നിന്നോട് ഒരാൾ ഒരു കാര്യം പറഞ്ഞുതരുമ്പോൾ, അത് നിനക്ക് നേരത്തെ അറിയുന്നതാണെങ്കിൽ പോലും അത് അറിയാമെന്ന് ഭാവിക്കരുത്. കാരണം, അത് കൂടെയിരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.
വായിക്കാം:
സത്യസന്ധരുടെ ഉന്നത പദവിയിൽ എത്തിച്ചേരാനാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ, ഏതൊരു കാര്യത്തിൽ ഏർപ്പെടുന്നതിന് മുമ്പും (പ്രത്യേകിച്ച് ആരാധനകളിൽ) തിരുനബി(സ)യോ അല്ലെങ്കിൽ ഉന്നതരായ സ്വഹാബികളിൽ ആരെങ്കിലും അത് ചെയ്തിട്ടുണ്ടോ എന്ന് നീ അന്വേഷിച്ചറിയണം. അവർക്ക് അത് ചെയ്യാൻ കഴിവുണ്ടായിരുന്നിട്ടും അത് ചെയ്തിട്ടില്ലെന്ന് മനസ്സിലായാൽ, മതപരമായി അനുവദനീയമായ കാര്യമാണെങ്കിൽ പോലും നീയും അതിൽ നിന്ന് വിട്ടുനിൽക്കുക. കാരണം, അത് ഉപേക്ഷിക്കുന്നതിലെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ് അവർ അത് ചെയ്യാതിരുന്നത്. ഇനി അവർ ഒരു കാര്യം ചെയ്തിട്ടുണ്ടെന്ന് കണ്ടാൽ, ഏത് രൂപത്തിലാണ് അവർ അത് ചെയ്തതെന്ന് ആദ്യം മനസ്സിലാക്കുകയും കൃത്യമായി ആ രൂപത്തിൽ തന്നെ അവരെ പിൻപറ്റുകയും ചെയ്യുക.
ചില പണ്ഡിതന്മാർ തണ്ണിമത്തൻ കഴിക്കുന്നത് പോലും ഒഴിവാക്കിയിരുന്നു. അവർ അതിന് പറഞ്ഞ കാരണം; "നബി(സ) തങ്ങൾ അത് കഴിച്ചിട്ടുണ്ടെന്ന് എനിക്ക് വിവരമുണ്ട്, എന്നാൽ അവിടുന്ന് അത് എപ്രകാരമാണ് കഴിച്ചതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഞാൻ അത് ഉപേക്ഷിക്കുന്നത്" എന്നാണ്.
ആരാധനകളിൽ നാം നിർബന്ധമായും കാത്തുസൂക്ഷിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള ചെറിയൊരു വിവരണം ഈ അധ്യായത്തിന് മുമ്പ് കടന്നുപോയിട്ടുണ്ട്. ഇൻഷാ അല്ലാഹ്, ഇതിന് ശേഷവും അത് വരുന്നുണ്ട്.
എന്നാൽ, ദൈനംദിന ശീലങ്ങളിൽ നാം കാത്തുസൂക്ഷിക്കേണ്ട ചില മര്യാദകളെക്കുറിച്ചാണ് ഈ അധ്യായത്തിൽ നാം പറയുന്നത്:
ഒരാൾ തന്റെ ദൈനംദിന ശീലങ്ങളിൽ തിരുദൂതരുടെ മര്യാദകളെ കാത്തുസൂക്ഷിക്കുകയാണെങ്കിൽ, മോശമായ കർമങ്ങളിലേക്കും ദുഃസ്വഭാവങ്ങളിലേക്കും അതിരുകടക്കുന്നതിൽ നിന്നും അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ് എന്ന് മനസ്സിലാക്കുക. അത്തരം സാധാരണ കാര്യങ്ങളിൽ, അല്ലാഹു തന്റെ അപാരമായ ഹിക്മത്ത് കൊണ്ട് നിശ്ചയിച്ചിട്ടുള്ള, ഭൗതികവും ദീനീപരവുമായ എല്ലാ നന്മകളും പ്രയോജനങ്ങളും അവന് ലഭിക്കുകയും ചെയ്യും.
മനുഷ്യസഹജമായ താൽപര്യങ്ങളുടെ മാലിന്യങ്ങളിൽ നിന്ന് പൂർണമായ സ്വാതന്ത്ര്യവും വിശുദ്ധിയും നേടാൻ ആഗ്രഹിക്കുന്നവൻ, തന്റെ ബാഹ്യവും ആന്തരികവുമായ എല്ലാ ചലനങ്ങളെയും അടക്കങ്ങളെയും ഇസ്‌ലാമിക നിയമങ്ങൾക്ക് വിധേയമാക്കണം. അവ മതത്തിന്റെയും സദ്‌ബുദ്ധിയുടെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കണം.
സൂഫികളുടെ വാക്കുകളിൽ സാധാരണ ശീലങ്ങളെ (ഭൗതിക കാര്യങ്ങളെ) വിമർശിക്കുന്നതായി കാണുന്നുണ്ടെങ്കിൽ, അതിനർത്ഥം ഇസ്‌ലാമിക മര്യാദകൾ പാലിക്കാതെ, കേവലം ദേഹേച്ഛകൾക്കും ശാരീരിക മോഹങ്ങൾക്കും അടിമപ്പെട്ട് അവയിൽ മുഴുകുന്നതിനെക്കുറിച്ചാണ്.
തിരുദൂതരെ പിൻപറ്റാൻ പ്രേരിപ്പിക്കുകയും അതിലെ ചില രഹസ്യങ്ങളെക്കുറിച്ച് ഉണർത്തുകയും ചെയ്ത ശേഷം, ഇമാം ഗസ്സാലി(റ) തന്റെ 'അൽ അർബഊൻ അൽ അസ്ൽ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: "ഇതെല്ലാം സാധാരണ ശീലങ്ങളുടെ കാര്യത്തിലാണ് പറഞ്ഞത്. എന്നാൽ ആരാധനാ കർമങ്ങളുടെ കാര്യത്തിൽ, തിരുചര്യ ഉപേക്ഷിക്കുന്ന ഒരാൾക്ക് വ്യംഗ്യമായ അവിശ്വാസമോ അല്ലെങ്കിൽ വ്യക്തമായ വിഡ്ഢിത്തമോ അല്ലാതെ മറ്റൊരു കാരണവും എനിക്കറിയില്ല. അതിനാൽ ഈ കാര്യം നന്നായി അറിഞ്ഞു വെക്കുക.”
അറിയുക, നിന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ നാമത്തിൽ (ബിസ്മി കൊണ്ട്) ആരംഭിക്കാൻ നീ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തുടക്കത്തിൽ അത് ചൊല്ലാൻ മറന്നുപോയാൽ, ഓർമ വരുമ്പോൾ ഉടനെ
بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ
(ഇതിന്റെ തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിന്റെ നാമത്തിൽ) എന്ന് പറയുക. നല്ല നിയ്യത്തോട് കൂടിയല്ലാതെ നിത്യജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ പോലും നീ ഏർപ്പെടാതിരിക്കാൻ ശ്രമിക്കുക.
നീ വസ്ത്രം ധരിക്കുമ്പോൾ, അല്ലാഹു മറയ്ക്കാൻ കൽപ്പിച്ച നിന്റെ ഔറത്ത് മറയ്ക്കുന്നു എന്ന ഉദ്ദേശ്യമായിരിക്കണം നിനക്കുണ്ടാകേണ്ടത്. കുപ്പായം പോലെയുള്ളവ ധരിക്കുമ്പോൾ വലതുഭാഗം കൊണ്ട് തുടങ്ങുക. എന്നാൽ അവ അഴിച്ചുമാറ്റുമ്പോഴാകട്ടെ, വലതുഭാഗം അവസാനമാക്കി മാറ്റുക.
നിന്റെ മുണ്ടും കുപ്പായവും കണങ്കാലിന്റെ പകുതി വരെ ഉയർത്തി നിൽക്കുന്ന വിധത്തിലായിരിക്കണം ധരിക്കേണ്ടത്. ഇനി അതിന് കഴിഞ്ഞില്ലെങ്കിൽ തന്നെ, അവ ഞെരിയാണിക്ക് താഴേക്ക് ഇറങ്ങാതിരിക്കാൻ നീ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ സ്ത്രീകൾക്ക് അവരുടെ വസ്ത്രങ്ങൾ എല്ലാ ഭാഗത്തുനിന്നും നിലത്തേക്ക് ഏകദേശം മൂന്നിൽ രണ്ട് മുഴത്തോളം താഴ്ത്തി ഇടാവുന്നതാണ്.
നിന്റെ കുപ്പായത്തിന്റെ കൈകൾ മണിബന്ധം വരെയോ (കൈത്തണ്ട) അല്ലെങ്കിൽ വിരലുകളുടെ അറ്റം വരെയോ ആക്കാം. ഇനി നീട്ടുകയാണെങ്കിൽ തന്നെ അതിരു കവിയരുത്. അല്ലാഹുവിന്റെ റസൂൽ(സ)യുടെ കുപ്പായത്തിന്റെ കൈകൾ മണിബന്ധം വരെയായിരുന്നു. അതുപോലെ അലി(റ ) തന്റെ ഒരു കുപ്പായം വിരലുകളുടെ അറ്റം വരെയാണ് മുറിച്ചിരുന്നത്.
നിനക്ക് ധരിക്കാൻ ആവശ്യമുള്ള വസ്ത്രങ്ങളല്ലാതെ അനാവശ്യമായി എടുത്തുവെക്കരുത്. ഏറ്റവും വിലകൂടിയതോ, അതല്ലെങ്കിൽ ഏറ്റവും പരുക്കനായതോ ആയ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ നീ അന്വേഷിച്ചു പോകരുത്. ഇക്കാര്യത്തിൽ നീ എപ്പോഴും മിതത്വം പാലിക്കുക. ആവശ്യമില്ലാതെ നിന്റെ ഔറത്തോ അതിലെ ഒരു ചെറിയ ഭാഗമോ പോലും നീ വെളിപ്പെടുത്തരുത്. ഇനി എന്തെങ്കിലും ആവശ്യത്തിന് അത് വെളിപ്പെടുത്തേണ്ടി വന്നാൽ അപ്പോൾ നീ ഇങ്ങനെ പറയുക:"ബിസ്മില്ലാഹില്ലദീ ലാ ഇലാഹ ഇല്ലാ ഹുവ" (ആരാധ്യനായി അവനല്ലാതെ മറ്റാരുമില്ലാത്ത അല്ലാഹുവിന്റെ നാമത്തിൽ).
വസ്ത്രം ധരിക്കുമ്പോൾ നീ ഇങ്ങനെ പറയുക:
الحمدُ للهِ الذي كساني هذا ورزقنيه من غيرِ حولٍ مني ولا قوةٍ
(എന്റെ യാതൊരു കഴിവും ശക്തിയുമില്ലാതെ എനിക്കീ വസ്ത്രം ധരിപ്പിച്ചു തരികയും എനിക്കിത് നൽകുകയും ചെയ്ത അല്ലാഹുവിന് സർവ സ്തുതിയും).
തലപ്പാവ് ധരിക്കുന്നത് സുന്നത്താണ്. എന്നാൽ അമിതവലുപ്പമുള്ള തലപ്പാവുകൾ ധരിക്കുന്നത് സുന്നത്തിൽ പെട്ടതല്ല.
നന്മയല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കാൻ നീ ശ്രദ്ധിക്കുക. നിനക്ക് ഉച്ചരിക്കാൻ അനുവദമില്ലാത്ത വാക്കുകൾ ശ്രദ്ധിച്ചു കേൾക്കാനും നിനക്ക് അനുവാദമില്ല. അതുകൊണ്ട് നിന്റെ സംസാരം ക്രമബദ്ധവും വ്യക്തവുമാക്കുക. മറ്റൊരാൾ നിന്നോട് സംസാരിക്കുമ്പോൾ അത് ശ്രദ്ധിച്ചു കേൾക്കുക. അല്ലാഹുവിന് കോപമുണ്ടാക്കുന്ന സംസാരങ്ങൾ ഒഴികെ മറ്റൊരാളുടെയും സംസാരം നീ മുറിക്കരുത്. സംസാരിക്കുന്നതിനിടയിൽ അനാവശ്യമായി ഇടപെടുന്നത് സൂക്ഷിക്കുക.
നിന്നോട് ഒരാൾ ഒരു കാര്യം പറഞ്ഞുതരുമ്പോൾ, അത് നിനക്ക് നേരത്തെ അറിയുന്നതാണെങ്കിൽ പോലും അത് അറിയാമെന്ന് ഭാവിക്കരുത്. കാരണം, അത് കൂടെയിരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഒരാൾ നിന്നോട് എന്തെങ്കിലും സംസാരിക്കുമ്പോഴോ ഒരു കഥ വിവരിക്കുമ്പോഴോ അതിൽ ചെറിയ മാറ്റങ്ങൾ കണ്ടാൽ, "നീ പറയുന്നതുപോലെയല്ല, അത് ഇങ്ങനെയൊക്കെയാണ്" എന്ന് പറഞ്ഞ് അവനെ തിരുത്താൻ നിൽക്കരുത്. എന്നാൽ, ആ വിഷയം മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രം വളരെ സൗമ്യമായി ശരിയായ കാര്യം അവനെ ധരിപ്പിക്കുക.
നിന്നെ ബാധിക്കാത്ത അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നതും, അല്ലാഹുവിന്റെ പേരിൽ അധികമായി സത്യം ചെയ്യുന്നതും നീ കർശനമായി ഒഴിവാക്കുക. തീർത്തും അനിവാര്യമായ ഘട്ടങ്ങളിൽ, പൂർണ സത്യവാനായിക്കൊണ്ടല്ലാതെ നീ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യരുത്. എല്ലാതരം നുണകളിൽ നിന്നും നീ അകലം പാലിക്കുക, കാരണം കളവ് പറയൽ സത്യവിശ്വാസത്തിന് പൂർണമായും വിരുദ്ധമാണ്.
പരദൂഷണം, ഏഷണി, അതിരുവിട്ടുള്ള തമാശകൾ എന്നിവയിൽ നിന്ന് നീ വിട്ടുനിൽക്കുക. എല്ലാവിധ മോശം സംസാരങ്ങളും നീ ഒഴിവാക്കണം. നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് നീ എങ്ങനെയാണോ വിട്ടുനിൽക്കുന്നത്, അതുപോലെ തന്നെ ദുഷിച്ച സംസാരങ്ങളിൽ നിന്നും നീ നിന്റെ നാവിനെ കാത്തുസൂക്ഷിക്കുക. ഒരു കാര്യം പറയുന്നതിന് മുമ്പ് അതിനെക്കുറിച്ച് ചിന്തിക്കുക. അത് നല്ലതാണെങ്കിൽ മാത്രം സംസാരിക്കുക, അല്ലെങ്കിൽ മൗനം പാലിക്കുക.
തിരുനബി(സ) പറഞ്ഞു: "മനുഷ്യന്റെ എല്ലാ സംസാരങ്ങളും അവന് എതിരാണ് (അവന് ഗുണകരമല്ല). അല്ലാഹുവിനെ സ്മരിക്കുക, നന്മ കൽപ്പിക്കുക, തിന്മ വിലക്കുക എന്നിവയൊഴികെ".
അവിടുന്ന് വീണ്ടും പറഞ്ഞു: "നല്ലത് പറഞ്ഞ് നേട്ടം കരസ്ഥമാക്കുകയോ, അല്ലെങ്കിൽ തിന്മയിൽ നിന്ന് മൗനം പാലിച്ച് രക്ഷപ്പെടുകയോ ചെയ്ത വ്യക്തിയെ അല്ലാഹു അനുഗ്രഹിക്കട്ടെ”.
നബി(സ) വീണ്ടും പറഞ്ഞു: "നിശ്ചയമായും, ഒരാൾ വരുംവരായ്കകൾ ചിന്തിക്കാതെ ലാഘവത്തോടെ ഒരു വാക്ക് സംസാരിച്ചേക്കാം. എന്നാൽ ആ ഒറ്റ വാക്ക് കാരണം അവൻ അഗാധമായ ഗർത്തത്തിലേക്ക് (നരകത്തിലേക്ക്) പതിക്കുന്നതാണ്.”