മതസൗഹാർദം എന്നത് മതങ്ങളുടെയും വിശ്വാസങ്ങളുടെയും ലയനമല്ല. മറിച്ച് ഇതര മതങ്ങളോടുള്ള ആത്മാർത്ഥമായ ബഹുമാനവും വില കൽപ്പിക്കലുമാണ്.
വായിക്കാം:
മരിച്ചയാളുടെ ഭൗതികശരീരം അശുദ്ധമാണോ എന്ന ചര്‍ച്ചയില്‍ കര്‍മ്മശാസ്ത്ര പണ്ഡിതരുടെ നിലപാട് ശ്രദ്ധേയമാണ്. അമുസ്‌ലിമിന്റേതാണെങ്കില്‍ പോലും അശുദ്ധമല്ല എന്നാണ് ഇസ്‌ലാമിന്റെ നിലപാട്. മനുഷ്യരെല്ലാം ആദമിന്റെ മക്കളാണെന്നും, ആദമിന്റെ മക്കളെ നാം ബഹുമാനിച്ചിരിക്കുന്നുവെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അമുസ്‌ലിമിന് ദാനം ചെയ്താല്‍ പ്രതിഫലമുണ്ടെന്ന് ഫിഖ്ഹി ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു. അനിവാര്യ ഘട്ടങ്ങളില്‍ സമ്പന്നര്‍ അമുസ്‌ലിമീങ്ങളെ സഹായിക്കണമെന്നും സഹായം നല്‍കിയില്ലെങ്കില്‍ നാളെ പരലോകത്ത് ശിക്ഷ ലഭിക്കുമെന്നും കര്‍മ്മ ശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയില്‍ വിശദീകരിക്കുന്നു (ഒമ്പതാം വാള്യം).
സകാത്, ഉളുഹിയ്യത്ത് എന്നിവ അമുസ്‌ലിമിന് നല്‍കരുത് എന്ന മതവിധി ഒരു വിമര്‍ശനമായി ഉന്നയിക്കപ്പെടാറുണ്ട്. അമുസ്‌ലിങ്ങള്‍ക്കെന്നല്ല മുസ്‌ലിംങ്ങളില്‍ നിന്ന് തന്നെ പലര്‍ക്കും നൽകാൻ പാടില്ല എന്ന് മനസ്സിലാക്കിയാല്‍ ആ തെറ്റിദ്ധാരണ നീങ്ങും. മുസ്‌ലിം സമ്പന്നര്‍ക്കും സയ്യിദന്മാര്‍ക്കും സകാത് കൊടുക്കാന്‍ പാടില്ല. അവരില്‍ എത്രയോ ദരിദ്രരുണ്ടാവും. എങ്കില്‍ പോലും ഇത് നല്‍കിക്കൂടാ. അത് അല്ലാഹുവിന്റെ തീര്‍പ്പാണ്. നോക്കൂ സയ്യിദുമാര്‍ എത്രത്തോളം ഇസ്‌ലാമിക സമൂഹവുമായി അഭേദ്യ ബന്ധമുള്ളവരാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ ആദരിക്കപ്പെടുന്നവരുമാണവര്‍. എന്നിട്ടും അവര്‍ സകാതിന് അവകാശികളല്ല. സമ്പന്നരെ ഒരു സമൂഹത്തിനും അവഗണിക്കാന്‍ കഴിയില്ല. എന്നിരിക്കെ സകാത്ത് അവര്‍ക്കുമില്ല. എന്നുവെച്ച് അറിവുള്ള സമ്പന്നര്‍ക്ക് പിണക്കമില്ല. അവര്‍ക്കറിയാം, ഇത് അല്ലാഹുവിന്റെ വിധിയാണെന്ന്. ഉള്ഹിയ്യത്തിന്റെ മാംസം അമുസ്‌ലിംകൾക്ക് കൊടുക്കാതിരിക്കുന്നത് അനാദരവാണെങ്കില്‍ സയ്യിദന്മാരെ ഇസ്‌ലാം അവഗണിച്ചു എന്ന് പറയേണ്ടി വരും.
അമുസ്‌ലിമുമായി ഇടപാട് അനുവ ദീനമാണെന്നാണ് ഇസ്‌ലാമിക പക്ഷം . ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു ഹജർ(റ)നോടുള്ള ഒരു ചോദ്യവും മറുപടിയും ശ്രദ്ധേയമാണ്. അമുസ്‌ലിമുമായുള്ള ഇടപാടിനെക്കുറിച്ച് പരാമര്‍ശിക്കവെ അവരുമായി ഇടപാടില്‍ വഞ്ചന നടത്താമോ എന്നാണ് ചോദ്യം. അതിന് ഇബ്‌നുഹജര്‍(റ) നല്‍കുന്ന മറുപടി ഇങ്ങനെയാണ്, “മുസ്‌ലിമിനോട് എങ്ങനെ ഇടപാട് നടത്തുന്നുവോ അതുപ്രകാരമാവണം അമുസ്‌ലിമിനോടുള്ള ഇടപാടും”. അവരോടുള്ള ഇടപാടില്‍ വഞ്ചന പാടില്ലെന്നും പലിശ ഈടാക്കരുതെന്നും തുടര്‍ന്നു പറയുന്നുണ്ട്. കൂടാതെ അമുസ്‌ലിമുമായുള്ള ഇടപാടില്‍ വഞ്ചന നടത്തുന്നത് നിയമപരമായി ശിക്ഷ നടപ്പാക്കേണ്ട വകുപ്പാണെന്ന് വരെ നിര്‍ണയിച്ചിട്ടുമുണ്ട് (ഫതാവല്‍ കുബ്‌റ 4/246).
ഇസ്‌ലാം സ്വീകരിച്ച ഒരു വ്യക്തിക്ക് അവന്റെ അമുസ്‌ലിമായ മാതാപിതാക്കള്‍ക്ക് ജീവിതച്ചിലവ് കൊടുക്കേണ്ടത് നിര്‍ബന്ധ ബാധ്യതയാണ്. മാതാപിതാക്കള്‍ എന്ന ബന്ധം നഷ്ടമാകാന്‍ ഇസ്‌ലാമാശ്ലേഷണം കാരണമല്ല എന്ന് സാരം. തനിക്ക് സത്യമെന്ന് ബോധ്യപ്പെട്ട് ഇസ്‌ലാം വിശ്വസിച്ചതിനാല്‍ അവരെ ഉപേക്ഷിക്കാന്‍ പാടില്ല. ഇസ്‌ലാമില്‍ നിന്നുകൊണ്ട് മാതാപിതാക്കളോട് മാന്യമായി ഇടപെടണം. പ്രത്യുപകാരങ്ങള്‍ പ്രതീക്ഷിക്കാതെ മുസ്‌ലിം സഹോദരന്മാരെ ചികിത്സിക്കണം. അവരുടെ രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കണം. ഇതൊക്കെ ഇസ്‌ലാമിന്റെ നിലപാട് വിശദമാക്കുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.
‘ഭൂനിവാസികളോട് നിങ്ങള്‍ കരുണ ചെയ്യുക എങ്കില്‍ ആകാശവാസികള്‍ നിങ്ങളോട് കരുണ ചെയ്യും’ എന്നാണ് തിരുവചനം. വിശ്വാസികളോട് എന്നല്ല ഭൂനിവാസികളോട് എന്നാണ് അല്ലാഹു അഭിസംബോധന ചെയ്യുന്നത്. എല്ലാ മനുഷ്യരോടുമുള്ള കരുണയാണിത്.
ഇത്തരം സ്‌നേഹ സൗഹൃദങ്ങൾ മത വിശ്വാസ ആചാരങ്ങളില്‍ കൂടിക്കലർത്തേണ്ട ആവശ്യമില്ല. മനുഷ്യത്വത്തെയാണ് വിലമതിക്കേണ്ടത്.
വിശുദ്ധ ഖുര്‍ആന്റെ ആദ്യത്തില്‍ അല്ലാഹുവിന്റെ വിശേഷണമായി പരിചയപ്പെടുത്തുന്ന റഹ്മാന്‍ എന്ന വാക്ക് ശ്രദ്ധേയമാണ്. ഈ ലോകത്ത് വിശ്വാസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്തവർക്ക് ഒരുപോലെ ഗുണം ചെയ്യുന്നവന്‍ എന്നര്‍ത്ഥം. ‘നിങ്ങള്‍ അല്ലാഹുവിന്റെ സ്വഭാവങ്ങള്‍ കൊണ്ട് സ്വഭാവമാര്‍ജിക്കുവിന്‍’ എന്ന തിരുവചനവും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. വര്‍ഗീകരിക്കാത്ത കാരുണ്യമാണ് അല്ലാഹുവിന്റേത്. അതേ സ്വഭാവം തന്നെയാണ് വിശ്വാസികള്‍ സ്വീകരിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നതും. മനുഷ്യകുലത്തിന്റെ പൊതുശത്രുവിനെ പരിചയപ്പെടുത്തിയും സകല ജനങ്ങളോടും ഈശത്രുവില്‍ നിന്ന് രക്ഷക്ക് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തുമാണ് ഖുര്‍ആന്‍ അവസാനിക്കുന്നത്.
നബി(സ)യുടെ ജീവിതവും ബഹുസ്വര നിലപാടുകളുടെ നിദര്‍ശനമായിരുന്നു. കൊല്ലാന്‍ വന്ന ശത്രുവിന്റെ വാള്‍ നിലത്തു വീണപ്പോള്‍ വാളെടുത്ത് പ്രതിക്രിയക്ക് മുതിരാതെ മാപ്പ് നല്‍കിയ അനുഭവമുണ്ട്. മക്കാവിജയ ദിവസം, നിരന്തരം വേട്ടയാടിയ മര്‍ദകരെ മുന്‍നിര്‍ത്തി തിരുദൂതര്‍ മനസ്സലിഞ്ഞു, ‘നിങ്ങള്‍ പോകൂ നിങ്ങള്‍ സ്വതന്ത്രരാണ്’. ജന്മനാട്ടില്‍ നിന്ന് സ്വത്തും കുടുംബവും ഒഴിവാക്കി പലായനം ചെയ്ത വിശ്വാസികളുടെ നേതാവാണ് ഇത് പറയുന്നത്. ഏത് കാല്പനികാലങ്കാരങ്ങള്‍ക്കാണ് ഇതിനെയൊക്കെ തൂക്കി അളക്കാനാവുക. മക്കയിലെ മര്‍ദകര്‍ക്ക് ശക്തമായ ക്ഷാമം പിടിപെട്ടപ്പോള്‍ ഗോതമ്പ് മദീനയില്‍ നിന്ന് കൊടുത്തയച്ച അനുഭവവും ഇസ്‌ലാമിനുണ്ട്.
ഇത് മുത്ത്നബിയുടെ ജീവിതത്തില്‍ മാത്രമല്ല, മുത്ത് നബിയെ കണ്ടനുഭവിച്ച ശിഷ്യന്മാരുടെ ജീവിതത്തിലും കാണാം. യാചിച്ചു നടക്കുന്ന ക്രിസ്ത്യന്‍ വൃദ്ധന്‍ യാചന അവസാനിപ്പിക്കാന്‍ ഉമര്‍(റ) സ്ഥിരം അലവന്‍സ് ഏര്‍പ്പെടുത്തിയത് അനുഭവമാണ്. രാജ്യത്തെ മുഴുവന്‍ അമുസ്‌ലിം വൃദ്ധര്‍ക്കും അതേതുടര്‍ന്ന് ഈ നിയമം ബാധകമാക്കി. ഇതേ അവസ്ഥയില്‍ കണ്ട മറ്റൊരു വൃദ്ധന് ഉമര്‍(റ) ബൈതുല്‍ മാലില്‍ നിന്ന് പണം നല്‍കി. എന്നിട്ടവിടുന്ന് പറഞ്ഞ വാക്കുകള്‍ മറക്കാനാവില്ല. ”അല്ലാഹുവാണ്, യുവത്വ കാലത്ത് പണം നികുതിയായി വാങ്ങിയിട്ട് വാര്‍ദ്ധക്യത്തില്‍ അവരെ ശുശ്രൂഷിക്കാതിരിക്കുന്നത് നീതിയാവില്ല’.
ഇസ്‌ലാമിലെ ആരാധനനുഷ്ഠാനങ്ങള്‍ രണ്ടുതരത്തിലുണ്ട്. സൃഷ്ടാവ് – സൃഷ്ടി ബന്ധിതവും, സൃഷ്ടി-സൃഷ്ടി ബന്ധിതവും. ഇതില്‍ രണ്ടാമത് പ്രതിപാദിച്ച ആരാധന സൃഷ്ടികളുടെ ഗുണത്തിനു വേണ്ടി ദൈവ പ്രീതി കാംക്ഷിച്ചു ചെയ്യുന്നവയാണ്. ഇസ്‌ലാം പ്രോത്സാഹിപ്പിച്ച സാമൂഹ്യസേവനം ഈ ഗണത്തില്‍ പെടുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമൂഹമെന്ന ആശയം നല്‍കുന്ന ഖുര്‍ആനികവചനം മുസ്‌ലിംകളെ സാമൂഹ്യ സേവനത്തിന് പ്രോത്സാഹിപ്പിക്കുകയാണ്. ജനങ്ങള്‍ക്കാകമാനം ക്ഷേമം കൊണ്ടുവരികയാണ് ലക്ഷ്യം.
മറ്റു മതങ്ങളുടെ ആചാരങ്ങള്‍ അനുകരിക്കുന്നതല്ല സൗഹൃദം. തന്റെ ആരാധനകള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഫാഷിസമാണ്. മറ്റുള്ളവരുടെ ആരാധനകള്‍ നമ്മള്‍ ചെയ്യുന്നത് അവരെ അവഹേളിക്കലാണ്. അതിന് മതസൗഹാര്‍ദമെന്ന പേര് വെക്കുന്നത് മതമൂല്യങ്ങളെയും മാനുഷിക മൂല്യങ്ങളെയും അവഹേളിക്കലുമാണ്.
മത സൗഹൃദം ആത്മാര്‍ത്ഥമാവണം. അതിനും അതിരുകളുണ്ട്. എത്ര ആത്മാര്‍ത്ഥ സുഹൃത്താണെങ്കിലും ഭാര്യക്ക് കൊടുക്കുന്ന പരിഗണന സുഹൃത്താഗ്രഹിക്കുന്നത് അതിരുകവിയലാണ്. പിതാവിനോടും മാതാവിനോടും പെരുമാറുന്ന പോലെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതും സൗഹൃദമല്ല. അതുപോലെ ക്ഷേത്രങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെങ്കില്‍ അതിൽ കുഴപ്പം കാണേണ്ടതില്ല. കയറാതെ വിട്ടു നില്‍ക്കലാണ് സൗഹൃദം. ചര്‍ച്ചുകളില്‍ ഹിന്ദുവും മുസ്‌ലിമും കയറുന്നത് ശരിയല്ലെങ്കില്‍ അതിന്റെ പടിവാതില്‍ വരെ പോയി കയറാതിരിക്കലാണ് സൗഹൃദം. പള്ളികളില്‍ മുസ്‌ലിമീങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് പോലെ എനിക്കും പ്രാര്‍ത്ഥിക്കണമെന്ന് അമുസ്‌ലിം പറയുന്നത് സൗഹൃദമായി കാണരുത്. മറിച്ച് നീ പ്രാര്‍ത്ഥിച്ചു വരൂ ഞാന്‍ നിന്നെ കാത്തിരിക്കാം എന്ന് പറയുമ്പോഴാണ് സൗഹൃദത്തിന്റെ ഇതളുകൾ വിരിയുന്നത്. സകാത്, ഉളുഹിയ്യത്ത് മാംസം മുസ്‌ലിമീങ്ങളിലെ അനര്‍ഹരായ ആളുകള്‍ക്ക് നല്‍കാതിരിക്കുന്നത് പോലെ അമുസ്‌ലിമീങ്ങള്‍ക്കും നല്‍കാതിരിക്കുകയാണ് വേണ്ടത്. ഹിന്ദുക്കള്‍ക്കും ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത സന്ദര്‍ഭവുമുണ്ടാവും. ആ സന്ദര്‍ഭം രണ്ടുകൂട്ടരും ശ്രദ്ധിച്ചു പെരുമാറുന്നതാണ് സൗഹൃദം. ഒരേസമയം ഉത്തമ പൗരനും വിശ്വാസിയുമാവുന്നിടത്താണ് സൗഹൃദം സാക്ഷാത്കരിക്കപ്പെടുന്നത്.