അബലരുടെ കൈ പിടിക്കുന്ന മാനവിക സംസ്കാരമാണ് ഇസ്ലാമിനുള്ളത്. ജന്മനാട്ടിൽ നിന്നും അഭയാർത്ഥികളായി പുറന്തള്ളപ്പെട്ട സമൂഹത്തെ സ്നേഹലാളനകൾ നൽകി സൽകരിക്കുകയാണ് ഒട്ടോമൻ സിരാകേന്ദ്രങ്ങളിൽ ഒന്നായ ബർസ നഗരം.
വായിക്കാം:
തുർക്കിയുടെ വടക്കുപടിഞ്ഞാറിൽ സ്ഥിതി ചെയ്യുന്ന തിരക്കുപിടിച്ച നഗരമാണ് ബർസ. അംബരചുംബികൾ ആകാശം മുട്ടെനിൽക്കുന്ന നഗരത്തിൽ, സ്നേഹവും സാഹോദര്യവും നിറഞ്ഞു നിന്നു. ആദ്യത്തെ ഒട്ടോമൻ തലസ്ഥാനം കൂടിയായ ബർസയെ 2014ൽ യുനെസ്‌കോ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റി ആയി അംഗീകരിച്ചു. ഖുദാ വെദിഗാർ അഥവാ 'ദൈവത്തിന്റെ സമ്മാനം' എന്നവർ ഓമനപ്പേര് നൽകി. രാജ്യത്ത് അഭയാർത്ഥികൾക്ക് വരെ സ്വർഗസമാനമായ ജീവിതം. മതമോ ജാതിയോ ചോദിക്കാതെ അവരെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. സ്വതന്ത്ര പൗരന്മാരായി വാഴ്ത്തി എന്നതിന് പുറമെ അവർക്ക് ആവശ്യമായ ഭൂമിയും പണവും പകുത്തുനൽകി. അവരാഗ്രഹിക്കുന്ന രീതിയിൽ ആരാധനാനുഷ്ഠാനങ്ങൾ നടത്താൻ സാധിച്ചു. സ്വന്തം കോടതികൾ ഉപയോഗിക്കാൻ വരെ സ്വാതന്ത്ര്യം ലഭിച്ചു! സ്വപ്നലോകത്തെന്ന പോലെ അവർ മതിമറന്നുല്ലസിച്ചു. പലായനം സൃഷ്ടിച്ച മുറിവുകൾ അപ്പാടെ മറന്നു. അസൂയ പടർത്തുന്ന ഒട്ടോമൻ നഗരാസൂത്രണം കണ്ണിലുടക്കുന്നവയാണ് എന്നതിനപ്പുറം, സാമൂഹിക മൂല്യങ്ങൾക്കുള്ള പൈതൃകമായി തുർക്കിയെ രൂപപ്പെടുത്താൻ ഭരണകൂടനത്തിനായി.
ഉസ്മാൻ ഖാസി ജില്ലയിലെ ബർസ ഗ്രാൻഡ് ബസാർ (Ozmangazi, ഇന്നത്തെ ഇസ്താംബൂൾ) വാണിജ്യ ചരിത്രത്തിൽ മറക്കാനാവാത്ത ഒരേടാണ്. വളരെ മുമ്പുതന്നെ മുത്തും പവിഴവും പട്ടുവസ്ത്രങ്ങളും തുടങ്ങി വൈവിധ്യങ്ങളുടെ വിനിമയ കേന്ദ്രം. ഗ്രാൻഡ് ബസാറിൽ ഇപ്പോഴും 61 തെരുവുകളിലായി 4000 ലധികം കടകൾ പ്രവർത്തിച്ചുവരുന്നു. ഒട്ടോമൻ ഭരണകൂടത്തിൽ വ്യാപാരികൾക്ക് വലിയ ബഹുമാനവും ആദരവും നൽകിയിരുന്നു. അവരുണ്ടാക്കിയ വരുമാനത്തിന്റെ മുഖ്യപങ്കും സമൂഹത്തിനും ധനകാര്യ വകുപ്പിനും വേണ്ടി സമർപ്പിച്ചവരാണവർ. സാമ്രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കായി അവർ കുല്ലിയ സമുച്ചയങ്ങൾ തന്നെ പണിതു. പൊതുജനസേവന - സാന്ത്വന പ്രവർത്തനങ്ങൾക്കായി വഖ്ഫ് സമ്പ്രദായവും ആരോഗ്യ സംരക്ഷണത്തിനായി ക്ലിനിക്കുകളും ഇതിന്റെ ഭാഗമായി തുറന്നു പ്രവർത്തിച്ചു. തുർക്കി വാസ്തു ശില്പത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ സംവിധാനത്തിന്റെ പ്രധാന കേന്ദ്രം പള്ളികളാണ്. ഉലുഗാമി അഥവാ ബർസയുടെ ഗ്രാൻഡ് മോസ്ക് ഇതിനൊരുത്തമ മാതൃകയാണ്. 20 ഖുബ്ബകളോടുകൂടിയ രണ്ടു മിനാരങ്ങുള്ള പള്ളി, സൂഖുകൾ, സ്കൂളുകൾ, ആശുപത്രികൾ, പാചകപ്പുരകൾ എന്നിവ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. കൊത്തുപണികൾ കൊണ്ടും മനോഹരമായ കാലിഗ്രഫി കൊണ്ടും അണിഞ്ഞൊരുങ്ങി നിൽക്കുന്ന പള്ളികൾ നഗരത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നു. ചീഞ്ഞുനാറുന്ന അഴുക്കുചാലുകളോ ഈച്ചയാർക്കുന്ന എച്ചിൽവീപ്പകളോ ബർസക്കും തുർക്കിക്കും അന്യം. പകരംപൊതുകുളിമുറികൾ വരെ നിർമിച്ച് കരുതലിന്റെ, ആരോഗ്യത്തിന്റെ പാഠം പകർന്നു നൽകുകയായിരുന്നു അവർ. വഴിയാത്രക്കാർക്കും മറ്റും ഉപയോഗിക്കാനായി സൗജന്യ കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. വിവേചനമില്ലാതെ ഇത് എല്ലാവർക്കും ലഭിച്ചുകൊണ്ടിരുന്നു. എല്ലാംകൊണ്ടും ചമഞ്ഞൊരുങ്ങി നിൽക്കുകയാണവൾ! ലോകത്തിന്റെ കൺകോണുകളെ കണ്ണഞ്ചിപ്പിച്ച ബർസയുടെയും തുർക്കിയുടെയും യൗവ്വനകാലത്തെ കുറിച്ചുള്ള കഥകൾ ഒരുപാട് പറയാനുണ്ട്. സമാധാനത്തിന്റെ കതിരുകൾ കഴിച്ച് കുറുകുന്ന വെള്ളരിപ്രാവുകളുടെ മധുരശബ്ദത്തിൽ നിന്ന് നമുക്കത് വായിക്കാനാകും.
1299 മുതൽ 1922 വരെ ആറ് നൂറ്റാണ്ടിലധികം നീണ്ടുനിന്ന ഉസ്മാനിയ്യ ഭരണകൂടം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്ന് വൻകരകളിലായി 70ലധികം എത്നിസിറ്റികൾ അടക്കിഭരിച്ചു.12 വ്യത്യസ്ത ഭാഷകൾ കൈകാര്യം ചെയ്യുന്നവർ! ബൈസന്റൈൻ ചക്രവർത്തിമാർ ഭരിച്ചതിനെക്കാൾ വലിയ പ്രദേശങ്ങൾ ഭരിക്കുകയും റോമക്കാർ ഭരിച്ചതിനെക്കാളേറെക്കാലം അടക്കിവാഴുകയും ചെയ്തപ്പോഴും ഒരാൾപോലും വേദനിക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്തില്ല. 'ദ ഏറ്റേർണൽ സ്റ്റേറ്റ്' അഥവാ നിത്യതയുടെ സാമ്രാജ്യം എന്നായിരുന്നു അവരുടെ മോട്ടോ. ഇത് അവരുടെ നിലനിൽപ്പിന്റെ,ചേർത്തുനിർത്തലിന്റെ കൂടെ അടങ്ങാത്ത ആഗ്രഹത്തെ വിളിച്ചോതുന്നുണ്ട്. മതമൈത്രിയായിരുന്നു ഉസ്മാനിയ ഭരണകൂടത്തിന്റെ അടിത്തറ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരം നുകർന്ന് അവർ ജീവിതം മുന്നോട്ട് നീക്കി. ഒരിക്കലും അസ്തമിക്കരുതെന്ന് അടങ്ങാത്ത ആഗ്രഹം അവർക്കിടയിൽ തളിർത്ത് പന്തലിച്ചത് ലോകത്തിനുവരെ അംഗീകരിക്കേണ്ടി വന്നു. 'സർക്കിൾ ഓഫ് ജസ്റ്റിസ്' അഥവാ അവിടെയുള്ള നീതിന്യായ വ്യവസ്ഥ എല്ലാ കണ്ണുകളെയും അതിശയിപ്പിക്കുന്നതായിരുന്നു. സുൽത്താനും സൈന്യത്തിനും പ്രജകൾക്കും ഒരേ നീതി. പ്രജകളാണ് നാടിന്റെ നിധിയെന്ന ബോധവും ബോധ്യവും അവരിൽ നിറഞ്ഞാടിയതിന്റെ ഉത്തരമാണത്. നീതിയുക്തമായേ എന്തും വിധിക്കൂ. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി നികുതിപ്പണം വേണം. ഓട്ടോമാൻ ഭരണകൂടം ഓരോന്നും കൃത്യമായി നിർണയിച്ചുനൽകി. ഓരോ പ്രദേശങ്ങൾക്കുമനുസരിച്ച് അവിടുത്തെ നികുതിയുടെ നിരക്കിൽ മാറ്റം വരുത്തി. ഫലഭൂഷ്ടമായ, നദീതീരത്തുള്ള സമ്പന്ന പ്രദേശങ്ങൾക്കുള്ള ടാക്സ് മരുഭൂമിയോട് ചേർന്ന,ആടിനെ മേയ്ക്കുന്ന പ്രദേശങ്ങൾക്കുണ്ടായിരുന്നില്ല. വരൾച്ച, യുദ്ധം,ഭക്ഷണക്ഷാമം തുടങ്ങിയ സാഹചര്യങ്ങളുണ്ടാകുമ്പോൾ നികുതി വെട്ടിക്കുറച്ചു. അനിവാര്യ ഘട്ടങ്ങളിൽ പൂർണമായി ഒഴിവാക്കി കൊടുക്കുകയും ചെയ്തു. നീതിപൂർവമായ ഭരണത്തിൽ പൗരന്മാരെ മനസ്സിലാക്കിയുള്ള ഇടപെടലുകൾ! എല്ലാം ഭരണീയർക്ക് വേണ്ടി! എല്ലായിടത്തും നീതി കളിയാടി.
ഉസ്മാനിയ ഭരണകൂടത്തിന്റെ സാംസ്കാരിക പൈതൃകങ്ങൾ
ഓട്ടോമൻ സാമ്രാജ്യത്തിലെ പൈതൃകങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്നതാണ് ടോപ്കോപി കൊട്ടാരം(Topkopi Palace). വൈവിധ്യങ്ങളുടെ കലവറകൊണ്ടവൾ സർവർക്കും സുപരിചിതമാണ്. പാചകരീതിയും വസ്ത്രധാരണവും തുടങ്ങി ഉസ്മാനിയ ഭരണത്തെ ജനമനസ്സുകളിൽ തുന്നിച്ചർക്കുന്നതിൽ അവളുടെ പങ്ക് അവിസ്മരണീയമാണ്. "ക്രൈസ്തവലോകത്തെ ഭക്ഷണ സംസ്കാരവും ശൈലികളുമൊന്നും എനിക്കവിടെ കാണാനായില്ലെ"ന്ന് പതിനേഴാം നൂറ്റാണ്ടിലെ സഞ്ചാരിയായ എലിയ സെലിബി (Evliya Celebi) ഓർക്കുന്നത് കാണാം. വളരെ വൈവിധ്യമാർന്ന രൂപത്തിലാണ് പാചകക്കാരെ തിരഞ്ഞെടുക്കുക. അറുപത് പാചകക്കാരായിരുന്നു കൊട്ടാരത്തിലുണ്ടായിരുന്നത്. വ്യത്യസ്തയിനം ചേരുവകൾ കൊണ്ടുണ്ടാക്കിയ രുചിയൂറും കൂട്ടുകൾ. എന്നാൽ, പുതിയതായി പരീക്ഷിച്ചതൊന്നും എഴുതി സൂക്ഷിക്കാറുണ്ടായിരുന്നില്ല. എല്ലാം രഹസ്യമാക്കി വെക്കും. 'ആരോഗ്യകരമായ മെഡിറ്ററേനിയൻ ഭക്ഷണക്രമം' എന്ന് ലോകമതിന് ഓമനപ്പേരും നൽകി. തൈരും കബാബും ബംക്ലാവയും (ഒരുതരം സാൻവിച്ച് പോലെയുള്ള പലഹാരം) തുടങ്ങി ഇന്ന് സർവ്വവ്യാപകമായി ഉപയോഗിക്കുന്നതെല്ലാം അവിടെനിന്നാണ് ഉദ്ഭവിച്ച് പരിണമിച്ചത്. അവയുടെ തുർക്കി പേരുകൾ ഇക്കാര്യത്തെ കൂടുതൽ വ്യക്തമാക്കിത്തരുന്നുണ്ട്.
ടർക്കിഷ് കാപ്പി, കോഫികളുടെ രാജാവ്. ഓട്ടോമൻ സാമ്രാജ്യത്തെ കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത അത്രയും പ്രസിദ്ധമാണത്. ഏകദേശം എല്ലാ ബാൽക്കൺ രാജ്യങ്ങളും അറേബ്യൻ പ്രവിഷ്യകളും തങ്ങളുടെതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് ഒട്ടോമൻ തുർക്കികളാണ്. പലയിടത്തും പല പേരുകളിട്ടു വിളിക്കുന്ന തുർക്കി കാപ്പിയുടെ കഥ കേൾക്കാം. സൗഹൃദത്തിന്റെയും ആഥിത്യമര്യാദയുടെയും ഈറ്റില്ലമായിരുന്ന തുർക്കിയുടെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു കാപ്പി. ഇന്നത് പല ആചാരങ്ങളിലും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. 1550കളിൽ യമനിലെ മോക്ക തുറമുഖത്ത് നിന്ന് സിറിയ വഴി ഒട്ടോമൻ തലസ്ഥാനത്തെത്തിയ കോഫി ഷോപ്പുകൾ ഉസ്മാനിയ സാമ്രാജ്യത്തിലൂടനീളം പ്രചുരപ്രചാരത്തിലായി. വലിയ പാനീയ പ്രിയനായ സുലൈമാൻ മാഗ്നിഫിക്കറ്റ് എന്ന വ്യക്തി ചീഫ് കോഫി മേക്കറുടെ കീഴിൽ ഒരുപാടിനം പരിപാടികൾ തന്നെ നടത്തുകയുണ്ടായി. വിയന്നയുടെ രണ്ടാം ഉപരോധം പരാജയപ്പെട്ടതിനെ തുടർന്ന് കാപ്പിയുടെ പ്രസക്തി യൂറോപ്പിലുടനീളം വ്യാപിച്ചു. സൈന്യം അവരുടെ കരുനീക്കങ്ങളുടെ ഭാഗമായി ഒരു ചാക്ക് കാപ്പിക്കുരുവടക്കം വലിയ അളവിലുള്ള സാധനങ്ങൾ ഉപേക്ഷിക്കാനിടയായി. തുടർന്ന്, കോഫി ഷോപ്പുകൾ വ്യാപിച്ച് വലിയ നഗരങ്ങളുടെ ഇഷ്ടകേന്ദ്രമായി മാറി. 1700കളോടെ ലണ്ടനിൽ ഏകദേശം 500 കോഫി ഷോപ്പുകളുണ്ടായിരുന്നു. അവ പെന്നി യൂണിവേഴ്സിറ്റി എന്ന പേരിൽ വിശ്രുതി നേടി. ഒരു കപ്പ് കാപ്പിക്ക് ഒരു പെന്നിയായിരുന്നു വില. അതിനാലാണ് കോപ്പി ഷോപ്പുകൾക്ക് പെന്നി യൂണിവേഴ്സിറ്റി എന്ന പേരുവന്നത്. വില വളരെ തുച്ഛമെങ്കിലും ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവർക്കും വലിയ ചർച്ചകളിൽ ഇടപെടുന്നവർക്കും ഇത് വലിയ ആശ്വാസവും ഉണർവും നൽകി.
ഉസ്മാനിയ സാമ്രാജ്യത്തിലെ മറ്റു അറിയപ്പെട്ട പൈതൃകങ്ങളിലൊന്നാണ് അവരുടെ ടെന്റുകൾ. നൂറ്റാണ്ടുകളുടെ നാടോടി പാരമ്പര്യമുള്ള ഇന്നത്തെ മാർക്കികളുടെ (Marquees) പൂർവികരുടേതാണ് ഇവയിൽ വളരെ പ്രസിദ്ധമായത്. ചില ടെന്റുകൾ സ്വർണനൂലുകൾ കൊണ്ടും മറ്റു ചിലത് വെള്ളി,പട്ട് തുടങ്ങിയവ കൊണ്ടും നെയ്ത് പ്രൗഢിയിൽ അലങ്കരിച്ചിരിക്കുന്നു. പരവതാനികൾ പോലെ നിറഞ്ഞുനിൽക്കുന്ന ഓട്ടോമൻ പ്രതീകമായ തുളസിയുടെ (തുളിപ്സ്/Tulips) പൂന്തോപ്പ് സ്വർഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഫ്രഞ്ച് രാജാവായ ലൂയി പതിനാലാമൻ ഉൾപ്പെടെയുള്ള യൂറോപ്യൻ ഭരണാധികാരികൾ ഓട്ടോമൻ ടെന്റുകളുടെ വലിയ ആരാധകരായിരുന്നു. ഇംഗ്ലീഷ് വാക്ക് ആയ കിയോസ്ക് എന്ന വാക്ക് ടർക്കിഷ് വാക്കായ 'കോസ്കി'ൽ നിന്നും കടമെടുത്തതാണ്. ഇത് അവരുടെ ടെന്റുകളുടെ വികാസത്തെ സൂചിപ്പിക്കുന്നു. ഇവകൾ പതിയെ കാപ്പിയും മറ്റു പാനീയങ്ങളും വിളമ്പുന്ന ആധുനിക കൺസർവേറ്ററുകളെ പോലെ ഒരുതരം പൂന്തോട്ടം പവലിയനുകളായി മാറി. ഇന്ന് നമുക്കിടയിൽ സർവ്വവ്യാപകമായ കുഷ്യനുകളുടെ തറവാട്ടുപെരുമയും പറയാനുള്ളതാണ് അവർക്ക് തന്നെയാണ്. ഇന്റേർണൽ സ്റ്റോറേജുകളുള്ള പാഡ്ട് കൗച്ചുകൾ ഇന്നും 'ഒട്ടോമാൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫർണിച്ചറുകൾക്ക് മുകളിൽ വിരിക്കുന്ന കുഷ്യനുകളിൽ അടുക്കും ചിട്ടയോടെയും തുന്നി പിടിപ്പിച്ചിരിക്കുന്ന ശീലകൾ അതിന്റെ മൊഞ്ചു കൂട്ടുന്നു. സുഖസൗകര്യത്തിനും ആഥിത്യമര്യാദക്കും വേണ്ടിയായിരുന്നു അവരിതിനെ ഉപയോഗിച്ചത്.
വസ്ത്ര ശൈലിയിലും അവർ പിറകിലല്ല. ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇവരുടെ വസ്ത്രത്തിലെ രൂപമാറ്റങ്ങൾ കടൽ കടന്നെത്തി. കഫ്താനുകൾ അതിൽ പ്രധാനപ്പെട്ടതാണ്. പട്ടുകൊണ്ട് നിർമിച്ച കഫ്താനുകൾ പ്രസിദ്ധി നേടുന്നത് ഇവരിലൂടെയാണ്. 1960കളിലെ 'ഹിപ്പി ട്രയൽ' സംസ്കാരത്തിന്റെ ഭാഗമായി കഫ്താൻസ് ജനപ്രിയമായി. തുറക്ക്മെൻ സ്ത്രീകളാവട്ടെ, പുരുഷന്മാരുടെ അതേ ബാഗി സൽവാർ തന്നെ ധരിക്കുകയും തങ്ങളുടെ കുഞ്ഞുങ്ങളെ പുറകിൽ കെട്ടിയിട്ടുകൊണ്ട് കുതിരകൾക്കൊപ്പം അവർ പോരാടുകയും ചെയ്തിരുന്നു. ഓട്ടോമൻ രാജ്യങ്ങളിൽ ട്രൗസറുകൾ ആദ്യം കാണപ്പെട്ടതിന് ശേഷമാണ് അത് ഇംഗ്ലണ്ടിലേക്കും ശേഷം അമേരിക്കയിലേക്കും വ്യാപിച്ചത്.
ഇവയടക്കം ഒട്ടോമൻ സാമ്രാജ്യം നടത്തിയ മുഴുവൻ സംഭാവനകളും ലോകം മറന്നു തുടങ്ങി എന്നതിനപ്പുറത്ത് അവകളെല്ലാം മറ്റു പേരുകളിലേക്ക് മാറ്റുകയും ചരിത്രത്തെ വിസ്മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 1850കളിൽ വ്യാവസായവൽക്കരണം കൂടുതൽ ശക്തമാവുകയും പാചകരീതിയും കാപ്പിയും ടവലുകളും എല്ലാം കടലുകൾ കടന്നു നമ്മുടെ നാടുകളിലടക്കം സുലഭമാവുകയും ചെയ്തു. ചരിത്രാപനിർമാണം കുടില തന്ത്രത്തോടെ തകൃതിയായി നടക്കുമ്പോൾ യഥാർത്ഥ ചരിത്രത്തിന്റെ അടരുകളിലേക്ക് ഇറങ്ങിച്ചെല്ലൽ അനിവാര്യമാണ്.