത്തിലുണ്ട്. ഒന്ന് അതു ഫലമായി നന്മയുള്ളത്, രണ്ട് യാതൊരുപകാരമില്ലാത്തതും അനാവശ്യവുമായത്. നല്ല സംസാരം പാലിനേക്കാൾ വെളുത്തതും, തേനിനേക്കാൾ മധുരമുള്ളതുമാണ്. എന്നാൽ മോശം സംസാരം തെറ്റുകളുടെ ശവക്കല്ലറയുമാണ്. കൂടുതലായി സംസാരിക്കുമ്പോൾ പാപങ്ങൾ അധികരിക്കുന്നു. പാപങ്ങൾ അധികരിച്ചാൽ ഹൃദയം കറുത്തിരുളുകയും ചെയ്യും. ഇരുണ്ട ഹൃദയം നന്മയുടെ വെളിച്ചം ആവാഹിക്കില്ല. അവസാനം ഈമാൻ നഷ്ടപ്പെടുന്നതിലേക്കെത്തുന്നു.
ചിലർ അനിയന്ത്രിതമായി സംസാരിക്കുന്നവരാണ്. യാതൊരുവിധ ബോധവുമില്ലാതെ വാചാലനാകുന്ന വായാടികൾ. അതീവ ഗുരുതരമാണിത്. ഒരുപക്ഷേ ഈ സംസ്കാരം സമൂഹത്തിനിടയിൽ മാനുഷിക വില നഷ്ടപ്പെടുന്നതിന് കാരണമായേക്കാം. മാന്യത കുറക്കുകയും ചെയ്യും. ആവശ്യങ്ങൾക്ക് മാത്രമേ വാ തുറക്കാവൂ. അനാവശ്യത്തിൽ ഇടപെടുമ്പോഴാണ് കലഹങ്ങൾ ഉടലെടുക്കുന്നത്. അത് അസൂയയെയും പകയെയും സൃഷ്ടിക്കും. ഇവ ഒരുപക്ഷേ അതീവ പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം. ഒരുപക്ഷേ നമുക്ക് അനുകൂലമായ കാര്യത്തിനുവേണ്ടിയാകും നാം ഇടപെടുന്നത്. എന്നാൽ ആ ഇടപെടൽ കാരണം കലഹങ്ങൾ ഉണ്ടാകുമെങ്കിൽ അതിൽ നിന്ന് മാറിനിൽക്കലാണുത്തമം.
ആവശ്യമില്ലാത്തത് സംസാരിക്കുമ്പോൾ ആയുസ്സ് പാഴാകുന്നു. ആ സമയത്ത് ആത്മീയ ചിന്തയിൽ മുഴുകിയിരുന്നുവെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് വലിയൊരു വിഹിതം തുറന്നു കിട്ടുമായിരുന്നു. ഒഴിവുസമയത്ത് ദിക്റുകളിലും മറ്റു ആരാധനകളിലും മുഴുകിയിരുക്കലാണ് ഉചിതം. ഒരാൾക്ക് നിധി ശേഖരിക്കാൻ അവസരം ലഭിച്ചിരിക്കെ കല്ലുകൾ ശേഖരിക്കുകയാണെങ്കിൽ അവൻ തീർത്തും പരാജിതൻ തന്നെ.
തീർച്ച! "മുഅ്മിനായ മനുഷ്യന്റെ മൗനം ചിന്തയാണ്. അവന്റെ ഓരോ നോട്ടവും പാഠങ്ങളാണ്. സംസാരങ്ങൾ ദിക്റുകളുമാണ്. ഒരു സ്വഹാബി പറയുന്നു: "ഒരാൾ എന്നോട് ഒരു കാര്യം സംസാരിച്ചു. ദാഹിച്ചു വലഞ്ഞവന് തണുത്ത വെള്ളത്തിനോടുള്ള ആഗ്രഹത്തേക്കാൾ എനിക്ക് കൊതിയുണ്ട്, അതിനു മറുപടി പറയാൻ. പക്ഷേ അത് വേണ്ടാത്ത സംസാരമായി പോകുമോ എന്ന് ഭയന്ന് ഞാൻ അത് ഉപേക്ഷിക്കുകയാണ് ചെയ്തത്". കൃത്യമായ ആത്മീയ ദീർഘവീക്ഷണമുള്ളവർക്ക് ഇതെല്ലാം നിസാരമാണ്.
സംസാരിക്കുന്നിടത്ത് പാലിക്കാൻ ധാരാളം മര്യാദകളുണ്ട്. രണ്ടാളുകൾ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കരുത്. മലയാളത്തിൽ ഒരു ചൊല്ലുണ്ട് "തോക്കിൽ കയറി വെടിവെക്കുക "എന്ന്. തീർത്തും മര്യാദക്കുറവാണത്. അത്തരം സന്ദർഭത്തിൽ അത്യാവശ്യമായ കാര്യം സംസാരിക്കാനാണെങ്കിൽ നാം ചെയ്യേണ്ടത് അനുവാദം വാങ്ങുക, അല്ലെങ്കിൽ അവരുടെ സംസാരം കഴിഞ്ഞ ശേഷം സംസാരിക്കുക. ഇതിനപ്പുറത്തേക്ക് ചാടിക്കയറുന്ന സ്വഭാവ ശൈലി നമുക്കുണ്ടാവരുത്. കുട്ടികളോട് സംസാരിക്കും വിധം മുതിർന്നവരോട് സംസാരിക്കരുത്. ആളും തരവും അനുസരിച്ച് സംസാരശൈലിയിൽ മാറ്റം വരുത്തണം. എല്ലാവരോടും മയത്തിൽ ആയിരിക്കണം പെരുമാറേണ്ടത്. ദേഷ്യപ്പെട്ടു കൊണ്ടുള്ള സംസാരം മറ്റുള്ളവരിൽ നമ്മോട് വെറുപ്പ് സൃഷ്ടിക്കും. ഹൃദ്യമായി ഒന്ന് ചിരിക്കാൻ 22 പേശികൾ മാത്രം മതി, പക്ഷേ മുഖം കൂർപ്പിച്ചിരിക്കാൻ 43 പേശികൾ വേണം. ദേഷ്യപ്പെടുമ്പോൾ ശാരീരികമായി നാം കൂടുതൽ ഊർജം നഷ്ടപ്പെടുത്തുന്നു. അഹങ്കാരമാണ് നമുക്ക് മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയാത്തതിന് കാരണം. നമ്മുടെ സ്വഭാവത്തിൽ അപരന് തണലുണ്ടാവണം. നമ്മുടെ സംസാരം മധുരമുള്ളതായിരിക്കണം. സംസാരം കേൾക്കുമ്പോൾ ശ്രോതാക്കൾ അതിൽ അലിഞ്ഞു ചേരുകയും വേണം. തന്നെ കണ്ടാൽ ആളുകൾ ഓടി ഒളിക്കുന്ന തരത്തിൽ വായാടി ആവരുത്. വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന സ്വഭാവം ഉണ്ടാവരുത്. അത് മുഅ്മിനായ വ്യക്തിക്ക് ഭൂഷണമല്ല. മോശം സ്വഭാവത്തിന്റെ അടയാളവുമാണത്.
ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുക എന്നാൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കാത്ത കാര്യം സംസാരിക്കലാണ്. മനുഷ്യന്റെ മൂലധനമാണ് അവന്റെ സമയം. അനാവശ്യ സംസാരങ്ങളിൽ ഏർപ്പെടുമ്പോൾ മൂലധനത്തെ നഷ്ടപ്പെടുത്തുകയാണവൻ ചെയ്യുന്നത്. നബി (സ) പറഞ്ഞിട്ടുണ്ടല്ലോ: "ഒരുവന്റെ ഉത്തമ ഇസ്ലാമിക ഭാവമാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക"എന്നത്. തന്റെ സംസാരം കൊണ്ട് പ്രത്യേകിച്ച് ഉപകാരമില്ലെങ്കിൽ പിന്നെ സംസാരിക്കുന്നതിന് അർത്ഥമുണ്ടോ?.
ഏറ്റവും വിലപ്പെട്ട സ്വത്ത് സമയമാണെന്നും ഓരോ വാചകത്തെക്കുറിച്ചും നാളെ അല്ലാഹു ചോദ്യം ചെയ്യുമെന്നുമുള്ള ബോധമാണ് സംസാര നിയന്ത്രണത്തിന് ഭൗതികമായ ചികിത്സ. അതോടൊപ്പം നാവ് ഉന്നതമായ സ്ഥാനങ്ങളെ കൈപ്പറ്റാൻ ശേഷിയുള്ളതാണെന്നും അതിനെ ശരിയായ രൂപത്തിൽ അല്ലാതെ ഉപയോഗിക്കൽ നിർഭാഗ്യമാണെന്നും മനസ്സിലാക്കുക. അതിലൂടെ അതിന്റെ പ്രായോഗിക ചികിത്സയായ മൗനം പതിവാക്കുന്നതിലേക്കെത്തുന്നു. അനസ് (റ) നിന്നും നിവേദനം, നബി (സ) പറഞ്ഞു: "ആരെങ്കിലും മൗനം ദീക്ഷിച്ചാൽ അവൻ വിജയിച്ചു". മൗനം ജ്ഞാനതന്ത്രമാണ്. അത് അനുഷ്ഠിക്കുന്നവർ വളരെ വിരളമാണെന്ന് ലുക്മാനുൽഹക്കീം (റ) പറഞ്ഞിട്ടുണ്ട്. പലരും മൗനത്തെ തെറ്റിദ്ധരിക്കാറുണ്ട്. ആരെന്ത് കാര്യം സംസാരിച്ചാലും മറുപടി പറയാതെ മിണ്ടാതിരിക്കലാണ് മൗനമെന്നത്. യഥാർത്ഥത്തിൽ മൗനം എന്നാൽ ആവശ്യത്തിന് സംസാരിക്കുകയും അനാവശ്യ സംസാരത്തിൽ നിന്ന് മാറി നിൽക്കലുമാണ്. നബി (സ) ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. അല്ലാത്തപ്പോൾ മൗനം പാലിക്കുമായിരുന്നു. അല്ലാഹുവിൽ ചിന്തിച്ചുള്ള മൗനത്തിൽ ആയിരിക്കും അധിക നേരവും. ഈ പാതയെ നെഞ്ചോട് ചേർത്തു വെച്ചവൻ നബിചര്യ പിൻപറ്റിയവനാണ്. അതിൽ പ്രതിഫലം ലഭിക്കുകയും ചെയ്യും.
സംസാരത്തെ ഘട്ടം ഘട്ടമായി നിയന്ത്രിച്ചു കൊണ്ടുവരുകയാണ് വേണ്ടത്. പെടുന്നനെ ഒരു മാറ്റം സാധ്യമല്ല. അബൂബക്കർ സിദ്ദീഖ് (റ) സംസാരം നിയന്ത്രിക്കുന്നതിന് വായിൽ ചിരൽക്കല്ല് വെക്കാറുണ്ടായിരുന്നു. നാവിലേക്ക് ചൂണ്ടി അദ്ദേഹം പറയും."ഇതാണ് എന്നെ പലതിലേക്കും പ്രവേശിപ്പിക്കുന്നത്". ഇത്തരം പ്രവർത്തനം നമുക്ക് സാധിക്കില്ലെങ്കിലും നമ്മളാൽ കഴിയും വിധം അമിത സംസാരത്തിന് കടിഞ്ഞാണിടണം. അത് ഫലവത്തായാൽ ആത്മജ്ഞാനത്തിലേക്കുള്ള സഞ്ചാരം സാധ്യമാകും. റസൂൽ (സ) പറഞ്ഞതായി സഹലുബ്നു സഅദ് (റ) പറയുന്നു: " ആരെങ്കിലും അവന്റെ രണ്ട് താടിയെല്ലുകൾക്കിടയിലെ അവയവത്തിന്റെയും (നാവ്) രണ്ട് കാലുകൾക്കിടയിലുള്ള അവയവത്തിന്റെയും (ഗുഹ്യസ്ഥാനം) കാര്യത്തിൽ എനിക്ക് ജാമ്യം നിന്നാൽ ഞാൻ അവന് സ്വർഗം കൊണ്ട് ജാമ്യം നിൽക്കും".
പ്രിയരേ; സംസാരിക്കാം, പക്ഷേ അത് അമിതമായി പോകരുത്. വലിയ ആപത്തുകൾ മാത്രമേ അത് സൃഷ്ടിക്കൂ. ജ്ഞാനതന്ത്രമായ മൗനം എപ്പോഴും നിലനിർത്തണം. ഓർക്കുക! ഒരുപക്ഷേ അനാവശ്യങ്ങളിൽ നിന്ന് മൗനം പാലിച്ച കാരണത്താൽ നാം ഒരു നല്ല അടിമയായി തീർന്നേക്കാം.
4 January, 2025 01:00 am
സവാദ്
ഉപകാരപ്രദം2 January, 2025 01:19 am
Muhammed Rayyan
✨2 January, 2025 01:14 am
Fasal Velluvangad
☘️