സ്വതന്ത്രഇന്ത്യ പരമാധികാര രാഷ്ട്രമായി സ്വന്തമായൊരു ഭരണഘടനയുമായി സ്വത്വം കൈവരിച്ച അഭിമാനകരമായ ഓർമകളാണ് ഓരോ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും ഇന്ത്യക്കാരനായ ഏതൊരാളിലും തെളിഞ്ഞു വരുന്നത്.
ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന വിശേഷണം കൊണ്ട് പ്രൗഢമായിരുന്ന ഇന്ത്യാരാജ്യത്തിൻറെ അധികാരക്കസേരയിൽ അമർന്നിരുന്ന് വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിധ്വംസകതയുടെയും പ്രത്യയശാസ്ത്രം മനസ്സിൽ കടന്നൽകൂട് സൃഷ്ടിച്ച വെറുപ്പിന്റെ വക്താക്കൾ രാജ്യത്തിൻറെ ജീവനാഡിയായ ഭരണഘടനക്ക് അധികാരം ഉപയോഗിച്ച് മരണമണി ഒരുക്കിക്കൊണ്ടിരിക്കുന്ന അഭിശപ്ത കാലത്ത് ജനാധിപത്യത്തെക്കുറിച്ചും മതനിരപേക്ഷ ധാർമികതയെക്കുറിച്ചും എല്ലാത്തിലുമുപരി നമ്മുടെ ഭരണഘടനയെ കുറിച്ചും അത് പ്രധാനം ചെയ്യുന്ന മൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെ പറ്റിയും പേർത്തുമുള്ള സംവാദങ്ങൾ തീർത്തും പ്രസക്തമാണ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് നമ്മൾ വീണ്ടും സംസാരിക്കുന്നത്. ഏഴ് പതിറ്റാണ്ടുകൾക്ക് പിറകിൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിർമാണ സഭയിലെ കുശാഗ്ര പണ്ഡിതർക്കിടയിൽ നടന്ന സംവാദ വ്യവഹാരങ്ങൾ ഓർക്കേണ്ട ഘട്ടമാണ്. രാജ്യത്തിന് ഒരു ഭരണഘടന ക്രമപ്പെടുത്തുമ്പോൾ അതിലെ ആമുഖത്തിന്റെ തലവാചകം എന്താകണമെന്ന ചർച്ചയിൽ ഉയർന്നു വന്ന അഭിപ്രായങ്ങൾ നിരവധിയായിരുന്നു. രാജ്യത്തിൻറെ ഭരണഘടനയുടെ ആമുഖം ദൈവത്തിൻറെ പേരിൽ ആരംഭിക്കണമെന്നും രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി അഹോരാത്രം പരിശ്രമിച്ച മഹാത്മാഗാന്ധിയുടെ പേര് കൊണ്ട് തുടങ്ങണമെന്നും മനുസ്മൃതിയെ രാജ്യത്തിൻറെ ഭരണഘടനയായി തിരഞ്ഞെടുക്കണമെന്നുമെല്ലാമുള്ള അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ എല്ലാ ആശയങ്ങളെയും ക്രോഡീകരിച്ച്, സുദീർഘമായ ഭാവിയിലേക്ക് ദൃഷ്ടി പായിച്ച് ഡോക്ടർ ബി ആർ അംബേദ്കറിനെ പോലെയുള്ള, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പോലെയുള്ള സമുന്നതരായ പണ്ഡിതർ "We the People of india" നമ്മൾ ഇന്ത്യൻ ജനതയെന്ന ബഹുസ്വരതയുടെ ഏറ്റവും സുന്ദരമായ വാക്കുകൾ കൊണ്ട് നമ്മുടെ ഭരണഘടനയെ മനോഹരമാക്കി.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ, വ്യത്യസ്ത രാജ്യങ്ങളിൽ മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും ഭാഷയുടെയും വസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയുമെല്ലാം പേരിൽ നിരവധി സമൂഹങ്ങൾ അനുഭവിച്ച അപരവത്കരണവും പീഡനവും വിഭാഗീയതകളും ഇല്ലായ്മ ചെയ്യാനുള്ള സർവ ജാഗ്രതയും നമ്മൾ ഇന്ത്യൻ ജനതയെന്ന ഒറ്റ വാചകത്തിൽ ഉണ്ടായിരുന്നു. "Unity in Diversity" നാനാത്വത്തിൽ ഏകത്വം എന്ന ഭരണഘടനയുടെ അന്തസാര തത്വത്തിൽ അധിഷ്ഠിതമായി പ്രസ്തുത ജാഗ്രതയുടെ മധുരമായ ഫലം കഴിഞ്ഞ കാലമത്രയും നമ്മൾ അനുഭവിക്കുകയും ചെയ്തു.
എന്നാൽ വ്യവസ്ഥാപിത ഫാഷിസം രാജ്യത്തിൻറെ അധികാരത്തിലേറിയതോടെ രാഷ്ട്രത്തിൻറെ മഹിതമായ സ്വപ്നങ്ങളെയും തത്വങ്ങളെയും ഗളച്ഛേദനം ചെയ്യുന്ന അപകടകരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ജൈനനും പാഴ്സിയും സിഖുകാരനുമെല്ലാം ഒരുമയോടെ കഴിഞ്ഞിരുന്ന രാജ്യത്തെ വർഗീയതയിലേക്ക് തള്ളിവിട്ട് നശിപ്പിക്കുവാനായിരുന്നു " Devide and Rule" ലൂടെ ബ്രിട്ടീഷുകാർ പദ്ധതിയിട്ടത്. 1925 ൽ രൂപീകരണ പശ്ചാത്തലത്തിൽ ആർ എസ് എസ് എഴുതിവെച്ച മതരാഷ്ട്ര രൂപീകരണത്തിലേക്കുള്ള ചവിട്ടുപടികൾ എളുപ്പത്തിൽ കടക്കാൻ സംഘപരിവാർ മസ്തിഷ്കങ്ങൾ ആലോചിച്ചതും വർഗീയ കാർഡിറക്കി ജനതയെ വിഭജിക്കുക എന്നതുതന്നെയാണ്. പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലുമെല്ലാം നാമത് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാന്ധിയെ കൊന്ന ഫാസിസം അധികാരത്തിന്റെ രൂപത്തിൽ ഭരണഘടനയെ കശാപ്പു ചെയ്യാനും ഭരണഘടനയുടെ അടിസ്ഥാനമായ മൗലികാവകാശങ്ങളെ പച്ചയായി കത്തിക്കാനും മെയ്യും മനസ്സും നൽകി അധ്വാനിക്കുമ്പോൾ രാജ്യത്തിൻറെ യഥാർത്ഥ മൂല്യങ്ങളോട് ചേർന്നു നിൽക്കലാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്.
വൈവിധ്യങ്ങൾ കൊണ്ട് ഇത്രമേൽ മനോഹരമായ ഒരു രാജ്യം കാണുക നമുക്ക് അസാധ്യമാണ്. അതുകൊണ്ടുതന്നെ ഒന്നായിരിക്കാതെ ഈ നാടിന് ഒരിക്കലും മുന്നോട്ടുപോകാൻ ആവില്ല. ഈ വൈവിധ്യപൂർണതയെ മുറുകെപ്പിടിച്ച് സംരക്ഷിച്ചുകൊണ്ട് തന്നെയാണ് പൂർവപിതാക്കൾ ഈ നാട് ഇക്കാലമത്രയും ഭദ്രമാക്കിയത്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ രാജ്യത്തിൻറെ വൈവിധ്യ സൗന്ദര്യം വിളക്കി ചേർത്തത് നമുക്ക് കാണാൻ കഴിയും.
സെക്കുലർ (Secular) എന്ന ആശയത്തെക്കുറിച്ച് പരിശോധിക്കാം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം തന്നെ സെക്കുലറിസത്തിൽ അധിഷ്ഠിതമാണ്. അതില്ലാതെ ഇന്ത്യൻ ഭരണഘടന ഇല്ല. അതിനെ വെളിവാക്കേണ്ട ഒരു സാഹചര്യം വന്നപ്പോൾ 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ അതിനെ വെളിവാക്കുകയാണ് ചെയ്തത്. ലോകത്ത് വ്യത്യസ്തയിനം സെക്കുലറിസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൽ എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്നതാണ് ഇന്ത്യൻ മതനിരപേക്ഷത. ഈ സെക്കുലർസത്തിൽ അധിഷ്ഠിതമായി തന്നെയാണ് നാം നമ്മുടെ ദേശീയതയെ രൂപപ്പെടുത്തിയത്. ഇന്ത്യയിലെ സർവ വൈവിധ്യങ്ങളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ദേശീയതയെ മഹാത്മാഗാന്ധി മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. "നമ്മുടെ ദേശീയത വലിയൊരു മാലയാണ്. അതിൽ വ്യത്യസ്ത നിറത്തിലുള്ള പൂക്കളാണുള്ളത്. അത് വിവിധ മതങ്ങളെയാണ് പ്രതിനിധീകരിക്കുന്നത് " എന്നാണ് ഗാന്ധി പറഞ്ഞത്. നിലനിൽക്കുന്ന സർവ വ്യത്യസ്തതകളെയും വിസ്മയമാക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെയും മാനവികതയുടെയും ഏറ്റവും മികച്ച സവിശേഷത. എന്നാൽ വ്യത്യസ്തതകളെ വിരോധമാക്കി മാറ്റി അപരത്വത്തെ സൃഷ്ടിക്കുകയും ആ അപരത്വത്തോട് വെറുപ്പ് ഉത്‌പാദിപ്പിക്കുകയും ആ വെറുപ്പിനെ ആളിക്കത്തിക്കുകയും ആ ആളലിനെ വോട്ടാക്കി മാറ്റുകയും ചെയ്യുന്ന സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ഒരിക്കലും സാധിക്കുകയില്ല. അതുകൊണ്ടാണ് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ പോലും പച്ചയായി കത്തിക്കുന്നതിൽ അവരുടെ കൈവിറക്കാത്തത്.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയിലെ 25 മുതൽ 28 വരെയുള്ള ആർട്ടിക്കിളികൾ സ്വാതന്ത്ര്യം നൽകുമ്പോഴും പൗരത്വ ഭേദഗതിയുടെ പേരിൽ ഒരു മതവിഭാഗത്തിന് ആസൂത്രിതമായി പൗരത്വം നിഷേധിക്കാനുള്ള ശ്രമങ്ങൾ അതിൻറെ ഭാഗമാണ്. ഇന്ത്യയിൽ ന്യൂനപക്ഷ മതവിഭാഗങ്ങളെയും എതിർ ശബ്ദങ്ങളെയും അടിച്ചമർത്തുകയാണെന്ന് യുഎസ് കമ്മീഷൻ ഓൺ ഇൻറർനാഷണൽ റിലീജിയസ് ഫ്രീഡം അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ നിരന്തരം ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകൾ നീണ്ട വൈദേശികാധിപത്യത്തിനെതിരെ ദേശീയ പ്രസ്ഥാനത്തിൻറെ അമരത്തും അണിയെത്തും നിന്ന് ജീവൻ നൽകി പോരാട്ടം നടത്തിയ ധീര ദേശാഭിമാനികളായ മുസ്ലിം പോരാളികളെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനും ദേശക്കൂറ് ചോദ്യം ചെയ്യാനും രാജ്യത്തിൻറെ ഭരണകൂടം തന്നെ കച്ചകെട്ടി ഇറങ്ങിയ ഘട്ടത്തിൽ നമ്മുടെ ഭരണഘടനക്കും രാജ്യത്തിനും നാം കൂടുതൽ കാവലൊരുക്കേണ്ടതുണ്ട്.
ഇന്ത്യയെന്ന രാജ്യത്തിൻറെ ഏറ്റവും പ്രൗഢമായ വിശേഷണം നമ്മൾ ജനാധിപത്യ രാജ്യമാണെന്നതാണ്. നമ്മുടെ ആമുഖത്തിൽ തന്നെ നാമത് ആഘോഷിക്കുന്നുണ്ട്. ഭൂരിപക്ഷത്തിന്റെ ഹിതമനുസരിച്ച് തോന്നിയ രൂപത്തിൽ സഭയിൽ നിയമങ്ങൾ പാസാക്കിയെടുക്കലല്ല ജനാധിപത്യം. നാളിതുവരെ നാം സഞ്ചരിച്ച ജനാധിപത്യ വഴിയിൽ ഒട്ടനേകം മൂല്യങ്ങളുണ്ട്. അത് രാഷ്ട്രത്തിൻറെ പുരോഗതിക്കാവശ്യമായ ഗുണാത്മകമായ ചർച്ചകളാണ്. അതിൽ പ്രതിപക്ഷത്തിന് വിശാലമായ സാധ്യതകളും ബഹുമാനവുമുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ പോലും മന്ത്രി പദത്തിൽ ഇടം നൽകിയ അതിവിശാല ജനാധിപത്യ ചിത്രങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേതെന്ന് ഓർക്കണം. ആ രാജ്യത്താണ് ജനാധിപത്യ വ്യവസ്ഥയിലെ വ്യത്യസ്ത ഘടകങ്ങളായ എക്സിക്യൂട്ടീവും ലെജിസ്ലേറ്റീവ് ജുഡീഷ്യറിയും മീഡിയയും എല്ലാം സത്യത്തിന്റെയും നീതിയുടെയും കാവൽക്കാരായ ജനസേവനം നടത്തുന്നതിന് പകരം ഭരണകൂട ഭീകരതക്കും സംഘപരിവാർ പ്രത്യയശാസ്ത്രത്തിനും ഒത്താശ ചെയ്യാനും സ്തുതി പാടാനുമുള്ള ഇടങ്ങളായി അധപതിക്കുന്നത്.
ഓരോ ദിവസവും നമ്മുടെ ജനാധിപത്യ ആശയത്തിന് മങ്ങലില്‍ക്കുന്നത് ഏറെ അപകടകരമായ യാഥാർത്ഥ്യമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് പ്രതിപക്ഷത്തിന്റെ ഭാഷയങ്ങൾക്ക് ഒരു പോലും വിലകൽപ്പിക്കാത്ത ഒരു ഭരണകൂടത്തിന് എങ്ങനെയാണ് ജനാധിപത്യപരമാവാൻ കഴിയുക. ഒരിക്കലുമില്ല. അതുകൊണ്ടാണ് അപ്പങ്ങൾ ചുട്ടെടുക്കും പോലെ നിയമനിർമാണം നടത്താനുള്ള ഇടങ്ങൾ അല്ല പാർലമെൻറ് എന്ന് പരമോന്നത പീഠത്തിൽ നിന്ന് സർക്കാറിന് പഴികേൾക്കേണ്ടിവന്നത്. അടിസ്ഥാന ഘടകങ്ങൾ ഓരോന്നും കാവിവത്കരിക്കപ്പെടുമ്പോൾ കൂടുതൽ ഉണർന്നിരിക്കേണ്ട ഇടങ്ങൾ നീതിപീഠങ്ങളാണ്. അപ്പോൾ മാത്രമേ ഭരണഘടന ഉറപ്പു നൽകുന്ന നീതി നടപ്പിലാവുകയുള്ളൂ. അഞ്ചു കോടിയിലധികം കേസുകൾ നമ്മുടെ രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് പറയുമ്പോൾ ഈ കേസുകളിലെ നിരവധി പരാതികൾക്ക് ഇനി ആരാണ് നീതി നൽകുകയെന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടും സർക്കാറിനോടും നമുക്ക് ചോദിക്കേണ്ടതുണ്ട്.നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി സംഘപരിവാർ ഭരണകൂടങ്ങൾ നടത്തുന്ന ബുൾഡോസ് രാജുകൾ വിലക്കാനാവില്ല എന്ന് രാജ്യത്തെ പരമോന്നത നീതിപീഠം നിലപാടെടുത്തിട്ടുണ്ടെങ്കിൽ അഭയം തേടി ഇനി പൗരന്മാർ എങ്ങോട്ട് പോകാനാണ്? ഗൗരവതരമായ ആലോചനകൾ നടക്കേണ്ടതുണ്ട്.
സമത്വത്തെപ്പറ്റിയും നീതിയെപ്പ്രതിയും നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പരാമർശമുണ്ട്. അവസരങ്ങളിലെ സമത്വമാണ് നടപ്പിലാവേണ്ടത്. സംവരണ ചർച്ചകൾക്ക് പ്രസക്തിയുള്ളതും ഇവിടെയാണ്. എന്നാൽ സാമൂഹിക സംവരണത്തിനപ്പുറം സാമ്പത്തിക സംവരണം മുന്നോട്ടുവെക്കുന്നതിലൂടെ സംവരണത്തിന്റെ അന്തസത്തെ തന്നെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. രാജ്യത്തെ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അനുയോജ്യമായ പരിഹാര പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാറുകൾക്ക് കഴിയേണ്ടതുണ്ട്. ദാരിദ്ര്യം ഇല്ലായ്മ ചെയ്യാൻ ദാരിദ്ര നിർമാർജന പദ്ധതികളാണ് കണ്ടെത്തേണ്ടത്. നേരെമറിച്ച് ഒരു വിഭാഗത്തിന് അനുവദിച്ച സംവരണത്തിൽ കൈയിട്ടുവാരി മറ്റുള്ളവർക്ക് നൽകുക എന്നത് നീതികേടാണ്. ജാതിയുടെ പേരിൽ എത്രയെത്ര അപരവത്കരണങ്ങളാണ് നമ്മുടെ രാജ്യത്ത് തുടർക്കഥയായി കൊണ്ടിരിക്കുന്നത്. ഏറ്റവും പുതുതായി വന്ന നീറ്റ് പരീക്ഷാഫലം ശ്രദ്ധിച്ചിട്ടുണ്ടാകും. റാങ്ക് ലിസ്റ്റിൽ പിറകിലായിരുന്നിട്ടു പോലും ഉന്നത ജാതിയുടെ പേരിൽ സീറ്റ് നേടുകയും ഉയർന്ന റാങ്കുള്ള ദളിതനും താഴ്ന്ന ഇതര ജാതിക്കാരനും പുറത്താവുകയും ചെയ്യുന്ന സാഹചര്യം. നാം ഇപ്പോഴും നിലകൊള്ളുന്ന ജീവൽ പരിസരത്തിൽ തൊട്ടുകൂടായ്മയുടെയും തീണ്ടി കൂടായുടേയും കരാളഹസ്തങ്ങൾ പരന്നു നടക്കുന്നുണ്ടെന്ന് ചുരുക്കം.
സ്വതന്ത്ര ഇന്ത്യക്ക് ഏഴര പതിറ്റാണ്ടു തികഞ്ഞു. സംവരണത്തിന്റെ പ്രായവും അത്രതന്നെ. പക്ഷേ രാജ്യത്തെ ദളിതർ ഇപ്പോഴും അധ:സ്ഥിത വിഭാഗം തന്നെയാണ്. അവരെ പുരോഗമനത്തിലേക്ക് കൊണ്ടുവരാൻ നമുക്കിപ്പോഴും കഴിഞ്ഞിട്ടില്ല. ഇത്രകാലമായിട്ടും യോഗ്യതകൾ ഉണ്ടായിട്ടും എസ് സി എസ് ടി (SCST) വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇപ്പോഴും രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എത്തുന്നില്ല എന്നറിയുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ പിന്നെ എവിടെയാണ് പാലിക്കപ്പെടുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യം മൗലികമായി അനുവദിക്കപ്പെട്ട രാജ്യമാണ് നമ്മുടേത്. അനീതികൾക്കെതിരെ ശക്തമായി ശബ്ദം ഉയർത്തേണ്ടതുണ്ട്. പക്ഷേ നമ്മുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നിലവിലെ അവസ്ഥ എന്താണ് ? മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ നാം അങ്ങേയറ്റം ദയനീയമായി താഴെയാണ്. ഏറ്റവും പുതുതായി ഗുജറാത്ത് വംശഹത്യയെ ചിത്രീകരിച്ചതിന് ബിബിസിക്ക് പൂട്ടുവീണത് നമുക്ക് അറിയുന്നതാണ്. നാസി ജർമനിയിൽ ഹിറ്റ്ലർ നടപ്പാക്കിയ സെൻസർഷിപ്പ് ഉപയോഗിച്ച് മാധ്യമങ്ങളെയും സോഷ്യൽ മീഡിയെയും വരുത്തിയിലാക്കുകയും എതിർ ശബ്ദങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണത ജനാധിപത്യ രാജ്യത്തിന് ഒരിക്കലും ക്ഷന്തവ്യമല്ല.
രാജ്യത്തിൻറെ പൊതു ഖജനാവ് കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. പൊതുമുതലുകൾ കോർപ്പറേറ്റ് പി എം മാർക്ക് കൊടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ക്രോണിക് ക്യാപിറ്റലിസത്തിന്റെ അതിപ്രവാഹമാണ് നടക്കുന്നത്. മുതലാളിത്ത ഭീമന്മാർ തടിച്ചു കൊഴുക്കുകയാണ്. അപ്പോഴും മറുവശത്ത് ദാരിദ്ര രേഖക്കും താഴെ കിടക്കുന്ന ജനങ്ങളുടെ റേഷൻ വിഹിതം വെട്ടിക്കുറക്കുന്നു. സ്കോളർഷിപ്പുകൾ ഇല്ലായ്മ ചെയ്യുന്നു. മറ്റു ചിലതിലെ പ്രാതിനിധ്യത്തിൽ കുറവ് വരുത്തുന്നു.
തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ്. ദാരിദ്ര്യനിർമാർജജന പദ്ധതികൾ നടപ്പാക്കുന്നതിനു പകരം നിങ്ങൾ ലോൺ എടുക്കൂ എന്നാണ് ഗവൺമെന്റുകൾ പറയുന്നത്. ലോണെടുത്ത് തിരിച്ചടക്കാനാവാതെ ആത്മഹുതിയുടെ വഴി തിരഞ്ഞെടുത്ത കർഷകരെ രാജ്യം നിരവധി കണ്ടതാണ്. തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ നൽകുന്നതിന് പകരം ലോൺ നൽകി കടക്കെണിയിൽ അകപ്പെടുത്തി മരണത്തിന്റെ വഴിയിലേക്കാണ് രാജ്യത്തെ പലരും തള്ളിയിട്ടു കൊണ്ടിരിക്കുന്നത്.
വ്യത്യസ്തങ്ങളായ പ്രതിസന്ധികളെയാണ് രാജ്യം ആഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെയും പൗരന്മാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാനാണ് സംസ്ഥാന കേന്ദ്ര സർക്കാറുകൾ സദാസമയവും ശ്രദ്ധ ചെലുത്തേണ്ടത്. എന്നാൽ അതിനുപകരം പ്രത്യയശാസ്ത്ര താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള വഴികളെ പറ്റിയാണ് അവർ ആലോചിക്കുന്നത്. ഇത് ശക്തമായി പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ മൗനമാണ് ഫാസിസത്തിന്റെ വളർച്ചയുടെ ഹേതുകമെന്ന് നാം തിരിച്ചറിയണം.
രാജ്യത്തെ മുസ്‌ലിമടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം വൈജ്ഞാനികമായ ഇടങ്ങളിലേക്ക് എത്താനുള്ള സാഹചര്യങ്ങൾ രൂപപ്പെടുന്നില്ല എന്നാണെന്ന് സച്ചാർ കമ്മീഷൻ അടക്കമുള്ള റിപ്പോർട്ടുകൾ വിലയിരുത്തിയതാണ്. ഇത്തരം യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ആണ് സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും സമൂഹത്തിന്റെയും എല്ലാം ഭാഗത്തുനിന്നു ഉണ്ടാകേണ്ടത്. അറിവും വിദ്യാഭ്യാസവും ധിഷണയും നൽകി സമൂഹത്തെ പ്രബുദ്ധരാക്കി വളർത്തിയാൽ ഭാവിയിൽ രാജ്യത്തിൻറെ അനിർവചനീയമായ പുരോഗതിയിലേക്ക് അത് വഴിതെളിക്കും എന്നതിൽ ഒരു സംശയവുമില്ല.
ഉപരിസൂചിത വിഷയങ്ങളിൽ ഉൾപ്പെടെ വ്യക്തിപരവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ ഒട്ടനേകം അരക്ഷിതത്വങ്ങൾ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇവയുടെ പരിഹാരമാണ് നമുക്ക് ഏറ്റവും പരമപ്രധാനമായ ലക്ഷ്യം. ഇന്ത്യയോളം വൈവിധ്യങ്ങളെ സ്വീകരിക്കുന്ന മറ്റൊരു ദേശത്തെയും ഇത്രമേൽ മനോഹരമായി നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രതിസന്ധികളുടെ ബാഹുല്യം ഉണ്ടാവുക എന്നതും സ്വാഭാവികതയാണ്. ഈ പ്രശ്നങ്ങളെല്ലാം രാജ്യത്തിന് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ മാത്രമാണ്. ഒരു ജനാധിപത്യ രാജ്യം നേരിട്ടേക്കാവുന്ന പ്രതിസന്ധികളെ മുന്നിൽ കണ്ടു കൊണ്ടു തന്നെ അതിൻറെ പരിഹാരത്തിന് എടുക്കേണ്ട നിലപാടുതറയെ ഭരണഘടനാ ശില്പികൾ പരമാവധി നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നാം അഭിമുഖീകരിക്കുന്ന ഏത് പ്രതിസന്ധികളുടെയും പരിഹാരത്തിന് നമുക്ക് ആശ്രയിക്കാനുള്ളത് ആ ഭരണഘടനയെ തന്നെയാണ്. വർഗീയ ശക്തികളാൽ നിറം മങ്ങലേൽക്കുന്നിടത്ത് നിന്ന് ഭരണഘടനയെ വീണ്ടെടുക്കുന്നതിലൂടെ രാജ്യത്തിൻറെ അതിമഹത്തായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് നമുക്ക് ബോധ്യമുണ്ടാകണം. ഈ ബോധ്യത്തിൽ ഉറച്ചുനിന്നുകൊണ്ട് ഭരണഘടനയെ കുറിച്ചും അതിൻറെ അന്തസാരമൂല്യങ്ങളെക്കുറിച്ചും അതുറപ്പ് നൽകുന്ന അവകാശങ്ങളെ കുറിച്ചും ജനാധിപത്യത്തെ പറ്റിയും മതേതരത്വത്തെ പറ്റിയും മതനിരപേക്ഷ ധാർമികതയെ പറ്റിയും പഠിക്കാനും ആഴത്തിൽ അറിയാനും ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെയും ഭരണഘടനയെയും മോചിപ്പിച്ച് ഗാന്ധി അടക്കമുള്ള പൂർവ പിതാക്കൾ സ്വപ്നം കണ്ട മനോഹരമായ ഇന്ത്യയെന്ന ആശയത്തിലേക്ക് എത്തിച്ചേരാനുമുള്ള ജാഗ്രത ഓരോ പൗരനും കൈമുതലാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ കൂടിയാണ് ഓരോ റിപ്പബ്ലിക് ദിനത്തിലും നമ്മൾ തീർച്ചപ്പെടുത്തേണ്ടത്.