വൊളൻ്ററി സർവ്വീസെന്ന പേരിൽ പത്രത്തിൽ പേരു വരാനും ആളുകളുടെ കൈയ്യടി നേടാനും നേരംപോക്കാനുമായി സാമൂഹ്യസേവനം നടക്കുന്ന നാട്ടിൽ, കുണ്ടൂരിലെ സേവന ചരിത്രങ്ങൾ ഏറെ വേറിട്ടും ഉയർന്നും നിൽക്കുന്നു.
വായിക്കാം:
ഹസൻ മുസ്ലിയാരും പി എം കെ ഫൈസിയും ഒരിക്കൽ കുണ്ടൂർ ഉസ്താദിനെ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. തെന്നലയിലെ റോഡരികിൽ ഒരു ഓലപ്പായ വിരിച്ച് ഇരിക്കുന്നു. തൊട്ടപ്പുറത്ത് റോഡ് പണിയിലേർപ്പെട്ട കുറെ തൊഴിലാളികളും. കാര്യം അന്വേഷിച്ചപ്പോഴാണ് ഉസ്താദ് പറഞ്ഞത് തലേദിവസം ഒരു കുട്ടി പൊട്ടിപ്പൊളിഞ്ഞ ഈ റോഡിൽ സൈക്കിളിൽ പോകുമ്പോൾ വീണത് ഉസ്താദ് അറിയുകയും ഇനി അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി ഉസ്താദ് തന്നെ മുന്നോട്ടിറങ്ങിയതാണെന്ന്. 22 ഓളം കൂലിപ്പണിക്കാർക്കുള്ള 180 രൂപ ശമ്പളവും ഉസ്താദ് തന്നെയാണ് കൊടുക്കുന്നത്.
പണ്ഡിതനും സൂഫിയും മാദിഹുമായ ഉസ്താദിൻറെ പൊതുപ്രവർത്തനത്തെ കുറിച്ച് പലരും വിസ്മരിച്ചു പോകാറുണ്ട്. ഇസ്ലാമിൽ പ്രധാന സവിശേഷതയാണ് സാമൂഹ്യസേവനമെന്നത്. പ്രവാചകന്മാരുടെ ജീവിതങ്ങൾ പൂർണമായും സാമൂഹ്യ സേവനത്തിനും ജനോപകാരപ്രദമായ പ്രവർത്തനത്തിനും ദുരിതാശ്വാസത്തിന് വേണ്ടിയും ചെലവഴിച്ചത് ചരിത്രത്തിൽ പ്രകടമാണ്. വിജയികളാവാൻ നന്മ ചെയ്യുക എന്ന ഖുർആനിക വചനം കുണ്ടൂർ ഉസ്താദിന്റെ ജീവിതവിജയത്തെ നമുക്ക് മനസ്സിലാക്കി തരുന്നു. ന്യൂജനറേഷൻ കാലത്ത് സ്വന്തത്തിനു വേണ്ടി മാത്രം ജീവിക്കുന്ന, തർക്കിക്കുന്ന ഒരു വിഭാഗമുണ്ടാകുമ്പോഴാണ് മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാനും പരിഹാരമാകാനും തെന്നിന്ത്യയിലെ ഗരീബ് നവാസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ട കുണ്ടൂർ ഉസ്താദ് മാതൃകയാവുന്നത്.
അനാവശ്യമായി ഉസ്താദ് മരങ്ങൾ മുറിക്കാറുണ്ടായിരുന്നില്ല എന്ന് മാത്രമല്ല മരം വച്ചു പിടിപ്പിക്കലാണ് പതിവ്. ഒരു ദിവസം അർദ്ധരാത്രിയിൽ ഉസ്താദ് പെട്ടെന്നുണർന്നുകൊണ്ട് ഒരു തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാനുണ്ടെന്നു പറഞ്ഞ് അവിടെയുണ്ടായിരുന്ന വരെ കൂട്ടി ആ രാത്രി തന്നെ അത് വെച്ചുപിടിപ്പിച്ചു, മഴ പെയ്യുന്ന സമയത്തായിരുന്നു അത്. അതിനുശേഷം മറ്റു തെങ്ങുകൾക്ക് കൂടി വെള്ളം എത്തിക്കാൻ ഉസ്താദും കൂട്ടരും
ചാലുകൾ കീറുകയും ചെയ്തു.
ഉസ്താദിൻറെ മകൻ കുഞ്ഞു കൊല്ലപ്പെട്ട സമയത്തെ വക്കീലായിരുന്ന അഡ്വക്കേറ്റ് ശ്രീധരൻ മഞ്ചേരിയുടെ കീഴിൽ ജോലി ചെയ്യുന്ന രാജേഷിൻ്റെ അമ്മ ആക്സിഡന്റൊയി മരണപ്പെട്ടു. അവൻ ഉസ്താദിനോട് വിഷമത്തോടെ പറഞ്ഞു. എൻ്റെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, എന്നിട്ടും ഈ വിധത്തിൽ മരിക്കാൻ കാരണമെന്തേ? അപ്പോൾ ഉസ്താദിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. മുഹമ്മദ് നബി (സ)ജനിക്കുമ്പോൾ സ്വന്തം പിതാവ് ജീവിച്ചിരുന്നില്ല, ഗാന്ധിജി എങ്ങനെയാമരിച്ചത്... രാജേഷിന്റെ സങ്കടം തീർത്തത് അങ്ങനെയായിരുന്നു.
ഉസ്താദിന്റെ നാട്ടിലുണ്ടായിരുന്ന പാവപ്പെട്ട ഉമ്മറാക്ക സുഖമില്ലാതെ ജോലിക്ക് പോകുന്നില്ലെന്ന് അറിഞ്ഞ ഉസ്താദ് സാധനങ്ങൾ വാങ്ങി ആ ചെറിയ കൂരയിലേക്ക് കയറി ചെന്ന് സ്വാന്തനം പകർന്നിട്ടുണ്ട്.
സന്ധ്യാസമയത്ത് വാഹനത്തിൽ യാത്ര ചെയ്യുന്ന ഉസ്താദ് മഴ വരുന്നുണ്ടെന്ന് അറിഞ്ഞ പൂള കച്ചവടക്കാരൻ ധൃതിയിൽ പോകുന്നത് കണ്ട് തന്റെ കൂടെയുള്ളവരിൽ നിന്ന് കടം വാങ്ങി അദ്ദേഹത്തിൽ നിന്ന് പൂള പൂർണ്ണമായും വാങ്ങി അത് പാവപ്പെട്ടവരുടെ വീട്ടിലേക്ക് എത്തിച്ചു.
ഒരിക്കൽ ഉസ്താദിനെ കാണാൻ വേണ്ടി വന്ന ഒരാൾ കണ്ടത് കുണ്ടൂർ സുന്നി മദ്രസയുടെ പടിഞ്ഞാറുവശത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ കിടക്കുന്ന ഉസ്താദിനെയും അടുത്ത് തന്നെ വെച്ചിട്ടുള്ള മുറവുമാണ്. കാര്യം അന്വേഷിച്ചപ്പോൾ ഒരു കച്ചവടക്കാരൻ തന്റെ ചരക്കുകൾ ചുമലിലേറ്റി ക്ഷീണിച്ച് നടക്കുന്ന രംഗം കണ്ടപ്പോൾ അയാളുടെ പക്കൽ നിന്ന് ആ സാധനങ്ങളൊക്കെ ഉസ്താദ് വാങ്ങിച്ചതാണ്. ശേഷം അത് വിറ്റ് കിട്ടിയ തുക അദ്ദേഹത്തിന് തിരികെ നൽകുകയും ചെയ്തു.
ആദ്യകാലം മുതൽക്കെ യതീം കുട്ടികളോട് വല്ലാത്ത മമതയായിരുന്നു ഉസ്താദിന്. ശിഷ്യന്മാർക്കിടയിലെ യതീംകുട്ടി കഴിച്ചതിനുശേഷം മാത്രമേ ബാക്കിയുള്ളവർക്ക് പോലും ഉസ്താദ് ഭക്ഷണം നൽകാറുണ്ടായിരുന്നുള്ളൂ. മത്സ്യം വാങ്ങി പോകുന്ന സമയം അത് മറച്ചു പിടിക്കാൻ ഉസ്താദ് പറഞ്ഞപ്പോൾ കാര്യമന്വേഷിച്ചവരോട് ഉസ്താദിൻറെ മറുപടി പോകുന്ന വഴിയിൽ വല്ല യതീംകുട്ടികളും കണ്ട് അതിന് ആശ വന്നാൽ റബ്ബിനോട് നാം ഉത്തരം പറയേണ്ടി വരും എന്നാണ്. ഗൗസിയയ്യുടെ ആദ്യ സ്ഥാപനവും ഒരു യതീംഖാന ആയിരുന്നു. അഗതി മന്ദിരവും ഉസ്താദ് ആരംഭിച്ചു.
യതീം കുട്ടികളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നതിൽ വല്ലാത്ത സൂക്ഷ്മതയായിരുന്നു ഉസ്താദിന്. യതീംഖാനയിൽ നിന്ന് താനോ തന്റെ ബന്ധപ്പെട്ടവരോ കാണാൻ വരുന്നവരോ കഴിക്കുന്ന ഭക്ഷണം, ഉപയോഗിക്കുന്ന , കിടക്കുന്നതിന്റെയും ഇരിക്കുന്നതിന്റെയും വാടക തുടങ്ങിയവയെല്ലാം ഉസ്താദ് കൊടുക്കുമായിരുന്നു. യതീംഖാനയുടെ വളപ്പിലേക്ക് അയൽവാസിയുടെ മാവിൽ നിന്ന് വീഴുന്ന മാങ്ങ യതീംകുട്ടികൾ അറിയാതെ കഴിക്കും എന്നതിനാൽ അവ മൊത്തത്തിൽ ഉസ്താദ് വിലക്കു വാങ്ങുമായിരുന്നു.
ഭക്ഷണവിതരണം ഉസ്താദിൻറെ പ്രധാന വിനോദമാണ്. ഇന്നും കുണ്ടൂരിലെത്തുന്ന സന്ദർശകർക്ക് അത് അനുഭവിക്കാൻ സാധിക്കും. രാവിലെ അത്താണിക്കലിലെ ഹോട്ടലിൽ നിന്ന് ചായയും പുട്ടും കഴിക്കുന്ന ഉസ്താദ് അവിടെ കൂടിയിരിക്കുന്നവർക്ക് എല്ലാം വാങ്ങി കൊടുക്കുമായിരുന്നു. ഒറ്റക്ക് ഭക്ഷണം കഴിക്കുന്ന പതിവേ ഉണ്ടായിരുന്നില്ല. എന്ത് ചെറിയ സദസ്സുകളുണ്ടായാലും സാധുജനങ്ങൾക്ക് ഭക്ഷണം വെച്ച് വിളമ്പാനായിരുന്നു കൂടുതൽ താല്പര്യം. പരിസരത്തെ ജീവിതങ്ങളിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരെ കുറിച്ച് ഏറെ ശ്രദ്ധ പുലർത്തുമായിരുന്നു. വീട്ടിലേക്ക് അതിഥികൾ വരുമ്പോൾ ഭക്ഷണം ഇല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവന്ന് അവർക്ക് നൽകും.
അസർ നിസ്കാരം കഴിഞ്ഞാൽ അടുത്ത ജോലി നിർമാണ പ്രവർത്തനമാണ്. ഒന്നുകിൽ കുളം കുഴിക്കൽ അല്ലെങ്കിൽ ബിൽഡിംഗ് നിർമാണം, അതുമില്ലെങ്കിൽ റോഡ് റിപ്പയർ. ആദ്യമിറങ്ങുന്നത് ഉസ്താദ് തന്നെയാണ്. രണ്ടോ മൂന്നോ മൺവെട്ടിയും കുട്ടകളുമായി അങ്ങാടിയിലേക്ക് ഉസ്താദങ്ങോട്ടിറങ്ങും. കൂടെ ദർസ് വിദ്യാർത്ഥികളും ഉസ്താദിൻ്റെ മുഹിബ്ബീങ്ങളും. അതിൽ വലിപ്പ ചെറുപ്പ ഭേദമെന്യേ എല്ലാവരുമുണ്ടാകും. നാടിൻ്റെ നാനാഭാഗത്തുനിന്നും ഉസ്താദിനെ സന്ദർശിക്കാനെത്തുന്നവരിൽ പലരും പണിക്കിറങ്ങും. അക്കാലത്ത് കുണ്ടൂർ മദ്രസയും തപാൽ ഓഫീസും നിൽക്കുന്ന സ്ഥലം മുതൽ അത്താണിക്കൽ അങ്ങാടി വരെയാണ് നിർമാണപ്രവൃത്തി. പൊതുവെ പൊടിയും ചേറും കുണ്ടും കുഴിയും നിറഞ്ഞ ആ ഗ്രാമീണ റോഡുകൾ സുഖമമാക്കാൻ അത്ര എളുപ്പമല്ല. റോഡിലെ കുണ്ടും കുഴിയും മണ്ണിട്ട് നിരപ്പാക്കുകയും ഭീഷണിയായി പൊന്തി നിൽക്കുന്ന കല്ലുകൾ തട്ടിമാറ്റുകയും ചെയ്താൽ ഉസ്താദിന്റെ മുഖം പ്രസന്നമാകും. കുണ്ടൂർ പരിസരത്തെ പലറോഡുകളും നിർമിക്കുകയോ റിപ്പയർ ചെയ്യുകയോ ചെയ്തിട്ടുണ്ട് ഉസ്താദ്. പലപ്പോഴും പണിക്കിറങ്ങുമ്പോൾ കൂടെ കൂലിപ്പണിക്കാരുമുണ്ടാകും. അവർക്ക് കൊടുക്കാനൊന്നും കയ്യിലുണ്ടാവില്ല. കൂലി കൊടുക്കാനാവുമ്പോഴേക്ക് ആരെങ്കിലും പൈസ കൊണ്ടുവന്നുകൊടുത്തിട്ടുണ്ടാവും. തന്നെക്കാണാൻ വരുന്ന സാധ്യമായ ആളുകളിൽ നിന്ന് ചിലപ്പോഴെല്ലാം ഉസ്താദ് പണികൾക്കാവശ്യമായവ വാങ്ങാറുമുണ്ട്. ഇഷ്ടക്കാരും മറ്റും നൽകുന്ന ഹദിയകൾ വീട്ടിൽ എത്തുമ്പോഴേക്ക് ദാനം കൊടുത്ത് തീർന്നു പോവുമായിരുന്നു.
ക്ലാരിയിൽ ദർസ് നടത്തുന്ന കാലത്തേ സേവന വീഥിയിൽ ഉസ്താദ് ഇറങ്ങിയിരുന്നു. അധ്യാപന കാലത്തു തന്നെ പരിസര പ്രദേശങ്ങളിലായി പത്തോളം പള്ളികള്‍ നിര്‍മിക്കാന്‍ ഉസ്താദ് നേതൃത്വം നല്‍കി. പ്രകൃതിപരമായ സേവനതല്‍പരത കൊണ്ട് പെരുമണ്ണ ക്ലാരിയിലും പരിസരങ്ങളിലുമായി ധാരാളം പള്ളികള്‍, മദ്രസകള്‍, സ്കൂളുകള്‍, റോഡുകള്‍ തുടങ്ങിയവ കുണ്ടൂരുസ്താദ് സ്വന്തം പരിശ്രമത്താല്‍ നിര്‍മിച്ചു. ജലക്ഷാമമുള്ളയിടങ്ങളില്‍ കുളങ്ങളും കിണറുകളുമുണ്ടാക്കി.
വൈജ്ഞാനിക സാമൂഹിക പുരോഗതി ദേശത്തിനുണ്ടായിത്തീരുന്നതിലായിരുന്നു ഉസ്താദ് ശ്രദ്ധ വെച്ചത്.
ദര്‍സ് ആരംഭിച്ച് 1987 ല്‍ ക്ലാരി വിട്ട് കുണ്ടൂരിലേക്ക് വരുന്നതുവരെ ആ ഗ്രാമത്തിന്റെ എല്ലാമെല്ലാമായിരുന്നു ഉസ്താദ്. പള്ളികളുടെയും മദ്രസ്സകളുടെയും പ്രസിഡന്റ് എന്ന നിലയില്‍ ഒരു ദേശക്കാരനായ മുദരിസ്സിനേക്കാള്‍ എന്തുകൊണ്ടും നാട്ടുകാരുമായി അടുപ്പം പാലിക്കാന്‍ ഉസ്താദിന് കഴിഞ്ഞിരുന്നു. മരണം വരെ ക്ലാരി പ്രദേശത്തെ പ്രവര്‍ത്തനങ്ങളെല്ലാം ഉസ്താദിനോടന്വേഷിച്ചായിരുന്നു നടത്തിയിരുന്നത്.
സ്വന്തം വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷം എങ്ങനെയെന്ന് മനസിലാക്കുന്ന ഉസ്താദ്, സഹായം ആവശ്യമുള്ളവരെ വേണ്ട വിധം പരിഗണിച്ചിരുന്നു. കുണ്ടൂര്‍ ദേശത്തെ വിദ്യാര്‍ഥികളുടെ പഠന കാര്യങ്ങളിലും സജീവ ശ്രദ്ധപുലര്‍ത്തി. ഉപരിപഠനത്തിനാവശ്യമായ സംവിധാനങ്ങള്‍ ചോദിച്ചറിഞ്ഞ് ചെയ്യുമായിരുന്നു.
ആത്മീയാവസ്ഥാന്തരത്തിന്റെ വേളകളിൽ സേവനപ്രവർത്തനങ്ങൾക്ക് വല്ലാത്ത ഒരു ഹരമായിരുന്നു. ദാറുത്തഅ്ലീമുൽ ഗൗസിയ്യ സ്ഥാപിച്ചശേഷം സ്വന്തം നാട്ടിൽ വിശ്രമമില്ലാത്ത സേവന പ്രവർത്തനത്തിലേർപ്പെട്ടു. വിശാലമായി ആലോചിച്ചാൽ സ്വകാര്യ വ്യക്തികൾ ഇപ്രകാരം സേവനം ചെയ്താൽ അവസാനിക്കുന്ന പ്രശ്നങ്ങൾ മാത്രമാണിതെന്ന് സൂചിപ്പിക്കുകയാണ് ഉസ്താദ് ചെയ്തത്. തകർന്നുകിടക്കുന്ന പൊതുസ്ഥലങ്ങളും മേഖലകളും നോക്കി നെടുവീർപ്പിടാനോ പരാതി പറയാനോ സമരം ചെയ്യാനോ നിൽക്കാതെ തന്നാലാവുംവിധം അവ പരിഹരിക്കുകയായിരുന്നു.
കുണ്ടൂരുസ്താദ് നിഷ്കളങ്കമായ സേവനത്തിൻ്റെ ആൾരൂപമായിരുന്നു. വൊളൻ്ററി സർവ്വീസെന്ന പേരിൽ പത്രത്തിൽ പേരു വരാനും ആളുകളുടെ കൈയ്യടി നേടാനും നേരംപോക്കാനുമായി സാമൂഹ്യസേവനം നടക്കുന്ന നാട്ടിൽ, ഉസ്താദിൻ്റെ സേവന ചരിത്രങ്ങൾ ഏറെ വേറിട്ടും ഉയർന്നും നിൽക്കുന്നു. പണിക്കും സേവനത്തിനും വേണ്ടി മാത്രം സേവനം ചെയ്യുന്നതിനുപകരം ആവശ്യമുള്ളിടത്ത് ഒരാളും കാണാനില്ലെങ്കിലും ആളുകൾക്ക് ഉപകാരമുണ്ടെന്നറിഞ്ഞ് ഉസ്താദ് സേവനം ചെയ്തു. ആരാധനയുടെ ആത്യന്തികാർത്ഥതലങ്ങൾ പൂർണമായി തെളിഞ്ഞുകിട്ടുമ്പോഴാണ് സേവനത്തിന്റെ ഉഷ്ണ വീഥികളിലേക്ക് സൂഫി മഹാരഥൻമാർ മുന്നിട്ടിറങ്ങുന്നത്.
മികച്ച സാമൂഹിക സേവനത്തിന് കൈരളി ചാർത്തിയ വിളിപ്പേരായിരുന്നു തെന്നിന്ത്യയിലെ ഗരീബ് നവാസ്. നിരാലംബരെയും അനാഥരെയും ചേർത്തുപിടിച്ചു. അധ്യയന കാലം കഴിയുന്നതോടെ സേവനരംഗം വികസിക്കുകയായിരുന്നു. പള്ളികൾ, മദ്റസകൾ, സ്കൂളുകൾ, റോഡുകൾ, കിണറുകൾ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനോടുന്ന പാവങ്ങളെ കണ്ടെത്തി മതിയായ ഇടപെടലുകൾ നടത്തി, ഒട്ടനവധി സാമൂഹിക സംഭാവനകൾക്കും സാന്ത്വന പ്രവർത്തനങ്ങൾക്കും ഉസ്താദ് നേതൃത്വം നൽകി. അതോടൊപ്പം മികച്ച സംഘാടകനും പ്രവർത്തകനുമായിരുന്നു ഉസ്താദ്.
Reference
1.Siraj Daily, അനുസ്മരണം/ കുണ്ടൂർ ഉസ്താദ്: നൈരന്തര്യത്തിന്റെ സർഗ നിലാവ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി
2.രിസാല വാരിക 1361 , ഓര്‍മ/ കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍: മുസ്ലിം ജ്ഞാനിയുടെ പ്രയാണവഴികള്‍ ,മശ്ഹൂദ് മുഹമ്മദ് ഹുസൈനുല്‍ ഖാളിമി
3.കുണ്ടൂർ ഉസ്താദ്: തെന്നിന്ത്യയുടെ ഗരീബ് നവാസ്/ Daruthahleemil Gousiya Charitable Trust, Kundoor