അല്ലാഹു നമുക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ നിസ്സാരമെന്ന് തോന്നിക്കുന്നതിനെങ്കിലും നമ്മുടെയൊക്കെ നന്ദി പകരമാവുമോ?. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ മഹാനായ യാഫിഈ ഇമാം(റ)വിന്റെ ചിന്ത ഏറെ പ്രസക്തമാണ്. ഒരാൾ അല്ലാഹുവിനോട് നന്ദി പറയുമ്പോൾ, ആ നന്ദി പറയാൻ പോലും അല്ലാഹു തന്ന അനുഗ്രഹങ്ങളെയാണ് അയാൾ ഉപയോഗിക്കുന്നത്. അതായത്, നാം നന്ദി പറയുന്നത് പോലും ഒരു പുതിയ അനുഗ്രഹമാണ്.
വായിക്കാം:
ജീവിതത്തിൽ ഒരിക്കലെങ്കിലും നാം ജീവിക്കുന്ന ലോകത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. മനുഷ്യന്റെ ശരീരഘടന മുതൽ അവന്റെ ബുദ്ധിശേഷി വരെയും ഭൂമിയുടെ സന്തുലിതാവസ്ഥ മുതൽ വിശാലമായ പ്രപഞ്ചത്തിന്റെ ക്രമീകരണം വരെയും സ്രഷ്ടാവിന്റെ അതുല്യമായ കരകൗശലത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഓരോ സൃഷ്ടിയും അത്ഭുതമാണ്, അതോടൊപ്പം ഓരോ നിമിഷവും അനുഗ്രഹവുമാണ്.
പടച്ചവന്റെ സൃഷ്ടികളിൽ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യനാണ്. നമുക്ക് നൽകിയിരിക്കുന്ന ബുദ്ധി, ആരോഗ്യം, കുടുംബം, സൗഹൃദങ്ങൾ, ഭക്ഷണം, വെള്ളം തുടങ്ങിയവയെല്ലാം സാധാരണ കാര്യങ്ങളായി മാത്രം നാം കാണാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇവ ഓരോന്നും അനന്തമായ അനുഗ്രഹങ്ങളാണ്. ഈ അനുഗ്രഹങ്ങളെ തിരിച്ചറിയുകയും അതിന് ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ അടിസ്ഥാന ഉത്തരവാദിത്തമാണ്.
എന്നാൽ, നാം ചെയ്യുന്ന നന്ദി യഥാർത്ഥത്തിൽ പൂർണമാണോ?. അല്ലാഹു നമുക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ നിസ്സാരമെന്ന് തോന്നിക്കുന്നതിനെങ്കിലും നമ്മുടെയൊക്കെ നന്ദി പകരമാവുമോ?. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ മഹാനായ യാഫിഈ ഇമാം(റ)വിന്റെ ചിന്ത ഏറെ പ്രസക്തമാണ്. ഒരാൾ അല്ലാഹുവിനോട് നന്ദി പറയുമ്പോൾ, ആ നന്ദി പറയാൻ പോലും അല്ലാഹു തന്ന അനുഗ്രഹങ്ങളെയാണ് അയാൾ ഉപയോഗിക്കുന്നത്. അതായത്, നാം നന്ദി പറയുന്നത് പോലും ഒരു പുതിയ അനുഗ്രഹമാണ്. അതിനാൽ, ഒരു അനുഗ്രഹത്തിന് നന്ദി പറയുമ്പോൾ, അതിന് അവസരം തന്ന റബ്ബിന് വീണ്ടും നന്ദി പറയേണ്ട സാഹചര്യം ഉണ്ടാകുന്നു. ഈ ശൃംഖല അറ്റമില്ലാതെ തുടരുന്നതിനാൽ മനുഷ്യന്റെ മുഴുവൻ ആയുസ്സും അല്ലാഹുവിന് നന്ദി രേഖപ്പെടുത്താൻ പോലും മതിയാകാതെ പോകും(ശംസുൽ ഈമാൻ).
മനുഷ്യൻ എത്ര നന്ദി പറഞ്ഞാലും, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് പകരം നൽകാൻ അവന് കഴിയില്ല എന്നാണ് ഇതിലൂടെ മനസ്സിലാകുന്ന വസ്തുത. അതുകൊണ്ട് നന്ദി എന്നത് വെറും വാക്കുകളല്ല, മറിച്ച് വിശ്വാസിക്ക് ഒരു ജീവിതശൈലിയായി അത് മാറണം.
എന്നാൽ, പലപ്പോഴും മനുഷ്യന് അവന്റെ യജമാനൻ കനിഞ്ഞ അനുഗ്രഹങ്ങളെ തിരിച്ചറിയാനുള്ള വിവേകമില്ലാതെ പോകുന്നു. നമുക്ക് ലഭിച്ചിരിക്കുന്ന പല അനുഗ്രഹങ്ങളും നമുക്ക് ‘സ്വാഭാവിക’മായി തോന്നുന്നു. നമുക്ക് കാഴ്ചയുണ്ടെന്ന്, നമുക്ക് നടക്കാൻ കഴിയുന്നുവെന്ന്, നമുക്ക് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നുവെന്ന് അതിന്റെ ആഴങ്ങളിലേക്ക് ചിന്തിക്കുകയോ അതൊക്കെയും വിലമതിക്കാനാകാത്ത അനുഗ്രഹങ്ങളായി കാണുകയോ ചെയ്യാറില്ല. 'ഒരു നിമിഷത്തേക്ക് ശ്വാസം നൽകേണ്ട’ എന്ന് റബ്ബ് തീരുമാനിച്ചാൽ എന്ന ഗൗരവമേറിയ ചിന്തയിലേക്ക് ഇടക്കൊക്കെ എത്തി നോക്കുന്നത് അവന് എപ്പോഴെങ്കിലും നന്ദി പറയാൻ നമുക്ക് മനസ്സേകും.
അബ്ബാസി ഭരണകാലത്ത് പ്രശസ്തനായ ഖലീഫ ഹാറൂൻ റഷീദിന്റെ അരമനയിൽ സൂഫി പണ്ഡിതനായ ഇബ്നു സമാക്(റ) എത്തി. ആ സമയം രാജാവിന് കുടിക്കാൻ വെള്ളം കൊണ്ടുവന്നപ്പോൾ, ഇബ്നു സമാക്(റ) ഒരു ചോദ്യമുയർത്തി: “നിങ്ങൾക്ക് കടുത്ത ദാഹം അനുഭവപ്പെടുകയും, ഒരു തുള്ളി വെള്ളം പോലും ലഭിക്കാതിരിക്കുകയും ചെയ്താൽ, ഒരു ഗ്ലാസ് വെള്ളത്തിനായി നിങ്ങളുടെ രാജ്യത്തിന്റെ പകുതി നൽകാൻ നിങ്ങൾ തയ്യാറാകുമോ?” രാജാവ് ‘അതെ’ എന്ന് മറുപടി പറഞ്ഞു.
അതിനുശേഷം അദ്ദേഹം വീണ്ടും ചോദിച്ചു: “നിങ്ങൾക്ക് മൂത്രം പുറത്തേക്ക് പോകാതെ കഷ്ടപ്പെടുന്ന അവസ്ഥയുണ്ടായാൽ, അതിന് പരിഹാരമായ ഒരു മരുന്നിനായി നിങ്ങളുടെ രാജ്യം മുഴുവൻ നൽകാൻ നിങ്ങൾ തയ്യാറാണോ?” രാജാവ് വീണ്ടും സമ്മതിച്ചു (താരീഖുത്വബരി 10/119).
ഈ ചെറിയ സംഭാഷണത്തിൽ അടങ്ങിയിരിക്കുന്ന സന്ദേശം വളരെ ഗൗരവമുള്ളതാണ്. നമുക്ക് വളരെ ലളിതമായി ലഭിക്കുന്ന വെള്ളത്തിൽ നിന്ന് ഒരു തുള്ളി പോലും, അതിന്റെ യഥാർത്ഥ വില നമുക്ക് മനസ്സിലാകുന്നത് അത് നഷ്ടപ്പെടുമ്പോഴാണ്. നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ നാം ലളിതവത്കരിക്കുന്നത്തിന് കാരണം അവ നമ്മിൽ നിന്ന് അകലാതെ തുടരുന്നതു കൊണ്ടാണ്. 'കണ്ണുള്ളോർക്കൊന്നും കണ്ണിൻ കാഴ്ചകളറിയൂല' എന്നാണല്ലോ.
ഇവിടെയാണ് നാം സ്വയം ചോദിക്കേണ്ടത്: നാം ചെയ്യുന്ന ഓരോ ശുക്റുകളും ഹൃദയത്തിൽ നിന്നുള്ളതാണോ?. അല്ലെങ്കിൽ അത് വെറും ഒരു പതിവ് വാക്കാണോ?. നമുക്ക് ലഭിക്കുന്ന ഓരോ അനുഗ്രഹത്തിനും പിന്നിലുള്ള ദൈവിക കൃപയെ നാം തിരിച്ചറിയുന്നുണ്ടോ?.
ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്, നന്ദി എന്നത് ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും പ്രകടിപ്പിക്കേണ്ട ഒരു ഗുണമാണെന്നാണ്. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ പോലും, നബി(സ) “നമ്മെ ജീവനോടെ ഉണർത്തിയ അല്ലാഹുവിനാണ് സ്തുതി; അവനിലേക്കാണ് മടക്കം” എന്ന് പ്രാർത്ഥിച്ചിരുന്നതായി ഹുദൈഫ(റ) നിവേദനം ചെയ്യുന്നു(ബുഖാരി). ഇത് നമ്മെ പഠിപ്പിക്കുന്നത്, ഓരോ ചെറിയ അനുഭവങ്ങൾ പോലും വലിയ അനുഗ്രഹമായി തന്നെയാണ് കാണേണ്ടത്.
നന്ദി പ്രകടിപ്പിക്കുന്നത് മൂന്നു തലങ്ങളിലായാണ്. ഹൃദയത്തിൽ അനുഗ്രഹങ്ങളെ തിരിച്ചറിയൽ, വാക്കുകൾ കൊണ്ടുള്ള സ്തുതി, പ്രവർത്തികളിലൂടെയുള്ള അനുസരണം എന്നിവയാണവ. ഹൃദയം നന്ദിയോടെ നിറഞ്ഞിരിക്കണം. നാവിൽ നിന്ന് സ്തുതി ഉയരണം. ജീവിതത്തിൽ അത് പ്രവൃത്തിയായി പ്രതിഫലിക്കണം.
നുഅ്മാനുബ്നു ബശീർ(റ) നിവേദനം ചെയ്ത ഹദീസ് ഇതിനെ കൂടുതൽ വ്യക്തമാക്കുന്നതാണ്: “അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ എടുത്തുപറയൽ നന്ദിയാണ്; അതിനെ അവഗണിക്കുന്നത് നന്ദികേടുമാണ്. ചെറിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയാത്തവൻ, വലിയ അനുഗ്രഹങ്ങൾക്കും നന്ദി പറയുകയില്ല. മനുഷ്യരോട് നന്ദി പറയാത്തവർക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാകുകയില്ല.”(അശ്ശുക്റ് :25)
ഇത് നമ്മെ ഒരു പ്രധാന യാഥാർഥ്യത്തിലേക്ക് നയിക്കുന്നുണ്ട്. നന്ദി എന്നത് അല്ലാഹുവിനോടുള്ള ബന്ധം മാത്രമല്ല, മനുഷ്യരോടും ബന്ധപ്പെട്ടതാണ്. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുകൾ നൽകിയ സഹായങ്ങൾക്കും നന്ദി പ്രകടിപ്പിക്കുന്നത്, നമ്മുടെ ആത്മീയ വളർച്ചയുടെ ഭാഗമാണ്.
അതേസമയം നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ പരസ്യപ്പെടുത്തുമ്പോൾ, അത് അഹങ്കാരത്തിനോ പൊങ്ങച്ചത്തിനോ വേണ്ടിയാകാതിരിക്കാൻ ശ്രദ്ധിക്കണം. മറിച്ച്, ‘ഇത് എല്ലാം അല്ലാഹുവിന്റെ അനുഗ്രഹമാണ്’ എന്ന ബോധ്യത്തോടെയാവണം ചെയ്യേണ്ടത്.
നന്ദി എന്നത് ഒരു വാക്കല്ല, അത് ഒരു ജീവിത ദർശനമാണ്. ഓരോ ശ്വാസവും ഓരോ നിമിഷവും ഓരോ അനുഭവവും എല്ലാം അനുഗ്രഹങ്ങളായി തിരിച്ചറിഞ്ഞ് ജീവിക്കാൻ നമുക്ക് കഴിയണം.
അങ്ങനെ ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ സമ്പന്നരും വിജയികളും. കാരണം, അവർക്ക് ലഭിച്ചിരിക്കുന്നതിന്റെ മൂല്യം അവർ തിരിച്ചറിഞ്ഞിരിക്കുന്നു.
നമ്മുടെ ഹൃദയം എല്ലായ്പ്പോഴും നന്ദിയോടെ നിറഞ്ഞിരിക്കട്ടെ. ഓരോ അനുഗ്രഹവും തിരിച്ചറിഞ്ഞ്, ഹൃദയപൂർവം അല്ലാഹുവിനോട് നന്ദി രേഖപ്പെടുത്തി ജീവിക്കാൻ നമുക്ക് കഴിയട്ടെ. അതാണ് ഒരു വിശ്വാസിയുടെ യഥാർത്ഥ മഹത്വവും വിജയവും.