എപ്പോഴാണോ ഒരാളുടെ അകം നന്നാകുന്നത്, തീർച്ചയായും അയാളുടെ പുറവും നന്നാകും. കാരണം, അകത്തിന് വിധേയമായിട്ടാണ് പുറം എപ്പോഴും പ്രവർത്തിക്കുക. നബി(സ) അരുളിയത് പോലെ: ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു. അറിയുക, അതാണ് 'ഖൽബ് ' (ഹൃദയം).

വായിക്കാം:

പ്രിയ സഹോദരാ,
നിന്റെ ഓരോ ചലനത്തിലും നിശ്ചലാവസ്ഥയിലും നോട്ടത്തിലും ചിന്തകളിലും നീ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ പോലും അല്ലാഹുവിനെ സൂക്ഷിക്കുക. അവൻ നിനക്ക് ഏറ്റവും അടുത്തുള്ളവനാണെന്നും നിന്നെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുകയാണെന്നും നിന്റെ ഉദ്ദേശങ്ങൾ അവൻ അറിയുന്നുണ്ടെന്നും നീ മനസ്സിലാക്കുക. 
നീ എവിടെയായിരുന്നാലും അവൻ നിന്റെ കൂടെയുണ്ട്. നിന്റെ ഒരു രഹസ്യവും അവനിൽ നിന്ന് മറഞ്ഞുകിടക്കുന്നില്ല. ആകാശഭൂമികളിലെ അണുവോളം വലിപ്പമുള്ള കാര്യങ്ങൾ പോലും അവനറിയാം. നീ പുണ്യവാന്മാരിൽ പെട്ടവനാണെങ്കിൽ, ലജ്ജയോടെയും വിനയത്തോടെയും അല്ലാഹുവിനെ ഭയപ്പെടുക. അവൻ നിന്നെ കാണുന്നുണ്ട് എന്ന ബോധത്തോടെ അവനെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.

മനസ്സിനെ മെരുക്കാൻ ചില വഴികൾ

ആരാധനകളിൽ മടി കാണിക്കാനോ തെറ്റുകൾ ചെയ്യാനോ നിന്റെ മനസ്സ് നിന്നെ പ്രേരിപ്പിക്കുന്നുവെങ്കിൽ, താഴെ പറയുന്ന കാര്യങ്ങൾ ഓർമിച്ച് മനസ്സിനെ തിരുത്തുക:
1. അല്ലാഹുവിന്റെ സാന്നിധ്യം: "അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും എന്റെ രഹസ്യങ്ങൾ അറിയുകയും ചെയ്യുന്നുണ്ടല്ലോ" എന്ന് മനസ്സിനോട് പറയുക.
2. കാവൽക്കാരായ മലക്കുകൾ: എന്നിട്ടും മനസ്സ് അടങ്ങുന്നില്ലെങ്കിൽ, നിന്റെ ഇരുവശങ്ങളിലുമായി നന്മതിന്മകൾ രേഖപ്പെടുത്തുന്ന ഉത്തമരായ മലക്കുകളെ ഓർക്കുക. നീ പറയുന്ന ഓരോ വാക്കും അവർ രേഖപ്പെടുത്തുന്നുണ്ട്.
3. മരണം: ഇതിലൊന്നും മനസ്സ് വഴങ്ങുന്നില്ലെങ്കിൽ, "മരണം തൊട്ടടുത്തെത്തിയിരിക്കുന്നു, ഏത് നിമിഷവും അത് സംഭവിച്ചേക്കാം" എന്ന് ഓർമിപ്പിക്കുക.
4. സ്വർഗവും നരകവും: എന്നിട്ടും ഫലമില്ലെങ്കിൽ, പരലോകത്തെ ഭീകരതയെക്കുറിച്ച് ഓർക്കുക. "ഹേ മനസ്സേ, മരണത്തിന് ശേഷം പിന്നെ കഠിനമായ ശിക്ഷയോ അല്ലെങ്കിൽ മഹത്തായ പ്രതിഫലമോ ആണ് ലഭിക്കുക. ഒന്നുകിൽ സ്വർഗം, അല്ലെങ്കിൽ നരകം. നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം, അല്ലാഹുവിനെ അനുസരിച്ച് നിത്യമായ സ്വർഗീയാരാമങ്ങളിൽ സന്തോഷത്തോടെ കഴിയാം, അല്ലെങ്കിൽ അവനെ ധിക്കരിച്ച് നരകത്തിലെ തടവറയിൽ അപമാനനായി കഴിയാം."
ഇത്തരം ചിന്തകൾ ഹൃദയത്തിലെ രോഗങ്ങൾക്കുള്ള മരുന്നാണ്. മടിയിൽ നിന്നും തെറ്റുകളിൽ നിന്നും മനസ്സിനെ പിന്തിരിപ്പിക്കാൻ ഇത് സഹായിക്കും

അറിയുക,
ആത്മീയ പാതയിലെ ഏറ്റവും ഉന്നതമായ പദവികളിൽ ഒന്നാണ് മുറാഖബ. നബി(സ) തങ്ങൾ 'ഇഹ്‌സാൻ' എന്ന് വിശേഷിപ്പിച്ചത് ഇതിനെയാണ്: "അല്ലാഹുവിനെ നീ കാണുന്നുണ്ടെന്ന പോലെ ആരാധിക്കുക". ആകാശഭൂമികളിലെ ഒരു കാര്യവും അല്ലാഹുവിൽ നിന്ന് മറഞ്ഞു കിടക്കില്ലെന്ന് എല്ലാ വിശ്വാസികൾക്കും അറിയാം. എന്നാൽ, ഈ ഒരു ബോധം എപ്പോഴും മനസ്സിൽ നിലനിർത്തുകയും, അല്ലാഹു കാണുമെന്ന ലജ്ജയോടെ തെറ്റുകളിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ വിജയിയാകുന്നത്.
അവസാനം, സർവതും അല്ലാഹുവിൽ സമർപ്പിച്ച്, അവനല്ലാത്ത മറ്റെല്ലാത്തിനെയും മറന്ന്, സത്യവുമായി അടുത്തു നിൽക്കുന്ന ഒരവസ്ഥയിലേക്ക് അടിമ എത്തിച്ചേരുന്നു.

അകം തെളിയുമ്പോഴാണ് 
പുറം പൂക്കുന്നത്

നിന്റെ പരസ്യമായ ജീവിതത്തേക്കാൾ (പുറംമോടി) നിന്റെ രഹസ്യജീവിതം (മനസ്സ്) നന്നാക്കാൻ നീ ക്ഷമയോടെ പരിശ്രമിക്കുക. കാരണം, സൃഷ്ടികൾ നോക്കുന്നത് നിന്റെ പുറംമോടിയിലേക്കാണെങ്കിൽ അല്ലാഹു നോക്കുന്നത് നിന്റെ ഉള്ളിലേക്കാണ്. അല്ലാഹു ഖുർആനിൽ പരസ്യത്തെക്കുറിച്ച് പരാമർശിച്ചപ്പോഴെല്ലാം അതിനുമുമ്പ് രഹസ്യത്തെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. തിരുനബി(സ)യുടെ പ്രാർത്ഥനകളിൽ ഒന്ന് ഇപ്രകാരമായിരുന്നു: "അല്ലാഹുവേ, എന്റെ അകം എന്റെ പുറത്തേക്കാൾ നീ നന്നാക്കേണമേ, എന്റെ പുറം നീ സ്വാലിഹാക്കേണമേ"

എപ്പോഴാണോ ഒരാളുടെ അകം നന്നാകുന്നത്, തീർച്ചയായും അയാളുടെ പുറവും നന്നാകും. കാരണം, അകത്തിന് വിധേയമായിട്ടാണ് പുറം എപ്പോഴും പ്രവർത്തിക്കുക. നബി(സ) അരുളിയത് പോലെ: "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു. അറിയുക, അതാണ് 'ഖൽബ്' (ഹൃദയം)."

അറിയുക,
തന്റെ അകം ശുദ്ധമാണെന്ന് വാദിക്കുകയും, എന്നാൽ ബാഹ്യമായ ആരാധനകൾ ഉപേക്ഷിച്ച് പുറം വൃത്തികേടാക്കുകയും ചെയ്യുന്നവൻ കള്ളനാണ്. മറിച്ച്, വേഷവിധാനത്തിലും സംസാരത്തിലും നടപ്പിലും ഇരിപ്പിലും ബാഹ്യമായ സൗന്ദര്യം വരുത്താൻ കഷ്ടപ്പെടുകയും എന്നാൽ തന്റെ മനസ്സ് നിറയെ ദുസ്വഭാവങ്ങളും ലോകമാന്യവും നിറച്ചുവെക്കുകയും ചെയ്യുന്നവൻ അല്ലാഹുവിൽ നിന്ന് മുഖം തിരിച്ചുളള കൃത്രിമക്കാരുടെ കൂട്ടത്തിലാണുള്ളത്.
അതുകൊണ്ട് സഹോദരാ, ജനങ്ങൾക്ക് വെളിപ്പെട്ടാൽ നീ ലജ്ജിക്കുന്ന ഒരുകാര്യവും നീ നിന്റെ ഉള്ളിൽ ഒളിപ്പിക്കരുത്. ജ്ഞാനികളായ ചിലർ പറഞ്ഞിട്ടുണ്ട്: "തന്റെ ഉള്ളിലുള്ള കാര്യങ്ങൾ ഒരു തളികയിലാക്കി അങ്ങാടിയിലൂടെ നടന്നാൽ പോലും, ജനങ്ങൾ കാണുന്നതിൽ ലജ്ജിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിലെത്തുമ്പോഴേ ഒരാൾ യഥാർത്ഥ സൂഫിയാകൂ."

ഇനി നിന്റെ അകം പുറത്തേക്കാൾ നന്നാക്കാൻ നിനക്ക് സാധിക്കുന്നില്ലെങ്കിൽ അവ രണ്ടും തുല്യമാക്കാനെങ്കിലും നീ ശ്രമിക്കുക. ജനക്കൂട്ടത്തിലായാലും ഏകാന്തതയിലായാലും അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കുന്നതിലും അവനെ ഭയപ്പെടുന്നതിലും അവന്റെ വിലക്കുകൾ ഉപേക്ഷിക്കുന്നതിലും ഒരേ നിലപാട് സ്വീകരിക്കുക. അല്ലാഹുവിനെ അറിയുക (മഅ്‌രിഫത്ത്) എന്ന യാത്രയിലെ ഒരു അടിമയുടെ ആദ്യത്തെ ചുവടുവെപ്പാണിത്. അത് മനസ്സിലാക്കുക. അല്ലാഹുവാണ് വിജയം നൽകുന്നവൻ!

Questions / Comments:



No comments yet.