സാമൂഹിക ജീവിതത്തിൽ സദ്ഭാവങ്ങളുള്ളവനു മാത്രമേ സ്രഷ്ടാവിനോട് ചൈതന്യവത്തായ അടുപ്പം സാധിക്കൂ. അങ്ങനെയുള്ളവരുടെ ഹൃദയങ്ങളേ വിമലീകരിക്കപ്പെടൂ. അഥവാ സഹജീവികളോട് ഇടപെടേണ്ട രൂപത്തിൽ ഇടപെട്ടില്ലെങ്കിൽ സ്രഷ്ടാവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും മനം മലിനമാകുകയും ചെയ്യും.

വായിക്കാം:

സൽസ്വഭാവം വിശുദ്ധ ഇസ്ലാമിന്റെ മുഖമുദ്രയുമാണ്.  ഭക്തന്മാരായ അടിമകളുടെയും സജ്ജനങ്ങളുടെയും സൗന്ദര്യം കൂടിയാണിത്. എന്നാൽ എതിർവശത്തുള്ള മുഷിപ്പൻ സ്വഭാവം മനുഷ്യനെ കൂടുതൽ തെറ്റിലേക്ക് വലിച്ചിഴക്കുന്ന ചങ്ങലയുമാണ്. അള്ളാഹു മനുഷ്യന് "ഇഖ്തിയാർ" തിരഞ്ഞെടുക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്. ഒരു തെറ്റ് ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരിക്കേ അത് പ്രവർത്തിക്കണോ അതോ വെടിയണോ എന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം മനുഷ്യനുണ്ട്. മനുഷ്യൻ അതിൽ നിന്ന് ഏതിനെ തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. അവൻ തെറ്റിനെ ഉപേക്ഷിച്ചാൽ വിജയം സാധ്യമാകും. മറിച്ച് തെറ്റിൽ സുഖം നേടിയാൽ പരാജിതരിലുൾപ്പെടുന്നു.

തിന്മ കൊണ്ട് തിന്മയെ തടുക്കാൻ സാധിക്കുമെന്ന് കരുതുന്നവരുണ്ട്. ഒരു തെറ്റ് ചെയ്യാൻ ത്വര മൂത്തു നിൽക്കുമ്പോൾ ആ തെറ്റ് ചെയ്യലോടുകൂടെ അതവസാനിക്കും എന്ന് കരുതുന്നുണ്ടെങ്കിൽ അതിന്റെ ഉപമ ചെറുതായി കത്തുന്ന തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചു കൊടുക്കും പോലെയാണ്. തൽസമയം ആ തീ ആളിക്കത്തും എന്നല്ലാതെ അതിന് ചുരുങ്ങൽ സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം. എപ്പോഴും ചിന്തിക്കേണ്ടത് തെറ്റ് ചെയ്താൽ ഹൃദയം ഇരുളിലകപ്പെടുമെന്നതാണ്. അത് മോശമായ അന്ത്യത്തിലായിരിക്കും പര്യവസാനിക്കുക. തെറ്റിനെ തുരത്താൻ സാധിക്കുക നന്മ കൊണ്ട് മാത്രമാണ്. നേരത്തെ മണ്ണെണ്ണ ഒഴിച്ച സ്ഥാനത്ത് കൂടുതൽ ശുദ്ധപാനീയം ഒഴിച്ചിരുന്നെങ്കിൽ ആ തീയണക്കാൻ സാധ്യമാകുമായിരുന്നു.

മനുഷ്യൻ പിറന്നു വീണത് തീർത്തും ശുദ്ധരായിട്ടാണ്. എന്നാൽ മനുഷ്യൻ പിന്നീട് തിന്മയിൽ അകപ്പെട്ടു പോകുന്നത് അവന്റെ സാഹചര്യങ്ങൾ കാരണമാണ്. നബി (സ)തങ്ങൾ പറയുന്നു: മനുഷ്യൻ ഏറ്റവും കൂടുതൽ അവഗണിക്കുന്ന രണ്ട് അനുഗ്രഹമാണ് അവന്റെ ആരോഗ്യവും മറ്റൊന്ന് ഒഴിവുസമയവും. പലരും ആരോഗ്യമുള്ള കാലത്ത് ഭൗതിക താൽപര്യത്തിന്റെ പിന്നാലെ ഓടുന്നവരാണ്. അത് അവരുടെ വാക്കിൽ നിന്ന് തന്നെ പ്രകടമാകും. 'ജീവിതം ഒന്നല്ലേയുള്ളൂ… ആയതിനാൽ തന്നെ പരമാവധി ഈ സമയം ആസ്വദിക്കണം. കൂടുതൽ ആനന്ദങ്ങളിൽ ഏർപ്പെടണം. പ്രായമായാൽ പിന്നെ ഇതിനൊന്നും സാധിക്കില്ലല്ലോ എന്നതാണ് അവരുടെ ധാരണ'. എന്നാൽ അവൻ ചിന്തിക്കേണ്ടത് ആരോഗ്യമുള്ള കാലത്തല്ലേ നമുക്ക് കൂടുതൽ നന്മകൾ അധികരിപ്പിക്കാൻ സാധിക്കുന്നത്. പ്രായമായാൽ നമുക്ക് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയില്ല. എഴുന്നേറ്റു കൊണ്ടുള്ള നിസ്കാരം സാധ്യമാകാതെ വരുന്നു. മറ്റു ആരാധനകളിലെല്ലാം ക്ഷീണം തോന്നുകയും ചെയ്യുന്നു. ഇതെല്ലാം ആരാധനകൾ മുടങ്ങാനുള്ള കാരണമായിത്തീരുകയും ചെയ്യും. എന്നാൽ ആരോഗ്യമുള്ള കാലത്ത് അങ്ങനെയല്ല, ഏത് ആരാധനകൾക്കും നമുക്ക് ആവേശവും ആരോഗ്യവും ഉള്ളതിനാൽ തന്നെ ആരാധനകൾ നമുക്ക് തടസ്സമാവുന്നില്ല. ചരിത്രത്തിൽ കാണാം. ഒരു പണ്ഡിതനെ കുറിച്ചാണ്. അദ്ദേഹം ആരോഗ്യമുള്ള കാലത്ത് ആയിരം റകഅത്ത് വീതം നിസ്ക്കരിക്കും. വയ്യാതായപ്പോൾ അത് അഞ്ചു റകഅതാക്കി ചുരുക്കേണ്ടിവന്നു.
ശേഷവും അദ്ദേഹം സ്വന്തം ശരീരത്തോട് ഇങ്ങനെ പറയുമത്രെ "എടോ പാതിയും നഷ്ടപ്പെടുത്തിയില്ലെടോ… ഇതിന്റെ വില എത്രയാണെന്ന് നിനക്ക് വല്ല ബോധ്യവും ഉണ്ടോ". അഞ്ചു നേരത്തെ നിസ്കാരം പോലും നമുക്ക് വലിയ ഭാരമാണ്. എന്നാൽ അറിവുള്ളവർ ആരാധനയുടെ കാര്യത്തിൽ ഒരു കുറവും കാണിക്കാറില്ല.

മരണശേഷം മനുഷ്യൻ കൂടുതൽ ദുഃഖിക്കുന്നത് നഷ്ടപ്പെട്ട സമയത്തെക്കുറിച്ച് ആലോചിച്ചാണ്. എന്നാൽ മരണമാസന്നമാകുന്നതിന് മുമ്പ് തന്നെ നാം ജീവിതത്തെ കൃത്യമായി ക്രമീകരിച്ചാൽ പിന്നീട് ഖേദിക്കേണ്ടിവരില്ല. സമയത്തെ നിയന്ത്രിക്കുന്നത് തെറ്റിൽ നിന്നകലാനുള്ള മാർഗം കൂടിയാണ്. പലപ്പോഴും ഒഴിവ് സമയങ്ങളിലാണ് തെറ്റായ ചിന്തകൾ മനുഷ്യനിലേക്ക് കയറി വരുന്നത്. മുഴുവൻ സമയവും എന്തെങ്കിലും ജോലിയിൽ ഏർപ്പെടുമ്പോൾ അതിനുള്ള അവസരം ലഭിക്കുകയില്ല. ലോകത്തെ എല്ലാ മനുഷ്യർക്കും അല്ലാഹു ഒരുപോലെ നൽകിയ അനുഗ്രഹമാണ് സമയം. അതിൽ ആർക്കും ഏറ്റവ്യത്യാസങ്ങൾ ഇല്ല. എന്നാൽ അതിനെ ഉപയോഗിക്കുന്നിടത്താണ് വ്യത്യാസങ്ങൾ വരുന്നത്. ചിലയാളുകൾ സമയത്തെ അനാവശ്യമായി ഉപയോഗിക്കുന്നു. മറ്റു ചിലർ ആ സമയത്തെ ആരാധനാകർമങ്ങൾക്കായി മാറ്റിവെക്കുന്നു. മുഴുവൻ സമയവും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നവനായിരിക്കും ഇരുലോകത്തും വിജയിക്കുക. അവന്റെ നിയ്യത്തനുസരിച്ചിരിക്കും പ്രവർത്തനങ്ങളുടെ പ്രതിഫലം എന്ന് സാരം. 

ഒരു വിദ്യാർത്ഥിയുടെ സമയം എങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാം എന്നന്വേക്കുമ്പോൾ, അവൻജനപ്രീതിക്ക് വേണ്ടി കർമ്മശാസ്ത്രം പഠിക്കുമ്പോൾ അത് ഭൗതിക നേട്ടത്തിനായി മാറുകയും മറിച്ച് അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ദർശിക്കാനും ലോകത്തിന് ഉപകാരപ്രദമാവാനുമാണെങ്കിൽ ആ പഠനം അല്ലാഹുവിന്റെ മാർഗത്തിലായി മാറുന്നു. ഇനിയൊരു ജോലി ചെയ്യുന്നവരെനോക്കൂ. അവന്റെ പേരിനും പ്രശസ്തിക്കും വേണ്ടിയാണ് സമ്പാദിക്കുന്നതെങ്കിൽ അതിൽ നാശം മാത്രമാണ്. മറിച്ച് കുടുംബത്തെ നല്ല രൂപത്തിൽ വളർത്താനും പാവങ്ങളെ സഹായിക്കാനുമാവുമ്പോൾ ആ സമയവും അല്ലാഹുവിന്റെ മാർഗത്തിൽ ആകുന്നു. ഇപ്രകാരമാണ് ഏതൊരു പ്രവർത്തനവും. അവന്റെ നിയ്യത്ത് അനുസരിച്ച് അതിന്റെ പ്രതിഫലത്തിന്റെ മൂർച്ചയും കൂടുന്നു.

മനുഷ്യശരീരം മാറ്റങ്ങൾക്ക് വിധേയമായില്ലെങ്കിൽ ഉപദേശങ്ങളും സംസ്കരണപാഠങ്ങളും കൊണ്ട് എന്ത് പ്രയോജനം?
"തീർച്ചയായും ഞാൻ നിയോഗിതനാ
യിരിക്കുന്നത് ശ്രേഷ്ഠ സ്വഭാവങ്ങളുടെ സമ്പൂർത്തീകരണത്തിനാണ്" നബി (സ)ഒരിക്കൽ പറഞ്ഞിട്ടുണ്ട്(അഹ്‌മദ്‌). സ്വഭാവങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നത് ഇതിലൂടെ ബോധ്യമാകുന്നു. പരസ്പര സ്നേഹ സൗഹൃദമുള്ള ഹൃദങ്ങാളാണുണ്ടായിരിക്കേണ്ടത്. ഹൃദയം സംശുദ്ധമാവണം. പകയും പോരുമില്ലാതെ തെളിഞ്ഞിരിക്കണം. അതിനാണ് അറബിയിൽ 'സലീം' ആയ ഖൽബ് എന്ന് പറയുന്നത്. അപൂർവ്വം ആളുകൾക്ക് മാത്രമേ ഇത്തരം ഖൽബ് ലഭിക്കുകയുള്ളൂ. അതിന് ആദ്യമായി വേണ്ടത് ആരോടും വെറുപ്പില്ലാത്ത സ്വഭാവ രീതിയാണ്. നബി (സ) യെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നത് കാണുക :" നബിയെ, തീർച്ചയായും അങ്ങ് അത്യുൽകൃഷ്ടമായ സ്വഭാവത്തിന്റെ ഉടമയാകുന്നു "(ഖലം :4). 

എല്ലാ വിജയിങ്ങളുടെയും അടിസ്ഥാനമാണ് സൽസ്വഭാവം. അല്ലാഹു പറയുന്നു : "ആത്മസംസ്കരണം നടത്തിയവൻ വിജയിച്ചിരിക്കുന്നു. വൃത്തികേടുകൾ മനസ്സിൽ ഒളിപ്പിച്ചു കഴിയുന്നവൻ പരാജയപ്പെട്ടിരിക്കുന്നു". 'ഓർക്കുക മനുഷ്യനിൽ ഒരു മാംസപിണ്ഡമുണ്ട്, അതു നന്നായാൽ മനുഷ്യൻ നന്നായി അത് ചീത്തയായാലോ മനുഷ്യനും ചീത്തയായി' അതാണ് മനുഷ്യഹൃദയം. ഈ ഖുർആനിക വചനം നമ്മെ എന്നും ചിന്തിപ്പിക്കുന്നതാണ്. ശരീരത്തെ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുമ്പോഴാണ് മനുഷ്യൻ സ്വതന്ത്രനാവുന്നത്. അല്ലെങ്കിൽ ശരീരത്തിന്റെയോ പിശാചിന്റെയോ കെണിയിലായിരിക്കും. അത്തരം കെണിയിൽ നിന്ന് സ്വന്തം ശരീരത്തെ താൻ കൽപ്പിക്കുന്നതനുസരിച്ച് പ്രവർത്തിക്കുമ്പോഴാണ് തിന്മകളിൽ നിന്ന് മാറി നന്മകൾ വർദ്ധിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചുരുക്കം.

Questions / Comments:



6 January, 2025   01:37 pm

Fasal Velluvangad

☘️